തിരുവനന്തപുരം കാഞ്ഞിരംപാറയിലെ സ്ത്രീ എന്ന വീടിന് ഒരുപാട് പ്രത്യേകതകളുണ്ട്. അതൊരു സ്ത്രീ ഭൂരിപക്ഷ പ്രദേശമാണ് എന്നതിനൊപ്പം മലയാള സിനിമയിലെ രണ്ടു നക്ഷത്രങ്ങൾ അവിടെ തിളങ്ങി നിൽക്കുന്നു. കിച്ചു എന്ന കൃഷ്ണകുമാർ തന്‍റെ സിനിമ ജീവിതത്തിന്‍റെ 28 വർഷം പൂർത്തിയാക്കുമ്പോൾ മൂത്തമകൾ അഹാന കൃഷ്ണ മലയാള സിനിമ ലോകത്തെ സെൻസേഷണൽ ടോക്കാണ്. കുറച്ചു നാളുകൾക്കു മുമ്പ് തന്‍റെ സഹോദരങ്ങൾക്കൊപ്പം ചെയ്‌ത വെസ്റ്റേൺ ഡാൻസ് നവമാധ്യമങ്ങളിൽ വൈറലായതോടെ അഹാന കൂടുതൽ പ്രിയങ്കരിയായി മാറി. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച അഹാന പിന്നീട് ചെന്നൈയിൽ വിഷ്വൽ കമ്മ്യൂഷിക്കേഷൻ പഠനം പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു. മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെന്ന നിവിൻ പോളി ചിത്രത്തിൽ അനിയത്തിക്കുട്ടി സാറയായി എത്തിയ അഹാന തന്‍റെ സിനിമ കരിയറിലെ പുതിയ സ്വപ്നങ്ങളെ കുറിച്ച് ഗൃഹശോഭയോട് മനസ്സു തുറക്കുന്നു.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെന്തൊക്കെയാണ്?
സിനിമയിൽ തന്നെ ഉറച്ച് നിൽക്കണമെന്ന തോന്നലുണ്ടാകുന്നത് സ്റ്റീവ് ലോപ്പസ് സംഭവിച്ചതു കൊണ്ടാണ്. സിനിമ റിലീസായ ദിവസം തീയറ്ററിൽ ഒരു വൈകുന്നേരമാണ് ഞാൻ സ്റ്റീവ് ലോപ്പസ് കാണുന്നത്. അതുവരെ പ്രിവ്യൂ ഒന്നും കണ്ടിരുന്നില്ല. നമ്മുടെ ചുറ്റുമുള്ള സഥലങ്ങൾ, എനിക്ക് പരിചയമുള്ള ആളുകൾ. ഞാനഭിനയിച്ച ആദ്യത്തെ നായിക കഥാപാത്രം ജനിച്ചു വളർന്ന നഗരത്തോടുള്ള അടുപ്പം ഇതൊക്കെ കഥയുടെ രൂപത്തിൽ സിനിമയായി അനുഭവിക്കുന്നതു പോലെ തോന്നി. ഹായ്… എന്നൊക്കെ പോലുള്ള ഒരു ഫീലായിരുന്നു. ചെന്നൈയിൽ സിനിമ റിലീസായ സമയത്ത് അവിടെയുള്ള കൂട്ടുകാർ വിസിലൊക്കെ മേടിച്ചാണ് തീയറ്ററിൽ എന്‍റെ കൂടെ വന്നത്. എന്നെ സ്ക്രീനിൽ കാണുമ്പോൾ വിസിലടിച്ച് ബഹളമൊക്കെ വച്ചു. വിസില് മേടിച്ച കാര്യം എനിക്കാദ്യം അറിയില്ലായിരുന്നു. ആകെ ചമ്മലായി. ഒരു പ്രത്യേക കാറ്റഗറിയിൽ പെടുന്ന വളരെ ഡീപ്പ് റൂട്ടഡ് ആയിട്ടുള്ള തീമാണ് ഞാൻ സ്റ്റീവ് ലോപ്പസിന്‍റേത്. ആ സിനിമ ഇഷ്‌ടപ്പെടുന്നവർ ധാരാളം പേരുണ്ട്.
അഹാനയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള നല്ല ഓർമ്മകൾ എന്തൊക്കെയാണ്?
