രണ്ടു ദിവസം സ്ക്കൂളിന് അവധി കിട്ടിയപ്പോൾ മോന്‍റെ ആഗ്രഹം ആയിരുന്നു എവിടെയെങ്കിലും പോകുക എന്നത്. ജോലി തിരക്കിൽ നിന്നെല്ലാം മാറി ബഹളമില്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് രണ്ടു ദിവസത്തേക്കു മാറി നിൽക്കാം എന്ന് കരുതി. എവിടെ പോകും എന്നായി ചിന്ത. തണുപ്പുള്ള, അധികം ആളുകളോ തിരക്കോ ഇല്ലാത്ത സ്‌ഥലത്തെ കുറിച്ചായി ചിന്ത. എങ്കിൽ ഊട്ടിയിൽ പോകാം, അവിടെ നഗരത്തിൽ നിന്നെല്ലാം മാറി സഞ്ചാരികൾ അധികം വരാത്ത ഒരുപാടു സ്‌ഥലങ്ങൾ ഉണ്ട്. അതിലെവിടെയെങ്കിലും പോകാമെന്നു തീരുമാനിച്ചു.
മനസ്സിൽ വന്ന സ്‌ഥലങ്ങൾ ഗ്ലൻമോർഗനും ലവ്ഡേലും ആയിരുന്നു. രാവിലെ ഭാര്യയേയും മോനെയും കൂട്ടി ഇറങ്ങി. സാധാരണയായി ഊട്ടിയിൽ പോകുന്നത് നിലമ്പൂരിൽ നിന്നും വഴിക്കടവ് വഴി നാടുകാണി ചുരം കയറിയാണ്. പ്രളയത്തിൽ ഉരുൾപൊട്ടി ചുരം നശിച്ചു പോയിരിക്കുകയാണ്. വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഇനി ഊട്ടിയിൽ എത്താൻ പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത്.
കോയമ്പത്തൂർ മേട്ടുപ്പാളയം വഴിയും പിന്നെ വയനാട് മേപ്പാടി ഗൂഡല്ലൂർ വഴിയും. ഊട്ടിയിൽ എത്തണമെങ്കിൽ എഴുപതോളം കിലോമീറ്റർ കൂടുതൽ സഞ്ചരിക്കണം. പിന്നെയൊരു വഴിയുള്ളതു അട്ടപ്പാടി മുള്ളി മഞ്ചൂർ വഴിയാണ്. കാട്ടു വഴിയാണ്. ഈ വഴിയേ പോയിട്ടുള്ളതുമാണ്. കുത്തനെയുള്ള ഹെയർ പിൻ വളവുകളും ആനകളുടെ സാന്നിധ്യവും കൂടുതലാണ്.
മണ്ണാർക്കാട് വഴി അട്ടപ്പാടിയിലേക്ക് പോകാൻ തീരുമാനിച്ചു. മണ്ണാർക്കാട് വരെ നല്ല റോഡായിരുന്നു. അവിടെ നിന്നും അട്ടപ്പാടി റോഡിലെ ചുരത്തിലേക്കു പ്രവേശിച്ചത് മുതൽ റോഡിന്‍റെ അവസ്‌ഥ മാറി. പലയിടത്തും റോഡ് ഉണ്ടോയെന്നു തന്നെ സംശയമാണ്.
മുകളിലേക്കു കയറും തോറും സൈലന്‍റ്‍വാലി കാടുകളുടെ വന്യത കൂടി വരുന്നു. പലയിടത്തും ചുരം മണ്ണിടിഞ്ഞു താഴേക്കു പോയിരിക്കുന്നു. അവിടെയൊക്കെ ചാക്കിൽ മണ്ണ് നിറച്ചു താൽക്കാലിക ഗതാഗതം തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ സൂക്ഷിച്ചു വാഹനം ഓടിച്ചില്ലെങ്കിൽ താഴെ കൊക്കയിലേക്ക് പോകും.
നല്ല മഴക്കാറുണ്ട്, ഹെയർ പിൻ വളവുകൾ കയറി പോകുംതോറും ഇരുവശവും നിബിഢ വനമായതുകൊണ്ട് ഇരുട്ട് കൂടൂന്നുണ്ട്. കോടമഞ്ഞു നിറഞ്ഞു വരുന്നു.
കുറച്ചു വളവുകൾ കഴിഞ്ഞപ്പോൾ ഒന്നും കാണാൻ കഴിയാത്ത അത്രയും കോടമഞ്ഞ് നിറഞ്ഞിരിക്കുന്നു. തൊട്ടടുത്തു ഹസാർഡ് ലാംപ് ഓൺ ചെയ്തു ഒരു കാർ പാർക്കു ചെയ്‌തിട്ടുണ്ട്. അതിന്‍റെ മഞ്ഞ വെളിച്ചം മാത്രം കാണുന്നുണ്ട്. ഞാൻ കാർ സൈഡാക്കി മോനെയും വിളിച്ചു പുറത്തേക്കിറങ്ങി. നല്ല മഞ്ഞ്! അവൻ തൊപ്പിയെടുത്തു തലയിൽ വച്ചു. മഞ്ഞിൽ കുളിച്ചു അവിടെയുള്ള കലുങ്കിൽ ഇരുന്നു. താഴെ വനത്തിനുള്ളിൽ എവിടെയോ വെള്ളച്ചാട്ടമുണ്ട്. നല്ല ശബ്ദം കേൾക്കുന്നു. കുറെ സമയം അവിടെ ഇരുന്നു. ഫോട്ടോ എടുത്തെങ്കിലും മഞ്ഞു മാത്രം കാണുന്നുള്ളൂ.
റോഡ് പതിയെ തെളിഞ്ഞു വരുന്നുണ്ട്. ഞങ്ങൾ കാറെടുത്തു യാത്ര തുടർന്നു. മോശം റോഡാണ്. സൈലന്‍റ്‍വാലി നാഷണൽ പാർക്കിന്‍റെ കവാടവും കഴിഞ്ഞു ഞങ്ങൾ മുന്നോട്ടു പോയി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മുള്ളിയിലേക്കു തിരിയേണ്ട റോഡ് എത്തി. വളരെ മോശം റോഡും അതിലൂടെ കുറച്ചു മാസം മുന്നേ പോയതും ആലോചിച്ചപ്പോൾ കരുതി ഇപ്രാവശ്യം വേറെ വഴി പരീക്ഷിക്കാം എന്ന്.