വരകളുടെയും നിറങ്ങളുടെയും കളിക്കൂട്ടുകാരി ആര്യ സലിം ഇന്ന് സിനിമയിൽ ശ്രദ്ധേയയായ താരമാണ്. ചിത്രകലയിൽ ബിരുദവും ബിരുദാനന്ത ബിരുദവും ഭരതനാട്യത്തിൽ ബിരുദവുമുള്ള ആര്യ സിനിമയിൽ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

തൃശിവപ്പേരൂർ ക്ലിപ്തം എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലൂടെയായിരുന്നു തുടക്കമെങ്കിലും ഇ.മ.യൗ വിലെ സബേത്ത് എന്ന കഥാപാത്രമാണ് വഴിത്തിരിവായത്.

യാദൃശ്ചികമായി സിനിമയിലെത്തി തന്‍റെ അഭിനയസിദ്ധി കാഴ്ച വച്ച ആര്യ സലിം തന്‍റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

സിനിമ എൻട്രി എങ്ങനെ?

“തൃശിവപ്പേരൂർ ക്ലിപ്തത്തിന്‍റെ ഡയറക്ടറായ രതീഷ് സാറുമായുള്ള പരിചയമാണ് എന്നെ സിനിമയിലെത്തിച്ചത്.

തൃപ്പൂണിത്തുറ ആർഎൽവിയിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ രതീഷ് സാർ യൂത്ത് ഫെസ്റ്റിവലുകൾക്കായി ഞങ്ങളെ നാടകവും സ്കിറ്റും പഠിപ്പിക്കുമായിരുന്നു. അങ്ങനെ ഞങ്ങളുടെ നാടകത്തിനും സ്കിറ്റിനുമൊക്കെ എംജി സൗത്ത് സോണിലും നാഷണൽ ലെവലിലുമൊക്കെ സെക്കന്‍റ് കിട്ടിയിരുന്നു. രതീഷ് സാറുമായുള്ള പരിചയമാണ് സിനിമയിൽ എത്തിച്ചത്. അതിൽ കഷ്ടിച്ച് ഒരു മിനിറ്റ് മാത്രം വന്നു പോകുന്ന വളരെ ചെറിയൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതായിരുന്നു സിനിമയിലെ എന്‍റെ തുടക്കം.

ഇ.മ.യൗ വിലെ സബേത്തിനെ പൂർണ്ണതയിൽ എത്തിച്ചതെങ്ങനെയാണ്?

തൃശിവപ്പേരൂർ കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷം ചെയ്‌ത എന്‍റെ രണ്ടാമത്തെ സിനിമയാണ് ഇ.മ.യൗ. അതും ഒരു യാദൃശ്ചികതയായിരുന്നു. ഒരു ദിവസം നടൻ ചെമ്പൻ വിനോദ് ഫോണിൽ വിളിച്ച് ഇ.മ.യൗ ന്‍റെ ഓഡിഷന് വരാൻ പറഞ്ഞു. സ്ക്രിപ്റ്റ് കേട്ടപ്പോൾ ഞാനാകെ അമ്പരന്നു പോയി. ഒരു ശവ സംസ്ക്കാരച്ചടങ്ങിലൂടെ മാത്രം കഥ പറഞ്ഞു പോകുന്ന മനോഹരമായ സിനിമ. ഇ.മ.യൗ പോലെയുള്ള സിനിമയിൽ അഭിനയിക്കുകയെന്നത് ത്രില്ലിംഗ് ആയ അനുഭവമായിരുന്നു. നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നതും ഭാഗ്യമാണ്. എന്നാലും ഡയലോഗ് പ്രസന്‍റേഷൻ ഇത്തിരി പാടായിരുന്നു. സഹനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പൗളി ചേച്ചിയാണ് ആ സ്ലാംഗ് എന്നെ പഠിപ്പിച്ചത്. പിന്നെ ലിജോ സാർ, വിനായകൻ തുടങ്ങിയെല്ലാവരും എന്നെ പിന്തുണച്ചു.

ഇ.മ.യൗ കണ്ടപ്പോൾ എന്തു തോന്നി?

