സോപ്പു കുമിളകൾ പോലെ അത്ര ദുർബലവും ഹ്രസ്വവുമല്ല അമ്മമാരുടെ സ്വപ്നങ്ങൾ. കുഞ്ഞിന്‍റെ ഓരോ ശ്വാസത്തിലും അമ്മ മനസ്സിന്‍റെ കിനാവുകൾ ഉണ്ട്. രഞ്ജിനി കൃഷ്ണൻ എന്ന അമ്മയും ഈ കാര്യത്തിൽ വ്യത്യസ്തയല്ല. പക്ഷേ അവർ ഏറെ വ്യത്യസ്തയാവുന്നത് സ്വന്തം കുഞ്ഞിന്‍റെ മേനിയ്ക്ക് ഹാനികാരകമായ സോപ്പ് ഉപയോഗിക്കാതെ സ്വന്തം കൈകൊണ്ട് പ്രകൃതിദത്തമായ ചേരുവകൾ ചേർത്ത് ബേബിസോപ്പ് നിർമ്മിച്ചു കൊണ്ടാണ്. രാസവസ്തുക്കളൊന്നും ചേർക്കാതെ തികച്ചും ഓർഗാനിക്കായ ബോഡി ട്രീ സോപ്പ് എന്ന നന്മ ഓൺലൈനിലൂടെ വിപണനവും നടത്തുന്നുണ്ട് രഞ്ജിനി കൃഷ്ണൻ. കുഞ്ഞിളം മേനിയ്ക്ക് ഒരമ്മയുടെ യത്രയും സ്നേഹപരിചരണങ്ങൾ ചൊരിയുകയാണ് ഈ ഹാൻഡ്മെയ്ഡ് ഓർഗാനിക് സോപ്പ്. ബോഡി ട്രീ ബ്രാന്‍റിൽ സോപ്പുകളുടെ ഒരു ശൃംഖല തന്നെ അവതരിപ്പിച്ചിരിക്കുകയാണ് രഞ്ജിനി. ആ സോപ്പിന്‍റെ പിന്നിലെ കഥയ്ക്കുമുണ്ട് മണ്ണിന്‍റെയും പ്രകൃതിയുടെയും മണം. ബോഡി ട്രീയിലേയ്ക്ക് തന്നെ നയിച്ച അനുഭവത്തെപ്പറ്റി രഞ്ജിനി കൃഷ്ണൻ പറയുന്നതിങ്ങനെ.
“ഞാൻ പല പേരന്‍റിംഗ് ഗ്രൂപ്പുകളിൽ അംഗമായിരുന്നു. അത്തരം ഗ്രൂപ്പുകളിൽ ഞങ്ങളെല്ലാവരും പല ആശയങ്ങളും ആശങ്കകളുമൊക്കെ പരസ്പരം കൈമാറിയിരുന്നു. ഒരിക്കൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന സോപ്പായിരുന്നു വിഷയം. സോപ്പിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കളെപ്പറ്റിയായി ഞങ്ങളുടെ ചർച്ച. ആ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും ഒത്തിരി ആശങ്കകളുണ്ടാകുമല്ലോ. ഞാൻ അതേപ്പറ്റി കുറേ ആലോചിച്ചു. വീട്ടിൽ തന്നെ വളരെയെളുപ്പം ഹാന്‍റ്മെയ്ഡ് ഓർഗാനിക് സോപ്പ് ഉണ്ടാക്കാമെന്ന ആശയം എനിക്ക് ഗ്രൂപ്പിൽ നിന്നാണ് പകർന്നു കിട്ടിയത്. ആ അറിവാണ് എന്നെ ബോഡി ട്രീയിലേക്ക് എത്തിച്ചത്.” രഞ്‌ജിനി പറയുന്നു.
അതിനും ഇത്തിരി വെല്ലുവിളിയുണ്ടായിരുന്നു. കാസ്‌റ്റിക് സോഡയില്ലാതെ സോപ്പ് ഉണ്ടാക്കാൻ പറ്റില്ലല്ലോ… ഗർഭിണിയുമായിരുന്നതുകൊണ്ട് അതുപയോഗിക്കാൻ പേടിയും ഉണ്ടായിരുന്നു. മകൻ പിറന്ന് 6 മാസത്തിനു ശേഷമായിരുന്നു ഞാൻ ഫസ്റ്റ് ബാച്ച് സോപ്പ് ഉണ്ടാക്കിനോക്കിയത്.
