ഏറെ കാലം സ്വപ്നം കണ്ട് കാത്തിരുന്ന ഒരു യാത്രയായിരുന്നു അത്. പാസ്പോർട്ട് ഇല്ലാതെ കടന്ന് ചെല്ലാവുന്ന രാജ്യം. നമ്മുടെ ഒരു രൂപ അവിടത്തെ 1.6 രൂപയ്ക്ക് തുല്യം. മദ്യപാനികൾക്ക് ഫ്രണ്ട് ലിയായ കൺട്രി. പെട്ടിക്കടകളിൽ പോലും ലോകോത്തര ബ്രാന്‍റ് മദ്യങ്ങൾ. എവറസ്റ്റ് ഉൾപ്പെടെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന രാജ്യം. പ്രകൃതി രമണീയമായ സ്ഥലങ്ങൾ തുടങ്ങിയവ നേപ്പാൾ യാത്രയ്ക്ക് ആക്കം കൂട്ടി. രാജ ഭരണത്തിന്‍ കീഴിലായിരുന്ന നേപ്പാൾ ബഹുജന പ്രക്ഷോഭത്തെ തുടർന്നാണ് 2008 ൽ ആദ്യ തെരഞ്ഞെടുപ്പ് നടത്തി ഡെമോക്രാറ്റിക് ഫെഡറൽ റിപ്പബ്ലിക്ക് ആയി പ്രഖ്യപിച്ചത്.

ട്രെയിൻ അൽപം വൈകിയതു കാരണം ബോർഡർ അടക്കുന്നതിന് മുമ്പ് ഇന്ത്യൻ അതിർത്തി കടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞങ്ങളുടെ ട്രാവൽ ഏജൻസി ഗോരഖ്പൂരിൽ ഏർപ്പെടുത്തിയ ഒരു ഹോട്ടലിൽ തങ്ങി പിറ്റേന്ന് പുലർച്ചേ അതിർത്തി കടക്കാമെന്ന് തീരുമാനിച്ചു. നേപ്പാൾ എന്ന സ്വപ്നസുന്ദര ഭൂമിയും അക്കോസേട്ടനേയും ഉണ്ണിക്കുട്ടനേയും കുറിച്ചുള്ള ഓർമ്മകളും ഗോരഖ്പൂർ എന്ന പൊടിപിടിച്ച നഗരത്തിലെ ചൂടിനെയും കൊതുകിനെയും അതിജീവിച്ച് ആ രാത്രി തള്ളിനീക്കാൻ സഹായിച്ചു. പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾക്കായി ട്രാവൽ ഏജൻസി ഒരുക്കിയ ടെമ്പോ ട്രാവലറിൽ അമിത് എന്ന ഗോരഖ്പൂർ സ്വദേശിയായ ഡ്രൈവറും ദാമു എന്ന കിളിയ്ക്കുമൊപ്പം ഞങ്ങൾ ഏകദേശം 75 കിലോമീറ്റർ അകലെയുള്ള സൊനൗലി ബോർഡറിലേക്ക് യാത്ര തിരിച്ചു.

അതിർത്തി

വാഗാബോർഡർ എന്ന സങ്കൽപ്പവും നല്ല നീളൻ കാലുകൾ പൊക്കി തലയ്ക്കു മുകളിൽ കൊണ്ടുപോയി സല്യൂട്ട് അടിക്കുന്ന പട്ടാളക്കാരെയും കുറേ മുള്ള് വേലിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ പ്രൗഢിയ്ക്കൊത്ത കവാടവും പ്രതീക്ഷിച്ച് ചെന്ന ഞങ്ങളെ വരവേറ്റത് പൊടിപടലങ്ങളും അതിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കുറച്ച് പഴയകെട്ടിടങ്ങളും പെട്ടിക്കടകളും വഴിവാണിഭക്കാരും പൊടി സഹിക്കാൻ പറ്റാതെ തീവ്രവാദികളെ പോലെ മുഖം മറച്ചു നിൽക്കുന്ന കുറേ പട്ടാളക്കാരും. ഒപ്പം നമ്മുടെ നാട്ടിലെ പാരലൽ കോളേജിന്‍റെ കവാടത്തിന്‍റെതു പോലെ പോലും താരതമ്യം ചെയ്യാൻ പറ്റാത്ത മോശമായ ഒരു ഗേറ്റും.

കാൽനടയാത്രക്കാർ തേരാ പാരാ നടക്കുന്നു. ഇരുചക്രവാഹനങ്ങളും യഥേഷ്ടം കടന്നുപോകുന്നു. വലിയ വാഹനങ്ങൾ നാമമാത്രമായ പരിശോധനയ്ക്ക് ശേഷം കടത്തി വിടുന്നു. ഏതായാലും ചെറിയ തുക ഫീസും അടച്ച് അതിർത്തി കടത്തി ഒപ്പം ഞങ്ങളും നേപ്പാൾ എന്ന രാജ്യത്തേക്ക് കടന്നു.

