കൂട്ടുകാരിയുടെ വിവാഹത്തിന് ഒരേപോലുള്ള കോസ്റ്റ്യൂം തെരഞ്ഞെടുക്കാൻ കടകൾ കയറി ഇറങ്ങിയെങ്കിലും എല്ലാവർക്കും യോജിച്ച സൈസുകൾ കിട്ടിയില്ല. ഒന്നൊക്കുമ്പോൾ മറ്റൊന്ന് ശരിയാവുന്നില്ല. അപ്പോഴാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ നോക്കിയത്. ഇഷ്‌ടമുള്ളത് യഥേഷ്ടം കണ്ടെത്തിയ സന്തോഷം. ഏതു സൈസിലുള്ളതും കിട്ടിയെന്നു മാത്രമല്ല വേണ്ടത്ര എണ്ണവും എളുപ്പത്തിൽ ഒപ്പിക്കാൻ കഴിഞ്ഞു. ഈ ബുദ്ധി എന്താ നേരത്തെ തോന്നാതിരുന്നേ എന്നു മാത്രമേ അതിനെക്കുറിച്ച് ഗ്രാമവാസിയും ബിഎഡ് വിദ്യാർത്ഥിനിയുമായ അതുല്യയ്ക്ക് പറയാനുള്ളു.
ഓൺലൈൻ വഴിയുള്ള ഇടപാടുകൾ ഇന്ന് ആളുകൾക്ക് സമയവും സൗകര്യവും ലാഭവും നൽകുന്ന കാര്യമായി മാറിയിരിക്കുകയാണ്. ഷോപ്പിംഗ് മാത്രമല്ല ബാങ്കിടപാടുകൾ മുതൽ ജോലികൾ വരെ ഓൺലൈനായി മാറിക്കഴിഞ്ഞു. സ്മാർട്ട് ഫോൺ ഒന്നെടുത്ത് അമർത്തുകയേ വേണ്ടു. എന്തും സ്വന്തമാക്കാൻ കഴിയുന്ന കാലമാണിത്. ഡിജിറ്റൽ ഇന്ത്യ എന്ന പുതിയ സങ്കൽപത്തെ അതിനും മുമ്പേ യാഥാർത്ഥ്യമാക്കി മുന്നേറുന്ന വലിയൊരു വിഭാഗം ഇന്നുണ്ട്. ഗോ കാഷ്‍ലെസ് എന്ന ലൈഫ്സ്റ്റൈൽ സ്വീകരിക്കാൻ പുതിയ ജനറേഷൻ മാത്രമല്ല പഴയതലമുറയും തയ്യാറായി കഴിഞ്ഞു. ഇടപാടുകൾ എല്ലാം ഓൺലൈൻ വഴി ആകുന്നതിന്‍റെ ഏറ്റവും സ്വാതന്ത്യ്രവും സുഖവും അനുഭവിക്കാൻ കഴിയുന്നത് സ്ത്രീകൾക്കും പ്രായമായവർക്കുമാണ്. ഗോ കാഷ്‍ലെസ് എന്ന ലൈഫ് സ്റ്റൈൽ സ്വീകരിക്കാൻ നോട്ട് നിരോധനം എന്നൊരു വലിയൊരു കാരണം കൂടി ഇപ്പോൾ ഉണ്ടായിരിക്കുന്നു. അങ്ങനെയൊരു റെസല്യൂഷൻ പുതുവർഷത്തിൽ തന്നെ സ്വീകരിക്കുകയും അത് നടപ്പാക്കുകയും ചെയ്യേണ്ടത് ഇനി കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്.
ഇ കൊമേഴ്സ് കമ്പനികൾ കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷം നേടിയത് 1600 കോടിയോളമാണ്. ഉപഭോഗത്തിന്‍റെ കാര്യത്തിൽ കേരളം എന്നും മുൻപന്തിയിലാണ്. അത് സ്വർണ്ണമായാലും, കള്ളായാലും, പച്ചക്കറിയായാലും. ഈ ശീലം പഴയ തലമുറയ്ക്ക് കടകളിൽ കൂടിയാണെങ്കിൽ പുതിയ തലമുറയിൽ ഭൂരിഭാഗവും ഓൺലൈനിലേക്ക് മാറിയിരിക്കുന്നു.
