വയറുവേദന വളരെ സാധാരണമായ ഒരു ലക്ഷണമാണ്. വയറുവേദന പലതരത്തിലുണ്ട്. ചിലപ്പോൾ വളരെ ലഘുവായതാവാം അല്ലെങ്കിൽ കഠിനമായ വേദനയാവാം. ചില വേദന കുറച്ചു നേരം മാത്രം ഉണ്ടാവുന്നതാണെങ്കിൽ മറ്റു ചില വേദനകൾ ദീർഘ കാലം നീണ്ടു നിൽക്കുന്നവയായിരിക്കും. വയറുവേദനയോടൊപ്പം മറ്റു ലക്ഷണങ്ങളും ഉണ്ടാവാം. (ഉദാ: ഛർദ്ദി, വയറിളക്കം, മൂത്രമൊഴിക്കുമ്പോൾ വേദന, പനി തുടങ്ങിയവ)

കാരണങ്ങൾ

വയറുവേദനയ്ക്ക് പല കാരണങ്ങളുണ്ട്. ഉദാ: പിത്താശയക്കല്ലുകൾ, ആമാശയത്തിലും ചെറുകുടലിലും ഉണ്ടാവുന്ന പുണ്ണുകൾ, ഇത്തരം പുണ്ണുകൾ പൊട്ടുക, അപ്പൻഡിസൈറ്റിസ്, ഡൈവട്ടിക്കുലൈറ്റിസ്, ആന്തരിക രക്‌തസ്രാവം, ഭക്ഷ്യവിഷബാധ, മൂത്രത്തിൽ പഴുപ്പ്, മൂത്രസഞ്ചിയിലോ വൃക്കയിലോ കല്ലുകൾ, കാൻസർ തുടങ്ങിയവ.

സ്ത്രീകൾക്ക് അണ്ഡാശയത്തിലുണ്ടാവുന്ന ഒരു തരം ദ്രാവകം നിറഞ്ഞ മുഴകൾ പഴുക്കുകയോ, തിരിയുകയോ ചെയ്യുമ്പോഴും, ഗർഭാശയത്തിൽ ഫൈബ്രോയിഡ് മുഴകളിൽ സങ്കീർണ്ണതകൾ ഉണ്ടാവുമ്പോഴും വയറുവേദന ഉണ്ടാവാം.

ഗർഭാവസ്‌ഥയിൽ പല കാരണങ്ങൾ കൊണ്ട് വയറുവേദന ഉണ്ടാവാം. ചിലതരം ന്യൂമോണിയയിൽ വയറു വേദന ഉണ്ടാവാം. ചിലന്തികൾ കടിച്ചാൽ ചിലപ്പോൾ കടുത്ത വയറുവേദന ഉണ്ടായേക്കാം. ഹൃദയാഘാതം പലപ്പോഴും നെഞ്ചെരിച്ചിലോ വയറുവേദനയോ മാത്രമായി പ്രത്യക്ഷപ്പെടാം.

വയറുവേദന പലതരത്തിലാവാം

കുറേനേരം നീണ്ടു നിൽക്കുന്ന തുടർച്ചയായ വേദനയോ, പെട്ടെന്ന് തുളച്ചു കയറുന്നതു പോലെയോ കീറുന്നതു പോലെയോ ഉള്ള വേദനയോ ഉണ്ടാവാം. വയറ്റിന്‍റെ ഏതു ഭാഗത്തും വേദനയുണ്ടാവാം. (മുകൾ ഭാഗത്തോ നടുവിലോ അടിവയറ്റിലോ ഇടതു – വലതു ഭാഗത്തോ) വയറ്റിലെ ഏതവയവത്തിനാണ് രോഗം എന്നതനുസരിച്ച് വയറുവേദന ഉണ്ടാവുന്ന സ്‌ഥലവും വ്യത്യസ്തമായിരിക്കും.

