അങ്ങനെ ഒരു പുതുവർഷം കൂടി വന്നു പോയി, പുതുവർഷത്തെ എനിക്ക് സ്വതവേ ഇഷ്‌ടമാണ്. വാക്കുകളാൽ ആശംസകളാൽ പോസിറ്റിവിറ്റി മാത്രം സ്ഫുരിക്കുന്ന നാളുകളാണ് പുതുവത്സരത്തിലെ ആദ്യ ദിനങ്ങൾ. ഒത്തു കൂടലുകൾ, കളിചിരികൾ, പുതുവർഷ പ്രതിജ്ഞകൾ എന്നിങ്ങനെ സർവം പ്രത്യാശയും ആനന്ദവും മാത്രം ഉള്ള ഒരു സമയം. അത് കൊണ്ട് തന്നെ അത്തരത്തിലൊരു ആനന്ദ കഥ കൂട്ടാക്കാം എന്ന് വിചാരിച്ചു.

കഴിഞ്ഞ വർഷം ഇതേ സമയത്ത് വരാനിരിക്കുന്ന കോവിഡ് എന്ന ഇത്തിരിക്കുഞ്ഞനായ വിനാശകനെക്കുറിച്ച് ഒരു ധാരണയുമില്ലാതെ നമ്മളേവരും 2020 എന്ന അടിപൊളി വർഷത്തിന്‍റെ വരവ് പ്രത്യാശയോടെ ആഘോഷിച്ചു.

മാർച്ച് മുതൽ കഥ മാറി, 2020 പലർക്കും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത വർഷമായി മാറി. എത്ര എത്ര പേരാണ് നമ്മെ വിട്ടു പോയത്. സുശാന്ത്, എസ്പിബി, മറഡോണ, എന്‍റെ അമ്മ… എത്ര എത്ര പേർ. അത് കൊണ്ട് തന്നെ 2021 ന്‍റെ പുതുവത്സര പടിവാതുക്കൽ എത്തി നിൽക്കുമ്പോൾ ആർക്കും അത്ര ആനന്ദമില്ല, പ്രത്യാശ പോരാ, ആഗ്രഹങ്ങളേക്കാൾ ആകുലതകളാണ് ഏറെ.

2021 ൽ എങ്കിലും കോവിഡ് മാറി ആ പഴയ ലോകം നമുക്ക് തിരിച്ചു കിട്ടുമോ? സമാധാനവും സന്തോഷവും സമൃദ്ധിയും മടങ്ങി വരുമോ? 2021 ൽ നമുക്ക് എന്താണ് വ്യത്യസ്തമായി ചെയ്യാനാവുക? ഞാൻ നിങ്ങളോടു ചില കഥകൾ പറയാം. കഥ പറഞ്ഞാൽ എല്ലാം ശരിയാവും എല്ലാവരും നന്നാവും എന്നൊന്നും വിചാരിച്ചിട്ടല്ല കേട്ടോ, മറിച്ചു കഥ കേൾക്കാൻ ഇഷ്ടമല്ലാത്ത ആരാണുള്ളത്? നല്ല കഥകളോളം ആനന്ദദായകമായി മറ്റെന്താനുള്ളത്?

പാഠം ഒന്ന്: ആനന്ദത്തിന്‍റെ വഴി ലളിതമാണ്

2015-17 കാലഘട്ടത്തിൽ ഞാൻ മഹാരാജാസ് കോളേജിൽ ഗസ്റ്റ് (അനുഭവങ്ങളുടെ വെളിച്ചത്തിൽ അതിഥി, തത്ക്കാല എന്നീ വാക്കുകളോട് താൽപര്യമില്ലാത്തത് കൊണ്ട് തന്നെയാണ്) അദ്ധ്യാപകനായി ജോലി ചെയ്‌തിരുന്നു. അവിടത്തെ ആപ്പീസിലെ ഏമാന്മാരുടെ (എന്ന് പറയുമ്പോ പ്രത്യേകിച്ചും ചില വനിതാ ക്ലാർക്കുമാരുടെ) സന്മനസ്സു കാരണം (നടത്തി തരാം നടത്തി തരാം എന്ന് പറഞ്ഞ് എനിക്കർഹതപ്പെട്ട ശമ്പളത്തിനായി എന്നെ പിന്നെയും ഒരു ഒന്നൊന്നര കൊല്ലം നടത്തിച്ചു സഹായിച്ചത് കൊണ്ട്) 2017- 18 കാലയളവിൽ സാലറി എരിയേഴ്സ് കിട്ടാനായി ഇടയ്ക്കിടയ്ക്ക് മഹാരാജാസിൽ പോകുമായിരുന്നു (ആ സംഭവബഹുലമായ കഥകളൊക്കെ പിന്നീടൊരിക്കൽ എഴുതാം).

