പള്ളി കഴിഞ്ഞ് കുറച്ച് കൂടി മുന്നോട്ട് പോയി കലുങ്കിറങ്ങി നടക്കണം. ഒരു വളവ് വരുമ്പോൾ വടക്കോട്ട് തിരിഞ്ഞ് പോവുക. അവിടെ പഴയൊരു കമ്പനിയുണ്ട്. അതിന്‍റെ പിറകിലാണ്. ചായക്കടയിലിരുന്ന് സുലൈമാനി അകത്താക്കണ മൂപ്പര് പറഞ്ഞ പോലെ ആ വീട് ലക്ഷ്യമാക്കി നടന്നു. പഞ്ചായത്ത് റോഡിന്‍റെ സമീപത്തു കൂടി ഒരു തോട് പോകുന്നുണ്ട്. അതിനു വേലി പോലെയെന്നോണം ഗ്രോബാഗുകൾ നിരത്തിയിരിക്കുന്നത് കണ്ണിലെത്തിയതോടെ ഹസീനയുടെ വീട് അടുത്തുവെന്നു മനസ്സിലായി. വീട്ടുമുറ്റത്തും ടെറസ്സിലും റോഡരികിലുമായി അഞ്ഞൂറിലധികം ഗ്രോ ബാഗുകളിൽ ജൈവകൃഷി ചെയ്യുന്ന എറണാകുളം എടവനക്കാട് വാക്കയിൽ വീട്ടിൽ ഹസീന, ജൈവകൃഷിയിൽ സ്വയം പര്യാപ്തത നേടിയ വ്യക്‌തിത്വമാണ്.
കൃഷി ചെയ്യാൻ സ്‌ഥലമില്ല. സമയമില്ല എന്നെല്ലാം പറയുന്നവരോട് ഹസീന സ്വന്തം മാതൃക പറഞ്ഞ് കൊടുക്കും. വീട്ടുചെലവ് കുറയ്ക്കാൻ ഗ്രോ ബാഗിൽ കൃഷി ചെയ്ത് തുടങ്ങിയ ഹസീന ഇന്ന് മൂവായിരത്തിലധികം ഇടങ്ങളിൽ ജൈവകൃഷിയുടെ മേൽനോട്ടം വഹിച്ചതിന്‍റെ അനുഭവ സമ്പത്തുമായി മുന്നോട്ടു പോവുകയാണ്. കൃഷിയെ സ്നേഹിക്കുന്ന ഹസീനയുമായി ഒരു ജൈവ സംഭാഷണം.
ആദ്യമായിട്ട് കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
മണ്ണിന്‍റെ പിഎച്ച് ആണ് പ്രധാനം. ഡോളോമൈറ്റോ കക്കപ്പൊടിയോ ചേർത്ത് മണ്ണൊരുക്കിയെടുക്കാം. നിങ്ങൾ ചെയ്യാൻ പാകുന്നതെന്തായാലും അതിനു വേണ്ട വളം കൃത്യസമയത്ത് ചേർത്തിരിക്കണം. പശുവിനേയും ആടിനേയും കോഴിയേയുമൊക്കെ വളർത്തുന്നുവെങ്കിൽ വളത്തിനായി ഓടി നടക്കേണ്ടി വരില്ല. കാലാവസ്‌ഥയാണ് മറ്റൊരു ഘടകം. സ്വന്തം മക്കളെ പരിപാലിക്കുന്നതു പോലെയാണ് ഓരോ ചെടിയേയും കാണേണ്ടത്. ആ സ്നേഹം നമുക്കും തിരിച്ച് കിട്ടും. ക്ഷമ അത്യാവശ്യമാണ്. കൃഷി ചെയ്യാനുള്ള താൽപര്യമുണ്ടെങ്കിൽ അതിൽ നിന്നു കിട്ടുന്ന സംതൃപ്തി മറ്റൊന്നിനുമില്ല.