ഡോക്‌ടറെ സമീപിക്കുമ്പോൾ

ഡോക്‌ടർ ആദ്യം രോഗത്തിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചോദിച്ചറിയുന്നു. വയറുവേദന എപ്പോൾ തുടങ്ങി, ഏതു ഭാഗത്താണു വേദന, എത്രത്തോളം ഗൗരവമുള്ളതാണ്, എത്രനേരം നീണ്ടുനിൽക്കും, വയറുവേദന ഏതുതരത്തിലുള്ളതാണ്, അതുപോലുള്ള വേദന മുമ്പ് ഉണ്ടായിട്ടുണ്ടോ, മലശോധനയും മൂത്ര വിസർജ്‌ജനവും ശരിയായി നടക്കുന്നുണ്ടോ, വേദന കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഘടകങ്ങൾ എന്തെല്ലാമാണ്, വയറുവേദനയോടൊപ്പം മറ്റേതെങ്കിലും ലക്ഷണങ്ങളുണ്ടോ എന്നീ കാര്യങ്ങളെല്ലാം ഡോക്ടർ ചോദിക്കുമ്പോൾ വ്യക്‌തമായി മറുപടി പറയണം. രോഗ നിർണ്ണയത്തിന് അത് സഹായകമാവും.

വയറുവേദനയ്ക്കു കാരണമായ രോഗമനുസരിച്ചാണ് ചികിത്സ തുടങ്ങുന്നത്. ചിലപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌ത് ഞരമ്പു വഴി മരുന്നുകൾ നൽകി നിരീക്ഷിക്കും. മറ്റു ചില രോഗങ്ങൾക്ക് ശസ്ത്രക്രിയ തന്നെ വേണ്ടിവരും. ഭേദമാവാൻ എത്ര ദിവസം വേണമെന്നത് രോഗമനുസരിച്ചിരിക്കും. വയറുവേദനയ്ക്കു കാരണമാവുന്ന ചില രോഗങ്ങളെക്കുറിച്ച് അറിയാം.

പിത്താശയക്കല്ലുകൾ

കരളിനടിയിലുള്ള ഒരു ചെറിയ സഞ്ചി പോലുള്ള അവയവമാണ് പിത്താശയം. ഭക്ഷണത്തിലെ കൊഴുപ്പ് ദഹിപ്പിക്കാനാവശ്യമായ പിത്തരസം ഉണ്ടാവുന്നത് ഇതിൽ നിന്നാണ്. പിത്താശയത്തിൽ കല്ലുകൾ ഉണ്ടാവുന്നതോടൊപ്പം പിത്താശയം ചെറുകുടലിലേക്കു തുറക്കുന്ന നാളിയിലും കല്ലുകൾ നിറയാനിടയുണ്ട്. ഈ നാളിയിൽ കല്ലുണ്ടാവുമ്പോൾ ആ ഭാഗത്ത് വീക്കമുണ്ടാവുകയും നാളി അടഞ്ഞു പോവുകയും ചെയ്യുന്നതിനാൽ വയറുവേദന ഉണ്ടാവാം.

വയറിന്‍റെ മുകൾ ഭാഗത്ത് വലതുവശത്തായി ഉണ്ടാവുന്ന ഈ വേദന, കൊഴുപ്പുള്ള ഭക്ഷണം കഴിച്ചശേഷമാണ് സാധാരണയായി ഉണ്ടാവുന്നത്. കൊഴുപ്പുള്ള ഭക്ഷണം വയറ്റിലെത്തുമ്പോൾ പിത്താശയം സങ്കോചിക്കുന്നു. പിത്താശയത്തിൽ പഴുപ്പും കൂടിയുണ്ടെങ്കിൽ ഇത്തരം സങ്കോചങ്ങൾ കൂടുതലാവുകയും കടുത്ത വയറുവേദന ഉണ്ടാവുകയും ചെയ്യും.

