മിലിയുടെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കണ്ട് അഷിമ പാടുപെട്ട് ചിരിയടക്കി. “രോഹന്‍റെ ബർത്ത്ഡേ പാർട്ടിയ്ക്ക് അനീഷ് നിനക്ക് പകരം പ്രിയയെയാണല്ലോ കൊണ്ടു പോകുന്നത്?” അഷിമ ചിരിക്കുന്നത് കണ്ടപ്പോൾ മിലിയുടെ ദേഷ്യം ഇരട്ടിയായി.
അഷിമ സ്നേഹത്തോടെ മിലിയുടെ കൈ തന്‍റെ നെഞ്ചോട് ചേർത്ത് പിടിച്ച് ശാന്ത സ്വരത്തിൽ പറഞ്ഞു. “മറ്റന്നാൾ ഞായറാഴ്ച ഫ്രഞ്ച് ലാംഗ്വേജിന്‍റെ എക്സാമായതു കൊണ്ട് ഞാൻ വരില്ലെന്ന് അനീഷിനോട് പറഞ്ഞിരുന്നു. പിന്നെയുള്ളത് പ്രിയയാണ്. അവർക്ക് രണ്ടുപേർക്കും പാർട്ടിയ്ക്ക് പോകാൻ വലിയ ഇഷ്ടമാണല്ലോ. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് പോകുന്നതിന് നിനക്കെന്താ ചേതം?”
“കാരണം എനിക്ക് അവളെ നന്നായി അറിയാം. നിന്നെ ഒഴിവാക്കി അനീഷിനെ സ്വന്തമാക്കാനാ അവളുടെ പ്ലാൻ.”
“സുന്ദരനും സുമുഖനും സമ്പന്നനുമായ ഒരാളെ ജീവിത പങ്കാളിയാക്കാൻ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്? അങ്ങനെയൊരു ആഗ്രഹം അവളുടെ ഉള്ളിലും കാണുംന്ന് വിചാരിച്ചാ, അതിലെന്താ തെറ്റ്?”
“നിനക്ക് അനീഷിനെ നഷ്ടപ്പെടും. അതോർത്തിട്ട് നിനക്കൊരു വിഷമവും ഇല്ലല്ലോ?” മിലി സങ്കടത്തോടെ പറഞ്ഞു.
“ഒട്ടുമില്ല. അനീഷിന്‍റെ ജീവിതത്തിൽ എന്നേക്കാൾ നല്ലതായി വേറൊരു പെണ്ണില്ല. അത് തന്നെ കാരണം” അഷിമ തെല്ലും കൂസലില്ലാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ബർത്ത്ഡേ പാർട്ടിയ്ക്ക് പോകാൻ അവൻ നിന്നെ ആദ്യം വിളിച്ചതാ. അത് നീ മറന്നു പോയോ?”
“അനീഷിന്‍റെ കൂടെ പോകാൻ അവളെ അനുവദിച്ചത് ശരിയായില്ല. നീ പരീക്ഷയൊക്കെ മാറ്റി വച്ച് പോകേണ്ടതായിരുന്നു. മണ്ടിയാ നീ.”
“സത്യം പറയട്ടെ മിലി. അനീഷിന്‍റെ ഫ്രണ്ട്സൊക്കെ വളരെ റിച്ചാ. അവർ സംഘടിപ്പിക്കുന്ന പാർട്ടിയിൽ പോകാൻ എനിക്കൊട്ടും താൽപര്യമില്ല. വലിയ പോഷ് കാറിൽ വന്നിറങ്ങുന്ന ഫ്രണ്ട്സും പാർട്ടിയും ഒക്കെ കാണുമ്പോൾ ഒരുമാതിരി പൊള്ളത്തരം പോലെ തോന്നും. തന്നെയുമല്ല അവർക്കൊക്കെ ഞാൻ സ്ട്രെയിഞ്ചറാണ്. അനീഷിനും കുറച്ച് പ്രയാസം തോന്നും. അതുകൊണ്ടാ ഞാൻ പോകാതിരുന്നത്.” അഷിമ നേർത്ത പുഞ്ചിരിയോടെ മിലിയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മിലി കുറച്ച് നേരം അഷിമയെ ആശ്ചര്യത്തോടെ നോക്കി നിന്ന ശേഷം ചോദിച്ചു.
“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”
“ങ്ഹും.. പറയാം.”
അഷിമ ജിജ്ഞാസയോടെ മിലിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.
