ഉരുളുന്ന രണ്ടു സ്ട്രെച്ചറുകൾ. ഒന്ന് അകത്തേക്കും ഒന്ന് പുറത്തേക്കും. ചെരിപ്പുരഞ്ഞു തേഞ്ഞ ആശുപത്രി വരാന്തകളിൽ ആളുകൾ തിങ്ങി നിറഞ്ഞു. കാറ്റും മഴയുമായി പ്രകൃതി കരഞ്ഞു തുടങ്ങി. ഉന്തിയ വയറുമായി ദേവികയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി. ആശുപത്രിയുടെ നീണ്ട വരാന്തയിലോരറ്റത്തു തൂണിൽ ചാരിയിരുന്നു സഹായിയായ ത്രേസ്യ ചേടത്തി കരയുന്നുണ്ട്. അവരുടെ പിറുപുറുക്കലുകൾ പ്രാർത്ഥനകളായി ഇടറി വീഴുന്നു.

“രണ്ടും രണ്ടാക്കി തരണേന്‍റെ വേളാങ്കണ്ണി മാതാവേ. ഒരമ്മയുടെയും കുഞ്ഞിന്‍റെയും വെള്ളി രൂപം ഞാൻ നേരുന്നുണ്ട്.” പുറത്തു മഴ ചൊരിഞ്ഞു വീഴുന്നു. ചരൽ വിരിച്ച മുറ്റം ചറപറാന്നു തേങ്ങി.

ദേവികയ്ക്ക് ബോധമില്ലായിരുന്നു. എങ്ങോട്ട് തിരിയണമെന്നറിയാതെ ദേവികയുടെ ഭർത്താവ് ഗിരീഷ് പതറി നിന്നു.

അകത്തു നിന്നും പുറത്തേക്ക് തള്ളി കൊണ്ടു വന്ന സ്ട്രെച്ചറിന് ചുറ്റും ഒരിരമ്പലോടെ കാത്തു നിന്ന ജനം ഓടി വന്നു പൊതിഞ്ഞു. അത് കണ്ടതോടെ ഗിരീഷിന്‍റെ ചങ്ക് തകർന്നു പോയി. ഹതാശനായി ഹൃദയം നുറുങ്ങി മകന്‍റെ ചേതനയറ്റ മുഖത്തേക്ക് അയാൾ നോക്കി. അവന്‍റെ അധരകോണുകളിൽ ഉറങ്ങിക്കിടക്കുന്ന ഒരു കുസൃതിച്ചിരി ഉള്ളിൽ തട്ടി പ്രതിഫലിക്കുന്നു. “അച്‌ഛാ… കൊച്ചു കള്ളാ…”

എന്‍റെ മോനേ… അഖിലേ…” നെഞ്ചത്ത് ആഞ്ഞു തല്ലി കൊണ്ട് അയാൾ നിന്നു. ഒരച്ഛന്‍റെ മനമുരുകിയുള്ള പൊട്ടിക്കരച്ചിൽ അൽപനേരം കൊണ്ട് അയാൾ ഒരു ഭ്രാന്തനെ പോലെയായി തീർന്നു.

“ഗിരീഷേ… എടാ ഗിരീഷേ…” സ്നേഹിതരെല്ലാം പേര് വിളിച്ച് കൊണ്ട് അയാൾക്ക് ചുറ്റും ഓടിക്കൂടി. ആശ്വാസ വചനങ്ങൾക്ക് അവിടെ പ്രസക്തിയില്ല. കണ്ണീരോടെ ഗിരീഷ് തലയുയർത്തി നോക്കിയപ്പോൾ ഡോ.ശാലിനി മാത്യു ഓപ്പറേഷന് തിയേറ്ററിലേക്ക് ഓടിപ്പോകുന്നത് കണ്ടു. ഡോക്ടർ അയാളെയും കണ്ടു. പക്ഷേ കണ്ടതായി ഭാവിച്ചില്ല.

ഇപ്പോൾ അയാളെ ആശ്വസിപ്പിക്കാൻ ആർക്കാവും? അയാളുടെ ഹൃദയത്തിലെ അഗ്നി കെടുത്തുവാൻ ദുർബലമായ വാക്കുകൾക്കാവില്ല. നഷ്ടപ്പെട്ടിരിക്കുന്നത് കുടുംബത്തിന്‍റെ അത്താണിയും പ്രതീക്ഷയുമായ മകനെയാണ്. അതും ആകസ്മികമായി.

ഡോക്ടർ ശാലിനിയുടെ മൊബൈൽ ശബ്ദിച്ചു. “ശാലിനി” ഭർത്താവ് എബ്രഹാം മാത്യുവാണ്.

“എബിച്ചായാ പറയൂ, ഞാൻ തിയേറ്ററിലേക്ക് കയറി കൊണ്ടിരിക്കുകയാണ്.”

