കാറ്റിനേയും മരങ്ങളേയും സ്നേഹിക്കുന്ന വയനാടിന്‍റെ സ്വന്തം സുന്ദരിക്കുട്ടിയാണ് അനു സിത്താര. രാമന്‍റെ ഏദൻ തോട്ടത്തിലെ മാലിനിയെപ്പോലെ മണ്ണിനേയും പ്രകൃതിയേയും കലയേയും പ്രണയിക്കുന്ന പെൺകുട്ടി. മലയാള സിനിമയിലെ നായികാ പദവിയിലെത്തിയ അനു സിത്താര മനസ്സ് തുറക്കുന്നു.

അഭിനയത്തോട് താൽപര്യമുണ്ടായിരുന്നോ?

അഭിനയിക്കാൻ എനിക്ക് ചെറുപ്പത്തിലെ താൽപര്യമുണ്ടായിരുന്നു. ഞങ്ങളുടേത് ഒരു കലാകുടുംബമാണ്. അച്‌ഛനെ ഞാൻ മാനു എന്നാണ് വിളിക്കുന്നത്. അച്‌ഛൻ സലാം ഒരു നാടക നടനാണ്. ചെറുപ്പത്തിൽ ഞാൻ ധാരാളം നാടകങ്ങൾ കാണാറുണ്ടായിരുന്നു. അതൊക്കെ ഒരു പക്ഷേ എന്‍റെ ഉള്ളിൽ അഭിനയ മോഹം ഉണ്ടാക്കിയിരിക്കാം. അമ്മ രേണുക ഡാൻസറാണ്. ഒരു ഡാൻസ് സ്ക്കൂൾ ഉണ്ട് നവരസ. അമ്മയും ഇളയമ്മയുമാണ് ഡാൻസ് സ്ക്കൂൾ നോക്കി നടത്തുന്നത്.

ഹാപ്പി വെഡിംഗ് ആണല്ലോ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം?

എന്‍റെ ആദ്യ സിനിമ പൊട്ടാസ് ബോംബ് അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ വന്നത് ഒരു ഇന്ത്യൻ പ്രണയ കഥയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ടീനേജ് കഥാപാത്രമായാണ്. അത് കുറച്ച് സീനുകളിൽ മാത്രം വന്ന് പോകുന്നതായിരുന്നു. പക്ഷേ ഹാപ്പി വെഡിംഗ് ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അതിൽ എല്ലാവരും നല്ല രസമായിരുന്നു. കോളേജ് വിദ്യാർത്ഥിനിയുടെ റോളിലായതു കൊണ്ട് ശരിക്കും ക്യാമ്പസ് ലൈഫ് ആസ്വദിച്ചുവെന്ന് തന്നെ പറയാം. യഥാർത്ഥ ജീവിതത്തിൽ കോളേജിൽ പോയി പഠിക്കുന്നതിന്‍റെ മൂഡിലായിരുന്നു ഞാൻ. പ്രേമത്തിൽ അഭിനയിച്ചവരും പുതിയ താരങ്ങളും ഉൾപ്പെടുന്ന ടീമായിരുന്നുവത്. ഞങ്ങൾ നന്നായി ആസ്വദിച്ചു.

ഇന്ത്യൻ പ്രണയ കഥയിൽ മുൻനിര അഭിനേതാക്കൾക്കൊപ്പം ആയിരുന്നുവല്ലോ… അവരെയൊക്കെ പരിചയപ്പെട്ടോ?

ഇല്ല, അവരെ കാണാനോ പരിചയപ്പെടാനോ അവസരം ഉണ്ടായില്ല. ചിത്രത്തിൽ അമലപോളിന്‍റെ അമ്മയുടെ വേഷമായിരുന്നുവല്ലോ എന്‍റേത്. ചിത്രം റിലീസ് ചെയ്യുന്നതിന് 10 ദിവസം മുമ്പായിരുന്നു എന്‍റെ ഷോട്ടുകൾ എടുത്തത്. അതുകൊണ്ട് ആരേയും കാണാൻ പറ്റിയില്ല.

പിന്നീട് അമല ഈ അമ്മയെ തിരിച്ചറിഞ്ഞോ?

