ഒരു എഴുത്തുകാരി എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും കേരളത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളെയും സ്ത്രീ സമത്വത്തെയും എങ്ങനെ വിലയിരുത്തുന്നു?
സ്ത്രീ എന്ന നിലയിൽ കേരളത്തിലും ഇന്ത്യയിലും ലോകത്തും എന്നും സ്ത്രീകളുടെ സ്ഥാനം ആൺമേൽക്കോയ്മ്മയുടെ കീഴിൽ തന്നെയാണ്. വ്യക്‌തമായ തുല്യതയൊന്നും ലോകം സ്ത്രീക്ക് നൽകുന്നില്ല. പാട്രിയാർക്കിയുടെ അധികാര പ്രയോഗങ്ങൾ പല രീതിയിലാണ് സ്ത്രീക്കു മേൽ ആധിപത്യം സ്ഥാപിക്കുന്നത്. സ്നേഹ സമ്പുഷ്ടനായ അച്ഛനായും സ്നേഹ സമ്പുഷ്ടനായ ഭർത്താവായും സഹോദരനായിട്ടുമൊക്കെ പാട്രനൈസ് ചെയ്‌തു കൊണ്ട് സ്ത്രീകളുടെ അധികാരങ്ങളെയും സ്വാതന്ത്യ്രത്തെയുമൊക്കെ ബലപ്രയോഗത്തിലൂടെയും സ്നേഹത്തിലൂടെയും നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീ എന്ത് ചെയ്യണം എന്ത് ചെയ്യരുത് ഏത് വരെ പഠിക്കണം ആരെ വിവാഹം കഴിക്കണം തുടങ്ങി സമസ്ത വിഷയങ്ങളിലും പാട്രിയാർക്കി ഇടപെട്ടു കൊണ്ടിരിക്കുകയാണ്. ചില ഇടങ്ങളിൽ പാട്രിയാർക്കി സ്ത്രീകൾക്ക് വേണ്ടിയുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുകയും അവൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന സന്ദർഭങ്ങളിൽ പോലും സ്ത്രീക്ക് തുല്യത നഷ്ടമാകുന്നതായാണ് എനിക്ക് തോന്നുന്നത്.
തുല്യത എന്നത് ഒരു സങ്കൽപം മാത്രമാണ്. എത്രയൊക്കെ തുല്യത പറഞ്ഞാലും ദാമ്പത്യം, കുടുംബം തുടങ്ങിയ സംഗതികൾ ആൺകോയ്മയുടെ ഒരു ഇടം തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും സ്ത്രീക്ക് അതിനുള്ളിൽ വിട്ടുവീഴ്ചകൾ ചെയ്യെണ്ട അവസ്‌ഥകളുണ്ട്. മറിച്ചു ചിന്തിക്കുന്ന സ്ത്രീകൾക്ക് അതിന്‍റെതായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. കുടുംബം എന്നത് പുരുഷാധിപത്യ പ്രക്രിയകൾക്കായി നിർമ്മിക്കപ്പെട്ട ഒരു സംവിധാനം തന്നെയാണ്.
പ്രണയത്തിന്‍റെയും രതിയുടെയും മരണത്തിന്‍റെയും വ്യത്യസ്ത ഭാവങ്ങൾ അനാവരണം ചെയ്യുന്ന കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം ആഖ്യാനത്തിലും ശൈലിയിലും മലയാളത്തിന് അപരിചിതമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു നോവലാണ്. കടലിന്‍റെ ആഴവും പരപ്പും പോലെ ആൽബർട്ടോ മെയർ വായനക്കാരുടെ മനസ്സിൽ ആടിയുലയുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിചിത്ര കഥ പ്രമേയമായത്?