അങ്ങനെ ചോദിച്ചാൽ… ഒരുപാട് നല്ല നല്ല ഓർമ്മകളുണ്ട്. എങ്കിലും എടുത്ത് പറയാവുന്നത് (ഒരു നിമിഷം ആലോചിക്കുന്നു) എന്‍റെ മൂന്നാമത്തെ അനിയത്തി ജനിക്കാൻ പോകുന്ന സമയത്ത് ഞാനൊരുപാട് എക്സൈറ്റഡ് ആയി. അമ്മ പ്രഗ്നന്‍റ് ആണെന്നു അറിഞ്ഞപ്പോൾ തൊട്ട് കാത്തിരിക്കുകയായിരുന്നു. അവൾ ഞങ്ങളുടെ കൂട്ടത്തിലേക്ക് എത്തിയത് ഒരു സെപ്റ്റംബർ 30 നാണ്. ആ അനുഭവം ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റില്ല. കാത്തിരിപ്പിന്‍റെ പ്രത്യേക സുഖം ഞാനനുഭവിച്ചത് ആ നാളുകളിലാണ്. പിന്നെ ഞാൻ പഠിച്ച തിരുവനന്തപുരം ലയോള സ്ക്കൂളിലെ ലാ-ഫെസ്റ്റിൽ ലാ-പെർസോണ എന്നൊരു പേഴ്സണാലിറ്റി ഇവന്‍റുണ്ട്. വിവിധ സ്കൂളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കിടയിൽ നിന്നും ഞാൻ അതിൽ വിജയിച്ചു. ഒരു പെൺകുട്ടിക്കും ഒരു ആൺകുട്ടിക്കുമാണ് ലാ- പെർസോണയിൽ ജേതാവാകാൻ കഴിയുക. എന്നെ സംബന്ധിച്ച് ലാ- പെർസോണയിൽ വിജയിച്ചത് നല്ലൊരു ഓർമ്മയാണ്. അതുപോലെ അച്‌ഛനഭിനയിച്ച സിനിമ കാണുക, സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള, ചെന്നൈ ജീവിതം ഇതെല്ലാം ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
സ്റ്റീവ് ലോപ്പസിലെ രാജീവ് രവിയുടെ സെറ്റും ഞണ്ടുകളിലെ അൽത്താഫിന്‍റെ സെറ്റും തമ്മിൽ അനുഭവപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
രണ്ട് സംവിധായകരുടേയും അപ്രോച്ച് വ്യത്യസ്‌തമാണ്. രാജീവേട്ടനെ പോലുള്ള വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരാളുടെ കീഴിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. ആ സമയത്ത് അഭിനയിക്കുന്നു, തിരിച്ച് വീട്ടിലേക്ക് പോരുന്നു എന്നല്ലാതെ സ്റ്റീവ് ലോപ്പസിലെ കഥാപാത്രത്തിനു വേണ്ടി ഞാൻ കൂടുതൽ ഇൻപുട്ട് കൊടുത്തിട്ടില്ല. ഒരുപക്ഷേ അതിനു മറ്റൊരു കാരണം ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സിനിമാട്ടോഗ്രാഫറുടെ കീഴിലാണ് ഞാൻ അഭിനയിക്കുന്നതെന്ന വ്യക്‌തമായൊരു ധാരണ എനിക്ക് ഞാൻ സ്റ്റീവ് ലോപ്പസ് ചെയ്യുന്ന