ഇലക്ട്രോണിക് സാധനങ്ങൾ, പുസ്‌തകങ്ങൾ മുതൽ വിമാന ടിക്കറ്റു വരെ. വീട്ടുപടിക്കൽ എത്തുന്ന ഓൺലൈൻ ടാക്‌സികളും ഫുഡ് ബോക്‌സുകളും ജീവിതം വലിയൊരാഘോഷമാക്കി മാറ്റുകയാണ്. എളുപ്പം, അതിവേഗം എന്ന മുദ്രാവാക്യത്തോടെ! കാരണം ഏറ്റവും ചെലവു കുറഞ്ഞ ഷോപ്പിംഗ് ഓപ്ഷൻ എപ്പോഴും ഒരു ക്ലിക്ക് അകലെയാണ്!. കടകളും ഓഫീസുകളും കയറി ഇറങ്ങുന്ന സമയം ലാഭിക്കാം. നമുക്കിഷ്ടപ്പെട്ട ഡിസൈനുകളെയും ബ്രാൻറുകളെയും വീട്ടിലിരുന്നും കണ്ടെത്താം. വസ്‌ത്രങ്ങളോ, ബാഗുകളോ ആക്സസറീസോ ടിക്കറ്റോ എന്തുമാകട്ടെ…
“ഞാൻ മിക്കവാറും എല്ലാ ഓൺലൈൻ സൈറ്റുകളിലും കയറി ഇറങ്ങാറുണ്ട്. കടകൾക്കു പകരം സൈറ്റുകളാണെന്നു മാത്രം. നമുക്ക് ഏതു സമയത്തും ഷോപ്പ് ചെയ്യാം എന്നതാണ് പ്രധാന ഗുണം. എവിടെ നിന്നും പർച്ചേസ് ചെയ്യാം.” ഓൺലൈനിൽ 3 വർഷമായി പർച്ചേസിംഗ് ചെയ്യുന്ന ഐടി ഉദ്യോഗസ്ഥ മരിയ ജോൺ പറയുന്നു. കടയിൽ കയറി ഇറങ്ങുന്ന ഷോപ്പിംഗും സ്ത്രീകൾക്ക് ഇഷ്‌ടമാണ്. എന്നാൽ പോകാനും വരാനും ഉള്ള അസൗകര്യങ്ങൾ, സ്വാതന്ത്യ്രക്കുറവ് ഇതൊക്കെയാണ് പ്രശ്നം. ഇങ്ങനെ ഉള്ളവർക്ക് ഓൺലൈൻ ഷോപ്പിംഗും ഡിജിറ്റൽ പണമിടപാടുകളും വളരെയധികം സ്വാതന്ത്യ്രം നൽകുന്നു. റീട്ടെയിൽ ഔട്ട്‍ലെറ്റുകളിൽ ലഭിക്കാത്തത്ര വലിയ ഓഫറുകളും ഡിസ്ക്കൗണ്ടുകളും ഓൺലൈൻ മാർക്കറ്റിൽ ലഭിക്കുന്നു.
“ഓൺലൈൻ ഷോപ്പിംഗ് സമയവും പണവും സേവ് ചെയ്യുന്നു. എന്നാൽ എന്‍റെ കൂട്ടുകാരികൾക്കൊപ്പം കറങ്ങി നടന്നുള്ള ഷോപ്പിംഗ് ഞാൻ മിസ് ചെയ്യുന്നുണ്ട്.” മരിയ ചൂണ്ടിക്കാട്ടുന്നു. മാസത്തിലൊരിക്കലെങ്കിലും ഓൺലൈൻ വഴി പർച്ചേസ് ചെയ്യാത്തവർ ഇപ്പോൾ കുറവാണ്. വിവാഹങ്ങൾ പോലുള്ള ചടങ്ങുകൾക്കു പോലും വസ്‌ത്രവും, ആഭരണവും ഓൺലൈൻ പർച്ചേസ് ചെയ്യുന്നു.
