2014 ൽ ആണെന്ന് തോന്നുന്നു. അന്ന് ഞാൻ ആലുവ യുസി കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം. ഒരു ദിവസം ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ അവിടെ ഭയങ്കര ബഹളം. നോക്കിയപ്പോ 2 കുട്ടികളുടെ വീട്ടുകാർ വകുപ്പ് മേധാവി വിളിപ്പിച്ചിട്ട് ഹാജരായേക്കുവാണ്. പ്രേമക്കേസ് പൊക്കിയതാണ് വിഷയം.

പെൺകുട്ടിയുടെ വീട്ടുകാർ എന്ത് ചെയ്‌താലും സമ്മതിക്കാൻ തയ്യാറല്ല. “ഞങ്ങൾ അത്രമേൽ ശ്രദ്ധിച്ചാണ് കുട്ടിയെ വളർത്തുന്നത്” എന്നും “അവളുടെ ഫോൺ വരെ ഓരോ 5 മിനിറ്റു കൂടുമ്പോൾ പരിശോധിക്കാറുണ്ട്” എന്നും “ഞങ്ങൾ അത്തരക്കാരായ കുടുംബമല്ല” എന്നുമൊക്കെ പോകുന്നു ന്യായികരണങ്ങൾ. ഒന്നുടെ കുത്തി കുത്തി ചോദിച്ചപ്പോ കുട്ടികൾ രണ്ടുപേരും കാര്യം പറഞ്ഞു. ഒരു ആപ്പുണ്ട്, സന്ദേശമയച്ചു സ്വീകരിച്ചു 20 സെക്കൻഡിൽ മാഞ്ഞു പോകുന്ന ഒരു ആപ്പ് ആ ആപ്പാണ് അവർക്ക് ഹംസമായത്. വീട്ടുക്കാർ സ്തബ്ധരായി നിന്ന് പോയി.

2014 ൽ ആണ് ഈ സംഭവം എന്നോർക്കണം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. മിക്ക സ്കൂളുകളിലും കോളേജുകളിലും ഇത്തരം രഹസ്യ പ്രേമങ്ങൾ മൊബൈൽ സല്ലാപങ്ങൾ പൊക്കുകയും ഉപദേശിക്കുകയും അധ്യാപകരുടെ ജോലിയുടെ ഒരു സുപ്രധാന ഭാഗമായി കഴിഞ്ഞു. (അതിന്‍റെ ശരി – തെറ്റുകളിലേക്ക് പിന്നെ വരാം). ഇന്ന്, 2020-21 ൽ സാങ്കേതികമായി യുവാക്കൾക്ക് കാര്യങ്ങൾ കുറെക്കൂടി എളുപ്പമാണ്, അത്രയ്ക്കുണ്ട് എന്തിനും ഏതിനും ആപ്പുകൾ.

പ്രണയം എപ്പോഴും ഒരു പ്രശ്നവൽകൃത വിഷയമാണ്. മിക്കപ്പോഴും പ്രേമിക്കുന്നവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ന്യായീകരിക്കപ്പെടുകയും ബന്ധുക്കളുടെ ഭാഗത്തു നിന്ന് നോക്കുമ്പോ സങ്കീർണ്ണമാകുകയും ചെയ്യുന്ന ഒരു സമസ്യ! വീട്ടുകാരും കമിതാക്കളും ഒരു പോലെ ഈ ലേഖനത്തിന്‍റെ വായനക്കാരാണ് എന്നുള്ളത് കൊണ്ട് തന്നെ ആരുടേയും പക്ഷം പിടിക്കാതെ വസ്തുതാപരമായി ചില കാര്യങ്ങൾ ഈ ലക്കത്തിൽ ചർച്ച ചെയ്യാം.

anandam feb love

ഞാൻ പെറ്റ മകളെ…

“നീ കരുതിയിരുന്നോ… ഇത്രയും കാലം പൊന്നു പോലെ നോക്കി വളർത്തിയ എന്നെ വഞ്ചിച്ചിട്ടാണ് ഇവൾ ഇന്നലെ കണ്ട് നിന്‍റെ കൂടെ ഇറങ്ങിപ്പോരുന്നത്. നാളെ ഇവൾ നിന്നെയും വഞ്ചിക്കും” ഷേക്സിപിയറിന്‍റെ ഒഥല്ലോ എന്ന നാടകത്തിൽ മകൾ ഡെസ്സെമോണ ഒഥെല്ലോയുടെ കൂടെയിറങ്ങി പോകുമ്പോൾ ബ്രബാൺഷിയോ പറയുന്ന വാക്കുകളാണിവ. മിക്കപ്പോഴും ഇന്നലെ കണ്ടവന്‍റെ കൂടെ മക്കൾ ഇറങ്ങി പോകുമ്പോൾ മാതാപിതാക്കൾ ഇതാവർത്തിക്കാറുണ്ട്.