“അവിടെ എന്തായി?” ആകുലതയോടെ ഡോക്ടർ തിരക്കി.

“സ്റ്റേഷനിലെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു. ബൈക്ക് സറണ്ടർ ചെയ്‌തു. വേറെ കുഴപ്പമൊന്നുമില്ല. ഇവിടെ ജീത്തുണ്ട് കൂടെ.”

“എന്തായിരുന്നു വാസ്തവത്തിൽ സംഭവിച്ചത്?”

“മൂന്നാർ പോയി തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം. പിറകിലത്തെ ബൈക്കുകാരെ കാണാതെ ഇവർ അന്വേഷിച്ചു പോയതാ. അഖിലിന്‍റേത് പുത്തൻ ബൈക്കായിരുന്നു. സ്കിഡ് ചെയ്‌തതായിരുന്നു. ആരുടേയും കുറ്റം കൊണ്ടല്ലല്ലോ. സംഭവിക്കാനുള്ളത് സംഭവിച്ചു?

“ജിത്തു എവിടെ? എനിക്കു അവനോടു സംസാരിക്കാമോ?”

“വേണ്ട… ഞങ്ങളങ്ങ് വരുവാ. അവൻ വല്ലാതെ വിഷമിച്ചു ആകെ ബ്ലാങ്ക് ഔട്ട് ആയിരിക്കുകയാണ്. ദാ ഞങ്ങളിറങ്ങി.”

ഡോക്ടർ ശാലിനി ദീർഘശ്വാസം വലിച്ചു വിട്ടു. പിന്നെ പറഞ്ഞു.

“ങ്ഹാ ഇവിടെ ബോഡി പോസ്റ്റുമോട്ടം കഴിഞ്ഞു. ആംബുലൻസിലേക്ക് കയറ്റുന്നതിന് മുമ്പ് അച്‌ഛൻ ഗിരീഷിനെ അവർ കാണിച്ചു. അയാളാകെ തകർന്നിരിക്കുകയാണ്. നാട്ടിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും അഖിലിന്‍റെ കൂട്ടുകാരുമൊക്കെ ഓടിക്കൂടിയിട്ടുണ്ട്. ആർക്കും ഉൾക്കൊള്ളാനും വിശ്വസിക്കാനും കഴിഞ്ഞിട്ടില്ല.”

“അർച്ചന?”

“അവളിവിടെ ഉണ്ട്. കൂട്ടുകാർക്കിടയിൽ.”

“ജിത്തുവിന്‍റെ പപ്പയുണ്ടായിരുന്നു. കമ്മീഷണറുടെ മോനല്ലേ. സ്റ്റേഷനിൽ ജിത്തുവിന് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ജിത്തുവല്ല അഖിൽ തന്നെയാണ് ബൈക്ക് ഓടിച്ചത്. ആരോ എഴുതി ചേർത്തിരിക്കുന്നത് ജിത്തുവിന്‍റെ പേരാണ്. ജിത്തു മനഃപൂർവ്വം ഒന്നും ചെയ്‌തിട്ടില്ല.”

ഡോ.ശാലിനി അറിയാതെ ഞെട്ടി. തൊണ്ട വരണ്ടു.

“അഖിലിന്‍റെ അമ്മ?”

“അവർക്ക് ഇതുവരെ ബോധം വീണിട്ടില്ല. അഖിലിന് ആക്സിഡന്‍റായി  എന്നേ അവരെ ഗിരീഷ് അറിയിച്ചിട്ടുള്ളൂ. അതോടെ നിലത്തു വീണതാ.”

“ഓ മൈ…ഗോഡ്”

“ഇനീം ഉണ്ട് മൂന്ന് ആഴ്ചത്തെ ഗ്രോത്ത്. എന്നാലും ദേവികയെ സിസേറിയനു കയറ്റിയിരിക്കുന്നു. വളരെ റിസ്ക്കുണ്ട്. ഞാനാകെ ടെൻഷൻ കൊണ്ടിരിക്കുകയാണ്. ശ്വാസം മുട്ടലൊക്കെയുള്ള രോഗിയല്ലേ ദേവിക. ഡോ.ഷെർലി വർഗീസിനെ കൂടി വിളിപ്പിച്ചിട്ടുണ്ട്. കോംപ്ലിക്കേറ്റഡ് ആണ് എബിച്ചായാ. ചിലപ്പോൾ അമ്മ അല്ലെങ്കിൽ കുട്ടി ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിയുമോന്നാ നോക്കുന്നത്.”

“ബീ കൂൾ ശാലിനി. വിഷമിക്കരുത്. ബീ കെയർഫുൾ. സമചിത്തതയാണ് ആവശ്യം.”