“ഡിജിറ്റലൈസേഷൻ കൊണ്ടുള്ള മാറ്റങ്ങൾ എവിടെയും സംഭവിക്കുന്ന കാലമാണിത്. ഇനിയും അത്തരം കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നത് സന്തോഷകരമാണ്.” ഇൻഫോപാർക്കിൽ റിസർച്ച് അനലിസ്റ്റായ സവിത അജയ്.
“ഇപ്പോൾ എത്ര സ്റ്റാർട്ട്അപ്പ്സ് ആണ്. പക്ഷേ 10 വർഷം മുമ്പ് എന്തായിരുന്നു സ്‌ഥിതി? 4ജി നെറ്റ് വർക്കുകളും വില കുറഞ്ഞ സ്മാർട്ട് ഫോണുകളും ഇ പെയിമെന്‍റ് പ്ലാറ്റ്ഫോമുകളും ഓൺലൈൻ ഷോപ്പിംഗും ഇതൊക്കെയാണ് എല്ലാ വ്യക്‌തിയെയും ഡിജിറ്റൽ ആകാൻ സഹായിക്കുന്ന ഘടകങ്ങൾ.” സവിത പറയുന്നു. എന്നാൽ സർക്കാർ സംവിധാനങ്ങളിലും ഗ്രാമീണമേഖലയിലും ഇപ്പോഴും ഈ സൗകര്യങ്ങൾ പൂർണ്ണമല്ല. പിന്നെ പലർക്കും ഇതേക്കുറിച്ചൊന്നും ധാരണയില്ല. അതിന്‍റെ തെളിവാണല്ലോ ബാങ്കിനു മുന്നിലെ ക്യൂ. പേപ്പർലെസ് – ക്യാഷ്ലസ് എന്ന രീതിയിലേക്ക് എത്താൻ ഇനിയും സമയമെടുക്കും.
സാങ്കേതിക വിദ്യ എല്ലാവരിലും എത്തിയാൽ പിന്നെ ഈ ഭയപ്പാടിന്‍റെ ആവശ്യമില്ല. ആർക്കും ക്യാഷ് ലസ് ആകാം. എവിടെയും തിരക്കു പിടിച്ച ജീവിതത്തിൽ, പ്രത്യേ കിച്ചും ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാർക്ക്, വർക്കിംഗ് വുമണിന് ഒക്കെ ഷോപ്പിംഗ് പോകാൻ സമയം കിട്ടാൻ പ്രയാസമായിരിക്കും. ഓൺലൈൻ ഷോപ്പിംഗ് അത്തരം ആളുകളെ സംബന്ധിച്ച് ഒരു മാജിക് തന്നെയാണ്. വസ്‌ത്രം, കിച്ചൻ ഐറ്റംസ്, കോസ് മെറ്റിക്സ്, ബേബി മെറ്റീരിയൽ എന്തും കിട്ടും. ചുരുങ്ങിയ സമയത്തിലും തിരിച്ചെടുക്കുമെന്ന നിബന്ധനയിലും എത്തുന്നതിനാൽ ടെൻഷന്‍റെ കാര്യമില്ല.
കൂടുതൽ ചൂസി ആവുമ്പോൾ വാങ്ങാനുള്ള സാധനം ഫൈനലൈസ് ചെയ്യാൻ സമയമെടുക്കും. നമ്മൾ കുറേയധികം നോക്കി വയ്‌ക്കും. പിന്നെ ഒന്നും വാങ്ങില്ല. ഓൺലൈൻ ഷോപ്പിംഗ് ചെയ്താൽ അതിന് അഡിക്ട് ആകുമെന്ന ഭയത്താൽ ചിലർ അതൊഴിവാക്കാറുണ്ട്. ചിലർക്കാണെങ്കിൽ കടയിൽ പോയി നേരിട്ടു വാങ്ങുന്നതാണ് കൂടുതൽ സന്തോഷം നൽകുക.