പ്രായാധിക്യം, അനുഭവസമ്പത്ത്, കരുതൽ, അഗാധമായ പുത്ര- പുത്രി വാത്സല്യം എന്നിവയിലൂന്നി എന്ന മട്ടിൽ മക്കൾ തകർത്തു കളഞ്ഞ അവർക്കായി കണ്ട ഭാവി സ്വപ്നങ്ങളില്ലാതായതിലുള്ള, അരിശവും വെറുപ്പും കൂട്ടി കലർത്തിയ വാക്കുകൾ. പ്രണയ വിവാഹത്തിന്‍റെ പരിണിത ഫലം എപ്പോഴും വഞ്ചന ആയിക്കൊള്ളണം എന്നൊന്നുമില്ല. അഥവാ അറേഞ്ച്ഡ് വിവാഹങ്ങളെ വച്ച് നോക്കുമ്പോൾ പ്രണയ വിവാഹങ്ങൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്.

ഡിസംബറിലെ ( https://malayalam.grihshobha.in/relationship/unmarried-or-live-in-relationship-avivahithar ) ലേഖനത്തിൽ സൂചിപ്പിച്ചത് പോലെ ഇന്നലെ കണ്ട് 5 മിനിറ്റു ചായ കുടിച്ചു എന്നതല്ലാതെ ഒരു മുൻപരിചയവുമില്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിനെ അപേക്ഷിച്ചു അടുത്തറിയാവുന്ന ഒരേ ചിന്താഗതിയുള്ള തന്നെ നിസ്വാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ വിവാഹം കഴിക്കുന്നത് എന്ത് കൊണ്ടും അഭികാമ്യം തന്നെയാണ്. ജന്മം നൽകി എന്നതോ വളർത്തി വലുതാക്കി എന്നതോ ഒരാളുടെ ശിഷ്ട ജീവിതത്തെ നിയന്ത്രിക്കാനുള്ള ലൈസൻസല്ല. മാത്രമല്ല, നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയവും മതപരവും ലിംഗപരവുമായ പല വിവേചനങ്ങൾക്കുമുള്ള ഒരു ഡെമോക്രാറ്റിക് പോംവഴി കൂടിയാണ് പ്രണയ വിവാഹം.

പ്രണയമോ കാമമോ?

ഈയിടെ സുഹൃത്തുക്കളുമായുള്ള ഒരു അനൗപചാരിക ഒത്തു ചേരലിനിടയിലുരുത്തിരിഞ്ഞ ചർച്ച ഇന്നത്തെ തലമുറയ്ക്ക് ശരിക്കും പ്രണയം എന്നൊരു വികാരം അനുഭവിച്ചറിയാൻ കഴിയുന്നുണ്ടോ അതോ അത് വെറും കാമത്തിലേക്ക് ചുരുങ്ങിപ്പോവുന്നുണ്ടോ എന്നതായിരുന്നു.

ഞാൻ ഇപ്പോഴും ഓർക്കുന്നു, ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മൊബൈൽ വിപ്ലവം ആരംഭം കുറിക്കുന്നത്. റിലൈൻസ്, എയർസെൽ, ഡോകോമോ തുടങ്ങിയ സേവനദാതാക്കളുടെ കടന്നു വരവും സൗജന്യ എസ്എംഎസ്, വിളികളും 2010-11 ൽ ആണ് വ്യാപകമാകുന്നത്. അത് വരെ സ്വകാര്യ സംഭാഷണങ്ങൾക്ക് സൗധ്യതകൾ പരിമിതമായിരുന്നു. ഒരു ഒറ്റ രൂപാ തുട്ടിട്ട് 1 മിനിട്ടോളം സംസാരിക്കാവുന്ന കോയിൻ ബൂത്തുകളായിരുന്നു ആകെ ഉള്ള ഒരു സംസാരോപാധി.