സോപ്പുണ്ടാക്കിയ കഥ
രഞ്ജിനി സോപ്പുണ്ടാക്കിയ കഥയിങ്ങനെ. “യൂ ട്യൂബിൽ നോക്കിയായിരുന്നു ആദ്യ പരീക്ഷണം. പക്ഷേ പരാജയമായിരുന്നു ഫലം. അവിടം കൊണ്ടും പരീക്ഷണം കൈവിടാൻ ഞാൻ തയ്യാറായില്ല. അതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി. സോപ്പിനുള്ള ചേരുവകളും അളവും കൃത്യമായാലെ സോപ്പ് ശരിയായ രീതിയിൽ കിട്ടുകയുള്ളൂ. ഞാനുടൻ തന്നെ ഒരു വെയിംഗ് മെഷീൻ വാങ്ങി. ഒപ്പം സോപ്പ് നിർമ്മാണത്തെ സംബന്ധിച്ചുള്ള ക്ലാസിലും അറ്റൻഡ് ചെയ്‌തു. ഫോർമുല കൃത്യമായി ഫോളോ ചെയ്തു. ഇതിനിടെ ഞാൻ എന്‍റെ ഡോക്ടറേറ്റിനുള്ള ഗവേഷണത്തിലും മുഴുകിയിരുന്നു. സകല സൈറ്റുകളും നോക്കി കുറേ റിസർച്ചുകൾ ചെയ്തു. ഓരോന്നിനെപ്പറ്റി നോട്സ് എഴതി വച്ചു. ഇപ്പോഴും എന്‍റെ കയ്യിൽ രണ്ട് നോട്ട് ബുക്ക് ഉണ്ട്. അളവ് കൃത്യമായതോടെ സോപ്പ് കൃത്യമായി. എണ്ണയും വെള്ളവും വരെ ഞാൻ കൃത്യമായി അളന്നാണ് എടുത്തത്. എന്തായാലും പ്രൊഡക്ഷൻ കൃത്യമായി വന്നു. നറിഷിംഗ് ചേരുവകൾ ചേർന്ന് പതയും മോയിസ്ചറുമൊക്കെ ചേർന്ന് ഒരു കംപ്ലീറ്റ് സോപ്പായി. തേർഡ് ബാച്ച് തൊട്ട് എന്‍റെ സോപ്പ് തന്നെയാണ് മോനു വേണ്ടി ഉപയോഗിച്ചത്.” രഞ്ജിനിയുടെ മുഖത്ത് പരീക്ഷണം വിജയിച്ചതിലുള്ള ചാരിതാർത്ഥ്യം പ്രകടമായിരുന്നു.
രണ്ട് പരീക്ഷണങ്ങൾ
“പിഎച്ച്ഡി ചെയ്യുന്നതിനിടെയായിരുന്നു എന്‍റെ സോപ്പ് പരീക്ഷണം. അതിന്‍റെ സ്ട്രെസ്സും മറ്റ് ടെൻഷനുമൊക്കെ മറക്കാൻ രസകരമായ ഈ സോപ്പ് നിർമ്മാണം സഹായിച്ചുവെന്നു വേണം പറയാൻ. തീസിസ് എഴുതി കഴിഞ്ഞപ്പോഴേക്കും എന്‍റെ വീട് മുഴുവനും സോപ്പ് ആയിരുന്നു. വീട്ടിലുള്ള സകല ഷെൽ ഫിലും ഷൂ റാക്കിലും വരെ സോപ്പ്. ഏത് ഷെൽഫ് തുറന്നാലും സോപ്പ് പായ്ക്കുകൾ! ബെഡ്റൂമിലും ഡ്രോയിംഗ് റൂമിലും വരെ സോപ്പ്! ഇങ്ങനെയായാൽ പറ്റില്ലായെന്ന് വീട്ടിലുള്ളവർ പറഞ്ഞ് തുടങ്ങിയപ്പോഴാ ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ച് തുടങ്ങുന്നത്. അങ്ങനെ ഞാൻ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. കൂട്ടുകാർ അതിനു വേണ്ടിയുള്ള ഫോട്ടോയെടുത്തു തന്നു. എന്‍റെ സുഹൃത്ത് പ്രിയ രഞ്‌ജൻലാൽ തന്നെ ലോഗോയും ഡിസൈൻ ചെയ്‌തു. അങ്ങനെ ഞങ്ങളെല്ലാവരും ചേർന്ന് സോപ്പ് ബ്രാന്‍റ് ചെയ്‌തു. 2014 ൽ ബോഡി ട്രീ ലോഞ്ച് ചെയ്തു.”