സാമ്പത്തികമായി നഷ്‌ടം നേരിട്ട സമയത്ത് കൃഷി ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
കുടിലിൽ നിന്നും ഇന്ന് കാണുന്ന ഈ കോൺക്രീറ്റ് വീട്ടിലേക്ക് മാറിയത് ഞാൻ കൃഷി ചെയ്യാനെടുത്ത എന്‍റെ തീരുമാനമാണ്. ഏഴ് കൊല്ലമായി ഈ കൊച്ചു സ്‌ഥലത്ത് ഗ്രോ ബാഗിനുള്ളിൽ ഓരോ വിത്തും മാറി മാറി പരീക്ഷിക്കുന്നു. എനിക്ക് കൃഷി പാഷനാണ്. നഷ്ടമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും എന്‍റെ ആത്മവിശ്വാസം കുറച്ചിട്ടില്ല. ആളുകൾ ഇന്ന് കാണുന്ന പരിഗണനയും അംഗീകാരവും പ്രോത്സാഹനവുമൊക്കെ തരുന്നത് ഞാൻ കൃഷി ചെയ്‌തു കൊണ്ടിരിക്കുന്നത് കൊണ്ടാണ്. ഒരു തവണ ഞാൻ വച്ച പച്ചമുളക് മുഴുവൻ കേടായിപ്പോയി. കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എപ്പോഴാണ്, എങ്ങിനെയാണ് തുടങ്ങി ഒരുപാട് കാര്യങ്ങൾ അതുകൊണ്ട് നമ്മൾ പഠിക്കും. കൃഷി ഒരിക്കലും പെട്ടെന്നൊരു ദിവസം കൊണ്ട് വിജയിപ്പിച്ചെടുക്കാവുന്ന ഒന്നല്ല. ക്ഷമയോടെ കാര്യങ്ങൾ മുന്നോട്ടു നീക്കണം.
ആളുകൾ ക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതെപ്പോഴാണ്?
ഞാൻ അംഗനവാടി ഹെൽപ്പറായിട്ട് ജോലി ചെയ്യുന്നുണ്ട്. അതിനിടയിൽ സമയം കിട്ടുന്ന നേരത്താണ് കൃഷി ചെയ്തു തുടങ്ങിയത്. ഈ വീടിരിക്കണ സ്‌ഥലത്ത് ഒരു കുടിലായിരുന്നു. ഓടൊക്കെ നിരത്തി വച്ച് അതിനു മുകളിൽ ഗ്രോ ബാഗ് നിരത്തിയാണ് കൃഷി ചെയ്ത് തുടങ്ങിയത്. ഇവിടെ മൊത്തം വെള്ളം കയറുമായിരുന്നു. തോട്ടിൽ നിന്ന് വെള്ളം കേറിക്കിടക്കുന്നത് കൊണ്ട് മണ്ണിൽ ഒരുക്കാൻ പറ്റില്ല. ഗ്രോ ബാഗാണ് കൃഷിക്ക് തെരഞ്ഞെടുത്തത്. അന്ന് ഞാൻ വെള്ളത്തിൽ കൃഷി ചെയ്യുന്നത് കാണാൻ ആളുകൾ വരുമായിരുന്നു. എന്‍റെ ബുദ്ധിമുട്ട് കണ്ട് ഒരുപാടാളുകൾ വീട് വയ്ക്കാൻ സഹായിച്ചു. ആഴ്ച പതിപ്പുകളിലും മാസികകളിലും വരുന്ന വിത്ത് ശേഖരിച്ച് കൃഷിക്ക് ഉപയോഗിച്ചിരുന്നു. അവർ ഏർപ്പെടുത്തിയ കൃഷിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്തതു കൊണ്ട് പല അംഗീകാരങ്ങളും എനിക്ക് കിട്ടി.
ജൈവ കൃഷി തന്നെ ചെയ്യണമെന്നുള്ള തീരുമാനം എന്തുകൊണ്ടാണ്? ആരാണ് പ്രചോദനം?