anandam feb love

കലാലയത്തിൽ വച്ച് ഒളിച്ചും പാത്തും കൂട്ടുകാരുടെ കണ്ണ് വെട്ടിച്ചും ഉള്ള ചില കൂടിക്കാഴ്ചകളും ലൈബ്രറി പുസ്തകത്തിനിടയിൽ വച്ചുള്ള ചില കത്തിടപാടുകളും (അല്ല അതിനു പകരം ഹംസമാവുന്ന സുഹൃത്തുക്കളും, ചിലപ്പോൾ അങ്ങനെ ഹംസം പെണ്ണിനെ അടിച്ചോണ്ട് പോവുന്നതും) നോട്ടം കൊണ്ടുള്ള ആലിംഗനങ്ങളിലും ഒക്കെയായി പ്രണയം കൊണ്ടാടിയ ഒരു തലമുറയുണ്ടായിരുന്നു ഒരു ദശാബ്ദം മുമ്പ് വരെ.

എന്നാൽ ടെക്നോളജിയുടെ ക്ഷിപ്ര പരിണാമം കാര്യങ്ങളെയാകെ മാറ്റി മറിച്ചു. ഒരേ സമയം രക്ഷകനായും വില്ലനായും മൊബൈൽ ഫോൺ മാറി. മിക്കപ്പോഴും മൊബൈൽ ഫോൺ ഒരു സ്വകാര്യ കിടപ്പുമുറിയായി രൂപാന്തരം പ്രാപിച്ചു. ആശയവിനിമയം ആഗോളവൽകൃതവും ജനകീയവും ഒരു ക്ലിക്കിൽ ഒതുങ്ങുന്നതുമായതോടെ പ്രണയബന്ധങ്ങളും രൂപാന്തരപെടാൻ തുടങ്ങി. മേൽസൂചിപ്പിച്ച ജാതി-മത-നിറ-ദേശ ഭേദങ്ങൾക്കതീതമായി പ്രണയത്തിന്‍റെ സാധ്യതകൾ വളർന്നുവെങ്കിലും ടെക്നോളജി മുന്നോട്ട് വച്ച അനന്ത സാധ്യതകൾ അൽപ്പായുസ്സുള്ള പ്രണയങ്ങൾക്കും വിവാഹപൂർവ-വിവാഹേതര ബന്ധങ്ങൾക്കും പുറമെ ഒട്ടേറെ ചതിക്കുഴികളും കരുതി വച്ചു.

മേൽപറഞ്ഞ ചർച്ചയിൽ സുഹൃത്തുക്കൾ പങ്കു വച്ച ചിന്തകളുമായ ചില നിരീക്ഷണങ്ങളുണ്ട്. കമിതാക്കൾക്കായ് ഒരു സ്വകാര്യ ഇടം എവിടെയാണുള്ളത്? വീടുകളും കലാലയങ്ങളും ഒരു പരിധി വരെ “പ്രണയേ പാപം” എന്ന സിദ്ധാന്തം പിന്തുടരുന്ന ഇടങ്ങളാണ്. (കൊറോണ കാലത്തിനു മുമ്പ് വരെ) തിയേറ്ററുകളും പാർക്കുകളും ഒരു പരിധി വരെ ആശ്വാസം നൽകിയ ഇടത്താവളങ്ങളായിരുന്നു.

ഒരു സുഹൃത്ത് നിരീക്ഷിച്ചത് പ്രണയം ആത്യന്തികമായി കാമമെന്ന ജന്മചോദനയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും, എന്നാൽ “എനിക്ക് നിങ്ങളോടു ശാരീരികമായ അടുപ്പം തോന്നുന്നു, നിങ്ങളുടെ കൂടെ കിടക്കാൻ തോന്നുന്നു” എന്നൊക്കെ പറഞ്ഞാൽ കരണത്തടി കിട്ടും എന്നുള്ളത് കൊണ്ട് പലരും പുറകെ നടന്നു ഇഷ്ടം പറഞ്ഞു ചക്കരെ തേനേ എന്നൊക്കെ വിളിച്ചനുനയിപ്പിച്ചു അതിന്‍റെ ലക്ഷ്യത്തിലേക്കെത്തിച്ചേരുന്നു. ഇതിനെ ഒരു പരിധി വരെ നവ മാധ്യമങ്ങളും പ്രത്യേകിച്ച് ചാറ്റിംഗ് ആപ്പുകളും ഇപ്പോൾ സഹായകമായ അന്തരീക്ഷം ഒരുക്കി കൊടുക്കുന്നുണ്ട്.

