ആത്മവിശ്വാസത്തിന്‍റെ അധിക നിക്ഷേപമുള്ളവരാണ് കാലത്തെയും പ്രായത്തെയും പിന്തള്ളി വലിയ വിജയങ്ങൾ എത്തിപ്പിടിക്കുന്നത്. ദിവ്യ വാണിശേരി ഈ ക്ലബിലെ സ്ഥിരാംഗമാണ്! മിസിസ് ഇന്ത്യ റണ്ണർഅപ്പ് പട്ടം നേടിയ ദിവ്യയുടെ അപൂർവ്വ ജീവിതം ഒരു ഫീൽഗുഡ് സ്റ്റോറിയാണ്. ഞാൻ കാണാൻ എത്തുമ്പോൾ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള ബോഡിഫിറ്റിൽ സുംബ-വർക്കൗട്ട് സെഷനിലായിരുന്നു ദിവ്യ. വർക്കൗട്ട് ഫിനിഷ് ചെയ്‌ത് വിയർത്തു കുളിച്ച് വന്ന് ദിവ്യ പറഞ്ഞു തുടങ്ങിയത് തന്നെ തന്‍റെ വ്യായാമത്തെക്കുറിച്ചാണ്.

ആരാണ് ദിവ്യ എന്നല്ലേ? 2017 ലെ മിസിസ് ഇന്ത്യ റണ്ണർ അപ്പ് ദിവ്യ വാണിശേരി. ഡൽഹിയിൽ നടന്ന മിസിസ് ഇന്ത്യ, ഷീ ഈസ് ഇന്ത്യ മത്സരത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഏക മത്സരാർത്ഥി ആണ് ദിവ്യ. മൂന്നു കുട്ടികളുടെ അമ്മയായ ദിവ്യയ്ക്ക് കൗമാരത്തിന്‍റെ ചുറുചുറുക്കുണ്ട്. തനിക്ക് ഈ പദവി സ്വന്തമാക്കാൻ കഴിഞ്ഞത് തന്‍റെ കൃത്യമായ വ്യായാമ ശീലങ്ങൾ തന്ന ആത്മവിശ്വാസം തന്നെയാണെന്ന് ദിവ്യ പറഞ്ഞാൽ അതിൽ അതിശയിക്കാനില്ല. “രണ്ടു ദിവസം അടുപ്പിച്ച് വർക്കൗട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ പോലും മൂഡ് ഓഫ് ആകും എനിക്ക്. അത്രയും ഇഷ്‌ടമാണ് വ്യായാമവും, സുംബ ഡാൻസും.” ബോഡിഫിറ്റിലെ സുംബ ഇൻസ്ട്രക്റ്റർ കൂടിയാണ് ദിവ്യ.

സ്വപ്നം കാണാനുള്ള മനസ്സും ആത്മവിശ്വാസവും മികച്ച വ്യായാമശീലങ്ങളും. മിസിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ ദിവ്യയ്ക്ക് ഉണ്ടായിരുന്ന പ്ലസ്പോയിന്‍റുകൾ ഇതൊക്കെയാണ്. പിന്നെ ഒരു സ്ത്രീയുടെ വിജയത്തിന് എപ്പോഴും തിളക്കം നൽകുന്നത് കുടുംബത്തിന്‍റെ പിന്തുണയാണ്. “ബോബിയും, എന്‍റെ മൂന്നു മക്കളും എനിക്ക് കട്ട സപ്പോർട്ട് ആയിരുന്നു. എന്തു കാര്യത്തിനും അവർ കൂടെ ഉണ്ട്. എന്‍റെ പാഷൻ അദ്ദേഹത്തിന് നന്നായിട്ടറിയാം. എനിക്ക് വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടമല്ല. എന്തെങ്കിലുമൊക്കെ ചെയ്യണം. ബോഡിഫിറ്റ് എന്ന സ്ഥാപനം തുടങ്ങിയതും എന്‍റെ ചിരകാല സ്വപ്നമായിരുന്നു.”

