കോവിഡ് വാക്സിൻ ഇന്ത്യയിൽ ജനുവരി 16 മുതൽ കൊടുത്തു തുടങ്ങി. വാക്സിൻ എടുത്തു കഴിഞ്ഞുള്ള അനുഭവത്തെപ്പറ്റിയുള്ള ശരിയായ വിവരങ്ങൾ അത് എടുത്തവരിൽ നിന്നും നേരിട്ടറിയാൻ ഏറെപ്പേർക്ക് താൽപര്യമുണ്ട്. വാക്സിൻ എടുത്ത 5396 ആരോഗ്യ പ്രവർത്തകർ ഓൺലൈൻ സർവ്വേ മുഖേന 29 ജനുവരി മുതൽ 4 ഫെബ്രുവരി വരെ പങ്കുവച്ച കാര്യങ്ങൾ ഇവിടെ ചുരുക്കി പറയാം. ഒരാളുടെ അഭിപ്രായത്തേക്കാൾ വിലയുണ്ട് 5000 പേരുടെ അനുഭവത്തിന്.

ഈ റിപ്പോർട്ട് തയ്യാറാക്കിയത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു വേണ്ടി ഡോ. രാജീവ് ജയദേവൻ, ഡോ. രമേശ് ഷേണായ്, അനിത ടി എസ് എന്നിവർ ചേർന്നാണ്

വാക്സിൻ എടുത്ത ശേഷം എത്ര പേർക്ക് പനിയും മറ്റും ഉണ്ടായി?

മൂന്നിൽ ഒരാൾക്ക് (1/3 or 33% of the respondents) ഒരു ലക്ഷണവും ഉണ്ടായില്ല. മൂന്നിൽ രണ്ടുപേർക്ക് (66% ) സാധാരണ വാക്സിൻ എടുത്താൽ തോന്നാവുന്ന symptoms അനുഭവപ്പെട്ടു.

എന്തൊക്കെയായിരുന്നു ലക്ഷണങ്ങൾ?

ക്ഷീണം, ശരീരവേദന, പനി, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാവർക്കും എല്ലാ ലക്ഷണവും ഉണ്ടായില്ല. ലക്ഷണങ്ങൾ വരികയാണെങ്കിൽ 80% പേരിലും ആദ്യത്തെ 12 മണിക്കൂറിനകം വന്നിരിക്കും എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. വന്നാൽ ശരാശരി ഒരു ദിവസം നീണ്ടു നിൽക്കും. താനേ ശമിക്കും.

ആർക്കാണ് കൂടുതൽ സാധ്യത?

ചെറുപ്പക്കാരിലും സ്ത്രീകളിലും ഈ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെട്ടു. പുരുഷന്മാർക്ക് 58.6% സ്ത്രീകൾക്ക് 74.7% ശതമാനം എന്ന തോതിൽ ലക്ഷണങ്ങൾ ഉണ്ടായി. ആരിലും ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടായില്ല.

അറുപതു കഴിഞ്ഞവരിൽ വാക്സിൻ സുരക്ഷിതമാണോ?

അതെ, ഈ പഠനത്തിൽ പങ്കെടുത്ത 5396 വ്യക്‌തികളിൽ 947 പേർ അറുപതിനു മുകളിൽ പ്രായമുള്ളവരാണ്. ആരിലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായില്ല. വാസ്തവത്തിൽ പ്രായം ഏറിയവരിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ നന്നേ കുറവായിരുന്നു എന്നാണ് കണ്ടെത്തിയത്. ഇത് സ്വാഭാവികമാണ്. ലക്ഷണങ്ങൾ ഉണ്ടായില്ല എന്നു കരുതി അവരുൽ പ്രതിരോധം ഉണ്ടാവുന്നില്ല എന്ന് അർത്ഥമില്ല.

ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടായോ?

20% ആളുകൾക്ക് മേൽപ്പറഞ്ഞ അസ്വസ്ഥതകൾ മൂലം ഇൻജെക്ഷൻ എടുത്ത പിറ്റേന്ന് പതിവു ജോലികൾ ചെയ്യുന്നത് ക്ലേശകരമായി തോന്നുകയുണ്ടായി. സ്ത്രീകളിൽ കൂടുതൽ പേർക്ക് ഇപ്രകാരമുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് താൽക്കാലികം ആയിരുന്നു.

കോവിഡ് മുമ്പു വന്നു പോയവരിൽ കൂടുതൽ ലക്ഷണങ്ങൾ ഉണ്ടായോ?