“ഷോപ്പിംഗിന്‍റെ കാര്യത്തിൽ സ്ത്രീകളെ കുറ്റം പറയാറുള്ള പുരുഷന്മാരാണ് ഓൺലൈൻ ഷോപ്പിംഗിൽ മുന്നിൽ. സ്ത്രീകളെക്കാൾ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നത് പുരുഷന്മാരാണ് എന്നാണ് ഓൺലൈൻ അനുഭവം. ഇലക്ട്രോണിക്‌സ് സാധനങ്ങൾക്കാണ് ഏറ്റവും കൂടുതൽ കസ്റ്റമേഴ്സ് ഉള്ളത്.” കൊച്ചിയിൽ ആമസോൺ കൊറിയർ ഏജന്‍റായി പ്രവർത്തിക്കുന്ന അഖിലേഷ് എ പറയുന്നു.
“സാധനങ്ങളുടെ വിലയും ഗുണനിലവാരവും താരതമ്യം ചെയ്‌തു വാങ്ങാൻ കഴിയുന്നതു കൊണ്ടാവാം ഓൺലൈൻ പർച്ചേസിന് ആവശ്യക്കാർ ഏറി വരുന്നത്. കൂടാതെ രഹസ്യമായി വാങ്ങണമെന്നുള്ളവർക്കും ഇത് ഏറെ പ്രയോജനപ്പെടും.” പിറവം ഇറിഗേഷൻ സബ് ഡിവിഷനിൽ ക്ലാർക്കായ സുരേഷ് എം എൻ പറയുന്നു. “എന്‍റെ ഒരനുഭവം പറയാം. എന്‍റെ സഹോദരി ഗൾഫിൽ നിന്നു വന്നപ്പോൾ ഒരു പെർഫ്യൂം കൊണ്ടു വന്നു. വളരെ വ്യത്യസ്തമായ സുഗന്ധമുള്ള ആ പെർഫ്യൂം ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് വലിയ ഇഷ്‌ടമായി. അവന് അത് കിട്ടിയേ തീരൂ. പുതിയ ഒന്ന് വാങ്ങാനായി എറണാകുളത്തെ പല കടകളും തപ്പി.പക്ഷേ കിട്ടിയില്ല. അപ്പോഴാണ് ഓൺലൈൻ പർച്ചേസിനെപ്പറ്റി ചിന്തിച്ചത്. അതേ സാധനം ഒരാഴ്ചയ്ക്കുളളിൽ എനിക്ക് ഓൺലൈൻ വഴി കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
എന്നാൽ എനിക്ക് തോന്നിയ ചില ദോഷവശങ്ങൾ കൂടി പറയട്ടെ. വളരെ ആകർഷകമായ ചിത്രങ്ങളോടുകൂടി നമ്മെ ഭ്രമിപ്പിക്കുന്ന തരത്തിലുള്ള സാധനങ്ങളായിരിക്കും ഡിസ്പ്ലേ. എന്നാൽ കയ്യിൽ കിട്ടുമ്പോൾ അത്രയും ക്വാളിറ്റി തോന്നില്ല. ഒളിഞ്ഞിരിക്കുന്ന ഡെലിവറി, സർചാർജ്, പാക്കിംഗ് ചാർജ്, ഇവയെപ്പറ്റിയൊക്ക ബോധ്യം വേണം. ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഇടയ്ക്ക് പരിശോധിക്കാത്തവർക്ക് അതിൽ പിശകുണ്ടായാൽ കറക്‌ട് ചെയ്യാൻ പോലും കഴിഞ്ഞെന്നു വരില്ല.
കഴിഞ്ഞ ദിവസം ഒരാൾ ഒരു മാളിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഇങ്ങനെ വിവരിച്ചു കണ്ടു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ബിൽ പേ ചെയ്യാൻ കാർഡ് കൊടുത്തു. 1976 രൂപ യുടെ ബിൽ. എന്നാൽ മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്ത ഹോട്ടൽ ജീവനക്കാരൻ അബദ്ധത്തിൽ അടിച്ചത് 19760! തുക ശ്രദ്ധിക്കാതെ പിൻ എന്‍റർ ചെയ്‌തു. പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ.
