സ്നേഹിക്കൂ… പ്രായം തോന്നുകയേ ഇല്ല!

ഭാര്യയ്ക്കും ഭർത്താവിനുമിടയിലെ വെറുമൊരു കോൺട്രാക്റ്റല്ല വിവാഹം. ജീവിതാന്ത്യം വരെ പരസ്‌പരം കൈകോർത്തു പിടിച്ച് മുന്നോട്ടു നീങ്ങുന്ന സ്നേഹ സുരഭിലമായ യാത്രയാവണമത്. എന്നാൽ ദാമ്പത്യം മധ്യവയസ്സിലെത്തുന്നതോടെ വിരസതയോടെ ജീവിതം തള്ളിനീക്കുന്ന വരായിരിക്കും ഭൂരിഭാഗവും. പ്രായമാകുന്നതിനു മുമ്പേ ‘വയസ്സൻ’ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നതിനു കാരണം പാരമ്പര്യമോ ഹോർമോൺ തകരാറുകളോ ആവാം. പ്രാരബ്ധങ്ങളും ജീവിത സാഹചര്യങ്ങളും വിവാഹജീവിതത്തെ അകാല വാർധക്യത്തിലേക്ക് തള്ളിനീക്കുന്നു.

സാമ്പത്തികമോ ഭൗതികമോ ആയ കുറവുകൾ കൊണ്ടു മാത്രം ഇങ്ങനെ സംഭവിക്കണമെന്നില്ല. സുഖസൗകര്യങ്ങൾക്ക് നടുവിൽ കഴിയുന്ന ദമ്പതിമാരുടെ മുഖത്തും നിരാശയും വിഷാദവും നിഴലിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? ഇതിന് നേർവിപരീതമാണ് ചില ദമ്പതിമാർ. അവരെ കണ്ടാൽ ഒട്ടും പ്രായമില്ലെന്നേ തോന്നു…

സ്നേഹിക്കാം സ്നേഹം നേടാം

പരസ്‌പരം സ്നേഹവും കരുതലുമുള്ള ദമ്പതിമാർ ദീർഘനാൾ യൗവനവും സൗന്ദര്യവും കൊണ്ട് അനുഗൃഹീതരായിരിക്കും. അതു നിലനിർത്താൻ കഴിയുന്നത് ശ്രമിക്കുകയും ചെയ്യും.

ഭർത്താവിന്‍റെ സ്നേഹവും തന്നിലേക്കുള്ള ആകർഷണവും നഷ്‌ടപ്പെടാൻ ഭാര്യമാർ ഒരിക്കലും ആഗ്രഹിക്കാറില്ലെന്നാണ് സന്തുഷ്‌ടി നിറഞ്ഞ ദാമ്പത്യജീവിതം നയിക്കുന്ന സ്ത്രീകൾ പറയുന്നത്. “സ്വന്തം വേഷത്തിലും മേക്കപ്പിലും സ്‌റ്റൈലിലും എപ്പോഴും അപ്റ്റുഡേറ്റായിരിക്കാൻ ശ്രദ്ധിക്കും.” കൊച്ചിയിലെ സ്വകാര്യ സ്‌കൂൾ അധ്യാപികയായ രാധിക പറയുന്നു.

“സ്വന്തം ഫിഗറിലും ബോധവതികളായിരിക്കണം. മനസ്സിലെപ്പോഴും ഞാൻ ചെറുപ്പം കാത്തുസൂക്ഷിക്കാറുണ്ട്. അതു നമ്മുടെ വ്യക്തിത്വത്തിലും പുതുമ നിറയ്ക്കുന്നു. അതാണ് ഞങ്ങളുടെ സന്തുഷ്ടി നിറഞ്ഞ ദാമ്പത്യത്തിന്‍റെ സീക്രട്ട്.” രണ്ട് മുതിർന്ന കുട്ടികളുടെ അമ്മയായ ലക്ഷ്‌മി ശശിധരൻ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് ശശിധരനും അതിനോട് യോജിക്കുന്നു.

 

“ഭാര്യ സ്‌മാർട്ടും സുന്ദരിയുമായിരുന്നാൽ ഭർത്താവ് സ്വയം അലർട്ടാവും. സ്വന്തം പേഴ്സണാലിറ്റി ഗ്രൂമിംഗിൽ കുടുതൽ ശ്രദ്ധ നൽകും. ഇതെല്ലാം തന്നെ ജീവിതത്തോടുള്ള പോസിറ്റീവായ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഒരുപക്ഷേ, അതാവാം ഞങ്ങളുടെ ബന്ധത്തെ കൂടുതൽ സുന്ദരവും ഗാഢവുമാക്കുന്നത്.”

പരസ്പ‌രമുള്ള കരുതൽ

വിവാഹത്തിന് ഏതാനും നാളുകൾക്കു ശേഷം കുടുംബം, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്തങ്ങളുടെ നിഴലിലായിരിക്കും ഭാര്യയും ഭർത്താവും. ആ സമയത്ത് പരസ്പരമുള്ള കരുതൽ സ്വാഭാവികമായും ഉണ്ടായിരിക്കണമെന്നില്ല. ഈ ഉദാസീനത സ്വന്തം കാര്യത്തിലും അശ്രദ്ധയുണ്ടാക്കും. ഭർത്താവിന്‍റെ ശ്രദ്ധയും കരുതലും ലഭിക്കാതെ വരുമ്പോൾ അണിഞ്ഞൊരുങ്ങി നടന്നിട്ടെന്ത് കാര്യമെന്നാവും ഭാര്യയു ടെ ചിന്ത. ഈ മനോഭാവം ദാമ്പത്യത്തിലെ ഊഷ്‌മളതയും അടുപ്പവും നഷ്ടപ്പെടുത്താൻ ഇടയാക്കും.

ഔപചാരികത ആവശ്യം

ദാമ്പത്യത്തിന്‍റെ ആദ്യനാളുകളിൽ ഭാര്യയും ഭർത്താവും പുതിയ പുസ്‌തകം പോലെയായിരിക്കും. പുസ്‌തകത്തിന്‍റെ ഓരോ താളുകളിലും നിറയുന്ന മനോഹരമായ രഹസ്യങ്ങളും കൗതുകങ്ങളും പോലെ… ദമ്പതികൾ പരസ്‌പരമറിയാൻ മനസ്സുകൊണ്ട് വെമ്പൽ കൊള്ളും. എന്നാൽ എല്ലാം പരസ്‌പരം അറിഞ്ഞു കഴിയുന്നതോടെ ഇനിയെന്താണെന്ന ചിന്തയാവും. ദാമ്പത്യജീവിതം കൂടുതൽ സുതാര്യമാകുന്നതോടെ പരസ്‌പരമുള്ള കൗതുകവും താല്പ‌ര്യവും കുറയുക സ്വാഭാവികമാണ്.

ബന്ധം അനൗപചാരികമാവുന്നതോടെ ഊഷ്‌മളതയും നഷ്ടപ്പെടും. അതോടെ ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങും. പരസ്പ‌രമുള്ള പ്രാധാന്യം നഷ്ടപ്പെട്ടു തുടങ്ങുന്നതോടെ ബന്ധം തണുപ്പൻ മട്ടിലാവും. ശാരീരികവും മാനസികവുമായ ആരോഗ്യത്തേയും പ്രായത്തേയും ഇതു സ്വാധീനിക്കും.

മനസ്സിൽ ചെറുപ്പം സൂക്ഷിക്കാം

“പ്രണയത്തിന് പ്രായമില്ലല്ലോ… ഏത് പ്രായത്തിലും പ്രണയമുണ്ടാകാം എന്നും പ്രണയത്തിന്‍റെ മാധുര്യം ആസ്വദിക്കുകയും കാത്തുസൂക്ഷിക്കുകയും വേണം. റൊമാൻസ് ഏതു പ്രായത്തിലുമുള്ള ഭാര്യാഭർത്താക്കന്മാരിലും പുതിയ ഊർജ്ജം പകരും. പ്രായം കുറച്ച് തോന്നിപ്പിക്കും.” സെക്സ് തെറാപ്പിസ്റ്റ‌് ഡോ. കിരൺ പറയുന്നു.

വിജയകരമായ വിവാഹജീവിതത്തിന്

സ്വസ്ഥവും സുന്ദരവുമായ വിവാഹ ജീവിതത്തിൽ സെക്‌സും റൊമാൻസും വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്നാണ് മനഃശാസ്ത്രജ്‌ഞരുടെ വിലയിരുത്തൽ. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ ഒരു പഠനമനുസരിച്ച്, ലൈംഗിക സംതൃപ്തി നിറഞ്ഞ വിവാഹജീവിതം നയിക്കുന്ന സ്ത്രീകളിൽ മൈഗ്രേനും ഹൃദ്‌രോഗവും ഉണ്ടാകാനുള്ള സാധ്യത 20% കുറവാണ്. അതോടൊപ്പം ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ അവരിൽ വളരെ വൈകിയേ പ്രത്യക്ഷപ്പെടുന്നുള്ളൂ.

വികാരങ്ങളെ മാനിക്കുക

വികാരങ്ങളേയും ആഗ്രഹങ്ങളേയും പരസ്പ്‌പരം മാനിക്കുമ്പോഴാണ് ദാമ്പത്യം സന്തുഷ്ടവും സുന്ദരവുമാകുന്നത്. മികച്ച വ്യക്തിത്വവും ആരോഗ്യവും പരസ്‌പരമു ള്ള ആകർഷണത്തെ കൂട്ടുന്നു. അതുകൊണ്ട് വ്യക്തിത്വവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ നൽകാം. അതിനുവേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

  • ജീവിതത്തിലെ കയറ്റിറക്കങ്ങളിൽ വൈകാരിക പിന്തുണ നൽകുകയെന്നത് ദാമ്പത്യത്തെ സുദൃഢമാക്കും.
  • എല്ലാ പ്രായത്തിലുമുള്ള ദമ്പതിമാർ വേഷവിധാനങ്ങളിലും സൗന്ദര്യകാര്യങ്ങളിലും ശ്രദ്ധിക്കണം.
  • വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാലും സ്വന്തം സൗന്ദര്യത്തിന്‍റെ അസാമാന്യമായ ശക്‌തിയെ തിരിച്ചറിയണം. അത് അവരിൽ കൂടുതൽ ഊർജ്ജം പകരും.
  • പരസ്പ‌രം തുറന്ന പുസ്‌തകമാകരുത്.
  • റൊമാൻസ് നിലനിർത്തുക. പരസ്പരം പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്യാം.
  • സ്വന്തം വിചാരങ്ങളും ശരീരഭാഷയും പോസിറ്റീവായിരിക്കാൻ ശ്രദ്ധിക്കുക.
  • ഇടയ്ക്ക് അല്ലറ ചില്ലറ പിണക്കങ്ങളും ഇണക്കങ്ങളുമാവാം. അത് ജീവിതത്തെ സൗന്ദര്യമുള്ളതാക്കും.
  • ജീവിതത്തിലെ ഓരോ നിമിഷത്തേയും ആഹ്ളാദകരമാക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങളെ ചെറുപ്പമാക്കും.

സെക്സ് നല്ല മരുന്ന്

രാജേഷിന്‍റെയും നീനയുടേയും വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. കുറച്ചുനാളുകളായി ഭർത്താവ് ഏറെ അസ്വസ്ഥനായിരുന്നു. അതിന്‍റെ കാരണമെന്താണെന്ന് അയാൾ ആരോടും പറഞ്ഞിരുന്നില്ല. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ കുറച്ചുനാളുകളായി തുടരുന്ന ആശയവിനിമയമില്ലായ്മ കുടുംബാന്തരീക്ഷത്തെ മൊത്തത്തിൽ ബാധിച്ചിരുന്നു. ഒടുവിൽ അവർ പരിഹാരം തേടി ഒരു ഡോക്ടറെ സമീപിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.

നീനയ്ക്ക് ഒന്നിലും താൽപര്യമില്ലാത്തതായിരുന്നു രാജേഷിന്‍റെ അസ്വസ്ഥതയ്ക്ക് കാരണം. ശാരീരികമായ അസ്വസ്ഥതയായിരുന്നു നീനയുടെ തളർച്ചയ്ക്ക് കാരണമായത്. ശരീരമാസകലമുള്ള വേദന. അതിനവർ മുടങ്ങാതെ മരുന്നു കഴിച്ചിരുന്നു. രാത്രിയിൽ കിടക്ക കാണുമ്പോഴെ ഉറക്കം വരും. ഭർത്താവ് സെക്സിനു വേണ്ടി താൽപര്യം പ്രകടിപ്പിച്ചാലും അവർ ഒഴിഞ്ഞുമാറും. ഇതാവർത്തിച്ചതോടെ ഭർത്താവിന് മനോവിഷമത്തിന് കാരണമായി. ശാരീരികാരോഗ്യമില്ലെങ്കിൽ സെക്സിനോട് താൽപര്യമുണ്ടാകുന്നതെങ്ങനെ?

ഏത് പ്രായത്തിലും സെക്സിനോടുള്ള താൽപര്യവും ഭാവനകളും മനസ്സിലുണരാം. ഈ താൽപര്യം എത്രത്തോളമുണ്ടോ അത്രയും സെക്സ് ആസ്വാദ്യകരമാവും. സെക്സ് ഒരു സ്വാഭാവിക പ്രക്രിയയാണ്. ഇതിന് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണെന്നു മാത്രം.

ഒട്ടുമിക്ക ലൈംഗിക പ്രശ്നങ്ങളും ശരീരവുമായിട്ടല്ല മനസ്സുമായിട്ടാണ് ബന്ധപ്പെട്ട് കിടക്കുന്നതെന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്. മനസ്സിൽ താൽപര്യമില്ലെങ്കിൽ ശരീരം ഒരിക്കലും അതിന് തയ്യാറാവുകയില്ല. ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടെങ്കിൽ അത് ലൈംഗിക ജീവിതത്തെ സ്വാധീനിക്കും.

