അപാരവായനക്കാരനാണ് ഇന്ദ്രൻസ്. പക്ഷേ ഏതൊരു പുസ്തകത്തിൽ നിന്ന് കിട്ടിയതിനേക്കാളും ജീവിതാനുഭവങ്ങളിൽ നിന്ന് ഇന്ദ്രൻസിനു വെളിച്ചം ലഭിച്ചിട്ടുമുണ്ട്. അറിവുകളും അനുഭൂതികളും ഇല്ലായ്മകളും സങ്കടങ്ങളും സന്തോഷങ്ങളും തുന്നി ചേർത്ത ഒരു വലിയ പുസ്തകമാണീ മെലിഞ്ഞ മനുഷ്യൻ. തയ്യൽക്കാരനായി കരിയർ തുടങ്ങിയ ഇന്ദ്രൻസ് ഇന്ന് ലോകോത്തര നടനായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ഷാങ്ഹായ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വരെ ആദരിക്കപ്പെട്ട അഭിനയ പ്രതിഭ മനസ്സ് തുറക്കുന്നു…
വർഷങ്ങളായി സിനിമയിൽ എത്തിയിട്ട്. അംഗീകാരം കിട്ടാൻ വൈകിയെന്ന സങ്കടം ഉണ്ടായിരുന്നോ?
ഇപ്പോഴും ഞാൻ സിനിമയിലുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഒരു നടന് സിനിമയിൽ വരാൻ എളുപ്പമാണ്. പക്ഷേ വർഷങ്ങളോളം നിലനിൽക്കാൻ വലിയ പാടാണ്. സിനിമയിൽ ഇത്രയൊക്കെ എത്തിപ്പിടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയതിൽ ഞാൻ സംതൃപ്തനാണ്. ആഗ്രഹിച്ചതിനേക്കാൾ കൂടുതലാണ് ഇതെല്ലാം. എന്നെ കുടക്കമ്പിയെന്ന് വിളിച്ച് കളിയാക്കിയവർ ഇപ്പോൾ ഇവിടെയില്ല.
നാൽപതോളം വർഷമായി സിനിമയിൽ…
അതെ, അതൊരു നീണ്ടയാത്രയാണ്. സിനിമയുടെ ബലത്തിലാണ് ചൈനയിലും പോകാൻ കഴിഞ്ഞത്. വെയിൽ മരങ്ങൾക്ക് ഷാങ്ഹായ് ഫെസ്റ്റിവലിൽ സെലക്ഷൻ കിട്ടിയെന്നും മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും ഡോ.ബിജു ഫോണിൽ വിളിച്ചറിയിച്ചപ്പോൾ സന്തോഷവും കൺഫ്യൂഷനും.. എന്താ പറയാ… മുമ്പ് പല അവാർഡുകളും ലഭിച്ചിട്ടുണ്ടെങ്കിലും ഒരു എക്സൈറ്റ്മെന്‍റ്! പിന്നെ പുതിയൊരു പടത്തിന്‍റെ ഷൂട്ടിംഗിൽ ആയതു കൊണ്ട് ആദ്യം ചൈനയിലേയ്ക്ക് പോകാൻ വലിയ താൽപര്യമൊന്നുമില്ലായിരുന്നു. പിന്നെ ഈ മേളയുടെ മഹത്വവും വലിപ്പവും എനിക്കറിയില്ലായിരുന്നു. ഗോവയിലൊക്കെ പോകുന്നതു പോലയെ കരുതിയുള്ളൂ.
വമ്പിച്ച സ്വീകരണമാണ് അവിടെ ലഭിച്ചത്, അല്ലേ?
ഒരു പരിചയവും ഇല്ലാത്ത രാജ്യവും ആളുകളും. അവരുടെ കൂടെ എങ്ങനെ ദിവസങ്ങൾ ചെലവഴിക്കും ഇതൊക്കെയായിരുന്നു എന്‍റെ ചിന്ത. പക്ഷേ അവർ വളരെ കാര്യമായാണ് അങ്ങോട്ടേയ്ക്ക് ക്ഷണിച്ചു കൊണ്ടു പോയത്. താമസ സൗകര്യവും ടിക്കറ്റും വിസയുമൊക്കെ തന്നു. അപ്പോഴാണ് മനസിലായത് ഇതത്ര നിസ്സാര കാര്യമല്ലെന്ന്. ആ മേളയിൽ കയറിപ്പറ്റാൻ വളരെ പാടുള്ള കാര്യമാണെന്ന്. വേറിട്ട ഒരു അനുഭവമായിരുന്നു റെഡ് കാർപെറ്റിലൂടെ ഉള്ള നടത്തം. എനിക്കിടാനുള്ള കോട്ട് ഞാനും സഹോദരനുമാണ് തയ്ച്ചത്. ഫോർമൽ കോട്ടായിരുന്നു ഡ്രസ്സ് കോഡ്.
