മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നാണ് പഴഞ്ചൊല്ല്. രണ്ടും എപ്പോൾ വേണമെങ്കിലും അടർന്നു പോകാം. അതിനാൽ കൂടുതലൊന്നും ആലോചിച്ച് കൊതിക്കേണ്ട. വീട്ടിൽ പെൺകുട്ടികളാണെങ്കിൽ പിന്നെ. ഈ പറച്ചിൽ വേറൊരു രീതിയിലാവും. എന്തു ചെയ്‌തിട്ടെന്താ? അന്യന്‍റെ മുതലല്ലെ! പക്ഷേ.. പെൺകുട്ടികളെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ വരട്ടെ. ഇപ്പോഴത്തെ കാലത്ത് ട്രെന്‍റ് മാറി വരുകയാണ്. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണത്രേ കുടുംബത്തെ സ്നേഹിക്കുന്നവർ. സ്വന്തം അച്‌ഛനമ്മമാരെ സംരക്ഷിക്കാൻ നല്ല മനസ്സ് കാട്ടുന്നതും കൂടുതൽ പെൺകുട്ടികളാണെന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല.
കുറച്ചു നാൾ മുമ്പാണ് ഈ സംഭവം. അമ്മയുടെ മൃതദേഹവുമായി നാല് പെൺ മക്കൾ സഹോദരന്‍റെ വീട്ടു വാതിൽക്കൽ മൂന്നു മണിക്കൂറോളം കാത്തിരുന്നു. ഹൈന്ദവവാചാരമനുസരിച്ച് മകനാണ് അന്ത്യകർമ്മം നടത്തേണ്ടത്. അതിനു വേണ്ടിയാണ് പെൺമക്കൾ അന്വേഷിച്ചു ചെന്നത്. എന്നാൽ മകൻ വാതിൽ തുറക്കാൻ പോലും തയ്യാറായില്ല. പിന്നെ പെൺമക്കൾ തന്നെ കർമ്മങ്ങൾ നടത്തി.
ഇതിന്‍റെ കാരണം എന്തു തന്നെ ആവട്ടെ. ജീവിതാന്ത്യം വരെ മക്കളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്‌ഥാനത്താണെന്ന ധാരണകളെ തിരുത്തുന്നുണ്ട് ഈ സംഭവം. എന്നാൽ ആ ധാരണ തിരുത്തുന്നവരിൽ ഭൂരിപക്ഷം പെൺമക്കൾ തന്നെയാണെന്നാണ് പലരുടെയും അനുഭവം. ആൺമക്കൾ ചെയ്യുന്നില്ല എന്നല്ല ഇതിനർത്ഥം. പെൺകുട്ടികൾ മാത്രമുള്ള അച്‌ഛനമ്മമാർക്ക് പലപ്പോഴും തോന്നുന്ന അരക്ഷിതത്വത്തിന് ഇക്കാലത്ത് അടിസ്‌ഥാനമില്ല.
എന്നിട്ടും വീട്ടിൽ ആൺകുട്ടി പിറക്കുമ്പോൾ പെൺ പിറവിയേക്കാൾ കൂടുതൽ സന്തോഷിക്കുന്നവർക്ക് കുറവൊന്നുമില്ല. വീട്ടിൽ ആൺതരി ഉണ്ടെങ്കിലേ വംശം നിലനിൽക്കൂ എന്ന ചിന്താഗതി കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളിൽ അച്‌ഛനമ്മമാരുമായി കൂടുതൽ മാനസികബന്ധം പുലർത്തുന്നത് പെൺമക്കൾ തന്നെയാണെന്നാണ് ഗവേഷകർ പറയുന്നൽ.
കൊല്ലംകാരിയായ കൃഷ്‌ണമ്മയ്‌ക്ക് 80 വയസ്സായി. രാത്രി ഉറക്കത്തിനിടയിൽ സീലിംഗ് ഫാൻ പൊട്ടി ദേഹത്തു വീണു. കോളർ ബോൺ പൊട്ടി അവർ ആശുപത്രിയിലുമായി. ഡോക്ടർ പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടിൽ വന്നശേഷം നോക്കാൻ ആളില്ല. മകന്‍റെ ഭാര്യയ്‌ക്ക് അതൊന്നും ചെയ്യാൻ ഇഷ്‌ടമില്ല. അതോടെ വഴക്കായി. പിന്നെ, സ്വന്തം മകൾ തന്നെ അമ്മയെ ഏറ്റെടുത്തു. അതും 300 കി.മീറ്ററുകൾക്കപ്പുറം താമസിക്കുന്ന അവർ ആംബുലൻസുമായി വന്ന് സ്വന്തം വീട്ടിലേയ്‌ക്ക് കൊണ്ടു പോയി.