ഇല്ല. കോവിഡ് മുമ്പു വന്നു പോയ 472 പേർ പഠനത്തിൽ പങ്കെടുത്തിരുന്നു. ഇക്കൂട്ടരിൽ മറ്റുള്ളവർക്ക് വന്ന അതേ തോതിൽ തന്നെയാണ് ലക്ഷണങ്ങൾ ഉണ്ടായത്.

വാക്സിൻ എടുത്തതു കൊണ്ട് രോഗം തടുക്കാനാവും എന്ന് ഈ പഠനത്തിൽ നിന്ന് അറിയാൻ സാധിക്കുമോ?

ഒരാളിൽ വൈറസ് ബാധിക്കാനിടയായാലും അത് ഗുരുതരമായ രോഗം വരുത്താതെ വാക്സിൻ സംരക്ഷിക്കുന്നു. എന്നാൽ ഈ സംരക്ഷണം ലഭിക്കുന്നത് പ്രധാനമായും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കു ശേഷമാണ്. വാക്സിൻ ആദ്യ ഡോസ് കിട്ടി തൊട്ടടുത്ത നാളുകളിൽ നടത്തിയ ഈ പഠനത്തിൽ മേൽപറഞ്ഞ കാര്യക്ഷമത സ്വാഭാവികമായും തെളിയിക്കാൻ സാധിക്കുകയില്ല. വാക്സിൻ എടുത്തവരിലും അല്ലാത്തവരിലും നട ത്തുന്ന ദീർഘനാളത്തെ നിരീക്ഷണത്തിൽ കൂടി മാത്രമേ ഇക്കാര്യം പഠിക്കാൻ സാധിക്കൂ.

കോവാക്സിൻ എടുക്കാമോ?

നിരവധി പേർ ചോദിച്ച ചോദ്യമാണിത്. ഡോ. രാജീവ് ജയദേവൻ മറുപടി പറയുന്നു.

എന്താണ് ഈ കോവാക്സിൻ?

പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഒന്നാണത്. അതായത് പണ്ടുകാലം മുതൽ നിർമ്മിച്ചു വന്ന രീതിയിൽ.

എന്നു വച്ചാൽ എന്താണ്?

പകർച്ചവ്യാധികളെ ചെറുക്കാനായി ശരീരത്തെ സജ്ജമാക്കുന്ന ഇൻജെക്ഷൻ ആണ് വാക്സിൻ. രോഗം വരുത്താതെ പ്രതിരോധം ജനിപ്പിക്കുക എന്നതാണ് വിദ്യ. അവ പലതരം.

അതിൽ inactivated വാക്സിൻ ആവുമ്പോൾ രോഗാണുവിന്‍റെ അംശങ്ങൾ ഉണ്ടാവും, കൂടെ ചമ്മന്തിക്ക് തേങ്ങാപ്പീര പോലെ ഒരു adjuvant ഉം, ഈ മിശ്രിതമാണ് കുത്തിവയ്ക്കുന്നത്.

മറ്റാരെങ്കിലും ഇതുപയോഗിച്ചിട്ടുണ്ടോ?

ഇതേ പരമ്പരാഗത രീതിയാണ് പാൻഡെമിക് കണ്ടയുടൻ തന്നെ ഈയിനത്തിൽ പെട്ട വൈറസിനെ പറ്റി ഏറ്റവും അധികം ഗവേഷണം നടത്തി പാരമ്പര്യമുള്ള ചൈന സ്വീകരിച്ചത്. അവർ മാസങ്ങൾക്കുള്ളിൽ ക്ലിനിക്കൽ ട്രയലുകൾ പബ്ലിഷ് ചെയ്യാൻ കാത്തു നിൽക്കാതെ എത്രയും വേഗം ലക്ഷക്കണക്കിന് പൗരന്മാർക്ക് ആ വാക്സിൻ എത്തിച്ചു കൊടുത്തു. ചൈനയിൽ മരണങ്ങൾ പൊടുന്നനെ കുറയാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരുടെ അതിവേഗ വാക്സിനേഷൻ പ്രോഗ്രാമാണ്.

എന്തിനാണ് adjuvant ചേർക്കുന്നത്? വെറുതെ അൽപം വൈറസ് പൊടിച്ച് അരച്ചു കുത്തിവച്ചാൽ പോരേ?

ജീവനുള്ള വൈറസ് ആണ് കൂടുതൽ പ്രഹരശേഷിയുള്ളത്. അതു കുത്തിവച്ചാൽ adjuvant ഇല്ലാതെ തന്നെ സിസ്റ്റം ഓണായിക്കൊള്ളം. എന്നാൽ കോവിഡ് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തൽക്കാലം ജീവനുള്ള കൊറോണാ വൈറസ് കൊണ്ട് വാക്സിൻ ഇറക്കിയിട്ടില്ല.

