ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്, “എവരി ക്രൈസിസ് കം വിത്ത് ആൻ ഓപ്പർച്ചുണിറ്റി” അതായത് പ്രതിസന്ധി ഘട്ടങ്ങൾ പുതിയ അവസരങ്ങളിലേക്ക് വഴി തുറക്കുമെന്ന്. ഈ ചൊല്ല് ഈ കൊറോണക്കാലത്ത് ഏറെ അർത്ഥവത്തായിരിക്കുന്നു.

വിദ്യാഭ്യാസം, ഐടി, ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലവസരങ്ങളാണ് നമുക്ക് മുന്നിലെത്തിയത്. ഇതിന് കാരണമായതോ ലോക്ക്ഡൗണും. ലോക്ക്ഡൗൺ കാലത്ത് എല്ലാവരിൽ നിന്നും അകന്ന് വീടിനകത്ത് ഒതുങ്ങി കഴിയേണ്ടി വന്ന സാഹചര്യത്തിൽ പ്രതിസന്ധിയെ അതിജീവിക്കാനുള്ള പുതിയ വഴികളെക്കുറിച്ചാണ് ഭൂരിഭാഗം പേരും ചിന്തിച്ചത്. ഈ അവസരത്തിൽ സോഫ്റ്റ്‍വെയർ, ഐടി, ഓൺലൈൻ ഡെലിവറി, വെർച്വൽ എജ്യുക്കേഷൻ, ആപ്ലിക്കേഷൻ എന്നിവയുടെ ഡിമാന്‍റ് വർദ്ധിച്ചു. സൂം ഏതാനും ദിവസങ്ങൾ കൊണ്ടാണ് കോടിപതിയായ ആപ്ലിക്കേഷനായി മാറിയത്. അതുപോലെ മറ്റ് ചില ആപ്ലിക്കേഷനുകളും.

ഈ പ്രതിസന്ധി ഘട്ടത്തിൽ കോച്ചിംഗ് കോഴ്സുകളും ഏറെ വർദ്ധിച്ചു. ഇത് നേരത്തെ തന്നെ ഡവല്പ്ഡായിരുന്നുവെങ്കിലും സ്ക്കൂൾ കോളേജ് അടച്ചതോടെ കോച്ചിംഗ് ക്ലാസുകളുടെ പ്രാധാന്യം ഒന്നു കൂടി വർദ്ധിച്ചു. ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവർക്കോ തൊഴിലന്വേഷകർക്കോ ബിസിനസ് ഡൗൺ ആയി ഇരിക്കുന്നവർക്കോ ആത്മവിശ്വാസമുണ്ടെങ്കിൽ ധൈര്യപൂർവ്വം ഇതൊരു ബിസിനസായി വികസിപ്പിക്കാവുന്നതാണ്.

വീട്ടിൽ ഇരുന്ന് കേക്ക് ഉണ്ടാക്കാം

വീട്ടിൽ ആരുടെയെങ്കിലും ബർത്ത് ഡേയോ വെഡ്ഡിംഗ് ആനിവേഴ്സറിയോ അതുമല്ലെങ്കിൽ ന്യൂബോൺ ബേബി വെൽക്കം ട്രീറ്റോ ആഘോഷിക്കുന്നുവെങ്കിൽ കേക്ക് കട്ടിംഗ് എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കുകയാണല്ലോ. മറ്റൊന്ന്, ഈ കൊറോണക്കാലം കേക്ക് ബിസിനസിന് വലിയൊരു അവസരമൊരുക്കിയെന്നതാണ്. ആളുകൾ കടയിൽ നിന്നും കേക്ക് വാങ്ങുന്നത് ഒഴിവാക്കിയിരിക്കുകയാണ്. അതിനാൽ സ്വന്തം താമസ സ്‌ഥലത്തിനടുത്ത് നിന്നോ അല്ലെങ്കിൽ സ്വന്തമായോ കേക്ക് തയ്യാറാക്കിയോ ഉപയോഗിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. സ്വന്തമായി കേക്ക് തയ്യാറാക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ ഈ കല നിങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റുള്ളവരെ കൂടി പരിശീലിപ്പിച്ച് മികച്ചൊരു വരുമാനം സ്വന്തം നിലയിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.