നിറമുള്ള സ്വപ്നങ്ങൾ

“പ്രായം ഒരു സ്വപ്നത്തിനും തടസമല്ല. ഞാൻ 13-ാം വയസ്സിൽ കണ്ട സ്വപ്നമാണ് 36-ാം വയസ്സിൽ നടന്നത്. കുട്ടിക്കാലത്ത് സുസ്മിത സെന്നിനെപ്പോലെ സൗന്ദര്യ മത്സരവേദിയിൽ പെർഫോം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അതൊക്കെ ഞാൻ വിഷ്വലൈസ് ചെയ്യും. മിസ് എന്ന പദവി മാറി മിസിസ് ആയി അമ്മയായി. പക്ഷേ ഞാനെന്‍റെ സ്വപ്നം കൈവിട്ടില്ല. ഒരു അവസരം കൈവരും എന്നുറച്ചു വിശ്വസിച്ചു. കാത്തിരുന്നു. 3 കുട്ടികളുടെ അമ്മയായ ശേഷം എനിക്ക് റാമ്പിൽ കയറാൻ കഴിഞ്ഞു. കാറ്റ്‍വാക്ക് ചെയ്യാൻ സാധിച്ചു. എന്നെപ്പോലൊരു സ്ത്രീക്ക് ഇതൊക്കെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ മറ്റാർക്കും ചെയ്യാം” ദിവ്യ പറയുന്നു.

“ആഗ്രഹിച്ചാൽ എന്തും നടക്കും. ഇക്കാര്യത്തിൽ എന്‍റെ ലൈഫിൽ ഒന്നല്ല. ധാരാളം അനുഭവങ്ങൾ ഉണ്ട്. എനിക്കും ഉണ്ടായിരുന്നു ഒരു കാലം, ഒന്നും ചെയ്യാതെ കടന്നുപോയ കാലം. അതിൽ നിന്നാണ് ഞാൻ ബോഡിഫിറ്റ് എന്ന സ്‌ഥാപനത്തിലേക്കും, മിസിസ് ഇന്ത്യ റണ്ണർ അപ്പിലേക്കും കടന്നു വന്നത്.” ഓൺലൈനിൽ മത്സരത്തിന്‍റെ പരസ്യം കണ്ടാണ് ദിവ്യ അപേക്ഷിച്ചത്. “ഔപചാരികമായ ഒരു പരിശീലനവും എനിക്ക് ലഭിച്ചിട്ടില്ല. ഡൽഹിയിൽ മത്സരത്തിന് ഞാൻ ചെല്ലുമ്പോൾ 29 പേരുണ്ടായിരുന്നു. അവരിൽ പലരും സൗന്ദര്യമത്സരത്തിനുള്ള പരിശീലനമൊക്കെ നേടിയവരായിരുന്നു. വർക്കൗട്ടും സുംബയും മാത്രമാണ് എന്‍റെ കരുത്ത്. എന്നെക്കാൾ പ്രായം കുറഞ്ഞവരും ഉണ്ടായിരുന്നു മത്സരത്തിന്. ഇവർക്കിടയിൽ നിന്നൊക്കെ എനിക്ക് സെലക്ടാവാൻ കഴിഞ്ഞതെങ്ങനെ എന്നു ചോദിച്ചാൽ സ്വപ്നത്തിന്‍റെ ശക്‌തി ഇതാണെന്നു ഞാൻ പറയും. ടെലിഫോണിക് ഇന്‍റർവ്യൂ, വീഡിയോ ഇന്‍റർവ്യൂ തുടങ്ങിയ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ് ഡൽഹിയിൽ നടന്ന ഫൈനലിലേക്ക് സെലക്ട് ആയത്. അവിടെ 3 ദിവസത്തെ പരിശീലനം ഉണ്ടായിരുന്നു. കാറ്റ്‍വാക്ക് അടക്കമുള്ള ഗ്രൂമിംഗ് സെഷൻ. അതിനു ശേഷമായിരുന്നു ഫൈനൽ റൗണ്ട്.

ഫൈനൽ റൗണ്ട് നാലു ഘട്ടങ്ങളായിരുന്നു. ഇൻട്രൊഡക്ഷൻ, ടാലന്‍റ്, എത്നിക്ക് വിയർ, ഗൗൺ എന്നീ റൗണ്ടുകളിലൂടെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ഒരു ചോദ്യോത്തര സെഷനിലൂടെ ഫൈനലിസ്റ്റുകളിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുന്നു. അഭിമാന നിമിഷത്തിൽ “ഫൈനലിൽ എന്നോട് ചോദിച്ചത്, ശരീരത്തിന്‍റെ ഫിറ്റ്നസാണോ, മനസ്സിന്‍റെ ഫിറ്റ്നസാണോ ഏറ്റവും പ്രധാനം എന്നായിരുന്നു. ഹൃദയമിടിപ്പും ശ്വാസവും ഇതിലേതാണ് വലുത് എന്ന് പറയാൻ കഴിയുമോ? അത്രയേറെ ബന്ധം അവയ്ക്കുണ്ട്. അതുപോലെയാണ് മനസ്സും ശരീരവും. ആരോഗ്യമുള്ള മനസ്സ് സുന്ദരമായ മുഖം പ്രതിഫലിപ്പിക്കുന്നു. ആരോഗ്യമുള്ള ശരീരം സുന്ദരമായ ശരീരവും നൽകുന്നു. രണ്ടും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു.” ഇതായിരുന്നു ദിവ്യയുടെ ഉത്തരം.