ചൈനയിൽ പോയി ചോപ്സ്റ്റിക് വച്ച് ഭക്ഷണം കഴിക്കുന്ന തിന്‍റെ വീഡിയോ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ഹിറ്റായിരുന്നു…
സ്റ്റിക് ഉപയോഗിച്ച് നമുക്ക് ഭക്ഷണം കഴിക്കാൻ വലിയ പാടാണ്. ഇതിനേക്കാൾ ഒക്കെ എളുപ്പം കൈ കൊണ്ട് കുഴച്ച് തിന്നുന്നതാ (ചിരിക്കുന്നു). ഞാൻ ആളുകൾ കാണാത്തപ്പോൾ അങ്ങനെയാ കഴിച്ചത്. പിന്നെ ചെറിയ പ്രാക്ടീസൊക്കെ ഉണ്ടെങ്കിൽ ചെയ്യാൻ പറ്റും. ഓർമ്മയ്ക്കായി ഞാൻ രണ്ട് ചോപ്സ്റ്റിക്ക് വീട്ടിലേയ്ക്ക് കൊണ്ടു വന്നിട്ടുണ്ട്.
സിനിമയിൽ വരുന്നത് വസ്ത്രാലങ്കാരം ചെയ്‌തു കൊണ്ടാണ്. ഇപ്പോൾ സിനിമയിൽ ലോക പ്രശസ്തനായി…
ഞാൻ 12-ാം വയസിൽ തയ്യൽക്കാരനായി ജോലി തുടങ്ങിയ ആളാണ്. നടനായി… ജീവിത സൗകര്യമൊക്കെയായി. ഞാൻ ഇപ്പോഴും തയ്യ്ക്കാറുണ്ട്. വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് ഒരു പൂതി തോന്നും. അനിയന്മാർ നടത്തുന്ന തയ്യൽ കടയിൽ നിന്ന് നമ്പറൊക്കെയിട്ട് തുണി കൊടുത്തു വിടും. ഞാൻ വീട്ടിൽ ഇരുന്ന് കട്ട് ചെയ്തു കൊടുക്കും. തുന്നും. ഇതൊക്കെ ഒരാഗ്രഹത്തിന്‍റെ പുറത്ത് ചെയ്യുന്നതാണ്. തയ്യൽക്കാരനായതു കൊണ്ടാണ് എനിക്ക് സിനിമയിൽ വരാൻ സാധിച്ചത്. സിനിമയിൽ വന്നു എന്നതിനേക്കാൾ ഇത്രയും കാലം ഇതിൽ നിൽക്കാൻ സാധിച്ചു എന്നുള്ളതാണ് സന്തോഷം. എഴുന്നേൽക്കുമ്പോൾ ഞാനിപ്പോഴും ഇവിടെ ഉണ്ടല്ലോ എന്ന സന്തോഷം.
ഇന്ദ്രൻസ് എല്ലാവരേയും ചിരിപ്പിക്കുന്ന മനുഷ്യനാണ്. ദേഷ്യം വരാറുണ്ടോ?
വല്ലപ്പോഴും. വന്നാൽ പിന്നെ ഒരു രക്ഷയുമില്ല. എനിക്ക് ഏറ്റവും പേടി ദേഷ്യം വരുന്നതാണ്. ദേഷ്യപ്പെട്ടു കഴിഞ്ഞാൽ പറഞ്ഞു പോകുന്ന വാക്കോ ചെയ്‌തു പോയ കാര്യമോ ആലോചിച്ച് ഞാൻ തന്നെ സങ്കടപ്പെടാറുണ്ട്. അത് പാടില്ലായിരുന്നു എന്ന് പിന്നെ ചിന്തിക്കും. ചെറുപ്പത്തിൽ അമ്മയോട് ദേഷ്യം തോന്നി നാടുവിട്ടിട്ടുണ്ട്. എവിടെ പോയാലും സന്ധ്യയാകുമ്പോൾ പേടിയാവും. തിരിച്ച് വീട്ടിലേയ്ക്ക് പതുങ്ങി ചെല്ലും.
വെയിൽ മരങ്ങൾ എങ്ങനെയാണ് ചൈനയിൽ സ്വീകരിക്കപ്പെട്ടത്…
14 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരത്തിന് തെരഞ്ഞെടുത്തത്. അതിലൊന്നായിരുന്നു വെയിൽ മരങ്ങൾ. നമ്മുടെ ചിത്രത്തിന് ലഭിച്ചത് ഔട്ട് സ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക്ക് അച്ചീവ്മെന്‍റ് അവാർഡാണ്. ഷാങ്ഹായ് മേളയിൽ പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രമാണിത്. ഇതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കേരളത്തിൽ നിന്ന് ഹിമാചലിലേക്ക് പാലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്‍റെ കഥ പറയുന്ന ചിത്രമാണിത്. ചിത്രം കണ്ടു കഴിഞ്ഞ കാണികളുടെ വക സ്റ്റാനിറിംഗ് ഒവേഷനായിരുന്നു. ഇതിന്‍റെ ക്രെഡിറ്റ് ഡോ. ബിജുവിനുള്ളതാണ്. അദ്ദേഹം കാരണമാണ് എനിക്കിതിന് അവസരം ലഭിച്ചത്.