ബോഡി ട്രീ എന്ന പേരിന് പിന്നിൽ
ഓർഗാനിക് എന്ന ആശയമാണ് ആ പേര് തെരഞ്ഞെടുക്കുന്നതിലേക്ക് രഞ്ജിനിയെ നയിച്ചത്. “മണ്ണിൽ വേരൂന്നി തളിർത്ത് വളർന്ന് പന്തലിച്ച് പിന്നീട് മണ്ണിലേക്ക് തന്നെ ജീവിതം ഒടുങ്ങുന്നുവെന്ന ആശയമാണ് ഇതിന് പിന്നിൽ.” സിന്തറ്റിക് കളറുകളോ പെർഫ്യൂമുകളോ ഡിറ്റർജന്‍റോ കൃത്രിമ ഫില്ലേഴ്സോ ഒന്നുമില്ല ബോഡി ട്രീയിൽ.” ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള കരുതലും വാത്സല്യവും പോലെ അത്രയും നിർമ്മലമാണ് രഞ്ജിനി തയ്യാറാക്കുന്ന സോപ്പ്.
“ഞാൻ തയ്യാറാക്കിയ നീം സോപ്പുകൾക്ക് ആര്യവേപ്പില പോലെ ഇളം പച്ച നിറമാണ്. അതുപോലെ തേങ്ങാപ്പാലും തേനും ചേർന്ന സോപ്പിന് ബ്രൗൺ നിറവും സുഖകരമായ സുഗന്ധവുമുണ്ട്. സ്പൈസി ഫ്ളേവറിന് കോഫീ ബ്രൗണും. നാച്ചുറൽ ചേരുവകളുടെ നിറങ്ങൾ തന്നെയാണ് സ്വാഭാവികമായും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അവയൊക്കെയും ചർമ്മത്തെ പരിപാലിക്കുന്നു. അതുപോലെ മണ്ണിനും ഒട്ടും ദോഷമുണ്ടാക്കുന്നില്ല.”
ബോഡി ട്രീ സോപ്പ് പ്രത്യേകതകൾ
സോപ്പ് ഉണ്ടാക്കാൻ വെളിച്ചെണ്ണ, ആവണക്കെണ്ണ, പാം ഓയിൽ തുടങ്ങിയ വെജിറ്റബിൾ ഓയിലുകൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. ക്രിത്രിമ കളറുകൾ, പെർഫ്യൂം, ഗ്ലിസറിൻ, എസ്എൽഎസ് (സോഡിയം ലോറൽ സൾഫേറ്റ്) പോലുള്ള ഡിറ്റർജന്‍റുകൾ ചേർക്കുന്നില്ല.
“സോപ്പ് നിർമ്മാണത്തിനായി മാനുഫാക്ച്ചറിംഗ് യൂണിറ്റുണ്ട്. ഇപ്പോൾ സോപ്പ് നിർമ്മാണം 4 വർഷത്തിലധികമായിരിക്കുന്നു. ഒത്തിരി സോപ്പ് ഉണ്ടാക്കി മാർക്കറ്റ് ചെയ്യുന്നതിന് പകരം വളരെ കുറച്ച് സോപ്പ് തയ്യാറാക്കി വിപണനം ചെയ്യുന്നതിനാണ് ഞാൻ മുൻതൂക്കം നൽകുന്നത്.”
യാതൊരു തരത്തിലുമുള്ള രാസവസ്തുക്കളും അടങ്ങിയിട്ടില്ലെന്നതാണ് ബോഡി ട്രീയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. രഞ്ജിനിയുടെ വാക്കുകളിൽ പറഞ്ഞാൽ സസ്‍റ്റനബിൾ ഗ്രീൻ പ്രൊഡക്ടറ്റാണിത്.