രാസവളങ്ങളും ഹാനികരമായ കീടനാശിനികളും ഉപയോഗിച്ച് മണ്ണിനെ എന്തിന് നശിപ്പിക്കണം. പല വലിപ്പത്തിലും നിറത്തിലും പുത്തൻ പോലെ കേടുവരാത്ത പച്ചക്കറികൾ കടകളിൽ നിരത്തി വയ്ക്കുമ്പോൾ അതൊക്കെ എത്രത്തോളം സുരക്ഷിതമാണ്. എത്രയോ ആളുകൾ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നു. മണ്ണിന്‍റേയും ചെടിയുടേയും ജൈവഘടനയെ നശിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. എല്ലാവർക്കും വീട്ടിൽ തന്നെ പച്ചക്കറികൾ കൃഷി ചെയ്യാൻ സാധിക്കും. ഞാൻ എന്‍റെ വീട്ടുചെലവ് കുറയ്ക്കാനാണ് കൃഷി ചെയ്തു തുടങ്ങിയത്. പുറത്തു പോയി സാമ്പാർ കഷണങ്ങൾ വാങ്ങിച്ച് വച്ച് കഴിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് സ്വന്തം കൃഷിയിടത്തിൽ നിന്നുള്ള പച്ചക്കറി ഉപയോഗിക്കുന്നത്. കെ വി ദയാൽ സാറാണ് എനിക്ക് ജൈവ കൃഷിയിൽ ഗുരുതുല്യനെന്നു പറയാവുന്ന ആൾ. അദ്ദേഹം തരുന്ന പ്രോത്സാഹനവും പിന്തുണയും ഊർജ്ജവുമാണ് ജൈവകൃഷിയിലെ പരീക്ഷണങ്ങൾക്ക് എന്നെ മുന്നോട്ടു നയിക്കുന്നത്. (ഇടവിട്ട് ഇടവിട്ട് ഹസീനയ്ക്ക് ഫോൺ കോളുകൾ വന്നു കൊണ്ടിരിക്കുന്നു.)
ധാരാളം ആളുകൾ എന്നെ ജൈവകൃഷിയുടെ സംശയങ്ങൾ ചോദിച്ച് വിളിക്കാറുണ്ട്. പകലായാലും രാത്രിയായാലും ഞാനാരേയും മുഷിപ്പിക്കാറില്ല. എനിക്കറിയാവുന്നത് പറഞ്ഞു കൊടുക്കും. സംശയം വന്നാൽ ദയാൽ സാറിന്‍റെ അടുത്ത് ചോദിച്ച് മനസ്സിലാക്കും.
ഗ്രോ ബാഗിൽ മാത്രം കൃഷി ചെയ്ത് ഒരു സ്‌ഥിരവരുമാനമാക്കി മാറ്റുവാൻ സാധിക്കുമോ?
തീർച്ചയായും സാധിക്കും. എന്‍റെ സ്‌ഥലപരിമിതിയെ ഞാൻ ഗ്രോ ബാഗ് ഉപയോഗിച്ചാണ് മറികടന്നത്. ഇന്നത്തെ കാലത്ത് ഏതൊരു തൊഴിലിനും ഒരു മുതൽ മുടക്ക് അത്യാവശ്യമാണ്. കൃഷിയാകുമ്പോൾ അൽപം റിസ്ക്കും കൂടെയുണ്ട്. അടുക്കളത്തോട്ടത്തേക്കാൾ ഉപരി അനുബന്ധ ഘടകങ്ങൾ കൂടി ശ്രദ്ധിക്കണം. നല്ല നിരീക്ഷണം വേണം. മണ്ണിന്‍റെ ഘടന, വളം നൽകൽ, കാലാവസ്‌ഥ ഇതൊക്കെ കൃഷിയെ സ്വാധീനിക്കുന്നതായതുകൊണ്ട് കഠിനാദ്ധ്വാനം കൊണ്ടു മാത്രമേ പുരോഗതി കൈവരിക്കുവാൻ സാധിക്കുകയുള്ളൂ. പച്ചക്കറികൾ ഭൂരിഭാഗവും മൂന്നുമാസത്തിനുള്ളിൽ വിളവെടുക്കാം. സ്‌ഥിര വരുമാനം എന്നതിലേക്ക് ചിന്തിക്കുന്നവർക്ക് വളം നിർമ്മാണത്തിലും അടുക്കളത്തോട്ടം ഒരുക്കി കൊടുക്കുന്നതിലും തൈകൾ തയ്യാറാക്കുന്നതിലും ശ്രദ്ധ കൊടുക്കാം. ഞാനിപ്പോൾ അക്വാപോണിക്സ് പരീക്ഷിക്കുന്നു. മീൻ വളർത്തുന്നതിനൊപ്പം കൃഷിക്ക് ഗുണകരമാകുന്ന അക്വാപോണിക്സ് രീതി ധാരാളമാളുകൾ പരീക്ഷിച്ച് വിജയിക്കുന്നുണ്ട്. കാലാവസ്‌ഥ ചതിക്കില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ കാലാവസ്‌ഥ കൃഷിയെ മാത്രമല്ല എല്ലാ മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ്. കൃഷി ചെയ്യാനും തൈ ഒരുക്കാനും ധാരാളം മാർഗ്ഗങ്ങൾ ഇന്നുണ്ട്. എല്ലാം ശ്രദ്ധാപൂർവ്വം മനസ്സിലാക്കി ചെയ്യുക. സൂര്യപ്രകാശം ജല ലഭ്യത ഇതൊക്കെ കൃഷി ചെയ്യുന്നിടത്തു തന്നെ ഉറപ്പുവരുത്തുക.