വ്യായാമം ഒഴിവാക്കരുത്

പതിവായുള്ള വ്യായാമത്തിലൂടെ കാർഡിയോ വാസ്കുലൻ സംബന്ധ പ്രശ്നങ്ങൾ വെയിറ്റ് ലോസ്, ക്യാൻസർ, ബ്ലഡ്പ്രഷർ, ഡയബറ്റീസ് തുടങ്ങിയ പ്രശ്നങ്ങളെ നിയന്ത്രണ വിധേയരാക്കാം

ലൈംഗിക ജീവിതത്തെ ആനന്ദകരമാക്കുന്നതിനും വ്യായാമം ഫലവത്താണ്. ഏതു തരത്തിലുള്ള ഫിസിക്കൽ ആക്റ്റിവിറ്റിയും ശരീരത്തിലെ വിഭിന്ന ഭാഗങ്ങളിലെ രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തും. പ്രത്യേകിച്ചും പുരുഷ ലൈംഗികാവയവത്തിൽ ഒരളവുവരെ ഇൻഫക്ഷനിനുള്ള സാദ്ധ്യത അത് കുറയ്ക്കും.

നിത്യവും വ്യായാമം ചെയ്യുന്നവരിൽ ഉണർവും ഉത്സാഹവും ഏറെയായിരിക്കും. അവരുടെ കോൺഫിഡൻസ് ലെവലും കൂടുതലായിരിക്കും. ശാരീരികമായി ആകർഷകത്വമുള്ളവരായിരിക്കുമെന്നതാണ് പ്ലസ് പോയിന്‍റ്. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഇത്തരക്കാർക്ക് സെക്സ് ഏറെ ആസ്വാദ്യകരമായിരിക്കും.

സെക്സ് നമ്മുടെ ശരീരത്തിൽ ഗുരുതരമായ പല അസുഖങ്ങളേയും ചെറുക്കാൻ സഹായകരമായ രാസവസ്തു പുറപ്പെടുവിക്കുന്നുണ്ട്. ഫിസിക്കൽ എക്സർസൈസിലൂടെ പിരിമുറുക്കത്തിൽ നിന്നും മനസ്സിനേയും ശരീരത്തേയും മോചിപ്പിക്കാം. അതുവഴി തളർച്ചയും ക്ഷീണവുമകലും. അതോടൊപ്പം സെക്സിനോടുള്ള താൽപര്യവും വർദ്ധിക്കും. എല്ലാത്തരം വ്യായാമങ്ങളും ഫലവത്താണെങ്കിലും എയ്റോബിക്ക് വ്യായാമം ഹോർമോൺ നിലയെ സന്തുലിതമാകും. ആരോഗ്യകരമായ സെക്സ‌് ലൈഫ് ഒരാളുടെ കോൺഫിഡൻസ് ലെവലും എനർജ്ജിയും ഉയർത്തും.”ഫിസിഷ്യൻ ഡോ.അജയ് പറയുന്നു.

ഹെൽത്തി ഡയറ്റ്

സന്തുലിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുക. സാച്ചുറേറ്റഡ് ഫാറ്റുള്ള ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ നിന്നും ഒഴിവാക്കിയേക്കു. ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാദ്ധ്യത അത് ക്ഷണിച്ചുവരുത്തും.

സീസണൽ പഴങ്ങളും പച്ചക്കറികളും ജ്യൂസും കഴിക്കുക. എണ്ണയിൽ വറുത്തുപൊരിച്ച ഭക്ഷ്യവസ്തുക്കളും ജങ്ക് ഫുഡും ഒഴിവാക്കാം. ഇത്തരം ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ജോലി ചെയ്യാനുള്ള താൽപര്യം കുറയ്ക്കും. സംസാരിക്കുവാനോ സ്നേഹിക്കുവാനോ ഉള്ള മാനസികാവസ്ഥ ഉണ്ടാവുകയില്ല. അതിനാൽ നിറയെ ഫൈബർ ഉള്ള ഭക്ഷ്യ വസ്തു‌ക്കൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഫിറ്റ്നസ് നിലനിർത്തുന്നതിന് ഉപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. ദിവസവും 8-10 ഗ്ലാസ് വെള്ളവും കുടിക്കു ക. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ, മിനറൽ, പ്രോട്ടീൻ ഗുളികകൾ കഴിക്കുന്നതിന് പകരം ഫ്രഷ് പഴങ്ങൾ കഴിക്കുക.

അമിതവണ്ണം: സുഖകരമായ ലൈംഗിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കും… അമിതവണ്ണമുള്ളവർ എളുപ്പത്തിൽ തളർന്നുപോകും. സെക്സ് സുഖം അവർക്ക് വേണ്ടരീതിയിൽ ആസ്വദിക്കാനുമാവില്ല. ശ്വാസം മുട്ടൽ, വിയർക്കൽ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവാം. ശരീരാകൃതിയെച്ചൊല്ലി ഇത്തരക്കാർ അപകർഷതാബോധം പുലർത്തുന്നവരായിരിക്കും. അതിനാൽ സെക്സിനോട് താൽപര്യം തീരെ ഉണ്ടാവണമെന്നില്ല.

പുറം വേദന: ഇതൊരു സാധാരണ പ്രശ്ന‌മാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ തെറ്റായ ശരീരിക നില (പോസ്ചർ) അവലംബിക്കുക വഴി ഈ വേദന കൂടാം. എന്നു വിചാരിച്ച് സെക്സ് സുഖം നേടുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കാനുള്ള കാരണമായി ഇതിനെ കാണാതിരിക്കുക. പൊസിഷനുകളിൽ മാറ്റം വരുത്തി സെക്സ് ആസ്വാദ്യകരമാക്കുക.

ഡയബറ്റീസ്: ലൈംഗിക താൽപര്യത്തെയും സുഖത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു അസുഖമാണിത്. ഡയബറ്റീസ് രോഗം മൂലം രോഗിയുടെ ശരീരം ദുർബലമാവും. ഇൻസുലിൻ എടുക്കുന്ന രോഗികളാവട്ടെ സെക്സ് വേളയിൽ ഉത്തേജിതരാവുന്നതു മൂലം പൊ‌ഗ്ലേസെമിയ്ക്ക് ഇരയാവാം. സെക്സ‌ിലേർപ്പെടുന്ന വേളയിൽ തലകറക്കവും വിറയലും അനുഭവപ്പെടും. ഒപ്പം ഹൃദയമിടിപ്പ് ശക്ത‌വുമാവും.

പ്രയോജനങ്ങൾ

ഒരു ശാരീരിക വ്യായാമമാണ് സെക്സ്. സെക്സിലേർപ്പെടുക വഴി കലോറി എരിച്ചു കളയപ്പെടും. കൊളസ്ട്രോൾ നില മെച്ചപ്പെടും. ഒപ്പം രക്‌തയോട്ടം വർദ്ധിക്കും. ഒരോ തവണയും സെക്സിലേർപ്പെടുന്നതുവഴി 85 കലോറിയാണ് എരിച്ചു കളയപ്പെടുന്നത്. ഒരാഴ്‌ച നടക്കുമ്പോൾ എരിച്ചു കളയപ്പെടുന്ന കലോറിക്ക് തുല്യമാണ് ആഴ്ച്ചയിൽ 3 തവണ സെക്സിലേർപ്പെടുക വഴി നഷ്‌ടപ്പെടുന്ന കലോറി. തലവേദന, സന്ധിവേദന എന്നിവർക്കും ഫലവത്താണ് സെക്‌സ് എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൈക്രോൺ, ആർത്രൈറ്റീസ് വേദന തുടങ്ങിയവയ്ക്കും ഫലവത്താണ്.

സെക്സ‌ിലേർപ്പെടുന്ന വേളയിൽ ഹോർമോൺ സ്രവിക്കുന്നതിനാൽ മനസ്സ് ശാന്തവും ശരീരം ഊർജ്‌ജസ്വലവുമാകും. യൗവ്വനം നിലനിർത്തുന്നതിനും സെക്സ് ഗുണപ്രദമാണത്രേ. ഈ സമയത്ത് ഹോർമോൺ നിലയിലുണ്ടാകുന്ന വ്യതിയാനം രക്തപ്രവാഹം ത്വരിതപ്പെടുത്തുന്നു. ഇത് ശാരീരിക സൗന്ദര്യം മെച്ചപ്പെടുത്തും. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്‍റെ നില ഉയരുന്നതിനാൽ മുടിയുടെ തിളക്കം വർദ്ധിക്കും. അതോടൊപ്പം മുഖകാന്തിയും.

ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ സെക്സ് സമർപ്പണ മനോഭാവമാണ് വളർത്തുക. വിവാഹ ജീവിതത്തിലത് സന്തുഷ്‌ടിപകരും. ആരോഗ്യപരമായ ലൈംഗിക ജീവിതം നയിക്കുന്നവരുടെ സ്വകാര്യജീവിതവും പ്രൊഫഷണൽ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും.

സെക്സ് ദാമ്പത്യത്തിൽ പുതുവസന്തം

നിറയെ പൂത്ത പൂമരം പോലെയാണ് സ്നേഹസമ്പന്നമായ ദാമ്പത്യം. ദമ്പതികളെ മാത്രമല്ല, അവരോട് അടുപ്പമുള്ളവരെയും സ്വപ്നതുല്യമായ ആ ജീവിതം സന്തോഷിപ്പിക്കും. സംത്യപ്ത‌ത ദാമ്പത്യം യാഥാർത്ഥ്യമാക്കുവാൻ പരസ്‌പരമുള്ള സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പിൻബലം വേണം. ദാമ്പത്യത്തിൽ സ്നേഹം പോലെ തന്നെ പ്രധാനമാണ് സെക്സ‌്.

വിശപ്പ്, ദാഹം എന്നിവയെപ്പോലെ തന്നെ ലൈംഗികതയും പ്രകൃതിദത്തമായ ഒരു വികാരമാണ്. ലൈംഗികതയുടെ ഏറ്റക്കുറച്ചിലുകളും സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് പലപ്പോഴും ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. ചിലപ്പോഴത് വിവാഹമോചനത്തിനു വരെ കാരണമായേക്കാം. കൊച്ചു പിണക്കങ്ങളുടേയും വാശികളുടേയും പേരിൽ സെക്സ് നിഷേധിക്കൽ, താല്പര്യങ്ങൾക്ക് ഇണങ്ങാത്ത ലൈംഗികത എന്നിവയൊക്കെ പങ്കാളിയിൽ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

സ്ത്രീയുടേയും പുരുഷന്‍റെയും സ്വഭാവരീതികൾ തികച്ചും വ്യത്യസ്‌തമാണ്. എന്നിരുന്നാലും അവർക്കിടയിൽ ചില പൊതുവായ സവിശേഷതകളുണ്ട്. അവ അറിയാനും മാനിക്കാനുമുള്ള മാനസികാവസ്‌ഥ വളർത്തിയെടുക്കുകയാണ് ഓരോ വ്യക്‌തിയും ചെയ്യേണ്ടത്. പങ്കാളിയുടെ മനസ്സു വായിക്കാൻ കഴിയൂകയെന്നതാണ് ദാമ്പത്യവിജയത്തിന്‍റെ സുപ്രധാന ഘടകം.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സാണ് സ്ത്രീയുടേത്. അവൾക്ക് സ്നേഹപൂർവ്വമായ ഒരു സ്‌പർശനം അല്ലെങ്കിൽ ഒരു നോട്ടം മാത്രം മതി സന്തോഷം കണ്ടെത്താൻ. പെട്ടെന്ന് ലൈംഗികബന്ധത്തിലേക്ക് കടക്കുന്നതിനേക്കാൾ സ്ത്രീ ഇഷ്ടപ്പെടുന്നത് ഭർത്താവിന്‍റെ സ്നേഹത്തോടെയുള്ള തലോടലോ, വാക്കുകളോ ആയിരിക്കും. മാനസികമായി വേണ്ടത്ര ഉത്തേജനം ലഭിച്ചെങ്കിൽ മാത്രമേ സ്ത്രീക്ക് ശാരീരിക ബന്ധം ആസ്വാദ്യകരമാവു. ഇതറിഞ്ഞു വേണം ഭർത്താവിന്‍റെ പെരുമാറ്റം. അതേസമയം ആധിപത്യ മനോഭാവമുള്ള പുരുഷനാകട്ടെ, സ്ത്രീയിൽ നിന്നും പരിഗണനയും പ്രോത്സാഹനവും പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവൾക്ക് തന്നോട് സ്നേഹമുണ്ടെന്നോ, ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ടെന്നോ ഉള്ള സൂചനകൾ ലഭിക്കുന്നത് പുരുഷന് ആവേശം നൽകും.

പ്രാണനു തുല്യം സ്നേഹിക്കുന്ന ഭാര്യാഭർത്താക്കന്മാർ…….. എന്നിട്ടും അവർക്ക് ശരിയായ ലൈംഗിക സുഖം നേടാനാവുന്നില്ലെങ്കിലോ? സെക്സോളജിസ്റ്റുകൾ ഇതിന് പല കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

സെക്സിനെക്കുറിച്ച് ശരിയായ അറിവില്ലായ്മ‌, തിരക്കു നിറഞ്ഞ ജീവിതം, ഫോർപ്ലേയുടെ അഭാവം, ചുറ്റുപാടുകൾ ശരിയല്ലാതിരിക്കുക എന്നിവയാണവ. ഇത്തരം സമസ്യകളെ നേരിടുന്ന ദമ്പതികൾ സെക്സോളജിസ്‌റ്റിനെ സമീപിച്ച് ശരിയായ പരിഹാരം കാണാവുന്നതേയുള്ളു.