കുറച്ചുനാൾ കഴിഞ്ഞ് അമലയെ ഒരു പരിപാടിക്കിടെ കണ്ടപ്പോൾ ഞാൻ അമലയുടെ അമ്മയാണെന്ന് പറഞ്ഞു. അമല എന്നെ അദ്ഭുതത്തോടെ നോക്കി. ഇന്ത്യൻ പ്രണയ കഥയുടെ കാര്യം പറഞ്ഞപ്പോൾ അമല ചിരിച്ചു. അമലയ്ക്ക് അതുവരെ അത് ഞാനായിരുന്നുവെന്ന് അറിയില്ലായിരുന്നു.

ക്യാമറയ്ക്ക് മുന്നിലെ ആദ്യ ഷോട്ട്?

ഒരു തുണി വെള്ളത്തിൽ മുക്കിയിട്ട് അന്തരീക്ഷത്തിൽ വീശുന്നതായിരുന്നു എന്‍റെ ആദ്യ ഷോട്ട്. ആദ്യമെനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഭയങ്കര ടെൻഷൻ തോന്നിയിരുന്നു. ഫസ്റ്റ് മൂവിയാണല്ലോ. പക്ഷേ സെറ്റിലുള്ള എല്ലാവരും എന്നെ നന്നായി കെയർ ചെയ്തതുകൊണ്ട് എന്‍റെ ടെൻഷനൊക്കെ മാറി. ഡയലോഗ് പറയുമ്പോൾ ആദ്യമൊക്കെ തെറ്റി പോകുമായിരുന്നു. പക്ഷേ അതൊക്കെ അവർ ക്ഷമയോടെ കറക്റ്റ് ചെയ്‌ത് തന്നു.

കലാമണ്ഡലത്തിലെ ഓർമ്മകൾ

കലാമണ്ഡലത്തിലായിരുന്നു എന്‍റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്‍റെ പ്രധാന വിഷയം മോഹിനിയാട്ടമായിരുന്നു. പക്ഷേ ആ മൂന്ന് വർഷക്കാലവും ഞാൻ വല്ലാതെ വിഷമിച്ചു. വീട്ടിൽ നിന്നും ആദ്യമായി മാറി നിൽക്കുന്നതിന്‍റെ വിഷമമായിരുന്നു എനിക്ക്. എന്നെ ആദ്യമായി അവിടെ കൊണ്ടുവിട്ടത് അച്‌ഛനായിരുന്നു. മടങ്ങാൻ നേരം ഞാൻ അച്‌ഛനെ വിടാതെ നിന്നു. അത്രയ്ക്കായിരുന്നു സങ്കടം. രണ്ട് ദിവസം കഴിഞ്ഞായിരുന്നു ക്ലാസ്. അവിടെ പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കണം. കഞ്ഞിയും പയറും ആയിരുന്നു ബ്രേക്ക് ഫാസ്റ്റ്. ഉച്ചയ്ക്ക് ചോറും സാമ്പാറും. രാത്രിയും ഏകദേശം അങ്ങനെ തന്നെ. രാവിലെ എഴുന്നേൽക്കലും മറ്റും എനിക്ക് പ്രയാസമായിരുന്നു. അവിടെ തുടർന്ന് പഠിക്കണം, ഡോക്ടറേറ്റ് എടുക്കണം, റിസർച്ച് ചെയ്യണം എന്നൊക്കെ വിചാരിച്ചാണ് പോയത്. ആ മൂന്ന് വർഷവും കരച്ചിലോടു കരച്ചിലായിരുന്നു. പക്ഷേ ടീച്ചേഴ്സൊക്കെ എന്നെ നന്നായി സപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഹൈമവതി ടീച്ചർ, ഗീത ടീച്ചർ, അംബിക ടീച്ചർ… ഇടയ്ക്ക് വീട്ടിൽ പോകുമ്പോൾ ടീച്ചർമാരുടെ പെർമിഷനൊക്കെ വേണം. അംബിക ടീച്ചർ എനിക്ക് ലീവ് തരുമായിരുന്നു. മമ്മിയും അച്‌ഛനും കൂടി അവധി ദിവസങ്ങളിൽ എന്നെ കാണാൻ വരും. എന്നെ പുറത്തു കൂട്ടി കൊണ്ടു പോയി ഭക്ഷണം വാങ്ങിത്തരും. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ചിരി വരും. എന്നെ അടുത്തെങ്ങാനും കല്യാണം കഴിപ്പിച്ചയച്ചാൽ മതിയെന്നൊക്കെ ഞാൻ അമ്മയോട് പറയുമായിരുന്നു. അത്രയ്ക്ക് ഞാനെന്‍റെ മാനുവിനേയും മമ്മിയേയും സ്നേഹിക്കുന്നു.