അതിർത്തി കടക്കുമ്പോഴേ നമ്മളെ വരവേൽക്കുന്നത് കുറേയധികം കറൻസി എക്സ്ചേഞ്ച് ഏജൻസികളാണ്. നമ്മുടെ നൂറുരൂപ കൊടുത്താൽ അവരുടെ 160 രൂപ കിട്ടും. നേപ്പാളിലേക്ക് യാത്ര പോകുന്നവർ കഴിവതും സൊനൗലിയിൽ നിന്ന് ആവശ്യത്തിന് കറൻസി കൊണ്ടുപോകുന്നതായിരിക്കും നല്ലത്. കണക്ക് നല്ലത് പോലെ അറിയാമെങ്കിൽ നമ്മുടെ രൂപ കയ്യിലിരുന്നാലും മതി. നേപ്പാളികൾ കൂടുതൽ ഇന്ത്യൻ രൂപ പ്രിയരാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ 1000, 500 നോട്ടുകൾ ഇവ രണ്ടും അവർ തൊടില്ല. കാരണം ഇത് രണ്ടും കൂടുതൽ കള്ളനോട്ടുകളാണെന്നതാണ് അവരുടെ വാദം. അതിർത്തിയിൽ നിന്ന് പൊഖ്റയിലേക്കും നീണ്ടുകിടക്കുന്ന പൃഥ്വി ഹൈവേ ഏറെ അപകടം പതിയിരിക്കുന്നതാണ്. ഒരു വശത്ത് ചെങ്കുത്തായ ഏതു നിമിഷവും താഴേക്ക് വീഴാവുന്ന തരത്തിൽ നിൽക്കുന്ന പാറക്കെട്ടുകൾ. മറുവശത്ത് അലറിക്കൂവിപ്പായുന്ന ത്രിശൂലി നദി. ഏതൊരു ഡ്രൈവറെയും വെല്ലുവിളിക്കുന്ന വഴികൾ.

ഈ ദുർഘടങ്ങളെ പിന്നിട്ട് ഞങ്ങൾ ഉച്ചയോടെ മുഗ്ളീംഗ് ജംഗ്ഷനിൽ എത്തി. ഇവിടെ നിന്ന് വഴി രണ്ടായി പിരിയുകയാണ്. ഇടത്തേക്ക് പോയാൽ പൊഖ്റയും വലത്തേക്ക് കാഠ്മണ്ഡുവും.

ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ അതാ വരുന്നു ഒരാൾ റാഫ്റ്റിംഗിനു പോരുന്നോ എന്ന് ചോദിച്ച്. 5-6 വയസ്സുള്ള കുട്ടികൾക്കും സുരക്ഷിതമായി റാഫ്റ്റിംഗ് ചെയ്യാം എന്ന ഉറപ്പിൻമേൽ അയാൾ പറഞ്ഞ തുകയിൽ വിലപേശി നേരെ 1500 ഒരാൾക്ക് എന്നതിൽ നിന്ന് 600 രൂപയിലേക്ക് താഴ്ത്തി ഞങ്ങൾ കാഠ്മണ്ഡു റൂട്ടിൽ 1 മണിക്കൂർ സഞ്ചരിച്ച് റാഫ്റ്റിംഗ് സറ്റാർട്ടിംഗ് പോയന്‍റിലേക്ക് എത്തി.

ചെറിയ ചാറ്റൽ മഴയെ വകവയ്ക്കാതെ സുരക്ഷാ വസ്ത്രങ്ങളും ധരിച്ച് ക്യാമറയുമായി രണ്ട് ചെറു റാഫ്റ്റിംഗ് ബോട്ടുകളിലായി 15 വയസ്സ് പ്രായം തോന്നിയ രണ്ട് പയ്യൻസിന്‍റെ അകമ്പടിയോടെ കുതിച്ച് പായുന്ന ത്രിശൂലി നദിയിലൂടെ താഴേക്ക്. ത്രീശൂലി നദി ചിലയിടങ്ങളിൽ നിശ്ചലമാകുന്നു. വീണ്ടും പാറക്കെട്ടുകളിലൂടെ അലറിക്കുതിക്കുന്നു. ഏതായാലും അടുത്ത ഒരു മണിക്കൂർ ആ മലമടക്കുകളിൽ അലയടിച്ചത് ഞങ്ങളുടെ നിലവിളി ശബ്ദങ്ങൾ മാത്രമാണ്. വിജയശ്രീ ലാളിതരായി തിരിച്ചു വന്ന ഞങ്ങൾ നേപ്പാൾ യാത്രയിലെ അവിസ്മരണീയമായ ഒരേട് സമ്മാനിച്ച് റാഫ്റ്റിംഗ് ടീമിന് പറഞ്ഞതിലും 500 രൂപ കൂടുതൽ നൽകി പൊഖ്റയിലേക്ക് യാത്ര തുടങ്ങി.

