അയാൾ ഓടി വരുന്നത് കണ്ടിട്ടായിരിക്കണം, സെക്യൂരിറ്റിക്കാരൻ മുരുഗൻ രണ്ടു വിരലുകളും വായിൽ തിരുകി വിസിലടിച്ചു…. നീട്ടിയടിച്ചു.
അതിന് ഫലമുണ്ടായില്ല, അരമിനിറ്റ് വ്യതാസത്തിൽ 5.40 നുള്ള ബസ്സ് അയാളെ കൂട്ടാതെ പുക തുപ്പി കടന്ന് പോയി.
ബസ്സ് കിട്ടാത്തതിൽ മുരുഗനും നിരാശനായിരിക്കണം.
“ഇങ്കെ ഉക്കാര്… സർ…” നിറം മങ്ങിയ ഒരു പഴയ കസേര ചൂണ്ടിക്കാട്ടി മുരുഗൻ പറഞ്ഞു.
“നമ്മ പേസിക്കിട്ടെയിരിക്കലാം”.
“വേണ മുരുഗാ… തല വലിക്ക്ത്… സീക്രം പോണം.”
“ഓട്ടോ യെഥാവത് കിടയ്ക്കുമാ..?”
“ചാൻസേ കെടയാത്… സർ…”
“പക്കത്തിലെ മെയിൻ റോഡിലെ യിരുന്ത് ബസ്സ് കെടയ്ക്കും, ആനാൽ നടന്ത്താൻ പോണം… ഓക്കെയാ.”
“ഓക്കെ മുരുഗാ… നാളൈ കാല യിലെ പാക്കലാം.”
മുരുഗനോട് ബൈ പറഞ്ഞു നടന്ന് തുടങ്ങി.
ബസ്സിന്‍റെ ഹോൺ അടി കേട്ട്, ബാഗ് എടുത്ത് ഒന്നാം നിലയിൽ നിന്നും ധൃതിപ്പെട്ട് സ്റ്റൈയർകേസ് വഴി ഓടി ഇറങ്ങിയതാണ്. എന്നും പതിവുള്ളതുമാണ്. ആ ഡ്രൈവർക്ക് വേറെന്തോ തിരക്ക് ഉണ്ടായിരുന്നിരിക്കണം. നാളെ ഒരു പത്തു മിനിറ്റ് നേരത്തെ ഇറങ്ങാം. അതെ ഉള്ളൂ ഒരു പരിഹാരം.
തമിഴ്നാട്ടിലെ ക്ഷേത്ര നഗരമായ മധുരൈക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് അയാളിപ്പോൾ. അഞ്ഞൂറോളം തൊഴിലാളികൾ പണിയെടുക്കുന്ന വെങ്കിടേശ്വര ടെക്സ്റ്റ്സ്റ്റൈൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനത്തിന്‍റെ, കോർപ്പറേറ്റ് ഓഫീസിന്‍റെ ഇന്‍റീരിയർ പ്രോജക്ടിന്‍റെ മുഴുവൻ ചുമതലയും അയാൾക്കായിരുന്നു. കൊച്ചിയിലെ പ്രശസ്തമായ ഒരു ഇന്‍റീരിയർ സ്‌ഥാപനത്തിനായിരുന്നു കോൺട്രാക്ട്.
രണ്ടുമാസം മുന്നെയാണ് കൊച്ചിയിലെ ഓഫീസിൽ നിന്നും അയാൾ ഇവിടേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടത്. ആജ്ഞകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്ന ഉത്തർപ്രദേശുകാരായ പന്ത്രണ്ടോളം തൊഴിലാളികളും അയാളും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്.
നേരിയ ചൂട് കാറ്റ് ഉണ്ടായിരുന്നു. റോഡിനിരുവശവും വിശാലമായ സ്‌ഥലങ്ങൾ. സർക്കാർ പദ്ധതി പ്രകാരം ഒരേ അകലത്തിലും ഒരേ നിരയിലും നട്ട് പിടിപ്പിച്ച പുളിമരങ്ങൾ കാണുന്നതാണ് ഏക ആശ്വാസം. പുളി മരങ്ങളിൽ തട്ടി വരുന്ന കാറ്റിന് ഇളം തണുപ്പ് അനുഭവപ്പെട്ടു.
വിറകുകൾ ശേഖരിച്ചു തലച്ചുമടായി കൊണ്ടു പോകുന്ന യുവതികൾ. കുറ്റിച്ചെടികളും മറ്റും ഉണങ്ങിക്കരിയാറായ നിലയിലാണ്.
പശുക്കളുടെ കൂട്ടം… തവിട്ട് നിറത്തിലുള്ള മൺപൊടി പറത്തിക്കൊണ്ട് വരുന്നു. കൈയിൽ നീളമുള്ള വടി പിടിച്ച ഒരു പയ്യനെ അനുസരിച്ച് വീട്ടിൽ എത്താനുള്ള തത്രപ്പാടിലാണ്. പശുക്കളെ പോലെ തന്നെ പ്രകൃതിക്കും തവിട്ട് നിറമായിരുന്നു.
തണ്ണിത്തൊട്ടിക്കരികിൽ സ്ത്രീകളും, കുട്ടികളും, ആണുങ്ങളും അടക്കം നിരവധി പേർ ഉണ്ടായിരുന്നു. ചിലർ കുടങ്ങളിലും പാത്രങ്ങളിലും വെള്ളം നിറച്ചു തലച്ചുമടായും കൈകളിൽ എടുത്തും വീടുകളിലേക്ക് നടക്കുന്നു.
ചിലർ വസ്ത്രങ്ങൾ നനയ്ക്കുന്നു, ചില അമ്മമാർ കുട്ടികളെ കുളിപ്പിക്കുന്നു. ആകെ ഒരു ബഹളം.
ശരീരം മുഴുവൻ എണ്ണ തേച്ച ഒരു കുട്ടിക്കുറുമ്പൻ, അവന്‍റെ അമ്മക്ക് പിടികൊടുക്കാതെ വട്ടം ചുറ്റി ഓടുന്നു. കൂട്ടത്തിൽ ഒരു മുതിർന്ന കുട്ടി അവനെ കോരി എടുത്ത്, മുത്തം കൊടുത്ത് അവന്‍റെ അമ്മയെ ഏൽപ്പിക്കുന്നു. അവനെ പിടിച്ചു നിർത്തി വെള്ളം ഒഴിച്ച് സോപ്പ് തേച്ചു കുളിപ്പിക്കുന്നു.
ആണുങ്ങളിൽ പലരും ചെറിയ പാത്രങ്ങളിൽ വെള്ളം കോരിയെടുത്തു അൽപം മാറി നിന്ന് കുളിക്കുന്നു. സംസാരിച്ചു കൊണ്ട് സോപ്പ് തേക്കുന്നു. ഒരു സോപ്പ് തന്നെ പലരും മാറി മാറി ഉപയോഗിക്കുന്നു.
കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി നോക്കുന്ന പളനി ചാമിയും ആ കൂട്ടത്തിൽ ഉണ്ട്.
അരയോളം ഉയരത്തിൽ ഇഷ്ടിക കെട്ടി, സിമന്‍റ് പൂശി വൃത്തിയാക്കി അതിൽ വെള്ളം നിറച്ചു ജനങ്ങളുടെ ഉപയോഗത്തിനായി വിട്ടു കൊടുക്കുന്ന ഒരു സംവിധാനമാണ് തണ്ണിതൊട്ടി.
ആ നാട്ടുകാരുടെ ജലസ്രോതസ്, ജനാധിപത്യത്തിന്‍റെ, സോഷ്യലിസത്തിന്‍റെ മറ്റൊരു മുഖം. എത്ര സന്തോഷവാന്മാരായാണ് അവർ ആ സംവിധാനങ്ങളെ ഉപയോഗിക്കുന്നത്. ചുകന്ന പുറം ചട്ടയുള്ള രണ്ടിഞ്ചു കനമുള്ള താടിക്കാരന്‍റെ മുഖമുള്ള പുസ്തകം അവർ വായിക്കാൻ ഇടയില്ല.
സ്നേഹവും, സന്തോഷവും സേവന മനസ്‌ഥിതി നിലനിർത്താനും തിരിച്ചറിവ് മാത്രം മതി എന്ന തിരിച്ചറിവുള്ളവർ.
തണ്ണി തൊട്ടി സോഷ്യലിസം, വിപ്ലവങ്ങളിൽ പരാജയപ്പെട്ട അയാളുടെ വിലപ്പെട്ട കാഴ്ചകളിൽ ഒന്നാണ്.
ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികളുടെ കൂട്ടം. അടുത്തുള്ള പ്രൊഫഷണൽ കോളേജിൽ പഠിക്കുന്നവർ, ഭൂരിഭാഗം പേരും മലയാളികൾ. പലപ്പോഴായി കണ്ട് അവരെ പരിചിതമായിരിക്കുന്നു. എല്ലാവരോടുമായി അയാൾ ചിരിച്ചു.
“പേർ വെച്ചാലും വെക്കാമെ പോനാലും മല്ലിവാസം…
അത് കുട്രാല സുഖവാസം…”
ബസ്സിലെ സ്റ്റീരിയോവിൽ നിന്നും തമിഴ്പാട്ട് ഒഴുകി വന്നു. സൈഡ് സീറ്റിൽ ചാരി ഇരുന്ന് അയാൾ ആ പാട്ട് സീൻ ഓർക്കുകയായിരുന്നു. കമലഹാസനും കുശ്ബുവും ഒരേ താളത്തിൽ കൈകാലുകൾ ചലിപ്പിച്ച് സീനിൽ നിറഞ്ഞാടി. കമൽഹാസൻ നാലു വേഷങ്ങൾ ഒരുമിച്ച് ചെയ്‌ത ഒരു സിനിമ ആയിരുന്നു അത്.
ആട്ടിൻ കൂട്ടങ്ങളെ മേയ്ച്ചു, വീട്ടിലേക്ക് കൂടണയുന്നവർ. സൈഡ് കമ്പി പിടിച്ചു അയാൾ ആ കാഴ്ചകൾ കണ്ണിൽ നിന്നും മറയും വരെ നോക്കി.
ബസ്സിറങ്ങി അൽപം നടന്നപ്പോൾ അയാൾ താമസസ്ഥലത്ത് എത്തി. ചെറിയ ഗേറ്റിനരികിൽ ഹൗസ് ഓണർ പാട്ടി നിൽപ്പുണ്ടായിരുന്നു. പ്രൈമറി സ്ക്കൂളിലെ ടീച്ചർ, റിട്ടയർ ആയി പത്തിരുപതു വർഷം ആയിരിക്കുന്നു.
ചുളിവുകൾ വീണ ഇരുകൈകളിലും നിറയെ കൊമ്പു വളകൾ, കാതിൽ കടുക്കൻ പോലെയുള്ള കമ്മൽ, കഴുത്തിൽ മഞ്ഞ കയർ താലി, നിറയെ പൂക്കൾ ഉള്ള കോട്ടൺ സാരി. ചിരിച്ചു കൊണ്ട് നിൽക്കുന്ന പാട്ടിയോടു കുശലം പറഞ്ഞു അയാൾ മുകളിലേക്ക് കയറാൻ നോക്കി.
“പാട്ട് യെതും പാടാമെ എങ്കെ പോകിരെ നീ…” പാട്ടി ചോദിച്ചു.
“അപ്പടിയാ… സരി, ഇപ്പൊ പടുകിറേൻ.”
“മഴൈ വരുത്… മഴൈ വരുത് കുടൈ കൊന്‍ട്‍ര വാ…
മാനെ ഒൻ മാറാപ്പിലെ ഹോയ്…
വെയിൽ വരുത്… വെയിൽ വരുത് നിഴൽ കൊൻട്‍ര വാ
മന്നാ ഒൻ പേരൻപിലെ…
മഴൈ പോൽ നീയേ…
പൊഴിന്താൽ തേനേ…” ദാസേട്ടനും ചിത്രയും പാടിയ ഒരു ഡ്യൂയറ്റ്.
അയാളുടെ പാട്ട് കേട്ടപ്പോൾ പാട്ടിക്ക് സന്തോഷമായി. എന്നും കാണുമ്പോൾ പാടിക്കൊടുക്കാറുള്ളതാണ്, ഇന്ന് പാട്ടി ചോദിച്ചു വാങ്ങിയിരിക്കുന്നു.
നല്ലാർക്ക്… നല്ലാ പടുകിറേൻ നീ…
എന്നെത്തെയും പോലെ ഇന്നും പാട്ടി അയാളെ അഭിനന്ദിച്ചു. രണ്ടുപേരും ചിരിച്ചു.
വീടിനു മുന്നിലെ അരിപ്പൊടി കോലങ്ങളിൽ അയാളുടെ കണ്ണുടക്കി. കാറ്റും വെയിലുമേറ്റ് അലങ്കോലമായതാണോ…!!?
പൂക്കളും അതിനെ ബന്ധിപ്പിക്കുന്ന വള്ളികളും ഒക്കെയായിരുന്നു ഇന്ന് അതിരാവിലെ പാട്ടി വരച്ച ആ കോലങ്ങളുടെ തീം.
വരച്ച പൂക്കൾക്ക് അൽപ സമയത്തിനുള്ളിൽ ജീവൻ വച്ച്, സന്തോഷത്തോടെ കളിച്ചുല്ലസിച്ചു രസിച്ചത് കൊണ്ടാകാം ആ കോലങ്ങൾ അലങ്കോലമായത്. ജീവൻ വച്ച ആ പൂക്കളായി രിക്കാം പാട്ടിയുടെ സാരിയിൽ കയറി പറ്റിപ്പിടിച്ചു ജീവനോടെ ഇരിക്കുന്നത്.