കലോത്സവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ?

പ്ലസ് വണ്ണിന് പഠിക്കുന്ന സമയം സംസ്ഥാന കലോത്സവത്തിന് പങ്കെടുക്കുന്നതിനായി ഞാനും മമ്മിയും അനിയത്തിയും തൃശൂരിൽ പേര് രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ അവിടെ എന്‍റെ പടം വലിയൊരു ഫള്കസിൽ അച്ചടിച്ച് വച്ചിരിക്കുന്നത് കണ്ടു. അപ്പോഴുണ്ടായ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. ജില്ലാ കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയ എല്ലാ കുട്ടികളുടേയും പടം അവിടെ വച്ചിട്ടുണ്ടായിരുന്നു. അത് മറക്കാനാവാത്ത അനുഭവമായിരുന്നു. ആ കലോത്സവത്തിൽ ഞാൻ മോഹിനിയാട്ടവും തിരുവാതിരയുമാണ് അവതരിപ്പിച്ചത്. സ്ക്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തപ്പോൾ പ്രധാന വേദിയ്ക്ക് ചുറ്റും മാധ്യമങ്ങളും ക്യാമറയുമൊക്കെയായി നല്ലൊരു ഉത്സവം തന്നെ. എന്‍റെ ഫോട്ടോയൊക്കെ പത്രങ്ങളിൽ അച്ചടിച്ച് വന്നു. സ്ക്കൂൾ കലോത്സവത്തെ തുടർന്ന് വന്ന ചാനൽ ഇന്‍റർവ്യൂ കണ്ടിട്ടാണ് പൊട്ടാസ് ബോംബിന്‍റെ ഡയറക്ടർ എന്നെ സിനിമയിലേക്ക് വിളിക്കുന്നത്.

രാമന്‍റെ ഏദൻ തോട്ടത്തിലെ മാലിനി ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ?

കഥ കേട്ടപ്പോൾ ആ കഥാപാത്രത്തെ എനിക്ക് ചെയ്യാൻ പറ്റുമോ എന്ന ടെൻഷനായിരുന്നു. വീട്ടിൽ പറഞ്ഞപ്പോൾ ആ കഥാപാത്രം നീ ചെയ്യണം, നിനക്ക് പറ്റും എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. പിന്നെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ക്യാമറാമാൻ മധു നീലകണ്ഠൻ തുടങ്ങിയവരുടെ സപ്പോർട്ടും കൂടിയായതോടെ എനിക്ക് ഇത്തിരി ആത്മവിശ്വാസമൊക്കെ തോന്നി. ഡാൻസുമായി ബന്ധപ്പെട്ട ഒരു കഥാപാത്രം ചെയ്യണമെന്നത് എന്‍റെയൊരു ആഗ്രഹമായിരുന്നു. കഥാപാത്രമായ മാലിനി ചെറിയൊരു ഡാൻസ് സ്ക്കൂൾ നടത്തുന്നു. അങ്ങനെ നോക്കുമ്പോൾ എനിക്കും സ്വന്തമായൊരു ഡാൻസ് സ്ക്കൂൾ ഉണ്ട്. ഒരർത്ഥത്തിൽ അത് എന്‍റെ സ്വപ്ന കഥാപാത്രമായിരുന്നു. എക്കാലവും എനിക്ക് എടുത്ത് പറയാവുന്ന ഒരു കഥാപാത്രം.