“അതേ… ഞാൻ മൊബൈൽ ഓഫ് ചെയ്യുവാ. സർജറി കഴിഞ്ഞു കാണാം.” ഗൗൺ ധരിച്ചു മാസ്ക് കെട്ടി തിയേറ്ററിനകത്ത് കയറുമ്പോൾ ഡോ.ശാലിനിയുടെ ഹൃദയം പ്രാർത്ഥനാഭരിതമായി.

രണ്ടു ജീവനാണ് മുന്നിൽ. അമ്മയും കുഞ്ഞും. രണ്ടും ജീവന്‍റെയും മരണത്തിന്‍റെയും ഇടക്കുള്ള ഒരു പോരാട്ടത്തിലാണ്. അദൃശ്യമായ ഒരു നിഴൽ അവർക്കിടയിൽ ഉണ്ടെന്ന് ശാലിനിക്ക് അപ്പോൾ തോന്നി. ഡോ.ശാലിനിക്ക് ഒന്നുറക്കെ കരയണമെന്ന് തോന്നി.

അവർ തനിക്കാരുമല്ല. പക്ഷേ വളരെ വേണ്ടപ്പെട്ട ഒരാളാണുതാനും. ശാലിനിയുടെ ഹൃദയം അങ്ങിനെ പറയുന്നു. ഗിരീഷും ദേവികയും ആദ്യായിട്ടു ഡോക്ടർ ശാലിനിയെ കാണാൻ വന്നതു ഒരു നാലഞ്ച് മാസം മുമ്പായിരുന്നു. ഗിരീഷ് അന്നും യൂണിഫോമിലായിരുന്നു. ഓട്ടോ ഡ്രൈവർ ആണെന്ന് പരിചയപ്പെടുത്തേണ്ടി വന്നില്ല. കൺസൾട്ടിംഗ് റൂമിൽ തലകുനിച്ചു വിളറി കുറ്റവാളിയെപ്പോലെ കൂനിപ്പിടിച്ചിരുന്നു ദേവിക.

“നിങ്ങൾ എന്തെങ്കിലുമൊന്നു പറയൂ. എന്തിനാണിങ്ങനെ ദുഃഖിക്കുന്നത്? ഇതിൽ ഒളിക്കാനും വ്യസനിക്കാനും ഒന്നുമില്ല. നിങ്ങൾ ചെറുപ്പമാണ്. ഭർത്താവും ചെറുപ്പം. ഗർഭം ധരിക്കും. പ്രസവിക്കും. എന്താണിതിൽ പ്രശ്നം.”

തിങ്കളാഴ്ച ദിവസമായതു കൊണ്ടു ഒപിയിൽ ഗർഭിണികളുടെ നല്ല തിരക്കാണ്. എല്ലാവരും ഡോക്ടറിനെ കാത്ത് അക്ഷമരായിരിക്കും. കാത്തിരിപ്പിന്‍റെ നിമിഷങ്ങൾ. ഡോക്ടർ ശാലിനി കുറച്ചു വർഷം കൊണ്ടു തന്നെ നല്ലൊരു ഗൈനക്കോളജിസ്‌റ്റ് എന്ന പേരെടുത്തു കഴിഞ്ഞു. നഗരത്തിൽ ഏറ്റവും തിരക്കുള്ള ഡോക്ടറാണവർ.

ദേവിക തലതിരിച്ചു ഗിരീഷിനെ നോക്കി. അയാളാകട്ടെ തനിക്കിതിലൊന്നും ഒരു പങ്കുമില്ലെന്ന മട്ടിൽ വാതിക്കൽ തന്നെ തൂങ്ങി നിൽക്കുകയാണ്.

“ഡോക്ടർ ഞങ്ങൾ വന്നത് എങ്ങനെയെങ്കിലും ഇതൊന്നു” ദേവികയുടെ കണ്ണുകൾ നിറഞ്ഞു. കവിളുകൾ നനഞ്ഞു. വാക്കുകൾ ചിതറി ചിലമ്പിച്ചു വീണു. ഡോക്ടർക്ക് കാര്യം മനസ്സിലായി.

“അസംബന്ധം പറയാതിരിക്കൂ. നിങ്ങൾക്കിപ്പോൾ മൂന്നുമാസം കഴിഞ്ഞു. ഈ സമയത്ത് ഗർഭം അലസിപ്പിക്കുക എന്നതു ഹൈലി റിസ്ക്കിയാണ്.”

ദേവിക ഒളിക്കാൻ സ്‌ഥലമില്ലാതെ ഇരുന്നു വിയർത്തു.

നിങ്ങൾക്ക് എത്ര വയസ്സായി. ഡോക്ടർ തിരക്കി.

