സൗഹൃദ ചിരികളെ മുഖാവരണമിട്ട് മൂടിയും ഹസ്തദാനത്തെ പേടിച്ചും ആവർത്തിച്ചു കൈകൾ അണു വിമുക്തമാക്കിയും കഴിയുന്നത്ര അകന്നു നിന്നും രോഗാണുവിനോടുള്ള ചെറുത്തുനിൽപ്പ് തുടങ്ങിയിട്ടിപ്പോൾ വർഷം ഒന്ന് കടന്നു പോയിരിക്കുന്നു..!!
സഞ്ചാര സ്വാതന്ത്ര്യം പരിമിതം.. യാന്ത്രികത മനസ്സിനെ തളർത്തുന്നുവോ എന്ന് തോന്നിത്തുടങ്ങുമ്പോൾ വിവേകം മന്ത്രിക്കും..
“ഇല്ല… ഈ കാലവും കടന്നു പോകും… പിന്നെ ഈ നിയന്ത്രണങ്ങൾക്കെല്ലാം ഇടയിൽ, മുൻപ് സന്ദർശിച്ച പ്രിയപ്പെട്ട ഇടങ്ങളുടെ ദൃശ്യങ്ങൾ ഓർമ്മയുടെ വീഥികളിലൂടെ യാത്രയാരംഭിക്കും…!! അത്തരം ഒരു യാത്രയുടെ പാതയിലേക്ക് ഓർമ്മത്തേരിലേറി ഒരിക്കൽകൂടി… മേഘാലയയിലെ ഷില്ലോങ്ങിലേക്ക്..
നേരം പുലർന്നേ ഉണ്ടായിരുന്നുള്ളു..
തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. .
ഇളം പച്ചയും കടും പച്ചയുമണിഞ്ഞ പ്രകൃതി, മഞ്ഞുമണികൾ കോർത്ത നീഹാരഹാരവും പല നിറത്തിലുള്ള സുഗന്ധപുഷ്പങ്ങളുമണിഞ്ഞ് ഒരുങ്ങി നിന്നു..!! മാത്രമോ!
കലപില കൂട്ടുന്ന മുളങ്കൂട്ടങ്ങളും പലവിധ പക്ഷികളുടെ കൂജനങ്ങളും അതിലുപരി എവിടെനിന്നോ ഒഴുകി വന്ന ഓടക്കുഴൽ നാദവും ഒത്തുചേർന്ന് ആ പുലരി ഏറെ ഉല്ലാസഭരിതവുമായിരുന്നു!
വഴിയോരക്കാഴ്ചകൾ കണ്ടുകണ്ട് മുന്നോട്ട് നീങ്ങവേ ചിന്തയിലേക്ക് കടന്നുവന്ന ഒരു ഗാനശകലം യാത്രയിലുടനീളം മനസ്സ് ഏറ്റു പാടിക്കൊണ്ടിരുന്നു… ഒരു പാശ്ചാത്തല സംഗീതമെന്നോണം..!!
മഴമേഘക്കൂടാരത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ… മേഘാലയയിലെ ഷില്ലോങ്ങിലേക്ക് !!! ഗോഹാട്ടിയിൽ നിന്നും വെറും 100 കിലോമീറ്ററുകളോളമേ ഷില്ലോങിലേക്കുള്ളു. അതിനാൽത്തന്നെ ഡ്രൈവ് ചെയ്തു പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു..
ഗോഹാട്ടിയിൽ എത്തിയിട്ട് അധികനാളുകളൊന്നും ആയിട്ടില്ല അന്ന്. ഡൽഹിയിൽ നിന്നും പുറപ്പെടുമ്പോഴേ ഏറെ കേട്ടിരുന്നു നോർത്ത് ഈസ്റ്റിന്‍റെ പ്രകൃതി ഭംഗിയെ കുറിച്ചും അവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഷില്ലോങ്ങിനെപ്പറ്റിയുമൊക്കെ. കഴിയുന്നത്ര സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് അപ്പോഴേ തീരുമാനിച്ചിരുന്നു. എങ്കിലും ഷില്ലോങ്ങിലേക്കുള്ള ആ യാത്ര പൊടുന്നനെ പ്ലാൻ ചെയ്ത ഒന്നായിരുന്നു.
വഴിയോരത്തു ഞങ്ങളെ കാത്തു നിന്ന ഓരോ കാഴ്ചകളും ഡ്രൈവ് ചെയ്തു പോകാം എന്ന ഞങ്ങളുടെ തീരുമാനം വളരെ നന്നായി എന്ന തോന്നൽ ഊട്ടി ഉറപ്പിച്ചുകൊണ്ടേ ഇരുന്നു.!!