ഇതുപോലുള്ള നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും നിരന്തരം കാണാറുണ്ട്. സ്വന്തം മക്കൾ വീട്ടിൽ വേണ്ടെന്ന് ആഗ്രഹിക്കേണ്ട സാഹചര്യം ഉള്ള വൃദ്ധജനങ്ങളെ പോലും കാണാം. രാംകുമാറിന്‍റെ കഥ അത്തരത്തിലുള്ളതാണ്. സർക്കാർ ജോലിയിൽ നിന്ന് 10 വർഷം മുമ്പ് അദ്ദേഹം റിട്ടയർ ചെയ്‌തു. ഭാര്യ നേരത്തെ മരിച്ചു പോയതാണ്. ഏകാകിയായി മാറിയ അദ്ദേഹം സ്വന്തം വീട്ടിൽ മകനും ഭാര്യയ്‌ക്കുമൊപ്പം ഒരുവിധം കഴിഞ്ഞു കൂടുകയായിരുന്നു. അപ്പോഴാണ് കാൻസർ എന്ന രോഗം അദ്ദേഹത്തെ പിടിക്കൂടിയത്. രോഗബാധിതനായപ്പോൾ തുടക്കത്തിൽ മകൻ ചികിത്സയ്‌ക്കു തയ്യാറായി. പിന്നെ മടിയായി. അപ്പോൾ മകൾ വന്ന് കൂട്ടിക്കൊണ്ടുപോയി.
“എന്‍റെ മകളാണ്. പിന്നീട് എന്നെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. അവളുടേത് ലവ്മാര്യേജ് ആയിരുന്നു. അന്ന് ഞങ്ങൾ എതിർത്ത് ഇറക്കി വിട്ടതുപോലുമാണ്. എന്നിട്ടും ജീവിതത്തിന്‍റെ പ്രതിസന്ധിഘട്ടത്തിൽ അവൾ തന്നെ തുണയായി.” രാംകുമാർ കണ്ണീരോടെ പറയുന്നു.
വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചാൽ ഒരു കാര്യം പൊതുവായി മനസ്സിലാക്കാം. ആൺമക്കൾ ഉള്ളവർ തന്നെയാണ് ഇങ്ങനെ എത്തുന്നവരിൽ ഭൂരിഭാഗവും. പെൺകുട്ടികൾ മാത്രമുള്ളതിന്‍റെ പേരിൽ ഒറ്റപ്പെട്ടു പോയി. അനാഥാലയത്തിൽ എത്തുന്ന മാതാപിതാക്കൾ, നേരത്തെ പറഞ്ഞവരെ അപേക്ഷിച്ച് കുറവാണ്. ബാംഗ്ലൂരിലെ ഒരു വൃദ്ധസദനത്തിന്‍റെ നടത്തിപ്പുകാരിയായ ശകുന്തളാദേവി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ വൃദ്ധ സദനങ്ങളിൽ എത്തുന്ന ഭൂരിഭാഗം പേരുടെയും പാശ്ചാത്തലം വ്യത്യസ്‌തമല്ല പലരുടെയും മക്കൾ വിദേശത്താണ്. 65കാരിയായ വിജയലക്ഷ്‌മിയുടെ മകൻ ഭാര്യയേയും കൂട്ടി മസ്‌കറ്റിലാണ് താമസം. വലിയ വീട്ടിൽ വിജയലക്ഷമി ഒറ്റയ്‌ക്കായി. അമ്മ ഒറ്റയ്‌ക്കാണല്ലോ എന്ന കാരണം പറഞ്ഞ് മകൻ മസ്‌ക്കറ്റിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോയി. ഭാര്യയ്‌ക്കും തനിക്കും ജോലിക്കു പോകാൻ എളുപ്പമാകുമല്ലോ എന്നോർത്താണ് അമ്മയെ കൊണ്ടു പോയത്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അമ്മയുടെ ആരോഗ്യം ക്ഷയിച്ചു വന്നപ്പോൾ മകൻ അമ്മയെ നാട്ടിലെ വീട്ടിലേക്ക് കൊണ്ടു വിട്ടു. പിന്നെ അയൽവക്കക്കാരുടെ കാരുണ്യത്തിലായി അവരുടെ ജീവിതം.
അച്‌ഛനമ്മമാരെ പരിപാലിക്കേണ്ട കാലം വരുമ്പോൾ എന്തു കൊണ്ടാവാം ചില ആൺമക്കൾ ഇങ്ങനെ പെരുമാറുന്നത്. ജീവിത പ്രാരാബദ്ധ്യങ്ങൾ കൂടുമ്പോൾ അവരുടെ സെൻറിമെന്‍റ്സ് നഷ്‌ടപ്പെടുതയാണോ?