divya

ഡൽഹിയിലാണ് ദിവ്യ ബിരുദം പഠിച്ചത്. അതിനാൽ ഹിന്ദിയും ഇംഗ്ലീഷും നന്നായിട്ടറിയാം. അതും ദിവ്യയെ വളരെയധികം സഹായിച്ചു. പിന്നെ പത്തുകൽപനകൾ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും. ക്യാമറയെ മടിയില്ലാതെ അഭിമുഖീകരിക്കാൻ ഇതും സഹായിച്ചു. ടാലന്‍റ് റൗണ്ടിൽ കണ്ടംപററി ഡെമോൺസ്ട്രേഷൻ ഓഫ് ഡൊമസ്റ്റിക് വയലൻസ് എന്ന തീം ആണ് ചെയ്‌തത്. പീഡനങ്ങൾക്കിരയാകുന്ന പെൺകുട്ടി തന്‍റെ കഥ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ അവളുടെ മനസ്സിലൂടെ കടന്നു പോകുന്ന ഭയം, സങ്കടം, നിരാശ ഇതൊക്കെയാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വളരെ പ്രാക്ടീസ് ചെയ്‌താണ് ഈ ഡാൻസ് അവതരിപ്പിച്ചത്. ഡാൻസ് മാസ്റ്റർക്കൊപ്പം എന്‍റെ കുടുംബവും എന്നെ ഒരുപാട് സഹായിച്ചു. ഈ പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നതിന് ഏറ്റവും നിർബന്ധിച്ചത് എന്‍റെ കുട്ടികളായിരുന്നു. മൂന്നു ആൺകുട്ടികളുണ്ട് ദിവ്യയ്ക്ക്. “ആ സമയത്തൊക്കെ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല. പക്ഷേ ഹെൻറിയും ഹാരിയും ഹെറാൾഡും ഒരുപാട് പ്രോത്സാഹിപ്പിച്ചു. അമ്മ പോയ്ക്കോ ഞങ്ങൾ എല്ലാം നോക്കിക്കൊള്ളാം എന്നാണ് അവർ പറഞ്ഞത്.”

സ്വന്തം വ്യക്‌തിത്വം

കുട്ടികളെ ഓവർ പ്രൊട്ടക്ട് ചെയ്‌ത് വളർത്തുന്ന അമ്മമാരോട് ദിവ്യക്ക് ചിലത് പറയാനുണ്ട്. “സ്വന്തം ലൈഫ് മറന്ന് കുട്ടികളെ ഓവർ പ്രൊട്ടക്ട് ചെയ്യുന്നത് ശരിയായ രീതിയല്ല. കുഞ്ഞുങ്ങൾ ഇൻഡിപ്പെൻഡന്‍റായി വളരണം. ചില അമ്മമാരുണ്ട് കുട്ടികളുണ്ടായ ശേഷം അവർക്ക് സ്വന്തം ലൈഫ് ഇല്ലാതാവും. കുട്ടികളുടെ കാര്യം മാത്രം നോക്കിക്കൊണ്ട് സ്വന്തം കാര്യം മറക്കും. ശാരീരികാരോഗ്യം പോലും. കുട്ടികൾക്കു വേണ്ടത് എനർജറ്റിക് ആയ അമ്മയെയാണ്. ഐശ്വര്യറായിയെപ്പോലെ ഇരിക്കണമെന്നല്ല പറയുന്നത്. ഒരു കുടുംബത്തിൽ ഭർത്താവിനും കുട്ടികൾക്കും സ്വയവും ആവശ്യം ഊർജ്വസ്വലയായ സന്തോഷവതിയായ വ്യക്തിയെയാണ്. ഫിറ്റ്നസ് നിലനിർത്തിയാൽ എപ്പോഴും യംഗ് ഫീൽ ഉണ്ടാകും. അതു നമ്മുടെ മൊത്തം പ്രവർത്തനങ്ങളെ സ്വാധീനിക്കും.”