ആശയവിനിമയം അനിവാര്യം

ദാമ്പത്യത്തിൽ പങ്കാളികൾ തമ്മിലുള്ള ആശയ വിനിമയം പ്രധാനമാണ്. പരസ്പ‌രം സുതാര്യമായ നിലപാട് സ്വീകരിക്കാത്തിടത്തോളം കാലം ശരിയായ ലൈംഗിക സുഖം അപ്രാപ്യമായിരിക്കും. സെക്സിനെക്കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കാൻ പൊതുവെ പലർക്കും മടിയാണ്. ഈ ആശയവിനിമയമില്ലായ്‌മയാണ് ദാമ്പത്യത്തിൽ സ്നേഹത്തിന്‍റെ വേലിയിറക്കം സൃഷ്ട‌ിക്കുന്നത്. പങ്കാളിക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള മാനസികാവസ്‌ഥ ഉണ്ടായിരിക്കുകയും വേണം.

ദാമ്പത്യത്തിൽ സംഭവിക്കുന്ന വെറുമൊരു ക്രിയയായിട്ടാണ് ഭൂരിഭാഗവും ലൈംഗികതയെ കാണുന്നത്. ഈ കാഴ്ച്ചപ്പാട് മാറ്റിയെടുക്കുക. ദാമ്പത്യത്തിൽ പരസ്പ്‌പരം ആസ്വദിക്കാനും അറിയാനുമുള്ള സുപ്രധാന ഘടകമാണ് ലൈംഗികതയെന്ന് ദമ്പതിമാർ തിരിച്ചറിയണം.

ഭാര്യയും ഭർത്താവും മനസ്സും ശരീരവും കൊണ്ട് ഒന്നാകുമ്പോഴേ ദാമ്പത്യം അർത്ഥപൂർണ്ണമാകു. അതുകൊണ്ട് സെക്സിനെക്കുറിച്ച് അറിവുണ്ടായിരിക്കേണ്ടതും അനിവാര്യമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ശരിയായതും ശാസ്ത്രീയവുമായ അറിവു നേടാൻ പ്രീമാര്യേജ് കോഴ്‌സുകൾ സഹായകമാവാറുണ്ട്. സെക്സിനെക്കുറിച്ച് ശാസ്ത്രീയമായ വിവരണങ്ങളടങ്ങിയ പുസ്‌തകങ്ങളും ധാരാളമായുണ്ട്.

ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുന്നതും ലൈംഗികത ആസ്വാദ്യമാക്കാനുള്ള മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കുന്നതും ദാമ്പത്യം സന്തോഷ പൂർണ്ണമാക്കും. ഏകപക്ഷീയമായ ഒന്നല്ല സെക്സ്. അതിൽ ഇരുവർക്കും ഒരുപോലെ പങ്കാളിത്തമുണ്ടാവണം.

ബിസിനസ്സല്ല സെക്സ്

ഭാര്യ, ഭർത്താവിനേക്കാൾ സമർത്ഥയും കൂടുതൽ വരുമാനമുണ്ടാക്കുന്നവളുമാണെങ്കിൽ കിടപ്പറയിലും അവളുടെ സമീപനം ആധിപത്യസ്വഭാവമുള്ളതായിരിക്കും. ഇത് തിരിച്ചും സംഭവിക്കാം. ഇത്തരക്കാരെ സംബന്ധിച്ച് കേവലം യാന്ത്രികമായ ഒന്നായിരിക്കും സെക്സ‌്. ഒരു ബിസിനസ്സ് മീറ്റിങ്ങിന് അപ്പുറമായി ഒന്നുമായിരിക്കുകയില്ല അവർക്ക് സെക്സ്.

ലൈംഗിക താല്പ‌ര്യക്കുറ് കാട്ടുന്ന പങ്കാളിയോട് ദേഷ്യപ്പെടുന്നത് പഴയ രീതിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വന്തം ഇഷ്ട‌ങ്ങൾക്കും താല്പര്യങ്ങൾക്കുമാവും അവർ പ്രാധാന്യം കല്പിക്കുക. പങ്കാളി സന്തുഷ്‌ടയാണോ അല്ലയോ എന്നത് ഇത്തരക്കാർക്ക് ഒരു വിഷയമേ ആയിരിക്കുകയില്ല. പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ വിവാഹേതര ബന്ധങ്ങളിലേക്കാവും നയിക്കപ്പെടുക.

പിരിമുറുക്കം അകറ്റുന്നു

ഭാര്യയും ഭർത്താവും തമ്മിലുള്ള വൈകാരികമായ അടുപ്പം ആഴത്തിലുള്ള, ആഹ്ളാദപൂർണ്ണമായ ലൈംഗിക ജീവിതത്തിന് അനിവാര്യമാണെന്നാണ് സെക്സോളജിസ്‌റ്റുകൾ അഭിപ്രായപ്പെടുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമത്രേ. ലൈംഗികതയിലൂടെ പൂർണ്ണമായ ആഹ്ളാദവും സംതൃപ്‌തിയും ലഭിക്കുക വഴി സുഖകരമായ ഉറക്കം ലഭിക്കും, ചർമ്മം തിളക്കമുള്ളതാകും, പിരിമുറുക്കം അകലും എന്നൊക്കെ ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.

കിടപ്പറയിലല്ലാതെ

സ്നേഹം പങ്കിടാൻ കിടപ്പറയല്ലാതെ മറ്റേത് സ്‌ഥലമാണ് ഉപയോഗിക്കുന്നതെന്ന കാര്യവും ലൈംഗിക സുഖത്തെ സ്വാധീനിക്കുന്നു. കാലം അതിവേഗം മാറുകയല്ലേ, സ്നേഹം പങ്കുവെയ്ക്കാൻ കിടപ്പറ തന്നെ വേണമെന്നില്ലല്ലോ! വീടിന്‍റെ ഏത് ഭാഗവും നിങ്ങളുടെ സ്നേഹസുരഭിലമായ നിമിഷങ്ങൾക്കായി ഉപയോഗിക്കാം. തികച്ചും സ്വകാര്യമായ ഇത്തരം നിമിഷങ്ങൾ ദാമ്പത്യത്തിൽ വലിയ മാറ്റം സൃഷ്‌ടിക്കും.

വിവിധ പൊസിഷനുകൾ പരീക്ഷിക്കാം

ഒരേ തരം റുട്ടീൻ വർക്ക് എന്നും ആവർത്തിക്കപ്പെടുന്നത് വ്യക്തികളിൽ മടുപ്പുളവാക്കും. സെക്‌സിന്‍റെ കാര്യത്തിലും ഇത് സത്യമാണ്. എന്നും ഒരേ രീതിയിൽ ലൈംഗികബന്ധം പുലർത്തുന്നത് പങ്കാളികളിൽ വിരസത സൃഷ്‌ടിക്കും. പൂർണ്ണമായ ആനന്ദവും സംതൃപ്‌തിയും ലഭിക്കാൻ സഹായകമായതും ഇരുവർക്കും സ്വീകാര്യമായതുമായ പൊസിഷനുകൾ പരീക്ഷിച്ചു നോക്കാം. റുട്ടീനിൽ നിന്നും മാറിയുള്ള രീതികൾ ദാമ്പത്യത്തിൽ പുതുമ നിറയ്ക്കും. അതിനായി ആധികാരികതയുള്ള സെക്‌സ് സംബന്ധമായ പുസ്‌തകങ്ങൾ വായിക്കാം.

ശരീരാരോഗ്യം പ്രധാനം

ശരീരാരോഗ്യവും വൃത്തിയും ഉണ്ടായിരിക്കുക പങ്കാളികളെ സംബന്ധിച്ച് പ്രധാനമാണ്. സൗന്ദര്യപരിചരണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുക.ഭക്ഷണ പദാർത്ഥങ്ങൾ പോഷക സമ്പന്നമായിരിക്കണം. പോഷക സമ്പുഷ്‌ടമായ ഭക്ഷണം ലൈംഗികശേഷിയും ആസ്വാദ്യതയും കുട്ടുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

പപ്പായ, പ്ലം, ചെറി, വാഴപ്പഴം, ഈന്ത പ്പഴം, മുന്തിരി, സ്ട്രോബെറി എന്നിവ ലൈംഗിക ഉണർവ്വ് സൃഷ്‌ടിക്കാൻ സഹായകമാണ്. കുടാതെ ജീവകങ്ങളുടെയും ധാതുക്കളുടെയും പോഷകങ്ങളുടെയും കലവറയായ പച്ചക്കറികൾ കഴിക്കുന്നതും ഗുണം ചെയ്യും. ഇടയ്ക്ക് മുളപ്പിച്ച ധാന്യങ്ങൾ തൈരുചേർത്ത് കഴിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ഗുണം ചെയ്യും. രാത്രി കിടക്കും മുമ്പ് ഒരു ഗ്ലാസ് പാലും ഡ്രൈഫ്രൂട്ട്സും കഴിക്കുന്നത് ലൈംഗിക ജീവിതത്തിന് ഉത്തമമാണത്രേ. കിടക്കും മുമ്പ് കുളിച്ച് ഏതെങ്കിലും നല്ല നൈറ്റ് പെർഫ്യൂമോ ഡിയോഡറന്‍റോ പൂശുന്നതും പങ്കാളികളിൽ ലൈംഗിക വികാരം ഉണർത്തും.

വ്യായാമം നൽകും സെക്‌സ് പവർ

വ്യായാമത്തിലൂടെ ലൈംഗിക ശേഷി കൂട്ടാനാവുമോ? കാമവാസന പ്രബലമാക്കുന്നതിൽ ആധുനിക വ്യായാമങ്ങൾ സഹായകരമാണെന്ന് പഠനങ്ങൾ.

40 മുതൽ 60 വയസ്സു വരെയുള്ള നീന്തൽ പരിശീലിക്കുന്ന സ്ത്രീ പുരുഷന്മാരെ രണ്ട് ഗ്രൂപ്പായി തിരിച്ച് പഠനം നടത്തുകയായിരുന്നു. 40 വയസ്സു കഴിഞ്ഞവർ 25-30 വയസ്സുള്ള (വ്യായാമം ചെയ്യാത്ത) യുവാക്കളെ അപേക്ഷിച്ച് കൂടുതൽ ശക്‌തിയും ആരോഗ്യവും ഉള്ളവരാണെന്ന് കണ്ടെത്താൻ സാധിച്ചു. അതേസമയം നീന്തലിൽ ഏർപ്പെടുന്ന 60 വയസ്സുകാർ 40 വയസ്സുള്ള വ്യായാമം ചെയ്യാത്തവരേക്കാൾ ചുറുചുറുക്കുള്ളവനണെന്നും വ്യക്തമായി. പ്രായം കൂടുന്നതിന് അനുസരിച്ച് സെക്സ‌് പവർ കുറയുമെന്ന് പറയാറുണ്ടെങ്കിലും വ്യായാമം വഴി ആരോഗ്യം മെച്ചമാവുമെന്നു തന്നെയാണ് ഫലങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ഒരു ഉദാഹരണം പരിശോധിക്കാം.

  • വ്യായാമം ചെയ്യുന്ന 40 വയസ്സുള്ള 97% പേരും 60 വയസ്സുള്ള 92% ആളുകളും 40 വയസ്സും അതിനു മീതെയും പ്രായമുള്ള സാധാരണ ആളുകളെക്കാൾ ആരോഗ്യവും ചുറുചുറുക്കുമുള്ളവരാണ് എന്ന് വ്യക്തമായി.
  • നീന്തലിൽ ഏർപ്പെടുന്ന 40 വയസ്സുകാർക്ക് സംഭോഗ ഉദ്ധാരണ ശേഷി 20-30 വയസ്സുകാരെ അപേക്ഷിച്ച് കൂടുതലാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.
  • സെക്സിനോടുള്ള സമീപനവും താല്പര്യവും ഇവരിൽ കൂടുതലായിരുന്നു.
  • വ്യായാമം ചെയ്യുന്ന 80%ത്തോളം പേർ സാധാരണക്കാരെ അപേക്ഷിച്ച് കൂടുതൽ ആകർഷണീയരുമാണ്.

സന്തുലിത വ്യായാമം ചെയ്യാം

വ്യായാമം നല്ലതാണ് എങ്കിലും അധിക സമയം വ്യായാമം ചെയ്യുന്നത് ഉചിതമാണോ? എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്.

ഒരിക്കലുമല്ല, അധിക വ്യായാമം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പകരം ക്ഷയിപ്പിക്കുവാനേ ഇടയാക്കൂ. ആഴ്‌ചയിൽ 18 മണിക്കൂർ വ്യായാമം ചെയ്യുന്ന സ്ത്രീപുരുഷന്മാരിൽ കാമവാസന കുറയുന്നു. വ്യായാമത്തിലൂടെ നല്ലൊരു ശതമാനം ഊർജ്‌ജം നഷ്ട‌മാവുന്നുണ്ട്. ആഴ്‌ചയിൽ 18- 20 മണിക്കൂറോ അതിൽ അധികമോ വ്യായാമം ചെയ്യുമ്പോൾ ശരീരം ക്ഷീണിക്കുക സ്വാഭാവികം മാത്രം.

സന്തുലിത വ്യായാമത്തോടൊപ്പം തന്നെ പങ്കാളിക്കൊപ്പം കുറച്ചു സമയം ചെലവഴിക്കുന്നതും ആഹ്ളാദകരവും ഊഷ്‌മളവുമായ ദാമ്പത്യത്തിന് അനിവാര്യമാണ്.

നാച്വറൽ ടോണിക്

കാമവാസന ഉണ്ടാവുന്നതിന് വ്യായാമം സഹായകരകും എന്നുണ്ടെങ്കിൽ ഇതിൽ ഹോർമോണുകൾക്ക് കാര്യമായ പങ്കുണ്ടെന്നു തന്നെ പറയാം. എന്നാൽ ഇതിന് ശക്‌തമായ തെളിവുകളില്ല. പക്ഷേ ജൈവപരമായ ഒട്ടനവധി കാരണങ്ങൾ ഉണ്ടാവാം. സന്തുലിത വ്യായാമം സെക്‌സ് പവർ വർദ്ധിപ്പിക്കുന്ന നാച്വറൽ ടോണിക് ആണ്.