അവിസ്മരണീയം, സുന്ദരം തുടങ്ങിയ എല്ലാ വാക്കുകളും ഉപയോഗിക്കേണ്ടി വരും ആ യാത്രയെക്കുറിച്ചു പറയാൻ.. അത്രയ്ക്ക് മനസ്സ് നിറഞ്ഞ ഒന്നായിരുന്നു ആ യാത്ര !!
പല വ്യൂ പോയിന്‍റുകളിലും വാഹനം നിർത്തി കാഴ്ചകൾ കണ്ട് ഞങ്ങൾ യാത്ര തുടർന്നു… അവിടെയൊക്കെയും ഞങ്ങളെപ്പോലെത്തന്നെ ആ കാഴ്ചകളെ ഒപ്പിയെടുത്തുകൊണ്ട് വേറെയും യാത്രികർ ഉണ്ടായിരുന്നു. ഇടയ്ക്ക് വഴിയരികിൽ കണ്ട ഒരു തടാകം ഞങ്ങളെ ഏറെ ആകർഷിച്ചു. സൗന്ദര്യത്തിന്‍റെ ചായക്കൂട്ടുകൾ മുഴുവൻ അവിടെ തട്ടി മറിഞ്ഞപോലെ ഉണ്ടായിരുന്നു ആ കാഴ്ച..!
തടാകതീരത്തിന് വെള്ളയും മണ്ണിൻ നിറവും കലർന്ന പാറക്കൂട്ടങ്ങൾ അതിരിട്ടു. സഫയർ ഗ്രീൻ നിറത്തിലുള്ള തടാകത്തിലെ ജലവും ചുറ്റും വളർന്നു നിന്ന ഇളം പച്ചയും കടും പച്ചയും കരി നീലവുമാർന്ന വൃക്ഷലതാദികളും അവയിൽ വളർന്നു നിന്ന പല വർണ്ണങ്ങളിലുള്ള പൂക്കളും എല്ലാം കലർത്തി പ്രകൃതി ഒരുക്കിയ ഒരു വർണ്ണ വിരുന്നു പോലെ ഒരു കാഴ്ച. ..!!
പ്രസിദ്ധമായ ഉമിയം തടാകമായിരുന്നു അത്.. ബാരാപാനി തടാകം എന്നും ഈ തടാകം അറിയപ്പെടുന്നു. ധാരാളം ജൈവവ്യവസ്ഥാ ആവാസകേന്ദ്രങ്ങളുള്ള ഈ തടാകം ഉമിയം നദിക്കു കുറുകെ ഡാം പണിഞ്ഞാണ് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതോത്പാദനത്തിനു പുറമെ ജലസേചനം, മത്സ്യബന്ധനം, കുടിവെള്ളം തുടങ്ങിയ പ്രാദേശിക ആവശ്യങ്ങൾക്കും ഈ ജലസംഭരണിയിലെ ജലം ഉപയോഗിച്ചു പോരുന്നു.
മേഘാലയ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ തടാകം. കാണാൻ ഏറെ മനോഹരമായ ആ തടാകത്തിൽ ബോട്ടിംഗിനും വാട്ടർ സ്പോർട്സിനും മറ്റുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു… ഉയർന്നു നിൽക്കുന്ന റോഡിൽ നിന്നും താഴെയുള്ള തടാകം നോക്കി കുറെ നേരം ഞങ്ങൾ ചിലവഴിച്ചു. വർണ്ണങ്ങളുടെ ആ വസന്തോത്സവം മനസ്സിനെ അത്രക്കാകര്ഷിച്ചിരുന്നു. ആളുകൾ നിറയെ ഇറങ്ങുന്ന സ്ഥലമായതുകൊണ്ടു തന്നെ ചാറ്റുകളും ഉപ്പിലിട്ടതുകളും ഐസ്ക്രീമും ഒക്കെയായി അവിടെയും ചെറിയ കച്ചവടം നടക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് തന്നെ തിരിച്ചു പോരണം എന്നതിനാൽ അധിക നേരം അവിടെ ചിലവഴിക്കാതെ ഞങ്ങൾ യാത്ര തുടർന്നു.
