ഇതു മഞ്ഞുകാലം. ചർമ്മ സംരക്ഷണത്തിനായി കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയം. തണുപ്പു കാലത്തിന്റെ റൊമാൻസിൽ ചർമ്മം ശ്രദ്ധിയ്ക്കാൻ മറന്നു പോയാൽ സംഗതി കുഴഞ്ഞതു തന്നെ. ചുണ്ടുകൾ വരണ്ടു പൊട്ടുക, ശരീരത്തിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുക, കാൽപാദം വിണ്ടു കീറുക, കൈകാലുകളിൽ മൊരിച്ചിലുണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ മഞ്ഞു കാലത്ത് രൂക്ഷമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. 'കൂളായി' തന്നെ.....
ആദ്യം തന്നെ ചർമ്മത്തിന്റെ സ്വഭാവം ഏതാണെന്ന് തിരിച്ചറിയണം. അതിനനുസരിച്ചുള്ള ക്രീം, ലോഷൻ, സൗന്ദര്യവർദ്ധകവസ്തുക്കൾ വേണം ഉപയോഗിക്കാൻ. വിപണിയിൽ പല തരത്തിലുള്ള സ്കിൻ കെയർ പ്രോഡക്റ്റുകൾ ലഭ്യമാണ്. വീട്ടിൽ തയ്യാറാക്കാവുന്ന സൗന്ദര്യ പരിചരണ ഉല്പന്നങ്ങളുണ്ടെങ്കിലും തിരക്കു പിടിച്ച ജീവിതത്തിൽ സമയപരിമിതിയും സൗകര്യവും കണക്കിലെടുത്ത് പലരും കോസ്മെറ്റിക്കുകൾ വാങ്ങുകയാണ് പതിവ്.
മഞ്ഞുകാലത്ത് ചർമ്മപരിപാലനത്തിൽ, വിശേഷിച്ച് മുഖ സൗന്ദര്യം നിലനിർത്തുന്നതിനു വേണ്ടി നാം വാങ്ങിക്കുട്ടുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിൽ അമിതമായി രാസവസ്തുക്കൾ അടങ്ങിയതാണോ, അത് ചർമ്മത്തിന് ദോഷം വരുത്തുമോ എന്നൊക്കെ മനസ്സിലാക്കേണ്ടതാണ്. ഗുണനിലവാരമുള്ള കോസ്മെറ്റിക്കുകൾ ഉപയോഗിച്ച് മഞ്ഞുകാലത്തും മുഖ സൗന്ദര്യം നിലനിർത്താം.
ഫേയ്സ് വാഷ്
മഞ്ഞുകാലത്ത് സോപ്പുപയോഗിക്കരുത്. സോപ്പിന്റെ ഉപയോഗം ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. ചർമ്മത്തിന്റെ സ്വാഭാവിക മൃദുലത നഷ്ടമാക്കും. ഫേയ്സ് വാഷുപയോഗിച്ച് മുഖം വൃത്തിയായി കഴുകുന്നത് ചർമ്മത്തിന്റെ മൃദുത്വവും കാന്തിയും നിലനിർത്തുന്നതിന് ഏറെ സഹായകമാണ്. പല പ്രമുഖ കമ്പനികളും നാച്വറൽ ഉല്പ്പന്നങ്ങളടങ്ങിയ ഫേയ്സ് വാഷ് നിർമ്മിക്കുന്നുണ്ട്.
ബയോടെക് മാനേജിംഗ് ഡയറക്ടറുടെ അഭിപ്രായത്തിൽ, “സോപ്പ് ഫ്രീ നാച്വറൽ പ്രോഡക്റ്റുകൾ കൊണ്ടു തയ്യാറാക്കിയ ഫേയ്സ് വാഷ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇതിനായി ആദ്യം തന്നെ പൊടി, അഴുക്ക്, മേക്കപ്പ് ഇവ ശരിയായി തുടച്ചു നീക്കണം. വരണ്ട ചർമ്മത്തിനും സാധാരണ ചർമ്മത്തിനും ഹണി ജെല്ലും എണ്ണമയമുള്ള ചർമ്മത്തിന് പൈനാപ്പിൾ ജെല്ലും അനുയോജ്യമാണ്. ഫ്രൂട്ട് ജ്യൂസു കൊണ്ട് തയ്യാറാക്കിയ ഫേയ്സ് വാഷ് ഏറെ ഗുണകരമാണ്. തികച്ചും പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഫേയ്സ് വാഷിന് വില അൽപം കൂടുതലായിരിക്കും.”
ക്ലെൻസിംഗ്, ടോണിംഗ്
ചർമ്മത്തിന്റെ ദീർഘകാല ആരോഗ്യത്തിന് ശരിയായ പരിചരണം ആവശ്യമാണ്. ഫേയ്സ് വാഷ് ഉപയോഗിച്ച് കഴുകിയതു കൊണ്ടുമാത്രം മുഖം വൃത്തിയാവണമെന്നില്ല. ക്ലെൻസർ ചർമ്മത്തിലാഴ്ന്നിറങ്ങി രോമകൂപങ്ങളിൽ നിന്നും അഴുക്ക് നീക്കം ചെയ്യുന്നു. തുറന്ന രോമക്കുപങ്ങൾ അടയ്ക്കുന്നതിനാണ് ടോണറുപയോഗിക്കുന്നത്. സാധാരണ ചർമ്മവും വരണ്ട ചർമ്മവുമുള്ളവർ ക്ലെൻസിംഗ് മിൽക്ക് ഉപയോഗിക്കാം. എണ്ണമയമുള്ളവർ ആൽക്കഹോളടങ്ങിയ ഡീപ്പ് ക്ലെൻസറുപയോഗിക്കണം. ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസറും ടോണറും വേണം ഉപയോഗിക്കേണ്ടത്.
സ്ക്രബ്ബിംഗ്
ചർമ്മസംരക്ഷണത്തിൽ സ്ക്രബ്ബിംഗിന് വലിയ പ്രാധാന്യമുണ്ട്. സ്ക്രബ്ബിംഗിലുടെ ചർമ്മത്തിലെ മൃതകോശങ്ങൾ നീങ്ങുന്നതോടൊപ്പം ചർമ്മത്തിനു മൃദുലതയും സ്നിഗ്ധതയും കൈവരും. ഇത് മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖം പട്ടു പോലെ മിനുമിനുത്തതാകും. (ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സ്ക്രബ്ബ് ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് ഡർമറ്റോളജിസുകൾ അഭിപ്രായപ്പെടുന്നു.