(ശരിയോ തെറ്റോ എന്നുള്ള ആ വാദപ്രതിവാദം അവിടെ നിൽക്കട്ടെ) മേൽപറഞ്ഞ സാങ്കേതിക മാറ്റങ്ങൾ ലൈംഗീകതയെ തുറന്ന സമീപനത്തോടെ കാണാൻ യുവ തലമുറയെ സഹായിച്ചിട്ടുണ്ട്. വിവാഹ-പൂർവ, ഇതര ലൈംഗീകതയെക്കുറിച്ചും സേഫ് സെക്സിനെക്കുറിച്ചും എഗ്ഗ് ഫ്രീസിംഗിനെക്കുറിച്ചും ഒക്കെ ബോധവാന്മാരെന്ന് മാത്രമല്ല അതിനെക്കുറിച്ച് തുറന്നു സംസാരിക്കാനും അവരാർക്കും മടിയില്ല എന്നത് ഒരു കാതലായ മാറ്റം തന്നെയാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു കേന്ദ്ര സർവകലാശാലയുടെ ഹോസ്റ്റലിൽ ചെന്നാൽ നൂറായിരം കോണ്ടം കാണാം എന്ന് ഒരു കേന്ദ്ര മന്ത്രി പറഞ്ഞത് വൻ വിവാദമായിരുന്നു. എന്നാൽ ഞാൻ അതിൽ വളരെ പോസിറ്റീവ് ആയി കാണുന്ന ഒരു കാര്യം അത് തന്നെയാണ്. ആ (പ്രായപൂർത്തിയായ) വിദ്യാർത്ഥികൾ അവരുടെ ലൈംഗീകതയെ തിരിച്ചറിയുകയും ആസ്വദിക്കുകയും ചെയ്യുമ്പോഴും കരുതൽ കൈവിടാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ശരിക്കും അത് അഭിനന്ദിക്കപ്പെടേണ്ടതല്ലേ?

പുസ്തകങ്ങൾ സിനിമകൾ പിന്നെ കാപ്പി കപ്പിലെ പ്രണയങ്ങളും

പ്രണയത്തിന്‍റെ വിത്ത് പാകുന്നതിൽ കാലങ്ങളായി പുസ്തകങ്ങൾക്കും സിനിമകൾക്കും ഒരു വലിയ പങ്കുണ്ട്. ഷേക്സ്പിയറും കീറ്റ്സും നെരൂദയും എത്രയെത്ര പേരെയാണ് കാലങ്ങളായി പ്രണയത്തിലേക്ക് കൂട്ടി കൊണ്ട് പോയിരിക്കുന്നത്. ആനന്ദം സ്‌ഥിരമായി വായിക്കുന്ന ചില വായനക്കാർ ആസ്വാദ്യകരമായ പുസ്തകങ്ങളും സിനിമകളും പറഞ്ഞു തരാമോ എന്ന് മിക്കപ്പോഴും ചോദിക്കാറുണ്ട്.

anandam feb love

ഈയിടെ വായിച്ചതിൽ എനിക്കിഷ്ടപ്പെട്ട ഒരു പ്രണയകഥ (സമാഹാരം) വിജെ ജയിംസിന്‍റെ “പ്രണയോപനിഷത്താണ്”. ഇതിനെ ആസ്പദമാക്കിയാണ് ജിത്തു ജേക്കബ് മോഹൻലാലിനെ നായകനാക്കി “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ” എന്ന സിനിമ തയ്യാറാക്കിയത്. സമകാലീകമല്ലെങ്കിലും വി ആർ സുധീഷ് എഡിറ്റ് ചെയ്‌ത “മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ കഥകൾ”, “മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ കവിതകൾ”, കെ ആർ മീരയുടെ “ആ മരത്തെയും മറന്നു മറന്നു ഞാൻ” (മനോരമയിലെ ന്യൂസ് റീഡർ കൂടി ആയ) പ്രമോദ് രാമന്‍റെ “ചെന്താംശ ജീവിതം” എന്നിവയും മസ്റ്റ് റീഡുകളാണ്.

