മൺമറഞ്ഞു പോയ രാജാക്കന്മാരുടെ അടയാളങ്ങൾ പേറി ഇന്നും നമ്മുടെ ഭാരതത്തിൽ അനേകം രാജകൊട്ടാരങ്ങൾ ഉണ്ട്. അവയൊക്കെ കാണുമ്പോൾ എങ്ങനെയായിരുന്നു. അവരുടെ ജീവിത രീതികൾ എന്ന് ആലോചിച്ച് നമുക്കിപ്പോഴും അദ്ഭുതവും ആകാംക്ഷയും ഉണ്ടാകാറുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജകൊട്ടാരങ്ങൾ ഉള്ളത് രാജസ്‌ഥാനിൽ ആണെന്ന് തോന്നുന്നു. 1400-1500 കാലഘട്ടത്തിൽ നിർമ്മിച്ചു എന്ന് പറയപ്പെടുന്ന, പഴമയുടെ പ്രൗഢിയോടെ. ആധുനിക യുഗത്തിന്‍റെ മഞ്ചലിൽ കയറിപ്പറ്റിയ രാജസ്‌ഥാനിലെ നീമ്രാന ഫോർട്ട് പാലസ് എന്നൊരു രാജകൊട്ടാരത്തിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ട് പോകുന്നത്.

ഇന്ദ്രപ്രസ്ഥത്തിലെ മട്ടുപ്പാവിൽ ഇരുന്ന് ഒരു ലോംഗ് ഡ്രൈവ് ട്രിപ്പ് പ്ലാൻ ചെയ്യുന്ന ഞാനും സുഹൃത്ത് മീനാക്ഷി ശർമ്മയും. എങ്ങോട്ട് പോകും എന്നുള്ള ചോദ്യത്തിന് ഏറ്റവുമവസാനം ഉത്തരം കിട്ടി. ഡൽഹിയിൽ നിന്നും വെറും 120 കിലോമീറ്റർ ദൂരെയുളള രാജസ്ഥാനിലെ നീമ്രാന ഫോർട്ട് പാലസ് കാണാം. വെറും 2.30 മണിക്കൂർ യാത്ര.

രാജകൊട്ടാരങ്ങളുടെ കലവറയാണ് രാജസ്ഥാൻ. അതി പുരാതനമായ പാലസുകൾ കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഉദയ്പൂർ, ജയ്സാൽമിർ, ജോധ്പൂർ, അജ്മീർ എന്നീ നഗരങ്ങൾ ഇവയിൽ പ്രധാനവുമാണ്. രാജസ്‌ഥാന്‍റെ തലസ്‌ഥാനമായ ജയ്പൂർ എന്ന് പറയുന്ന പിങ്ക് സിറ്റിയും വളരെ മനോഹരമാണ്. അവിടെയുള്ള എല്ലാ കെട്ടിടങ്ങളും പിങ്ക് നിറമായതു കൊണ്ട് കൂടിയാണ് അതിനു പിങ്ക് സിറ്റി എന്ന പേര് കൂടി കിട്ടിയത്.

പക്ഷേ ഞങ്ങൾ രണ്ട് കുടുംബങ്ങളുടെ യാത്ര അവിടെക്കൊന്നും ആയിരുന്നില്ലല്ലോ. നഗരത്തിരക്കിൽ നിന്നും ഒരിത്തിരി നേരത്തെക്കുള്ള രക്ഷപ്പെടൽ. മഞ്ഞിന്‍റെ കൈകളിൽ പിടയുന്ന സൂര്യനെ കണ്ട് ശിശിരവത്തിന്‍റെ തണുപ്പുകുപ്പായമണിഞ്ഞ ഡിസംബർ കൂടുതൽ സുന്ദരമായോ എന്നൊരു സംശയം. സമയം രാവിലെ 8 മണി ആയിട്ടും പകൽ കണ്ണ് മിഴിക്കാത്ത പോലെ.

യാത്ര തുടങ്ങുകയാണ്….