വയസ്സായ മാതാപിതാക്കളെ പരിചരിക്കാനും ശ്രദ്ധിക്കാനും ആഗ്രഹമുണ്ട്. എന്നാൽ ജോലിയുടെ പേരിൽ വീടു വിട്ടു നിൽക്കേണ്ടി വരുന്നതും അടിക്കടിയുള്ള ട്രാൻസ്ഫറും ജീവിതത്തെ അസ്‌ഥിരപ്പെടുത്തുന്നു. ഇതിനു പുറമെ വീട്ടുചെലവ് കുട്ടികളുടെ കാര്യങ്ങൾ ഇതെല്ലാം നോക്കേണ്ടി വരുന്നു. മിക്ക വീടുകളിലും ഭാര്യമാർ ഉദ്യോഗസ്‌ഥരായതോടെ അവരും തിരക്കിലായി. ഭർത്താവിന്‍റെ അമ്മയേയും അച്‌ഛനേയും പരിപാലിക്കേണ്ടത് തന്‍റെ മാത്രം ദൗത്യമല്ലെന്ന് കരുതിന്ന മരുമക്കളും ഉണ്ട്. പെൺമക്കൾ ഉണ്ടെങ്കിൽ രോഗശുശ്രൂഷ അവർ ചെയ്യട്ടെ എന്നു പറഞ്ഞ് മാറി നിൽക്കുന്ന മരുമക്കളും ഉണ്ട്.
അണുകുടുംബം എന്ന ചിന്ത വർദ്ധിച്ചതോടെ. വീട്ടിൽ നാലുപേരിൽ കൂടുതൽ വേണമെന്ന് പലരും കരുതുന്നുമില്ല. ഇങ്ങനെ വയസ്സു കാലത്ത് മാതാപിതാക്കൾ ഒറ്റപ്പെടാൻ ഇടയാവുന്ന സാഹചര്യങ്ങൾ നിരവധിയാണ്. ഇവിടെയെല്ലാം തന്നെ പ്രത്യാശ പെൺകുട്ടികളുള്ള മാതാപിതാക്കൾക്കാണ്. അച്‌ഛനമ്മമാരും, മക്കളും ഒരുപോലെ വിദ്യാഭ്യാസമുള്ള ഒരു കാലഘട്ടത്തിലും എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാൽ സ്വത്തുമായി ബന്ധപ്പെട്ട ചില ചിന്തകൾ ആണ് ഏറ്റവും പ്രധാന കാര്യമെന്നാണ് മനശാസ്‌ത്രജ്‌ഞയായ ദിവ്യയുടെ അഭിപ്രായം.
“ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി സ്വത്ത് വീതം വയ്‌ക്കുന്നതാണ് ഇപ്പോഴത്തെ രീതി. അതിനാൽ അച്‌ഛനമ്മമാരുടെ കാര്യവും തങ്ങളുടെ മാത്രം ബാധ്യതയല്ല. പെൺമക്കളും ശ്രദ്ധിക്കണമെന്ന ചിന്ത ആൺമക്കൾ പൊതുവേ പ്രകടിപ്പിക്കാറുണ്ട്.”
പെൺമക്കൾ മാത്രമുള്ള അച്ഛനമ്മമാരുടെ ഏറ്റവും വലിയ ഭയം പ്രായമാകുമ്പോൾ ആരും കൂടെ ഉണ്ടാവില്ല എന്നാണ്. പെൺമക്കളെ കെട്ടിച്ചയച്ചാൽ പിന്നെ ആരാണുണ്ടാവുക? എന്നാൽ മാതാപിതാക്കളോട് വൈകാരികമായ അടുപ്പം പെൺമക്കൾക്കാണ് കൂടുതൽ തോന്നുക. മറ്റൊന്ന് സാമ്പത്തികമായ ഭദ്രതയും ഇക്കാലത്ത് പെൺകുട്ടികൾക്കുണ്ട്. ഭർത്താവിനെ ആശ്രയിക്കാതെ തന്നെ അവർക്ക് അച്‌ഛനമ്മമാരുടെ കാര്യങ്ങൾ നോക്കാനുള്ള സാമ്പത്തിക ശേഷി ഉളളതു കൊണ്ട് അവർ അതിനു സന്തോഷപൂർവ്വം തയ്യാറാകും. ഇനി മാതാപിതാക്കൾക്കുമുണ്ട് ചില രീതികൾ. സ്വന്തം മകളെ സ്നേഹിക്കുന്നത്ര മരുമകളെ സ്നേഹിച്ചെന്നു വരില്ല. അപ്പോൾ തിരിച്ചും അത്രയൊക്കെയല്ലേ പ്രതീക്ഷിക്കാൻ പറ്റൂ. മകളെപ്പോലെ തന്നെ മരുമകളെയും സ്നേഹിക്കുന്ന വീട്ടിൽ മാതാപിതാക്കൾക്ക് ഒറ്റപ്പെടൽ ഉണ്ടാകില്ല. മകളായാലും മരുമകളായാലും സ്നേഹം കൊടുത്തോളൂ… അതു ഇരട്ടിയായി തിരിച്ചു കിട്ടും. ഉറപ്പ്.