സമയത്തുണ്ടാവാത്തതാവാം. പിന്നീടത് മനസ്സിലാക്കിയപ്പോൾ കുറച്ചു കൂടി എന്‍റെ ഭാഗത്തു നിന്നും ഒരു ഹാർഡ്‍വർക്ക് ഇടാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഒരു പത്ത് വർഷം കഴിഞ്ഞ് ഞാനെന്‍റെ ഫിലിമോഗ്രാഫി നോക്കുമ്പോൾ എന്‍റെ ആദ്യ സിനിമ തന്നെ ഒരു മികച്ച തുടക്കമായിരുന്നു എന്നതിൽ ഞാനഭിമാനിക്കും. ഞണ്ടുകളുടെ നാട്ടിലെന്ന സിനിമ സംഭവിച്ചത് സ്റ്റീവ് ലോപ്പസിനു ശേഷം മൂന്നു വർഷം കഴിഞ്ഞാണ്. ഇങ്ങനെയൊരു അനിയത്തിയുടെ റോൾ എനിക്കു ചേരുമോ എന്നത് ആദ്യം സംശയമായിരുന്നു. പിന്നീട് പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് എന്‍റേത് എന്നുള്ള തിരിച്ചറിവിലാണ് ഞണ്ടുകളിലേക്ക് കമ്മിറ്റാകുന്നത്. സ്വതന്ത്ര സംവിധായകൻ ആകുന്ന ആദ്യത്തെ സിനിമ എന്നതിനേക്കാൾ അൽത്താഫിന് ഞങ്ങളിൽ നിന്ന് എന്താണ് കിട്ടേണ്ടത് എന്നുള്ളതിന് വ്യക്‌തമായ ധാരണയുണ്ടായിരുന്നു. ഞാൻ പൊതുവെ കുറച്ച് ഇമോഷണലായതു കൊണ്ട് എന്നോട് അത്തരം സീനുകൾ ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ എന്‍റേതായ രീതിയിൽ ചെയ്‌തു. പക്ഷേ അൽത്താഫിന് അത്രയും സെൻസിറ്റീവ് റിയാക്ഷൻ വേണ്ടായിരുന്നു. സാധാരണ സങ്കടം വരുമ്പോൾ ഇങ്ങനെയൊക്കെ വേണ്ടേ എന്ന് ഞാൻ സംശയം ചോദിച്ചു. പക്ഷേ അൽത്താഫിന്‍റെ മനസ്സിലുള്ള കഥാപാത്രത്തിന് അത്രയും വൈകാരികത ആവശ്യമില്ലായിരുന്നു.
പാട്ട്, ഡാൻസ് ഇതിനോടൊക്കെയുള്ള താൽപര്യം എങ്ങനെയാണ് കൂടെ കൊണ്ടു പോകുന്നത്?
ഞാൻ കുട്ടിക്കാലം തൊട്ട് ഡാൻസ് അഭ്യസിക്കുന്നുണ്ട്. എല്ലാത്തരം ഡാൻസ് രീതികളും ശ്രദ്ധിക്കാറുണ്ട്. വെസ്റ്റേൺ, കണ്ടംപററി, സെമി ക്ലാസിക്കൽ, സൽസ അങ്ങനെ ഒരു മാതിരി എല്ലാം ട്രൈ ചെയ്യാറുണ്ട്. പാട്ടിൽ അധികം ഹെവി ആയിട്ടുള്ളതിനോട് താൽപര്യമില്ല. പക്ഷേ അടിച്ചു പൊളിപ്പാട്ട് എന്നൊക്കെയുള്ളതിൽ പലതും എൻജോയ് ചെയ്യാറുണ്ട്. പാട്ടിൽ കുറച്ചു കൂടി മെലോഡിയസ് ആയിട്ടുള്ളതാണ് എനിക്ക് പാടാൻ കൂടുതലിഷ്ടം. സിനിമയിൽ ഡാൻസ് ചെയ്യാനും പാട്ടു പാടാനുമുള്ള അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലെ അനുഭവങ്ങൾ?