അതിനാൽ “നിര്യാതനായ” (inactivated) വൈറസ് ഉപയോഗിക്കുമ്പോൾ ഇമ്മ്യൂൺ സിസ്റ്റം ഉണർന്നു വരാനുള്ള ഒരു ബൂസ്റ്റർ ആണ് ഈ adjuvant.

കോവാക്സിൻ adjuvant ന്‍റെ പ്രത്യേകത?

ഏറ്റവും പുതിയ മോഡൽ adjuvant ആണ് ഇതിൽ ചേർത്തിട്ടുള്ളത്. ഉണ്ടാകാവുന്നതിൽ ഏറ്റവും മെച്ചപ്പെട്ട തരം ഇമ്മ്യൂൺ റെസ്പോൺസ് ഉണ്ടാവാൻ വേണ്ടി ഏറെ അന്വേഷിച്ചാണ് പണ്ട് മുതൽ ഉപയോഗിച്ചു വന്ന വെറും പച്ച ALUM എന്നതിനു പകരം toll – like receptor 7/8 agonist ആയ  IMDG അതിൽ ALUM നോടൊപ്പം ചേർത്തിട്ടുള്ളത്. അതിന് ALUM-IMDG എന്നു പറയുന്നു. ചൈന ഉപയോഗിച്ച വെറും ALUM നേക്കാൾ മെച്ചപ്പെട്ടതാണിത്.

ഏതാണ് എടുക്കേണ്ടത്? കോവിഷീൽഡോ കോവാക്സിനോ?

ഏതാണോ ആദ്യം കിട്ടുക അതെടുക്കുക. ഇതാണ് ലോകമെമ്പാടും വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നത്.

ഏതാണ് നല്ലത്?

ഉത്തരമില്ലാത്ത ചോദ്യമാണിത്. രണ്ടും മെച്ചപ്പെട്ട വാക്സിൻ എന്ന് എന്‍റെ വ്യക്‌തിപരമായ അഭിപ്രായം. ടോയോട്ടയാണോ ഹോണ്ടയാണോ നല്ലത് എന്നു ചോദിച്ചാൽ എന്നതു പോലെയാണ്.

കോവിഷീൽഡിനില്ലാത്ത എന്തെങ്കിലും ഗുണം കോവാക്സിനുണ്ടോ?

കോവിഷീൽഡ് വൈറസിന്‍റെ മുള്ളിനെതിരെ മാത്രം പ്രതിരോധം ഉൽപാദിപ്പിക്കുന്നു. കോവാക്സിൻ മൊത്തം വൈറസിനെതിരെയും. അതിനാൽ ഭാവിയിൽ കാര്യമായ ജനിതകമാറ്റം വൈറസിൽ ഉണ്ടായാൽ ഒരു പക്ഷേ ചെറുത്തു നിൽക്കാൻ സഹായിക്കുക കോവാക്സിൻ ആവാം. ഇത് ഒരു എഡ്യൂക്കേറ്റഡ് ഗസ് മാത്രം ആണ്. കാരണം അങ്ങനെ വലിയ രീതിയിൽ ഒരു ജനികത മാറ്റം ഇതുവരെ സംഭവിച്ചിട്ടില്ലല്ലോ.

കോവാക്സിൻ ഫലപ്രദം ആണെന്ന് തെളിവുണ്ടോ?

ഒരു കോവിഡ് വാക്സിനിൽ ഞാൻ പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളും ഇതു തരുന്നതായി തെളിവുണ്ട്. എനിക്കു വേണ്ടത് പ്രധാനമായും ഒരു പ്രത്യേക തരത്തിലുള്ള ടി സെൽ റെസ്പോൺസ് ആണ്. ടിഎച്ച് 1 എന്നു പറയും. അതോടൊപ്പം ആവശ്യത്തിന് ആൻറിബോഡിയും ഉൽപാദിപ്പിക്കുന്നുണ്ട് എന്ന് എണ്ണൂറോളം മനുഷ്യരിൽ പഠനം നടത്തി പബ്ലിഷ് ചെയ്‌തു കഴിഞ്ഞു. ദീർഘ കാലത്തേക്കുള്ള സംരക്ഷണവും ഗുരുതര രോഗത്തിൽ നിന്നുമുള്ള പരിരക്ഷയും പ്രധാനമായും ടി സെൽ മുഖേനയാണ് നമുക്ക് ലഭിക്കുക എന്ന് നിരവധി സമീപനകാല പഠനങ്ങൾ ഞാൻ വിശദമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവാക്സിൻ സുരക്ഷിതമാണോ?