എല്ലാ കഥകളും യഥാർത്ഥത്തിൽ വിചിത്രമാണ്. അനുഭവത്തിൽ നിന്നു എഴുതുന്നത് കഥയല്ലല്ലോ? അത് മനുഷ്യരുടെ നേരനുഭവമാണ്. പൂർണ്ണമായും ഭാവനയിൽ നിന്നും നമ്മൾ കാണുന്ന സ്വപ്നങ്ങളിൽ നിന്നും ഭ്രമ കല്പനയിൽ നിന്നുമാണ് ശരിയായ കഥകളുണ്ടാകുന്നത്. ഫെയറിടെയിലിലൂടെയാണ് രസകരമായ കഥകളുണ്ടാകുന്നത്. കൊച്ചു കുട്ടികളുടെയൊക്കെ കഥകൾ കണ്ടിട്ടില്ലേ അതൊക്കെ വളരെ ഭ്രമകല്പനകൾ കൊണ്ടാണ് സൃഷ്ടിക്കുന്നത്. അങ്ങനെയുള്ള ഒരു കുട്ടിക്കാലത്തിലൂടെയും കഥാലോകത്തിലൂടെയും വളർന്നു വന്ന ഒരാളെന്ന നിലയിൽ വ്യത്യസ്തമായ കഥകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും പ്രണയ നിരാസത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ഒരുപാട് കഥകൾ നമുക്ക് മുന്നിലൂടെ സഞ്ചരിച്ചു പോയിട്ടുണ്ട്. നമ്മൾ എഴുതുമ്പോൾ അതിൽ നമ്മുടേതായിട്ടുള്ള പ്രത്യേക സ്പർശം നൽകാനാവുക എന്ന ചോദ്യത്തിനു മുന്നിലാണ് എന്‍റെ എഴുത്തിന് ഒരു വ്യത്യാസം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. ആ വ്യത്യാസം സാധാരണ മനുഷ്യരുടെ ചിന്തകൾക്കപ്പുറം സഞ്ചരിക്കുന്നതാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യർക്ക് പ്രേതമുണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്.
പ്രേത ഭൂമിയിൽ മരിച്ചു പോയ ആളുകളുടെ സത്ത ഊറ്റി കുടിച്ച തേക്ക് മരങ്ങളിൽ പ്രേതാത്മാക്കൾ കയറിക്കൂടുകയും ആ പ്രേതാത്മാക്കളുള്ള വൃക്ഷത്തെ വെട്ടി കപ്പലാക്കുകയും ആ കപ്പലുകൾക്ക് ഏഴു പ്രേതങ്ങളുണ്ടാവുകയും ചെയ്യുന്നു. കപ്പലുകൾ ഉണ്ടാക്കുന്നത് പലതരം മരങ്ങൾ ഉപയോഗിച്ചാണ്. അതിൽ ഏഴു തേക്കുമരങ്ങളിൽ പ്രേതാകൃഷ്ടമാവുകയും ചെയ്യുന്ന കഥയാണ് കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം. ആളുകൾ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നത് യുക്തിയുടെ അടിസ്‌ഥാനത്തിലുള്ള കഥകൾ ആയിരിക്കണമെന്നില്ല. ഇതുപോലുള്ള മിത്തുകൾ അധിഷ്ഠിതമായ എഴുത്തുകളും ധാരാളമുണ്ട്. മനുഷ്യർ പലപ്പോഴും അവരുടെ നേട്ടത്തിനു വേണ്ടിയാണ് മിത്തുകൾ മെനയുന്നത്. കടൽക്കൊള്ളക്കാരും സഞ്ചാരികളും വഴിതെറ്റി പോകാതിരിക്കാനും യാത്രയിലെ വിരസത അകറ്റുവാനുമൊക്കെയാണ് പലതരത്തിലുള്ള മിത്തുകളുണ്ടാക്കുന്നത്. മിത്തുകൾക്ക് പലവിധ ധർമ്മങ്ങളാണ് നിർവഹിക്കാനുള്ളത്. അങ്ങനെയൊക്കെയുള്ള കുറച്ചു കാര്യങ്ങളാണ് കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകത്തിൽ പറയാൻ ശ്രമിച്ചത്. എന്‍റെ ഭാവന കുറച്ച് ഭ്രാന്ത് പിടിച്ചതായതു കൊണ്ട് ഇത് അൽപ്പം ഭ്രമാത്മകമായെന്ന് മാത്രം.