വഴിയിലുടനീളമുള്ള മനോഹരമായ കാഴ്ചകൾ ആസ്വദിക്കുമ്പോൾ തന്നെ നിരന്നു നിന്നിരുന്ന കുന്നുകളിൽ നിർബാധം തുടരുന്ന മണ്ണെടുപ്പിന്‍റെയും വന നശീകരണത്തിന്‍റെയും കാഴ്ചകൾ ഏറെ വേദനിപ്പിക്കുകയും ചെയ്തു എന്ന് പറയാതെ വയ്യ. പ്രകൃതി സംരക്ഷണം അത്ര കാര്യമായി ഇവിടുത്തെ ഗവണ്മെന്റും ജനങ്ങളും എടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു… മനസ്സ് മന്ത്രിച്ചു…
വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ട് കാറിലിരിക്കെ പലരിൽ നിന്നും കേട്ടും വായിച്ചും അറിഞ്ഞ മേഘാലയയുടെ പ്രത്യേകതകളായിരുന്നു മനസ്സു നിറയെ. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്നു വരുന്നവർക്ക് മേഘാലയയുടെ പ്രത്യേകതകൾ ഏറെ കൗതുകം ജനിപ്പിക്കുന്ന ഒന്നു തന്നെയാണ്. അതിരാവിലെ തന്നെ ഇവിടെ സൂര്യനുദിക്കും; അതുപോലെ വളരെ നേരത്തെ അസ്തമിക്കുകയും ചെയ്യും. മേഘാലയ എന്ന നാമത്തെ സാധൂകരിക്കാനെന്നോണം ഏതു സമയത്തും ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ മറ്റൊരു പ്രത്യേകതയാണ്. ഏറെ കാലം ഇവിടുത്തെ ചിറാപുഞ്ചിയിലായിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ. ഇപ്പോഴത് ഇവിടെ മേഘാലയയിൽ തന്നെ ഉള്ള മൗസിന്‍റാമിലാണ്.
ഗോത്രവർഗ സമൂഹങ്ങളാണ് മേഘാലയയിൽ അധിവസിക്കുന്നവർ ഏറെയും. ഏറ്റവും വലിയ സമൂഹം ഖാസി വർഗമാണ്. കൂടാതെ ഗാരോ, ഹജോങ്, മട്രിലീനിയൽ, തീവ, പ്നാർ എന്നീ ഗോത്ര സമൂഹങ്ങളും മേഘാലയയിൽ ഉണ്ട്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇവിടെ ഖാസിയും ഗാരോയുമാണ് മറ്റു പ്രധാന ഭാഷകൾ. ഇവ കൂടാതെ അബേങ്, അടോങ്, അകവെ, മാച്ചി ഡുവൽ, ചിബോക്, ചിസക്, ലിന്ഗൻഗാം, രുഗ്, ഗാരോ-ഗഞ്ചിങ്, മെറ്റാബേങ് തുടങ്ങി ഒരുപാട് ഭാഷകൾ സംസാരിക്കുന്ന ഗോത്രങ്ങളും നേപ്പാളി, ബംഗാളി, ആസാമീസ് എന്നീ ഇൻഡോ ആര്യൻ ഭാഷകൾ സംസാരിക്കുന്ന കുടിയേറ്റ സമൂഹങ്ങളും ഇവിടെയുണ്ട്. അറിഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ യാത്രയുടെ ആവേശം കൂട്ടുന്നതായിരുന്നു. ഒപ്പം ഏറെ സുന്ദരമായ വഴിയോര കാഴ്ച്ചകളും, നയനാനന്ദകരമായ ഈ കാഴ്ചകൾ അവസാനിക്കാതിരുന്നെങ്കിൽ… മനസ്സു കൊതിച്ചു.
കാഴ്ചകൾ കണ്ടുകണ്ട് ഏകദേശം ഒരു മണിയോടെ ഞങ്ങൾ ഷില്ലോങ്ങിൽ എത്തിച്ചേർന്നു. ആ സമയത്തും നല്ല തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ഗോഹാട്ടിയിൽ നിന്നും പുറപ്പെടുമ്പോൾ വലിയ തണുപ്പില്ലാതിരുന്നതിനാൽ സ്വെറ്ററുകൾ ഒന്നും കരുതാതിരുന്നത് അബദ്ധമായെന്ന് മനസ്സിലായി. ഏതായാലും പറഞ്ഞിട്ട് കാര്യമില്ലല്ലോ, സമയം കളയാതെ ഒരു റൂം എടുത്ത് ഫ്രഷ് ആയി ഭക്ഷണവും കഴിച്ച് ഞങ്ങൾ കാഴ്ചകൾ കാണാൻ ഇറങ്ങി.