അവിടുത്തെ ചടങ്ങിന്‍റെ പ്രത്യേകതകൾ എന്തൊക്കെയായിരുന്നു?
നന്നായി ഓർഗനൈസ് ചെയ്‌ത ചടങ്ങുകൾ ആയിരുന്നു. അച്ചടക്കമുള്ള മനുഷ്യർ. ഇവിടുത്തെ പോലെ വളരെ നീണ്ട പ്രസംഗങ്ങൾ ഒന്നുമില്ല. എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. മഹാമേള തന്നെയായിരുന്നു. ഷാങ്ഹായ് എന്ന വൻ നഗരത്തിന്‍റെ പ്രൗഢി മേളയിലും പ്രകടമായിരുന്നു. സമയത്തിനു വലിയ വില കൽപ്പിക്കുന്ന മനുഷ്യരുടെ നഗരമാണിത് എന്നാണ് മനസിലാക്കാൻ സാധിച്ചത്. ഞാൻ മലയാളത്തിലാണ് പ്രസംഗിച്ചത്. അത് ഒരാൾ ഇംഗ്ലീഷിലേയ്ക്ക് ആക്കി. അത് വേറൊരാൾ അവരുടെ ഭാഷയിലാക്കി. ഇങ്ങനെയായിരുന്നു. കൈമാറി കൈ മാറി പോകുമ്പോൾ നമ്മൾ പറയുന്നത് മറ്റൊരു അർത്ഥത്തിൽ വരുമോ എന്ന പേടി ഉണ്ടായിരുന്നു. പക്ഷേ ആളുകളുടെ കൈയ്യടിയും മറ്റും കേട്ടപ്പോൾ പറഞ്ഞത് ശരിയായാണ് കമ്മ്യൂണിക്കേറ്റ് ചെയ്‌തത് എന്ന് മനസിലായി.
ചൈന അദ്ഭുതപ്പെടുത്തിയോ?
അവിടുത്തെ മരങ്ങൾ തണലുകൾ… ട്രാഫിക്കില്ലാത്ത റോഡുകൾ പ്രത്യേകതകളായി തോന്നി. അവിടെ ഫ്ളക്സുകളുമില്ല! ആയിരക്കണക്കിനു വർഷങ്ങളായുള്ള അവരുടെ പരമ്പരാഗത സംവിധാനങ്ങളെല്ലാം നശിച്ചു പോകാതെ സംരക്ഷിച്ചിട്ടുണ്ട്.
സ്റ്റേറ്റ് അവാർഡിനു ശേഷം ആളൊരുക്കത്തിലേതുപോലെ വളരെ സീരിയസ്സായ വേഷങ്ങൾ ആണല്ലോ ലഭിക്കുന്നത്…
അതു ശരിയാണ്. ആളൊരുക്കത്തിലേതു പോലുള്ള അച്‌ഛന്‍റെ വേഷമാണിപ്പോൾ കൂടുതലും വരുന്നത്. തൊണ്ണൂറുകളിൽ കോമഡി റോളുകളായിരുന്നു കൂടുതലും കിട്ടിയിരുന്നത്. അങ്ങനെയിരിക്കെയാണ് ടിവി ചന്ദ്രൻ സാറിന്‍റെ കഥാവശേഷനിൽ സീരിയസായ ഒരു കള്ളന്‍റെ വേഷം ലഭിച്ചത്. പക്ഷേ, എനിക്ക് കോമഡി ചെയ്യാനാണ് കൂടുതൽ ഇഷ്ടം.
സൂചിയും നൂലും എന്ന ആത്മ കഥാപരമായ പുസ്തകത്തിൽ സങ്കടങ്ങളും സന്തോഷവും ഒക്കെ നിറയുന്ന അനുഭവങ്ങൾ തുന്നി വച്ചിട്ടുണ്ട്…
ശരിയാണ്, എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സങ്കടവും ഉണ്ടാവുമല്ലോ. ഞാൻ പലതും സീരിയസായി കണ്ടിട്ടില്ല. പട്ടിണി കിടന്നപ്പോഴും അത് പട്ടിണിയാണെന്ന് അറിയുന്നത് പിന്നിട്ട് ഇപ്പോൾ നന്നായി ഭക്ഷണം കിട്ടിത്തുടങ്ങിയപ്പോഴാണ്. അന്ന് എല്ലാവരും അങ്ങനെയാണെന്നാണ് വിചാരിച്ചത്. ഞാൻ നടനായപ്പോൾ ആരും അറിയാതെ ജിമ്മിൽ ചേരാൻ പോയി. ബോഡി ബിൽഡിംഗിനായി. ഈ ശരീരവും വച്ചിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിട്ടാവും അവരെന്നെ മടക്കി അയച്ചു. കുടക്കമ്പി, സോഡാകുപ്പി എന്നൊക്കെ വിളിപേര് വന്നപ്പോഴും ഞാൻ സങ്കടപ്പെട്ടിരുന്നില്ല.