ദൈവത്തെ മതത്തെ അധികാര കേന്ദ്രങ്ങളെയൊക്കെ വിമർശിക്കാനുള്ള അധികാരം എഴുത്തുകാർക്കുണ്ട്. എന്നാൽ തിരിച്ചുള്ള വിമർശനങ്ങൾ ഉൾകൊള്ളാൻ എഴുത്തുകാർക്ക് കഴിയാറുണ്ടോ? എഴുത്തുകാർക്ക് വിമർശിക്കാനുള്ള അവകാശം പോലെ തന്നെ പ്രസക്തമല്ലെ എഴുത്തുകാരെ വിമർശിക്കാനും. അങ്ങോട്ട് ചെയ്യുമ്പോൾ സ്വാതന്ത്യ്രവും ഇങ്ങോട്ട് ചെയ്യുമ്പോൾ അസഹിഷ്ണുതവാദവുമാകുന്നത് എന്ത് കൊണ്ടാണ്?
എല്ലാത്തരം വിമർശനങ്ങളെയും ഗൗരവത്തോടെ കാണുന്നതാണ് എന്‍റെ രീതി. വിമർശനങ്ങളിലൂടെ എഴുത്തുകാരിയെന്ന നിലയിൽ എന്തെങ്കിലും ഇൻപുട്ട് ലഭിക്കുകയാണെങ്കിൽ അത്തരം വിമർശനങ്ങളെ സ്വാഗതം ചെയ്യാറുണ്ട്. മറിച്ചുള്ള എല്ലാ വിമർശനങ്ങളും പ്രശംസകളും അവഗണിക്കുകയാണ് പതിവ്. പുകഴ്ത്തലുകളും ഇകഴ്ത്തലുകളും ഒരുപോലെ അപകടകരമാണ് ഒരു എഴുത്തുകാരന്. എന്നെ സംബന്ധിച്ച് ആരെങ്കിലും എന്നെ പുകഴ്ത്തി എന്നത് കൊണ്ട് ഞാൻ കൂടുതൽ എഴുതുകയോ ഇകഴ്ത്തി എന്നത് കൊണ്ട് എഴുതാതിരിക്കുകയോ ചെയ്യാറില്ല. അതെന്‍റെ ശൈലി അല്ല. അതുകൊണ്ട് തന്നെ ഇത്തരം വിഷയത്തിൽ ഞാൻ സന്തുഷ്ടയോ അസന്തുഷ്ടയോ അല്ല. രണ്ടിനേയും അതിന്‍റേതായ അർത്ഥത്തിൽ കാണാൻ ശ്രമിക്കാറുണ്ട്.
എഴുത്തിനെ ആർക്കും വിമർശിക്കാം. എഴുതാനുള്ള സ്വാതന്ത്യ്രം പോലെ തന്നെയാണ് വായനക്കാരന് മറുവശം കാണാനുമുള്ള സ്വാതന്ത്യ്രവും. നമുക്ക് സ്വാതന്ത്യ്രം വേണമെന്ന് പറയുകയും മറുവശത്തിന് അത് വേണ്ടയെന്ന് പറയുകയും ചെയ്യുന്നത് ഒട്ടും ആശാസ്യകരമല്ല. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്യ്രം വേണം. അതാണ് ജനാധിപത്യം മറിച്ചുള്ളത് ഫാസിസമാണ്.
സ്ത്രീ ജീവിതങ്ങളിലെ സംഘർഷങ്ങളെ അതിന്‍റേതായ പൂർണ്ണതയിൽ അവതരിപ്പിക്കുവാൻ ഭാഷാപരമായ പരിമിതികളുണ്ടോ? സ്ത്രീ പക്ഷ രചനകൾ ഒട്ടേറെ എഴുതിയിട്ടുള്ള താങ്കളുടെ അനുഭവം എന്താണ്?