ഒരൊറ്റ യാത്രയിൽ തന്നെ എല്ലാം കണ്ടു തീർക്കുന്ന ശീലം പണ്ടേ ഞങ്ങൾക്കില്ല. അതുകൊണ്ടു തന്നെ വെറും ഒരു ദിവസത്തേക്കുള്ള ഈ ട്രിപ്പിൽ ഷില്ലോങ് പട്ടണത്തിലും അതിനു ചുറ്റും ആയുള്ള കാഴ്ചകൾ കണ്ടാൽ മതിയെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം കൊണ്ട് അതുപോലും കണ്ടു തീർക്കാൻ കഴിയില്ല എന്ന് ഏറെ താമസിയാതെ ഞങ്ങൾക്ക് മനസ്സിലായി. അത്രക്കുണ്ട് കാഴ്ചകളുടെ വൈവിധ്യം.
പുറത്തിറങ്ങിയതും ചുറ്റും കണ്ണോടിച്ചു. ഏറെ സുന്ദരിയാണ് ഷില്ലോങ്. രണ്ടു മണിക്ക് തന്നെ ഒരു അഞ്ചു മണിയുടെ പ്രതീതിയായിരുന്നു!!. നിറയെ ഹോട്ടലുകൾ ഉള്ള ഒരു കൊച്ചു നഗരം… വാസ്തു വിദ്യയുടെ പ്രത്യേകതയും തണുത്ത കാലാവസ്ഥയും വിടർന്ന് നിൽക്കുന്ന പൂക്കളുടെ നിറങ്ങളും എല്ലാം ചേർന്ന് പട്ടണത്തിനു യൂറോപ്യൻ നഗരങ്ങളുടെ ഒരു വിദൂര ഛായ തോന്നിക്കും.. അല്ലെങ്കിലും കിഴക്കിന്‍റെ സ്കോട്‍ലാൻഡ്, അഡോബ് ഓഫ് ക്‌ളൗഡ്‌സ്, തുടങ്ങി പല വിശേഷണങ്ങളുണ്ട് ഒരുമാന്ത്രികനെ പോലെ ഒരേദിവസം തന്നെ മാറിമാറി വരുന്ന കാലാവസ്ഥകളുടെ പ്രദർശനം കാഴ്ച വെക്കുന്ന ഷില്ലോങിന്. !!!
പുറത്തിറങ്ങി നേരെ പോയത് ഷില്ലോങ് ഗോൾഫ് ലിങ്കിനോട് ചേർന്ന മൈതാനത്തേക്കാണ്. സായാഹ്നം ചിലവഴിക്കാനായി ഒരുപാടു പേർ അവിടെ എത്തിച്ചേർന്നിട്ടുണ്ട്. അലസമായ ഏതാനും നിമിഷങ്ങൾ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ നേരെ വാർഡ്‌സ് തടാകത്തിനടുത്തേക്കു പോയി. ഷില്ലോങ് നഗര ഹൃദയത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് വാർഡ്‌സ് തടാകം. നാൻപോളോ എന്നും ഈ തടാകത്തെ വിളിച്ചു വരുന്നു. കുതിരക്കുളമ്പിന്‍റെ ആകൃതിയാണ് ഈ തടാകത്തിന്. ഷില്ലോങ് സന്ദർശിക്കുന്ന മിക്കവാറും എല്ലാവരും തന്നെ വാർഡ്‌സ് തടാകം സന്ദർശിക്കാതിരിക്കാറില്ല.