പണ്ടു മുതൽ പ്രയോഗിച്ചു വരുന്ന രീതിയിൽ നിർമ്മിക്കുന്ന കോവാക്സിന്‍റെ സുരക്ഷിതത്വത്തെപ്പറ്റി ഈ ഫീൽഡറിയാവുന്ന ആർക്കും ആശങ്കയില്ല. ന്യൂ ജനറേഷൻ വാക്സിനുകളായ കോവിഷീൽഡ്, ഫൈസർ, മോഡർന, സ്പുടിനിക് മുതലായവയെ ചുറ്റിപ്പറ്റിയായിരു ന്നു ആശങ്ക കൂടുതൽ. മറ്റൊന്നും കൊണ്ടല്ല, പുതിയ ടെക്നോളജി ആയത് കൊണ്ടു മാത്രം. ട്രയലുകളിൽ?അവർ സുരക്ഷിതം എന്ന് തെളിഞ്ഞിട്ടുണ്ട്. പോരാത്തതിന് മേൽപ്പറഞ്ഞ ട്രയലിൽ കോവാക്സിനും സുരക്ഷിതമാണ്.

എന്താണ് ക്ലിനിക്കൽ ട്രയൽ മോഡ് എന്നൊക്കെ വച്ചാൽ?

വ്യത്യസ്തമായ അപ്രൂവൽ ആയതിനാൽ കോവാക്സിൻ എടുക്കുന്ന വ്യക്‌തികൾ അഡീഷനലായി ഒരു ഫോം പൂരിപ്പിക്കണം. എന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ പോയാൽ നമുക്ക് ചികിത്സയിൽ എതിർപ്പില്ല എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം നിരവധി ഫോമുകൾ ഒപ്പിടേണ്ടി വരാറുണ്ട്. അതുപോലെ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ, എംആർഐ സ്കാൻ എടുക്കേണ്ടി വരുമ്പോൾ. സാങ്കേതികമായ കാര്യമാണ്. അതിൽ ഒരു കുഴപ്പവും ഇല്ല എന്നാണ് ഔദ്യോഗിക പദവിയിൽ ഉള്ളവരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ ഇത്തരം സമ്മതപത്രം ഒപ്പിടാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല.

എന്താണ് ചിലർ ഇതു വേണ്ടാ എന്നു പറയുന്നത്?

അമിതമായ ആലോചനയാണ് പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. അതിന് ഇൻഫർമേഷൻ ഓവർലോഡ് ആൻഡ് ഓവർതിങ്കിംഗ് എന്നു പറയും. വർഷങ്ങൾക്കു മുമ്പ് എഴുതിയിട്ടുള്ള വിഷയമാണിത്.

കടയിൽ വച്ച് ഏതു മാങ്ങ വാങ്ങണം എന്നു തീരുമാനിക്കാൻ നാം ലൈബ്രറിയിൽ പോയി ഫ്രൂട്ടിനെ പറ്റിയുള്ള എൻസൈക്ലോപീഡിയ നോക്കാൻ തുനിഞ്ഞാൽ, അല്ലെങ്കിൽ പത്തു പേരോട് അഭിപ്രായം ചോദിച്ചാൽ ചിലപ്പോൾ ഒന്നും തീരുമാനിക്കാൻ സാധിക്കാതെ വെറും കയ്യോടെ മടങ്ങി എന്നു വരും. ഒരു പക്ഷേ മാങ്ങ ഇനി മേലാൽ വാങ്ങരുതെന്നും അതിനേക്കാൾ നല്ലത് ആപ്പിളാണെന്ന് തീരുമാനിച്ചെന്നും ഇരിക്കും.

വാക്സിന്‍റെ കാര്യത്തിൽ ഏറെ അറിവും എക്സ്പീരിയൻസും ഉള്ളവർ പറയുന്നത് നമുക്കു വിശ്വസിക്കാം. പിന്നെ വാക്സിൻ എുക്കണോ വേണ്ടേ എന്നുള്ളത് ഓരോ വ്യക്‌തിയുടെയും തീരമാനമാണ്. ആരേയും വാക്സിൻ എടുക്കാൻ നിർബന്ധിക്കേണ്ടതില്ല.

വാക്സിൻ എടുത്തവർക്ക് പിൽക്കാലത്ത് അഥവാ വൈറസ് ബാധിച്ചാലും ഗുരുതര രോഗം പിടിപെടാതെ രക്ഷപെടാം എന്നുള്ള പ്രതീക്ഷയാണ് നിലവിലുള്ള എല്ലാ കോവിഡ് വാക്സിനുകളും നമുക്ക് നൽകുന്നത്.

और कहानियां पढ़ने के लिए क्लिक करें...