ഹൃദയാരോഗ്യം, ദീർഘായുസ്സ്, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, വേദനകളെ കുറയ്ക്കുന്നതിനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ ആഹ്ളാദകരമായ ലൈംഗിക ജീവിതത്തിലൂടെ സാധ്യമാവുന്നുണ്ട്. ഊഷ്‌മളവും ഊർജ്‌ജസ്വലവുമായ ലൈംഗിക വേഴ്‌ച ഒരു ലഘു വ്യായാമം തന്നെയാണ്. ശരീരത്തിന്‍റെയും മനസ്സിന്‍റെയും സ്ട്രെസ്സ് കുറച്ച് സന്തുഷ്ടമായ ദാമ്പത്യസുഖം സാധ്യമാക്കാൻ ഇത് സഹായിക്കുന്നു.

ലൈംഗിക ജീവിതത്തിന് ഉത്തമമായ ആഹാരക്രമം

സ്ത്രീകൾക്ക്: എള്ള്, ഉഴുന്ന്, തൈര്, മത്സ്യം, കുടംപുളി, മുതിര തുടങ്ങിയവ.

പുരുഷന്മാർക്ക്: മുളപ്പിച്ച കടല, പയറുവർഗ്ഗങ്ങൾ, ഗോതമ്പ്, മുരിങ്ങ, മുരിങ്ങയില, മാംസം, മധുര വസ്‌തുക്കൾ തുടങ്ങിയവ.

പഴങ്ങൾ, പ്രത്യേകിച്ച് മുന്തിരി, മാമ്പഴം എന്നിവയും ബദാം, കശുവണ്ടി എന്നിവയും ലൈംഗിക താല്പര്യവും ശേഷിയും കൂട്ടും.

ഒഴിവാക്കേണ്ട കാര്യങ്ങൾ

  • ആന്‍റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം.
  • ഇരുചക്ര വാഹനങ്ങളിലെ ദീർഘ യാത്ര.
  • അമിതമായ ഉത്കണ്ഠ.
  • കോള, ജങ്ക് ഫുഡ് എന്നിവ സ്‌ഥിരമായി കഴിക്കുന്നത്.
  • മദ്യം, പുകയില, മയക്കുമരുന്നുകൾ, ലഘു പാനീയങ്ങൾ എന്നിവ ഉപയോഗിക്കുന്നത്.
  • എരിവും പുളിയും കൂടിയ വസ്‌തുക്കൾ, കാപ്പി എന്നിവയുടെ ഉപയോഗം.

പറയാതെ പറയുന്ന പ്രണയം!

രാത്രി 11 മണി. അടുക്കളയിൽ തിരക്കിട്ട ജോലിയിലായിരുന്നു മായ. അപ്പോഴാണ് പിന്നിലൂടെ വന്ന് വരുൺ കെട്ടിപ്പിടിച്ചത്.

“പെട്ടെന്ന് ജോലി തീർത്തു വാ…. പ്ലീസ്” പ്രണയാർദ്രനായിരുന്നു അയാൾ.

“എന്താ ഈ ചെയ്യുന്നത്? വിടുന്നേ….” അവൾ കുതറി. അയാൾ പിടി മുറുക്കിയതേ ഉള്ളൂ.

“എങ്ങനെ വിടും നിന്നെ ഇപ്പോൾ…” ഒരു കുട്ടിയുടെ ശാഠ്യം അവൾ ആ മുഖത്തു കണ്ടു.

“ഇന്നിതെന്തു പറ്റി? 12 മണിവരെ ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആളാണല്ലോ” അവൾ അത്ഭുതം കുറി.

“വേഗം വാ. ഇന്നു വേണം.” ചിരിയോടെ പിൻകഴുത്തിൽ ചുംബിച്ചു കൊണ്ടയാൾ പറഞ്ഞു.

മായയ്ക്ക് അയാളെ നന്നായറിയാം, മൂഡ് വരുമ്പോൾ അയാൾ എല്ലായ്പ്പോഴും ഇങ്ങനെയാണ് പെരുമാറുക. അവൾ പെട്ടെന്നു തന്നെ അടുക്കള ജോലികൾ തീർത്ത് ഫ്രഷ് ആയി ബെഡ്‌റൂമിലേക്കു ചെന്നു. അവിടെ വരുൺ അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

ആഗ്രഹങ്ങൾ മനസ്സിലാക്കുക

പങ്കാളിയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറുക എന്നത് ദാമ്പത്യബന്ധത്തിൽ പ്രധാനമാണ്. അതിനു കഴിയാതെ പോയതാണ് ചിത്രയുടെയും രമേശിന്‍റെയും ദാമ്പത്യം തകരാൻ പ്രധാന കാരണം. തുറന്ന സംസാരം അവർക്കിടയിൽ കുറവായിരുന്നു. തന്‍റെ ആവശ്യങ്ങൾ തുറന്നു പറയാൻ ചിത്ര മടിച്ചു. ഓഫീസിൽ നിന്ന് ക്ഷീണിച്ചു മടങ്ങി വന്ന രമേശിന്‍റെ അടുത്ത് സ്നേഹപ്രകടനങ്ങൾ കാണിക്കാനും മുളിപ്പാട്ടുപാടാനും ഡൈനിംഗ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രണയാർദ്രയായി രമേശിനെ നോക്കാനും രാത്രി സുതാര്യമായ നൈറ്റി അണിഞ്ഞ് ബെഡ്റൂമിൽ പ്രത്യക്ഷപ്പെടാനുമൊക്കെയായിരുന്നു ചിത്രയുടെ ശ്രദ്ധ മുഴുവനും. പക്ഷേ മുഴുവൻ സമയവും ജോലി, ഓഫീസ് എന്നൊക്കെ ചിന്തിച്ചു നടക്കുന്ന രമേശിന് ചിത്രയുടെ മൂഡ് മനസ്സിലായില്ല. പതിവുപോലെ, ക്ഷീണിച്ച് അയാൾ ഉറങ്ങിയപ്പോൾ അയാൾക്കു പുറം തിരിഞ്ഞ് നിരാശയായി രാത്രി തള്ളി നീക്കുകയായിരുന്നു ചിത്ര.

ദാമ്പത്യത്തിന്‍റെ കെട്ടുറപ്പ് നിശ്ചയിക്കുന്നത് ആരോഗ്യകരമായ സെക്സാണെങ്കിലും പലരും പങ്കാളിയുടെ വികാരങ്ങളെ തൃപ്ത‌ിപ്പെടുത്താൻ ശ്രമിക്കാറില്ല. ‘ഞാനിപ്പോൾ സെക്സ് ആഗ്രഹിക്കുന്നു’ എന്ന് ഒരു ‘കോഡി’ലൂടെ പോലും രമേശിനെ അറിയിക്കാൻ കഴിയാതെ പോയതാണ് ചിത്രയുടെ പരാജയം.

എന്നാൽ ജോസിന്‍റെയും ആനിയുടെയും കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ഓഫീസിൽ നിന്നും വന്നു കയറുന്ന ജോസിന്‍റെ പെരുമാറ്റവും മുഖഭാവങ്ങളും കണ്ടാൽ ആനിയ്ക്കറിയാം അയാൾക്കെന്തു വേണമെന്ന്. “അദ്ദേഹത്തിന്‍റെ മൂഡ് എനിയ്ക്കറിയാൻ കഴിയാറുണ്ട് എപ്പോഴും. എന്‍റെ ആവശ്യങ്ങൾ ഒരിക്കലും എനിയ്ക്ക് പറയേണ്ടി വന്നിട്ടില്ല. ജോസ് എല്ലാം മനസ്സിലാക്കി പെരുമാറാൻ കഴിവുള്ള കുട്ടത്തിലാ ണ്.” സന്തോഷത്തോടെ ആനി പറയുന്നു.

ആനി പറഞ്ഞത് ശരിയെന്ന് ജോസും ശരിവെക്കുന്നു. “ചെറിയ ചെറിയ ഇഷ്ടങ്ങൾ വരെ പരസ്‌പരം സഫലീകരിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. പലപ്പോഴും ‘കോഡ്’ ഉപയോഗിച്ച് ഞാനെന്‍റെ ആവശ്യങ്ങൾ അവളെ അറിയിക്കും. അവൾക്കതു മനസ്സിലാകുകയും ചെയ്യും. വിവാഹം കഴിഞ്ഞ് 6 വർഷങ്ങൾക്കു ശേഷവും യാതൊരുവിധ തെറ്റിദ്ധാരണകളുമില്ലാതെ ഞങ്ങളുടെ ബന്ധം സുദ്യഢമായിത്തന്നെ തുടരുന്നു.” ജോസിന്‍റെ വാക്കുകളിൽ അഭിമാനം മാത്രം..

പങ്കാളിയുടെ ഇഷ്ട‌ം മാനിക്കുക

പങ്കാളിയുടെ ഇംഗിതം നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയാതെ വന്നാൽ അത് പങ്കാളിയുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുണ്ട്. തന്‍റെ ആഗ്രഹങ്ങൾ മനസ്സിൽ തന്നെ ഒതുക്കാനും വികാരങ്ങളെ അടിച്ചമർത്താനും അയാൾ ശ്രമിക്കും. ഇത് സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങളിലേക്കാണ് പലപ്പോഴും നയിക്കുക. അതുകൊണ്ട് ബുദ്ധിപൂർവ്വമായ സമീപനമായിരിക്കണം ഇത്തരം വിഷയങ്ങളിൽ എടുക്കേണ്ടത്.

പരസ്‌പരം മനസ്സിലാക്കാതെ വികാരങ്ങളെ അടിച്ചമർത്തി ജീവിക്കുന്നവർ വിവാഹേതരബന്ധങ്ങളിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഫലമോ ദാമ്പത്യം ശിഥിലമാകുന്നു. അതുകൊണ്ട് സമയാസമയങ്ങളിൽ പങ്കാളിയുടെ മനസ്സറിഞ്ഞ്, വികാരങ്ങളറിഞ്ഞ് പെരുമാറുക എന്നത് പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെ.

പൂർണ്ണ പിന്തുണ

ഉദ്യോഗസ്ഥയായ ശാലിനിയുടെ അനുഭവം തന്നെ നോക്കൂ. രാത്രി 9 മണി യോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ശാലിനി ഡിന്നർ ഒരുക്കി ഭർത്താവിനും കുട്ടികൾക്കും നൽകുമ്പോഴേക്കും ക്ഷീണിതയായി കഴിഞ്ഞിരിക്കും. ‘എവിടെയെങ്കിലും ഒന്നു തല ചായ്ച്ചാൽ മതി’ എന്ന ചിന്തയുമായി ഒന്നു വിശ്രമിക്കാനൊരുങ്ങുമ്പോഴാകും സന്തോഷ് ‘കോഡു’മായി സമീപിക്കുന്നത്. ഭർത്താവിന്‍റെ ഇംഗിതം മനസ്സിലായാലും അത് അവഗണിച്ച് ശാലിനി ഉറങ്ങാൻ കിടക്കും. ശാലിനിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം സന്തോഷിനെ കോപാകുലനാക്കും. പലപ്പോഴും വഴക്കിലാണ് രണ്ടുപേരും ചെന്നെത്തുക.

ഭാര്യമാരുടെ മൂഡു നോക്കാതെ പെരുമാറുന്ന സന്തോഷിനെപ്പോലെയുള്ള ഭർത്താക്കന്മാർ നിരവധിയുണ്ട്. കുമാർ അതുപോലെയൊരാളാണ്. എഞ്ചിനീയറായ കുമാർ ഓഫീസ് വിട്ട് വീട്ടിലെത്തിയാലും 12 മണിവരെ കമ്പ്യൂട്ടറിനു മുന്നിലാണ്. ഭാര്യ ഇഷയ്ക്ക് കുമാറിന്‍റെ ഈ സ്വഭാവം ഒട്ടുമിഷ്ടമില്ല.

തന്‍റെ ഇംഗിതങ്ങൾ കുമാറിനെ അറിയിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും അവഗണനയാണ് പകരം കിട്ടിയത്. അതോടെ അവളുടെ മനസ്സിൽ കുമാറിനോടുള്ള പ്രണയത്തിനും മങ്ങൽ വീണു. കുമാറിന്‍റെയും സന്തോഷിന്‍റെയും ഒക്കെ ദാമ്പത്യത്തിൽ വില്ലനായ ഘടകം പരസ്പ‌രം മനസ്സിലാക്കാൻ കഴിയാതെ പോയതാണ്. എത്ര ജോലിത്തിരക്കിലായാലും പങ്കാളിക്കൊപ്പം കഴിയാൻ അല്പം സമയം മാറ്റിവെയ്ക്കാൻ ശ്രമിക്കുക. ജീവിതവിജയത്തിന് ദാമ്പത്യബന്ധം നൽകുന്ന പിന്തുണ ചെറുതല്ല. നല്ല ദാമ്പത്യബന്ധത്തിന് സെക്സും ഒരു അവിഭാജ്യഘടകമാണ്. ഇതൊക്കെ മനസ്സിലാക്കി കഴിയുന്നതും ഓഫീസ് ജോലികൾ വീട്ടിലേക്ക് കൊണ്ടുവരാതെ നോക്കണം.