“നാല്പ്പത്തി രണ്ട്” ദേവിക യാന്ത്രികമായി ചുണ്ടനക്കി. “ബെസ്റ്റ് ഒന്ന് പൊയ്ക്കേ. നഴ്സ് അടുത്ത പെഷ്യന്‍റിനെ വിളിക്കൂ.” ഡോ.ശാലിനിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.

അവർ ചീട്ടെടുത്തു മരുന്നുകൾ എഴുതി. വിറ്റാമിൻസ് ഗുളികകൾക്ക് പ്രീസ്ക്രിബ്ഷൻ വേറെയും. ചീട്ടു ദേവികയുടെ കൈയിൽ കൊടുത്തു സ്വരം താഴ്ത്തി പറഞ്ഞു.

“ഈ പ്രായത്തിൽ ഒരു അബോർഷൻ നടത്താൻ കഴിയില്ല ദേവികാ. നിങ്ങൾക്ക് ശ്വാസം മുട്ടലും ഉള്ളതല്ലേ. ബിപിയുടെ മരുന്നും കഴിക്കുന്നുണ്ട്. പിന്നെ അടുത്താഴ്ച ഒരു സ്കാൻ ഉണ്ട്.”

“അത്… അത്” ദേവിക മുഖം പൊത്തി ഏങ്ങലടിച്ചു കരഞ്ഞു.

“ടെൽ മീ ദേവിക. വാടീസ് യുവർ പ്രോബ്ലം. നിങ്ങൾ പറയൂ” ഡോക്ടർ ശാലിനി ദേവികയുടെ ഭർത്താവ് ഗിരീഷിനെ അടുത്തേക്ക് വിളിച്ചു. അയാൾ മടിച്ച് മടിച്ച് സംസാരിച്ചു തുടങ്ങി.

“ഡോക്ടർ ക്ഷമിക്കണം. ഇവൾക്ക് ശ്വാസം മുട്ടലും ബിപിയും ഒക്കെ ഈയിടെ കൂടുതലാ. അതിലുപരി ഇവളെ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. എന്‍റെ മൂത്ത മകൻ അഖിലിന് പ്രായം ഇരുപത്തിയൊന്നായി. എഞ്ചിനീയറിംഗ് കഴിഞ്ഞു കാമ്പസ്സ് സെലക്ഷൻ കിട്ടി ജോലിയായിട്ടു രണ്ടു മാസമായി.”

അയാൾ വിളറി ചമ്മലോടെ പറഞ്ഞു. “അവനിതറിഞ്ഞിട്ടില്ല. അവന്‍റെ അമ്മ ഇനിയും പ്രസവിക്കാൻ പോകുന്നുവെന്നറിഞ്ഞാൽ അവന്‍റെ മനസ്സിലെന്താവും തോന്നുക. ആകെയൊരു വിമ്മിഷ്ടമാണ് ഡോക്ടറെ. നാണക്കേടായിയെന്നാ ഇവൾ പറയുന്നത്.” ഡോക്ടർ ഒരു നിമിഷം സ്തംഭിച്ചിരുന്നു. പിന്നീടവർ ചിരിക്കാൻ തുടങ്ങി.

“ഇതാണോ ഇത്ര വലിയ കാര്യം?”

“മകന്‍റെ പേരെന്താ?”

“അഖിൽ ദേവ്, എഞ്ചിനീയറാ. ഡോക്ടറുടെ മകൾ അർച്ചനയുടെ ക്ലാസ്മേറ്റാണവൻ.”

“ഓ… അഖിലോ, അർച്ചനയുടെ ഫ്രണ്ട്. ഇപ്പം മനസ്സിലായി. അഖിലിനെ എനിക്കറിയാം. കാര്യങ്ങളെല്ലാം ഞാൻ അവനോടു പറഞ്ഞോളാം. നിങ്ങൾ ചെല്ല്.”

ഡോക്ടർ അടുത്ത പേഷ്യന്‍റിനെ പരിശോധിച്ചു തുടങ്ങി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. ഉറക്കാത്ത കാലുകളോടെ ദേവിക പുറത്തേക്ക് നടന്നു. പിറകെ ഗിരീഷും. ദേവികയുടെ മുഖത്ത് നോക്കാനുള്ള ധൈര്യം അയാൾക്ക് കീട്ടിയില്ല. മുറിക്ക് പുറത്തു കാത്തു നിന്നിരുന്ന ത്രേസ്യച്ചേടത്തി ചട്ടക്ക് കുറുകെയിട്ടിരുന്ന കവിണിയെടുത്ത് നന്നായി ഒന്നൂടെ കുടഞ്ഞുടുത്തു അവരുടെ പിറകെ ഓടിച്ചെന്നു. ഗിരീഷ് ഓട്ടോയെടുതോണ്ടു വന്നു.

ദേവികയും ത്രേസ്യച്ചേടത്തിയും അതിൽ കയറി.