ഇതേക്കുറിച്ച് മെറാക്കി ഹോം ബേക്കേഴ്സ് ദീപ്തി പറയുന്നതിങ്ങനെയാണ്,“ എനിക്ക് ബേക്കിംഗ് ഒത്തിരിയിഷ്ടമുള്ള കാര്യമാണ്. ഈ ലോക്ക്ഡൗൺ കാലത്താണ് എന്‍റെ ഈ ഇഷ്ടത്തിന് വളരെയേറെ വളർച്ചയുണ്ടായത്. വളരെ സിംപിൾ കേക്ക് മേക്കിംഗിൽ തുടങ്ങി കസ്റ്റമൈസ്ഡ് ഡിസൈനർ കേക്ക് വരെ തയ്യാറാക്കാൻ പഠിച്ചു. എന്‍റെ പരിചയക്കാരും അയൽക്കാരുമൊക്കെ എന്നെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചു. അതോടെ എന്‍റെ ഉത്സാഹവും ഏറി. അതെനിക്കൊരു നല്ല വരുമാന മാർഗ്ഗമായെന്ന് പറഞ്ഞാൽ മതിയല്ലോ.”

“ബേസിക് കേക്ക് പഠിച്ചെടുക്കാൻ 1500 മുതൽ 2000 രൂപ വരെ ചെലവു വരും. ഡിസൈനർ കേക്ക് തയ്യാറാക്കുന്ന വിധം പഠിക്കാൻ 3000 തുടങ്ങി 5000 രൂപ വരെ ചെലവ് വരും. ബേക്കിംഗിൽ അത്യാവശ്യം നല്ല അറിവും ആത്മവിശ്വാസവും കൈമുതലായിട്ടുള്ളവർക്ക് കേക്ക് മേക്കിംഗിൽ ഓൺലൈൻ ട്രെയിനിംഗ് നൽകി നല്ല വരുമാനമുണ്ടാക്കാം. ഇങ്ങനെയൊരവസരം വഴി തുറന്നു കിട്ടുന്നതോടെയുണ്ടാകുന്ന സന്തോഷം എത്രമാത്രമായിരിക്കുമെന്ന് ചിന്തിച്ചു നോക്കിക്കേ…

ഡാൻസ് ക്ലാസ്

പണ്ടുകാലം തൊട്ടെ മനുഷ്യൻ ഏറെയിഷ്ടപ്പെടുന്ന കലയാണ് നൃത്തമെന്നത്. നൃത്തത്തിനുള്ള ഡിമാന്‍റിന് ഒട്ടും മങ്ങലേറ്റിട്ടില്ല. കലാപരിപാടികളായാലും വിവാഹമായാലും പാർട്ടിയായാലും ഗെറ്റ്റ്റുഗദർ ആയാലും ശരി എല്ലായിടത്തും നൃത്തത്തിന് അതിന്‍റേതായ സ്‌ഥാനമുണ്ട്. മറ്റൊന്ന് ചെറിയ ആഘോഷാവസരങ്ങളിലായാലും വളരെ മനോഹരമായി താളബോധത്തോടെയും ഭംഗിയുള്ള ചലനങ്ങളോടെയും നൃത്തം ചെയ്യണമെന്നാണ് ഭൂരിഭാഗംപ്പേരും ആഗ്രഹിക്കുക. അതിനുവേണ്ടി എത്ര പണം മുടക്കാനും അവർ റെഡിയാണ്. ഹിപ്പ് ഹോപ്പ്, ബാലെ, ഫോക്ക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നിവയിൽ പ്രാവീണ്യം ഉള്ളവർക്ക് ഓൺലൈനിലൂടെ നൃത്ത പരിശീലന ക്ലാസുകൾ എടുത്ത് വരുമാനമുണ്ടാക്കാം. പുറത്തു പോയി നൃത്തം പഠിക്കാൻ മടിയായിട്ടുള്ള വീട്ടമ്മമാരും പെൺകുട്ടികളുമൊക്കെ ഇത്തരം ഓൺലൈൻ ക്ലാസുകളിലൂടെ പരിശീലനം നേടുമെന്നത് ഉറപ്പാണ്. ഏറ്റവും മികച്ചൊരു വരുമാന മാർഗ്ഗമാണ് നൃത്തമെന്നത്.