അപ്പൻഡിസൈറ്റിസ്

വയറ്റിനുള്ളിൽ പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്ത ഒരു ചെറിയ അവയവമാണ് അപ്പൻഡിക്സ്, വൻകുടലിന്‍റെ ഭാഗമായ ഇത് പഴുക്കുമ്പോൾ കഠിനമായ വയറുവേദന ഉണ്ടാവാം. പൊതുവെ കുട്ടികളിലും യുവാക്കളിലുമാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. വയറിന്‍റെ നടുവിൽ തുടങ്ങി താഴത്തെ ഭാഗത്ത് വലതു വശത്തേക്ക് വ്യാപിക്കുന്ന കഠിനമായ വേദന ഈ രോഗത്തിന്‍റെ ലക്ഷണമാവാം. പഴുത്തു നിൽക്കുന്ന അപ്പൻഡിക്സ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാതിരുന്നാൽ അത് പഴുത്തു പൊട്ടാനിടയുണ്ട്. അപ്പോൾ വയറ്റിനുള്ളിൽ പഴുപ്പു വ്യാപിച്ച് പെരിറ്റോണിറ്റീസ് എന്ന അവസ്ഥയുണ്ടാവാം. ഇത് മരണത്തിനു മിടയാക്കാറുണ്ട്.

വയറ്റിലെ പുണ്ണുകൾ

വയറ്റിൽ ആമാശയത്തിലും ചെറു കുടലിന്‍റെ തുടക്കമായ ഡുവോഡിനം എന്ന ഭാഗത്തും വ്രണങ്ങളുണ്ടാവുന്നത് വയറു വേദനയ്ക്കു കാരണമാവാം. വയറിന്‍റെ മുകൾ ഭാഗത്തു നടുവിലായി വേദനയുണ്ടാവുന്നു. ചിലപ്പോൾ ഭക്ഷണം കഴിച്ച ശേഷമായിരിക്കും വേദന. മറ്റു ചിലപ്പോൾ വെറും വയറ്റിൽ വേദന കൂടാറുണ്ട്. ചിലർ വയറുവേദന കൊണ്ട് രാത്രി ഉണരാറുമുണ്ട്. (ഇതെല്ലാം വയറ്റിൽ ഏതു ഭാഗത്താണ് പുണ്ണ് എന്നതനുസരിച്ച് വ്യത്യാസപ്പെടുന്നു)

ഇത്തരം വയറുവേദനയ്ക്കും വയറ്റിലെ പുണ്ണുകൾക്കും കാരണം വയറ്റിലെ ആമാശയത്തിലെ ആസിഡിന്‍റെ തോത് കൂടുക, വയറ്റിനുള്ളിൽ ഒരുതരം ബാക്‌ടീരിയ (എച്ച് പിലോറി അഥവാ ഹെലികോബാക്ടർ പിലോറി) മൂലം അണുബാധയുണ്ടാവുക, വേദനാസംഹാരി ഗുളികകളുടെ പ്രത്യേകിച്ചും നോൺസ്റ്റിറോയ്ഡൽ ആന്‍റി ഇൻഫ്ളമേറ്ററി ഡ്രഗ് (എൻഎസ്എഐഡി) എന്ന വിഭാഗത്തിൽ പെട്ടവയുടെ അമിതമായ ഉപയോഗം എന്നിവയാണ്.

ആസിഡ് കുറയ്ക്കാനുള്ള മരുന്നുകളും ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്‍റി ബയോട്ടിക്കുകളുമാണ് ഡോക്‌ടർ നിർദ്ദേശിക്കുക. അധികം എരിവും മസാലയും എണ്ണയുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാൻ പാടില്ല. മദ്യപാനവും പുകവലിയും പാടില്ല.

ഗാസ്ട്രോ ഈസോഫാഗൽ റിഫ്ളക്‌സ് ഡിസീസ് (ജിഇആർഡി)

ആമാശയത്തിനുള്ളിലെ ആസിഡ് അന്നനാളത്തിലെത്തുന്നതു കൊണ്ടുള്ള നെഞ്ചെരിച്ചിൽ ജിഇആർഡി എന്ന രോഗത്തിന്‍റെ ഒരു ലക്ഷണമാണ്. ഇതിനു കാരണം ആമാശയത്തിനും അന്നനാളത്തിനുമിടയിൽ വൃത്താകാരത്തിലുള്ള മാംസപേശിയുടെ (സ്പിൻറ്റർ) ശക്‌തി കുറഞ്ഞ് അയഞ്ഞു പോകുന്നതാണ്. അപ്പോൾ ആസിഡ് ആമാശയത്തിൽ നിന്ന് അന്നനാളത്തിലെത്തുന്നത് തടയാൻ ആ മാംസപേശിക്ക് കഴിയാതാവുന്നു.