സിനിമ പ്രിവ്യു അത്ര എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ സിനിമ തീയറ്ററിൽ കണ്ടപ്പോൾ കുറച്ചു കൂടി ഇംപ്രൂവ് ചെയ്യാമായിരുന്നുവെന്ന് തോന്നി. വിനായകൻ, ദിലീഷ് പോത്തൻ എന്നിവരുടെ പെർഫോമൻസൊക്കെ കണ്ടപ്പോൾ ശരിക്കും അന്തംവിട്ടു പോയി.

ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ

ക്യാമറയെ ഫേസ് ചെയ്യുന്നതിന്‍റെ ടെൻഷനുണ്ടായിരുന്നു. പിന്നെ ലിജോ സാറിന്‍റെ മോട്ടിവേഷനും മൊത്തം ക്രൂവിന്‍റെ പിന്തുണയുമൊക്കെ ഉണ്ടായിരുന്നതു കൊണ്ട് ടെൻഷൻ മറികടന്നു.

ഇ.മ.യൗ വിലെ സബേത്താകാനുള്ള തയ്യാറെടുപ്പുകൾ

പ്രത്യേകിച്ചൊന്നുമില്ലായിരുന്നു. പുരികം ത്രഡ് ചെയ്യരുത്, ഫേഷ്യൽ ചെയ്യരുത് എന്നൊക്കെ ഡയറക്ടർ നേരത്തെ പറഞ്ഞിരുന്നു. മേക്കപ്പൊന്നുമില്ലാത്ത കഥാപാത്രമായിരുന്നു.

വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു?

ഇ.മ.യൗ വിലേക്ക് അവസരം കിട്ടിയപ്പോൾ ഭർത്താവാണ് നീ ചെയ്യണമെന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചത്. ഞങ്ങളുടെ രണ്ട് വീട്ടുകാർക്കും സിനിമാ ഫീൽഡിലേക്ക് പോകുന്നതിൽ പേടിയുണ്ടായിരുന്നു. പിന്നെ എനിക്ക് രതീഷ് സാറിനെ 10 വർഷമായി അറിയാം. വീട്ടുകാർക്കും സാറിനെ അറിയാം. അങ്ങനെയാണ് സിനിമയിൽ വരുന്നത്. ഇ.മ.യൗ ഷൂട്ടിംഗൊക്കെ രാത്രിയിലായിരുന്നു. ഞാൻ ഹസ്ബന്‍റിനേയും മോളേയും കൂട്ടിയാണ് സെറ്റിൽ പോയിരുന്നത്. ചിത്രത്തിൽ എന്‍റെ അമ്മായിയമ്മയായി അഭിനയിക്കുന്ന പൗളിചേച്ചിയുമായി ഭയങ്കര കൂട്ടായി. അതുപോലെ എന്‍റെ നാത്തൂനായി അഭിനയിച്ച കുട്ടിയും എന്‍റെ നല്ല കൂട്ടുകാരിയാണ്.

സിനിമയും ചിത്രകലയും ഒന്നിച്ചു പോകുമോ?

രണ്ടും ഒരുപോലെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. സമയം കിട്ടുന്ന തനുസരിച്ച് ചിത്രകലയിൽ കൂടുതൽ സജീവമാകണം.

പ്രണയ വിവാഹം…

പ്രണയ വിവാഹമായിരുന്നു. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് എപ്പോഴോ പരസ്പരം ഇഷ്‌ടമായി. ആ ഇഷ്‌ടം കൂടി കൂടി വന്നു. രണ്ടുപേരും ഒരേ ഫീൽഡിലുള്ളവർ. പ്രജീഷ് സ്കൾപ്ച്ചർ ആണ് ചെയ്‌തിരുന്നത്. എന്‍റെ വിഷയം പെയിന്‍റിംഗും. രണ്ടുപേർക്കും പരസ്പരം നല്ലവണ്ണം അറിയാം. ഒരു മോളുണ്ട്, ഋത്വിക. പ്രജീഷ് കൊച്ചിയിൽ ഒരു ആഡ് ഏജൻസിയിൽ ക്രിയേറ്റീവ് ഡയറക്ടറാണ്.പിന്നെ ഫ്രഞ്ച് വിപ്ലവമാണ് റിലീസായത്.