“ദേവികക്കുഞ്ഞേന്തിനാ കരയുന്നത്?”

“ഇതെന്താ കുഞ്ഞേ, വെള്ളരിക്കപ്പട്ടണമാണോ?” ഇക്കാലത്ത് ഇങ്ങനെയുണ്ടോ, ചേടത്തി എല്ലാവരും അറിഞ്ഞാൽ നാണക്കേടായി.” ദേവിക പതം പറഞ്ഞു കരഞ്ഞു.

കുഞ്ഞെന്തു വർത്തമാനമാ പറയുന്നത്. എന്‍റെ അമ്മ പത്താമത്തെ പെറ്റ് കിടക്കുമ്പോൾ എന്‍റെ മോൻ രണ്ടു വയസ്സാ പ്രായം.”

“അത് അന്നത്തെ കാലത്ത്”.

“ദേവിക എങ്ങിയേങ്ങി കരഞ്ഞു. എനിക്ക് മരിച്ചാൽ മതിയായിരുന്നു.”

“ഗിരീഷ് വണ്ടി ചവിട്ടി നിർത്തി. നീ ആധി പിടിച്ചു മോങ്ങി കൊണ്ടിരുന്നു വല്ലതും വരുത്തി വച്ചാലുണ്ടല്ലോ. ഡോക്ടർ പറഞ്ഞില്ലേ റിസ്ക്കിയാണെന്ന്.”

“ങ്ഹാ ഡോ. ശാലിനി സമ്മതിച്ചില്ലേല് പിന്നെ ടൗണിലെ വേറെ ഡോക്ടർമാർ ആരും സമ്മതിക്കില്ല. കൊച്ചു വിഷമിക്കാതെ ഇനിയിപ്പോ കുറിച്ചു തന്ന മരുന്നൊക്കെ കഴിച്ചു ആരോഗ്യമൊക്കെ നന്നാക്കാൻ നോക്ക്.” ത്രേസ്യാച്ചേടത്തി ആശ്വസിപ്പിച്ചു.

റെസ്റ്റാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. “ഗിരീഷ് അസ്വസ്ഥനായി. അയാൾ ദേവികയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു. സങ്കടത്തോടെ പറഞ്ഞു. “ഇവളിങ്ങനെ കരഞ്ഞു കൊണ്ട് ഓരോന്ന് പറഞ്ഞു എന്നെയും പ്രാന്തനാക്കും.”

“ഗിരീഷേ… നിങ്ങളിതൊന്നും കേൾക്കണ്ട. മുന്നോട്ട് നോക്കി വണ്ടിയോടിക്ക്. നാലുമാസമായില്ലേ ഇനി ഒരു അഞ്ചുമാസം പെട്ടെന്നു തീരും.” ത്രേസ്യച്ചേടത്തി വഴക്കു പറഞ്ഞു തുടങ്ങി.

ദേവിക മൗനത്തിൽ സ്വയം മുങ്ങി. ട്രാഫിക് ജാമിൽ പെട്ട് ഓട്ടോയിൽ കുലുങ്ങിക്കുലുങ്ങി ഒരുവിധം വീട്ടിലെത്തി.

അവരെ രണ്ടുപേരെയും വീടിന്‍റെ ഗേറ്റിന് മുന്നിലിറക്കി ഗിരീഷ് പോയി. “മരുന്ന് വാങ്ങിക്കണം” അയാൾ പറഞ്ഞു.

“അമ്മേ?” അഖിൽ അകത്തു നിന്നും ഇറങ്ങി വന്നു. എന്താ മുഖമൊക്കെ ചുവന്നു വിങ്ങിയിരിക്കുന്നത്. അമ്മ കരഞ്ഞോ? അവൻ ദേവികയെ പിടിച്ചു നിർത്തി.

“നീയെന്താ ഈ സമയത്ത്” ദേവിക അമ്പരന്നു.

“അമ്മ ഞാൻ ചോദിച്ചതിനു മറുപടി പറയൂ” അഖിൽ വിടാൻ ഭാവമില്ല. ദേവിക അവന്‍റെ ചോദ്യങ്ങൾ കേൾക്കാത്ത പോലെ വേഗം മുറിക്കുള്ളിലേക്ക് പോയി. സാരി മാറി നൈറ്റിയുടുത്ത് അടുക്കളയിലേക്ക് കയറി.

“അച്‌ഛനെന്താ അകത്തേക്ക് കയറി ഊണു കഴിക്കാതെ പോയത്?”

“അച്‌ഛൻ മരുന്ന് വാങ്ങിക്കാൻ പോയതാ” ത്രേസ്യാച്ചേടത്തി തേങ്ങ തിരുമ്മാൻ ഇരിക്കുന്നതിനിടെ അറിയിച്ചു.