“നിനക്ക് അനീഷിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലേ?”
ചോദ്യം കേട്ട് ഒരു നിമിഷം ആലോചിച്ച് നിന്ന ശേഷം അഷിമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“അനീഷ് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവന്‍റെ സാന്നിധ്യം ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ വിവാഹം നടന്നേ പറ്റൂ എന്നൊന്നുമുള്ള തീവ്രമായ ആഗ്രഹം ഞാൻ മനസ്സിൽ സൂക്ഷിക്കാറില്ല. ഭാവിയിൽ എന്താണോ നടക്കുന്നത് അത് ഞാൻ സ്വീകരിക്കും.”
“നീയൊരു വിചിത്ര ജീവി തന്നെ,” മിലി അസ്വസ്ഥതയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.
“സമ്പന്നമായ കുടുംബത്തിലെ ഒരു ഭാര്യയാകുക വഴി നിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കും. അനീഷിനെ കൈ വിട്ടു പോകാതിരിക്കാൻ നീ ശ്രമിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം വച്ചു പുലർത്തുന്നത് ദോഷം ചെയ്യുകയേയുള്ളൂ.
“അനീഷിനെ ജീവിത പങ്കാളിയാക്കാൻ അവന്‍റെ പിന്നാലെ നടക്കുന്നത് വിഡ്ഢിത്തമല്ലേ. മിലി, നല്ല പങ്കാളി ഒപ്പം നടക്കുകയല്ലേ വേണ്ടത്. അല്ലാതെ മുന്നിലോ പിന്നിലോ അല്ലല്ലോ നടക്കേണ്ടത്.”
“പക്ഷേ…”
“ഇനി ഒരു പക്ഷേയുമില്ല. വാ നമുക്ക് ജിമ്മിൽ പോകാം. കുറച്ച് നേരം വർക്കൗട്ട് ചെയ്യുന്നതോടെ നമ്മൾ ഫ്രഷാകും.”
അഷിമ ഒരു കയ്യിൽ ബാഗും തൂക്കി മറ്റേ കൈ കൊണ്ട് മിലിയുടെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു. അഷിമ ജിമ്മിൽ പോകുന്ന കാര്യം അമ്മയെ അറിയിച്ച ശേഷം ഇരുവരും കൂടി പുറത്തേക്ക് നടന്നു.
ജിമ്മിൽ നല്ല തിരക്ക്. എല്ലാവരും ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായതിന്‍റെ സൂചനയാണത്. അഷിമ അവിടുത്തെ പഴയ മെമ്പറായിരുന്നു. അതുകൊണ്ട് അവിടെ വരുന്ന ഭൂരിഭാഗം പേർക്കും അവളെ നല്ല പരിചയമായിരുന്നു. അവരോടൊക്കെ ഹായ് ഹലോ പറഞ്ഞ് ചെറിയ കുശലാന്വേഷണം നടത്തി അവൾ വർക്കൗട്ട് ചെയ്യുന്നതിൽ മുഴുകി. എന്നാൽ മിലിക്കാകട്ടെ അഷിമയോട് സംസാരിക്കാനായിരുന്നു കൂടുതൽ താൽപര്യം.
ശാരീരികമായും മാനസികമായും ഫിറ്റായിരിക്കാനുള്ള അഷിമയുടെ ആഗ്രഹം അവളെ ആകർഷണീയമായ ശരീര സൗന്ദര്യത്തിനുടമയാക്കി. വർക്കൗട്ട് ചെയ്യുന്നതിലുള്ള അവളുടെ ഏകാഗ്രതയേയും അർപ്പണബോധത്തേയും വലിയ ആരാധനയോടെയാണ് അവിടെ എത്തിയിരുന്ന പുരുഷന്മാർ കണ്ടിരുന്നത്. അവരുടെ നോട്ടങ്ങളിൽ അശ്ലീലമായ ഭാവമായിരുന്നില്ല, മറിച്ച് അവളുടെ ഹൃദ്യമായ പെരുമാറ്റവും സംസാരവുമാണ് അവരെയെല്ലാം അവളുടെ സുഹൃത്തുക്കളാക്കിയത്. ഏകദേശം ഒരു മണിക്കൂർ സമയം ജിമ്മിൽ ചെലവഴിച്ച ശേഷം ഇരുവരും കൂടി വീട്ടിലേക്ക് മടങ്ങി.