സിനിമ കണ്ടപ്പോൾ വീട്ടിൽ നിന്നുണ്ടായ പ്രതികരണം?

സിനിമയുടെ പ്രിവ്യു കണ്ടപ്പോൾ എന്നെപ്പോലെ തന്നെയായിരുന്നു പ്രജീഷിനും അത്രയിഷ്ടമായില്ല. പിന്നീട് തീയറ്ററിൽ പോയി പടം കണ്ടപ്പോഴാണ് ശരിയായി ആസ്വദിക്കാനായത്. “പൊളിച്ചു” എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു.

പക്ഷേ പടം കണ്ടപ്പോൾ അച്‌ഛനാകെ ടെൻഷനായി പോയി. അച്‌ഛന് പൊതുവെ സങ്കടം സഹിക്കാനാവാത്തയാളാണ്. സിനിമയിലെ എന്‍റെ കരച്ചിലും രംഗങ്ങളും കണ്ടപ്പോൾ അച്ചന് ശരിക്കും സങ്കടം വന്നു. എന്‍റെ അമ്മയ്ക്കും അനിയത്തിക്കും സിനിമ ഒരുപാടിഷ്ടപ്പെട്ടു. സത്യത്തിൽ എല്ലാതരം പ്രേക്ഷകർക്കും സിനിമ ഇഷ്ടമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ എന്‍റെ കസിൻ ബ്രദേഴ്സിനൊക്കെ ഇഷ്ടമായി. 10-ാം ക്ലാസ് കഴിഞ്ഞവർക്കാണ് സിനിമ ഏറെയിഷ്ടപ്പെട്ടത്. അതാണ് അദ്ഭുതപ്പെടുത്തിയ കാര്യം. സിനിമയിൽ എന്‍റെ കരച്ചിൽ കണ്ടിട്ട് സന്തോഷിച്ച ഒരേ ഒരാൾ എന്‍റെ മോളാണ്. അമ്മയ്ക്ക് അങ്ങനെ തന്നെ വേണം എന്നായിരുന്നു അവളുടെ കമന്‍റ്!

പെയിന്‍റിംഗിലെ പരീക്ഷണങ്ങൾ പറയാമോ?

പോപ് ആർട്ട് സ്റ്റൈലിലുള്ള പെയിന്‍റിംഗിനോടാണ് ഇഷ്ടം. അമേരിക്കൻ ചിത്രകാരനായ ആൻഡി വറോളിന്‍റെ സ്ക്രീൻ പ്രിന്‍റിംഗ് ശൈലി ഇഷ്‌ടമാണ്. ചിത്രരചനയിൽ അദ്ദേഹം സ്വീകരിക്കുന്ന കാഴ്ചപ്പാടും ആശയങ്ങളുമൊക്കെ എനിക്കിഷ്മാണ്. എന്‍റെയൊരു കസിൻ ബ്രദർ പറഞ്ഞാണ് ആന്‍റി വറോളിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ബിഎഫ്എ സെക്കന്‍റ് ഇയറിന് പഠിക്കുമ്പോൾ പ്രശസ്ത ചിത്രകാരൻ വാൻഗോഗിനോടായിരുന്നു താൽപര്യം.

അടുത്ത പ്രൊജക്ടുകൾ….

തമാശയിൽ ഒരു ഊമയുടെ കഥാപാത്രമായിരുന്നു. അത് റിലീസായി അത് കഴിഞ്ഞ് ശ്യാമപ്രസാദ് സാറിന്‍റെ കാസിമിന്‍റെ കഥകൾ എന്ന ചിത്രത്തിൽ ഒരു ലീഡ് റോളാണ് ചെയ്‌തത്. അതിലെ പ്രധാന കഥാപാത്രമായ കാസിമിന്‍റെ ഉമ്മയുടെ റോളിലാണ് ഞാൻ. തമിഴ് നടൻ ഹരീഷ് ഉത്തമനാണ് അച്‌ഛൻ റോളിൽ.