ചിലർക്ക് മാനസികമായ പിരിമുറുക്കം കൊണ്ട് ഇത് കൂടുതലാവാം. അമിതവണ്ണമുള്ളവരിലും പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങളുള്ളവരിലും ജിഇആർഡി ഉണ്ടാവാൻ സാദ്ധ്യത കൂടുന്നു.

നെഞ്ചെരിച്ചിൽ വർദ്ധിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ (ഉദാ: ചെറുനാരങ്ങ, മുസമ്പി പോലുള്ള സിട്രസ് പഴങ്ങളും അവയുടെ പഴച്ചാറുകളും, തക്കാളി, തക്കാളി സോസ്, കഫീനടങ്ങിയ കാപ്പി, കോള പോലുള്ള പാനീയങ്ങൾ, പെപ്പർമിന്‍റd, അധികം എരിവും കൊഴുപ്പുമടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ഭക്ഷണം മെല്ലെ ചവച്ചരച്ചു തിന്നുക. ഓരോ പ്രാവശ്യവും ഭക്ഷണം അൽപമായി കഴിക്കണം. ഒറ്റപ്രാവശ്യം വലിച്ചു വാരിത്തിന്നുന്നതിനു പകരം പല പ്രാവശ്യം കുറേശേയായി ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. ഉറങ്ങുമ്പോൾ തലയിണകൾ വച്ച് തല ഉയർത്തി വച്ച് കിടക്കുക. അമിതവണ്ണം ഒഴിവാക്കുക. മാനസിക സംഘർഷം കുറയ്ക്കുക.

ഭക്ഷ്യവിഷബാധ

ഭക്ഷണത്തിലും പാനീയങ്ങളിലും കലരുന്ന വൈറസ്സുകളോ ബാക്‌ടീരിയയോ മറ്റു രോഗാണുക്കളോ ആണ് ഇതുണ്ടാക്കുന്നത്. വൃത്തികെട്ട ഭക്ഷണവും വെള്ളവും വൃത്തിയില്ലാത്ത പാത്രങ്ങൾ, പഴകിയ ഭക്ഷണം, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ നന്നായി കഴുകാതിരിക്കുക എന്നിവയെല്ലാം ഇതിനു കാരണമാവാം. പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകണം.

വയറുവേദന, ഛർദ്ദി, പനി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. ചില ഭക്ഷ്യവിഷബാധകൾ കൊണ്ട് രോഗി ഗുരുതരനിലയിലാവാനും മരിച്ചു പോവാനും സാദ്ധ്യതയുണ്ട്. സാധാരണയായി 1-2 ദിവസം മാത്രം നീണ്ടു നിൽക്കുന്ന ഈ രോഗം ചില വൈറസ്സുകൾ കൊണ്ട് ഉണ്ടായതാണെങ്കിൽ കൂടുതൽ ദിവസം നീണ്ടു നിന്നേക്കാം.

ഇൻഫ്ളമേറ്ററി ബൗവ്വൽ ഡിസീസ്

ചെറുകുടലിലോ വൻ കുടലിലോ ഉണ്ടാവുന്ന ഒരുതരം പഴുപ്പാണ് ഇതിനു കാരണം. ഇതിന്‍റെ ഫലമായി കുടലിൽ വ്രണങ്ങളുണ്ടാവാനും അവ ഉണങ്ങുമ്പോൾ കുടലിനുള്ളിൽ തടസ്സമുണ്ടാവാനുമിടയുണ്ട്. വയറുവേദന, വയറിളക്കം, വയറ്റിൽ നിന്നും രക്‌തം പോക്ക് എന്നിവയുണ്ടാവാം. ലക്ഷണങ്ങൾ ചിലപ്പോൾ ദീർഘകാലം നീണ്ടു നിൽക്കുകയോ കൂടുകയോ കുറയുകയോ ചെയ്യാം. ക്രമേണ കാൻസർ ഉണ്ടാവാനും സാദ്ധ്യതയുണ്ട്.