“യു ആർ ദി ബെസ്റ്റ്, അഷിമ” യാദൃശ്ചികമായി മിലിയുടെ വായിൽ നിന്നു വന്ന പ്രശംസാവാക്ക് കേട്ട് അഷിമയ്ക്ക് സന്തോഷത്തോടൊപ്പം ആശ്ചര്യവും തോന്നി.
“താങ്ക്യൂ മിലി, പക്ഷേ പെട്ടെന്ന് എന്താ എന്നോടിത്ര സ്നേഹം?” അഷിമ ചിരിയോടെ ചോദിച്ചു.
“ഞാൻ സത്യമാ പറയുന്നത്. നിനക്ക് എന്താ ഇല്ലാത്തത്? സൗന്ദര്യം, നല്ല ശരീര വടിവ്, ഉയരം, എക്ണോമിക്സിൽ മാസ്‍റ്റേഴ്സ് ഡിഗ്രി അതും ഫോറിൻ ഡിഗ്രി, എംബിഎ, ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, എംഎൻസി കമ്പനിയിലെ ഉയർന്ന ഉദ്യോഗം, നല്ല പെരുമാറ്റം… ഒരു സാധാരണ സ്ക്കൂൾ അധ്യാപകന്‍റെ മകൾക്ക് ഇത്രയും ഉയരത്തിലെത്താൻ കഴിയുന്നത് വലിയ നേട്ടമല്ലേ? ഇപ്പോഴും നീ പഠിച്ചു കൊണ്ടിരിക്കുകയല്ലേ.”
“എനിക്ക് കിട്ടിയ അവസരങ്ങളിലും ഗുണങ്ങളിലും എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഒന്നിലും പരിഭവം തോന്നിയിട്ടില്ല. വ്യക്‌തിപരമായ നേട്ടങ്ങൾക്ക് മികച്ച കരിയർ ഉണ്ടാക്കുന്നതിന് മനസ്സു കൊണ്ട് അദ്ധ്വാനിക്കുന്നതിലാണ് എപ്പോഴും നേട്ടം. സ്വന്തം ദാരിദ്യ്രവും സുഖസൗകര്യങ്ങളുടെ കുറവും മറച്ചു വച്ച് ഉയരാനുള്ള എന്‍റെ ലക്ഷ്യത്തെ ഞാൻ ദുർബലമാക്കാറില്ല. എന്‍റെ ഈ കാഴ്ച്ചപ്പാടാണ് ജീവിതത്തിൽ എന്തെങ്കിലും നേടാൻ എന്നെ സഹായിച്ചത്.” അഷിമയുടെ വാക്കുകളിൽ നിറഞ്ഞ ആത്മവിശ്വാസവും ദൃഢനിശ്ചയവും തുളുമ്പി നിന്നിരുന്നു.
“ഇനി നീ അനീഷിനെ കല്യാണം കൂടി കഴിക്കുകയാണെങ്കിൽ പിന്നെ നിന്‍റെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.” മിലി ഏറെ സന്തോഷത്തോടെ പറഞ്ഞു.
കുറച്ചുനേരം നിശബ്ദയായിരുന്ന അഷിമ ഏതോ ദാർശനികയെപ്പോലെ പറഞ്ഞു.
“എന്‍റെ സന്തോഷമത്രയും അനീഷുമായുള്ള വിവാഹവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നില്ല. എന്തെങ്കിലും വിശേഷപ്പെട്ടത് നേടിയിട്ട് അത് എന്നന്നേക്കുമുള്ള സന്തോഷമാണെന്ന് നിശ്ചയിക്കുക പ്രയാസമാണ് പെണ്ണേ… ജീവിതയാത്ര എന്നത് എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് ഞാനെപ്പോഴും എന്‍റെ ജീവിതത്തെ മികച്ചതാക്കാൻ നിരന്തരം ആക്ടീവായിരിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. എന്നെ സംബന്ധിച്ച് ഈ ജീവിതയാത്ര പരമപ്രധാനമാണ്. പക്ഷേ എന്‍റെ ലക്ഷ്യമല്ല. അനീഷുമായുള്ള വിവാഹം നടന്നാൽ സന്തുഷ്ടയാകും നടന്നില്ലെങ്കിലോ ദുഃഖിക്കുകയുമില്ല.”
“നീ മറ്റുള്ള പെൺകുട്ടികളെ പോലെയല്ല… വളരെ വ്യത്യസ്ത തന്നെ.”