വണ്ടിയിലെ റേഡിയോ എഫ്എമിൽ നല്ല നല്ല പാട്ടുകൾ ഒഴുകി വരുന്നു. കൂട്ടത്തിൽ, കൂടെ ഉള്ളവരുടെ സംസാരവും. ഏതു കേൾക്കണമെന്നറിയാതെ ഞാനും. ഞങ്ങൾ ഡൽഹി കഴിഞ്ഞു ഹരിയാനയിലെ ഗുഡ്ഗാവ് വഴി മനേസർ എത്താറായി. തലേ ദിവസത്തെ ഉറക്കമില്ലായ്മയുടെ ക്ഷീണം കാരണം എപ്പോഴോ ഞാനും ഒന്നുറങ്ങിപ്പോയി. 18 കൊല്ലമായി എന്‍റെ കൂടെ ഉള്ള കൂട്ടുകാരി മീനാക്ഷി എന്നെ ചേർത്ത് പിടിച്ചു. എന്‍റെ നിദ്രയിൽ നുഴഞ്ഞു കേറിയ സ്വപ്നത്തെ അവൾ അലങ്കോലപ്പെടുത്തിയില്ല.

രാവിലെ ആരും പ്രഭാതഭക്ഷണം കഴിക്കാതെ വന്നത് കാരണം എല്ലാവർക്കും വിശക്കുന്നു എന്ന പരാതി വരാൻ തുടങ്ങി. സമയം ഏതാണ്ട് 10 മണി ആയിക്കാണും. ഒരു പഞ്ചാബി ധാബയുടെ മുമ്പിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ സൂര്യനെ ഒരു നോക്ക് കണ്ടു. സൂര്യകിരണങ്ങൾ തഴുകിയപ്പോൾ ഒരു ഉന്മേഷം ഒക്കെ വന്നു. അത്യാവശ്യം വലിപ്പമുള്ള ആ ധാബയുടെ മുമ്പിൽ തന്നെ ഒരു സർദാറിന്‍റെയും സർദാർണിയുടെയും പ്രതിമ വളരെ സുന്ദരമായി ഉണ്ടാക്കി വച്ചിരിക്കുന്നു.

ഹരിയാനയിലും പഞ്ചാബിലും പേര് കേട്ടതാണ് ധാബയെന്ന ഭക്ഷണശാല. നല്ല സ്വാദിഷ്ടമായ ഭക്ഷണം കിട്ടുന്ന സ്ഥലം. (നാടൻ ഭക്ഷണം എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെ മീൻകറിയും സാമ്പാറും ദോശയും ഇഡ്‍ലിയും ഒന്നും കിട്ടില്ല. ഞാൻ എന്നും മിസ്സ് ചെയ്യുന്നതാണ് കേരളത്തനിമ വിളിച്ചോതുന്ന ഭക്ഷണങ്ങൾ) ഇവിടെ പഞ്ചാബി ഭക്ഷണം മാത്രമേ കിട്ടുകയുള്ളൂ. അത് നല്ല രുചിയോടെ കിട്ടും. പുറത്തും അകത്തുമായി ധാരാളം സ്‌ഥലങ്ങൾ ഉണ്ട് ഇരിക്കാൻ. പഞ്ചാബി സ്പെഷ്യൽ ആലൂ പൊറാട്ട, ഗോബി പൊറാട്ട ഇവ രണ്ടും ഞങ്ങൾ മിക്‌സ് ചെയ്തു വാങ്ങി. കൂടെ കട്ടത്തൈരും അച്ചാറും ചമ്മന്തിയും. കൊടി കുത്തിയ തണുപ്പിൽ വിശക്കുമ്പോൾ നല്ല ചൂടോടു കൂടി ഇതിലും നല്ലൊരു ഭക്ഷണം വേറെ ഇല്ല.