സിനിമയിൽ എങ്ങനെ കാണുന്നുവോ അതേപോലെ ഒരു കുടുംബമായിട്ടാണ് രണ്ടുമാസക്കാലത്തോളം ഷൂട്ടിംഗ് സെറ്റിൽ ഞങ്ങൾ ചെലവഴിച്ചത്. വളരെ എൻജോയബിളായിരുന്നു. നിവിൻ ചേട്ടായിയുടെ വെഡിംഗ് ആനിവേഴ്സറി തൊട്ട് അഞ്ചോളം പേരുടെ ജന്മദിനം സെറ്റിൽ വച്ചാണ് ആഘോഷിച്ചത്. എന്‍റെ ബർത്ത്ഡേയും ഷൂട്ടിംഗ് സമയത്തായിരുന്നു. ഞാൻ സെറ്റിലിങ്ങനെ പലരും കേൾക്കുമാറ് ബർത്ത്ഡേ ആകാറായി എന്ന് പറഞ്ഞു കൊണ്ടിരിക്കും. പെട്ടെന്നാണ് എന്‍റെ ബർത്ത്ഡേയുടെ തലേദിവസം ഹർത്താൽ പ്രഖ്യാപിച്ചത്. അതോടെ ആഘോഷത്തിന്‍റെ മൂഡൊക്കെ പോയി. ഞാൻ പ്രതീക്ഷയൊക്കെ നഷ്‌ടപ്പെട്ട് ഇരിക്കുവായിരുന്നു. പക്ഷേ രാത്രി സെറ്റിലുള്ളവർ എവിടെന്നോ കേക്കൊക്കെ ഒപ്പിച്ചു വന്നു. എനിക്ക് ഭയങ്കര സന്തോഷമായി. സിനിമയിൽ അനുഭവപ്പെടുന്നതിനേക്കാൾ ഹ്യൂമർ കൂടുതലും സെറ്റിനുള്ളിലായിരുന്നു. പാക്കപ്പ് പറഞ്ഞ് പോകാൻ നേരം എല്ലാവർക്കും സങ്കടമായി.
അച്‌ഛൻ ഇതുവരെ ചെയ്‌തിട്ടുള്ളതിൽ ഇഷ്ടപ്പെട്ട കഥാപാത്രം?
അച്‌ഛൻ അഭിനയിച്ചതിൽ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം മേൽവിലാസത്തിലെ ബിഡി കപൂർ ആണ്. വളരെ നല്ലൊരു സിനിമയാണത്. ഒരു കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. മേൽവിലാസത്തിലെ മിലിട്ടറി ഓഫീസറായിട്ടുള്ള അച്‌ഛന്‍റെ വില്ലൻ കഥാപാത്രത്തോട് ആർക്കും ഒരു ദേഷ്യം തോന്നും. സിനിമ വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാത്തതുകൊണ്ടായിരിക്കാം തീയറ്ററിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. പക്ഷേ പിന്നീട് ആ സിനിമ ടെലികാസ്‌റ്റ് ചെയ്‌തപ്പോൾ എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. ഒരുപാടാളുകൾ അച്‌ഛനെ വിളിച്ച് അഭിനന്ദിച്ചു.
അഹാനയ്ക്ക് എങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം?
എന്‍റെ കംഫർട്ട് സോണിനു പുറത്ത് നിൽക്കുന്ന പല റേഞ്ച് ഓഫ് ഇമോഷൻസിന് സാധ്യതയുള്ള കഥാപാത്രങ്ങൾ ചെയ്യണം. ഉഡ്ത്താ പഞ്ചാബിൽ ആലിയ ഭട്ട് അവതരിപ്പിച്ച കഥാപാത്രം പോലെയൊന്ന് ചെയ്താൽ കൊള്ളാമെന്നുണ്ട്.
കോളേജ് ലൈഫിലെ വിശേഷങ്ങൾ എന്തൊക്കെയാണ്?
ചെന്നൈ എം.ഒ.പി കോളേജിലാണ് വിഷ്വൽ കമ്മ്യൂണിക്കേഷൻ ചെയ്തത്. അവിടത്തെ ഇൻഡിപെന്‍റഡ് ലൈഫ് എന്നെ കുറേ സോഷ്യലാക്കുവാൻ സഹായിച്ചിട്ടുണ്ട്. അവിടത്തെ സത്യം സിനിമാസ് ഞങ്ങൾ ഫ്രണ്ട്സിന്‍റെ ഒരു സ്ഥിരം ഹാംഗ് ഔട്ട് കേന്ദ്രമായിരുന്നു. സത്യം സിനിമാസിനെ ചുറ്റിപ്പറ്റി ഒരു ലൈഫ് സ്റ്റൈൽ തന്നെയുണ്ട്.