പുതുമ കൊണ്ടുവരിക

രജിതയുടെ മനസ്സ് നല്ലതുപോലെ മനസ്സിലാക്കിയ ആളാണ് പ്രമോദ്. ഭാര്യയുടെ മുഡുനോക്കി പെരുമാറാനും സെക്സിൽ പുതുമകൾ കൊണ്ടുവരാനും മറക്കാറില്ലെന്നു പ്രമോദ് പറയുന്നു.“ആഗ്രഹങ്ങളും താൽപര്യങ്ങളും എല്ലാം ഞങ്ങൾ പരസ്‌പരം നന്നായി മനസ്സിലാക്കാറുണ്ട്. പൂർണ്ണ പിന്തുണ നൽകാറുമുണ്ട്. ജീവിതത്തിൽ പുതുമകൾ ആഗ്രഹിക്കാത്ത ആരാണുള്ളത്? പിന്നെ സെക്സിൽ മാത്രം എന്തുകൊണ്ടായിക്കൂടാ? ഞങ്ങളുടെ ദാമ്പത്യം ഇന്നും സുദൃഢമായി നിലനിർത്തുന്നത് ഈ പുതുമകൾ തന്നെയാണ്.”

രജിതയുടെ വാക്കുകളിലുമുണ്ട് ഒരു ചെറിയ അഹങ്കാരം. പരസ്‌പരം കലഹിച്ചും ചിണങ്ങിയും വഴിപിരിയുന്നവരുടെ ലോകത്ത് രജിതയ്ക്ക് അഹങ്കരിക്കാൻ അവകാശമുണ്ടുതാനും.“എനിക്കു പൂർണസംതൃപ്ത‌ി നൽകാൻ ഭർത്താവ് എപ്പോഴും ശ്രമിക്കാറുണ്ട്. അദ്ദേഹം അതിനായി ഇടയ്ക്കിടെ പുതുമകൾ കൊണ്ടുവരുന്നു.” സംതൃപ്‌തയായ ഒരു ഭാര്യയുടെ സ്വരത്തിൽ രജിത പറയുന്നു.

സംതൃപ്ത‌മായ സെക്സിന് പുതുമകൾ കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് പ്രമുഖ സെക്സോളജിസ്റ്റുകളുടേയും അഭിപ്രായം. ജീവിതത്തിലെ മടുപ്പും മുഷിപ്പും ഒഴിവാക്കാനും ഇതു സഹായിക്കുമെന്ന് അവർ പറയുന്നു. എന്താണ് ആവശ്യമെന്ന് പങ്കാളി പറയുന്നതിനു മുമ്പേ തന്നെ അദ്ദേഹത്തിന്‍റെ ഇംഗിതം മനസ്സിലാക്കാൻ ശ്രമിക്കുക. ഒരു വാക്കുപോലും പറയാതെ പരസ്പ്‌പരം മനസ്സിലാക്കാൻ കഴിയുക. എത്ര ഊഷ്‌മളമായ ബന്ധമാണത്!

മോണിംഗ് സെക്സ് ദൃഢമാക്കും ലൈഫ്

തുടക്കം നന്നായാൽ എല്ലാം നന്നാവും എന്നാണല്ലോ പറയുക. ഒരു ദിവസത്തിന്‍റെ തുടക്കം നല്ലതായാൽ ആ ദിവസം മുഴുവനും നല്ലതായിരിക്കും. പ്രഭാതത്തിൽ ഉറക്കം ഉണരുമ്പോൾ തന്നെ ഭർത്താവിന്‍റേത് വളരെ റൊമാന്‍റിക് മൂഡായിരിക്കും. പക്ഷേ ഭാര്യ മക്കളെ സ്ക്കൂളിൽ വിടുന്നതി എന്‍റെ കാര്യം തലയിൽ വച്ചാവും ഉണരുക. ഇതുകൊണ്ട് തന്നെ രണ്ടാളും തമ്മിൽ നീരസമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാനും സാധ്യതയുണ്ട്. മനഃശാസ്ത്രജ്‌ഞർ പറയുന്നത് മോണിംഗ് സെക്സ് സ്നേഹ ദാമ്പത്യം ഊട്ടിയുറപ്പിക്കും എന്നാണ്. മാത്രമല്ല ആരോഗ്യത്തിനും മോണിംഗ് സെക്സ‌് വളരെ നല്ലതാണത്രേ.

എങ്കിൽ എന്തുകൊണ്ട് നിങ്ങളുടെ കുസൃതിക്കാരനായ ഭർത്താവിന് കൊച്ചുവെളുപ്പാൻ കാലത്ത് ഒരു സെക്സ് സർപ്രൈസ് നൽകിക്കൂടാ. ഇത് നിങ്ങളുടെ രണ്ടാളുടെയും ഒരു ദിവസത്തെ മനോഹരമാക്കുമെന്ന് മാത്രമല്ല അന്നേ ദിവസം ഏർപ്പെടുന്ന എല്ലാകാര്യവും നന്നായി ചെയ്യാനും സാധിക്കും. എന്താ, ദിവസം മുഴുവൻ ഹാപ്പിയായി ഇരിക്കുന്നത് വലിയ കാര്യമല്ലേ? അതുകൊണ്ട് മടിക്കണ്ട, ഇന്ന് തന്നെ മനസ്സ് വച്ചോളൂ. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് ഇതിന് ആവശ്യമാണെങ്കിലും അതൊന്നും മലമറിക്കുന്ന കാര്യം അല്ലെന്ന് അറിയുക, മോണിംഗ് സെക്സ്‌സിനുള്ള ടിപ്‌സ്…

ശ്വാസത്തിൽ ആത്മവിശ്വാസം

രാത്രി കിടന്നുറങ്ങുന്നതിനു മുമ്പ് നന്നായി ബ്രഷ് ചെയ്യുക. അതു കൂടാതെ സൈഡ് ടേബിളിന്‍റെ മുകളിൽ മിന്‍റ് ചേർന്ന ച്യൂയിംഗം എടുത്തു വയ്ക്കാൻ മറക്കരുത്. രാവിലെ ഉണർന്ന ഉടൻ അത് വായയിൽ ഇടുക. ഫ്രഷ്‌നസ്സ് ഫീൽ ചെയ്യും. ഇല്ലെങ്കിൽ വായയിലെ ദുർഗന്ധം എല്ലാ മൂഡും കളയും.

സ്നേഹത്തിന്‍റെ അനുഭവം

എല്ലായ്പ്പോഴും പ്രഭാത രതി സംഭവിച്ചു കൊള്ളണമെന്നില്ല. ഇരുവരും പ്രഭാതത്തിൽ പരസ്പ‌രം കെട്ടിപ്പിടിച്ചു കിടക്കുകയും തലോടുകയും ചുംബിക്കുകയും ചെയ്യുന്നതു പോലും മാനസിക സുഖം നൽകും. പിരിമുറുക്കം അകലാനും അന്നേദിവസം ആത്മവിശ്വാസത്തോടെ ലോകത്തെ നേരിടാനും ഇതു സഹായിക്കും. കെട്ടിപ്പിടിച്ച് ഇരുവരും ഒരേ താളത്തിൽ ശ്വാസംമെടുക്കുന്നതുപോലും എത്ര ആനന്ദകരമാണ്!

മുത്തം നൽകി തുടങ്ങാം

വേറിട്ട രീതിയിൽ ആവട്ടെ തുടക്കം. പങ്കാളിയ്ക്ക് സർപ്രൈസായി മുത്തം നൽകി ഗുഡ് മോണിംഗ് പറയാം. കാതിൽ റൊമാന്‍റിക് പാട്ട് മൂളിക്കൊടുക്കാം. ഇത്രയും മതി നിങ്ങളുടെ ക്ഷണം സ്വീകരിക്കാൻ. ഉറക്കച്ചടവ് മാറി സ്നേഹം തുടങ്ങാൻ ഇത്രയും ധാരാളം.

എപ്പോഴും കൂടെ കരുതാം

കയ്യെത്തും ദൂരത്ത് കോണ്ടം കരുതാം. നിങ്ങളുടെ സ്നേഹം എപ്പോഴാണ് അതിരുവിടുന്നതെന്ന് പറയാനൊക്കില്ലല്ലോ. എഴുന്നേറ്റ് പോയി കോണ്ടം തപ്പിപിടിച്ചെടുക്കുമ്പോഴേക്കും സകല രസങ്ങളും ചിലപ്പോൾ നഷ്ടമായേക്കാം. സംഗതി അടുത്തു വച്ചാൽ മുഷിയാതെ കാര്യത്തിലേക്ക് കടക്കാം.

സെക്സും ആരോഗ്യവും

ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് ആഴ്ച്‌ചയിൽ മൂന്നു പ്രവശ്യം മോണിംഗ് സെക്സിൽ ഏർപ്പെടുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നാണ്. ഇങ്ങനെയുള്ള വർക്ക് സ്ട്രോക് വരാനുള്ള സാധ്യതയും വിരളമാണ്. ജലദോഷവും ചുമയും വരാനുള്ള സാധ്യതയും ഇല്ലാതാക്കും. മാത്രമല്ല ചർമ്മം, മുടി, നഖങ്ങൾ എന്നിവയ്ക്ക് ആരോഗ്യവും തിളക്കവും ലഭിക്കുമത്രേ. പ്രഭാതത്തിലെ ലൈംഗികത ദിവസം മുഴുവനും സന്തോഷവും മാനസിക ആരോഗ്യവും നൽകുന്നു. രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കും.

കുസൃതി കൈവിടരുത്

കിടപ്പറയിൽ അനുസരണക്കേട് കാട്ടുന്ന കുട്ടിയുടെ മനസ്സ് പുറത്തെടുക്കാം. ഭർത്താവിനെ ഇക്കിളിപ്പെടുത്തി ഓടിപ്പോവുകയോ, മുറിയിൽ ഒളിച്ച് നിൽക്കുകയോ ചെയ്യാം. ഭർത്താവിന്‍റെ മനസ്സിൽ റൊമാൻസ് നിറയ്ക്കാൻ ഇത്തരം കുസൃതികൾ ഉപകരിക്കും. വിരസതയകറ്റി നല്ല ദിവസം തുടങ്ങാൻ ഈ പ്രണയഭാവങ്ങൾ സഹായകമാണ്.

കളിചിരിയും കുളിയും

കിടപ്പറയിൽ നിന്നു മാത്രമേ സെക്‌സിൽ ഏർപ്പെടാവൂ എന്നൊന്നില്ല. ഒന്നിച്ച് ഷവറിന്‍റെ അടിയിൽ നനയുമ്പോൾ സ്നേഹം പുതിയ തലത്തിലേക്കുയരും. പരസ്‌പരം സോപ്പ് തേച്ച് കൊടുത്തും പുറം കഴുകി കൊടുത്തും സ്നേഹം പങ്കിടാം. കുളിമുറിയിൽ നല്ല വാസന സോപ്പോ, ബോഡി ജെല്ലോ കരുതാം. ഈ സംഗമം നിങ്ങളുടെ ആ ദിവസത്തെ മുഴുവൻ ഉണർത്തും.

ലഹരി ലൈംഗിക ജീവിതത്തിന് ഹാനികരം

ദാമ്പത്യത്തിൽ സെക്സിന്‍റെ സ്ഥാനമെന്താണ്? ഭാര്യയുടെയും ഭർത്താവിന്‍റെയും ശാരീരിക സുഖം മാത്രം ലക്ഷ്യമിട്ടുള്ള ഒരു അപ്രധാനകാര്യം മാത്രമാണോ? ആനന്ദ നിമിഷങ്ങൾ നിറച്ച് ദാമ്പത്യത്തെ കെട്ടുറപ്പുള്ളതാക്കുകയാണ് പ്രധാനമായും സെക്സ് ചെയ്യുന്നത്. സുദൃഢമായ ദാമ്പത്യജീവിതത്തിന് സംതൃപ്തമായ ലൈംഗികത അടിത്തറ പാകുന്നുവെന്ന് പറയപ്പെടുന്നത് അതുകൊണ്ടാണ്. അസംതൃപ്തമായ ലൈംഗികജീവിതം കുടുംബത്തെയാകെ താളപ്പിഴകളിലേക്ക് വലിച്ചിഴച്ചേക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം നിങ്ങളുടെ സന്തുഷ്ടമായിരുന്ന ലൈംഗിക ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്ന് നോക്കുക.

ലഹരി പദാർത്ഥങ്ങൾ പലതരത്തിലുണ്ട്. മദ്യം പോലുള്ള ലഹരിപദാർത്ഥങ്ങളെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. സ്വന്തം ഇഷ്ടപ്രകാരമല്ല പലരും മദ്യം കഴിച്ചു തുടങ്ങുന്നത്. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരു രസത്തിന്‍റെ പേരിലാണ് പലരും ഈ ശീലം തുടങ്ങുന്നതെങ്കിലും പിന്നീടത് നിയന്ത്രണാതീതാമാകുന്നു.

  • ലഹരി പാനീയങ്ങളുടെ ഉപയോഗം ശാരീരികാരോഗ്യത്തെ ക്രമേണ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
  • ഭാര്യയെ പരിപൂർണ്ണമായും സന്തുഷടയും സംതൃപ്തയുമാക്കേണ്ടത് ഭർത്താവിന്‍റെ കടമയാണ്. എന്നാൽ ഭർത്താവിൽ നിന്നുയരുന്ന ലഹരി പദാർത്ഥങ്ങളുടെ ദുർഗന്ധം ദാമ്പത്യത്തിൽ ഇത്തരം പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഭാര്യാഭർത്തൃബന്ധത്തിൽ വിള്ളൽ സൃഷ്ടിക്കാൻ ഇത്തരം കാരണങ്ങൾ ധാരാളമാണ്.
  • സെക്സിലേർപ്പെടുന്ന വേളയിൽ ഭാര്യ മാനസികമായി ഭർത്താവിനെ സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ സെക്സ് ഒരിക്കലും സന്തോഷപ്രദമാകണമെന്നില്ല. ഭർത്താവിന് മദ്യാപനം കൊണ്ടുള്ള ദുർഗന്ധം തിരിച്ചറിയാൻ കഴിയാതെ വരാമെങ്കിലും ഭാര്യയ്ക്കത് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതോടെ സെക്സിലേർപ്പെടും മുമ്പേ തന്നെ ഭാര്യയിൽ ലൈംഗിക താൽപര്യം ഇല്ലാതെയാകും.
  • ഭർത്താവ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഭാര്യയ്ക്ക് ഫോർപ്ലേയിലൂടെ കിട്ടുന്ന ആനന്ദം കണ്ടെത്താനോ ആഫ്റ്റർ പ്ലേയ്ക്ക് തയ്യാറാകാനോ തടസ്സമായേക്കാം. സെക്സിനെ വറും ബാധ്യതയായി കണ്ട് എത്രയും പെട്ടെന്ന് ഭർത്താവിൽ നിന്ന് അകന്ന് മാറാനായിരിക്കും ഭാര്യ ആഗ്രഹിക്കുക.
  • മദ്യം, പുകവലി മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയൊക്കെ ലൈംഗിക ജീവിതത്തിന് പങ്കാളികൾ ധീരമായ നിലപാടുകൾ സ്വീകരിക്കുകയാണ് ആദ്യം വേണ്ടത്.