ഇറിറ്റബിൾ ബവ്വൽ സിൻഡ്രോം

ഇത് ഇൻഫ്ളമേറ്ററി ബൗവ്വൽ ഡിസീസ് പോലെയുള്ള രോഗമല്ല. ഈ രോഗത്തിൽ ദീർഘകാലം നീണ്ടു നിൽക്കുന്ന വയറുവേദന, മലശോധനയിൽ വ്യത്യാസം എന്നിവ കാണാമെങ്കിലും രക്‌തം പോക്ക് ഉണ്ടാവാറില്ല. സ്ത്രീകളിൽ കൂടുതലായി കാണുന്നു.

മാനസിക സംഘർഷം

മാനസിക സംഘർഷം കൊണ്ട് തലവേദന, ഉറക്കമില്ലായ്മ, രക്താതിസമ്മർദ്ദം എന്നിവ മാത്രമല്ല വയറുവേദനയും ഉണ്ടാവാം. വിഷാദരോഗമുള്ളവർക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് (തൂക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയവ) നേരെ മറിച്ച് അതായത് തുടർച്ചയായ വയറു വേദന വിഷാദത്തിനും ഉറക്കമില്ലായ്മക്കും കാരണമാവാം.

മാനസികസംഘർഷം കുടലിന്‍റെ പല പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്. നെഞ്ചെരിച്ചിൽ മാനസിക സംഘർഷം കൊണ്ടും ഉണ്ടാവാം. അതുകൊണ്ട് മാനസികസംഘർഷം കുറയ്ക്കാൻ ശ്രമിക്കുക. നടത്തം പോലുള്ള ലഘുവ്യായാമങ്ങൾ, വായന, സംഗീതം കേൾക്കുക, യോഗ, ധ്യാനം, ഹോബികൾ ഇവ മാനസിക സംഘർഷം കുറയ്ക്കും.

കാൻസർ

വയറ്റിനുള്ളിലെ ഏതെങ്കിലും അവയവത്തിൽ (ഉദാ: കരൾ, പിത്താശയം, പാൻക്രിയാസ്, ആമാശയം, അണ്ഡാശയം) കാൻസർ ഉണ്ടായാൽ, പ്രത്യേകിച്ചും കാൻസർ അവസാന ഘട്ടത്തിലാണെങ്കിൽ വയറുവേദന ഉണ്ടാവാം. മറ്റു ലക്ഷണങ്ങൾ വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, നിർത്താതെയുള്ള ഛർദ്ദി, എപ്പോഴും വയറുവീർത്തതു പോലെ തോന്നുക, മലശോധനയിൽ വ്യത്യാസം തുടങ്ങിയവയാണ്.

പാൻക്രിയാസിൽ പഴുപ്പുണ്ടായാൽ വയറിനു മുകൾ ഭാഗത്ത് നടുവിലായി കടുത്ത വേദനയുണ്ടാവാം. അതു ചിലപ്പോൾ പുറകുവശത്തേക്കും വ്യാപിക്കാം. അതോടൊപ്പം ഓക്കാനവും ഛർദ്ദിയും ഉണ്ടാവാം. അമിതമായ മദ്യപാനം പാൻക്രിയാസിൽ പഴുപ്പും കാൻസറും ഉണ്ടാക്കാൻ കാരണമാവാം.

അമിതമായി ച്യൂയിംഗം ചവച്ചാൽ

ചില ഷുഗർ ഫ്രീ ച്യൂയിംഗങ്ങളിലടങ്ങിയ സോർബിറ്റോൾ എന്ന പദാർത്ഥം കൂടുതലായി വയറ്റിനുള്ളിലെത്തിയാൽ വയറുവേദനയും വയറിളക്കവും തൂക്കകുറവും ഉണ്ടാവാം. ഷുഗർ ആൽക്കഹോൾ അടങ്ങിയ മധുരപദാർത്ഥങ്ങളും ച്യൂയിംഗമ്മും ഉപയോഗിക്കുന്നതു കുറച്ചാൽ ഈ പ്രശ്നം മാറും.