ദേവിക ഭക്ഷണമെടുത്ത് മേശപ്പുറത്ത് വിളമ്പി വച്ചു. മകനിഷ്ടമുള്ളതൊക്കെ തന്നെ. മോരു കാച്ചിയത്, കൊഞ്ച് ഉലർത്തിയത്, ചീര തോരൻ.

“നിനക്കു ഭക്ഷണമെടുത്ത് കഴിക്കായിരുന്നില്ലേ. മണി രണ്ടരയായല്ലോ.”

“അമ്മേ ഇന്നെനിക്ക് ഓഫായിരുന്നു. ഊണു അമ്മ വന്നിട്ട് കഴിക്കാം എന്നു കരുതി.” അഖിൽ ഊണു കഴിക്കുന്നതിനിടെ പെട്ടെന്നു തിരക്കി.

“ഡോക്ടർ ശാലിനിയെയാണ് കാണുന്നത് അല്ലേ അമ്മേ? അഖിലിന്‍റെ മുഖത്ത് കുസൃതി… അവൻ വീണ്ടും തിരക്കി.

“ശാലിനി ഡോക്ടർ എന്തു പറഞ്ഞു. ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ അവരുടെ മകൾ എന്‍റെ ക്ലാസ്സിലുണ്ടായിരുന്നു.”

“എനിക്കറിയാം”

ദേവികയുടെ മുഖം തുടുത്തു. നസികാഗ്രാം ഒന്നു കൂടി ചുവന്നു. ദേവിക ഒരാശ്രയത്തിനായി ത്രേസ്യച്ചേടത്തിയെ നോക്കി. അവരാകട്ടെ ഒന്നും കേൾക്കാത്തത് പോലെ കുനിഞ്ഞിരുന്നു തേങ്ങ ചിരവി. അവരുടെ വലിയ മെക്കാമോതിരങ്ങൾ ഒരേ താളത്തിൽ ആടിക്കൊണ്ടിരുന്നു. ദേവിക എഴുന്നേറ്റ് മുറിയിലേക്ക് പൊയ്ക്കളഞ്ഞു. അവൾ ബെഡിലിരുന്നു മുഖം പൊത്തി കരഞ്ഞു.

കുറച്ചു കഴിഞ്ഞു അഖിൽ മുറിയിലേക്ക് കയറി വന്നു. അവൻ അമ്മയോട് ചേർന്നിരുന്നു.

“അച്‌ഛനും അമ്മയും എന്നെ ഒളിച്ചതൊക്കെ മതി. ഡോ. ശാലിനി എന്നെ വിളിച്ചിരുന്നു.” ദേവിക നടുങ്ങിപ്പോയി. ശ്വാസം പിടിച്ചു കെട്ടിയത് പോലെ ദേവിക ഒരാന്തലോടെ മകനെ നോക്കി.

“അമ്മേ ഒരു കുഞ്ഞനിയനോ കുഞ്ഞനിയത്തിയോ ഇല്ലല്ലോ എന്നോർത്തു ഒത്തിരിനാൾ വേദനിച്ചിട്ടുണ്ട്. ഞാൻ കുട്ടിക്കാലത്തെ ഒറ്റക്കുട്ടിയുടെ ഏകാന്തത എത്ര അസഹ്യമായിരുന്നു എന്നറിയാമോ? ഈശ്വരൻ തന്നതാ ഈ ഭാഗ്യം അമ്മേ, അമ്മയിനി കരയരുത്. അച്‌ഛനെ കുറ്റപ്പെടുത്തരുത്. ഏണിക്ക് വാ. എനിക്ക് സന്തോഷമേയുള്ളൂ.”

ഊണു മുറിയിൽ മുരടനക്കം. അച്‌ഛൻ തിരിച്ചു എത്തിയിരിക്കുന്നു. അഖിൽ പറഞ്ഞതെല്ലാം അച്‌ഛൻ കേട്ടിരിക്കുന്നു.

“ദേ കൊച്ചു കള്ളൻ എത്തിയിട്ടുണ്ട്” ദേവിക ചിരിച്ചു പോയി.

“അമ്മയ്ക്ക് റെസ്റ്റാണ് ഇനിയുള്ള മാസങ്ങൾ. ത്രേസ്യച്ചേടത്തി ഉള്ളതു കൊണ്ടു അമ്മയിനി ഒന്നും ചെയ്യണ്ട.” അഖിൽ കരുതലോടെ പറഞ്ഞു. അത് കേട്ട് ഗിരീഷിന്‍റെ മനസ്സും ഒന്ന് തണുത്തു.

“ഇനി ഓട്ടോയിലെന്നും കയറല്ലേ കേട്ടോ” അഖിൽ പറഞ്ഞു.