ഡിജിറ്റൽ ഇന്ത്യയിലേക്ക് നടന്നടുക്കുമ്പോൾ സംഭവിക്കാവുന്ന അബദ്ധങ്ങൾ ആണ് പറഞ്ഞു വരുന്നത്. ഇപ്പോൾ ചെറിയ പെട്ടിക്കടകളിലും ഓട്ടോറിക്ഷ കളിലും വരെ പെടിഎം പോലുള്ള ഡിജിറ്റൽ സൗകര്യങ്ങൾ എത്തിത്തുടങ്ങി.
“ഓൺലൈൻ ഷോപ്പിംഗ് വളരെ സെലക്ടീവ് ആയിരിക്കണം. ഓൺലൈൻ വഴി വലിയ സൈസിലുള്ള പ്രോഡക്ടുകൾ വാങ്ങുന്നത് അത്ര മെച്ചമായിരിക്കില്ല.” ബാംഗ്ലൂരിൽ ഇൻഡെവ് ലോജിസ്റ്റിക്സ് ഉദ്യോഗസ്‌ഥയായ സുധ പത്മകുമാർ പറയുന്നു.
“ വിലകൂടിയ സാരി പോലെ, സ്പർശിച്ചു നോക്കി വാങ്ങേണ്ടതാണെങ്കിലും സെലക്‌ടീവ് ആകണം. ബ്രാൻറഡ് ഇലക്ട്രോണിക്സ്, ഡെയ്‍ലി യൂസ് സാധനങ്ങൾ, ഇവയൊക്കെ ഓൺലൈൻ വാങ്ങുന്നത് നല്ലതാണ്. കൂടുതൽ ചെലവില്ലാതെ നമ്മുടെ വീട്ടുപടിക്കൽ ഇവ എത്തുമെന്നതാണ് ലാഭകരം. നമ്മുടെ സാന്നിധ്യം ഇല്ലാതെ തന്നെ ആളുകൾക്ക് സമ്മാനം നൽകാനും, സാധനങ്ങൾ അയക്കാനും കഴിയുന്നു. അതൊരു നല്ല കാര്യമാണ്. പ്രത്യേകിച്ചും ഉദ്യോഗസ്ഥകൾക്ക് ഓൺലൈൻ ഷോപ്പിംഗ് ഒരു അനുഗ്രഹമാണ്. സുധ പത്മകുമാർ പറയുന്നു.
“ഞാൻ ഓൺലൈനിലെ സ്ഥിരം കസ്റ്റമറൊന്നുമല്ല. എങ്കിലും ഓൺലൈൻ പർച്ചേസ് വളരെ സൗകര്യപ്രദമായി തോന്നിയിട്ടുണ്ട്. ഏതെങ്കിലും ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഞാൻ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാറ് പർച്ചേസ് ചെയ്‌തപ്പോഴൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഒരു കാര്യം ശ്രദ്ധിക്കണമെന്നു മാത്രം. ഡെലിവറിയെക്കുറിച്ച് വ്യക്‌തമായ ധാരണ വേണം. എങ്കിലേ, മുൻകൂർ ബുക്ക് ചെയ്ത് യഥാസമയം സാധനം ലഭിക്കൂ.” മിർ ഗ്രൂപ്പിൽ ഡെപ്യൂട്ടി മാനേജറായ ഡിജിത്ത് പണിക്കർ പറയുന്നു.
“ഓൺലൈൻ പർച്ചേസിലൂടെ എവിടെയൊക്കെ കൂടുതൽ ലാഭം കിട്ടുമെന്നു തോന്നിയാൽ ഞാൻ അതു സ്വീകരിക്കാറുണ്ട്. നോട്ടു നിയന്ത്രണം വരുന്നതിനു മുമ്പ് തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഞാൻ ഫുൾടാങ്ക് ഡീസൽ അടിക്കാറുണ്ടായിരുന്നു. 70 മുതൽ 90 രൂപ വരെ ലാഭം കിട്ടിയിട്ടുണ്ട്.” യുപിഎം അഡ്വർട്ടൈസിംഗ് പാർട്ണറായ ഫിലിപ്പ് ചെറിയാൻ പറയുന്നു.