വീണ്ടും ഒരു മണിക്കൂർ കൂടി യാത്രയുണ്ട്. ഹരിയാന കഴിഞ്ഞു രാജസ്‌ഥാൻ അതിർത്തിയിലേക്ക് കടക്കുന്നു എന്നറിയിച്ചു കൊണ്ട് പൂത്തുനിൽക്കുന്ന കടുക് പാടങ്ങൾ. അവയ്ക്കിടയിൽ ഇലകൾ കൊഴിഞ്ഞു നിൽക്കുന്ന ഒറ്റയാൻ മരങ്ങൾ. കുലകുലയായി പൂത്തു നിൽക്കുന്ന മഞ്ഞ നിറമുള്ള ചെറിയ പൂക്കൾ മഞ്ഞിന്‍റെ കുളിരിൽ കൂടുതൽ സുന്ദരികളായി കാണപ്പെട്ടു. പച്ചയും മഞ്ഞയും കലർന്ന ആ കടുകുപാടങ്ങളുടെ നടുവിൽ നിന്ന് സെൽഫികൾ എടുക്കാൻ എല്ലാവർക്കും ഉത്സാഹം. ഞങ്ങൾ വണ്ടി നിർത്തി, തലയാട്ടി മാടി വിളിക്കുന്ന പൂക്കളുടെ അടുത്തേക്ക് ചെന്ന് കുശലം ചോദിച്ചു. കടുക് ചെടിയും ഞങ്ങളോ ടൊപ്പം ചിരിച്ച് നിന്ന് സെൽഫികൾക്ക് പോസ് ചെയ്തു. മഞ്ഞു കോട്ടയിൽ നിന്നിറങ്ങിയ സൂര്യൻ ഇതെല്ലാം കണ്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും മനസ്സില്ലാമനസ്സോടെ വീണ്ടും വണ്ടിയിൽ കയറി യാത്ര തുടർന്നു.

jaya neemrana fort

ഹരിയാനയെയും രാജസ്ഥാനെയും വേർതിരിക്കുന്ന ബാവൽ ബോർഡർ കഴിഞ്ഞു. അവിടെ നിന്നും ഏതാണ്ട് 25 കിലോമീറ്റർ ദൂരത്തുള്ള നീമ്രാന ഫോർട്ട് പാലസിലേക്കു ഞങ്ങൾ എത്തുകയാണ്. രാജസ്ഥാനിലെ അൽവർ ജില്ലയിലെ ആരാവലി പർവ്വതനിരകളുടെ ഓരത്താണ് ഈ കൊട്ടാരം. നാഷണൽ ഹൈവേയിൽ നിന്നും ഉള്ളിലേക്ക് പോകുന്ന വീതി കുറഞ്ഞ റോഡിന്‍റെ ഇരുവശത്തും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ മാത്രം കാണാം. രാജസ്ഥാനിലെ ഒരു ഗ്രാമപ്രദേശമാണ്. ചെറിയ ചെറിയ കടകളും പഴയ കെട്ടിടങ്ങളും കുണ്ടും കുഴിയുമുള്ള റോഡും കഴിഞ്ഞു ഞങ്ങൾ പാലസിന്‍റെ മുമ്പിൽ എത്തി.

6 ഏക്കർ സ്‌ഥലത്തു 12 നിലകളിലായി പരന്നു കിടക്കുന്ന കൊട്ടാരം പുറമേ നിന്ന് ഒറ്റനോട്ടത്തിൽ ഒന്നും നമുക്ക് മനസ്സിലാകില്ല. അവിടേക്കു കയറി ചെല്ലുമ്പോൾ തന്നെ നമ്മളെ ആകർഷിക്കുന്നത് 1930 മോഡൽ പോഷ് എന്ന ആഡംബര കാർ പോർച്ചിൽ പൂട്ടിയിരിക്കുന്നതാണ്. (നമുക്ക് വേണമെങ്കിൽ 1500 രൂപ കൊടുത്താൽ അര മണിക്കൂർ അതിൽ ഡ്രൈവ് ചെയ്ത് കൊട്ടാരത്തിന്‍റെ ചുറ്റുപാടുകൾ കാണാം). അതുകഴിഞ്ഞ് നേരെ കോട്ടയുടെ പ്രവേശന കവാടത്തിലേക്ക്. രണ്ടു പാളികളിലായി അകത്തേക്ക് തുറന്നിട്ട പടുകൂറ്റൻ വാതിൽ ഏവരേയും സ്വാഗതം ചെയ്യാനെന്ന പോലെ തുറന്നിട്ടിരിക്കുന്നു.