ബ്രിട്ടീഷ് ഭരണ കാലത്ത് അസം ചീഫ് കമ്മീഷണർ ആയിരുന്ന വില്യം വാർഡ്‌സിന്‍റെ പേരിലാണ് തടാകം അറിയപ്പെടുന്നത്. ഒരു ഖാസി തടവുകാരനാണത്രെ ഈ തടാകം പണിതത്. തടാകത്തിനു ചുറ്റും മനോഹരമായ പാലമുണ്ട്. സമീപത്തു തന്നെ കാണുന്ന വിവിധ സസ്യജാലങ്ങൾ നിറഞ്ഞ സുന്ദരമായ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഏവരെയും ആകർഷിക്കും. കൂടാതെ സന്ദർശകർക്ക് ബോട്ടിംഗിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഞങ്ങളും ഒരു പെഡൽ ബോട്ടിൽ തടാകത്തിലേക്കിറങ്ങി. ഏറെ രസകരമായിരുന്നു ആ അനുഭവം.! അസ്തമയ സൂര്യന്‍റെ പൊൻപ്രഭയിൽ തടാകത്തിനു ചുറ്റുമുള്ള കരിങ്കൽ പാകിയ നടപ്പാതകളും വർണ്ണ വൈവിധ്യം നിറഞ്ഞ പൂച്ചെടികളും ഏറെ മനോഹരമായി കാണപ്പെട്ടു. മിനുട്ടുകൾ കടന്നുപോകെ സൂര്യൻ മറഞ്ഞു തുടങ്ങി. അതോടെ തടാകത്തിനു ചുറ്റും ക്രമീകരിച്ചിരിക്കുന്ന വൈദ്യുത വിളക്കുകൾ തടാകത്തിനു ചുറ്റും പ്രകാശം പരത്തി.. ഒപ്പം ഒഴുകിയെത്തിയ നേർത്ത സംഗീതം മനസ്സുകളെ ആഹ്ലാദഭരിതമാക്കി. വർണ്ണ വിളക്കുകളുടെയും സംഗീതത്തിന്‍റെയും അകമ്പടി തടാക പരിസരത്തെ ഏറെ കമനീയമാക്കി !!!
ഇരുട്ടിനൊപ്പം തണുപ്പും കടുത്തുതുടങ്ങി. സമയം വെറും ആറുമണിയെ ആയിട്ടുള്ളു! ആളുകൾ തടാക പരിസരത്തു നിന്ന് പിൻവാങ്ങി തുടങ്ങിയതോടെ ഞങ്ങളും തടാകക്കരയിൽ നിന്ന് പട്ടണ ഹൃദയത്തിലേക്കു നടന്നു. രസകരമായിരുന്നു ഷില്ലോങ് തെരുവുകളിലൂടെയുള്ള ആ നടത്തം. വൈവിധ്യമാർന്ന ഭക്ഷണ സാധനങ്ങളുടെയും പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും കച്ചവടം തെരുവിൽ പൊടിപൊടിക്കുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നവർ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ്. പട്ടണത്തിൽ എല്ലായിടത്തും കാണുന്ന സ്ത്രീകളുടെ മേൽക്കോയ്മ ഇന്ത്യയിലെ ഇതര ഭാഗത്തുനിന്നു വരുന്നവരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഇവിടുത്തെ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ ജൈൻസെൻ (Jainsen) അണിഞ്ഞ സ്ത്രീകൾ ഞങ്ങൾക്ക് ഒരു കൗതുക കാഴ്ചയായിരുന്നു. കഴുത്തിനു ചുറ്റും ഒരു പ്രത്യേക രീതിയിൽ ചുറ്റിയാണ് ഇത് ധരിക്കുന്നത്. അടിസ്ഥാനപരമായി സിൽക്കുകൊണ്ടാണ് ഇത് നിർമ്മിക്കുന്നതെങ്കിലും എല്ലാ തരം തുണികളിലും ഇതു ലഭ്യമാണ്. ഇത് കൂടാതെ സുലഭമായി കാണുന്നത് പാശ്ചാത്യ രീതിയിൽ വേഷം ധരിച്ചവരെയാണ്. കുറെ നേരം തെരുവോരങ്ങളിൽ കാഴ്ചകൾ കണ്ട് ഞങ്ങൾ ചുറ്റി നടന്നു.ഏറെ കൗതുകമുള്ളതായിരുന്നു വേറിട്ട ഒരു സംസ്കൃതിയുടെ ഭാഗമായ ആ കാഴ്ചകൾ.
തണുപ്പ് കനത്തു തുടങ്ങിയതോടെ അന്നത്തെ ചുറ്റിക്കറങ്ങൽ മതിയാക്കി ഞങ്ങൾ ഹോട്ടലിലേക്കു മടങ്ങി. ഏറെ തണുത്ത കാലാവസ്ഥയും യാത്രയുടെയും അലച്ചിലിന്‍റെയും ക്ഷീണവും എല്ലാം ചേർന്ന് കിടന്നതും ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ഉണർന്നു. അതിനൊക്കെ മുൻപ് പുലർച്ചെ നാലു മണിയോടെ തന്നെ സൂര്യോദയം കഴിഞ്ഞിരുന്നു. വേഗം തന്നെ ഞങ്ങൾ യാത്രക്കു തയ്യാറായി ഇറങ്ങി. പുറത്ത് ഏറെ സുന്ദരമായ ഒരു പ്രഭാതം ഞങ്ങളെ വരവേൽക്കാനെന്നോണം ഒരുങ്ങി നിന്നിരുന്നു. ചെടികളിലെ ഇലകളിൽ പ്രഭാതത്തിലെ മഞ്ഞുതുള്ളികൾ വീണു കിടന്നിരുന്നു. ഉദയസൂര്യന്‍റെ രശ്മികൾ പതിച്ച് ആ മഞ്ഞു തുള്ളികൾ വൈഡൂര്യം പോലെ തിളങ്ങി. ഞങ്ങൾക്ക് പോകേണ്ടത് എലിഫന്‍റ് ഫാൾസിനടുത്തേക്കായിരുന്നു.