ചെന്നൈയിൽ പഠിച്ചതു കൊണ്ട് ഒരു മലയാളി എന്ന രീതിയിൽ അനുഭവപ്പെട്ട വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
മലയാളികൾ എവിടെ ചെന്നാലും മുൻപന്തിയിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നവരാണ്. വൈകാരികതയേക്കാളും ബുദ്ധിയോടെയുള്ള സമീപനമാണ് മലയാളികൾക്കുള്ളത്. എല്ലാത്തരം സിനിമകളും മലയാളികൾ കാണും. അതേ സമയം നല്ല സിനിമകളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാനുള്ള മനസ്സും മലയാളിക്കുണ്ട്. ഇവിടെ എല്ലാവിധ ചർച്ചകളും നടക്കുന്നുണ്ട്. ലോകത്തുള്ള ഏതൊരു വിഷയത്തോടും മലയാളിക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ട്. എവിടെയും ഇടിച്ചു കയറി നിൽക്കുവാനുള്ള കഴിവും തന്‍റേടവും പലരിലും കാണാം. മലയാളം ഇൻഡസ്ട്രിയിൽ നിന്നും പുറത്ത് പോയി അഭിനയിക്കുന്നവർക്ക് നല്ല സ്വീകാര്യതയാണ്.
പെട്ടെന്നൊരു ലോട്ടറിയടിച്ചാൽ അഹാനയുടെ ആദ്യത്തെ പ്ലാനുകൾ എന്തൊക്കെയായിരിക്കും?
അതിപ്പോ എത്ര രൂപ അടിച്ചു എന്നതിനെ ആശ്രയിച്ചാണല്ലോ പ്ലാൻ ചെയ്യേണ്ടത്. എന്തായാലും ഒരു കോടിക്കു മേലെയൊക്കെ അടിക്കുവാണേൽ ഞാനാദ്യം അച്‌ഛനൊരു ഓഡി കാറ് വാങ്ങിച്ചു കൊടുക്കും. പിന്നെ ബാങ്കിൽ കുറച്ച് സേവിംഗ്സ്. കുറച്ച് പൈസ എനിക്ക് ചുറ്റുമുള്ളവരിൽ നേരിട്ടറിയാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൊടുക്കണം (ഓർഫനേജിൽ കൊടുക്കുമെന്നൊക്കെയുള്ള സഥിരം ക്ലീഷേ ഡയലോഗ് എന്നിൽ നിന്നു പ്രതീക്ഷിക്കരുത്… ചിരിക്കുന്നു) പിന്നെ എന്‍റേതായ രീതിയിൽ എനിക്കും വീട്ടുകാർക്കും ഷോപ്പിംഗ്… (ഇതൊക്കെ ലോട്ടറി അടിച്ചാലുള്ള സങ്കൽപ്പമല്ലേ…)
അഹാനയ്ക്ക് ഇഷ്‌ടപ്പെട്ട ഫാഷനുകളെന്തൊക്കെയാണ്? ഭക്ഷണവും, യാത്രയുമൊക്കെ എത്രത്തോളം എൻജോയ് ചെയ്യുന്നു?
എല്ലാത്തരം ഫാഷനുകളും ഇഷ്‌ടമാണ്. ട്രൻഡ് സെറ്റായുള്ള വേഷങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്. ഭക്ഷണവും അതുപോലെ തന്നെ. ചോറിനോട് താൽപര്യം കുറവാണ്. കേക്ക് ഐറ്റംസ് ഒക്കെ വളരെ ഇഷ്‌ടമാണ്. അമ്മയുണ്ടാക്കുന്ന കൊഞ്ച് കറിയാണ് ഏറ്റവും ഫേവറൈറ്റ് ആയിട്ടുള്ളത്. യാത്രകളൊക്കെ ഒരുപാട് പ്ലാൻ ചെയ്യാനുണ്ട്. മാലി ദ്വീപിലേക്കൊന്നു പോകണമെന്നാണ് ഇപ്പോഴുള്ള ആഗ്രഹം.
സ്വാധീനിച്ചിട്ടുള്ള വ്യക്‌തികൾ ആരൊക്കെയാണ്?