അകത്തേക്ക് കാൽ എടുത്തു വച്ചതും ഒരു കൗണ്ടർ കണ്ടു. പ്രവേശനഫീസ് ഈടാക്കുന്നതിന്‍റെ കൗണ്ടർ ആയിരുന്നു അത്. അപ്പോഴാണ് അറിയുന്നത് അവിടെ പ്രവേശന ഫീസ് ഉച്ചഭക്ഷണം കൂടി ഉൾപ്പെടുത്തി കൊണ്ടാണെന്ന്. രണ്ടും കൂടി 1700 രൂപയാണ് ഒരാളുടെ പ്രവേശന ഫീസ്. ഇതുകേട്ട് ഞങ്ങളെല്ലാവരും ആദ്യമൊന്നു പകച്ചു പോയെങ്കിലും അകത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ഒരു കൊട്ടാരം കാണാൻ ഇത് കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നി. എന്‍റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു കൊണ്ടുള്ള കാഴ്ചകളായിരുന്നു പിന്നെ ഞാൻ കണ്ടത്.

1400-1500 കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക്…

ഞാൻ ആ കാലഘട്ടത്തിലേക്ക് പോകുകയായിരുന്നു. പഴയ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന രാജാവിന്‍റെയും റാണിമാരുടെയും ശ്വാസച്ചൂട് നേർത്ത കാറ്റ് പോലെ ആ കൊട്ടാരത്തെ വലയം വയ്ക്കുന്നു. “നിമോല മെ” എന്ന് പേരുള്ള ഒരു പ്രമുഖനാണ് ഈ സ്ഥലത്തിന് ആദ്യം നീമ്രാന എന്ന പേര് കൊടുത്തത്. അതിനു ശേഷം പൃഥിരാജ് ചൗഹാൻ മൂന്നാമൻ ആ സ്‌ഥലം യുദ്ധം ചെയ്‌തു നേടിയെടുത്തു. എന്നിട്ടവിടെ 1460 കളിൽ കൊട്ടാരം പണി കഴിപ്പിച്ചു. നിമോലയുടെ ഒരു ആഗ്രഹമായിരുന്നു ആ സ്ഥലത്തിന്‍റെ പേര് മാറ്റരുത് എന്നുള്ളത്. അയാളോടുള്ള ആദരസൂചകമായി പൃഥിരാജ് ചൗഹാൻ കൊട്ടാരത്തിനും നീമ്രാന ഫോർട്ട് പാലസ് എന്ന പേര് കൊടുത്തു. ആ കാലഘട്ടത്തിലെ മൂന്നാമത്തെ തലസ്‌ഥാനമായിരുന്നു നീമ്രാന. ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടുന്ന വരെ ബ്രിട്ടീഷ്കാരുടെ മുമ്പിൽ തല കുനിക്കാതെ രാജകുടുംബം പിടിച്ചു നിന്നു.

1947 നു ശേഷം 40 കൊല്ലം വരെ രാജ രാജേന്ദർ സിംഗ് പൊട്ടിപ്പൊളിഞ്ഞ കൊട്ടാരം വിൽക്കാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം വിഫലമായി. അവസാനം 1986 ൽ സർക്കാർ ഏറ്റെടുക്കുകയും അതിൽ അറ്റകുറ്റ പണികൾ എല്ലാം ചെയ്തു 15 വലിയ മുറികൾ താമസ യോഗ്യമാക്കി. 1991 ൽ ജനങ്ങൾക്ക് അതിന്‍റെ വാതിൽ തുറന്നു കൊടുത്ത് അകത്തേക്കു ക്ഷണിച്ചു. ജനങ്ങൾ നല്ല പ്രതികരണമാണ് കൊടുത്തത്. പിന്നീട് ഈ ഉദ്യമത്തിന് സർക്കാരിന് ഇൻടെക് സാറ്റെ അവാർഡും ആഗഖാൻ അവാർഡ് നോമിനേഷനും കിട്ടി. 2008 ആയപ്പോഴേക്കും പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ എല്ലാവിധ സൗകര്യങ്ങളോടും കൂടി എന്നാൽ പഴമയുടെ എല്ലാ രാജകീയ പ്രൗഢിയും നിലനിർത്തി കൊണ്ട് 55 ആഡംബര മുറികൾ ജനങ്ങൾക്കായി സർക്കാർ വിട്ടുകൊടുത്തു. ഇന്നിത് ലോകത്തിലെ തന്നെ വലിയൊരു റിസോർട്ട് ആയി അറിയപ്പെടുന്നു.