സ്ത്രീ ജീവിതത്തിലെ സംഘർഷങ്ങളെ അതിന്‍റേതായ പൂർണ്ണതയിൽ അവതരിപ്പിക്കുവാൻ ഭാഷാപരമായി പ്രയാസങ്ങളൊന്നുമില്ല. പക്ഷേ എല്ലാ സ്ത്രീകളും ഒരേ വിധമുള്ള സംഘർഷങ്ങളല്ല അനുഭവിക്കുന്നത്. ഗാർഹിക പീഡനം ഭർത്താവുമായുള്ള സംഘർഷം തുടങ്ങിയ ചില കാര്യങ്ങളിലൊക്കെ സമാനതകൾ കാണുമെങ്കിലും സമൂഹത്തിലെ വിഭിന്ന ശ്രേണിയിലുള്ള സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങളും പ്രയാസങ്ങളും വ്യത്യസ്തമാണ്. സ്ത്രീ എന്ന് പറയുന്നത് ഏകശിലയല്ല. അത് അടിത്തട്ടുമുതൽ മുകൾതട്ട് വരെ വ്യത്യസ്തമായ ശ്രേണികളിൽ പെട്ടിട്ടുള്ളതാണ്. ഒരു കേബേജ് ഓരോ അടരുകളായി അടർത്തി എടുക്കാൻ കഴിയുന്നത് പോലെ സ്ത്രീകളുടെ ജീവിതം പല അടരുകളായി ചിതറപ്പെട്ടു കിടക്കുന്നതാണ്. അത് കൊണ്ട് തന്നെ ഓരോ സ്ത്രീയും അനുഭവിക്കുന്ന സംഘർഷങ്ങളെ നമുക്ക് സാമാനവൽക്കരിക്കാൻ കഴിയില്ല.
എഴുത്ത് എന്ന് പറയുന്നത് ഭാവനയും ക്രിയാത്മകതയും ക്രിയേറ്റിവിറ്റിയും ഒക്കെ ആവശ്യമുള്ള ഒരു സംഗതിയാണ്. സൃഷ്ടിപരതയും സ്വപ്നം കാണാനുള്ള കഴിവും നുണ പറയാനുള്ള കഴിവും എല്ലാം ചേർന്നിട്ടുള്ളതാണ് എഴുത്ത് എന്ന് പറയുന്നത്. ചെറിയ കാര്യങ്ങളെ പോലും വലിയ രീതിയിൽ കാണുവാനും അവതരിപ്പിക്കാനുമുള്ള ശേഷിയും പ്രാപ്തിയും എഴുത്തുകാർക്കുണ്ട്. അതിന് എനിക്ക് ഭാഷ ഒരു തടസ്സമായി തോന്നാറില്ല.
സ്ത്രീ പുരുഷബന്ധം വളരെ പവിത്രമായിരിക്കണമെന്നും അത് നില നിർത്തേണ്ട ബാധ്യത സ്ത്രീയുടെ താണെന്നുമുള്ള ഒരു ഗോത്ര സങ്കൽപം ആധുനിക കാലത്തും നിലനിൽക്കുന്നത് എന്ത് കൊണ്ടാണ്? ലൈംഗികത എപ്പോഴും ആണധികാരത്തിന്‍റെ അടയാളമായി നിലനിൽക്കുമ്പോൾ സമൂഹത്തിൽ എഴുത്തിനപ്പുറം എത്ര മാത്രം ലൈംഗിക സ്വാതന്ത്രവും സമത്വവുമുണ്ടാകും?