ഡൈവർട്ടിക്കുലൈറ്റിസ്

കുടലിനുള്ളിലെ (സാധാരണയായി വൻകുടലിലെ) ആവരണത്തിൽ നിന്നുണ്ടാവുന്ന ചെറിയ പോക്കറ്റുകൾ പോലുള്ള സഞ്ചികളെ ഡൈവർട്ടിക്കുല എന്നു പറയുന്നു. ഇവയിലുണ്ടാകുന്ന പഴുപ്പാണ് ഡൈവർട്ടിക്കുലൈറ്റിസ്.

കുടലിന്‍റെ ഉള്ളിൽ കുഴികൾ പോലെ ഉണ്ടാവുകയും ക്രമേണ മലം അതിനു മുകളിലൂടെ കടന്നു പോകുമ്പോൾ അവ പഴുക്കാനും തടസ്സമുണ്ടാവാനുമിടയാവുന്നു. ലക്ഷണങ്ങളിൽ പ്രധാനം അടിവയറ്റിൽ വേദനയാണ്. പഴുപ്പു മാറാനുള്ള മരുന്നുകൾ കഴിച്ചാൽ വേദന കുറയും. നാരടങ്ങിയ ഭക്ഷണവും കഴിക്കണം.

വളരെ കൂടുതലായാൽ പഴുത്ത് കുരുക്കൾ പോലെയാവുക, രക്‌തസ്രാവം, കുടലിനുള്ളിലെ ആവരണം പൊട്ടി സുഷിരങ്ങൾ ഉണ്ടാവുക എന്നീ സങ്കീർണ്ണതകളുണ്ടാവാം. അപ്പോൾ കഠിനമായ വയറുവേദന ഉണ്ടാവും. ഇതിന് ഉടനെ ശസ്ത്രക്രിയ വേണ്ടി വരും.

എൻഡോമെട്രിയോസിസ്സ്

സ്ത്രീകളിൽ മാത്രമുണ്ടാവുന്ന ഒരു രോഗമാണിത്. ഗർഭപാത്രത്തിനുള്ളിലെ ആവരണത്തിൽ നിന്ന് കോശങ്ങൾ പുറത്തു വന്ന് അടിവയറ്റിലെ ഏതെങ്കിലും സ്‌ഥലത്ത് പറ്റിപ്പിടിച്ചു വളരുന്നതാണ് ഈ രോഗം. വയറുവേദന, ഇടക്കിടെ യോനിയിൽ നിന്ന് രക്‌തസ്രാവം, വന്ധ്യത എന്നിവയുണ്ടാവാം. ഏതു ഭാഗത്താണ് രോഗം എന്നതനുസരിച്ച് ചികിത്സ നിശ്ചയിക്കുന്നു. പ്രതിവിധിയായി ശസ്ത്രക്രിയ പോലെ പലതരം ചികിത്സയുണ്ട്.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ

തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. ദഹനവ്യവസ്‌ഥയും അതിലൊന്നാണ്. തൈറോയ്ഡ് ഗ്രന്ഥി കൂടുതൽ പ്രവർത്തിക്കുമ്പോൾ അതിൽ നിന്ന് കൂടുതൽ ഹോർമോൺ ഉണ്ടാവും (ഹൈപ്പർതൈറോയിഡിസം). അപ്പോൾ ദഹനവ്യവസ്‌ഥയുടെ പ്രവർത്തനവും വേഗത്തിലാവുന്നു. അതിന്‍റെ ഫലമായി വയറുവേദനയും വയറിളക്കവും ഉണ്ടാവാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുമ്പോൾ (ഹൈപ്പോതൈറോയിഡിസം) ദഹനവ്യവസ്‌ഥയുടെ പ്രവർത്തനം മന്ദഗതിയിലാവും. അപ്പോൾ മലബന്ധം, വയറുവേദന, വയറ്റിൽ ഗ്യാസ് എന്നിവയുണ്ടാവാം.

പരജീവികൾ (പാരസൈറ്റ്സ്)

ചിലതരം പരജീവികൾ( ക്രിപ്റ്റോസ്പോറിഡിയം, ജിയാർഡിയ മുതലായവ) വയറ്റിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. വൃത്തികെട്ട വെള്ളം നിറഞ്ഞ തടാകത്തിലോ നീന്തൽക്കുളത്തിലോ നീന്തുക, വൃത്തിയില്ലാത്ത വെള്ളം കുടിക്കുക ഇതെല്ലാം ഇത്തരം പരജീവികൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ കാരണമാവുന്നു.