ബ്യൂട്ടി സോപ്പ് എന്ന കൺസെപ്റ്റിനോട് ഒട്ടും താൽപര്യമില്ല രഞ്ജിനിയ്ക്ക്. സാധാരണ സോപ്പുകൾ ഉന്നയിക്കുന്ന പ്രധാന വാദഗതികളോ ആകർഷകങ്ങളായ മോഹവാഗ്ദാനങ്ങളോ ഒന്നും ഇതിൽ അടയാളപ്പെടുത്തിയിട്ടില്ല. ആന്‍റിറിങ്കിൾ എന്നെഴുതിയിട്ടുമില്ല.
വൈറ്റനിംഗ് സോപ്പ് ആവശ്യപ്പെടു ന്നവരുണ്ട്. അങ്ങനെയൊന്ന് ചെയ്യുന്നതിൽ താൽപര്യമില്ല. പലപല നിറത്തിലുള്ളവരാണ് മനുഷ്യർ. എല്ലാ നിറവും ഭംഗിയുള്ളത് തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ച് ഞാൻ ആരോഗ്യത്തിനാണ് മുൻതൂക്കം നൽകുന്നത്. അല്ലാതെ സൗന്ദര്യത്തിനല്ല.” രഞ്ജിനി പറയുന്നു.
“ദിവസേന കുളിക്കുമ്പോൾ സോപ്പിലുള്ള കെമിക്കലുകൾ കൊണ്ട് ബോഡി നശിപ്പിക്കാതിരിക്കുക, മണ്ണ് നശിപ്പിക്കാതിരിക്കുക അതാണ് ബോഡി ട്രീ സോപ്പിന്‍റെ മന്ത്രം. ബോഡി ട്രീ സോപ്പിലുള്ള ചേരുവകൾ സ്കിൻ നറിഷിംഗ് ആയതുകൊണ്ട് കുറച്ച് കഴിയുന്നതോടെ ചർമ്മ സൗന്ദര്യം കൂടാം. ഹോർമോൺ പ്രശ്നങ്ങൾ, ശരിയായ ഡയറ്റ് ഇല്ലാത്തത് എന്നിവയൊക്കെ ചർമ്മസൗന്ദര്യത്തിന് മങ്ങലേൽപ്പിക്കാം. ജെന്‍റിൽ ഓൺ സ്കിൻ, ജെന്‍റിൽ ഓൺ എർത്ത് എന്നതാണ് ബോഡി ട്രീയുടെ മോട്ടോ.”
കോൾഡ് പ്രോസസിലൂടെയാണ് സോപ്പിന്‍റെ നിർമ്മാണം. അമിതമായ ചൂടേൽപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ സോപ്പിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഗ്ലിസറിൻ അതേപോലെ നിലനിൽക്കുന്നു. എക്സ്ട്രാ ഹീറ്റിംഗ് പ്രകൃതിദത്തമായ നറിഷിംഗ് ഘടകങ്ങളെ നഷ്ടപ്പെടുത്തു ന്നതു കാരണം അതൊഴിവാക്കിയുള്ള നിർമ്മാണമാണ് അവംലബിക്കുന്നത്.
7 തരത്തിലുള്ള സോപ്പുകളാണ് ബോഡി ട്രീ റേഞ്ചിൽ വരുന്നത്. സോപ്പിന് പുറമെ ബോഡി സ്ക്രബ്ബ്, ബോഡി നറിഷിംഗ് ക്രീം, ഫേസ് ക്ലൻസർ, ഫേസ് മാസ്ക്, ഹെയർ ക്ലീനർ, ഹാൻഡ് ആന്‍റ് ഫൂട്ട് ബട്ടർ, ലിപ് ബാം, ലിപ്സ്ക്രബ്ബ് എന്നിങ്ങനെ ചർമ്മ പരിപാലനത്തിലുള്ള പ്രകൃതിദത്ത ചേരുവകളടങ്ങിയ മറ്റ് ഉൽപന്നങ്ങളും ബോഡി ട്രീയുടെ പ്രത്യേകതകളാണ്.