വളരെ സാവകാശം വഴിയോരക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ യാത്രയാരംഭിച്ചു. വഴിയോരത്തെങ്ങും തലയുയർത്തി നിൽക്കുന്ന ദേവതാരു വൃക്ഷങ്ങളും പൂക്കൾ നിറഞ്ഞവയും അല്ലാത്തവയുമായ തരുനിരകളും ഞങ്ങൾക്കു കുട പിടിച്ചു. എടുത്തു പറയേണ്ടതു തന്നെയാണ് ഇവിടുത്തെ ഹരിത വൈവിധ്യം. കണ്ണുകളും കാതുകളും മനസ്സും പൂർണ്ണമായും ചുറ്റുവട്ടത്തേക്ക് തുറന്നുവെച്ച് ഞങ്ങളിരുന്നു..
താമസിയാതെ ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തെത്തി. പാര്‍ക്കിംഗ് സ്ഥലത്ത് വണ്ടി നിര്‍ത്തി ഞങ്ങൾ ഇറങ്ങി. കൗതുക വസ്തുക്കളും കരകൗശല വസ്തുക്കളും ചാറ്റുകളും മറ്റും വിൽക്കുന്ന കടകളിൽ ആൾക്കാർ സാധനങ്ങൾ നോക്കി വാങ്ങുന്ന തിരക്കിലാണ്. ടിക്കറ്റ് എടുത്ത് ഞങ്ങൾ വഴുക്കലുള്ള കോണ്‍ക്രീറ്റ് പടികള്‍ ഇറങ്ങിതുടങ്ങി. മൂന്നു തട്ടുകളായി കിടക്കുന്ന വെള്ളച്ചാട്ടമാണിത്. പടികൾ ഇറങ്ങി ഞങ്ങള്‍ ആദ്യത്തെ വെള്ളച്ചാട്ടത്തിന്‍റെ അടുത്തെത്തി.
കാട്ടില്‍, മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരിടത്ത് തട്ടിച്ചിതറിയ മുത്തുമണികളെപ്പോൽ തുള്ളിച്ചാടി ഒഴുകുന്ന ഒരു കുഞ്ഞു വെള്ളച്ചാട്ടമാണത്. മന്ദം വീശിയടിക്കുന്ന തെന്നലിൽ അലിഞ്ഞു ചേർന്ന ജലകണികകൾ പാറിവന്നെന്‍റെ മുഖത്തു തൊട്ടു. ഇളം വെയിലും കുളിർ തെന്നലും പൊട്ടിച്ചിരിക്കുന്ന വെള്ളച്ചാട്ടവുമെല്ലാം ചേർന്ന് സ്വർഗ്ഗീയമായ ഒരന്തരീക്ഷമായിരുന്നു അവിടെ. ആൾക്കാരെല്ലാം ഫോട്ടോസ് എടുക്കുന്നതിന്‍റെ തിരക്കിലാണ്. ഏതാനും ഫോട്ടോസ് ഞങ്ങളും എടുത്തു. അവിടെ സ്ഥാപിച്ച ഒരു ബോർഡിൽ എലിഫന്‍റ് ഫാൾസ്സിനെ കുറിച്ച് ഒരു ലഘു വിവരണം എഴുതി വെച്ചിട്ടുണ്ട്. ഖാസികള്‍ ഈ വെള്ളച്ചാട്ടത്തിനെ ‘കാ ക്ഷൈദ് ലൈ പതെങ്ക് ഖൊഹ്സയു’ (Ka Kshaid Lai Pateng Khohsiew) എന്നാണ് വിളിച്ചിരുന്നത്. മൂന്ന് തട്ടുള്ള വെള്ളച്ചാട്ടം എന്നാണ് അതിനർത്ഥം. പിന്നീട് ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ഇട്ട പേരാണ് എലിഫന്‍റ് ഫാള്‍സ്. വെള്ളച്ചാട്ടത്തിനടുത്ത് ആനയുടെ ആകൃതിയിലുള്ള ഒരു പാറ ഉണ്ടായിരുന്നതാണ് ആ പേര് നല്കാൻ കാരണം. പിന്നീട് ഭൂകമ്പത്തില്‍ ആ പാറ തകര്‍ന്നു പോയെങ്കിലും ഈ സ്ഥലത്തെ ഇന്നും എലിഫന്‍റ് ഫാള്‍സ് എന്ന് വിളിച്ചു പോരുന്നു.
