ജീവിതം എത്ര സുന്ദരമാണോ അത്രയും വിചിത്രവും കൂടിയാണ്. എന്നാൽ ജീവിതത്തിൽ ഒരു വ്യത്യസ്തത സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്കു മുന്നിൽ എവറസ്റ്റ് കൊടുമുടി പോലെ തടസങ്ങളും വന്നു ചേരാം. പക്ഷേ വ്യക്‌തിത്വം സൃഷ്ടിക്കാനായി എവറസ്റ്റ് കൊടുമുടിയെത്തന്നെ തോൽപ്പിച്ചാലോ? മധ്യപ്രദേശിലെ സിഹോർ ജില്ലയിലെ നിവാസി മേഘ പർമാർ അങ്ങനെ ഒരു ചരിത്രത്തിലേക്ക് നടന്നു കയറിയ വനിതയാണ്.

2019 മെയ് 22 ന് രാവിലെ 5 മണിക്ക് മേഘ എന്ന 24 വയസുകാരി തന്‍റെ ജീവിതത്തിലെ ആദ്യത്തെ വലിയ ആഗ്രഹം സഫലമാക്കി. എവറസ്റ്റ് കൊടുമുടിയ്ക്കു മുകളിൽ ഇന്ത്യൻ ദേശീയ പതാക പറപ്പിച്ചു. ആ ദിനം ലോകം മുഴുവൻ മേഘയുടെ കാൽക്കീഴിലായിരുന്നു. തലയ്ക്കു മുകളിലൂടെ പറന്നു നീങ്ങിയ മേഘക്കൂട്ടങ്ങളെ കൈ കൊണ്ട് സ്പർശിച്ചു കൊണ്ട് മേഘ ആ നിമിഷങ്ങളെ സ്വാഗതം ചെയ്‌തു. ഈ വിജയത്തിനു പിന്നിൽ അടങ്ങാത്ത അഭിവാഞ്ചയും കഠിനാധ്വാനവുമുണ്ടായിരുന്നു. മേഘയുടെ വാക്കുകൾ കേൾക്കാം.

സ്വയം ഒന്നു പരിചയപ്പെടുത്താമോ?

സീഹോർ ജില്ലയിൽ ആയിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഭോജ്പൂർ ഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത്. പപ്പ കർഷകനാണ്. എന്‍റേത് ഗ്രാമീണാന്തരീക്ഷത്തിലുള്ള കൂട്ടുകുടുംബമാണ്. സ്ക്കൂൾ പഠനത്തിനു ശേഷം ഞാൻ സീഹോർ വനിതാ കോളേജിൽ ചേർന്നപ്പോഴാണ് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറാൻ ആരംഭിച്ചത്.

ഗ്രാമീണ പെൺകുട്ടികൾ എങ്ങനെയാണ് നഗരത്തിലെ പെൺകുട്ടികളേക്കാൾ പിന്നോക്കമാകുന്നത് എന്ന് ഞാൻ മനസിലാക്കി. കോളേജിൽ പോകുമ്പോൾ എനിക്ക് രണ്ടു ജോഡി വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്കതിൽ വലിയ സങ്കോചമായിരുന്നു. പക്ഷേ പിന്നീടതൊക്കെ ഞാൻ മറികടന്നു.

ആ സങ്കോചത്തിൽ നിന്ന് എങ്ങനെയാണ് പുറത്തു കടന്നത്?

എനിക്ക് എന്‍റെ വ്യക്തിത്വം തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. കോളേജിലെ എല്ലാ ആക്ടിവിറ്റികളിലും ഞാൻ പങ്കെടുത്തു. എൻസിസിയുടെ ഏറ്റവും മികച്ച കേഡറ്റ് ആയി. ഇതിന്‍റെ പേരിൽ മാലദ്വീപിൽ പോകാൻ അവസരം കിട്ടി. അങ്ങനെ ഞാൻ ആദ്യമായി വിമാനത്തിൽ കയറി.

മാലദ്വീപിൽ വേദിയിൽ എനിക്ക് 3 മിനിട്ട് സംസാരിക്കാനുള്ള അവസരം ലഭിച്ചു. അതെനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. സ്വയം എവിടെയും തിരിച്ചറിയപ്പെടാൻ കഴിയുന്ന ഒരു കർമ്മം ചെയ്യുക എന്ന ചിന്ത എന്നിൽ മുളച്ചത് അന്നു മുതൽക്കാണ്. ഇതിനിടയിൽ മധ്യപ്രദേശിൽ രണ്ട് ആൺകുട്ടികൾ എവറസ്റ്റ് കൊടുമുടി കീഴടക്കിയ കാര്യം പത്രത്തിൽ വായിച്ചപ്പോഴാണ് എനിക്കും ആഗ്രഹം തോന്നിയത്.