“ഇന്ത്യയ്ക്ക് വെളിയിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യാൻ ഇഷ്‌ടമാണെങ്കിൽ ഓൺലൈൻ ആ ആഗ്രഹം സാധിച്ചു തരും. നമ്മുടെ പരമ്പരാഗത മാർക്കറ്റുകളിൽ നിന്നും എന്തിന് ഇ – സൈറ്റുകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വ്യത്യസ്‌തമായ ഉൽപന്നങ്ങൾ അലി എക്സ്പ്രസ് പോലുള്ള ഗ്രൂപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യാം. ലോകത്തു എവിടെ നിന്നും ഏതു സാധനവും വാങ്ങാനുള്ള സ്വാതന്ത്യ്രമാണ് ഓൺലൈൻ തരുന്നത്. അതു വലിയൊരു അനുഭവമാണ്.” ഫിലിപ്പ് ചെറിയാൻ പറയുന്നു.
എന്നാൽ പുതിയ നയം വന്നതോടെ ഓൺലൈൻ പർച്ചേസിലും ഇന്ധനം അടിക്കലിലും ഒക്കെ ഹിഡൻ ചാർജസ് വന്നു എന്ന അനുഭവവും പലരും പറയുന്നുണ്ട്. ആയിരം രൂപയ്ക്ക് പെട്രോൾ അടിച്ചാൽ ബില്ലിൽ 1000 രൂപയായിരിക്കും. എന്നാൽ മൊബൈലിൽ മെസേജ് വരുമ്പോഴാണ് സർവ്വീസ് ചാർജ് പോയത് അറിയുന്നത്!
മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഓൺലൈൻ ടാക്‌സി സർവീസുകൾ ആണ് ഇപ്പോഴത്തെ ഏറ്റവും ഡിമാന്‍റുള്ള മറ്റൊരു ട്രെന്‍റ്. ഈ സൗകര്യം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സ്ത്രീകൾ ആണെന്നാണ് കൊച്ചി നഗരത്തിൽ ഓൺലൈൻ ടാക്‌സി സർവീസ് നടത്തുന്ന രാജേഷ് പറയുന്നത്. യൂബർ, ഓല തുടങ്ങിയ ടാക്സി സർവീസകളാണ് പ്രധാനമായുള്ളത്. വളരെ എളുപ്പത്തിൽ ഫോൺ വഴി ബുക്ക് ചെയ്യാം.
“കഴിഞ്ഞ ദിവസം ഒരു അമ്മ തന്‍റെ കുട്ടിയെ സ്ക്കൂളിൽ നിന്ന് പിക്ക് ചെയ്യാൻ വിളിക്കുകയുണ്ടായി. അവർക്ക് ചെറിയ കുഞ്ഞുള്ളതിനാൽ വീട്ടിൽ നിന്ന് പോകാൻ കഴിയാതെ വന്നപ്പോൾ ആണ് ഇങ്ങനെ ചെയ്‌തത്.” രാജേഷ് തന്‍റെ അനുഭവം വിശദീകരിച്ചു. ടാക്സി ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ ഡ്രൈവറുടെ പേരും നമ്പറും ചിത്രവും വണ്ടി നമ്പറും അടക്കം കസ്‌റ്റമറിന് ലഭിക്കുമെന്നതിനാൽ വളരെ സുരക്ഷിതമാണ് എന്ന തോന്നലുണ്ട്. സ്ത്രീകൾ ഓൺലൈൻ ടാക്‌സി വിളിക്കുന്നതിന്‍റെ കാരണവും അതു തന്നെ.