കൃഷിയൊരുക്കി കൊടുക്കുന്നതിന് എവിടെ നിന്നൊക്കെയാണ് വിളിക്കാറുള്ളത്?
കൃഷിഭവൻ, സഹകരണ സംഘങ്ങൾ, സ്ക്കൂളുകൾ ഇവിടെ നിന്നെല്ലാം വിളിക്കുന്നത് പോലെ ഓർഡർ പിടിക്കും. പഞ്ചായത്തിന്‍റെ ഓർഡർ അനുസരിച്ച് ചെയ്‌ത് കൊടുക്കാറുണ്ട്. നേരിട്ട് നൂറ്റമ്പതിലധികം വീടുകളിൽ ചെയ്‌തിരുന്നു. സ്‌ഥലമുള്ളവർക്ക് മണ്ണിൽ വേണമെങ്കിൽ അങ്ങനെ. ഗ്രോ ബാഗിലാണ് കൂടുതൽ പേർക്കും എത്തിച്ചു കൊടുക്കുന്നത്. ഇപ്പോൾ വൃദ്ധസദനങ്ങളിൽ ചെയ്‌ത് കൊടുക്കുന്നുണ്ട്. എടവനക്കാട് ഞാൻ ജോലി ചെയ്യുന്ന അംഗൻവാടിയിൽ കൃഷി ചെയ്തപ്പോൾ മേലധികാരികളിൽ നിന്നും നല്ല പ്രതികരണങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടായി.
കൃഷി ഭവനിൽ നിന്നും പഞ്ചായത്തിൽ നിന്നും അവാർഡൊക്കെ തന്നു. അതുകൊണ്ട് ഇപ്പോൾ തൊട്ടടുത്തെ അംഗൻവാടികളിൽ കൃഷി ചെയ്യുന്നുണ്ട്. സ്ക്കൂളുകളിൽ നിന്നൊക്കെ സ്‌ഥിരം വിളിക്കാറുണ്ട്. കുട്ടികളും അധ്യാപകരും നല്ല പിന്തുണയാണ് നൽകുന്നത്.
ജൈവ പച്ചക്കറികൾ എവിടെയൊക്കെ യാണ് വിൽക്കാൻ കൊടുക്കുന്നത്?
പാടിവട്ടത്തെ അസീസിയ ജൈവ കേന്ദ്രത്തിൽ പച്ചക്കറികൾ നൽകുന്നുണ്ട്. മുമ്പ് ഒരേഴെട്ടു മാസത്തോളം അസീസിയയുടെ ഫാമിൽ ഞാൻ ജോലി ചെയ്‌തിരുന്നു. ഇവിടെ പഞ്ചായത്തിൽ കൊടുക്കാറുണ്ട്. പിന്നെ ഞാറയ്ക്കലുള്ള ഡോക്‌ടർമാർ എന്‍റെ പക്കൽ നിന്നും സ്‌ഥിരം വാങ്ങാറുണ്ട്. അവരുടെ വീട്ടിലും നൂറിലധികം ഗ്രോബാഗിൽ കൃഷി ചെയ്യുന്നുണ്ട്.