എങ്ങനെയായിരുന്നു തുടക്കം?

പിന്നീട് ഞാൻ അതിനായി ഓരോ വിവരങ്ങളും ശേഖരിക്കാൻ തുടങ്ങി. ഒരു ലക്ഷ്യത്തിലെത്തിച്ചേരണമെങ്കിൽ ലക്ഷങ്ങൾ ചെലവിടേണ്ടി വരുമെന്നും എനിക്കറിയില്ലായിരുന്നു. പിന്നീട് ഞാൻ സ്പോൺസർമാരെ തെരയാൻ ആരംഭിച്ചു. വിജയിച്ചാൽ സ്പോൺസർ ചെയ്യുന്ന കമ്പനിയ്ക്കു വേണ്ടി പ്രചാരണം നടത്താമെന്ന് വാക്കു നൽകി. അങ്ങനെ, ശ്രമങ്ങൾ മെല്ലെ വിജയം കണ്ടു തുടങ്ങി. മധ്യപ്രദേശ് സർക്കാരും ഏതാനും കമ്പനികളും എന്നെ സഹായിക്കാൻ തയ്യാറായി. അങ്ങനെ പരിശീലനത്തിനായി മനാലിയിലെ അടൽ ബിഹാരി വാജ്പോയി മൗണ്ട്റി ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.

കുടുംബത്തിന്‍റെ പ്രതികരണം?

തുടക്കത്തിൽ ബന്ധുക്കൾ എന്നെ പിന്തുണച്ചില്ല. ഗ്രാമത്തിൽ ആൺ-പെൺഭേദം കൂടുതലാണല്ലോ. ഇവിടെ പെൺകുട്ടികൾക്ക് ഉണക്കചപ്പാത്തി കൊടുക്കും ആൺകുട്ടികൾക്ക് നെയ്യ് പുരട്ടി കൊടുക്കും. പെൺകുട്ടികൾക്ക് ഇത്രയും സ്വാതന്ത്യ്രമൊന്നും കൊടുക്കരുതെന്ന് അച്‌ഛനമ്മമാരോട് ബന്ധുക്കൾ പറയാറുണ്ടായിരുന്നു. പക്ഷേ അച്‌ഛനും അമ്മയും എനിക്കൊപ്പം നിന്നു.

പർവ്വതാരോഹണ അനുഭവങ്ങൾ?

കയ്പും മധുരവും നിറഞ്ഞതാണ് ആ അനുഭവങ്ങൾ. ആദ്യത്തെ ശ്രമത്തിൽ ഞാൻ പരാജയപ്പെട്ടു. പക്ഷേ ധൈര്യം വെടിഞ്ഞില്ല. മെയ്യ് 18 ന് ഞാൻ ബേസ് ക്യാമ്പിൽ നിന്ന് 4-ാം നമ്പർ ക്യാമ്പിലെത്തി. അപ്പോൾ ഓക്സിജൻ ലെവൽ വളരെ കുറവായിരുന്നു. ആ സമയം 7600 കിലോമീറ്റർ മുകളിലെത്തിയിരുന്നു. കൂടെ വന്ന ഷേർപ്പ ഓക്സിജൻ സിലിണ്ടർ മാസ്കിനിടയിലൂടെയാണ് പിടിപ്പിച്ചിരുന്നത്. പക്ഷേ 10 മീറ്റർ മുന്നോട്ടു പോയപ്പോഴേക്കും എനിക്ക് ഓക്സിജൻ മാസ്കിനിടയിലൂടെ വലിക്കാൻ പറ്റാത്ത സ്‌ഥിതി വന്നു. ഈ സ്ഥിതി കണ്ടപ്പോൾ ഷേർപ്പ എന്നെ വീണ്ടും ബേസ് ക്യാമ്പിലാക്കി. പിറ്റേന്ന് പോകാൻ ആഗ്രഹിച്ചുവെങ്കിലും ഡോക്ടർമാർ സമ്മതിച്ചില്ല. എന്‍റെ സ്വപ്നം തകർന്നതായി എനിക്കു തോന്നി. പിറ്റേന്ന് മല കയറാൻ അനുവാദം കിട്ടി. എല്ലാറ്റിനേയും വളരെ കഷ്ടപ്പെട്ടു തന്നെയാണ് അതിജീവിച്ചത്.

और कहानियां पढ़ने के लिए क्लिक करें...