രാമന്‍റെ ഏദൻ തോട്ടത്തിലെ ലൊക്കേഷൻ അനുഭവങ്ങൾ

അത് ശരിക്കും ത്രില്ലിംഗ് ആയിരുന്നു. വാഗമൺ ഹൈറ്റ്സ് എന്ന സ്‌ഥലത്തായിരുന്നു രാമന്‍റെ ഏദൻ തോട്ടത്തിന്‍റെ ഷൂട്ടിംഗ്. ഞാനും ഭർത്താവ് വിഷ്ണുവേട്ടനും ചാക്കോച്ചൻ ഫാമിലി, മുത്തുമണി, പിഷാരടി, എല്ലാവരും ചേർന്നാണ് ലൊക്കേഷനിൽ പോയത്. ചെറിയ ചെറിയ കോട്ടേജുകൾ, കുതിരകൾ, നായകൾ ഒക്കെയുള്ള മനോഹരമായ ലൊക്കേഷൻ. സിനിമയിൽ എഴുതി വച്ച എല്ലാ കഥാപാത്രങ്ങളും ലൊക്കേഷനിൽ അതേപടി ഉള്ളതു പോലെയുള്ള പ്രതീതിയായിരുന്നു. ശരീരത്തിൽ അരിച്ചു കയറുന്ന തണുപ്പ്. ഞാനും മുത്തുമണിയുമൊക്കെ ഒരു പുതപ്പിനുള്ളിൽ മൂടിപ്പുതച്ച് അങ്ങനെയിരിക്കും. പുറത്തിറങ്ങിയാൽ കിടു കിടാ വിറയ്ക്കും. ഹൊ നല്ല രസമായിരുന്നു.

പ്രണയവിവാഹമായിരുന്നോ?

അതെ. വിഷ്ണുവെന്നാണ് ഭർത്താവിന്‍റെ പേര്. ഫോട്ടോഗ്രാഫറാണ്. അത് നല്ല തമാശയാണ്. ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് എന്‍റെ പിറകെ നടന്നയാളാണ്. അന്നൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ലായിരുന്നു. അങ്ങനെ നടക്കട്ടെയെന്ന് ഞാനും വിചാരിച്ചു. എനിക്കത് ഇഷ്‌ടമായിരുന്നു. ഞാൻ പോകുന്ന വഴിയിലും തട്ടുകടയിലുമൊക്കെ കക്ഷി അങ്ങനെ നോക്കി നിൽക്കും. ഇങ്ങനെ നോക്കുന്നത് കാണുമ്പോൾ ടെൻഷൻ തോന്നുമായിരുന്നു. നാട്ടിലുള്ളവർക്ക് എന്നെ നല്ല പരിചയമാണ് അവരൊക്കെ ശ്രദ്ധിക്കുമോയെന്ന പേടിയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആൾക്ക് ശരിക്കും ഇഷ്‌ടമാണെന്ന് മനസ്സിലായി. പിന്നെ പതിയെ എനിക്കും ഇഷ്ടം തോന്നിത്തുടങ്ങി. ഡിഗ്രി സെക്കന്‍റ് ഇയർ ആയപ്പോൾ ഞാനെന്‍റെ ഇഷ്ടം തുറന്നു പറഞ്ഞു. ഡിഗ്രി ഫൈനൽ ഇയർ കഴിഞ്ഞതോടെ ഞങ്ങൾ കല്യാണം കഴിച്ചു. വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് എനിക്കിഷ്ടം. എന്നെ ഏറ്റവും നന്നായി മനസ്സിലാക്കുന്നയാളാണ് വിഷ്ണുവേട്ടൻ.

ലൊക്കേഷനിലേക്ക് കൂട്ട് വരാൻ ആൾ ഉണ്ടല്ലോ…

അനു (ചിരിക്കുന്നു) വിഷ്ണുവേട്ടന് തിരക്കുള്ളപ്പോൾ അച്‌ഛനാണ് കൂട്ട് വരുന്നത്. വിഷ്ണുവേട്ടൻ വരികയാണെങ്കിൽ എന്‍റെ മാമനും കൂടെ വേണമെന്ന് നിർബന്ധമാണ്. രണ്ടുപേരും നല്ല കമ്പനിയാണ്. അതുകൊണ്ട് ദീർഘനേരമായുള്ള ഷൂട്ടിംഗ് അവരെ ബോറടിപ്പിക്കില്ല. അങ്ങനെയുള്ള യാത്രകൾ ഞങ്ങൾ അടിച്ചു പൊളിച്ചാണ് പോവുക.

ഒഴിവ് സമയം എങ്ങനെ ചെലവഴിക്കും?