ജൈവ കൃഷി രീതിയിലൂടെ മരുന്നിനാവശ്യമായാണ് അവർ കൃഷി ചെയ്യുന്നത്. പച്ചക്കറികൾ ചോദിച്ചെത്തുന്നവർക്ക് എന്‍റെ കയ്യിലുള്ളത് കൊടുക്കും. ആവശ്യക്കാർക്ക് വേണ്ടത് ഇവിടെയില്ലെങ്കിൽ മറ്റുള്ള ജൈവ കർഷകരുടെ പക്കൽ നിന്നും എത്തിക്കും.
മറ്റു കൃഷിക്കാരുമായി അനുഭവങ്ങൾ പങ്കുവയ്ക്കാറില്ലേ?
മീറ്റിങ്ങിനൊക്കെ പോകുമ്പോൾ പരസ്പരം സംസാരിക്കുമെങ്കിലും ചെയ്‌തു നോക്കുന്ന മെത്തേഡുകൾ പലരും പുറത്ത് പറയാറില്ല. പറയാനുള്ള അവരുടെ മടി കാണുമ്പോൾ നിർബന്ധിക്കില്ല. ഞാൻ സ്വയം പരീക്ഷിച്ച് നോക്കി സംശയം വന്നാൽ അത് സാറുമാരോട് വിളിച്ചു ചോദിക്കും. എംജി യൂണിവേഴ്സിറ്റിയിലെ 6 മാസത്തെ ജൈവകൃഷി കോഴ്സ് ചെയ്‌തിരുന്നു. അത് കഴിഞ്ഞപ്പോൾ പല പുതിയ പരീക്ഷണങ്ങളും ചെയ്‌ത് നോക്കാനുള്ള ആത്മവിശ്വാസമൊക്കെ വന്നു. 52 പേരോളം ആ ബാച്ചിൽ കോഴ്സ് അറ്റൻഡ് ചെയ്‌തിരുന്നു.
ജൈവ കൃഷിയിലെ ഹസീന സ്പെഷ്യൽ എന്തൊക്കെയാണ്?
എല്ലാത്തരം പച്ചക്കറികളും ചെയ്‌തു നോക്കാറുണ്ട്. ആനക്കൊമ്പൻ വെണ്ട ഉണ്ടായപ്പോൾ അതുണ്ടായിക്കിടക്കുന്നത് കാണാനും തൈ വാങ്ങാനും ധാരാളമാളുകൾ വന്നിരുന്നു. ഗോമൂത്രം, പച്ചചാണകം, എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് ഇതൊക്കെ ചേർത്താണ് ഞാൻ ഗ്രോ ബാഗ് ഒരുക്കുന്നത്. പിന്നെ കരിയില ആവശ്യത്തിന് നിറച്ചു വയ്‌ക്കും. ഇലകൾ കത്തിച്ചു കളയാറില്ല.
കീട നിയന്ത്രണത്തിന് എന്തൊക്കെയാണ് ചെയ്യാറുള്ളത്?
അങ്ങിനെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതായി വരാറില്ല. പുകയിലക്കഷായം, കാന്താരിമുളക്, വെളുത്തുള്ളി ഇതൊക്കെ ജ്യൂസടിച്ച് തളിക്കാറുണ്ട്. പച്ചമുളകാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. കൃത്യമായ പരിപാലനം കീടങ്ങളെ അകറ്റി നിർത്തും.
വീട്ടുകാർ കൃഷി പരിപാലനത്തിൽ സഹായിക്കാറുണ്ടോ?
ഭർത്താവും മക്കളുമൊക്കെ എല്ലാ സഹായത്തിനും അവരെക്കൊണ്ടാകുന്ന വിധത്തിൽ ചെയ്യാറുണ്ട്. മകൻ ആദിൽ, മകൾ അസ്നത്ത്. നനയ്ക്കാനൊക്കെ അവർ സഹായിക്കാറുണ്ട്. ഭർത്താവ് അസീസ്. ഗ്രോ ബാഗ് നിറച്ചു വയ്ക്കാനും ഒരുക്കാനുമൊക്കെ അസീസ് എപ്പോഴും ഹസീനയ്ക്ക് കൂട്ടായിട്ടുണ്ട്.