ഒന്നര പതിറ്റാണ്ടായി മലയാളികൾക്ക് മുന്നിൽ അവർക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളായി  ജയസൂര്യ നിറഞ്ഞു നിൽക്കുന്നുണ്ട്. കരിയറിൽ നൂറാമത്തെ സിനിമയിലേക്ക് എത്തുമ്പോൾ എല്ലാം തികഞ്ഞ നടൻ  എന്ന അംഗീകാരം ജന മനസുകളിൽ നേടി ക്കഴിഞ്ഞു.

ലോക്ക് ഡൌൺ കാലത്താണ് ഒടിടി പ്ലാറ്റഫോമിൽ സൂഫിയും സുജാതയും ഇറങ്ങിയത്. അത് മെഗാ ഹിറ്റായി. അടുത്തയിടെ തിയേറ്റർൽ ഇറങ്ങിയ വെള്ളവും നല്ല പ്രതികരണം ആയിരുന്നു..

ഓരോ വർഷവും സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോഴും ജയസൂര്യയ്ക്ക് കിട്ടും എന്ന് പ്രേക്ഷകർ കരുതും. പടം ഇറങ്ങിക്കഴിയുമ്പോഴേ അതു അവർ ആഗ്രഹിക്കുന്നതാണ്. പക്ഷേ 2019 വർഷമാണ് അത് സംഭവിച്ചത്. പ്രേക്ഷകർ തരുന്ന അവാർഡ് ആണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് ജയൻ പറയുന്നു. അത് ശരിയാണ്. തീയറ്ററിലെ വിജയങ്ങളാണ് ഈ നടനെ ഇത്രയും കാലം മലയാളത്തിന്‍റെ വെള്ളിത്തിരയിൽ നിലനിർത്തിയത്. ജയന് മുമ്പും ശേഷവും വന്നവരിൽ പലരും പോയി. ജയൻ നിലനിൽക്കുന്നത് ജനങ്ങൾ നൽകിയ അംഗീകാരത്തിന്‍റെയും സ്നേഹത്തിന്‍റെയും ഫലമാണ്. അതിനു പ്രതിഫലമായി ജയസൂര്യ അവർക്ക് രസിക്കുന്ന കഥാപാത്രങ്ങൾ തിരിച്ചു നൽകി കൊണ്ടിരിക്കുന്നു.

ലോക്ക് ഡൌൺ കാലം എങ്ങനെ ഉണ്ടായി

ആ സമയത്താണല്ലോ സൂഫിയും സുജാതയും ഇറങ്ങിയത്. എല്ലാം ഓൺലൈൻ ആയിട്ടായിരുന്നു. പ്രൊമോഷനും. വീട്ടിൽ തന്നെ ഇരുന്ന് ഫസ്റ്റ് ഷോ കണ്ടത് ഒരു പ്രത്യേക അനുഭവം ആയിരുന്നു. കുടുംബത്തോടൊപ്പം ധാരാളം സമയം കിട്ടി. വായിക്കാനും സമയം കിട്ടി. കോവിഡ് ആയതുകൊണ്ട് പല പ്രൊജക്റ്റ്‌കളും നീണ്ടു പോയി.

പുരസ്കാരങ്ങൾ നടൻ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം കൂട്ടുന്നുണ്ടോ?

സത്യം പറയട്ടെ, അതെനിക്കറിയില്ല. ഞാനങ്ങനെയൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു നടന്‍റെ ഉത്തരവാദിത്തം എന്ന് പറയുന്നത് പ്രേക്ഷകരിൽ ആ നടനിലുള്ള വിശ്വാസം നിലനിർത്തുകയെന്നതാണ്. ആ വിശ്വാസം കൊണ്ടാണ് അവർ പടം കാണാൻ വരുന്നത്. അതിനാൽ ഒരു നടൻ എന്ന നിലയ്ക്ക് ആ വിശ്വാസം നിലനിർത്തുന്ന ചിത്രങ്ങൾ ചെയ്യാനാണ് ഞാൻ താൽപര്യപ്പെടുന്നത്.

ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നി ചിത്രങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടതിന്‍റെ ഫലമാണോ  അവാർഡ്? …

അവാർഡ് കിട്ടുന്നതിനുമുമ്പ് തന്നെ പ്രേക്ഷകർ ഈ ചിത്രം സ്വീകരിച്ചതാണ്. അതിനാൽ അന്നേ അവർ എന്നെ അവാർഡിനു അർഹനാക്കിയിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. ജനം സ്വീകരിച്ച ശേഷം അവാർഡ് കിട്ടുന്നതാണ് വലിയ സന്തോഷം. ആദ്യ അവാർഡ് വരുന്നത് പ്രേക്ഷകരിൽ നിന്നു തന്നെയാണ്. തീയറ്ററിൽ സ്വീകരിക്കപ്പെടുമ്പോൾ. ജൂറിയും അതു ശരിവയ്ക്കുമ്പോൾ സന്തോഷത്തിനു അതിരില്ലാതാവും. ഒരു ഉദാഹരണം പറയാം. ഞാൻ ആട് ചെയ്‌തു. പക്ഷേ അത് സാമ്പ്രദായിക രീതി അനുസരിച്ച് സംസ്ഥാന അവാർഡിനോ ദേശീയ അവാർഡിനോ പരിഗണിക്കപ്പെടുകയില്ല. പക്ഷേ ഷാജി പാപ്പൻ എന്ന എന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഞാൻ പോകുന്നിടത്തെല്ലാം ആളുകൾ എന്നെ ആ പേര് വിളിച്ചു. ഇതും ഒരു അവാർഡ് ആണ്.

നടൻ എന്ന നിലയ്ക്കുള്ള ആദ്യകാലങ്ങളിൽ എങ്കിലും…

ഒരു മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് കൂടുതൽ സ്റ്റേജുകൾ കിട്ടാനായിരുന്നു ആഗ്രഹം, പിന്നെ ചെറിയ റോളുകളും. അതു സംഭവിച്ചപ്പോൾ പിന്നെ കൂടുതൽ റോളുകൾ കിട്ടണമെന്നായി. നല്ല കഥാപാത്രങ്ങൾ ലഭിക്കണമെന്നായി. കൂടുതൽ പ്രശസ്തിയും ആഗ്രഹിച്ചു തുടങ്ങി… അർഹിക്കുന്നത് നേടിയെടുക്കാൻ കഴിയും എന്നു തന്നെയാണ് എന്‍റെ വിശ്വാസം. പക്ഷേ ഒരു കാര്യം സത്യമാണ്. ഞാനൊരിക്കലും അവാർഡിനു വേണ്ടി അഭിനയിച്ചിട്ടില്ല. നല്ല സിനിമകളുടെ ഭാഗമാകണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. അവാർഡ് കിട്ടാനല്ല, നല്ല കഥാപാത്രങ്ങൾ കിട്ടാനാണ് ഞാൻ മോഹിക്കുന്നത്.

സത്യനെ പോലുള്ള ഒരു മഹാപ്രതിഭയെ ഈ തലമുറയിലെ എത്രപേർക്ക് അറിയാം?

ചുരുങ്ങിയ പക്ഷം പുതുതലമുറയ്ക്കെങ്കിലും സത്യനെ പരിചയപ്പെടുത്താൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മറന്നു പോയവരിലേക്ക് സത്യന്‍റെ ഓർമ്മ തിരിച്ചു കൊണ്ടുവരാനും കഴിഞ്ഞിരിക്കും. സത്യൻ എന്ന വ്യക്‌തിയെയും ഫുട്ബോളറെയും ഓർമ്മിപ്പിക്കാൻ സാധിച്ചു. അതാണ് എന്‍റെ സന്തോഷം. നമുക്കിടയിൽ ഒരുപാട് മേരിക്കുട്ടിമാർ ഉണ്ട്. ട്രാൻസ് വിഭാഗത്തിൽപ്പെട്ടവരെ ശാക്തീകരിക്കുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. അവരെ സഹജീവികളായി കാണാൻ പലർക്കും ഈ ചിത്രം കണ്ടശേഷം പറ്റിയിട്ടുണ്ട്. പലരും അതേപ്പറ്റി എന്നോട് നേരിട്ടും പറഞ്ഞിരുന്നു

പരസ്യ ചിത്രങ്ങളും ഇപ്പോൾ ചെയ്യുന്നുണ്ടല്ലോ?

അതു ഞാൻ തേടിപ്പിടിക്കുന്നതല്ല. വരുന്നതിൽ ചിലത് ഇഷ്ടം തോന്നുമ്പോൾ ചെയ്യുന്നതാണ്. അല്ലാതെ ഒരു പരസ്യ മോഡൽ ആവാനുള്ള കൊതി കൊണ്ടൊന്നുമല്ല. പിന്നെ പരസ്യങ്ങളുടെ ചിത്രീകരണവും അതിന്‍റെ അന്തരീക്ഷവും വളരെ ജോളിയാണ്. റിലാക്സായി ഷൂട്ട് ചെയ്യാം. അധിക ദിവസവും വേണ്ടി വരില്ലല്ലോ!

മറക്കാനാവാത്തത് എന്തെങ്കിലും ഉണ്ടോ?

തീർച്ചയായും, സത്യന്‍റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. സ്ക്രീനിൽ ജീവനുള്ള സത്യനെ തിരിച്ചു തന്നതിൽ അവർക്ക് സന്തോഷമുണ്ട് എന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ മകൾ ചിത്രം കണ്ടതിനുശേഷം പൊട്ടിക്കരഞ്ഞു. ഇങ്ങനെ വൈകാരികമായ ഒരുപാട് അനുഭവങ്ങൾ ക്യാപ്റ്റൻ തന്നിട്ടുണ്ട്. ഞാൻ അഭിനയിച്ചതു കൊണ്ട് മാത്രമല്ല ഇങ്ങനെയൊക്കെ സംഭവിച്ചത്. മറ്റേത് നടൻ ചെയ്‌താലും ഇത് ഇങ്ങനെ വരൂ, കാരണം സത്യൻ ഒരു റിയൽ ലൈഫ് സ്റ്റോറിയാണ്. ആ ജീവിതത്തോട് നീതി പുലർത്തിയാൽ മാത്രം മതിയായിരുന്നു. സംവിധായകൻ അതു നന്നായി ചെയ്‌തിട്ടുണ്ട്.

സൗബിനുമായാണ് അവാർഡ് പങ്കിട്ടത്?

സൗബിൻ ബ്രില്ല്യന്‍റായ തിരക്കഥാകൃത്തും സംവിധായകനും നടനുമാണ്. ത്രി ഇൻ വൺ! ഈ പ്രാവശ്യം കുറെ നല്ല നടന്മാർ ഈ ബഹുമതിയ്ക്ക് വേണ്ടി മത്സര രംഗത്തുണ്ടായിരുന്നു. എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന ഒന്നായിരുന്നില്ല ഇത്. ഞാൻ അതേപ്പറ്റിയും ബോധവാനാണ്..

और कहानियां पढ़ने के लिए क्लिक करें...