അങ്ങനെ, ഒരു ദിവസം മഹാരാജാസിൽ പോയപ്പോൾ എന്നെ കണ്ട് അവിടത്തെ തൂപ്പുകാരൻ ഇക്ക സന്തോഷത്തോടെ ഓടി വന്നു. കൈയ്യിൽ പിടിച്ച് സുഖ വിവരങ്ങൾ അന്വേഷിച്ചു. എന്നെ ട്രാൻസ്ഫർ ചെയ്‌ത രാഷ്ട്രീയ ശക്‌തികളെ പ്രാകി (ഞാൻ സ്‌ഥിരാധ്യാപകൻ ആണെന്നു തെറ്റിദ്ധരിച്ചിട്ടാണ് കേട്ടോ), എന്നിട്ട് എന്നോട് “ഞാൻ സാറിനെ ഒരുപാട് മിസ്സ് ചെയ്യുന്നൂണ്ട് കേട്ടോ” എന്ന് പറഞ്ഞു.

ഞാൻ ആകെ സ്തബ്ധനായി പോയി. സത്യം പറഞ്ഞാൽ എനിക്ക് അദ്ദേഹത്തെ കുറിച്ച് കാര്യമായി ഒന്നും തന്നെ അറിവില്ലായിരുന്നു. പഠിപ്പിച്ചിരുന്നപ്പോൾ കണ്ട അവ്യക്‌തമായ ഒരു ഓർമയല്ലാതെ, പേര് പോലും ഓർത്തെടുക്കാനായില്ല. അതുകൊണ്ട് തന്നെ അടക്കാനാവാത്ത ജിജ്‌ഞാസയോടെ ഞാൻ അദ്ദേഹത്തോട് എന്നെ ഇത്ര മാത്രം മിസ്സ് ചെയ്യുന്നതെന്താ എന്ന് ആരാഞ്ഞു.

അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്‍റെ കണ്ണ് നനയിച്ചു. “എന്‍റെ പൊന്നു സാറെ, സാർ ഓർക്കുന്നുണ്ടോ എന്നറിയില്ല, സാർ എന്നും രാവിലെ 8.30 – 8.40 ആവുമ്പൊ കോളേജിൽ എത്തുമായിരുന്നു.

ഞാനും ആ സമയത്തു ചൂലുമായി തൂക്കാൻ ഇറങ്ങുകയായിരിക്കും. ക്യാന്‍റീനിലേക്കുള്ള ഇടുങ്ങിയ പാതയിൽ വച്ച് മിക്കവാറും നമ്മൾ മുഖാമുഖം വരുമ്പോൾ മൃദുവായി എന്നെ നോക്കി പുഞ്ചിരിച്ചിട്ട് സാർ എന്നോട് “ഇക്ക കഴിച്ചോ” എന്നോ “ഇക്ക സുഖമായിരിക്കുന്നോ” എന്നോ ചോദിക്കും. അത് എനിക്ക് എന്ത് ഉൻമേഷമാണെന്നോ നൽകിയിരുന്നത്. എന്നോട് വേറെ ആരും ഇങ്ങനെ ഒരു സുഖാന്വേഷണം നടത്താറില്ല. സാറിനെ ഞാൻ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് സാറെ, ചുമ്മാ പറഞ്ഞതല്ല.”

ഓർത്ത് നോക്കിയപ്പോൾ സംഗതി ശരിയാണ്. വെളുപ്പിനെ അസാപ്പിന്‍റെ ക്ലാസ് കഴിഞ്ഞു 8.30 – 8.40 ആവുമ്പൊ ഞാൻ കോളേജിൽ എത്തുമായിരുന്നു. നല്ല വിശപ്പുള്ളത് കൊണ്ട് തന്നെ ബാഗ് സ്റ്റാഫ് റൂമിൽ വച്ചിട്ട് രാജൻ ചേട്ടന്‍റെ ക്യാന്‍റീനിലേക്കോടും.

വഴിയിൽ എതിരെ ആര് വന്നാലും ഉള്ള ഒരു സ്വാഭാവിക പ്രതികരണം മാത്രമാണ് ഒരു പുഞ്ചിരിയും സ്നേഹാന്വേഷണവും. എന്നാൽ അതിനു ഒരാളിൽ ഇത്രേം വല്യ സ്വാധീനം ചെലുത്താനാവുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അദ്ദേഹത്തെ കൂടുതൽ അടുത്തറിയാതിരുന്നതിൽ എനിക്ക് സ്വയം ലജ്ജ തോന്നി.