“എവിടെയും വാഹനത്തിനു വേണ്ടി കാത്തു നിൽക്കണ്ട. നിരക്കാണെങ്കിൽ കുറവും. ചാർജിനെക്കുറിച്ചുള്ള വിവരം മുൻകൂട്ടി ലഭിക്കും. ഞങ്ങൾ ഇപ്പോൾ ഓൺലൈൻ ടാക്‌സി സർവീസിന് അഡിക്‌ട് ആയി എന്നു പറയാം.” കോളേജ് വിദ്യാർത്ഥിനികളായ അനു സൂസനും നിരുപമയും.
ഇഷ്‌ടപ്പെട്ടവ കണ്ടെത്താനും, അവയുടെ സവിശേഷതകൾ മനസ്സിലാക്കാനും ഓൺലൈനിൽ കഴിയുമെന്നതാണ് കാര്യം. എന്തു സാധനവും ഇങ്ങനെ ലഭ്യമാണെങ്കിലും ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കാണ് ഹോട്ട് വിപണി. കേരളത്തിൽ തുടക്കത്തിൽ ഓൺലൈൻ വിൽപ്പനയിൽ മുഖ്യപങ്ക് സ്മാർട്ട് ഫോണുകൾക്കായിരുന്നു. പിന്നെ ടാബ്‍ലെറ്റുകൾ. ഇപ്പോൾ ഇവയ്ക്കു പുറമേ, വസ്‌ത്രങ്ങൾ ചെരുപ്പ്, ഭക്ഷണസാധനങ്ങൾ, കോസ്മെറ്റിക്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ ഇങ്ങനെ എല്ലാം തന്നെ ആളുകൾ വാങ്ങുന്നു.
പുരുഷന്മാർ കൂടുതൽ ഇലക്ട്രോണിക് ഗാഡ്ജറ്റും, സ്ത്രീകൾ വസ്‌ത്രങ്ങളുമാണ് ഓൺലൈൻ ഷോപ്പിംഗ് ചെയ്‌തു കാണുന്നത്. പേനയും, വാച്ചും, കണ്ണട ഫ്രെയിമു പോലും വാങ്ങാറുണ്ട്. ഡോക്‌ടറുടെ കുറിപ്പടി അയച്ച് ഓൺലൈൻ ആയി കണ്ണട വാങ്ങുന്നവരും ഉണ്ട്. ഇതിലൊക്കെ സാറ്റിസ്‌ഫാക്ഷൻ എത്രത്തോളമുണ്ടെന്നത് ഓരോ വ്യക്‌തിയെ ആശ്രയിച്ചാണിരിക്കുന്നത്.
ഓൺലൈൻ സൈറ്റുകൾ പുസ്തകം വാങ്ങാൻ വിനിയോഗിക്കുന്ന ധാരാളം പുസ്തകപ്രേമികളുണ്ട്. ഓൺലൈൻ വായനക്കായാലും അല്ലാതെയും ഈ സൗകര്യം ഉപയോഗിക്കാം. പുസ്‌തകങ്ങൾ വാങ്ങാൻ ഓൺലൈൻ ആണ് കൂടുതൽ സൗകര്യമെന്ന് അബോട്ട് ഫാർമ ഏരിയ ബിസിനസ് മാനേജർ ആയ അനൂപ് കുമാർ. “ആമസോണിൽ നിന്നാണ് ഞാൻ പർച്ചേസ് ചെയ്യാറ്, അതിൽ ഓരോ പുസ്‌തകത്തിന്‍റെയും റിവ്യൂ ഉണ്ട്. വായനക്കാരുടെ ഫീഡ്ബാക്ക് ഉണ്ട്. ഇതെല്ലാം മനസ്സിലാക്കി പുസ്തകം വാങ്ങാം. പുറത്ത് 280 രൂപ വിലയുളള ഒരു പുസ്തകം ഓഫറുണ്ടെങ്കിൽ പകുതി വിലയ്ക്കു വരെ കിട്ടും. മാത്രമല്ല ഒരാഴ്ചക്കുള്ളിൽ ഡെലിവറിയും ലഭിക്കും” അനൂപ് പറയുന്നു. വായനയിലും ഓൺലൈൻ കൊണ്ടു വരുന്ന സൗകര്യങ്ങളാണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്.