പേഴ്സണാലിറ്റി ഡവലപ്മെന്‍റ്

കൊറോണ അക്ഷരാർത്ഥത്തിൽ എല്ലാവരേയും വീട്ടിൽ ഇരുത്തുകയാണ് ഉണ്ടായത്. ഇങ്ങനെ വീട്ടിൽ അടച്ചിരിക്കുന്ന ശീലം ഇല്ലാത്ത മുതിർന്നവരിലും കുട്ടികളിലും ഇത് വല്ലാത്ത മുഷിച്ചിലാണ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇത്തരം അവസരത്തിൽ പേഴ്സണാലിറ്റി ഡവലപ്മെന്‍റിൽ പരിശീലനം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് പറ്റിയ അവസരമാണ്.

ഓരോ രക്ഷിതാവും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പഠനത്തിനൊപ്പം കുട്ടികളിൽ ശരിയായ വ്യക്‌തിത്വ വികാസവും ഉണ്ടാകാൻ അവർ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ഓൺലൈൻ പേഴ്സണാലിറ്റി ഡവലപ്മെന്‍റ് കോഴ്സ് സ്വന്തം സമയവും സൗകര്യവുമനുസരിച്ച് ആരംഭിക്കാവുന്നതാണ്. പേഴ്സണാലിറ്റി ഡവലപ്മെന്‍റ് കോഴ്സിന് തന്നെ ഡിമാന്‍റ് ഏറെയാണ്. 3-4 പേരെ കോഴ്സിന് ലഭിച്ചാലും മാസം 12,000 മുതൽ 15,000 രൂപ വരെ വരുമാനമുണ്ടാക്കാം.

കോഡിംഗ് ക്ലാസുകൾ

ടെക്നോളജിയുടെ ലോകത്തിൽ മികവ് സൃഷ്ടിക്കാൻ കോഡിംഗ് അറിഞ്ഞിരിക്കേണ്ടതാവശ്യമാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഐടി അധ്യാപകർക്ക് ഇത് മികച്ചൊരു അവസരമാണ് തുറന്നിട്ടിരിക്കുന്നത്. അതുപോലെ തന്നെ പഠനത്തിന്‍റെ ഈ പുതിയ രീതിയെപ്പറ്റി പഠിക്കാൻ കുട്ടികൾക്കും അവസരം ലഭിക്കുകയാണ്. അവരുടെ ഭാവി ഉജ്ജ്വലമാക്കാൻ ഇത് വഴി തുറക്കും. കോഡിംഗ് പ്രോഗ്രാമിംഗ് എന്ന മാധ്യമത്തിലൂടെ വെബ്സൈറ്റ്, സോഫ്റ്റ്‍വെയർ എന്നിവ സൃഷ്ടിക്കാൻ പറ്റും. കോഡിംഗിന് ഏറെ ഡിമാൻറും വർദ്ധിച്ചിരിക്കുകയാണ്. ഐടിയുമായി ബന്ധപ്പെട്ടവർക്കും കോഡിംഗിനെപ്പറ്റി നല്ല അറിവുമുള്ളവർക്കും ഇതിൽ ഓൺലൈൻ കോച്ചിംഗ് നൽകി മികച്ച വരുമാനം ഉണ്ടാക്കാനാവും.

കരിയർ കൗൺസിലിംഗ്

10-ാം ക്ലാസ് കഴിഞ്ഞ് ഏത് സ്ട്രീം തെരഞ്ഞെടുക്കണം അല്ലെങ്കിൽ 12-ാം ക്ലാസ് കഴിഞ്ഞ് ഏത് പഠന മേഖല തെരഞ്ഞെടുക്കണം എന്നിങ്ങനെയുള്ള സംശയങ്ങൾ ബഹുഭൂരിഭാഗം കുട്ടികൾക്കും ഉണ്ടാകാറുണ്ട്. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സമ്മർദ്ദം വേറെയും. മറ്റൊന്ന് തന്‍റെയുള്ളിലെ കഴിവുകൾ എന്തെല്ലാമാണെന്ന ധാരണ കുട്ടികൾക്ക് ഉണ്ടാകണമെന്നില്ല. തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിനാൽ പിന്നീട് പശ്ചാത്തപിക്കേണ്ടതായും വരും. ഇത്തരം സാഹചര്യമുണ്ടാകാതിരിക്കാൻ കുട്ടികളുമായി സംസാരിച്ച് അവരുടെ അഭിരുചി മനസിലാക്കി അതിനനുസരിച്ചുള്ള കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിലാണ് വിജയം. ഇത് കരിയർ കൗൺസിലിംഗിലൂടെയാണ് ചെയ്യുക. ശരിയായ കരിയർ തെരഞ്ഞെടുക്കാൻ ഈ രീതി അവരെ സഹായിക്കും. ഈ കൊറോണക്കാലത്ത് കരിയർ കൗൺസിലിംഗിനുള്ള സാധ്യത ഒന്നു കൂടി വർദ്ധിച്ചിരിക്കുകയാണ്.