പക്ഷേ അന്ന് ആ എളിയ മനുഷ്യൻ എന്നെ പഠിപ്പിച്ച പാഠമാണ് നന്മയുടെയും ആനന്ദത്തിന്‍റെയും വഴി ലളിതമാണെന്നു തീർത്തും നിരുപദ്രവകരമായ ഒരു ചിലവുമില്ലാത്ത ഒരു പുഞ്ചിരി, രണ്ടു നല്ല വാക്ക്, ചിലപ്പോൾ ഒരു തോളിൽ തട്ട്- അത്രയും മതി മറ്റൊരാളുടെ ജീവിതത്തിൽ വെട്ടം തെളിക്കാൻ.

പാഠം രണ്ട്: വൗ ഹെൻറി

anandam smile

115 വർഷങ്ങൾക്കു മുമ്പ്, വില്യം സിഡ്നി പോർട്ടർ എന്ന ഒ.ഹെൻറി ന്യൂയോർക്കിലെ പിറ്റ്സ് മദ്യശാലയിലിരുന്ന് കാലത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള ഒരു പ്രണയകഥ എഴുതി- ജിം എന്നും (ജെയിംസ്) ഡെല്ല എന്നും പേരുള്ള ദരിദ്രരായ രണ്ടു യുവ ദമ്പതികളുടെ നിസ്വാർത്ഥ പ്രേമത്തിന്‍റെ കഥ.

ഒരു ക്രിസ്മസ് തലേന്നാണ് കഥ തുടങ്ങുന്നത്. തന്‍റെ അത് വരെ ഉള്ള സമ്പാദ്യം കൂട്ടി നോക്കി വ്യസനിക്കുന്ന ഡെല്ല, രണ്ട് ഡോളറിൽ താഴെയേ ഉള്ളൂ. തന്‍റെ പ്രിയപ്പെട്ടവനു ഒരു ക്രിസ്മസ് സമ്മാനം വാങ്ങാൻ ഡെല്ലയ്ക്ക് അത് മതിയാവില്ല.

അമൂല്യമായ രണ്ട് വസ്തുവകകൾ മാത്രമേ അവർക്കുള്ളൂ. ജിമ്മിന്‍റെ മുത്തച്ഛന്‍റെ സ്വർണ്ണ പോക്കറ്റ് വാച്ചും, ഡെല്ലയുടെ മുട്ടറ്റം നീളമുള്ള മുടിയും.

ജിമ്മിന്‍റെ പോക്കറ്റ് വാച്ചിനായി ഒരു ചെയിൻ സമ്മാനമായി വാങ്ങാൻ അവൾ അഗാധമായി ആഗ്രഹിക്കുന്നു. അതിനു പണം തികയാത്തതിനാൽ തന്‍റെ മുടി മുറിച്ചു വിൽക്കുന്നു. അങ്ങനെ കിട്ടിയ തുകയും കൂടെ ചേർത്തു അവൾ ജിമ്മിനായ് വാച്ചിൽ കൊരുക്കാവുന്ന ഒരു പ്ലാറ്റിനം ചെയിൻ വാങ്ങുന്നു.

തിരിച്ചു വീട്ടിലെത്തിയ ഡെല്ല കണ്ണാടിയിൽ നോക്കി “ദൈവമേ, ഞാൻ ഇപ്പോഴും സുന്ദരിയാണെന്ന് ജിമ്മിന് തോന്നണേ” എന്ന് നിഷ്കളങ്കമായി പ്രാർത്ഥിക്കുമ്പോൾ വരാനിരിക്കുന്നതോർത്ത് നമ്മളും തുളുമ്പിപ്പോവും.

ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ജിം ഡെല്ലയുടെ രൂപമാറ്റത്തെ അവിശ്വസനീയതയോടെ നോക്കി കാണുന്നു. അവന്‍റെ സമ്മാനം വാങ്ങാൻ മുടി വിറ്റതായി അവൾ സമ്മതിക്കുന്നു. അവൾ അത് അവനു നൽകുന്നതിനു മുമ്പ് ജിം ആകസ്മികമായി തന്‍റെ ഓവർകോട്ട് പോക്കറ്റിൽ നിന്ന് ഒരു പാക്കറ്റ് പുറത്തെടുത്ത് അവൾക്ക് കൈമാറുന്നു.

അകത്ത്, ഡെല്ല വളരെക്കാലമായി തന്‍റെ മുടി ചീകാനായി മോഹിച്ചിരുന്ന വിലയേറിയ ചീപ്പുകളായിരുന്നു. എന്നാൽ മുടി മുറിച്ചതിനാൽ അവൾക്ക് അത് ഇപ്പോൾ തീർത്തും ഉപയോഗശൂന്യമാണ്. ആ വ്യസനം മാറ്റി വച്ച് അണിയിക്കാനായ് അവൾ അവന്‍റെ വാച്ച് തപ്പുമ്പോൾ അത് വിറ്റിട്ടാണ് ചീപ്പ് വാങ്ങിയത് എന്ന് ജിം അവളോട് ഏറ്റു പറയുന്നു.