“കണ്മണി… അൻപോടെ കാതലൻ…
നാൻ എളുതും കടിതമേ…
പൊന്മണി… ഉൻ വീട്ടു സൗക്യമാ…
നാമ് ഇങ്ക് സൗഖ്യമേ…”
പാട്ട് പാടി ക്കൊണ്ട് അയാൾ പുറത്തെ ഗോവണിയിലൂടെ മുകളിലേക്ക് കയറി.
“ലാ ലാലാ…ലാ ലാ…ലാ ലാലാ…ലാ ലാ
ലാ ലാലാ…ലാ ലാ…ലാ ലാലാ…
പ്രതീക്ഷിച്ച പോലെ അയാൾ പാടിയ അതെ ഈണത്തിൽ ഒരു പെൺകുയിലിന്‍റെ എതിർപാട്ട്.
കുറച്ച് ദിവസമായി ഇത് തുടങ്ങിയിട്ട്…
മെഡിക്കൽ സ്റ്റുഡന്‍റസ് നാലഞ്ചു പേർ താമസിക്കുന്നത് രണ്ടാം നിലയിലാണ്. അവിടെ നിന്നും അയാൾ പാടുന്ന പാട്ടുകൾക്ക് എതിർ പാട്ട് കിട്ടുന്നത് ഒരു പതിവായിരിക്കുന്നു.
ആരായിരിക്കും ആ പെൺകുയിൽ…?
എന്നും രാവിലെ അവർ അഞ്ചുപേരും അണിഞ്ഞൊരുങ്ങി, ഒന്നിച്ച് വടക്ക് ഭാഗത്തെ ഗോവണി വഴി ഇറങ്ങി പോകുന്നത് കാണാറുള്ളതാണ്. അതിൽ വിടർന്ന കണ്ണുകൾ ഉള്ള സേലം കാരി സേതുലക്ഷ്മി ആയിരിക്കുമോ…?
കാണുമ്പോൾ ഒക്കെ അവളാണല്ലോ കണ്ണുകൾ കൊണ്ട് അയാൾക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാറുള്ളത്.
ബാഗിൽ നിന്നും അയാൾ താക്കോൽ പുറത്തെടുത്തു തന്‍റെ മുറി തുറന്നു. ഒന്നുകൂടി ആ എതിർപാട്ട് കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി.
അദ്ഭുതം എന്ന് പറയട്ടെ…
ലാ ലാലാ….ലാ ലാ…ലാ ലാലാ… ലാ ലാ…
വീണ്ടും എതിർപാട്ട് പാടി കൊണ്ട് പെൺകുയിൽ ആ ഭാഗത്തെ ഒരു ജനൽപാളി പതുക്കെ തുറന്നു.
കുയിലുകൾ പരസ്പരം കണ്ടു.
അയാൾ അന്നേ മനസ്സിലാക്കിയിരിക്കുന്നു എന്ന അർത്ഥത്തിൽ തലയാട്ടി ചിരിച്ചു കൊണ്ടിരുന്നു.
ഒരു കൈകൊണ്ട് ജനലഴികളിൽ പിടിച്ച് മറ്റേ കൈകൊണ്ടു മുടിയിഴകൾ കോതി ഒതുക്കിക്കൊണ്ട് അവളും ചിരിച്ചു.
അത് സേതുലക്ഷ്മി ആയിരുന്നു. അതെ സേലംകാരി സേതുലക്ഷ്മി.
അയാൾ വാതിലുകൾ മലർക്കെ തുറന്ന് വച്ച് സോഫയിൽ ചെന്നിരുന്നു. അവളെ നോക്കി…
കണ്ണുകൾ തമ്മിൽ സംസാരിച്ചു, കുറച്ച് നേരം അത് തുടർന്നു.
എന്നും പാടണം… എതിർ പാട്ട് പാടാൻ ഞാൻ എന്നും ഇവിടെ ഉണ്ടാകും… അവളുടെ കണ്ണുകൾ അയാളോട് പറഞ്ഞു. അൽപനേരം അത് തുടർന്നു. ഇന്ന് ഇത്രയും മതി എന്ന് പറഞ്ഞു കൊണ്ട് അവൾ ജനൽപ്പാളികൾ ചേർത്ത് അടച്ചു. അയാൾ തന്‍റെ വാതിലുകളും. രണ്ടുപേരും അപ്പോൾ ആ ഈണം മൂളിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
വസ്ത്രങ്ങൾ മാറ്റി ടൗവൽ എടുത്ത് ബാത്ത്റൂമിലേക്ക് പോകാൻ ഒരുങ്ങവെ, ഫോൺ ശബ്ദിച്ചു.
കൊച്ചിയിൽ നിന്നും ബോസ് ആണ് വിളിക്കുന്നത്.
“ഹലോ…. നമസ്കാരം”
മറുതലക്കൽ നിന്നും നമസ്കാരം കിട്ടി. ബോസ് കാര്യങ്ങൾ പറഞ്ഞു.
“ശരി…”
ഞാൻ ഇപ്പോൾ തന്നെ മെയിൽ ചെയ്യാം എന്ന് അറിയിച്ചു. ഫോൺ കട്ട് ചെയ്‌തു.
ഉടനെ ലാപ്ടോപ്പ് ഓൺ ചെയ്‌ത് മടിയിൽ വച്ചു. ഇന്നലെ മുതലുള്ള പർച്ചേസിന്‍റെയും വർക്ക് പ്രോഗ്രെസ്സിന്‍റെയും ഡീറ്റെയിൽസ് ഇംഗ്ലീഷ് അക്ഷരങ്ങൾ ആയി മാറി. ഒന്നു കൂടി വായിച്ചു ശരിയെന്നു ഉറപ്പ് വരുത്തി അയാൾ സെന്‍റ് ബട്ടണിൽ ക്ലിക്ക് ചെയ്‌തു.
സോഫയിൽ ചാഞ്ഞിരുന്നു. ചിന്തകളെ തന്‍റെ സ്വപ്നമായ ആ പ്രോജക്ടിലേക്ക് അയാൾ തിരിച്ചു വിട്ടു.
റിസപ്ഷൻ ഏരിയയോട് ചേർന്ന് വരുന്ന ലോബിയിലെ 144 സ്ക്വയർ ഫീറ്റിൽ വരുന്ന ഫൗണ്ടൻ ആണ് ആ പ്രോജക്ടിന്‍റെ പ്രധാന ആകർഷണം.