ഉത്തേജനം കുറയുക

സെക്സിലേർപ്പെടുന്ന വേളയിൽ രക്തത്തിൽ ഗ്ലൂക്കോസ് നില ഉയരുന്നതോടെ നൈട്രിക് ഓക്സൈഡ് രൂപം കൊള്ളുന്നത് നിലയ്ക്കുന്നു. പുരുഷലൈംഗികാവയവത്തിൽ ഉത്തേജനമുണ്ടാകുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന രാസവസ്തുവാണ് നൈട്രിക് ഓക്സൈഡ്. മദ്യം, പുകവലി എന്നിവ ശീലമാക്കിയവരിൽ ഈ രാസപ്രവർത്തനം അസന്തുലിതമാക്കും. ഉത്തേജനമില്ലായ്മ ലൈംഗികസുഖത്തിന് തടസ്സമാകുകയും ലൈംഗികജീവിതം താറുമാറാകുകയും ചെയ്യുന്നു. ഇത് ദമ്പതികളിൽ മാനസിക പിരിമുറുക്കത്തിന് ഇടയാക്കുന്നു. ഇത്തരം അവസ്ഥയിൽ തുടർന്നും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് പുരുഷന്മാരിൽ ലൈംഗിക ബലഹീനതയുളവാക്കും.

പുകയില

അമിതമായ പുകയില ഉപയോഗം സന്തുഷ്ട ലൈംഗിക ജീവിതത്തെ നശിപ്പിക്കുന്നു. ഇവയുടെ അമിതമായ ഉപയോഗം രക്തക്കുഴലുകളെ തകരാറിലാക്കുന്നു. അതോടെ ലൈംഗിക പ്രക്രിയയ്ക്ക് തടസ്സം നേരിടുകയും സെക്സിനോടുള്ള താൽപര്യം നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് പുകവലിയും മറ്റു തരത്തിലുള്ള പുകയില ഉപയോഗവും നിശ്ശേഷം അവസാനിപ്പിക്കേണ്ടതാണ്.

  • പുകയിലയുടെ ഉപയോഗം കാൻസറിന് കാരണമാകുന്നതോടൊപ്പം ലൈംഗികശേഷി ഇല്ലാതാക്കുകയും ചെയ്യും.
  • പ്രത്യുൽപാദന ശേഷിക്കുറവിന് ചികിത്സാവിധേയരാകുന്നവർ പുകവലി ശീലമുള്ളവരാണെങ്കിൽ ചികിത്സയ്ക്ക് ഫലം കാണാനുള്ള സാധ്യത കുറവായിരിക്കും.
  • പുകവലിക്കുന്ന പുരുഷന്മാരിൽ ലൈംഗികശേഷി കുറയാനും പ്രത്യുൽപാദനശേഷി ക്രമേണ നശിച്ചുപോകാനുള്ള സാധ്യത വിരളമല്ല.
  • ലഹരി പദാർത്ഥങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഷണ്ഡത്വം ഉണ്ടാകാൻ സാധ്യതയുണ്ട്.
  • പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ തലച്ചോറിന്‍റെ പ്രവർത്തനങ്ങളെ തകരാറിലാക്കും. ഹൃദയ മിടിപ്പും നിയന്ത്രണാതീതമാകും. ഇതുമൂലം രക്തസഞ്ചാരത്തിലുണ്ടാകുന്ന മന്ദഗതി ലൈംഗികശേഷിക്കുറവിന് കാരണമാകും.
  • സിഗററ്റ് വലിക്കുമ്പോൾ ഉള്ളിലെത്തുന്ന ഹൈഡ്രജൻ സൈനൈഡ് പോലുള്ള രാസപദാർത്ഥങ്ങൾ ഹൃദയാഘാതത്തെ ക്ഷണിച്ചുവരുത്തും.

മദ്യം- ദോഷവശങ്ങൾ

പതിവായി മദ്യപിക്കുന്നവർക്ക് ദേഷ്യം, തളർച്ച, ആലസ്യം എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ നേരിടേണ്ടി വരും. ഇത്തരക്കാരെ സംബന്ധിച്ച് സെക്സ് എന്നത് ആനന്ദത്തിലുപരിയായി കേവലം ആവശ്യകതയായി മാറും. സ്വാഭാവികമായ ഉറക്കം പോലും മദ്യത്തിൽ അലിഞ്ഞില്ലാതാകും. മദ്യം കഴിക്കാത്ത ദിവസങ്ങളിൽ ഇത്തരക്കാർക്ക് ഉറങ്ങാൻ ഉറക്കഗുളികകളെ ആശ്രയിക്കേണ്ടി വരും. മദ്യത്തിന്‍റെ ഗന്ധം സുഖകരമായ ലൈംഗിക ജീവിതത്തിൽ വില്ലനായി മാറും. ഈ സമയത്ത് ഭാര്യയുടെ പെരുമാറ്റം യാന്ത്രികമായിരിക്കും.

അമിതമായ മദ്യാപാനശീലമുള്ളവരിൽ കരൾ, ഉദരം, പിത്താശയം, മൂത്രനാളി, പാൻക്രിയാസ്, വൻകുടൽ എന്നീ പ്രധാനപ്പെട്ട അവയവങ്ങൾ അസ്വാഭാവികമായ രീതിയിൽ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ ലൈംഗികസുഖത്തെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

മതവും സെക്സും

ലഹരി പദാർത്ഥങ്ങൾക്ക് അടിമയായ വ്യക്തി മതപരമായ പ്രവർത്തികളിൽ ഏർപ്പെട്ടതുകൊണ്ട് രക്ഷപ്പെടുകയില്ല. മറിച്ച്, മദ്യത്തിന്‍റെ ദൂഷ്യവശങ്ങൾ അയാളെ നരകത്തിലേക്കേ നയിക്കുവെന്നാണ് ഭക്ത കവിയായ കബീർ പറഞ്ഞിട്ടുള്ളത്. പ്രത്യുൽപാദനപരമായ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടാനുള്ള ഒരുപാധിയായിട്ടാണ് സെക്സിനെ മതങ്ങൾ വിലയിരുത്തുന്നത്.

ലൈംഗിക അരാജകത്വത്തിനും അവിഹിത ബന്ധങ്ങൾക്കും പലപ്പോഴും കാരണമാകുന്നത് ലൈംഗിക ജീവിതത്തിലെ താളപ്പിഴകളും അസ്വസ്ഥതകളുമാണ്. സന്തുലിതമായ ലൈംഗിക ജീവിതം നയിക്കാൻ പങ്കാളികൾ ബോധപൂർവ്വമായ ശ്രമം നടത്തുകയാണ് വേണ്ടത്. ദാമ്പത്യത്തിൽ സെക്സിന് സുപ്രധാനമായ സ്ഥാനമാണുള്ളതെന്ന കാര്യം വിസ്മരിച്ചുകൂടാ.

40ന് ശേഷം സെക്സ്

സുദൃഢവും ആഹ്ളാദകരവുമായ ദാമ്പത്യത്തിന് സെക്സ് അനിവാര്യമാണ്. എന്നാൽ വിവാഹത്തിന്‍റെ ആദ്യ വർഷങ്ങളിൽ സെക്സിനോട് ഉണ്ടായിരുന്ന താൽപര്യം മധ്യവയസ്സിൽ എത്തുന്നതോടെ ഉണ്ടാകണമെന്നില്ല. 40 വയസ്സ് പിന്നിടുന്നതോടെ ഈ താൽപര്യം കുറഞ്ഞു വരുന്നതായാണ് കാണാറ്. ഈ സമയത്ത് മടിച്ച് മടിച്ചാണെങ്കിലും ചിലർ ലൈംഗിക താൽപര്യം പ്രകടിപ്പിച്ചാലും പങ്കാളി മറ്റ് വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് അത് ഒഴിവാക്കാനാകും ശ്രമിക്കുക. പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടാൻ ഈ താൽപര്യക്കുറവ് കാരണമാകും. ദമ്പതികൾക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ പലവിധ ദാമ്പത്യ കലഹങ്ങൾക്കും ഇട വരുത്തും.

മധ്യവയസ്സിലെത്തുന്ന ദമ്പതികളിൽ ശാരീരകവും മാനസികവുമായ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. അവരുടെ ജീവിതശൈലിയിലും ഉണ്ടാകും പ്രകടമായ മാറ്റങ്ങൾ. അതവരുടെ ലൈംഗിക താൽപര്യങ്ങളെയും സ്വാധീനിക്കും. ഈ ഘട്ടത്തിൽ പുരുഷനിലും സ്ത്രീയിലും ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകാം. സൂക്ഷമവും സ്വാഭാവികവുമായ ഈ മാറ്റങ്ങളൊക്കെയും ശാരീരിക പ്രവർത്തനങ്ങളെയും മസ്തിഷ്കത്തെയും വരെ സ്വാധീനിച്ചെന്നും വരാം. ഈവക മാറ്റങ്ങളെ സ്വയം തിരിച്ചറിയുന്ന പങ്കാളിക്ക് തന്‍റെ ഇണയുമൊത്ത് സുഖകരമായ ജീവിതം നയിക്കാനാകും. എന്നുമാത്രമല്ല സെക്സ് അവർക്ക് കൂടുതൽ ആസ്വാദ്യകരമാക്കാനും സാധിക്കും.

സ്വാഭാവിക മാറ്റങ്ങൾ

ആർത്തവ വിരാമത്തോട് അനുബന്ധിച്ചാണ് സ്ത്രീകളിൽ ഏറെക്കുറെ ശാരീരിക മാറ്റങ്ങളുണ്ടാകുന്നത്. ആർത്തവവിരാമ സമയത്ത് ഹോർമോണുകൾ രൂപം കൊള്ളുന്ന പ്രക്രിയ മന്ദഗതിയാലാകുന്നു. ക്രമേണ, അർത്തവമുണ്ടാകുന്നത് നിലയ്ക്കുകയും ചെയ്യും. ഏകദേശം 50 വയസ്സാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിലും ഈ പ്രക്രിയ 40- 42 വയസ്സിലേ തുടങ്ങിയിരിക്കും. ഈ കാലയളവിനെ പ്രീ മെനപോസ് പീരിയഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. നാല് മുതൽ ആറേഴ് വർഷം വരെ ഈ പ്രക്രിയ മന്ദഗതിയിൽ തുടർന്നുകൊണ്ടിരിക്കും. ഈ കാലയലവിൽ സ്ത്രീയുടെ ലൈംഗികാവയവം നേർത്തതും ശുഷ്കവുമായിരിക്കും. മാത്രമല്ല, ലൈംഗികാവയവം സ്നിഗ്ദ്ധമാകാൻ ഏറെ സമയം വേണ്ടിവരുകയും ചെയ്യും. കൂടാതെ കൊഴുപ്പ് നിറഞ്ഞ യോനിയുടെ മുകൾഭാഗം ക്രമേണ നേർത്ത് നേർത്ത് ഇല്ലാതാകുന്നതോടെ ലൈംഗികാബന്ധം വേദനാപൂർണ്ണവും ആയിത്തീരും. സെക്സ് അസഹ്യവും ദുഷ്കരവും ആയിത്തീരാൻ ഇത് ഇടയാക്കും. ഇക്കാരണത്താലാണ് ഈ പ്രായത്തിൽ സെക്സിനോട് സ്ത്രീകൾ പൊതുവേ വിമുഖത കാട്ടുന്നത്.

ആനന്ദദായകമായ സാമീപ്യം

ശാരീരികമായ ഇത്തരം പരിവർത്തനങ്ങളെ സ്വയം തിരിച്ചറിയാത്ത സ്ത്രീകൾ ഭർത്താവ് തങ്ങളോട് ക്രൂരമായി പെരുമാറുന്നു എന്നാവും പരാതി പറയുക. സെക്സിനോടുള്ള ഭാര്യയുടെ വിമുഖതയും താൽപര്യക്കുറവും ഭാര്യയ്ക്ക് തന്നോട് സ്നേഹമില്ലെന്ന ധാരണയിലാകും ഭർത്താവിനെ നയിക്കുക. സെക്സിനോടുള്ള വിരക്തി സ്ത്രീയിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം കൊണ്ട് സംഭവിക്കുന്നതാണ്.