നല്ലൊരു വരുമാനമാർഗ്ഗമാക്കാവുന്ന മേഖലയാണിത്. ഒരു കുട്ടിയെ രണ്ട് മണിക്കൂർ നേരം കൗൺസിലിംഗ് ചെയ്യുന്നതിന് കുറഞ്ഞത് 2000 മുതൽ 3000 രൂപ വരെ ഫീസായി ഈടാക്കാൻ പറ്റും.

ഫിറ്റ്നസ് ട്രെയിനിംഗ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആളുകൾ സ്വന്തം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തി തുടങ്ങിയിരിക്കുകയാണ്. വ്യായാമവും യോഗയും മറ്റും മിക്കവരുടെയും ദിനചര്യയുടെ ഭാഗമാക്കിയിരിക്കുന്നു. സുംബ, എയ്റോബിക്സ്, ജിം എന്നിവയൊക്കെ ഇന്ന് ഫിറ്റ്നസിൽ താൽപര്യം പുലർത്തുന്നവരുടെ ദിനചര്യകളാണ്. മാത്രമല്ല ഹെൽത്ത് മെയിന്‍റൻസിനായി ആയിരക്കണക്കിന് രൂപ മുടക്കാനും അവർ റെഡിയാണ്. ആരോഗ്യമുണ്ടെങ്കിലല്ലേ സന്തോഷകരമായ ജീവിതം നയിക്കാനാവൂ. അതിനു വേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്നതിൽ യാതൊരു തെറ്റുമില്ല. അതൊരു വിലയേറിയ ഇൻവെസ്റ്റ്മെന്‍റാണ്. മറ്റൊന്ന് ഇപ്പോഴത്തെ അവസ്‌ഥയിൽ ഫിറ്റ്നസ് ട്രെയിനിംഗ് സെന്‍ററുകളിൽ പോയി വ്യായാമം പരിശീലിക്കുകയെന്നതിൽ വളരെയധികം പരിമിതിയുമുണ്ട്. ഈ സാഹചര്യത്തിൽ ഫിറ്റ്നസ് ട്രെയിനിംഗിൽ അഭിരുചിയുള്ളവർക്ക് ഇത് നല്ലൊരു വരുമാന മാർഗ്ഗമാക്കാം. സൂം മീറ്റ് തുടങ്ങിയവയിലൂടെ വീട്ടിലിരുന്നു കൊണ്ട് ഫിറ്റ്നസ് ട്രെയിനിംഗ് നൽകാനാവും. ഈയൊരു സാഹചര്യത്തിൽ ഫിസിക്കൽ ട്രെയിനറിനുള്ള സാധ്യത എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദിവസങ്ങൾക്കും മണിക്കൂറിനും അനുസരിച്ച് കോഴ്സ് ചിട്ടപ്പെടുത്തി വരുമാനമുണ്ടാക്കാം.

“ഫിറ്റ്നസ് ട്രെയിനിംഗിൽ നല്ല അവഗാഹമുള്ളവർക്ക് മണിക്കൂറിന് ഒരു വ്യക്‌തിയിൽ നിന്നും സ്‌റ്റാൻഡേഡ് കോഴ്സിനായി 500 രൂപ മുതൽ 800 രൂപ വരെ ഈടാക്കാം. കോഴ്സ് ടൈപ്പ് അനുസരിച്ചും ഫീസ് ചാർജ് ചെയ്‌ത് വരുമാനം വർദ്ധിപ്പിക്കാം” എന്നാണ് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഹെൽത്ത് ആന്‍റ് ഫിറ്റ്നസ് കൺസൾട്ടന്‍റ് ഹരീഷ് കുമാർ ശർമ്മ പറയുന്നത്.