താഴ്വരകളും സമതലങ്ങളും മലമടക്കുകളും പിന്നിട്ട് ഇടയ്ക്ക് കുറേ നേരം തല കാട്ടിയ മഞ്ഞണിഞ്ഞ മലനിരകളും കണ്ട് ഏകദേശം 100 കി.മീറ്റർ പിന്നിട്ട് രാത്രി 7 മണിയോട് കൂടി പോഖ്റയിൽ ഞങ്ങൾക്കായി ഏർപ്പാട് ചെയ്തിരുന്ന ഹോട്ടലിൽ എത്തിച്ചേർന്നു. രാത്രി ഭക്ഷണം അവിടെ നിന്ന് കഴിച്ച് തുളച്ച്കയറുന്ന തണുപ്പിനെ വകവയ്ക്കാതെ എല്ലാവരും പിറ്റേന്ന് പോഖ്റയിലെ സൂര്യോദയം കാണാനുള്ള ആകാക്ഷയിൽ പുതപ്പിനടിയിലേക്ക് നുഴഞ്ഞു കയറി.

പൊഖ്റ

ഇളംവെയിൽ പതിയെ മുഖത്ത് തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. നേരം വൈകിയോ എന്ന ഭയന്ന് വാച്ചിൽ നോക്കിയപ്പോൾ 5 മണിയാകുന്നതേയുള്ളു. പതിയെ റൂമിന് പുറത്തിറങ്ങി മേലേയ്ക്ക് നോക്കിയപ്പോഴാ കണ്ടത് ദൂരെ മഞ്ഞിൽ പുതച്ച് നിൽക്കുന്ന അന്നപൂർണ്ണ റേഞ്ചിലെ പർവ്വത നിരകൾ. മനസ്സ് നിറഞ്ഞു പോയി.

പതിയെ ചെന്ന് ശിവകുമാറനേയും വിളിച്ച് ഒരു പ്രഭാത നടത്തത്തിന് ഇറങ്ങി. കടകൾ ഒന്നും തുറന്നിട്ടില്ല. ഒരു ചായക്കട തിരക്കിയിറങ്ങിയ ഞങ്ങളെ വരവേറ്റത് അതിരാവിലെ തുറന്നിരിക്കുന്ന ചാരായക്കടകൾ.

കുറേനടന്ന് തൊട്ടടുത്ത തടാകക്കരയിലിരുന്ന് ഒരു ചായയും കുടിച്ച് ഞങ്ങൾ ഹോട്ടലിലെത്തിയപ്പോഴെക്കും എല്ലാവരും ഉണർന്നിരുന്നു. ചൂടുവെള്ളത്തിൽ ഒരു കുളിയും പാസാക്കി നേരെ ഗൂർഖ മ്യൂസിയത്തിലേക്ക് 1994 ൽ കാഠ്മണ്ഡുവിൽ താൽക്കാലികമായി തുടങ്ങി പിന്നീട് 2005 ൽ പൊഖ്റയിലേക്ക് മാറ്റി സ്ഥാപിച്ച ഗൂർഖ മ്യൂസിയം ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഗൂർഖ ജവാന്മാരുടെ പോരാട്ട വീര്യത്തിന്‍റെ കഥകൾ ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടെ കാഴ്ച്ചക്കാർക്ക് വിവരിക്കുന്നു.

ഗൂർഖ മ്യൂസിയത്തിനു തൊട്ടടുത്തുള്ള പൂന്തോട്ടത്തിൽ കൂടിയാണ് 500 അടിയെങ്കിലും ഇടുങ്ങിയ ഒരു ഗർത്തത്തിലൂടെ പാൽ നിറത്തിൽ സേത്തി നദി ഒഴുകുന്ന കാഴ്ച. ഇനി ഈ വെള്ളം കൈക്കുമ്പിളിൽ എടുക്കണമെന്ന് ആഗ്രഹമുള്ളവർക്കായി ഇതേ നദിയിലെ വെള്ളം കനാലിലൂടെ തൊട്ട് മുമ്പിലൂടെ ഒഴുക്കിക്കൊണ്ടുപോകുന്ന കാഴ്ചയും കാണാം.

ഇവിടെ നിന്ന് അൽപം കൂടി താഴെക്കിറങ്ങിയാൽ പ്രശസ്തമായ മഹേന്ദ്ര ഗുഹയിലെത്താം. 1950 കളിൽ കണ്ടെത്തിയ ഈ ഗുഹ സ്റ്റാറ്റഗ്മൈറ്റ്, സ്റ്റാറ്റ് അക്റ്റീസ് റോക്ക് ഫോർമേഷന് പേരുകേട്ടതാണ്. രാജാ മഹേന്ദ്ര വീർ വിക്രം ഷാ ദേവിന്‍റെ പേരിൽ അറിയപ്പെടുന്ന ഈ ഗുഹകളിലായി ഒരു ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പുറത്തേക്കിറങ്ങാൻ ഒരാൾക്ക് മാത്രം നൂണ്ടു കടക്കാൻ പാകത്തിന് ഒരു വഴിയും ഉണ്ടിതിന്. ഒടുവിൽ പുനർജ്‌ജനി നൂണ്ട് കടക്കുന്നതുപോലെ ഒരാൾക്ക് മാത്രം നൂണ്ടുകടക്കാവുന്ന ഗുഹാമുഖത്തിലൂടെ ഞങ്ങളും എങ്ങനെയോ പുറത്തെത്തി.