ഒറ്റ നോട്ടത്തിൽ ഒരു ദുരന്ത കഥ എന്ന് തോന്നാമെങ്കിലും ഒന്നുമില്ലായ്മയുടെ ഇടയിലും നിസ്വാർത്ഥമായി തന്‍റെ ഇണയെ എങ്ങനെ സ്നേഹിക്കാമെന്നും സമ്മാനം നൽകി സന്തോഷിപ്പിക്കാം എന്നും ഒ.ഹെൻറി നമുക്ക് കാട്ടിത്തരുന്നു.

ആത്മത്യാഗത്തിന്‍റെയും അതിലൂടെ സിദ്ധിക്കുന്ന ഉദാത്തമായ ആനന്ദത്തിന്‍റെയും മകുടോദാഹരണങ്ങളാണ് ജിമ്മും ഡെല്ലയും നമുക്ക് പകർന്ന് നൽകുന്നത്. വെറും മൂന്ന് മണിക്കൂർ കൊണ്ടത്രേ ഒ.ഹെൻറി ഈ കഥ എഴുതി തീർത്തത്.

പാഠം മൂന്ന്: ജനുവരിയിൽ വിരിഞ്ഞവർ, ശലഭമായി ഉയർന്നവർ

ജനുവരിയിൽ ജനിച്ചവർ എന്ന് വെറുതെ ഒന്ന് ഗൂഗിൾ ചെയ്‌തു നോക്കിയതാണ്. അപ്പോൾ ദാ ഗൂഗിൾ ഒട്ടനവധി പേരുകൾ നിരത്തി അടുക്കുന്നു. ജൊവാൻ ഓഫ് ആർക്ക്, വിർജീനിയ വുൾഫ്, സിമോൺ ഡി ബുവേ, സൊറ നീൽ ഹർസ്ടൻ, മുഹമ്മദ് അലി, മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, സ്റ്റീഫൻ ഹോക്കിംഗ്, ഐസക് ന്യൂട്ടൻ, എ.ആർ റഹ്മാൻ എന്നിങ്ങനെ നീണ്ട് നീണ്ട് പോകുന്നു ആ നിര.

ഓരോ പേരിന്‍റെ പിന്നിലും ഒരു നൂറു കഥകൾ ഒളിഞ്ഞിരിപ്പുണ്ട്. ആ കഥകളടെ ഒക്കെ ചുരുക്കം ഒന്ന് മാത്രം, അപ്രാപ്യമെന്നു എല്ലാവരും പരിഹസിച്ചപ്പോഴും നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് മാത്രം ചരിത്രം തിരുത്തിയെഴുതിയ പോരാളികളാണിവരൊക്കെ.

പുരുഷകേന്ദ്രികൃതം മാത്രമായ ഒരു ലോകത്തു സ്ത്രീ സമത്വത്തിനു വേണ്ടി ശബ്ദം ഉയർത്തിയവർ. വർണ്ണ വെറി പിടിച്ച ഒരു ലോകത്തിൽ സമത്വ സുന്ദര ലോകത്തിനായി പോരാടിയവർ. വൈകല്യം എന്നത് പരിമിതി മാത്രമാണെന്നും അതൊരു പൂർണ്ണവിരാമമല്ലെന്നും ലോകത്തിനു കാണിച്ചു കൊടുത്തവർ.

ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ പ്രതീക്ഷയുടെ പോസിറ്റീവ് വിത്തുകൾ പാകാൻ ജനുവരിയെക്കാൾ മികച്ച ഒരു മാസം ഇല്ല തന്നെ. പരമമായ ആനന്ദത്തിലേക്കുള്ള ചുവടുവെപ്പാണല്ലോ ഓരോ പ്രതീക്ഷകളും 2021 ഏവർക്കും അങ്ങനൊരു ആനന്ദം നിറഞ്ഞ വർഷമായിരിക്കട്ടെ.

നമുക്ക് ബല്യ ബല്യ സന്തോഷങ്ങൾ സ്വപ്നം കാണുന്നതിന്‍റെ കൂടെ തന്നെ കുഞ്ഞു കുഞ്ഞു ആനന്ദങ്ങളുടെ ഒടേതമ്പുരാന്മാരും തമ്പുരാട്ടികളുമാവാം, ആനന്ദം ഭവിക്കട്ടെ.

और कहानियां पढ़ने के लिए क्लिक करें...