മലമുകളിൽ നിന്നും കുത്തിയൊലുച്ചു വരുന്ന ഒരു വെള്ളച്ചാട്ടം എന്ന രീതിയിൽ ആണ് അത് പ്ലാൻ ചെയ്‌തത്. ഒപ്പം കളർഫുൾ ലൈറ്റും നേരിയ സംഗീതവും. തൊട്ടടുത്തു തന്നെയാണ് വിസിറ്റേഴ്സ് ലോഞ്ച്. അതായത് അവിടെ വരുന്ന സന്ദർശകരുടെ മനസ്സിനെ ഈ കൃത്രിമ വെള്ളച്ചാട്ടം കാണിച്ചു ഒന്ന് തണുപ്പിക്കുക അല്ലെങ്കിൽ സുഖിപ്പിക്കുക എന്നതാണ് പ്രധാന ഉദ്ദേശം.
ഇതിന്‍റെ ഭാഗമായ കൊത്തനാർ വേലയ്ക്കായ് (തേപ്പ് പണി) രണ്ടുപേർ വന്നിരുന്നു. കാളിമുത്തുവും അയാൾക്ക് സഹായത്തിനായി കൂടെ ഒരു സ്ത്രീയും. തൊട്ടടുത്തു തന്നെയുള്ള മറ്റൊരു കെട്ടിടത്തിന്‍റെ സിവിൽ വർക്കിന്‍റെ ചുമതലയുള്ള സെൽവൻ ആണ് അവരെ ഏർപ്പാടാക്കി തന്നത്.
അടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് അവർ വന്നത്. നാലഞ്ച് ദിവസത്തോളം അയാളുടെ നിർദേശ പ്രകാരം അവിടെ ജോലി ചെയ്‌തു.
മുപ്പത്തഞ്ചു വയസ്സോളം പ്രായമുള്ള ആ സ്ത്രീയുടെ പ്രത്യേകതകൾ അയാൾ ശ്രദ്ധിച്ചിരുന്നു. മുമ്പ് എങ്ങോ കണ്ട് നല്ല പരിചയമുള്ളത് പോലെ അയാൾക്ക് തോന്നി.
എണ്ണ കറുപ്പ് നിറമായിരുന്നു അവർക്ക്. ഐശ്വര്യം തുളുമ്പുന്ന മുഖം, കടഞ്ഞെടുത്തത് പോലുള്ള ശരീരം, ഭംഗിയേറെ ഉള്ള കണ്ണുകളിൽ കണ്ട തിളക്കം അയാളെ അമ്പരിപ്പിച്ചു. മീനിന്‍റെ കണ്ണുകൾ പോലെ പിടച്ചു കൊണ്ടിരുന്നു. എള്ളിൻ പൂ പോലെ നീണ്ട അവരുടെ മൂക്കിന് മാറ്റ് കൂട്ടുവാൻ തിളങ്ങുന്ന വെള്ളക്കൽ പതിച്ച മൂക്കുത്തി. നിരയൊത്ത പല്ലുകളുടെ ഭംഗി അവർ ചിരിക്കുമ്പോൾ പ്രകടമാണ്. പതിഞ്ഞ ശബ്ദത്തിൽ വിനയത്തോടെയുള്ള സംസാരം. പറഞ്ഞ പല കാര്യങ്ങളിൽ നിന്നും അവർ ദൈന്യത അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി. ഇത്രയൊക്കെ ആയിട്ടും ആ സ്ത്രീയുടെ പേര് എന്താണെന്ന് ചോദിക്കാൻ അയാൾ മറന്ന് പോയിരിക്കുന്നു.
അവരെ ഇനി കാണാൻ പറ്റുമോ…!!?
ഒരാഴ്ച കഴിഞ്ഞ് ബാത്ത്റൂമിന്‍റെ അകത്തളങ്ങളിലെ പണിക്കായി വരാമെന്ന് ഉറപ്പ് നല്കിയിട്ടാണ് അവർ രണ്ടുപേരും പോയത്. അവർ വന്നില്ലെങ്കിലോ…? ഇനി അഥവാ വന്നാൽ തന്നെ കാളിമുത്തുവിന്‍റെ കൂടെ സഹായിയായി അവർ തന്നെ വരണം എന്ന് അയാൾക്ക് നിർബന്ധം പിടിക്കാൻ പറ്റുമോ. മനസ് മുഴുവൻ അവരെ കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു.
എവിടെയാണ് ഇതിനു മുമ്പ് അയാൾ ആ സ്ത്രീയെ കണ്ടത്. എവിടെയായിരിക്കും…? ആാ… അയാൾ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു. ഷവർ ഓൺ ചെയ്‌തു. തലയിലൂടെ വെള്ളം പെയ്തിറങ്ങിയപ്പോൾ ആകെ ഒരു തണുപ്പ് അനുഭവപ്പെട്ടു. ആ തണുപ്പിൽ ആരോ വന്ന് പറഞ്ഞത് പോലെ ആ സത്യം അയാൾ അറിഞ്ഞു. ആ സ്ത്രീയെ എവിടെയാണ് ഇതിനു മുമ്പ് കണ്ടത് എന്ന യാഥാർത്ഥ്യം അയാൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ശരിയാണ് അവിടെയാണ് അയാൾ അവരെ കണ്ട്, അവിടുത്തേക്ക് ഇപ്പോൾ തന്നെ പോകണം, എന്നിട്ട് ഉറപ്പു വരുത്തണം.
കുളി കഴിഞ്ഞു ഡ്രസ്സ് ചെയ്‌ത് പോകാൻ തയ്യാറായി. എങ്ങനെ പോകും? ഫോൺ എടുത്ത് താഴത്തെ നിലയിൽ താമസിക്കുന്ന ജയകുമാറിനെ വിളിച്ചു. ആവശ്യം ഉന്നയിച്ചപ്പോൾ ജയകുമാർ സമ്മതിച്ചു. ഉടൻ തന്നെ ചാടിയിറങ്ങി അവന്‍റെ “RX 100 യമഹ ബൈക്ക് സ്റ്റാർട്ട് ചെയ്‌തു. കത്തിച്ചു വിട്ടു. പെട്രോൾ കുറവാണെന്ന കാര്യം ജയകുമാർ ഓർമ്മിപ്പിച്ചിരുന്നു, തിരിച്ചു വരുമ്പോൾ നിറയ്ക്കാം. അവിടെയെത്തുമ്പോൾ വൈകിയാലോ…!!
മധുരൈ മീനാക്ഷി ക്ഷേത്രമായിരുന്നു അയാളുടെ ലക്ഷ്യം. രാജഭരണ കാലത്ത്, നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ എവിടെയോ ആണ് അയാൾ ഇതിന് മുമ്പ് ആ സ്ത്രീയെ കണ്ടത്.