നിങ്ങൾ ജീവിത തിരക്കിനിടയിൽ രണ്ടു ദിവസം ശാന്തമായ ഒരന്തരീക്ഷം ഇഷ്ടപ്പെടുന്നുണ്ടോ..? ഒരുപാട് കഥകൾ മറഞ്ഞിരിക്കുന്ന പർവ്വതനിരകളിലെ മടിത്തട്ടിൽ ഉറങ്ങുന്ന ഒരു തുണ്ട് ഏകാന്തതയെ പ്രണയിക്കുന്നുണ്ടോ…? എങ്കിൽ നിങ്ങൾക്കിവിടം ഇഷ്‌ടമാകും. ഞങ്ങൾ ഓരോ സ്റ്റൈപ്പും കയറി മുകളിലേക്ക് പോകാൻ തുടങ്ങി. പഴമയുടെ പെരുമ വിളിച്ചറിയിക്കുന്ന ഇരിപ്പിടങ്ങളും മഞ്ചലുകളും ചെറിയ ഇടനാഴികകളും കടന്നു ഞങ്ങൾ മുന്നോട്ടു പോയി. ചുറ്റുപാടും ആകർഷകമായി അണിയിച്ചു വച്ചിട്ടുണ്ട്. റാണിമാരുടെ ഓരോ മഹലും ഓരോ ഹോട്ടൽ റിസോർട്ടായി പരിവർത്തനം ചെയ്തിരിക്കുന്നു. ആളുകൾ സുഖവാസത്തിനായി വന്നും പോയും ഇരിക്കുന്നുണ്ട്.

കൊട്ടാരത്തിനുള്ളിലെ ചെറിയ ചെറിയ കിളിവാതിലുകൾ എന്തൊരു മനോഹരം. അതിലൂടെ നോക്കിയാൽ താഴെയുള്ള മുഴുവൻ ഗ്രാമവും ഗ്രാമത്തിനു നെറ്റിപ്പട്ടം പോലെ മലനിരകളും കാണാം. വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ നമ്മുടെ നാട്ടിലെ നടുമുറ്റം പോലെ തോന്നിക്കുന്ന വലിയ തുറന്ന മുറ്റങ്ങളുണ്ട്. അവിടെയൊക്കെ പഴമ വിളിച്ചോതുന്ന ചെറിയ വാതിലുകൾ, അതിനു മുകളിൽ തൂങ്ങി കിടക്കുന്ന ചുവന്ന ബൊഗൈൻവില്ല പൂക്കൾ. ഇതെല്ലാം കാണുമ്പോൾ നമ്മളും ആ നൂറ്റാണ്ടിലേക്കെത്തി നിൽക്കുന്ന പോലെ.

12 നിലകളും തരം തിരിച്ചതിനാൽ കയറ്റവും ഇറക്കവും നമ്മളെ അലട്ടുകയില്ല. ഈ കാഴ്ചകളൊക്കെ ഞങ്ങൾ രണ്ടു മണിക്കൂർ കൊണ്ട് കണ്ടുകഴിഞ്ഞതും എല്ലാവർക്കും വിശക്കാൻ തുടങ്ങി. അവിടെ ബുഫേ ലഞ്ച് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

വിശാലമായ റസ്റ്റോറന്‍റ്, രാജകീയമായ ഭക്ഷണം, വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ എല്ലാം ഉണ്ട് ഇഷ്‌ടം പോലെ കഴിക്കാം. അപ്പോൾ മനസ്സിലായി ഞങ്ങൾ കൊടുത്ത എൻട്രി ഫീസ് കൂടുതലായില്ല എന്നുള്ളത്. ടേബിളുകളിൽ വിദേശികളടക്കം ഒരുപാട് പേരുണ്ട്. നല്ല സർവീസ് ആയിരുന്നു അവിടെ. റെസ്പെക്‌റ്റോടു കൂടി എല്ലാവരെയും സ്വീകരിക്കുന്നുണ്ട്. ആരേയും നിരാശപ്പെടുത്തുന്നില്ല.