എന്‍റെ വീട്ടിൽ നിന്ന് കഷ്‌ടിച്ച് ഒരു കിലോമീറ്റർ അപ്പുറമാണ് വിഷ്ണുവേട്ടന്‍റെ വീട്. എന്‍റെ വീടിന് അടുത്തായാണ് അമ്മൂമ്മയും അമ്മയുടെ അനിയത്തിയും മാമനുമൊക്കെ താമസിക്കുന്നത്. അതുകൊണ്ട് ഒഴിവ് ദിവസം അമ്മൂമ്മയുടെ അടുത്ത് ഓടി ചെല്ലും. എനിക്ക് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കണം. മാമന്‍റെ മോൻ എപ്പോഴും എന്‍റെ കൂടെയുണ്ടാകും. ചെറിയ കുട്ടിയാണ്. ഞങ്ങൾ എല്ലാവരും വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്. പിന്നെ വിഷ്ണുവേട്ടന്‍റെ അമ്മയുമായും ഞാൻ നല്ല കൂട്ടാണ്.

കൽപ്പറ്റയിലാണ് എന്‍റെ വീട്. എന്‍റെ അച്‌ഛൻ സലാമിനെ എല്ലാവർക്കും പരിചയമായതു കൊണ്ട് എന്നേയും എല്ലാവർക്കും അറിയാം. ഇഷ്ടപ്പെട്ട ഹോബി ടിവി കാണുന്നതാ. സിനിമ കാണും. പിന്നെ സംസാരവും (അനു ചിരിക്കുന്നു)

വീട്ടിലുള്ളവർ സിനിമ കണ്ട് അഭിപ്രായം പറയാറുണ്ടോ?

 പിന്നല്ലാതെ… നീ അങ്ങനെ ചെയ്താൽ ശരിയാകുമായിരുന്നു എന്നൊക്കെ മമ്മി കൃത്യമായി പറയും. ഞാൻ ലൊക്കേഷനിൽ നിന്നും മടങ്ങി വന്നാൽ അച്‌ഛനോട് കഥ മുഴുവനും പറയണം. ഞാൻ അഭിനയിച്ച രീതിയൊക്കെ പറയണം. അച്‌ഛൻ അതൊക്കെ കേട്ട ശേഷമെ അഭിപ്രായം പറയൂ. പിന്നെ അഭിനയം വിലയിരുത്താൻ ഒപ്പം ഒരാളുണ്ടല്ലോ വിഷ്ണുവേട്ടൻ.

എനിക്ക് ഒരു അനിയത്തിയുണ്ട്. അനു സൊനാര. എന്നേക്കാൾ 7 വയസ്സിന് ഇളയതാണവൾ. എന്നെ ഇഞ്ഞാ എന്നാണ് അവൾ വിളിക്കുക. അവൾ മാത്രമല്ല എന്‍റെ കസിൻനൊക്കെ അങ്ങനെയാ വിളിക്കുക.

ഇതുവരെ എത്ര ചിത്രങ്ങളായി. പുതിയ പ്രൊജക്റ്റ്?

പൊട്ടാസ് ബോംബ്, ഒരു ഇന്ത്യൻ പ്രണയ കഥ, ഹാപ്പി വെഡിംഗ്, അച്ചായൻസ്, രാമന്‍റെ ഏദൻ തോട്ടം, ക്യാപ്റ്റൻ പിന്നെ ചില തമിഴ് പടങ്ങൾ പക്ഷേ, റിലീസായിട്ടില്ല.

വയനാടിനോട് ഒത്തിരി ഇഷ്ടമാണോ?

 അയ്യോ, ലോകത്തെവിടെ പോയാലും വയനാട്ടിലെ വീട്ടിലെത്താനാണ് മനസ്സെപ്പോഴും മോഹിക്കുക. എറണാകുളത്തൊക്കെ വർക്കുമായി ബന്ധപ്പെട്ട് പോകുമ്പോൾ വല്ലാത്ത ശ്വാസം മുട്ടലാണ്. ഒന്നോ രണ്ടോ ദിവസം തങ്ങാം. പക്ഷേ അത് കഴിഞ്ഞാൽ വയനാട്ടിൽ തിരിച്ചെത്തണമെന്ന വിചാരമായിരിക്കും. വയനാട്ടിലെ കാറ്റും പ്രകൃതി സൗന്ദര്യവുമൊക്കെ മനസ്സിനെ അത്രമാത്രമാണ് മോഹിപ്പിക്കുന്നത്.

 

और कहानियां पढ़ने के लिए क्लिक करें...