അവിടന്ന് വണ്ടി നേരെ ഡേവിസ് ഫാളിലേക്ക്. പണ്ട് 1961 ൽ ഡേവിസ് എന്ന മദാമ്മ കുളിക്കാനിറങ്ങിയപ്പോൾ വെള്ളച്ചാട്ടത്തിൽ കൂടി താഴേക്ക് പോയി മരിച്ചു. അന്നു മുതൽ ഇതവരുടെ പേരിലായി. ഈ വെള്ളച്ചാട്ടിന്‍റെ പ്രത്യേകത എന്തെന്നാൽ വെള്ളം പുഴയിൽ നിന്ന് താഴെ വീണ് എവിടെയോ അപ്രത്യക്ഷമാകുന്നത് മാത്രമേ കാണാൻ പറ്റു. ഈ വെള്ളം എവിടെ ചെന്ന് വീഴും എന്ന് നോക്കിയിരിക്കുന്നവർക്കായി തൊട്ടപ്പുറത്ത് ഒരു ഗുഹ ഉണ്ട്. ഇതാണ്. ഗുപ്തേശ്വര കേവ്സ്.

സ്പൈറൽ ആകൃതിയിലുള്ള കോണികളിലൂടെ ഒരു 100 അടി താഴ്ചയിലേക്ക് എത്തുമ്പോൾ ഒരു അമ്പലത്തിൽ എത്തും. അവിടെ നിന്ന് ഏകദേശം 2 കിലോമീറ്ററോളം ഉള്ളിൽ കൂടി ചുറ്റിക്കറങ്ങിയും മുട്ടിലിഴഞ്ഞും നമ്മൾ എത്തിച്ചേരുന്നത് ഒരു ഭൂഗർഭ തടാകത്തിൻ കരയിലാണ്. അതിന്‍റ മറുകരയിലായി മുകളിൽ നിന്ന് ഒരു വെള്ളച്ചാട്ടതിന്‍റെ ഒരു വിടവ്. അതിൽ കൂടി എവിടെ നിന്നെന്നറിയാതെ വന്ന് പതിക്കുന്ന ജലപാതം. തീർച്ചയായും പൊഖ്റയിൽ കണ്ടരിക്കേണ്ടകാഴ്ചകൾ.

അവിടെ നിന്ന് ഒരു ചെറിയ ബോട്ടിംഗ് നടത്താം എന്ന് കരുതി ടൗണിന് അടുത്ത് തന്നെയുള്ള ഫേവാ തടാകക്കരയിൽ എത്തിയ ഞങ്ങളെ വരറ്റേത് അതിശക്തമായ കാറ്റും ചാറ്റൽ മഴയുമാണ്. മഴ അൽപനേരത്തിനുള്ളിൽ ശമിച്ചെങ്കിലും തടാകക്കരയിൽ ചുറ്റിക്കറങ്ങി ടൗണിലേക്ക് നടന്നു. ചെറിയ ഒരു ഷോപ്പിംഗ് നടത്തി പിറ്റേന്ന് അതിരാവിലെ സാരംഗ് കോട്ടിൽ അന്നപൂർണ്ണ ഹിമാലയൻ റേഞ്ചിലെ സൂര്യോദയം കാണാമെന്ന് മോഹിച്ച് അമിത് ഞങ്ങളെ വീണ്ടും ഹോട്ടലിലേക്ക് എത്തിച്ചു.

പൊഖ്റയ്ക്ക് വിട

എല്ലാവരും രാവിലെ 4.30 ന് തന്നെ എഴുന്നേറ്റ് സാരംഗ് കോട്ട് സൂര്യോദയത്തിന് പോകാൻ തയ്യാറായി. പൊഖ്റ ടൗണിൽ നിന്ന് അര മണിക്കൂർ യാത്ര ചെയ്ത് ഒരു വലിയ കുന്ന് കയറി ഞങ്ങളുടെ ടെമ്പോ ട്രാവലറർ നീങ്ങി. വഴിയരികിൽ ഗൂർഖ റജിമെന്‍റ് റിക്രൂട്ട്മെന്‍റ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടത്തുന്ന ഗൂർഖ പിള്ളേർ ആറേഴ് കിലോമീറ്റർ കുന്നു മലയും പുല്ല് പോലെ ഓടിക്കയറുന്ന കാഴ്ച. എല്ലാ കൊല്ലവും ബ്രിട്ടീഷ് ആർമിയിലേക്ക് ഗൂർഖകളെ തെരഞ്ഞെടുക്കുന്നുണ്ടത്രേ. ഗൂർഖകളുടെ പോരാട്ട വീര്യത്തെ ചൂഷണം ചെയ്യുന്ന ബ്രിട്ടൺ സൈക്കോളജിക്കൽ മൂവ് സാരംഗ് കോട്ട് കുന്നിന് മുകളിലെത്തിയപ്പോഴേക്കും വെട്ടം വീണു കഴിഞ്ഞിരുന്നു. പക്ഷേ സൂര്യൻ ഇതുവരെ തല പുറത്തു കാണിച്ചിട്ടില്ല.