പുരുഷന്മാരിലും ഹോർമോൺ പരിവർത്തനങ്ങൾ ഉണ്ടാകാറുണ്ട്. പുരുഷന്മാരിൽ ലൈംഗികോത്തേജനത്തെ സ്വാധീനിക്കുന്ന ഹോർമോണായ ടെസ്റ്റാസ്റ്റിറോൺ 20നും 35നും ഇടയിലായിരിക്കും പൂർണ്ണമായ ലൈംഗികോത്തേജനം പ്രകടമാക്കുക. പിന്നീട് ഈ ഹോർമോണിന്‍റെ അളവിൽ കുറവുണ്ടാകുകയും ക്രമേണ ഉത്തേജനം മന്ദഗതിയിലാകുകയും ചെയ്യും. ഇത് മൂലം സെക്സിനോടുള്ള താൽപര്യം കുറയാൻ ഇടയാക്കും. ദാമ്പത്യത്തിൽ ലൈംഗിക പ്രക്രിയകളുടെ എണ്ണം കുറയുകയും ചെയ്യും. അതായത് സെക്സ് വല്ലപ്പോഴുമൊരിക്കലെന്ന രീതിയിലാകുമെന്നർത്ഥം.

മധ്യവയസ്സിലെത്തുന്നതോടെ മന്ദഗതിയിലാകുന്ന രക്തചക്രമണം അവരുടെ ലിംഗോദ്ധാരണത്തെ ബാധിക്കും. യൗവനകാലത്ത് ഉണ്ടായിരുന്നതുപോലെ ശക്തമായ ഉദ്ധാരണശേഷി മധ്യവയസ്സിൽ ഉണ്ടാകണമെന്നില്ല.

സെക്സ് പൂർണ്ണമായും അസ്വദിക്കുന്നതിനുവേണ്ടി ഭാര്യയും ഭർത്താവും ഇത്തരം ശാരീരിക മാറ്റത്തെ പൂർണ്ണമായി ഉൾക്കൊള്ളുകയാണ് ആദ്യം വേണ്ടത്. സ്തീയുടെ ലൈംഗികാവയത്തിലുണ്ടാകുന്ന വരൾച്ചയെ ഏതെങ്കിലും ക്രീമോ ജെല്ലിയോ ഉപയോഗിച്ച് പരിഹരിക്കാവുന്നതേയുള്ളൂ. ശാരീരികമാറ്റങ്ങളെ സ്വയം തിരിച്ചറിഞ്ഞ് അതിൽ നിന്നും മോചിതരാകാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുകയാണ് ദമ്പതികൾ ചെയ്യേണ്ടത്. അതിനുള്ള പരിഹാരം കണ്ടെത്തി മുമ്പത്തേതുപോലെ തന്നെ ആഹ്ളാദകരമായ ലൈംഗിക ജീവിതം നയിക്കാനും സാധിക്കും.

ലൈംഗിക സംതൃപ്തി

യവനകാലത്ത് ലൈംഗിക താൽപര്യം വളരെ ശക്തമായ നിലയിലായിരിക്കുമെന്ന് എല്ലാവർക്കുമറിയാം. പുരുഷന് രതിമൂർച്ഛയിലെത്താൻ ഏതാനും മിനിട്ടുകൾ മതി. എന്നാൽ സ്ത്രീകൾക്ക് ലൈംഗികോത്തേജനം കിട്ടാൻ 15 മുതൽ 20 മിനിട്ടുവരെ വേണ്ടിവരും.

ബുദ്ധിമാനായ ഭർത്താവിന് ഇക്കാര്യം മനസ്സിലാക്കി സ്വയം നിയന്ത്രിതമായ രീതിയിൽ പ്രവർത്തിച്ച് ഭാര്യയിലും ലൈംഗികോത്തേജനം സൃഷ്ടിക്കാനാകുമെന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്. എന്നാൽ പ്രായമേറുന്നതോടെ പുരുഷന്‍റെ സെക്സ് പ്രക്രിയും മന്ദഗതിയിലാകും. രക്തചംക്രമണം സാധാരണയിലും താഴ്ന്ന നിലയിലാകുന്നതുകൊണ്ട് 40- 45 വയസ്സ് പ്രായമുള്ള പുരുഷനിൽ ലൈംഗികോത്തേജനമുണ്ടാകാൻ ഏറെ സമയം വേണ്ടിവരും. അതുകൊണ്ട് സ്ത്രീയുടെ ലൈംഗികോത്തേജനവുമായി താളക്രമം പാലിക്കാൻ ഈ അവസ്ഥ സഹായകരമാകും മുമ്പുണ്ടായിരുന്ന അത്രയും വേഗത്തിൽ പുരുഷനിൽ സ്ഖലനവും ഉണ്ടാകുകയുമില്ല. ഇക്കാരണങ്ങളാൽ മധ്യവയസ്സിലെ ലൈംഗികാസ്വാദ്യതയ്ക്ക് ക്ഷീണമുണ്ടാകുന്നില്ല. പഴയതുപോലെ തന്നെ സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ദാമ്പത്യം നയിക്കാൻ ഭാര്യക്കും ഭർത്താവിനും കഴിയുകയും ചെയ്യും. ഭാര്യയെ ആഹ്ളാദചിത്തയാക്കാൻ പരമാവധി ശ്രമിക്കുന്ന ഭർത്താവിന് അതിലൂടെ സ്വയം സന്തുഷ്ടനാകാനും കഴിയുമെന്നാണ് സത്യം.

സാമീപ്യം

ഹോർമോൺ വ്യതിയാനങ്ങൾ യഥാർത്ഥത്തിൽ ഭാര്യക്കും ഭർത്താവിനുമിടയിലുള്ള അടുപ്പം സന്തുലിതമായ അവസ്ഥയിലാക്കുകയാണ് ചെയ്യുന്നത്.

പ്രായമേറുന്നതിനനുസരിച്ച് ദമ്പതികൾ പക്വതയാർജ്ജിക്കുമല്ലോ. അനുഭവസ്ഥരായ അവർക്ക് പരസ്പരം ഇഷ്ടാനിഷ്ടാനങ്ങൾ അറിയാൻ ഏറെനേരം വേണ്ടിവരില്ല. പണ്ടത്തേതിനെ അപേക്ഷിച്ച് അവർ കൂടുതലായി പരസ്പരമാശ്രയിക്കുന്നത് ഈ ഘട്ടത്തിലായിരിക്കുമെന്നത് ഒരു പ്ലസ്പോയിന്‍റാണ്. സെക്സിനെക്കുറിച്ച് ഈ സമയത്ത് തുറന്ന് സംസാരിക്കുന്നത് ഇഷ്ടാനിഷ്ടങ്ങളെ മനസ്സിലാക്കാൻ ഉപകരിക്കും.

എത്രവട്ടം സെക്സിൽ എർപ്പെടുന്നു എന്നതിലല്ല ദാമ്പത്യബന്ധം സുദൃഢമാകുന്നത്. മറിച്ച് സെക്സിൽ പരസ്പരം എത്രമാത്രം സന്തുഷ്ടരാകുന്നുവെന്നതിനാലാണ്. അതുകൊണ്ട് ഓരോ അവസരവും ആഘോഷവേളകളാക്കുകയാണ് വേണ്ടത്. എങ്കിലും ദിനചര്യകൾ പോലെ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് സെക്സ് എന്ന ധാരണ പാടില്ല.

40നു ശേഷമുള്ള ലൈംഗികജീവിതം സന്തുഷ്ടി നിറഞ്ഞതാക്കാൻ പുതിയ ചില പരീക്ഷണങ്ങൾ നടത്തി നോക്കുകയുമാകാം. ശാരീരിക മാറ്റങ്ങളെ സ്വാഭാവികമായ പ്രക്രിയകളായി കാണുന്ന ദമ്പതികൾക്ക് അതിനെ ചെറുക്കാനായി പുതിയ വഴികൾ കണ്ടെത്താം. ഈ പ്രായത്തിൽ ഫോർപ്ലേയുടെ ദൈർഘ്യം കൂട്ടുന്നത് നന്നായിരിക്കും. പരസ്പരം ലാളിക്കുന്ന രീതിയിൽ പുതുമകൾ കൊണ്ടുവരാം. ജീവിതത്തിൽ ഫ്രഷായ കാര്യങ്ങൾ ഉടലെടുക്കുമ്പോൾ തീർച്ചയായും ലൈംഗികബന്ധം പണ്ടത്തേതിലും സംതൃപ്തവും ആഹ്ളാദകരവുമായിത്തീരും.

ഭക്ഷ്യവസ്തുക്കൾ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കുമോ?

ചോദ്യം

19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. ബി.കോം രണ്ടാം വർഷമാണ്. എനിക്ക് അടിക്കടി പനിയും ചുമയും ഉണ്ടാകുന്നു. എക്സ്റേ എടുത്ത് നോക്കിയപ്പോൾ എന്‍റെ മുക്കിനുള്ളിലെ എല്ല് വളഞ്ഞിരിക്കുന്നതായാണ് കണ്ടത്. ഇത് നേരെയാക്കാൻ ശസ്ത്രക്രിയ വേണ്ടി വരുമോ? മരുന്ന് കൊണ്ട് ഇത് ഭേദപ്പെടുമോ?

ഉത്തരം

പ്രശ്നം അലർജി കൊണ്ടുള്ളതാണ് എന്നാണ് കത്തിൽ നിന്നും മനസ്സിലാക്കുന്നത്. മൂക്കിനുള്ളിലെ എല്ല് അഥവാ സെപ്റ്റം (മൂക്കിനെ രണ്ട് ഭാഗമായി തിരിക്കുന്നത്) വളഞ്ഞിരിക്കുന്നത് പലരിലും സംഭവിക്കുന്നുണ്ട്. മുമ്പ് പനിയും ചുമയും വരുമ്പോൾ മൂക്കിന്‍റെ എല്ല് വളഞ്ഞിരിക്കുന്നതുമായി ബന്ധപ്പെടുത്തി കാണുമായിരുന്നു. അത് മാറാനായി സെപ്റ്റോ പ്ലാസ്റ്ററി ഓപ്പറേഷനും ചെയ്യുമായിരുന്നു. എന്നാൽ സെപ്റ്റം വളഞ്ഞിരിക്കുന്നതുമായി മൂക്കിലെ അലർജിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. തൽക്കാലം ശസ്ത്രക്ക്രിയയെപ്പറ്റി ആലോചിക്കുന്നതിന് പകരമായി അലർജിയെ പ്രതിരോധിക്കാനുള്ള മരുന്നുകൾ കൃത്യമായി കഴിക്കുക.

ഏതെങ്കിലും മികച്ച ഇഎൻടി ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ നടത്തുക. പ്രശ്നം മാറിക്കിട്ടും.

ചോദ്യം

ഭക്ഷ്യവസ്തുക്കൾ സ്ത്രീ പുരുഷന്മാരുടെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കുമെന്ന് പറയുന്നത് സത്യമാണോ? കഴിഞ്ഞ ദിവസം ഇന്‍റർനെറ്റിൽ ഇതേ വിഷയത്തെ സംബന്ധിച്ച് തിരഞ്ഞപ്പോൾ അറിയാൻ ഇടയായ കാര്യമാണ് ഇത്. കൊഴുപ്പ് കൂടുതലുള്ള അമിത ഭക്ഷണം പുരുഷന്‍റെ പ്രത്യുൽപ്പാദനശേഷിയെ കുറയ്ക്കും എന്ന് കണ്ടു. എന്‍റെ ഭർത്താവ് ഇത് വിശ്വസിക്കുന്നില്ല. ഇന്‍റർനെറ്റിൽ അടിസ്ഥാനരഹിതമായ വിവരങ്ങളും ഉണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്. അതൊന്നും വിശ്വസനീയം അല്ലത്രേ. സത്യമാണോ ഇക്കാര്യം?

ഉത്തരം

ഇന്‍റർനെറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെല്ലാം വിശ്വാസ യോഗ്യമല്ലെന്നുള്ള ഭർത്താവിന്‍റെ അഭിപ്രായം ശരിയാണ്. ഇന്‍റർനെറ്റിൽ യഥാർത്ഥവും അല്ലാത്തതുമായ ധാരാളം വിവരങ്ങൾ പലയിടത്തും നിന്നുമായി എത്തിച്ചേരാം.

എന്നാൽ ഭക്ഷ്യവസ്തുക്കൾ പുരുഷന്‍റെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കും എന്നുള്ള വിവരം ശരിയാണ്. അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഒരു ഗവേഷണം നടത്തുകയുണ്ടായി. നാല് വർഷമായി 99 മുതിർന്ന പുരുഷന്മാരിൽ നടത്തിയ ഗവേഷണത്തിൽ നിന്നും ഭക്ഷണം അവരുടെ ബീജങ്ങളുടെ സംഖ്യയേയും ശേഷിയേയും ബാധിക്കുന്നു എന്നാണ് കണ്ടെത്തിയത്. അവരുടെ ഈ ഗവേഷണ ഫലം പ്രശസ്തമായ ഹ്യൂമൻ റിപ്രൊഡക്ഷൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പൂരിത കൊഴുപ്പ് അധിക അളവിൽ അടങ്ങിയ ഭക്ഷണം കഴിച്ച പുരുഷന്മാരിൽ ഭൂരിഭാഗം പേരുടെയും ബീജങ്ങളുടെ സംഖ്യ താരതമ്യേന കുറവായിരുന്നു എന്ന് ഗവേഷണ സംഘത്തിലെ ഡോക്ടറായ ഡോ. ജിൽ അറ്റാമാൻ പറയുന്നു. ഇത് മാത്രമല്ല ബീജങ്ങളുടെ രൂപത്തിലും ഗുണത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടത്രേ.