ഒന്നാമത്തെ വെള്ളച്ചാട്ടത്തിനടുത്ത് കുറച്ചു സമയം ചിലവഴിച്ച ശേഷം താഴേക്കുള്ള പടികള്‍ ഇറങ്ങി രണ്ടാമത്തെ വെള്ളച്ചാട്ടം കാണുവാനായി പോയി. ഒന്നാമത്തെ വെള്ളച്ചാട്ടത്തെ പോലെ തന്നെ കറുത്ത പാറക്കെട്ടുകളിലൂടെ ചിരിച്ചുകൊണ്ടൊഴുകുന്ന രണ്ടാമത്തെ വെള്ളച്ചാട്ടവും മരങ്ങളാല്‍ ചുറ്റപ്പെട്ടുകിടന്നു. വീണ്ടും കുറച്ചു ദൂരം താഴേക്ക് പടികള്‍ ഇറങ്ങി മൂന്നാമത്തേതും അവിടത്തെ അവസാനത്തേതുമായ വെള്ളച്ചാട്ടം കണ്ടു. ഈ വെള്ളച്ചാട്ടത്തിന് കുറുകെയായി ഒരു പാലം പണിതിട്ടുണ്ട്. ആ പാലത്തിൽ നിന്നാൽ അതില്‍ നിന്ന് രണ്ടാമത്തെ വെള്ളച്ചാട്ടവും മൂന്നാമത്തെ വെള്ളച്ചാട്ടത്തിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ചയും കാണാന്‍ സാധിക്കും. അതി മനോഹരമായിരുന്നു ആ കാഴ്ച…
മൂന്നാമത്തെ വെള്ളച്ചാട്ടവും കഴിഞ്ഞശേഷം ആ കാട്ടരുവി രണ്ടു കൈവഴികളായി പിരിഞ്ഞാണ് ഒഴുകുന്നത്. ഒരുപാട് നേരം ആ കാഴ്ച കണ്ടും ആ കുളിർമ ആസ്വദിച്ചും ഞങ്ങൾ അവിടെ ചിലവഴിച്ചു. സമയക്കുറവു മൂലം പിന്നീട് മനസ്സില്ലാമനസ്സോടെ പടികൾ തിരിച്ചു കയറി മുകളിലെത്തി… മുകളിലെത്തിയ ഞങ്ങൾ അവിടെ വിൽപ്പനക്ക് വെച്ചിരുന്ന കരകൗശല വസ്തുക്കളിലൂടെ കണ്ണുകൾ പായിച്ചു.. അവയിൽ മുള കൊണ്ടും ഈറ്റ കൊണ്ടും ഉണ്ടാക്കിയവ ഏറെ കൗതുകകരമായിരുന്നു. സമയം ഏകദേശം പതിനൊന്നര ആയിരുന്നു. ഞങ്ങൾക്കാണെങ്കിൽ അന്ന് വൈകുന്നേരം തന്നെ ഗോഹാട്ടിയിൽ തിരിച്ചെത്തേണ്ടതുണ്ട്. അതിനാൽ തന്നെ ഏറെ നേരം അവിടെ നിൽക്കാതെ അടുത്ത ലക്ഷ്യമായ ഷില്ലോങ് വ്യൂ പോയിന്‍റിലേക്ക് യാത്ര തിരിച്ചു.
ചെറിയൊരു ചാറ്റൽമഴ തുടങ്ങിയിരുന്നു അപ്പോൾ. മഴയുടെ ശക്തി കൂടല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വളഞ്ഞു പുളഞ്ഞു മുകളിലേക്ക് പോകുന്ന വഴിയിലൂടെ യാത്ര തുടർന്നു. വഴിയോരത്ത് നിറയെ ദേവതാരു വൃക്ഷങ്ങൾ കാറ്റിലാടിക്കൊണ്ട് നിരന്നുനിന്നു.