അടുത്ത പ്രാവശ്യം ചെക്കപ്പിന് വന്നപ്പോൾ ദേവിക വളരെ സന്തോഷവതിയായിരുന്നു. ദേവിക അഖിലിനെക്കുറിച്ച് വളരെ സംസാരിച്ചു. ഡോ.ശാലിനി ചിരിച്ചു കൊണ്ടു അവളെ കേട്ടു. അവന്‍റെ കുസൃതികൾ കൂട്ടുകാർ.

“ഡോക്ടറിന് അഖിലിനെ നേരത്തെ, ഞാൻ പറയുന്നതിന് മുമ്പെ അറിയാമായിരുന്നു അല്ലേ.”

“ങ്ഹും പക്ഷേ അഖിൽ ദേവികയുടെ മകനാണെന്ന് അപ്പോഴാ അറിഞ്ഞത്.”

“എഞ്ചിനീയറിംഗിന് അഖിലിനൊപ്പം ആയിരുന്നല്ലോ എന്‍റെ മകൾ.”

“അതേ അർച്ചന, അർച്ചന മാത്യുവെന്നല്ലേ ആ കുട്ടിയുടെ പേര്. ആ കുട്ടിയെക്കുറിച്ച് അവൻ എപ്പോഴും പറയാറുണ്ട്” ദേവിക അറിയിച്ചു.

“അതേ എന്‍റെ ഏക മകളാണ്” ഡോക്ടർ പറഞ്ഞു.

“അഖിലിന്‍റെ അച്ഛൻ സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറാണ്. പക്ഷേ മോന്‍റെ കൂട്ടുകാരൊക്കെ വലിയ വലിയ അച്‌ഛനമ്മമാരുടെ മക്കളാണ്. ഡോക്ടറിന്‍റെ മക്കൾ ജഡ്ജിയുടെ മക്കൾ. കമ്മീഷണറുടെ മകൻ അങ്ങിനെ എല്ലാവരും ഉണ്ട്. മിക്കവരും വീട്ടിൽ വന്നിട്ടുണ്ട്. അഖിലിനോടു എല്ലാവർക്കും വലിയ മതിപ്പും സ്നേഹവും ആണ്” ദേവിക അഭിമാനത്തോടെ പറഞ്ഞു.

ഡോ.ശാലിനി ചിരിച്ചെന്നു വരുത്തി. ഡോ. ശാലിനിക്കറിയാം. അർച്ചനയ്ക്കു അഖിലിനേക്കുറിച്ച് ആയിരം നാവാണ്. അവർ തമ്മിൽ ഇഷ്ടമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

പക്ഷേ അർച്ചനയ്ക്കും ജിത്തുവിനും യുഎസ്എയിലേക്കുള്ള വിസ റെഡിയായി കഴിഞ്ഞു. അവരെ ഒന്നിച്ചു ചേർക്കണമെന്ന് രണ്ടുപേരുടെയും വീട്ടുകാർ തീരുമാനിച്ചു കഴിഞ്ഞു. ഡോക്ടർ അത് ദേവികയോട് പറഞ്ഞില്ല. കൂടുതൽ അടുപ്പം ഡോക്ടർ ആഗ്രഹിച്ചില്ല.

“ശാലിനി”

ഡോ.ഷെർലി വർഗീസ് റെഡിയായി വന്നു കഴിഞ്ഞു. ഓപ്പറേഷൻ ടേബിളിലേക്ക് എടുത്തു കിടത്തുന്നതിന് മുമ്പ് ദേവികയ്ക്ക് ബോധം വന്നുവോ? ഒരു നിമിഷം ദേവിക കണ്ണുതുറന്നു പരതി നോക്കുന്നു.

വെള്ളയുടുപ്പുടുത്ത് ധാരാളം മാലാഖമാർ ചുറ്റും ഉണ്ട്. എല്ലാവരും മുഖം മറച്ചിരിക്കുന്നു. ആ വാതിൽക്കൽ വന്നു ചിരിച്ചു നിൽക്കുന്നത് ആരാണ്. അഖിലല്ലേ. അതേ അഖിലിനെ പോലെ ഉണ്ട്. അവൻ ചിരിച്ചു കൈയുയർത്തി വിരൽ പൊക്കി കാണിക്കുന്നുണ്ട്. മോനേ അഖിലേ…

നീയിവിടെ? മൂന്നാർ ടൂറു പോകുന്നുവെന്ന് പറഞ്ഞല്ലോ? അവന്‍റെ പുതിയ ബൈക്കിൽ. കൂടെ മാധവും അജിത്തും ജിത്തും ഉണ്ണിയുമൊക്കെ ഉണ്ടത്രേ. അവൻ എപ്പോ എത്തി? താനെവിടെയാണ്. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടല്ലോ?