സാച്ചുറേറ്റഡ് ഫാറ്റ് കഴിച്ച പുരുഷന്മാരിൽ 43 ശതമാനം പേരുടെയും സെമൻ ടെസ്റ്റിൽ ബീജങ്ങളുടെ എണ്ണം കുറവായിരുന്നു. അതുപോലെ ബീജങ്ങളുടെ ക്രിയാശീലത തീരെ കുറവായിരുന്നു. ഇവരെ അപേക്ഷിച്ച് മോണോ, പോളി സാച്ചുറേറ്റഡ് ഫാറ്റ് കഴിച്ചവരുടെ ബീജാണുക്കൾ കൂടുതൽ ആരോഗ്യമുള്ളതായി കണ്ടെത്തുകയുണ്ടായി. ആരോഗ്യം മികച്ച രീതിയിൽ നിലനിർത്തുന്നതിന് കൊഴുപ്പ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

എണ്ണ, വെണ്ണ, നെയ്യ് എന്നിവ നിയന്ത്രിതമായ അളവിൽ കഴിക്കുക. മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പ് ആരോഗ്യത്തിന് മികച്ചവയാണ്. കൊളസ്ട്രോളിലെ ദോഷകാരികളായ ഘടകങ്ങളെ നിയന്ത്രിക്കുന്നതിന് ഇവ ആവശ്യമാണ്. ധമനികളുടെ പ്രവർത്തനരീതിയെ ഇത് മികച്ചതാക്കുന്നു.

ചോദ്യം

55 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. കഴിഞ്ഞ കുറെ മാസമായി എനിക്കുണ്ടായ മാറ്റങ്ങളിൽ ഞാനാകെ അസ്വസ്ഥയാണ്. സെക്സിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുന്നു. ഉള്ളിൽ താൽപര്യം ഉണ്ടായാലും സെക്സിൽ ഏർപ്പെടാൻ കഴിയുന്നില്ല.

ഇതിന്‍റെ പേരിൽ ഭർത്താവിന് എന്നോട് ദേഷ്യമാണ്. ഞങ്ങൾ വളരെ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ, ഇപ്പോൾ ഇക്കാരണത്താൽ എപ്പോഴും വഴക്കാണ്. അദ്ദേഹത്തിന്‍റെ മനസ്സ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിലും ഞാൻ തീർത്തും നിസ്സഹായവസ്ഥയിൽ ആണ്. സങ്കോചം മൂലം ആരോടും പറയാനും കഴിയുന്നില്ല.

ഉത്തരം

മെനോപോസിന് (ആർത്തവവിരാമം) ശേഷം സ്ത്രീകളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകാം. ആർത്തവവിരാമത്തെ തുടർന്ന് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ ഉൽപാദനം നിലയ്ക്കുന്നു. ഇക്കാരണത്താൽ യോനിയിൽ ഡ്രൈനെസ്സ് ഉണ്ടാകാം. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുകയാണ് എങ്കിൽ പ്രശ്നം കൂടുതൽ വഷളാകുകയേയുള്ളൂ. ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിന് ഒപ്പം പതിവായി സെക്സിലേർപ്പെടുന്ന മദ്ധ്യവയസ്കരായ സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായി കാണാറില്ല. സെക്സിൽ ഏർപ്പെടുമ്പോൾ യോനിയിലെ രക്തക്കുഴലുകൾ വികസിച്ച് രക്തപ്രവാഹം കൂടുന്നതിനാൽ സ്വാഭാവികമായും മുമ്പത്തെ പോലെ തന്നെ സ്രവം ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും. അമിതമായ ഉത്കണ്ഠ ഒഴിവാക്കുക.

നടുവേദനയും ലൈംഗിക ചൂഷണവും

“നിങ്ങൾ പറയുന്നതൊന്നും എനിക്ക് കേൾക്കേണ്ട.” സരസ്വതി ദേഷ്യപ്പെടുന്നത് നടുവേദന കലശലാകുമ്പോഴാണെന്ന് അമ്മയ്ക്ക് മനസ്സിലായത് ഈയിടെയാണ്. എന്താണ് സരസ്വതിയുടെ നടുവേദനയ്ക്ക് കാരണം?

മാനസികമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സ്ത്രീകളിലാണ് നടുവേദന കൂടുതലായി കണ്ടുവരുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ഡിപ്രഷൻ, ഭയം, ലൈംഗിക താൽപര്യമില്ലായ്മ എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങളാണ് ഇത്തരക്കാർ നേരിടുന്നത്. പ്രത്യേകിച്ചും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ള സ്ത്രീകളിലാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഈ വക ലക്ഷണങ്ങൾ കണ്ടുവരുന്നത്.

നടുവേദനക്കായി നടത്തുന്ന ലാപ്രോസ്കോപിക് പരിശേധനയിലൂടെ രോഗി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെങ്കിലും ലൈംഗിക ചൂഷണവും നടുവേദനയും തമ്മിൽ ഏതെങ്കിലും ബന്ധമുണ്ടോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

ഈയവസ്ഥയിൽ രോഗിയിൽ ഏതെങ്കിലും വിധത്തിലുള്ള ശാരീരിക മാറ്റങ്ങളോ മറ്റ് ലക്ഷണങ്ങളോ കണ്ടെന്ന് വരില്ല. അതുകൊണ്ട് ഈ കാരണങ്ങൾ വച്ച് ഒരു നിഗമനത്തിലെത്തുക പ്രയാസകരമായിരിക്കും.

അടിക്കടിയുണ്ടാകുന്ന നടുവേദനയും അടിവയറ്റിലെ വേദനയും മൂലമാണ് പതിനേഴുകാരിയായ രമ്യ ഡോക്ടറെ സമീപിച്ചത്. പ്രശ്നങ്ങൾ മുഴുവൻ കേട്ട ശേഷം നടത്തിയ വൈദ്യപരിശോധനയിൽ രമ്യയിൽ യാതൊരുവിധത്തിലുള്ള ആന്തരിക രോഗമോ ലക്ഷണമോ കണ്ടെത്താനായില്ല. മാസമുറ അടുക്കുമ്പോഴാണ് ഈ പ്രശ്നം രൂക്ഷമാകുന്നത് അതിനാൽ ഡോക്ടർ ചില പ്രത്യേക പരിശോധനകൾ നിർദേശിച്ചു. എന്നിട്ടും ശരിയായ രോഗ കാരണം കണ്ടുപിടിക്കാനായില്ല. തുടർന്ന് രമ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഓപ്പറേഷന് ശേഷം കുറച്ച് മാസം വരെ രമ്യക്ക് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനുശേഷം വീണ്ടും പഴയതുപോലെ വേദന തുടങ്ങി.

വിവിധ ആശുപത്രികളിലെത്തുന്ന രോഗികളിൽ 10 ശതമാനം പേർ നടുവേദനയുമായി വരുന്നവരാണ്. വളരെക്കാലമായി നടുവേദന അനുഭവിക്കുന്നവരാണ് അവരിൽ ഏറെപ്പേരും. ഇത്തരം രോഗികളിൽ വിശദമായ പരിശോധനകൾ നടത്തിയാലും യഥാർത്ഥ കാരണം കണ്ടെത്താനായെന്ന് വരില്ല. ഇതു തന്നെയായിരുന്നു രമ്യയുടെ അവസ്ഥയും. പ്രാരംഭഘട്ടത്തിലെ പരിശോധനയിൽ രോഗികളിൽ ലൈംഗിക ചൂഷണം നടന്നതിന്‍റെ യാതൊരു സൂചനയും ലഭിച്ചെന്നു വരില്ല. നടുവേദനയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളെപറ്റി ചോദിച്ചപ്പോഴാണ് മുമ്പെങ്ങോ കാമുകൻ ശാരീരികമായി പീഡിപ്പിച്ച കാര്യം ചികിത്സകന് മനസ്സിലാക്കാൻ കഴിഞ്ഞത്.

ലൈംഗിക ചൂഷണം എന്തുകൊണ്ട് നടുവേദനക്ക് കാരണമാകുന്നുവെന്ന ചോദ്യം ഇവിടെ ഉയരാം. നടുവേദന ഒരു ശാരീരികരോഗമായി വ്യാഖ്യാനിക്കാനാകില്ല. കാരണം നടുവേദന അനുഭവിക്കുന്നവരിൽ മാനസിക പിരിമുറിക്കം, വിഷാദം എന്നിവയല്ലാതെ മറ്റ് യാതൊരു അസ്വസ്ഥതകളും കണ്ടെത്തെനായെന്ന് വരില്ല. മാനസികവും വൈകാരികവുമായ ഈ പ്രശ്നം തുടർന്ന് ഏതെങ്കിലും രോഗമായി രൂപാന്തരം പ്രാപിക്കാം. ഈ സ്ഥിതിയിൽ രോഗിയെ സമഗ്രമായ പരിശോധനക്ക് വിധേയമാക്കാതെ രോഗം തിരിച്ചറിയാനാകില്ല.

രോഗം തിരിച്ചറിയുക

അടിവയറ്റിലും നടുവിനുമുണ്ടാകുന്ന വേദനയും ലക്ഷണങ്ങളും തിരിച്ചറിയുകയെന്നുള്ളത് സങ്കീർണ്ണമായ കാര്യമാണ്. ലക്ഷണങ്ങളും കാരണങ്ങളും കണ്ടെത്താൻ പല തരത്തിലുള്ള പരിശോധനകൾക്ക് രോഗിയെ വിധേയമാക്കേണ്ടി വരും. നിശ്ചിത രോഗം തിരിച്ചറിയുന്നതോടെ ചികിത്സകന്‍റെ ജോലി എളുപ്പമാകുന്നു.

നടുവ്, അടിവയർ എന്നീ ഭാഗങ്ങളിൽ വേദന അനുഭവിക്കുന്ന സ്ത്രീകളിൽ വിഷാദം, ഭയം, സെക്സിനോട് താൽപര്യമില്ലായമ, മനശാസ്ത്രപരമായ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഇവയിൽ സെക്സിനോടുള്ള താൽപര്യമില്ലായ്മയാണ് മുഖ്യം. നടുവേദന അനുഭവിക്കുന്ന മിക്ക സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകാം.

എന്നാൽ ലൈംഗിക ചൂഷണത്തെ തുടർന്നുണ്ടാകുന്ന ക്രോണിക് പെൽവിക് പെയിനിന്‍റെ (നടുവേദന) ശാരീരിക ലക്ഷണങ്ങൾ പൂർണ്ണമായും മനസ്സിലാക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞെന്ന് വരില്ല. വൈകാരികവും മാനസികവുമായ വിഷാദം ക്രമേണ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകും. പല രോഗികൾക്കും മനസ്സിലുള്ള വിഷമതകൾ പ്രകടിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല.

വിശദമായ പിരശോധന

മാസങ്ങളായി നടുവേദന അനുഭവിക്കുന്ന സ്ത്രീകളോട് അവയോട് അനുബന്ധിച്ചുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും ചികിത്സകൻ ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നടുവേദനക്ക് മാസമുറയുമായി എന്തെങ്കിലും ബന്ധമുണ്ടോ? നടുവേദയുടെ സ്വഭാവമെന്ത്? ഏതൊക്കെ സാഹചര്യങ്ങളിലാണ് വേദന കൂടുന്നത്? രോഗനിർണ്ണയം നടത്തുന്നതിന് മുമ്പായി ശാരീരിക പരിശോധനക്ക് പുറമേ രോഗിയുടെ കുടുംബപരവും സാമൂഹികവും മാനസികവുമായ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മാനസിക പിരിമുറുക്കവുമായി നടുവേദനയെ ബന്ധിപ്പിക്കാനാകാത്തതുകൊണ്ട് ഒരുപക്ഷേ ലൈംഗിക ചൂഷണത്തെക്കുറിച്ച് രോഗി തന്നെ ചികിത്സകന്‍റെ ശ്രദ്ധ്യിൽപ്പെടുത്തിയെന്നും വരാം. നടുവേദനയ്ക്ക് ലൈംഗിക ചൂഷണവുമായി ബന്ധമുണ്ടെന്നോ അതിന്‍റെ ഫലമായിട്ടാണ് മാനസിക പിരിമുറിക്കം ഉണ്ടാകുന്നതെന്നോ രോഗി തിരിച്ചറിഞ്ഞെന്ന് വരില്ല.

സ്വകാര്യ പ്രശ്നങ്ങൾ

ലൈംഗിക ചൂഷണം ശല്യപ്പെടുത്തൽ, ബലാത്കാരം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ രോഗിക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകാം. അതുകൊണ്ട് ഇത്തരം വിഷയങ്ങളെക്കുറിച്ച് രോഗിയോട് ചോദിച്ച് മനസ്സിലാക്കുമ്പോൾ ചികിത്സകന് ബുദ്ധിപരവും നയപരവുമായ സമീപനം സ്വീകരിക്കണ്ടി വരാം. രോഗിയെ മാനസികമായി വേദനിപ്പിക്കുന്ന തരത്തിലുള്ള സമീപനമരുത്. അതുകൊണ്ട് തികച്ചും സ്വകാര്യമായ ഇത്തരം വിഷമതകൾ അറിയാൻ വളരെ ലളിതവും സ്വാഭാവികവുമായ സമീപനമാകണം ചികിത്സകൻ സ്വീകരിക്കേണ്ടത്. അതിന് രോഗിയുടെ വിശ്വാസമർജ്ജിക്കണം.

തുടക്കത്തിൽ ഇത്തരം പ്രശ്നങ്ങൾ രോഗി തുറന്ന് പറഞ്ഞെന്നു വരില്ല. എന്നാൽ ചുരുക്കം ചിലർ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തിയന്നും വരാം.

പ്രതിവിധി

നടുവേദനക്ക് കാരണം ലൈംഗിക ചൂഷണമാണോയെന്ന കാര്യം ചികിത്സകൻ പരിശോധിച്ചറിയേണ്ടതുണ്ട്. രോഗത്തിൽ നിന്ന് അനായാസം മോചനം നേടാൻ അത്തരം കാര്യങ്ങൾ ചികിത്സകനോട് തുറന്ന് പറയാൻ രോഗിയും തയ്യാറാകണം. അങ്ങനെ രോഗം നിർണ്ണയിച്ച് കഴിഞ്ഞാൽ ഫലവത്തായ ചികിത്സ തുടങ്ങാം.

ചെലവേറിയതും സുദീർഘവുമായ പരിശോധനകൾ നടത്തുന്നത് അതുവഴി ഒഴിവാക്കാനും കഴിയും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें