25 വർഷമായി നൃത്താദ്ധ്യാപകനായി കലാജീവിതം നയിക്കുന്ന ആർഎൽവി അനിൽകുമാർ ആദ്യ കാലത്തൊക്കെ സിനിമയിൽ മുഖം കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം നിനച്ചിരിക്കാതെ പൂമരം സിനിമ യിൽ അഭിനയിച്ചു. അതും ഒരു നൃത്ത അദ്ധ്യാപകനായി. എത്ര മനോഹരമായ കാവ്യനീതിയാണ് അല്ലേ? പൂമരത്തിലെ കഥാപാത്രമായ നൃത്താദ്ധ്യാപകനെ സിനിമ കണ്ട പ്രേക്ഷകരാരും മറക്കില്ല. യുവജനോത്സവ വേദിയിലെത്തുന്ന നൃത്താദ്ധ്യാപകരുടെ അസൂയയും പകയും മത്സരവീര്യവു മൊക്കെ ഹാസ്യാത്മകമായി എത്ര തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്!
ഒരു പിടി സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അനിൽ കുമാർ തന്‍റെ കലാജീവിതത്തെക്കുറിച്ചും വ്യക്‌തി ജീവിതത്തെക്കുറിച്ചും പറയുന്നു.
നൃത്തകലയിലെ സാന്നിദ്ധ്യം
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലാണ് ഞാൻ സ്പെഷ്യലൈസ് ചെയ്‌തത്. ഏകദേശം മൂന്നര വയസ്സിൽ അക്ഷരം പഠിച്ച് തുടങ്ങും മുമ്പേ നൃത്തം പഠിച്ച് തുടങ്ങിയതാണ്. നൃത്ത കലയോട് വലിയ താൽപര്യമുള്ള ആളായിരുന്നു അച്‌ഛൻ. പ്രത്യേകിച്ചും കഥകളിയോട്. അമ്മയും അതെ. അച് ഛൻ ജോലി സംബന്ധമായി കോട്ടയത്തായിരുന്നു. ഞങ്ങൾ കാഞ്ഞിരപ്പള്ളിയിലും. ഡാൻസ് പഠിപ്പിക്കണമെന്ന ആഗ്രഹം കൊണ്ട് അമ്മയ്ക്ക് ട്രാൻസ്ഫർ തരപ്പെടുത്തി ഞങ്ങളെ കോട്ടയത്തേക്ക് കൊണ്ടു വന്നു. പിന്നീടുള്ള സ്ക്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു.
കലോത്സവ ഓർമ്മകൾ
സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോൾ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. അന്ന് ഇന്നത്തെ പോലെയത്ര കളർഫുള്ളായിരുന്നില്ല. എല്ലാവരും തന്നെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും പഠിച്ച് വരുന്നവരാണ്. അന്ന് സബ് ജില്ല കലോത്സവമില്ല. നേരിട്ട ജില്ല കലോത്സവമാണ്. 10-ാം ക്ലാസിൽ പഠിക്കുമ്പോൾ സ്ക്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നു. ജില്ലാതലത്തിൽ എനിക്ക് ഫസ്റ്റ് കിട്ടി. ഒരുപാട് പെൺകുട്ടികളെ തോൽപ്പിച്ചാണ് ഭരതനാട്യത്തിൽ ഫസ്റ്റ് കിട്ടിയത്. അതും 18 സ്ക്കൂളിൽ നിന്നും വന്ന 18 പെൺകുട്ടികളെ! പക്ഷേ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലായപ്പോൾ നിർഭാഗ്യമെന്ന് പറയട്ടെ എനിക്ക് ചിക്കൻ പോക്സ് പിടിപ്പെട്ടു. എനിക്കത് ഒരിക്കലും മറക്കാനാവാത്ത വേദനയായി. അതുവരെ എല്ലാവർഷവും മത്സരങ്ങൾക്ക് പോകണമെന്ന് പറഞ്ഞ് ഞാൻ വീട്ടിൽ വഴക്കിടുമായിരുന്നു. വീട്ടിലെ സാമ്പത്തിക സ്‌ഥിതി പ്രതികൂലമായിരുന്നു. 10-ാം ക്ലാസിലായപ്പോൾ അച്‌ഛൻ സമ്മതിച്ചു. പക്ഷേ ചിക്കൻ പോക്സ് വില്ലനായി കടന്നു വന്നു. അന്നത്തെ സംസ്ഥാന കലോത്സവത്തിൽ കലാപ്രതിഭ യായത് നടൻ വിനീത്!
ആർഎൽവിയിലെ പഠനം
പ്രീഡിഗ്രി പഠനം കഴിഞ്ഞാണ് തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ചേരുന്നത്. എന്‍റെ ഗുരുവിന്‍റെ നിർദ്ദേശപ്രകാരമായിരുന്നുവത്. നൃത്തകലയെക്കുറിച്ച് ആധികാരികമായി അറിയാൻ ആർഎൽവിയിലെ പഠനം സഹായിച്ചു.
ജീവിത പങ്കാളിയെ ആർഎൽവിയിൽ നിന്നാണോ കണ്ടെത്തിയത്?
അതെ, ആർഎൽവിയിൽ പഠിക്കുമ്പോൾ തന്നെ സിന്ധുവിനെ പരിചയമുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ ബന്ധത്തെ പ്രണയമെന്ന് പറയാനാവില്ല. അവൾ ഒരു ഓർഫനേജിൽ വളർന്ന കുട്ടിയായിരുന്നു. അങ്ങനെ ഇഷ്‌ടപ്പെട്ട് വിവാഹം ചെയ്യുകയായിരുന്നു. സിന്ധു സ്പെഷ്യലൈസ് ചെയ്‌തത് ഭരതനാട്യത്തിലാണ്. ആർഎൽവി കോളേജിൽ പ്രൊഫസറായിരുന്നു. 97ൽ കാലടി ശ്രീശങ്കരാ കോളേജിൽ ജോലി കിട്ടി. ഇപ്പോൾ ഞങ്ങൾ പെരുമ്പാവൂരാണ് താമസം. എനിക്ക് മൂന്ന് ആൺമക്കളാണ്. മൂത്തയാൾ അനന്തു, രണ്ടാമത്തെയാൾ അച്യുത്, ഇളയയാൾ അനിരുദ്ധ്. മക്കൾക്കാർക്കും ക്ലാസിക്കൽ നൃത്തകലയിലൊന്നും താൽപര്യമില്ല.
സിനിമകൾ
മെജോ മാത്യു സംവിധാനം ചെയ്യുന്ന മദർ എന്ന പടമാണ് അടുത്തിടെ ചെയ്‌തത്. അതിൽ ഒരു മാന്ത്രവാദിയുടെ വേഷമാണ്. ഷാജി ശ്രീരാഗം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമന ബ്രഹ്മദത്തൻ നമ്പൂതിരി എന്ന കഥാപാത്രം ചെയ്‌തു. നിധീഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കഥകളിയാചാര്യന്‍റെ വേഷമാണ്. ഇതൊരു നായക കഥാപാത്രമാണ്. ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ്. രഞ്ജിത്ത്, ജയരാജ്, ശ്യാം ഗോപാൽ എന്നിവരുടെ പടങ്ങളിലും ഞാൻ വേഷമിടുന്നുണ്ട്. പുതുതായി 5 പടങ്ങളുണ്ട്. അതിലൊന്നിൽ ഒരു പോലീസ് ഓഫീസറുടെ വേഷമാണ്.
ദുബായിലെ ഡാൻസ് സ്ക്കൂൾ
2003 ലാണ് ദുബായിൽ പോകുന്നത്. നാട്ടിലായിരുന്നപ്പോൾ എനിക്ക് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അതിൽ സിനിമക്കാരും ഉൾപ്പെട്ടിരുന്നു. ഇവരെയൊക്കെ പഠിപ്പിച്ചും കോംപറ്റീഷനു വേണ്ടി പഠിപ്പിച്ചും പ്രോഗ്രാംസിന് പോയുമൊക്കെ എനിക്കാകെ മടുപ്പ് തോന്നി. ആകെയൊരു ഹറിബറി ലൈഫ്. അങ്ങനെ എല്ലാറ്റിനും ഒരവധി നൽകി ഞാൻ ദുബായിലെത്തി. അവിടെ നിറയെ മത്സരങ്ങളാണ്. പക്ഷേ ഒരു വ്യത്യാസം മാത്രം. അവിടെ മത്സരങ്ങളിൽ പരാതിയൊന്നുമില്ല. സ്റ്റേജിൽ വന്ന് കളിച്ചു പോകും അത്രയേയുള്ളൂ. എന്‍റെ ക്ലാസ് നല്ല രീതിയിൽ നടക്കുന്നു. ഇപ്പോൾ നാട്ടിലാണ്. സിനിമയിൽ അഭിനയിക്കുന്നതിനാലും അതിന് കുറച്ച് സമയം ആവശ്യമുള്ളതു കൊണ്ടും തൽക്കാലം ഒരിടവേളയെടുത്തിരിക്കുകയാണ്.
അഭിനയം എളുപ്പമായിരുന്നോ?
ആദ്യമായി ക്യാമറയെ ഫേസ് ചെയ്‌തപ്പോൾ വലിയ പേടിയൊന്നും തോന്നിയില്ല. ഒരു സീനിന് കുറേ റീടേക്ക് വരുമ്പോൾ ടെൻഷൻ തോന്നിയിട്ടുണ്ട്. ഇനിയെന്‍റെ ഭാഗം ശരിയാകാത്തതുകൊണ്ടാണോ എന്നൊക്കെ ഓർത്ത്. എബ്രിഡ് ഷൈൻ സാറൊക്കെ ഓരോ സീനും വളരെ പെർഫക്ടാകുന്നതുവരെ റീടേക്ക് എടുക്കും. സിനിമയിൽ ഓവറാക്ടിംഗ് വേണ്ട. അത് മനസിലാക്കിയാൽ ചെയ്യുന്ന കഥാപാത്രങ്ങൾ മികച്ചതാകും.
പൂമരം ചെയ്‌തപ്പോൾ കലോത്സവവേദികൾ ഓർത്തോ?
ഒരുപാട് നല്ല ഓർമ്മകളിലേക്ക് ആ സിനിമ കൂട്ടി കൊണ്ടു പോയി. നൃത്തകല പഠിച്ചതു കൊണ്ടും നൃത്ത അധ്യാപകനായതു കൊണ്ടും എനിക്ക് സിനിമയുമായി കുറേ റിലേറ്റ് ചെയ്യാൻ പറ്റി. കലോത്സവവും അതിന് പിന്നിൽ നടക്കുന്ന തർക്കങ്ങളും പ്രതീക്ഷകളും നിരാശയും മത്സരവീര്യവുമൊക്കെ യഥാർത്ഥത്തിൽ നടക്കുന്നത് തന്നെയാണ്. ഞാൻ കണ്ട് അനുഭവിച്ച റിയൽ ലൈഫാണത്.
നൃത്തത്തിന്‍റെ ക്ലാസിക്കൽ ടച്ച്
നൃത്തത്തിന്‍റെ ക്ലാസിക്കൽ സൗന്ദര്യം ഒരിക്കലും നഷ്‌ടപ്പെട്ടിട്ടില്ല. പലരും പറയാറുണ്ട് മാറ്റങ്ങൾ കൊണ്ടുവരാം എന്നൊക്കെ. അതൊക്കെ വെറുതെയാണ്. 45 മിനിറ്റ് വർണ്ണത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നും കൊണ്ടുവരാൻ പറ്റില്ല. ക്ലാസിക്കൽ നൃത്തകലയുടെ സൗന്ദര്യം തന്നെ അതിന്‍റെ കലർപ്പില്ലാത്ത സൗന്ദര്യം തന്നെയാണ്. ഞാനെന്നും ട്രെഡീഷണൽ ഫോം ഫോളോ ചെയ്യുന്നയാളാണ്. മത്സരങ്ങൾക്കു വേണ്ടി വർണ്ണങ്ങൾ ചെയ്യുമ്പോൾ പരീക്ഷണങ്ങൾ പാടില്ല. കോംപോസിഷനിൽ മാറ്റം വരാൻ പാടില്ല. നൃത്തത്തിന്‍റെ ഫ്രെയിം വിട്ടുള്ള മാറ്റങ്ങൾ വേണ്ടായെന്നാണ് എന്‍റെ അഭിപ്രായം.
നമ്മുടെ നാട്ടിൽ ആർട്സ് സ്ക്കൂളുകൾ കുറവാണോ?
നമ്മുടെ പ്രധാനപ്പെട്ട ആർട്സ് കോളേജുകളിൽ നിന്നും ഒരുപാട് കുട്ടികൾ പഠിച്ചിറങ്ങുന്നുണ്ട്. പക്ഷേ ജോലിയുടെ സാധ്യത വളരെ കുറവാണ്. ഓരോ കോളേജിലും സീറ്റ് കുറവാണ്. കൂട്ടാൻ പോകുന്നുവെന്ന് പറയുന്നുണ്ട്. ഞാനുൾപ്പെടുന്ന കലാകാരന്മാർ എത്രയോ വർഷം ഈ രംഗത്ത് പ്രവർത്തിച്ച് വന്നവരാണ്. ഇന്നും കഷ്ടപ്പെടുന്നുണ്ട്. നൃത്തമല്ലാതെ മറ്റൊരു തൊഴിലും ചെയ്യാനാവില്ല. നൃത്തം പഠിച്ച് ഒന്നും ചെയ്യാനാവാത്ത കലാകാരന്മാരുമുണ്ട്.
വിദേശ രാജ്യങ്ങളിൽ കിട്ടുന്ന പ്രോത്സാഹനങ്ങൾ
വിദേശങ്ങളിൽ നമ്മുടെ കലകൾക്ക് കിട്ടുന്ന അംഗീകാരങ്ങൾ വളരെ വലുതാണ്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ളവർക്ക് കലാകാരന്മാരോട് വളരെ ബഹുമാനമാണ്. പക്ഷേ സ്വന്തം നാട്ടിൽ ആ ബഹുമാനം കിട്ടാറില്ല. എന്നാൽ നേരെമറിച്ച് ക്ലാസിക്കൽ ഡാൻസർ വല്ല സിനിമാതാരവുമാണെങ്കിൽ വലിയ ബഹുമാനമൊക്കെ കിട്ടും. എഫ്ബിയിൽ അവർക്ക് ഇഷ്‌ടം പോലെ ലൈക്കുകളും കിട്ടും.
വിദേശയാത്രകൾ
ആദ്യം പോയത് യൂറോപ്പിലേക്കാണ്. ഏതാണ്ട് യൂറോപ്പിലുള്ള ഒട്ടുമുക്കാൽ രാജ്യങ്ങളും നൃത്തപരിപാടിയോടനുബന്ധിച്ച് സന്ദർശിച്ചിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞാണ് ദുബായിൽ സെറ്റിൽ ചെയ്യുന്നത്. സിങ്കപ്പൂർ, ബാങ്കോക്ക് പോകുന്നത്. യുഎസിലേക്ക് പോകാൻ 3 വട്ടം ഓഫർ കിട്ടിയതാണ്. ചില അസൗകര്യങ്ങൾ കാരണം പോകാനായില്ല.
വിദേശ രാജ്യങ്ങളിലെ ഓഡിയൻസിന് നമ്മളോട് ഭയങ്കര റെസ്പക്റ്റ് ആണ്. നൃത്തകലയിലെ ചലനങ്ങളെപ്പറ്റി അവർ കൗതുകത്തോടെ ചോദിച്ചറിയും. കുച്ചിപ്പുടി ചെയ്യുമ്പോൾ താലത്തിൽ കയറി നില്ക്കില്ലേ അതുപോലെ തലയിൽ കുടം വയ്ക്കുന്നതുമൊക്കെ അവർക്ക് കൗതുകമാണ്. ഭയങ്കര ഇഷ്‌ടമാണ്. ഇതിനിടയിൽ ഒന്ന് രണ്ട് വിദേശ വനിതകളും എന്‍റെ കീഴിൽ നൃത്തമഭ്യസിക്കാൻ വന്നിട്ടുണ്ട്.
അംഗീകാരങ്ങൾ, ലക്ഷ്യം
ഒരുപാട് പേർ അംഗീകാരങ്ങൾ തന്നിട്ടുണ്ട്. വീട്ടിൽ നിറയെ അത്തരം മെമന്‍റോകളുമൊക്കെയുണ്ട്. പക്ഷേ ഗവൺമെന്‍റ് തരുന്ന അംഗീകാരമാണ് വലുത്. അത്തരമൊരു പുരസ്കാരമാണ് ഞാൻ കാത്തിരിക്കുന്നതും. ഒരു ലക്ഷ്യമുണ്ട്. ഒരു ഡാൻസ് സ്ക്കൂൾ തുടങ്ങണം. 2 വർഷം കൂടി ഇനി ദുബായ്ക്കുള്ളൂ. സിനിമയിൽ വരണമെന്ന് ഒരു കാലത്ത് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അന്നത് ഉണ്ടായില്ല. ഇപ്പോൾ നിനച്ചിരിക്കാതെ ആ ഭാഗ്യവും ഉണ്ടായി. ഒരുപാട് സന്തോഷമുണ്ട്. മൊത്തത്തിൽ ഞാൻ ഹാപ്പിയാണ്.