സിനിമയ്ക്കും മെഗാഷോകൾക്കും സ്പോർട്സ് ഇവന്‍റുകൾക്കുമൊക്കെ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്ന കാലവും കഴിഞ്ഞു. സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്നത് നാട്ടിൻ പുറങ്ങളിലെ ഇപ്പോൾ കാണാൻ കഴിയൂ. മാളുകളിലെ മൾട്ടിപ്ലക്സുകളിലും മറ്റും ടിക്കറ്റ് ബുക്ക് ചെയ്‌ത് എത്തുന്നവരാണ് അധികവും. ബുക്കിംഗ് സൈറ്റുകൾക്ക് പുറമേ ഓൺലൈൻ മണി വാലറ്റായ പെടിഎമ്മും ഇവിടെ ആളുകളെ ഗോ കാഷ്‍ലെസ് ആക്കാൻ സഹായിക്കുന്നു. ബാങ്ക് അക്കൗണ്ടുള്ള ആർക്കും മൊബൈൽ ഫോണിൽ നിന്ന് ഇഷ്‌ടപ്പെട്ട സിനിമ ബുക്ക് ചെയ്യാം. സ്വന്തം ഇരിപ്പിടം വരെ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടല്ലോ? വെറുതെ ഉന്തും തള്ളും കൊള്ളേണ്ട. ഓൺലൈനായി ബുക്ക് ചെയ്താൽ ഇ ടിക്കറ്റ് കിട്ടും മൊബൈലിൽ മെസേജ് വരും. ഇതുമായി ചെന്നാൽ മതി. നഗരങ്ങളിലെ തിയേറ്ററുകളിൽ 50 ശതമാനം വരെ ഇപ്പോൾ ഓൺലൈൻ ബുക്കിംഗ് ആണ്. ഐഎസ്എൽ ഫൈനൽ മാച്ചിന്‍റെ ടിക്കറ്റുകൾ മുഴുവനും ഓൺലൈൻ ആയി കുറേ ദിവസം മുമ്പു തന്നെ ഇപ്രാവശ്യം വിറ്റുപോയത്.
സാധാരണക്കാരനു പോലും വിമാന യാത്ര കൈയെത്തിപ്പിടിക്കാൻ പറ്റിയ സാഹചര്യത്തിലെത്തിച്ചതിൽ ഓൺലൈൻ ബുക്കിംഗിന്‍റെ റോൾ നിസാരമല്ല. വിദേശത്തേക്കൊരു വിമാനയാത്രയും വിനോദയാത്രയും സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. ഇപ്പോൾ അതല്ല സ്‌ഥിതി. നേരത്തെ ബുക്ക് ചെയ്‌താൽ കുറഞ്ഞ ചെലവിൽ വിമാനയാത്ര ചെയ്യാൻ കഴിയുന്നതു മൂലം ഓൺലൈൻ ബുക്കിംഗിന് ഇവിടെയും പ്രിയമേറുകയാണ്. വിമാന ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ് മാത്രമല്ല, മറ്റൊരിടത്ത് വിമാനം ഇറങ്ങുമ്പോൾ കൂട്ടിക്കൊണ്ടു പോകാനുള്ള വാഹനം വേണോ? ഹോട്ടൽ വേണോ? എല്ലാം വീട്ടിലെ മൊബൈലിലിരുന്ന് ചെയ്യാം. അതിനാൽ ഡിജിറ്റൽ തലമുറയ്ക്ക് എല്ലാം ഈസിയാണ്. ട്രെയിൻ, ബസ്, പ്ലെയിൻ യാത്രകൾ ഓൺലൈനായി ചെയ്യുന്നവരാണ് ഭൂരിഭാഗം യുവാക്കളും. ഈ ട്രെന്‍റ് പഴയ തലമുറയും ഏറ്റെടുത്തിരിക്കുന്നു എന്നതാണ് പുതിയ ട്രെന്‍റ്.