ക്രിപ്റ്റോസ്പോറിഡിയം എന്ന പരജീവിയുടെ കാര്യത്തിലാണെങ്കിൽ 2-10 ദിവസങ്ങൾക്കുള്ളിലും ജിയാർഡിയയുടെ കാര്യത്തിൽ 1-3 ആഴ്ചക്കുള്ളിലും വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ പോലുള്ള ലക്ഷണങ്ങൾ കാണാൻ തുടങ്ങും. ഇതിനു പുറമെ മറ്റു പല പരജീവികളും വേവു കുറഞ്ഞതോ വൃത്തികെട്ടതോ ആയ ഭക്ഷണത്തിലൂടെ ശരീരത്തിലേക്കു പകരാറുണ്ട്.

മരുന്നുകൾ

ചില മരുന്നുകളുടെ പാർശ്വഫലമായി വയറുവേദന ഉണ്ടാവാം. ഓറൽ ബിസ്പോസ്ഫൊണേറ്റ് (അസ്‌ഥിക്ഷയം തടയാൻ കൊടുക്കുന്ന ഒരു തരം മരുന്ന്) എൻഎസ്എഐഡിഎസ് എന്ന വിഭാഗത്തിൽ പെട്ട വേദനാസംഹാരി മരുന്നുകൾ (ഉദാ: ബ്രൂഫെൻ, ആസ്പിരിൻ) എന്നിങ്ങനെ ചില മരുന്നുകൾ അന്നനാളത്തിന്‍റെ താഴത്തെ അറ്റത്തോ ആമാശയത്തിലോ വീക്കവും പുണ്ണുകളും ഉണ്ടാകും.

ലാക്ടോസ് ഇൻടോളറൻസ്

പാലിലും പാലുൽപന്നങ്ങളിലും കാണുന്ന ലാടോക്സ് എന്ന തരം പഞ്ചസാരയെ ദഹിപ്പിക്കാൻ ചില ആൾക്കാർക്ക് പ്രശ്നമുണ്ടാവുന്നതിനെയാണ് ലാക്ടോസ് ഇൻടോളറൻസ് എന്നു പറയുന്നത്. അധികം ശക്തമല്ലാത്ത വയറുവേദന, വയറ്റിൽ ഗ്യാസ് നിറയുക, ഏമ്പക്കം, വയറിളക്കം, ദഹനക്കേട് എന്നിവയുണ്ടാവാം. പാലും പാലുൽപന്നങ്ങളും കഴിക്കുന്നത് പൂർണ്ണമായി നിർത്തുക എന്നതാണ് ഇതിനുള്ള പ്രതിവിധി.

ഗ്ലൂട്ടെൻ ഇൻടോളെറൻസ്

ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിലുള്ള ഗ്ലൂട്ടേൻ എന്ന പ്രോട്ടീനിനോട് ശരീരം പ്രതികരിക്കുന്നതാണ് ഈ അസുഖത്തിന്‍റെ കാരണം. ചെറുകുടലിന്‍റെ പ്രവർത്തനം തകരാറിലാവുകയും ദഹനപ്രക്രിയയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

വയറുവേദന, വയറ്റിൽ ഗ്യാസ് നിറഞ്ഞു വീർത്തതായി തോന്നുക, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ടാവാം. കുടലിനുള്ളിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നതിനാൽ ദീർഘകാലം നീണ്ടു നിൽക്കുന്ന വയറിളക്കം, പോഷകാഹാരക്കുറവ്, ശരീരഭാരം കുറയുക എന്നിവയും ഉണ്ടാവാനിടയുണ്ട്.

വയറുവേദന ഒരു ലക്ഷണം മാത്രം. ശരിയായ കാരണം കണ്ടുപിടിച്ചാൽ മാത്രമേ ചികിത്സ നിശ്ചയിക്കാൻ കഴിയൂ.

और कहानियां पढ़ने के लिए क्लिक करें...