എൻട്രൻസ് കോച്ചിംഗ് 

കോച്ചിംഗ് എന്നത് എപ്പോഴും ഏറെ ഡിമാന്‍റുള്ള മേഖലയാണ്. കൊറോണയെ തുടർന്ന് ഓൺലൈൻ കോച്ചിംഗിനുള്ള സാധ്യത ഒന്നു കൂടി വർദ്ധിച്ചു. കുട്ടികളുടെ പഠനകാര്യങ്ങളിൽ ബ്രേക്ക് ഉണ്ടാകരുതെന്ന് രക്ഷിതാക്കളും കുട്ടികളും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ഏത് കോഴ്സിനായാലും ശരി പഠനത്തിൽ വിട്ടു വീഴ്ച ഉണ്ടാകാൻ അവർ ആഗ്രഹിക്കുന്നില്ല. ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ, ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിംഗ്, ബാങ്കിംഗ് സെക്റ്റർ തുങ്ങിയവയിലെല്ലാം ഓൺലൈൻ കോച്ചിംഗിലൂടെ പരിശീലിച്ച് പ്രവേശനം നേടാനാണ് വിദ്യാർത്ഥികൾ ആഗ്രഹിക്കുക. അതിന് എത്ര പണം മുടക്കാനും അവർ സന്നദ്ധരാകുന്നു. ഇത്തരം വിഷയങ്ങളിൽ നല്ല അവഗാഹവും പരിജ്ഞാനവും ഉള്ളവർക്ക് ഓൺലൈൻ വഴി എൻട്രൻസ് കോച്ചിംഗ് പരിശീലനം നൽകാവുന്നതാണ്. അതിലൂടെ ആയിരക്കണക്കിന് വരുമാനവും ഉണ്ടാക്കാനാവും.

ബിസിനസ് കോച്ചിംഗ്

ബിസിനസ് കോച്ചിംഗും നല്ലൊരു വരുമാന മാർഗ്ഗമാണ്. സ്വന്തം നിലയിലും കസ്റ്റമേഴ്സിനും മികച്ച ഐഡൻന്‍റിറ്റിയും ലാഭവും ഉണ്ടാകാൻ ആദ്യം ബിസിനസ് ട്രെയിനറിന്‍റെ സഹായം തേടേണ്ടി വരാം. ബിസിനസിലും മാർക്കറ്റിംഗിലും നല്ല അറിവും പരിജ്ഞാനവുമുണ്ടായിരിക്കുക, ആളുകളുമായി സംസാരിച്ച് അവർക്ക് ഏത് മേഖലയിൽ ബിസിനസ് നടത്താനാണ് താൽപര്യമെന്നറിയാനുള്ള കഴിവ്, മാർക്കറ്റിൽ ഡിമാന്‍റുള്ള വിഭാഗം ഏതെന്ന് തിരിച്ചറിയാനുള്ള കഴിവുമൊക്കെ ഈ രംഗത്ത് കരിയർ കെട്ടിപ്പടുക്കാൻ ആവശ്യമായ ഘടകങ്ങളാണ്. മികവുള്ളവർക്ക് മികച്ച വരുമാനമുണ്ടാക്കാം.

സബജക്റ്റ് കോച്ചിംഗ്

കുട്ടികളുടെ പഠനം സുഗമമായി നടത്താൻ കോച്ചിംഗ് ഏറ്റവുമാവശ്യമാണ്. ഏതെങ്കിലും സബജക്റ്റിൽ എക്സ്പെർട്ടായ ഒരു വ്യക്‌തിയ്ക്ക് ഓൺലൈൻ സബ്ജക്റ്റ് കോച്ചിംഗ് നൽകി നല്ലൊരു വരുമാനം കണ്ടെത്താം. ഓൺലൈൻ ഗ്രൂപ്പ് കോച്ചിംഗും നടത്താം. അല്ലെങ്കിൽ ഇൻഡിവിജ്വൽ കോച്ചിംഗ് രീതിയും അവലംബിക്കാം.

और कहानियां पढ़ने के लिए क्लिक करें...