ലൈംഗിക സ്വാതന്ത്യ്രം എന്ന് പറയുന്നത് വ്യക്‌തിപരമായ ചോയിസാണ്. എല്ലാ ജീവികളെയും പോലെ തന്നെയാണ് മനുഷ്യരുടെയും ലൈംഗിക തൃഷ്ണ. പരിണാമ ദശകളിലൂടെ മനുഷ്യൻ നേടിയെടുത്ത സാമൂഹിക ഔന്നിത്യത്തിൽ അതിഷ്ടിതമായ സമൂഹം കുടുംബം എന്നിങ്ങനെയുള്ള സങ്കൽപ്പങ്ങളിൽ നിന്നാണ്. ഒരാൾക്ക് ഒരു ഇണ എന്ന കാഴ്ചയുണ്ടാകുന്നത്. പ്രധാനമായും കുട്ടികളുടെ സംരക്ഷണത്തിനും പരിചരണത്തിനും കുടുംബമെന്ന സാമൂഹിക പശ്ചാത്തലം സഹായകരമാകുന്നുണ്ട്. എന്നാൽ മറ്റു ജീവികളുടെ കാര്യം അങ്ങനെ അല്ല. അവർ വളരെ വേഗം തന്നെ സ്വയം പര്യാപ്തത കൈവരിക്കാൻ പ്രാപ്തിയുള്ളവരാണ്.
കുടുംബത്തിന് അകത്തു നിന്നു കൊണ്ടു തന്നെ ലൈംഗിക സ്വാതന്ത്യ്രമെടുക്കുന്നവർ ധാരാളമുണ്ട്. അതൊക്കെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. ലൈംഗികത ആണധികാരത്തിന്‍റെ അടയാളമാണെന്ന് പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. എഴുത്തിനപ്പുറം ലൈംഗിക സ്വാതന്ത്യ്രം നേടുവാൻ വ്യക്‌തിപരമായോ സാമൂഹികപരമായോ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബം എന്ന സങ്കൽപത്തിൽ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
നമ്മുടെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പലപ്പോഴും സെലക്ടീവ് പ്രതികരണക്കാരാണെന്നുള്ള ആക്ഷേപമുയരുന്നുണ്ട്.അനീതി, അധർമ്മം, അസമത്വം ഇതിലൊക്കെ അടയാളം നോക്കിയുള്ള പ്രതികരണത്തിലെ ആത്മാർത്ഥത എന്താണ്?
എഴുത്തുകാർ പ്രതികരണ തൊഴിലാളികളാണെന്നുള്ള വിചാരം ആദ്യം അവസാനിപ്പിക്കണം. എഴുത്തുകാർ പ്രതികരണ തൊഴിലാളികളല്ല. എഴുത്തുകാർ വെറും എഴുത്തുകാർ മാത്രമാണ്. നുണ നന്നായി പറയുവാനും എഴുതുവാനും കഴിവുള്ളവർ മാത്രമാണ്. പലപ്പോഴും ബുദ്ധി ജീവികൾ പോലുമല്ല എഴുത്തുകാർ. കേരളത്തിൽ മാത്രമാണ് എഴുത്തുകാരെ ബുദ്ധി ജീവികൾ എന്ന സംജ്ഞയിൽ കാണുന്നത്.
എന്താണ് സാംസ്കാരിക പ്രവർത്തനം?
സാമൂഹിക പ്രവർത്തകർ എന്ന് പറഞ്ഞാൽ ആക്റ്റിവിസ്റ്റുകളാണ്. അവർ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുന്നവരാണ്. സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവരുമായി ഇടപെടുകയും ചെയ്യുന്നവരാണ്. എഴുത്ത് എന്ന് പറയുന്നത് മറ്റ് ഏതൊരു തൊഴിൽ പോലെയും ഒരു തൊഴിൽ മാത്രമാണ്. ലോഹതൊഴിൽ പോലെയോ മരപ്പണി പോലെയോ ഒരു തൊഴിൽ മാത്രമാണ്. അതിൽ പ്രത്യേകിച്ച് എല്ലാറ്റിനോടും പ്രതികരിക്കാനുള്ള ബാധ്യതയോ ഒന്നുമില്ല.