ഇടയ്ക്കു കാണുന്ന വീടുകളെല്ലാം മുളയും ഷീറ്റും മറ്റും ഉപയോഗിച്ചു പണിഞ്ഞ മേഘാലയ മോഡൽ വീടുകളായിരുന്നു. ഉച്ചക്ക് പന്ത്രണ്ടു മണി ആയിരുന്നെങ്കിലും കാറ്റിന് അപ്പോഴും നല്ല തണുപ്പായിരുന്നു. കയറ്റത്തിനൊടുവിൽ ഞങ്ങൾ ഷില്ലോങ് വ്യൂ പോയിന്‍റിൽ എത്തി. പാർക്കിംഗ് സ്പേസിൽ കാർ പാർക്ക് ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി. അവിടെ ആ കുന്നിൻ മുകളിൽ നിന്ന് ഞങ്ങൾ താഴേക്ക് നോക്കി. എത്ര മനോഹരമായിരുന്നു ആ കാഴ്ച എന്നു വർണ്ണിക്കാൻ വാക്കുകളില്ല. താഴ്വരയിൽ പച്ചമരക്കൂട്ടങ്ങൾക്കിടയിൽ ബഹുവർണ്ണത്തിൽ കെട്ടിടങ്ങൾ നിരന്നു നിന്നു. പട്ടണത്തിനു മുകളിലായി മേഘക്കൂട്ടങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ പാറി നടന്നു. നഗരത്തെ കുറച്ചുകൂടെ അടുത്ത് കാണാൻ അവിടെ ടെലിസ്കോപ്പും സജ്ജീകരിച്ചിട്ടുണ്ട്. അതിലൂടെ ഞങ്ങൾ ഷില്ലോങ് നഗരത്തെ കൺകുളിർക്കെ കണ്ടു. പട്ടണത്തിന്‍റെ ഒരു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പച്ചമലനിരകളിലൂടെയുള്ള മേഘങ്ങളുടെ പ്രയാണം ഏറെ മനോഹരമായിരുന്നു..!!
ഒരിക്കലും മടുക്കാത്ത ആ കാഴ്ചയും കണ്ട് എത്ര നേരം വേണമെങ്കിലും അവിടെ ചിലവഴിക്കാൻ മനസ്സ് തയ്യാറായിരുന്നു!! പക്ഷെ തിരിച്ചു പോയല്ലേ പറ്റൂ.. ഞങ്ങളെപ്പോലെ വേറെയും ഒരുപാട് സന്ദർശകർ അവിടെ കാഴ്ചകൾ കണ്ടും ഫോട്ടോസ് എടുത്തും നിൽക്കുന്നുണ്ടായിരുന്നു. മേഘങ്ങൾ കാഴ്ച മറക്കും മുൻപ് കുറെ ചിത്രങ്ങൾ ഞങ്ങളും എടുത്തു.
അവിടെയും ഐസ്ക്രീമും ചാറ്റുകളും കൗതുക വസ്തുക്കളും ഒക്കെയായി കച്ചവടം തകർക്കുന്നുണ്ടായിരുന്നു. കാഴ്ചകൾ കണ്ടു നിൽക്കെ സമയം അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. സമയം ഒന്നരയോടടുത്തിരുന്നു. തിരിച്ചുപോകേണ്ട സമയമായിരിക്കുന്നു. മനസ്സ് കീഴടക്കുന്ന മായികക്കാഴ്ചകളിൽ നിന്നു കണ്ണുകൾ പറിച്ചെടുത്ത് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. എത്ര കണ്ടാലും മതി വരാത്ത മറക്കാനാവാത്ത ദൃശ്യവിരുന്ന് ഒരുക്കി വെച്ച മേഘാലയയിലെ പ്രകൃതിയുടെ സൗന്ദര്യം മടക്കയാത്രയിലും ഞങ്ങൾ കണ്ണെടുക്കാതെ ആസ്വദിച്ചുകൊണ്ടിരുന്നു… മേഘങ്ങളുടെ ഈ സുന്ദര ഭവനത്തിലേക്ക് വീണ്ടും വരണം… അധികം താമസിയാതെ തന്നെ.!!! മനസ്സ് മന്ത്രിച്ചു.. വഴിയോരത്തെ മുളം കൂട്ടങ്ങൾ കലപില ശബ്ദത്തോടെ പോയ് വരൂ എന്ന് ഞങ്ങൾക്ക് യാത്രാ മംഗളം നേർന്നു.