അന്നപൂർണ്ണ പർവ്വത നിരകളെ സുവർണ്ണ കിരീടമണിയിച്ച് കൊണ്ട് ആദിത്യൻ എഴുന്നെള്ളുന്നത് ഒരു കാഴ്ച തന്നെയാണ്. സൂര്യോദയം കണ്ട് മലയിറങ്ങുന്ന വഴിയിൽ തന്നെയായിരുന്നു പ്രശസ്തവും പുരാതനവുമായ ബിന്ധ്യ ബ്യാസിനി ക്ഷേത്രം. പൊഖ്റ താഴ്വരയിലെ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒരുപോലെ വിശ്വസിക്കുന്ന ഒരു ചെറിയ മനോഹരമായ കുന്നിൽ സ്ഥിതി ചെയ്യുന്ന ഈ ദേവീക്ഷേത്രം പൊഖ്റ സന്ദർശിക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്.

ഞങ്ങൾ ചെന്ന സമയം അവിടെയൊരു നേപ്പാളി വിവാഹം നടക്കുകയായിരുന്നു. ക്ഷണിക്കാതെ തന്നെ കല്യാണത്തിൽ പങ്കെടുത്ത് വധൂവരന്മാർക്കൊപ്പം നിന്ന് ഫോട്ടോയും എടുത്തു. സമയ പരിമിതി മൂലം ഞങ്ങൾ മഞ്ഞണിഞ്ഞ മലനിരകളേയും നേപ്പാളി വധൂവരന്മാരെയും പൊഖ്റയുടെ സൗന്ദര്യത്തേയും അതിവേഗം പിന്നിൽ ഉപേക്ഷിച്ച് നേപ്പാളിന്‍റെ തലസ്ഥാനവും ഓരേയൊരു മെട്രോപോളിറ്റൻ സിറ്റിയുമായ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ചു.

nepal

വീണ്ടും പൃഥ്വി ഹൈവേയിലൂടെ ഒരു യാത്ര. ഇനി ഞങ്ങൾക്ക് മുഗ്ളീംഗ് ജംഗ്ഷനിൽ എത്തി കാഠ്മണ്ഡുവിലേക്ക് തിരിയണം. ഞങ്ങൾ റാഫ്റ്റിംഗ് നടത്തിയ ത്രിശൂലി നദിയ്ക്ക് സമാന്തരമായി വീണ്ടും മൻകാമനാ ക്ഷേത്രം ലക്ഷ്യമാക്കി അമിത് വാഹനം പറപ്പിച്ചു. മുഗ്ളീംഗിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വഴിയെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ മൻകാമനാ ക്ഷേത്രത്തിലേക്ക് കേബിൾ കാർ പുറപ്പെടുന്ന കുരിന്താർ എന്ന ചെറിയ ടൗൺഷിപ്പിൽ എത്തും. ഏകദേശം 10 മണിയോട് കൂടി കുരിന്താറിൽ എത്തിയ ഞങ്ങൾ കേബിൾ കാർ സ്റ്റേഷനിലേക്ക് പാഞ്ഞു. അവിടത്തെ തിരക്ക് കണ്ടപ്പോൾ അമിതിന്‍റെ അഭിപ്രായം മാനിച്ച് അന്ന് ക്ഷേത്ര ദർശനം ഉപേക്ഷിച്ച് നേരെ നേപ്പാളിന്‍റെ തലസ്ഥാലമായ കാഠ്മണ്ഡുവിലേക്ക് തിരിച്ചു.

ആലിപ്പഴം പൊഴിയുന്ന കാഠ്മണ്ഡു

ഉച്ചയോടെ കാഠ്മണ്ഡുവിൽ എത്തിയ ഞങ്ങളെ വരവേറ്റത് ഒരു ചാറ്റൽ മഴ. ഒപ്പം വണ്ടിയിലേക്ക് ചറപറ കല്ലുകൾ വലിച്ചെറിയുന്ന ഒച്ചയും. ചാറ്റൽ മഴയ്ക്കൊപ്പം ആലിപ്പഴവും പൊഴിയുന്നു. നമ്മുടെ നാട്ടിൽ ആദ്യമഴയ്ക്ക് വീഴുന്ന പോലെ ഒന്നും രണ്ടുമല്ല. മഴത്തുള്ളി പോലെ വീഴുന്ന ഐസ് കട്ടകൾ. വണ്ടിയുടെ ജനലിൽ കൂടി കൈ പുറത്തേക്കിട്ട് എന്‍റെ കയ്യിലും ഐസ് നിറഞ്ഞു. റോഡിൽ കുട പിടിച്ചും രക്ഷയില്ലാതെ പരക്കം പായുന്ന ആളുകൾ. അങ്ങനെ ആദ്യ ചുവടുകൾ ആഘോഷമാക്കി കാഠ്മണ്ഡുവിലേക്ക് പ്രവേശിച്ചു.

