കൂട്ടുകാരിയുടെ വിവാഹത്തിന് ഒരേപോലുള്ള കോസ്റ്റ്യൂം തെരഞ്ഞെടുക്കാൻ കടകൾ കയറി ഇറങ്ങിയെങ്കിലും എല്ലാവർക്കും യോജിച്ച സൈസുകൾ കിട്ടിയില്ല. ഒന്നൊക്കുമ്പോൾ മറ്റൊന്ന് ശരിയാവുന്നില്ല. അപ്പോഴാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ നോക്കിയത്. ഇഷ്‌ടമുള്ളത് യഥേഷ്ടം കണ്ടെത്തിയ സന്തോഷം. ഏതു സൈസിലുള്ളതും കിട്ടിയെന്നു മാത്രമല്ല വേണ്ടത്ര എണ്ണവും എളുപ്പത്തിൽ ഒപ്പിക്കാൻ കഴിഞ്ഞു. ഈ ബുദ്ധി എന്താ നേരത്തെ തോന്നാതിരുന്നേ എന്നു മാത്രമേ അതിനെക്കുറിച്ച് ഗ്രാമവാസിയും ബിഎഡ് വിദ്യാർത്ഥിനിയുമായ അതുല്യയ്ക്ക് പറയാനുള്ളു.
ഓൺലൈൻ വഴിയുള്ള ഇടപാടുകൾ ഇന്ന് ആളുകൾക്ക് സമയവും സൗകര്യവും ലാഭവും നൽകുന്ന കാര്യമായി മാറിയിരിക്കുകയാണ്. ഷോപ്പിംഗ് മാത്രമല്ല ബാങ്കിടപാടുകൾ മുതൽ ജോലികൾ വരെ ഓൺലൈനായി മാറിക്കഴിഞ്ഞു. സ്മാർട്ട് ഫോൺ ഒന്നെടുത്ത് അമർത്തുകയേ വേണ്ടു. എന്തും സ്വന്തമാക്കാൻ കഴിയുന്ന കാലമാണിത്. ഡിജിറ്റൽ ഇന്ത്യ എന്ന പുതിയ സങ്കൽപത്തെ അതിനും മുമ്പേ യാഥാർത്ഥ്യമാക്കി മുന്നേറുന്ന വലിയൊരു വിഭാഗം ഇന്നുണ്ട്. ഗോ കാഷ്‍ലെസ് എന്ന ലൈഫ്സ്റ്റൈൽ സ്വീകരിക്കാൻ പുതിയ ജനറേഷൻ മാത്രമല്ല പഴയതലമുറയും തയ്യാറായി കഴിഞ്ഞു. ഇടപാടുകൾ എല്ലാം ഓൺലൈൻ വഴി ആകുന്നതിന്‍റെ ഏറ്റവും സ്വാതന്ത്യ്രവും സുഖവും അനുഭവിക്കാൻ കഴിയുന്നത് സ്ത്രീകൾക്കും പ്രായമായവർക്കുമാണ്. ഗോ കാഷ്‍ലെസ് എന്ന ലൈഫ് സ്റ്റൈൽ സ്വീകരിക്കാൻ നോട്ട് നിരോധനം എന്നൊരു വലിയൊരു കാരണം കൂടി ഇപ്പോൾ ഉണ്ടായിരിക്കുന്നു. അങ്ങനെയൊരു റെസല്യൂഷൻ പുതുവർഷത്തിൽ തന്നെ സ്വീകരിക്കുകയും അത് നടപ്പാക്കുകയും ചെയ്യേണ്ടത് ഇനി കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്.
ഇ കൊമേഴ്സ് കമ്പനികൾ കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷം നേടിയത് 1600 കോടിയോളമാണ്. ഉപഭോഗത്തിന്‍റെ കാര്യത്തിൽ കേരളം എന്നും മുൻപന്തിയിലാണ്. അത് സ്വർണ്ണമായാലും, കള്ളായാലും, പച്ചക്കറിയായാലും. ഈ ശീലം പഴയ തലമുറയ്ക്ക് കടകളിൽ കൂടിയാണെങ്കിൽ പുതിയ തലമുറയിൽ ഭൂരിഭാഗവും ഓൺലൈനിലേക്ക് മാറിയിരിക്കുന്നു.
ഇലക്ട്രോണിക് സാധനങ്ങൾ, പുസ്‌തകങ്ങൾ മുതൽ വിമാന ടിക്കറ്റു വരെ. വീട്ടുപടിക്കൽ എത്തുന്ന ഓൺലൈൻ ടാക്‌സികളും ഫുഡ് ബോക്‌സുകളും ജീവിതം വലിയൊരാഘോഷമാക്കി മാറ്റുകയാണ്. എളുപ്പം, അതിവേഗം എന്ന മുദ്രാവാക്യത്തോടെ! കാരണം ഏറ്റവും ചെലവു കുറഞ്ഞ ഷോപ്പിംഗ് ഓപ്ഷൻ എപ്പോഴും ഒരു ക്ലിക്ക് അകലെയാണ്!. കടകളും ഓഫീസുകളും കയറി ഇറങ്ങുന്ന സമയം ലാഭിക്കാം. നമുക്കിഷ്ടപ്പെട്ട ഡിസൈനുകളെയും ബ്രാൻറുകളെയും വീട്ടിലിരുന്നും കണ്ടെത്താം. വസ്‌ത്രങ്ങളോ, ബാഗുകളോ ആക്സസറീസോ ടിക്കറ്റോ എന്തുമാകട്ടെ...
“ഞാൻ മിക്കവാറും എല്ലാ ഓൺലൈൻ സൈറ്റുകളിലും കയറി ഇറങ്ങാറുണ്ട്. കടകൾക്കു പകരം സൈറ്റുകളാണെന്നു മാത്രം. നമുക്ക് ഏതു സമയത്തും ഷോപ്പ് ചെയ്യാം എന്നതാണ് പ്രധാന ഗുണം. എവിടെ നിന്നും പർച്ചേസ് ചെയ്യാം.” ഓൺലൈനിൽ 3 വർഷമായി പർച്ചേസിംഗ് ചെയ്യുന്ന ഐടി ഉദ്യോഗസ്ഥ മരിയ ജോൺ പറയുന്നു. കടയിൽ കയറി ഇറങ്ങുന്ന ഷോപ്പിംഗും സ്ത്രീകൾക്ക് ഇഷ്‌ടമാണ്. എന്നാൽ പോകാനും വരാനും ഉള്ള അസൗകര്യങ്ങൾ, സ്വാതന്ത്യ്രക്കുറവ് ഇതൊക്കെയാണ് പ്രശ്നം. ഇങ്ങനെ ഉള്ളവർക്ക് ഓൺലൈൻ ഷോപ്പിംഗും ഡിജിറ്റൽ പണമിടപാടുകളും വളരെയധികം സ്വാതന്ത്യ്രം നൽകുന്നു. റീട്ടെയിൽ ഔട്ട്‍ലെറ്റുകളിൽ ലഭിക്കാത്തത്ര വലിയ ഓഫറുകളും ഡിസ്ക്കൗണ്ടുകളും ഓൺലൈൻ മാർക്കറ്റിൽ ലഭിക്കുന്നു.