ആഴത്തിലുള്ള പ്രണയ എഴുത്തുകളും വായനകളും കാഴ്ചകളും കുറഞ്ഞു വരുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. പലപ്പോഴും ഞാൻ വിദ്യാർത്ഥികളോട് ഇഷ്ടമുള്ള എഴുത്തുകാരൻ, കൃതി ചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരം ചേതൻ ഭഗത്, രവീന്ദർ സിംഗ് (ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി) എന്നിങ്ങനെയുള്ള പൾപ്പ് ഫിക്ഷനിസ്റ്റുകളുടെയാണ്. ഓടിടി പ്ലാറ്റുഫോമുകൾ സജീവമായതോടെ വെബ് സീരിസുകൾ സിനിമകളേക്കാൾ പ്രചാരം നേടി. അങ്ങനെ കാമ്പുള്ള കഥകളേക്കാൾ ഊതി വീർപ്പിച്ച, എരിവും പുളിയും ചേർത്ത കുറെ സീരിസുകൾ ട്രെൻഡിംഗ് ആയി.

എന്നിരിക്കിലും അതൊന്നും നല്ല വായനയ്ക്ക് പകരമാവില്ല തന്നെ. മിലൻ കുന്ദേരയുടെ “അൺബെയറബിൾ ലൈറ്റൻസസ് ഓഫ് ബീയിങ്”, ജെയിൻ ഓസ്റ്റിന്‍റെ നോവലുകൾ, മാർകേസിന്‍റെ “കോളറ കാലത്തെ പ്രണയം” എന്നിങ്ങനെ എത്രയെത്ര ക്ലാസ്സിക്കുകളാണ് നമ്മെ കാത്തിരിക്കുന്നത്.

എതിർപ്പുകൾ താണ്ടി ഉയിർക്കും പ്രണയ പൂങ്കാവനങ്ങൾ

കാലങ്ങളായുള്ള ഒരു പ്രതിഭാസത്തെക്കുറിച്ചു കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം. എതിർക്കുന്തോറും ശക്തി പ്രാപിക്കുന്ന ഒന്നാണ് പ്രണയം. തുടക്കത്തിൽ പറഞ്ഞ കഥയിൽ മാതാപിതാക്കൾ അത്രയും സ്ട്രിക്ട് ആയിട്ട് കൂടി മക്കളുടെ പ്രണയ സല്ലാപങ്ങൾക്കു പൂട്ടിടാനായില്ല. ചോക്ലേറ്റ് എന്ന സിനിമയിലെ രാജൻ പി ദേവിനെയാണ് ഈ അവസരത്തിൽ ഓർമ്മ വരുന്നത്. തന്‍റെ ആദ്യ രണ്ടു പെണ്മക്കളും പ്രണയിച്ചു ഒളിച്ചോടിയത് കൊണ്ട് മൂന്നാമത്തെ മകളെ വുമൺസ് ഒൺലി കോളേജിൽ ചേർക്കുന്നു. ഇടയ്ക്കിടയ്ക്ക് ചെന്ന് മോളെ കണ്ണുരുട്ടി പേടിപ്പിക്കുന്നു. എന്നാൽ മൂന്നാമത്തെ മകളും (സംവൃത) ആ വഴിയേ തന്നെ പോകുന്നു. അത് കൊണ്ട് തന്നെ എനിക്ക് പറയാനുള്ളതെന്തെന്നാൽ സാധിക്കുമെങ്കിൽ മക്കളോടൊപ്പം അൽപ സമയം എല്ലാ ദിവസവും ചെലവിടുക. എന്തും തുറന്നു പറയാനുള്ള സ്പേസ് അവർക്കു നൽകുക. ഒരു പരിധി വരെ അവരുടെ കൗമാര ജിജ്ഞാസകളിൽ കൂടെ നിൽക്കാനും അബദ്ധങ്ങളിലും ചതികുഴികളിലും ചാടുന്നതിൽ നിന്ന് അവരെ രക്ഷിക്കാനും അതിലൂടെ സാധിക്കും.

വീരാൻ കുട്ടിയുടെ പ്രശസ്തമായ നാല് വരികൾ കുറിച്ച് അവസാനിപ്പിക്കട്ടെ.

“ഭൂമിക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു.

ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ചു നാം അകറ്റി നട്ട മരങ്ങൾ

പ്രണയ മരങ്ങൾ പൂത്തുലയുമാറാവട്ടെ

ആനന്ദ മുറ്റത്തു ആറാടട്ടെ!”

और कहानियां पढ़ने के लिए क्लिक करें...