പടം റിലീസിംഗിനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചാൽ എന്ന സിനിമയാണ് മറ്റൊന്ന് അതിൽ ഷൈൻ ടോം ചാക്കേവിന്‍റെ ഭാര്യാ കഥാപാത്രമായാണ് വരുന്നത്. ടോവിനോ നായകനാകുന്ന മിന്നൽ മുരളി എന്ന ചിത്രത്തിൽ അജു വർഗീസിന്‍റെ ഭാര്യയായിട്ട് അഭിനയിച്ചിട്ടുണ്ട്. അതിൽ ഒരു തഗ് വൈഫ് ആയിട്ടാണ്.

arya salim

ചെയ്യാനിഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ?

എല്ലാതരം കഥാപാത്രങ്ങളും ട്രൈ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം. ഒന്നിൽ മാത്രം കാറ്റഗറൈസ് ചെയ്യുന്നതിനോട് ആഗ്രഹമില്ല. ഇ.മ.ഔ വിൽ എല്ലാ ഇമോഷൻസും പ്രകടിപ്പിക്കുന്ന കഥാപാത്രമായിരുന്നു എന്‍റേത്. ഇനിയുള്ളത് ആർക്കറിയാം എന്ന സിനിമയും. നിത്യമേനോൻ, വിജയ് സേതുപതി ചിത്രമായ 19 (1) (A) ൽ ഒരു റിപ്പോർട്ടറിന്‍റെ വേഷത്തിലാണ് എത്തുന്നത്. അത് നല്ലൊരു കഥാപാത്രമാണ്. ഇന്ദു വി എസ് എന്ന നവാഗത സംവിധായികയാണ് ഈ സിനിമ ചെയ്യുന്നത്. സിനിമയുടെ എല്ലാ സൂക്ഷ്മ വശങ്ങളും ശ്രദ്ധിക്കുകയും വ്യക്‌തമായ കാഴ്ചപ്പാടുമുള്ള സംവിധായികയാണ് ഇന്ദു വി.എസ്. മറ്റൊരു ചിത്രം ഭീമന്‍റെ വഴിയിലൊരു കുട്ടിയാണ്.

ചിത്രരചനയിലും നൃത്തത്തിലും സജീവമാണോ?

വലിയ ക്യാൻവാസിൽ ചിത്രരചന നടത്താൻ സമയം കിട്ടാറില്ല. അതിനൊരു പ്രത്യേക മൂഡ് വേണമല്ലോ. സിനിമ ലൊക്കേഷനിൽ പോകുമ്പോൾ സ്കെച്ച് ബുക്ക് കൊണ്ടു പോകാറുണ്ട്. കിട്ടുന്ന സമയത്ത് എന്തെങ്കിലും കുഞ്ഞ് പെയ്ന്‍റിംഗ് ചെയ്യും. കാസിമിന്‍റെ ചിത്രീകരണവേളയിൽ അങ്ങനെ കുറച്ച് സമയം കിട്ടിയിരുന്നു.

പിന്നെ ഡാൻസിന്‍റെ കാര്യമാണെങ്കിൽ ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ഡാൻസ് ക്ലാസ് എടുത്തിരുന്നു. ഇടവേളകളിൽ നൃത്താഭ്യാസം തുടരുന്നുണ്ട്. യാത്രകൾ പോകാറുണ്ട്. അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണല്ലോ.

സിനിമയിൽ ഇഷ്ടതാരങ്ങൾ ആരൊക്കെയാണ്?

അത് ഒരുപാടുണ്ട്. ഫഹദ് ഫാസിലിന്‍റെ അഭിയന രീതി ശ്രദ്ധിച്ചിട്ടുണ്ട്. റോഷൻ, സൗബിൻ, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ്, വിനായകൻ എന്നിവരെയെല്ലാം ഒരുപാടിഷ്ടമാണ്. ഫീമെയിൽ ആർട്ടിസ്റ്റുകളിൽ പാർവതി തിരുവോത്ത്, കനി കുസൃതി, ഗ്രേസ് ആന്‍റണിയൊക്കെ ഫേവറൈറ്റ് താരങ്ങളാണ്. കനിയെ സിനിമയിലും അല്ലാതെയും നല്ല പരിചയമുണ്ട്. ഗ്രേസിനെയും അടുത്ത പരിചയമുണ്ട്. ഹ്യൂമർ ചെയ്യാൻ പ്രത്യേക കഴിവുള്ള നടിയാണ് ഗ്രേസ്.

और कहानियां पढ़ने के लिए क्लिक करें...