ബൈക്ക് പാർക്ക് ചെയ്‌ത് ചെക്കിങ് ഏരിയയിലേക്ക് അയാൾ കടന്നു. അവിടെയുള്ള CCTV ക്ക് പോലും അയാളുടെ മുഖം പരിചിതമായിരിക്കുന്നു, കാരണം ഈ ക്ഷേത്ര നഗരിയിൽ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളുവെങ്കിലും, ക്ഷേത്ര ദർശനം അയാൾ ഒരു പതിവാക്കിയിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിലെ കരിങ്കല്ലിൽ തീർത്ത അദ്ഭുതങ്ങൾ അയാൾക്ക് എന്നും ഒരു വിസ്മയം ആയിരുന്നു. ദ്രാവിഡ വാസ്തു കലയിൽ അധിഷ്ഠിതമായ മുപ്പത്തിമൂവ്വായിരത്തോളം വരുന്ന ശില്പങ്ങളും, ആയിരം കൽ മണ്ഡപവും, കൊത്തുപണികളാൽ അലംകൃതമായ ക്ഷേത്ര ഗോപുരങ്ങളും കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്.
ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ശില്പികളുടെ അറിവും വൈദഗ്ധ്യവും ഓരോ ശില്പങ്ങളിലും പ്രകടമാണ്.
ക്ഷേത്ര ദർശനത്തിനായ് അൽപ സമയം വരിയിൽ നിൽക്കേണ്ടി വന്നു. ആളുകൾ കുറവായിരുന്നു. ശ്രീകോവിലിനു മുന്നിൽ നിന്നും അയാൾ കണ്ണടച്ച് കൈകൂപ്പി തൊഴുതു, പ്രാർത്ഥിച്ചു. പതുക്കെ കൺ തുറന്ന് കൃഷ്ണശിലയിൽ തീർത്ത ആ വിഗ്രഹത്തെ കൺ നിറച്ചു കണ്ടു. നേരത്തെ മനസ്സിലാക്കിയ ആ സത്യത്തെ അയാൾ ഒന്നു കൂടി നോക്കി ഉറപ്പിച്ചു.
അതെ… അയാൾ കണ്ടതും കണ്ടെത്തിയതും സത്യമാണ്. കറുത്ത കൃഷ്ണ ശിലയിൽ തീർത്ത ഈ വിഗ്രഹത്തിന്‍റെ മുഖവും, കാളിമുത്തുവിന്‍റെ കൂടെ സഹായിയായി വന്ന ആ സ്ത്രീയുടെ മുഖവും ഒരേ പോലെയിരിക്കുന്നു.
അതേ കണ്ണുകളും, മൂക്കും, കവിളും, ചുണ്ടുകളും, നെറ്റിത്തടവും, കഴുത്തും, ആകാരഭംഗിയും എല്ലാം ഒരേ പോലെ.
ആ സ്ത്രീയെ പോലെ രൂപസാദൃശ്യം ഉള്ള ഒരാളെ മാതൃകയാക്കി ആയിരിക്കണം അജ്ഞാതനായ ആ ശിൽപി പതിനായിരങ്ങൾ തൊഴുതു കുമ്പിടുന്ന ഈ മൂലവിഗ്രഹം പണിതിട്ടുണ്ടാവുക.
ഞാൻ എന്തൊരു ഭാഗ്യവാൻ… ജീവനോടെയുള്ള ദൈവരൂപത്തെ കാണാൻ ഭാഗ്യം ലഭിച്ചവൻ. അയാൾ സ്വയം പറഞ്ഞു. ഇതൊരു നിയോഗം ആയിരിക്കണം. ഇതുപോലെയുള്ള സത്യങ്ങൾ മനസ്സിലാക്കാനും അനുഭവിക്കാനുമുള്ള നിയോഗം.
പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഏതോ ഒരു അജ്ഞാതശക്തി ആയിരിക്കണം അയാളെ അതിനു നിയോഗിച്ചത്. ആ സമയം സമാഗതമായത് കൊണ്ടായിരിക്കാം കൊച്ചിയിൽ നിന്നും അയാളെ തന്നെ ഈ പ്രോജക്ടിനായി തെരഞ്ഞെടുത്തത്.
തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ അയാളുടെ മനസ്സ് മുഴുവൻ അയാൾ മനസ്സിലാക്കിയ ആ സത്യവും ആ സ്ത്രീയും ആയിരുന്നു. അവരെ വീണ്ടും കാണണം, അവരെക്കുറിച്ച് കൂടുതൽ അറിയണം.
എന്തായിരിക്കാം അവരുടെ പേര്?
അയാളിലെ ജിജ്ഞാസ ഉണർന്നു. പക്ഷേ ഇനിയും ഒരാഴ്ച കാത്തിരിക്കണം എന്നുള്ളത് അയാളെ തെല്ലു നിരാശനാക്കി. എങ്കിലും എത്രയും വേഗം തന്നെ അവരെ കാണാനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചു.
അയാൾ അയാൾക്ക് തന്നെ ശുഭരാത്രി നേർന്നു കൊണ്ട് നിറഞ്ഞ മനസ്സോടെ കിടന്നുറങ്ങി.
കുതിരകളുടെ കുളമ്പടി ശബ്ദങ്ങൾ, അത് നേർത്തു വരുന്നു. തലപ്പാവുകളും പ്രത്യേക വേഷവിധാനത്തോടെയും ഉള്ള രാജ കിങ്കരന്മാർ, നാലഞ്ചു പേർ. അവർ കുതിര പുറത്തു നിന്നും ചാടിയിറങ്ങി. രാജാവിന്‍റെ ദൂതുമായി വന്നവരാണ്.
പ്രധാന ശിൽപിയും സഹായികളും അവരെ എഴുന്നേറ്റ് നിന്ന് വണങ്ങി. ദൂതിന്‍റെ ചുരുൾ നിവർത്തി അവർ വിളംബരം ചെയ്തു. ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമത്തിന്‍റെ തീയതിയും വിശദീകരണങ്ങളും ആയിരുന്നു ആ വിളംബരത്തിൽ.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ എല്ലാ പണികളും തീർക്കണം. പ്രധാന ശിൽപി അവരവരുടെ ഉത്തരവാദിത്വങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് തന്‍റെ സഹായികൾക്ക് നിർദ്ദേശം നൽകി.
ക്ഷേത്രത്തിനോട് ചേർന്നുള്ള ചെറിയ ചെറിയ താത്കാലിക കൂടാരങ്ങളിലാണ് ശില്പ നിർമ്മാണം നടന്നിരുന്നത്. തുണി കൊണ്ട് മേൽക്കൂര തീർത്ത ചെറുതും വലുതുമായ പല പല കൂടാരങ്ങൾ. ശില്പികളുടെയും, കുടുംബങ്ങളുടെയും താമസ സൗകര്യവും അതിനടുത്തായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
കറുത്ത കൃഷ്ണശിലയിൽ നിർമ്മിക്കുന്ന പ്രധാന ശില്പത്തിന്‍റെ പൂർത്തീകരണത്തിനായി പ്രധാന ശിൽപി അഹോരാത്രം പണിയെടുത്തു. അയാൾ നിർമ്മിക്കുന്ന ഈ ശില്പത്തിന് ദൈവ രൂപം കൈവരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഏതാണ്ട് പണിയെല്ലാം പൂർത്തിയായി, ഇനി ഈ ശില്പത്തിന് ജീവൻ നൽകുക അല്ലെങ്കിൽ ചൈതന്യം പകരുക എന്ന ജോലി കൂടി ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്‌തിരുന്നത്.