യോജിച്ച വർക്കൗട്ട്

സ്വന്തം വ്യക്‌തിത്വം ഉപേക്ഷിക്കേണ്ടി വരുമ്പോഴാണ് പലരും നിരാശരാകുന്നത്. ദൈനംദിന തിരക്കുകൾ, സ്ട്രെസ്, കുടുംബ കാര്യങ്ങൾ ഇതിനൊക്കെ ഇടയിൽ ഒരു മണിക്കൂർ വർക്ക്ഔട്ട് ചെയ്‌താൽ പിന്നെ യാതൊന്നും ഒരു പ്രശ്നമായി തോന്നില്ല. എനർജി ലെവൽ വർദ്ധിക്കും. “എന്‍റെ കുട്ടികൾ തീരെ കുഞ്ഞായിരുന്നപ്പോൾ നാലുമണിക്ക് എഴുന്നേറ്റ് ഞാൻ വ്യായാമം ചെയ്യാൻ പോകുമായിരുന്നു. 5 മണി മുതൽ 6 വരെ വർക്കൗട്ട് ചെയ്‌ത് തിരിച്ചു ചെന്ന് കുഞ്ഞുങ്ങളെ സ്ക്കൂളിൽ അയച്ചിട്ടുണ്ട്. പിന്നീട് എറണാകുളത്തു നിന്ന് മുവാറ്റുപുഴയ്ക്ക് താമസം മാറിയപ്പോൾ വർക്കൗട്ടില്ല, സുംബയില്ല. വ്യായാമം ചെയ്യാൻ പറ്റാതെ വന്നതോടെ ഞാൻ ഡൗൺ ആവാൻ തുടങ്ങി. അപ്പോഴാണ് ഒരു ഫിറ്റ്നസ് സെന്‍റർ തുടങ്ങിയാലോ എന്നാലോചിച്ചത്. ബോഡിഫിറ്റിന്‍റെ തുടക്കം അങ്ങനെയാണ്.

വിദേശത്തെ ജോലി വിട്ട് ഭർത്താവ് ബോബിയും കൂടെ ഉണ്ടായിരുന്നതിനാൽ എനിക്ക് ആ സ്വപ്നം പ്രാവർത്തികമാക്കാൻ കഴിഞ്ഞു. മെന്‍റലി ആന്‍റ് ഫിസിക്കലി ഫിറ്റായിരിക്കാൻ ഒരു ഷോർട്ട് കട്ടും ഇല്ല എന്നതാണ് വാസ്തവം. ഡയറ്റിംഗ് മാത്രം ചെയ്‌താൽ സ്കിൻ സാഗ് ചെയ്യും. വർക്കൗട്ടിന്‍റെ കൂടെ ഡയറ്റ് ചെയ്‌താൽ ബോഡിക്ക് പ്രത്യേക ഭംഗിയാണ് കിട്ടുന്നത് ദിവ്യ പറയുന്നു.

വർക്കൗട്ട് ചെയ്യുന്നവരോട് ദിവ്യക്ക് ചില ഉപദേശങ്ങൾ ഉണ്ട്. “വ്യായാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ ഗുണം ലഭിക്കും. വർക്കൗട്ട് കഴിഞ്ഞാൽ 25 മിനിട്ടുകൾക്കുള്ളിൽ പ്രോട്ടീൻ കഴിക്കുക. ഫിറ്റ്നസിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആവശ്യത്തിന് ഉറക്കവും, വെള്ളവും, ശരീരത്തിന് കിട്ടുക എന്നതാണ്. പിന്നെ ശുഭചിന്ത. ഡയറ്റ് തെരഞ്ഞെടുക്കുമ്പോൾ ലൈഫ് സ്റ്റെലുമായി ഒത്തുപോകുന്നത് മാത്രം സ്വീകരിക്കുക.” മോഡലിംഗ് ചെയ്യാൻ ആണ് ദിവ്യക്ക് ഇഷ്‌ടം. പിന്നെ തന്‍റെ സ്വപ്ന സ്‌ഥാപനമായ ബോഡിഫിറ്റ് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടണം. ബ്രാഞ്ചുകൾ തുറക്കണം. ശക്തമായി ആഗ്രഹിച്ചാൽ എന്തും നടക്കുമെന്ന അനുഭവം ദിവ്യക്ക് കൂട്ടായുണ്ട്.

और कहानियां पढ़ने के लिए क्लिक करें...