ഭക്ഷണശാലയിൽ നിന്നും നേരെ താഴേക്ക് ഇറങ്ങിയാൽ അതി വിശാലമായ നീന്തൽക്കുളവും അതിനു ചുറ്റും ഇരിക്കാനും സൺബാത്ത് ചെയ്‌തു കിടക്കാനുമുള്ള സൗകര്യവുമുണ്ട്. കൂടാതെ ചാരു കസേരകളും ഇരിപ്പിടങ്ങളും ഇരിപ്പിടങ്ങൾക്കിടയിൽ ചതുരംഗവും അതിൽ കാലാൾപടകളും യുദ്ധസേനാനികളും രാജാവും റാണിയുമൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ചതുരംഗം കളിക്കാൻ പഠിപ്പിച്ച എന്‍റെ അച്‌ഛനെ ഓർമ്മ വന്നു. തോൽക്കാൻ മനസ്സില്ലാത്ത അച്‌ഛനെ കളിയിൽ തോൽപ്പിക്കുമ്പോൾ ഉണ്ടായിരുന്ന സന്തോഷം. അച്ഛന്‍റെ കപടദേഷ്യം ഒക്കെ മനസ്സിൽ മിന്നി മറഞ്ഞു. ഒറ്റ സെക്കൻഡ് കൊണ്ട് മനസ്സ് എവിടെ ഒക്കെ പോയി തിരിച്ചു വരുന്നു അല്ലെ.

ഡിസംബറിന്‍റെ തണുപ്പിനെ പുതപ്പിച്ച ഉച്ചവെയിലിന്‍റെ വിരിക്കുള്ളിൽ ഞങ്ങൾ കുറച്ചു നേരം നീന്തൽക്കുളത്തിനരികെ വിശ്രമിച്ചു. കുറച്ചു കഴിഞ്ഞ് ഞാൻ അവിടെ റോന്ത് ചുറ്റാൻ തുടങ്ങി. നിറയെ ടെറസ്സ് ഗാർഡൻ. എവിടെ നോക്കിയാലും പൂത്തു നിൽക്കുന്ന ചെടികൾ. ദൂരെ തല ഉയർത്തി എത്തി നോക്കുന്ന മലനിരകൾ. പെട്ടെന്നാണ് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന വലിയ കണ്ണാടികൾ കാണുന്നത്. പണ്ട് റാണിമാരുടെ സൗന്ദര്യം ആസ്വദിച്ച നിലക്കണ്ണാടികൾ ആയിരിക്കുമോ ഇത്? ആയിരുന്നെങ്കിൽ ഇന്നതിൽ ഞാനും പതിഞ്ഞു. ഓർത്തപ്പോൾ എന്തോ ഒരു നിർവൃതി.

സമയം 5 മണി ആയി. ഞങ്ങൾക്ക് തിരിച്ചു പോകണം. രാത്രിയുടെ മടിത്തട്ടിലിരുന്ന് ആ കൊട്ടാരത്തിന്‍റെ മുഴുവൻ സൗന്ദര്യം നുകരണമെന്നുണ്ടായിരുന്നു. പക്ഷേ ആ തയ്യാറെടുപ്പുകളോടെയല്ല ഞങ്ങൾ എത്തിയത്. ഒരു ദിവസം താമസിക്കാൻ വീണ്ടും വരാമെന്ന് പറഞ്ഞു ഞങ്ങൾ തിരിച്ചു. കൽപ്പടവുകളിൽ ഞാനെന്‍റെ കാൽപാദത്തിന്‍റെ നിഴൽ അടയാളമായി വരച്ചു വച്ച് താഴേക്ക് ഇറങ്ങി.

और कहानियां पढ़ने के लिए क्लिक करें...