തന്‍റെ പാരമ്പര്യസിദ്ധിയും, ബുദ്ധിയും, അറിവും, കഴിവുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ശില്പത്തിന് ജീവൻ പകർന്നു കഴിഞ്ഞാൽ പിന്നെ അത് തന്‍റേതല്ലാതായി മാറും എന്ന തിരിച്ചറിവ് ശില്പിയെ തെല്ല് അസ്വസ്ഥനാക്കി. നാളെ ഇതിന്‍റെ പ്രശസ്തിയും പ്രാധാന്യവും ജോലി ഏൽപ്പിക്കുന്ന രാജാവിന്‍റെ പേരിലാണ് അറിയപ്പെടുക. അത് എല്ലായിടത്തും അങ്ങനെ ആണ്. ശില്പിയുടെ പേര് എന്നും എവിടെയും അജ്ഞാതമായിരിക്കും. എങ്കിലും കർമ്മം ആണ് പ്രധാനം എന്ന വചനം അയാളെ കൂടുതൽ ഉത്സാഹിയാക്കി.
പ്രധാന ശില്പത്തിന്‍റെ മിനുക്കു പണികളിൽ വ്യാപൃതനായി സമയം പോയത് അയാൾ അറിഞ്ഞിരുന്നില്ല. സഹായികളെല്ലാം നേരത്തെ തന്നെ അവരവരുടെ കൂരകളിലേക്ക് പോയിരിക്കുന്നു. അന്നൊരു പൗർണമി ദിവസം ആയിരുന്നു. ശില്പത്തിന് ചൈതന്യം പകരാൻ തെരഞ്ഞെടുത്തത് ഈ ദിവസമാണ്.
കൂടാരത്തിനുള്ളിൽ പ്രധാന ശില്പവും പ്രധാന ശില്പിയും മാത്രം. ശില്പിയും ശില്പവും കണ്ണോടു കൺ നോക്കി. അംഗലാവണ്യത്താൻ ഉദാത്തമായ ആ ശില്പത്തിന്, തന്‍റെ പ്രിയ പ്രേയസിയുടെ മാതൃകയാണ് അയാൾ തെരഞ്ഞെടുത്തത്. തന്‍റെ പ്രിയതമയിൽ കണ്ടതും അനുഭവിച്ചതും അയാൾ കൃഷ്ണശിലയിലേക്ക് പകർത്തുകയായിരുന്നു. തന്‍റെ കൈകൾ കൊണ്ട് തൊട്ടും തലോടിയും അയാൾ അതിന്‍റെ പൂർണത ഉറപ്പ് വരുത്തി.
ഒരു കാൽപ്പെരുമാറ്റം കേട്ടു, തന്നിലേക്ക്നടന്നടുക്കുന്ന കൊലുസിന്‍റെ നേരിയ ശബ്ദം. തന്നെ കാണാത്തത് കൊണ്ട് അന്വേഷിച്ചു വന്നതായിരിക്കുമോ, അതോ തന്‍റെ കർമ്മത്തിന്‍റെ പൂർണതക്കായ് സ്വയം തിരിച്ചറിഞ്ഞു വന്നതായിരിക്കുമോ… തന്‍റെ പ്രിയതമ ഇതാ മുന്നിൽ വന്നു നിൽക്കുന്നു.
അയാൾ ആ കറുത്ത ശില്പത്തെയും കറുത്ത സുന്ദരിയായ തന്‍റെ പ്രിയതമയേയും മാറി മാറി നോക്കി. അയാൾ സംതൃപ്തനായി, പൂർണ്ണമായും തന്‍റെ പ്രിയതമയുടെ അംഗലാവണ്യങ്ങൾ ആ കൃഷ്ണ ശിലയിലേക്ക് പകർത്താൻ സാധിച്ചിരിക്കുന്നു.
സമയം ഏറെ വൈകിയിരിക്കുന്നു. ശില്പിയും, ശില്പവും തന്‍റെ പ്രിയതമയും മാത്രം. കൂടെ പ്രകൃതിയും… ഇളംകാറ്റും, ചിരിച്ചു പൊഴിയുന്ന നിലാവെളിച്ചവും.
അവൾ അയാളുടെ അടുത്ത് വന്നു, ചേർന്നിരുന്നു. കണ്ണിൽ കണ്ണിൽ നോക്കി. അയാളുടെ കൈവിരലുകൾ അവളുടെ തുടുത്ത കവിളുകളെയും ചുണ്ടുകളെയും തഴുകി. അവൾ പതുക്കെ കണ്ണുകൾ അടച്ചു. അയാളുടെ നിശ്വാസവായു അവളുടെ അധരത്തിൽ പതിഞ്ഞു, ഒപ്പം അയാളുടെ അധരവും. അവളുടെ കൈകൾ അയാളെ വരിഞ്ഞു മുറുക്കി, അവൾ ഒരു വള്ളിയായ് അയാളിൽ പടർന്നു. വിയർപ്പ് കണങ്ങൾ പൊഴിഞ്ഞു. പച്ചമരമായി കിടന്ന അവളിലേക്ക് ഒരു ചെറു കാറ്റായ് അയാൾ പടർന്നു കയറി.
മേൽക്കൂരയുടെ ദ്വാരങ്ങളിലൂടെ കടന്നു വന്ന നിലാവെളിച്ചം ഒരലങ്കാരമായി മാറി.
അയാൾ ഒരു കൊടുങ്കാറ്റായി മാറി. തന്‍റെ പൗരുഷം പ്രകൃതിയിലേക്ക് ചേരുന്ന നിമിഷം. തന്‍റെ കരുത്തു ഉരുകിയൊലിപ്പിച്ചു അയാൾ അവളിലേക്ക് ചേർത്ത് വച്ചു. ശില്പത്തിന് ജീവൻ നൽകുന്നതോടൊപ്പം അയാൾ അവരുടെ പരമ്പരക്കും ജീവൻ നൽകിയിരിക്കുന്നു. കറുത്ത കൃഷ്ണശിലയുടെ നിറമുള്ള പരമ്പര. അയാൾ ഞെട്ടിയുണർന്നു, നേരം വെളുത്തിരിക്കുന്നു.
കണ്ണുകൾ തിരുമ്മിക്കൊണ്ട് അയാൾ എഴുന്നേറ്റിരുന്നു. കണ്ട സ്വപ്നം അയാളുടെ കണ്ണിൽ നിറഞ്ഞു നിന്നു. കാണാൻ പോകുന്ന ആ സ്ത്രീയുടെ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള രൂപത്തെ അവരുടെ മുതുമുത്തശ്ശിയെ, അജ്ഞാതനായ ആ ശില്പിയെ കാണാൻ കഴിഞ്ഞിരിക്കുന്നു. എല്ലാം ജീവിതനിശ്ചയം അല്ലാണ്ടെന്ത് പറയാൻ.