ഡോ.ശാലിനി ദേവികയുടെ എളിയിലായി ഒരു ഇഞ്ചെക്ഷൻ കൊടുത്തു.

അനേകം കുഴലുകളിലേക്ക് അവളെ ബന്ധിച്ചു. ശരീരത്തിൽ ഒരു തരുതരിപ്പുണ്ട്. നിഴലുകളെല്ലാം മാഞ്ഞു പോകുന്നു.ഈശ്വരന്‍റെ കൈവിരൽ തുമ്പിനായി കൈനീട്ടി ബോധത്തിനും അബോധത്തിനും ഇടയിൽ ദേവിക ഉറങ്ങി. അകലങ്ങളിൽ ഏതോ താഴ്വരയിൽ ഒരു കുഞ്ഞ് കരച്ചിൽ.

സിസേറിയൻ വേഗം കഴിഞ്ഞു. ആൺകുഞ്ഞ്, ഡോക്ടർ ശാലിനി കുഞ്ഞുമായി പുറത്തേക്ക് വന്നു. ത്രേസ്യാച്ചേടത്തി ഓടിവന്നു കുഞ്ഞിനെ വാങ്ങി.

വരാന്തയിൽ ആരവം തോർന്ന നിശബ്ദത പടർന്നൂ. ഗിരീഷിന്‍റെ നനഞ്ഞ മിഴികൾ ഇടറി വിടർന്നു. അയാൾ കുഞ്ഞിനെ ഒന്നു നോക്കി.

ദേവിക വേണ്ടയെന്ന് ആഗ്രഹിച്ച കുഞ്ഞ്. പുറപ്പെടാനായി നിന്നിരുന്ന ആംബുലൻസിനടുത്ത് അഖിലിന്‍റെ കൂട്ടുകാർ കണ്ണീർ വാർത്തു നിന്നിരുന്നു.

ആ കൂട്ടത്തിൽ നിന്നു അർച്ചന മാത്യു ഓടി വന്നു. ചോര കുഞ്ഞിന്‍റെ മൃദുവാർന്ന കാൽപ്പാദങ്ങളിൽ അവൾ ഒന്ന് തൊട്ടു.

“എടീ അർച്ചനെ എന്‍റെ വീട്ടിൽ വരുമ്പോൾ വാവയ്ക്കുള്ള കളിപ്പാട്ടം മറക്കരുതുട്ടോ.” അഖിലിന്‍റെ സ്നേഹമസൃണമായ കുസൃതി ശബ്ദം ഉള്ളുരുക്കി. അവളുടെ വിരലുകളും ഹൃദയവും വിറ കൊണ്ടു.

വരണ്ട കണ്ണുകളോടെ ഗിരീഷ് ഒരു വാക്ക് മാത്രം ഡോക്ടറിനോട് ഉച്ചരിച്ചു.

“ദേവിക”

“ശ്വാസ തടസ്സം ഉണ്ടായതു കൊണ്ട് വെന്‍റിലേറ്ററിലാണ്. ഇപ്പോൾ വേറെ കുഴപ്പമൊന്നുമില്ല.”

“ദേവികയെ ഡോക്ടർ തന്നെ വിവരം അറിയിക്കണം.” കരഞ്ഞു കൊണ്ട് ഗിരീഷ് പറഞ്ഞു.

“ഞാൻ ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങുകയാണ്. അവിടെ ബന്ധുക്കളും നാട്ടുകാരും കാത്തുനിൽക്കുകയാണ്. ഇന്ന് തന്നെ ക്രിമിനേഷൻ നടത്തണം.”

“ദേവികയെ ഈ അവസ്‌ഥയിൽ മോനേ കാണിക്കാൻ പറ്റില്ലല്ലോ” ഡോ.ശാലിനി പറഞ്ഞു.

ഗിരീഷ് മറുപടി പറഞ്ഞില്ല.

കുഞ്ഞുമായി ഡോക്ടർ അകത്തേക്ക് തന്നെ മടങ്ങി. കൈക്കൂപ്പി തേങ്ങലോടെ ഗിരീഷ് വരാന്തയിലേക്കൂർന്നിരുന്നു.

പുറത്തു മഴ പെയ്തു തുടങ്ങി. വീണ്ടും അതിശക്തമായി. മഴയ്ക്കപ്പുറത്തേക്ക് നനഞ്ഞു നനഞ്ഞു അർച്ചന മാത്യു നടന്നു പോയി. കോടമഞ്ഞിലേക്ക് മാഞ്ഞു അലിഞ്ഞു പോകുന്ന നിഴൽ രൂപം പോലെ.

പപ്പയ്ക്കൊപ്പം കാറിൽ വന്നിറങ്ങിയ ജിത്തുവിനെ അവൾ ശ്രദ്ധിച്ചതെയില്ല.

और कहानियां पढ़ने के लिए क्लिक करें...