അച്‌ഛനും അമ്മയും തന്നെയാണ് എന്നെ ഏറ്റവും ഇൻഫ്‌ളൂവൻസ് ചെയ്‌തിട്ടുള്ള ആളുകൾ. അവർ വളരെ പോസിറ്റീവായിട്ടാണ് ഓരോ കാര്യത്തെയും സമീപിക്കുന്നത്. ഞാൻ വളരെ സെൻസിറ്റീവും ഇമോഷണലുമാണ്. എനിക്ക് അതിനെ പലപ്പോഴും അതിജീവിക്കാൻ പറ്റുന്നത് അച്‌ഛന്‍റേയും അമ്മയുടേയും പോസിറ്റീവ് ആറ്റിറ്റ്യൂട്ട് കൊണ്ടാണ്. അമ്മ കുറച്ചു കൂടി പ്രാക്ടിക്കലായിട്ടാണ് എല്ലായിപ്പോഴും പെരുമാറുക. അവർക്ക് കലയോടുള്ള ആത്മബന്ധമാണ് എന്നെയും മുന്നോട്ട് നീങ്ങുവാൻ പ്രേരിപ്പിക്കുന്നത്. അച്‌ഛൻ കുറച്ചു കൂടി അംബീഷസ് ആണ്. അച്‌ഛന്‍റെ സ്വപ്നങ്ങളുടെ കൂട്ടുകാരാണ് ഞങ്ങളുടെ വീട്ടിലുള്ള എല്ലാവരും. ഞാൻ എന്‍റെ കുടുംബത്തോട് വളരെ ഡിപ്പൻഡബിളാണ്.
സഹോദരങ്ങളെ എങ്ങനെയാണ് മാനേജ് ചെയ്യുന്നത്?
അങ്ങിനെ പ്രത്യേകിച്ച് മാനേജ് ചെയ്യേണ്ട കാര്യമൊന്നും ഇല്ല. അവരുള്ളത് കൊണ്ട് വീട്ടിൽ ബോറടി എന്തെന്ന് അറിയത്തില്ല. ഒരു കൂട്ടം ആളുകൾ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നതു പോലെ തോന്നും. ഞാൻ മൂത്തയാളായതു കൊണ്ട് കുറച്ചൊക്കെ വിട്ടു കൊടുക്കാനും അവർക്ക് വേണ്ട കെയറിംഗ് കൊടുക്കാനും പഠിച്ചു. അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കുന്നുണ്ട്. എന്‍റെ സന്തോഷവും സങ്കടവുമൊക്കെ ഞാനെന്‍റെ നാലു സഹോദരങ്ങളോടും പങ്കുവയ്‌ക്കാറുണ്ട്.
കരിവ എന്ന മ്യൂസിക് ആൽബം സംഭവിച്ചതെങ്ങനെ?
ഞാൻ ഞണ്ടുകൾ കമിറ്റ് ചെയ്‌തിരിക്കുന്ന സമയത്താണ് ഷാജി കൈലാസ് സാറിന്‍റെ മകൻ ജഗൻ എന്നെ ഇങ്ങനെയൊരു മ്യൂസിക്ക് ആൽബം ചെയ്യുന്ന കാര്യം പറഞ്ഞ് വിളിക്കുന്നത്. ഞണ്ടുകളുടെ ഷൂട്ടിംഗ് ആരംഭിക്കുവാൻ പിന്നേയും ദിവസങ്ങൾ താമസിക്കുമെന്നതു കൊണ്ട് അന്ന് കിട്ടിയ ഇടവേളയിൽ ഞാൻ കരിവ ചെയ്‌തു. സത്യത്തിൽ എനിക്ക് അതിലിങ്ങനെയൊക്കെ ഫൈറ്റ് ഉണ്ടാകുമെന്ന കാര്യമൊന്നും അറിയില്ലായിരുന്നു. പാട്ടല്ലേ! വളരെ ഈസിയായി അഭിനയിച്ച് പോകാമെന്ന ധാരണയായിരുന്നു. ജഗൻ അത് നന്നായി വർക്ക് ഔട്ട് ചെയ്‌തതു കൊണ്ട് എല്ലാവർക്കും അത് ഇഷ്‌ടമായി.
പുതിയ പ്രൊജക്ടുകൾ എന്തൊക്കെയാണ്?
മലയാളത്തിലും തമിഴിലും സ്ക്രിപ്റ്റ് ഓഫറുകൾ വന്നിട്ടുണ്ട്. ഡിസ്കഷനുകൾ നടക്കുന്നു. അനൗൺസ് ചെയ്യാറായിട്ടില്ല. പ്രൊഡക്ഷൻ ഹൗസ് തന്നെ സമയമാകുമ്പോൾ ഒഫീഷ്യലായി എല്ലാവരേയും അറിയിക്കും.