ഒരു രാജ്യത്തിന്‍റെ തലസ്ഥാനം എന്നൊന്നും വിശേഷിപ്പിക്കാൻ നമുക്ക് തോന്നാത്ത നമ്മുടെ നാട്ടിലെ ഒരു ജില്ലാ ആസ്ഥാനത്തിന്‍റെ ഒപ്പം പോലും എത്താനാകാത്ത ഒരു ചെറുപട്ടണം. റോഡരികിലായി ന്യൂ ജനറേഷൻ കെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഉള്ളിലേക്ക് പോയാൽ പൗരാണികത വിട്ടുമാറാത്ത കെട്ടിടങ്ങൾ തന്നെയാണ് നേപ്പാളിലെ ഒരേയൊരു മെട്രോ സിറ്റിയായ കാഠ്മണ്ഡുവിന്‍റെ ആകർഷണം. ടൗണിൽ നിന്ന് തന്നെ ഭക്ഷണവും കഴിച്ച് ചെറിയ ഷോപ്പിംഗും കഴിഞ്ഞപ്പോഴേക്കും നേരം സന്ധ്യയായി. ഷോപ്പിംഗ് മാളിനോട് തൊട്ടടുത്ത് സ്റ്റേഡിയത്തിൽ ഇന്ത്യ- നേപ്പാൾ ഫുട്ബോൾ മാച്ച് നടക്കുന്നു.

ഭക്ഷണവും ഷോപ്പിംഗും മഴയും ചേർന്ന് ലേറ്റാക്കിയ ഞങ്ങൾ എവിടെയൊക്കെ കറങ്ങണമെന്ന കാര്യത്തിൽ ഒരു ഐഡിയയുമില്ലാതെ സ്വയം ഭൂനാഥ് സ്തൂപം, ബൗദ്ധനാഥ്, ബുദ്ധവിഹാരങ്ങൾ, ഡർബാർ സ്ക്വയർ എല്ലാം ഒഴിവാക്കി പശുപതിനാഥ് മാത്രം തെരഞ്ഞെടുത്തു. എവറസ്റ്റ് കൊടുമുടി കാണാമെന്നുള്ള മോഹവുമായി കാഠ്മണ്ഡുവിലെത്തിയപ്പോൾ 40 മിനിറ്റെങ്കിലും ഒരു ചെറുവിമാനത്തിൽ കയറി പോയാൽ മാത്രമേ അതിന്‍റെ ബേസ് ക്യാംപിൽ എങ്കിലും എത്താൻ സാധിക്കൂ എന്ന് മനസ്സിലാക്കി ആ മോഹം ഉപേക്ഷിച്ചു.

പശുപതിനാഥ്

പതിനഞ്ചാം നൂറ്റണ്ടിൽ പണികഴിപ്പിച്ചുവെന്ന് വിശ്വസിക്കുന്ന പഗോഡ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന പശുപതിനാഥ് ശിവക്ഷേത്രം യുനെസ്കോയുടെ സംരക്ഷിത സ്ഥലങ്ങളിൽ ഒന്നാണ്. നേപ്പാൾ പോലീസിന്‍റെ സംരക്ഷണത്തിൽ ഉള്ള ക്ഷേത്രത്തിന്‍റെ തൊട്ടടുത്ത് കൂടി ഒഴുകുന്ന ഭാഗ് മതി നദിയ്ക്കിരുവശവും മൃതദേഹങ്ങൾ പുകഞ്ഞെരിഞ്ഞുകൊണ്ടിരിക്കുന്നു.

ക്ഷേത്രത്തോട് ചേർന്നുള്ള കര ആര്യഗഡ് എന്നും മറുകര ഭസ്മേശ്വർ ഗഡ് എന്നും അറിയപ്പെടുന്നു. വാരാണസിയ്ക്ക് ശേഷം ഏത് അർദ്ധരാത്രിയും ശവദാഹം നടത്താൻ അനുമതിയുള്ള ഒരേയൊരു ക്ഷേത്രമാണിത്. ആര്യഗഡ് രാജകുടുംബാംഗങ്ങളുടെ ശവദാഹത്തിനായി മാത്രം നിർമ്മിച്ചതാണ്. ഭസ്മേശ്വർ പൊതുജനത്തിനും. ക്ഷേത്രദർശനവും നടത്തി തെരുവിളക്കിന്‍റെ വെളിച്ചത്തിൽ കാഠ്മണ്ഡു ടൗൺ ചുറ്റി പിറ്റേന്ന് അതിരാവിലെ മൻകാമന ക്ഷേത്രത്തിൽഎത്തിച്ചേരണമെന്നുള്ള ചിന്തയിൽ ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.