പിറ്റേന്ന് സൈറ്റിലെ കാര്യങ്ങൾ പരിശോധിച്ചതിനു ശേഷം അയാൾ മേസ്തിരി കാളിമുത്തുവിനെ വിളിച്ചു… വിളിച്ചു കൊണ്ടിരുന്നു.
മൂന്നാമത്തെ വിളിയിൽ കാളിമുത്തു ഫോൺ എടുത്തു.
“രണ്ട്നാൾ കഴിച് വർലാം സർ.”
കാളിമുത്തുവിന്‍റെ മറുപടിയിൽ അയാൾ സംതൃപ്തനായി. ഒരാഴ്ച എന്നുള്ളത് രണ്ടു ദിവസമായി ചുരുങ്ങിയിരിക്കുന്നു. അയാളുടെ മുഖത്തു ചിരി പടർന്നു. ഉള്ളിൽ അറിയാതെ ഉയരുന്ന ആഹ്ലാദം.
ഈ സന്തോഷം ചായയുമായി വന്ന സുനന്ദക്കയോടും അയാൾ പങ്കുവച്ചു.
“എന്ന സർ… ഇന്നെക് റൊമ്പ ഹാപ്പി ആയിര്ക്ക്?”
ആമാ… ട്രേയിൽ നിന്നും ഒരു ചായ എടുത്ത് കൊണ്ട് അയാൾ പറഞ്ഞു.
എപ്പവുമെ ഹാപ്പി ആയിറിക്കട്ടും… സർ, സരിയ… മുറുക്കി നിറം മങ്ങിയ പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് സുനന്ദക്ക നടന്നകന്നു.
ഫോൺ ചെയ്‌തപ്പോൾ സംസാരിച്ചുറപ്പിച്ചത് പോലെ തന്നെ കാളിമുത്തുവും കൂടെ ആ സ്ത്രീയും ജോലി തുടങ്ങിയിരുന്നു. ബാത്ത്റൂമിൽ ടൈൽസ് വിരിക്കുന്ന ജോലിയാണ് അവർ ചെയ്‌തു കൊണ്ടിരിക്കുന്നത്. സിമെന്‍റ് മിശ്രിതവും ടൈൽസും സമയാസമയം കാളിമുത്തുവിന്‍റെ കൈകളിൽ എത്തിക്കുക എന്നതാണ് ആ സ്ത്രീയുടെ ഉത്തരവാദിത്തം.
ജീവനോടെയുള്ള ആ ദൈവ രൂപത്തെ അല്പം ദൂരെ മാറി നിന്നു അയാൾ ശ്രദ്ധിച്ചു. രണ്ടു ദിവസം മുമ്പ് മനസ്സിലാക്കിയ ആ സത്യത്തെ കുറിച്ച് ഇന്ന് തന്നെ അവരോട് ചോദിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചു. അവർക്കിടയിൽ നിന്നു കൊണ്ട് അവരിൽ ഒരാളായി നിർദ്ദേശങ്ങൾ നല്കുന്നതിനിടയിൽ അയാൾ ദൈവരൂപത്തോട് ചോദിച്ചു.
“അമ്മാ… ഉങ്കെ പേർ എന്നാ…?”
മീനാച്ചി… നിരയൊത്ത പല്ലുകൾക്കാട്ടി ചിരിച്ചു കൊണ്ട് അവർ പറഞ്ഞു.
“അപ്പടിയാ… കടവുൾ പേര് വച്ചിരിക്കെ… ”അയാൾക്ക് ആകാംക്ഷയായി.
“ആമാ സാർ… കടവുൾ പേര് താൻ, ആനാൽ പേരിലെ മട്ടും താൻ കടവുൾ ഇരിക്ക്… വാഴ്ക്കെയിലെ കെടയാത്.”
അവർ അവരുടെ നിസ്സഹായത തുറന്ന് പറഞ്ഞു.
രണ്ടു ദിവസം മുമ്പ് മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ അയാൾ മനസ്സിലാക്കിയ സത്യത്തെ കുറിച്ച് സാമ്യത്തെക്കുറിച്ച് അവരോട് ചോദിച്ചു.
“ആമാ സർ… തെരിയുമേ… അതിനാല താൻ എനക്ക് മീനാച്ചീന്ന് പേര് വെച്ചത്”
ആ സത്യം അവർക്ക് അറിയാമെന്നു പറഞ്ഞപ്പോൾ അയാളിലെ ജിജ്ഞാസ ഇരട്ടിച്ചു.
“ഉങ്കൾക്കു യാര് ഇന്ത പേർ വെച്ചത്?”
“യെൻ അമ്മാ താൻ… അവർ പറഞ്ഞു.”
“അപ്പൊ വന്ത് ഉങ്കളുടെ അമ്മാവുക്ക് തെരിയുമാ…?” അയാൾ ചോദിച്ചു തീരുന്നതിനു മുന്നേ തന്നെ ഉത്തരം കിട്ടി.
“തെരിയും സർ, വീട്ടിലെ യെല്ലോർക്കും തെരിയും.”
അയാളുടെ ആശ്ചര്യവും, അദ്ഭുതവും കണ്ടിട്ടായിരിക്കണം, നമ്മുടെ സംസാരം ശ്രദ്ധിച്ച കാളിമുത്തുവാണ് അവരെ കുറിച്ചുള്ള ബാക്കി കാര്യങ്ങൾ വിശദമാക്കിയത്.
അവർ ശില്പ പാരമ്പര്യത്തിൽ പെട്ട ഒരു സ്ത്രീ ആണെന്നും അവരുടെ ഈ രൂപസാദൃശ്യം കുടുംബത്തിലെ എല്ലാ സ്ത്രീകൾക്കും ഉണ്ടെന്നും, അവർ ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മ ആണെന്നും അവരുടെ ഭർത്താവ് കള്ളു കുടിയനായ ഒരു ശില്പി ആണെന്നും വീട്ടുകാര്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാറില്ലെന്നും, അവരെ എന്നും ഉപദ്രവിക്കാറുണ്ടെന്നും, വീട്ടുകാര്യങ്ങൾ കുട്ടികളുടെ പഠനം ഒക്കെ നടത്താൻ വേണ്ടിയാണ് അവർ ഈ ജോലിക്കായി വന്നതെന്നും, അയാളുടെ സഹായിയായി കൂടെ കൂടിയതെന്നും കാളിമുത്തു വളരെ വിശദമായി തന്നെ അയാൾക്ക് വിശദീകരിച്ചു കൊടുത്തു.
ഇതൊക്കെ കേട്ടപ്പോൾ അയാൾക്ക് മീനാക്ഷിയോട് അനുകമ്പ തോന്നി.
“ഉങ്കളുടെ അമ്മാവെ പാക്ക മുടിയുമാ? അയാൾ ചോദിച്ചു.”
“ആമാ സർ… വീട്ടുക് വാങ്കെ… അപ്പൊ പാക്കലാം…”
“ഇങ്കെ പക്കത്തിലെ ഊര് താൻ… ” മീനാക്ഷി പറഞ്ഞു.
അയാൾ മീനാക്ഷിയുടെ കുടുംബത്തെ കാണുവാൻ തീരുമാനിച്ചു. സ്‌ഥലവും പോകേണ്ടുന്ന വഴിയും ഒക്കെ കാളിമുത്തു അയാൾക്ക് പറഞ്ഞു കൊടുത്തു.
ഒരു ഞായറാഴ്ച ഉച്ചക്ക് ശേഷം അവരോട് പറഞ്ഞുറപ്പിച്ച പോലെ തന്നെ, ജയകുമാറിന്‍റെ ബൈക്കുമെടുത്ത് കാളിമുത്തു വിശദീകരിച്ചു പറഞ്ഞു തന്ന റോഡിലൂടെ അയാൾ പോയി. ഈ സ്കൂളിന്‍റെ അടുത്ത് നിന്നും ലെഫ്റ്റ് തിരിയാൻ കാളിമുത്തു പറഞ്ഞത് അയാൾ ഓർത്തു.
വീതി കുറഞ്ഞ റോഡ്, കരിങ്കൽ തൂണുകൾ നാട്ടി അതിൽ കമ്പികൾ വളച്ചു കെട്ടിയ വേലികൾ ഇരുഭാഗത്തും കാണാമായിരുന്നു. റോഡ് ചെന്നെത്തുന്നത് ഒരിടവഴിയിലേക്കാണ്. കയ്യാല കോരി കള്ളിമുള്ളുകൾ കൊണ്ട് അതിരുകൾ തിരിച്ച പറമ്പുകൾ, അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകൾ. ശരിക്കും ഗ്രാമാന്തരീക്ഷം. വളവും തിരിവുമുള്ള ഇടവഴികൾ. ഇലക്ട്രിക് പോസ്റ്റ് കഴിഞ്ഞു മൂന്നാമത്തെ വീട്. കാളിമുത്തു പറഞ്ഞത് പ്രകാരം അയാൾ മീനാക്ഷിയുടെ വീട് കണ്ടുപിടിച്ചു.
പണി പൂർത്തിയാകാത്ത ഓട് മേഞ്ഞ ഒരു ചെറിയ വീട്, പതിനായിരങ്ങൾ കുമ്പിടുന്ന ദൈവരൂപത്തിന്‍റെ വീട്. പറഞ്ഞത് പോലെ തന്നെ മീനാക്ഷി അയാൾ വരുന്നതും കാത്ത് ഉമ്മറത്തു തന്നെ നിൽപുണ്ടായിരുന്നു.
“വസതിയെല്ലാം കെടയാത് സർ… ഇത് താൻ എൻ വീട്”. മീനാക്ഷി അയാളെ സ്വീകരിച്ചു കൊണ്ട് പറഞ്ഞു.
അവരുടെ മൂത്തമകൻ പത്തുവയസ്സുകാരൻ പയ്യനോട് അയാൾ കുശലം പറഞ്ഞു. അപ്പോഴേക്കും അമ്മ വന്നു. കാമാക്ഷിയമ്മ. അകത്തു പ്രായാധിക്യത്താൽ വയ്യാതെ കയർ കട്ടിലിൽ കിടക്കുകയായിരുന്ന പാട്ടിയെ കണ്ടു, സംസാരിച്ചു.
“പാപ്പാ എങ്കെ?” അയാൾ ചോദിച്ചു.
“ഇങ്കെ താൻ ഇരുന്തേൻ സർ…” എന്നിട്ട് നീട്ടി വിളിച്ചു.
“പാർവതി… പാർവതി സീക്രം ഇങ്‌ട്ട് വാ…”
പിങ്ക് നിറത്തിലുള്ള ഒരു പെറ്റിക്കോട് ഇട്ട ഒരു കുഞ്ഞു മീനാക്ഷി ഓടി വരുന്നു. അയാൾ സ്വപ്നത്തിൽ കണ്ട ശില്പിയുടെ പരമ്പരയിലെ ഇപ്പോഴത്തെ കണ്ണി. അയാളെ കൗതുകത്തോടെ നോക്കി, പെറ്റിക്കോട്ടിന്‍റെ തുമ്പു പിടിച്ചു അവൾ അല്പം മാറി നിന്നു. കൈയിൽ കരുതിയ സമ്മാനപ്പൊതി അയാൾ അവൾക്ക് നേരെ നീട്ടി… അവൾ മടിച്ചു മടിച്ചു നിന്നു.
“പോയ് വാങ്ങുങ്കോ…” മീനാക്ഷി പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് മടിച്ചു മടിച്ചു അടുത്തേക്ക് വന്നു.
അയാൾ കുഞ്ഞു മീനാക്ഷിയുടെ കവിളിൽ തലോടി സ്നേഹം അറിയിച്ചു.
“ഹസ്ബൻഡ് എങ്കെയിരിക്ക്?”
ഉത്തരമായി മീനാക്ഷി കൈ ചൂണ്ടിയ ഭാഗത്തേക്ക് അയാൾ നോക്കി. വീടിന് അടുത്ത് തന്നെ ഒരു ചെറിയ ഷെഡ്, ശില്പിയുടെ പണിപ്പുര.
അവിടെ വിവിധതരം ശിലകൾക്കിടയിൽ, പണിപൂർത്തിയാകാത്ത പലതരം ശില്പങ്ങൾ. അതിനിടയിൽ ഒരിടത്തായി മദ്യലഹരിയിൽ ഒരാൾ കിടന്നുറങ്ങുന്നു. ഒന്നും അറിയാതെ, പണി പൂർത്തിയാകാത്ത ഒരു ശിൽപം പോലെ.
പാട്ടി, കാമാക്ഷിയമ്മ, മീനാക്ഷി, പാർവതി… ദൈവത്തിന്‍റെ രൂപസാദൃശ്യം ഉള്ള നാല് തലമുറകളെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം അയാൾ പ്രകടിപ്പിച്ചു. ഇനിയും കുഞ്ഞു പാർവതിയിലൂടെ ഇത് തുടരുക തന്നെ ചെയ്യും. കാരണം ഇതൊരു നിയോഗം ആകാം. അയാളെ ഇവിടെ വരെ എത്തിച്ചതും ജീവിക്കുന്ന ഈ സത്യങ്ങൾ ഒക്കെ കാണിച്ചു കൊടുത്തതും ഒരു നിയോഗമാണല്ലോ.
വീണ്ടും ഒന്നുകൂടി എല്ലാവരെയും കൺനിറച്ചു കണ്ട്, ചിരിച്ച് അയാൾ തിരിച്ചു നടന്നു.