“എടീ പെണ്ണേ, ഈ ലോകത്തുള്ള എല്ലാവരും വ്യത്യസ്തരാണ്. നീയും അതെ, മറ്റുള്ളവരുമായി നമ്മൾ സ്വയം താരതമ്യം ചെയ്‌തു കൊണ്ടിരിക്കുന്നത് നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുത്തിക്കളയും. എന്‍റെ കാലിൽ നിന്നു കൊണ്ട് എന്‍റെ ജീവിതം സന്തോഷമുള്ളതാക്കി തീർക്കാനാണ് ആഗ്രഹം. ഈ യാത്രയിൽ അനീഷ് എന്‍റെ സഹയാത്രികനായാൽ സ്വാഗതം. അങ്ങനെയായില്ലെങ്കിലും എനിക്ക് വിഷമമുണ്ടാകില്ല. കാരണം മറ്റൊരു അനുയോജ്യനായ സഹയാത്രികനെ എനിക്ക് തീർച്ചയായും കിട്ടും. അതിൽ വിശ്വാസവുമുണ്ട്.”
“നിന്‍റെ വ്യത്യസ്തമായ നിലപാടുകൾ കൊണ്ടായിരിക്കും അനീഷ് നിന്‍റെ ആരാധകനായത്.” മിലി ചിരിച്ചു കൊണ്ട് പറഞ്ഞു. മിലിയുടെ വാക്കുകൾ കേട്ട് അഷിമ പുഞ്ചിരിച്ചു.
മിലിയും അഷിമയും നടന്ന് പകുതി ദൂരമായപ്പോഴേക്കും അനീഷിന്‍റെ കാർ അവർക്കരികിലായി വന്നു നിന്നു. യാദൃശ്ചികമായി അനീഷിനെ കണ്ട് ഇരുവരും അദ്ഭുതപ്പെട്ടു.
“ഹാ…നീ എങ്ങനെ ഇവിടെ?” അനീഷിനെ കണ്ട സന്തോഷത്തിൽ അഷിമയുടെ മുഖം ചുവന്നു തുടുത്തു.
“പാർട്ടിയ്ക്ക് പോകാൻ താൽപര്യം തോന്നിയില്ല.” അനീഷ് അഷിമയുടെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കി കൊണ്ട് പറഞ്ഞു.
“കുറച്ച് സമയം നിനക്കൊപ്പം ചെലവഴിച്ച ശേഷം പാർട്ടിയ്ക്ക് പോകാമെന്ന് വിചാരിച്ചു.”
“എന്താ? പ്രിയയേയും കൂടെ കൊണ്ടു പോകുന്നുണ്ടോ?” മിലി ഗൂഢമായ അർത്ഥത്തിൽ മുഖം കനപ്പിച്ചു കൊണ്ട് ചോദിച്ചു.
“ഇല്ല, അവൾ അമിതിനൊപ്പം പോയി. വാ, നമുക്ക് ഐസ്ക്രീം കഴിക്കാം.” മിലിയോട് അലക്ഷ്യമായി മറുപടി പറഞ്ഞ് അയാൾ അഷിമയുടെ മുഖത്തേക്ക് നോക്കി.
“ആദ്യം എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്ക്” മിലി സങ്കട ഭാവം നടിച്ചു കൊണ്ട് പറഞ്ഞു.
“ഓക്കെ” അനീഷ് മിലിയെ അവർക്കൊപ്പം കൂടാൻ നിർബന്ധിച്ചില്ല.
അഷിമ കാറിൽ ഇടത് വശത്തായി ഇരുന്നു. മിലി പിറകിലെ സീറ്റിലും കയറി. അനീഷ് കാർ മുന്നോട്ടെടുത്തു.
“ആദ്യം നിങ്ങൾ രണ്ടുപേരും എന്‍റെ വീട്ടിലേക്ക് വാ” അഷിമ അന്തരീക്ഷത്തിന് അയവു വരുത്താനായി പറഞ്ഞു.
“വേണ്ട, കുറച്ച് സമയം നിനക്കൊപ്പം ചെലവഴിക്കണം.” അനീഷ് വിസമ്മത ഭാവത്തിൽ പറഞ്ഞു.
“ആദ്യം വീട്ടിൽ ഒന്ന് പോകാം.” അവൾ സ്നേഹത്തോടെ നിർബന്ധിച്ചു.
“അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഒരു സ്പെഷ്യൽ ഫുഡ് കഴിക്കാം.”
“എന്താ?”
“അത് സീക്രട്ടാണ്.”