മൻകാമനയും കേബിൾ കാറും

കാഠ്മണ്ഡുവിൽ നിന്നും ഏകദേശം 100 കിലോമീറ്റർ സഞ്ചരിച്ചാൽ മൻകാമന ക്ഷേത്രത്തിന്‍റെ എൻട്രി പോയിന്‍റായ കുരിന്താർ ടൗണിൽ എത്താം. മുൻകാലങ്ങളിൽ ഒരു ദിവസത്തോളം കാൽ നടയായി മല കയറിയാൽ മാത്രമേ സമുദ്ര നിരപ്പിൽ നിന്ന് 5000 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദുർഗാദേവി ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നുള്ളു. ഈ യാത്ര ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള വഴിയായാണ് 1998ൽ രാജാ വീരേന്ദ്രബീർ വിക്രം ഷാദേവ് മുൻകയ്യെടുത്ത് മൻകാമന കേബിൾ കാർ സർവ്വീസ് ആരംഭിച്ചത്.

നമ്മുടെ മലമ്പുഴ റോപ്പ് വേയുടെ അഡ്വാൻസ്ഡ് സാധനം. ആസ്ട്രിയൻ ടെക്നോളജിയിൽ രൂപപ്പെടുത്തിയ ഈ കേബിൾ കാർ 100 ശതമാനം സുരക്ഷ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 31 പാസഞ്ചർ കാറുകളും 4 ലഗേജ് കാരിയറുകളുമുണ്ട്. രാവിലെ 9 മണിയ്ക്ക് പ്രവർത്തനം ആരംഭിക്കുന്ന ഈ കേബിൾ കാർ സർവ്വീസ് വൈകിട്ട് 5 മണി വരെ ഉണ്ടാകും. ഉച്ചയ്ക്ക് അര മണിക്കൂർ ഇതിന് വിശ്രമവും. മുകളിലേക്കും താഴേക്കുമായി പോയി വരാൻ 600 രൂപയോളം ചാർജ് ഈടാക്കുന്നുണ്ട്.

രാവിലെ 9 മണിയോടെ തന്നെ അവിടെ എത്തിച്ചേർന്ന ഞങ്ങളെ എതിരേറ്റത് അത്യാവശ്യം വലിയ ഒരു ക്യൂ ആണ്. ബ്രേക്ക് ഫാസ്റ്റിനു നിന്നാൽ തലേന്നത്തെ അവസ്ഥ തന്നെയാകുമെന്ന് മനസ്സിലായ ഞങ്ങൾ അതൊഴിവാക്കി. ടിക്കറ്റ് എടുത്ത് സമീപത്ത് തന്നെയുള്ള മനോഹരമായ പൂന്തോട്ടത്തിന് സമാന്തരമായി ക്യൂവിൽ കേബിൾ കാർ സ്റ്റേഷനിലേക്ക് നീങ്ങി.

മുകളിലേക്ക് മെല്ലേ ചലിച്ചുകൊണ്ടിരിക്കുന്ന കാറുകൾ മലമുകളിൽ അപ്രത്യക്ഷമാകുന്നു. പിന്നെ അവ ഒരു സൈഡിൽകൂടി പൊടുന്നനെ പ്രത്യക്ഷപ്പെട്ട് താഴേക്ക് ഇറങ്ങുന്നു. 6 പേർക്ക് ഇരിക്കാവുന്ന ഫൈബർ ഗ്ലാസിൽ തയ്യാർ ചെയ്ത ക്യാബിനുകളിൽ ഞങ്ങൾ കയറി.

കേബിൾ കാർ ത്രിശൂലി നദിയ്ക്ക് മുകളിൽ കൂടി 45 ഡിഗ്രി ചരിവിൽ മെല്ലെ ചലിച്ച് തുടങ്ങി. ഞങ്ങൾക്ക് കൂടെയുണ്ടായിരുന്നവർ മുമ്പിലും പിറകിലുമായി മറ്റു കാറുകളിൽ യാത്ര ആരംഭിച്ചിരുന്നു. യാത്ര ആരംഭിച്ച സ്റ്റേഷനും താഴെ നിന്നിരുന്ന ആൾക്കാർക്കും വലിപ്പം കുറഞ്ഞു കുറഞ്ഞു വന്നു തുടങ്ങി.

ഏകദേശം 2000 അടി ഉയരത്തിൽ ആദ്യ മല കയറിയ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സമതല പ്രദേശത്ത് കുറേ വീടുകളും കൃഷിയിടങ്ങളും. അവിടെ നിന്ന് രണ്ടുനില കെട്ടിടത്തിന്‍റെ മാത്രം ഉയരത്തിൽ ഒരു 10 മിനിറ്റ് സഞ്ചരിച്ചാൽ ഞങ്ങൾക്കു മുമ്പിൽ അതാ ആദ്യം കണ്ടതിന്‍റെ ഇരട്ടി വലിപ്പത്തിൽ മറ്റൊരു മല. ആഹാ..