ക്യൂട്ട് പായ്ക്കിംഗ്
“എന്‍റെ സുഹൃത്തുക്കളാണ് കവർ ഡിസൈൻ ചെയ്‌ത് തന്നത്. വ്യത്യസ്തമായ പായ്ക്കിംഗ് ആയിരിക്കണമെന്നതുകൊണ്ടാണ് പില്ലോ കവർ എന്ന കൺസെപ്റ്റിൽ എത്തിയത്. റീസൈക്കിളിംഗ് പായ്ക്കിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
മിനിമം ഒരു വർഷമെങ്കിലും സോപ്പ് നന്നായിരിക്കണമെന്നതു കൊണ്ട് പ്ലാസ്റ്റിക്കല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ പറ്റാത്തതിനാൽ ഒരു തിൻ പ്ലാസ്റ്റിൻ ലെയർ ആണ് സോപ്പ് കവറിംഗിന് ഉപയോഗിച്ചിരിക്കുന്നത്.” രഞ്ജിനിയുടെ വാക്കുകളിൽ പറഞ്ഞാൽ ബോഡി ട്രീ സോപ്പ് 95 ശതമാനം ഓർഗാനിക്കാണ്, ഈ തിൻ പ്ലാസ്റ്റിക് കവറൊഴിച്ച്.
ബിസിനസ്സും സിനിമയും
സോപ്പ് നിർമ്മാണത്തിനിടയിൽ സാംസ്ക്കാരിക പഠന ഗവേഷണത്തിലായിരുന്നു രഞ്ജിനി. എഴുത്തിലും താൽപര്യമുള്ള രഞ്ജിനി മുമ്പ് മാസികയിലും മറ്റും ചെറുകഥകൾ എഴുതിയിട്ടുണ്ട്. ആകെ എഴുതിയ 3 കഥകൾക്കും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
“ഇപ്പോൾ എഴുതാറില്ല. സിദ്ധാന്തം വായിക്കാൻ തുടങ്ങിയപ്പോൾ കഥയെഴുത്ത് നിന്നുപോയി. പിന്നീട് ഫിക്ഷൻ എഴുതിയിട്ടില്ല. എങ്കിലും ഭർത്താവ് മനോജുമൊത്ത് ഡോക്യുമെന്‍ററിയിൽ വർക്ക് ചെയ്തിട്ടുണ്ട്. 2010ൽ ആയിരുന്നുവത്.”
“എ പെസ്റ്ററിംഗ് ജേർണി. നമ്മുടെ ജീവിതത്തിൽ രാസവസ്തുക്കൾ എത്ര മാത്രം സ്വാധീനിക്കുന്നുവെന്ന ചിന്തയി ലൂടെയാണ് ഈ ഡോക്യമെന്‍ററിയുടെ പിറവി. എൻഡോസൾഫാൻ ദുരിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്‍ററിയായിരുന്നുവത്. ആ വർഷം അതിന് നാഷണൽ അവാർഡും കിട്ടി.
കന്യകാ ടാക്കീസിൽ
“ഭർത്താവ് കെ.ആർ മനോജ് ഒരു ഫിലിം മേക്കറാണ്. ഷാജി കുമാറിന്‍റെ കഥയെ ആസ്പദമാക്കിയുള്ളതാണ് കന്യകാ ടാക്കീസ്. ഷാജിയും മനോജും ഞാനും ഒരുമിച്ചിരുന്ന് ചർച്ച ചെയ്‌താണ് സിനിമയ്ക്കു വേണ്ടി കഥയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി സ്ക്രിപ്റ്റ് ചെയ്‌തത്. സ്ക്രിപ്റ്റിൽ ഭാഗമാകാൻ എനിക്കും കഴിഞ്ഞതിൽ സന്തോഷമുണ്ട്. സിനിമ ശ്രദ്ധിക്കപ്പെട്ടു.” രഞ്ജിനി സിനിമ വിശേഷത്തെക്കുറിച്ച് പറയുന്നു.
ഇപ്പോൾ ഒന്ന് രണ്ട് വീഡിയോ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഈ ബിസിനസ്സ് സംരഭക. മകൻ 5 വയസ്സുകാരൻ നിരാമയനൊപ്പം ഈ മോം എന്‍റര്‍പ്രണർ ബിസിയാണ്.