“എന്നാലും”
“പ്ലീസ്,” അഷിമ സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ അയാൾ കാർ അഷിമയുടെ വീട്ടിലേക്ക് തിരിച്ചു.
മിലി സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹിച്ചതെങ്കിലും അഷിമ അവളെ നിർബന്ധിച്ച് കൂടെ വരാനാവശ്യപ്പെട്ടു.
അനീഷ് തനിക്ക് അനുയോജ്യനല്ലാത്ത പങ്കാളിയാണെന്ന് മിലിയ്ക്ക് ഒരു ധാരണയുള്ളതായി അഷിമയ്ക്ക് അറിയാമായിരുന്നു. അനീഷ് ചതിക്കുമോ എന്നവൾ ഭയപ്പെട്ടിരുന്നു. ഏറെ ശ്രമിച്ചിട്ടും മിലിയുടെ ധാരണ തിരുത്താൻ അഷിമയ്ക്ക് സാധിച്ചിരുന്നില്ല. ഇരുവരും കൂടെയുള്ളപ്പോഴൊക്കെ അന്തരീക്ഷത്തിന് അയവ് വരുത്താനായി അഷിമയ്ക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്.
അനീഷ് നല്ല മധുര പ്രിയനായിരുന്നു. അഷിമയുടെ അമ്മ തയ്യാറാക്കിയ സ്പെഷ്യൽ പേട രുചിച്ചപ്പോൾ അയാൾ ഏറെ ഉല്ലാസവാനായി. പേട തിന്നശേഷം മിലി അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി. അഷിമ അനീഷിനെ ഭക്ഷണം കഴിപ്പിച്ച ശേഷമാണ് മടക്കി അയച്ചത്. കളിചിരി തമാശകൾ നിറഞ്ഞ 2 മണിക്കൂർ നേരം കടന്നുപോയത് അവർ ഇരുവരുമറിഞ്ഞില്ല.
“ഒരു ലോംഗ് ഡ്രൈവിന് പോകാൻ തോന്നുന്നുണ്ട്,” പുറത്തെ തണുത്ത കാറ്റേറ്റപ്പോൾ അനീഷ് അഷിമയെ തന്‍റെ ആഗ്രഹമറിയിച്ചു.
“ഇന്നത്തേക്ക് ക്ഷമിക്കൂ. പിന്നീട് എന്നെങ്കിലും പോകാം.”
“മറ്റന്നാൾ പോകാം. പ്രോമിസ് ചെയ്യൂ. എക്സാം കഴിഞ്ഞ ശേഷം?” അനീഷ് സ്നേഹ നിർഭരമായ മിഴികളോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.
“ഷുവർ” അഷിമ സമ്മതിച്ചു.
“എക്സാം കഴിഞ്ഞയുടൻ ഇറങ്ങാം.”
“ഓകെ”
“എങ്ങോട്ടാ പോകുന്നതെന്ന് ചോദിക്ക്?”
“നിന്‍റെ കൂടെയല്ലേ, അപ്പോൾ എല്ലാ സ്ഥലവും മനോഹരമായിരിക്കുമല്ലോ.”
“ഐ ലവ് യൂ”
“മീ ടൂ”
ഇതിനിടെ അനീഷ് പലയാവർത്തി അഷിമയുടെ കൈ പിടിച്ച് ചുംബിച്ചു. അതിനു ശേഷം അയാൾ കാർ സ്‌റ്റാർട്ടാക്കി മുന്നോട്ടെടുത്തു. അനീഷ് നൽകിയ ഓരോ ചുംബനവും അഷിമയുടെ ശരീരത്തിലാസകലം മിന്നൽപ്പിണരുകൾ സൃഷ്ടിച്ചു. മനസ്സിൽ വല്ലാത്തൊരു ഇക്കിളി. അവൾ ലജ്ജയോടെ സ്വന്തം മുറിയിലേക്ക് പോയി.
തലയണ നെഞ്ചോടമർത്തി കിടക്കയിൽ കിടന്ന് അനീഷുമൊത്തുള്ള നിമിഷങ്ങളെ ഓർത്തെടുത്തു. ശരീരം രോമാഞ്ചം കൊണ്ടു. ആ സമയത്ത് അവളുടെ സ്വപ്നങ്ങളുടെ ലോകം കൂടുതൽ വർണ്ണപ്പകിട്ടാർന്നതു പോലെയായി. അവളുടെ മുഖത്തെ പുഞ്ചിരി അത് വെളിപ്പെടുത്തി കൊണ്ടിരുന്നു.