വീണ്ടും 45 ഡിഗ്രി ചരിവിൽ ഒരു കയറ്റം കയറി മൻകാമന കേബിൾ സ്റ്റേഷനിൽ എത്തിയ ഞങ്ങളെ വരവേറ്റത് ഒരു മനോഹരമായ പൂന്തോട്ടവും അതിലുപരി അവിടെ നിന്നും താഴേക്ക് നോക്കുമ്പോഴുള്ള കാഴ്ചകളും. അവിടെ നിന്ന് തെരുവ് കച്ചവടക്കാർക്കിടയിലൂടെ മെല്ലേ ക്ഷേത്രത്തിലേക്ക്. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്നു കരുതപ്പെടുന്ന പഗോഡ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ദുർഗാക്ഷേത്രത്തിൽ മൃഗബലിയും തുടർച്ചയായി നടക്കുന്നു.

ദർശനം നടത്തി പെട്ടെന്ന് തന്നെ താഴെ ഇറങ്ങി. ഉച്ചയ്ക്ക് അരമണിക്കൂർ കേബിൾ കാർ നിർത്തുന്നതിന് മുമ്പ് താഴെയെത്തി കഴിക്കാമെന്ന് തീരുമാനിച്ച് എല്ലാവരും കേബിൾ സ്റ്റേഷനിലേക്ക് നീങ്ങി. അതിനിടെ തെരുവ് കച്ചവടക്കാരിൽ നിന്ന് അൽപം സാധനങ്ങൾ വാങ്ങാൻ നിന്ന ഞാനും സൂര്യയും മകളും പിറകിലായി പോയത് ശ്രദ്ധിച്ചില്ല. സ്റ്റേഷനിലെത്തിയപ്പോഴേക്കും ബാക്കിയെല്ലാവരും താഴേക്ക് പോയ്ക്കഴിഞ്ഞിരുന്നു. ബ്രേക്കിന് മുമ്പുള്ള അവസാന കേബിൾ കാറിൽ കയറിപ്പറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു.

വീണ്ടും 45 ഡിഗ്രി ചരിവിൽ താഴേക്ക്. ഞാൻ വീണ്ടും ഡിഎസ്എൽആർ ക്യാമറയെടുത്ത് സജീവമായി. ആദ്യ മലയിറങ്ങി സമതലത്തിലേക്ക്. തൊട്ട് താഴെ ഒരു വിളിപ്പാടകലത്തിൽ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന ആൾക്കാരെ കൈവീശി കാണിച്ച് രണ്ടാമത്തെ മലയും ഇറങ്ങി. കേബിൾ കാർ ത്രിശൂലി നദിയുടെ നടുവിലെത്തിയപ്പോളാണ് നേപ്പാളിനെ നടുക്കിയ ഭൂചലനം സംഭവിച്ചത്! ഇതിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ട് അടുത്ത ടൗണിൽ തന്നെ സാമാന്യം ഭേദപ്പെട്ട ഹോട്ടലിൽ രാത്രി ഭക്ഷണത്തിനായി എത്തി.

എല്ലാവരും ടിവിയ്ക്ക് മുമ്പിൽ, എല്ലാ ചാനലിലും ഭൂകമ്പ വാർത്ത മാത്രം. ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ന കുടുംബമാണെന്ന് പറഞ്ഞപ്പോൾ ഒരു പ്രത്യേക പരിഗണനയും കിട്ടി.

ഭക്ഷണവും കഴിച്ച് പെട്ടെന്ന് തന്നെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഒരു പോറൽ പോലും ഏൽക്കാതെ ഇത്രയും വലിയ അപകടത്തിൽ നിന്നും സുരക്ഷിതരായി ഞങ്ങളെ തിരിച്ചെത്തിച്ച ഡ്രൈവർ അമിത്നേയും ദാമുവിനയും പിരിയാൻ നേരമായി. വളരെ കുറഞ്ഞ സമയം കൊണ്ട് ഞങ്ങളുടെ കുടുംബത്തിലെ ഒരുംഗത്തെപ്പോലെയായിരുന്നു അമിത്. അവന്‍റെ സമചിത്തതയോടെയുള്ള തിരുമാനങ്ങളാണ് ഞങ്ങളുടെ നേപ്പാൾ യാത്രയെ സമാധാന പൂർണ്ണമാക്കിയത്.

അവർക്ക് നന്ദി പറഞ്ഞു കൊണ്ട് പിറ്റേന്ന് അതിരാവിലെ പുറപ്പെടുന്ന ഗോരഖ്പൂർ തിരുവനന്തപുരം എക്സ്പ്രസ്സിനായുള്ള കാത്തിരിപ്പ് ആരംഭിച്ചു…

और कहानियां पढ़ने के लिए क्लिक करें...