ഞായറാഴ്ച ഉച്ചയായപ്പോഴേക്കും എക്സാം കഴിഞ്ഞിരുന്നു. പരീക്ഷ കഴിഞ്ഞ സന്തോഷത്തോടെ പുറത്തു വന്ന അവളേയും കാത്ത് അനീഷ് വലിയ വാകമരച്ചുവട്ടിൽ നിൽക്കുന്നത് അവൾ ദൂരെ നിന്നു കണ്ടു.
അഷിമയേയും കൂട്ടി അനീഷ് നേരെ പാർക്കിലേക്ക് പോയി. ഏകദേശം അര മണിക്കൂർ നേരത്തെ ഡ്രൈവിനു ശേഷമാണ് അവിടെയെത്തിയത്. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ ഒരിടത്ത് ഏക്കർ കണക്കിന് വിശാലമായ പാർക്ക് പ്രണയിനികളുടെയും ഏകാകികളുടെയും പ്രിയപ്പെട്ട ഇടമായിരുന്നു.
മരങ്ങളും ചെടികളും നിറഞ്ഞ ഭംഗിയുള്ള ശാന്തമായ ഒരിടം. പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്ത ശേഷം ഇരുവരും തണുത്ത കാറ്റേറ്റു കൊണ്ട് പാർക്കിനുള്ളിലെ കരിങ്കൽ പാകിയ വഴിയിലൂടെ നടന്നു. അഷിമയ്ക്കപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. ചുറ്റുമുള്ള ഹൃദ്യമായ അന്തരീക്ഷവും തൊട്ടരികെ പ്രിയപ്പെട്ടവനും ചേർന്നുള്ള ആ സന്തോഷത്തിൽ അവൾ ഏതോ ഇഷ്ടപെട്ട പാട്ട് മൂളാൻ തുടങ്ങി. അവളുടെ മുഖത്തെ സന്തോഷം വായിച്ചറിഞ്ഞ അനീഷ് അവളറിയാതെ അവളുടെ സുന്ദരമായ മുഖത്തേക്ക് ഉറ്റുനോക്കി.
“ഈ ലോകത്തിൽ വച്ചേറ്റവും സുന്ദരിയായ സ്ത്രീയാണ് നീ,” അനീഷിന്‍റെ ചുണ്ടിൽ നിന്നും അവിചാരിതമായി വന്ന വാക്കുകൾ കേട്ട് അവളൊരു നിമിഷം കോരിത്തരിച്ചു പോയി. അവൾ പൂർവ്വാധികം സ്നേഹത്തോടെ അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
“പച്ചക്കള്ളം” അവൾ തമാശ കലർത്തി കൊണ്ട് പറഞ്ഞു. മറുപടി പറയാതെ അനീഷ് അവളെ ചേർത്തു നിർത്തി. അവളുടെ കൈത്തലത്തിൽ ചുംബിച്ചു.
“നീയൊരു മജീഷ്യനെപ്പോലെയാ, നിന്നോട് സംസാരിക്കുന്തോറും ഇഷ്‌ടം കൂടി കൂടി വരും. അതുകൊണ്ട് ഈ ഇഷ്‌ടത്തെ ഞാൻ എന്‍റെ ജീവിതത്തോട് ചേർത്ത് നിർത്തിക്കോട്ടെ,”
“നീ അസാധാരണയായ സ്ത്രീ തന്നെ.”
“ആണോ? അറിയില്ല, ഒന്നറിയാം. സ്വന്തം സ്വപ്നം പൂർത്തികരിക്കാനുള്ള ധൈര്യവും അർപ്പണവും കഠിന പരിശ്രമവുമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും അസാധാരണമായ ഉയരം കീഴടക്കാനാവും.” അഷിമ അനീഷിന്‍റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് പുഞ്ചിരിച്ചു.
അവർ പാർക്കിന് തൊട്ടരികെയുള്ള അരുവിയ്ക്ക് അഭിമുഖമായുള്ള സീറ്റിലിരുന്ന് കളകളാരവത്തിന്‍റെ സംഗീതം പൊഴിച്ചു കൊണ്ട് ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കി. അത് തങ്ങളുടെ ജീവിതത്തിന്‍റെ സംഗീതമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് അഷിമ അയാളുടെ ചുമലിലേക്ക് ചാഞ്ഞിരുന്നു. ഒരു വാഗ്ദാനം പോലെ അയാൾ അവളെ തലോടി.