മഹിയുടെയും ദീപ്തിയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. രണ്ടുപേരും ഇപ്പോഴും പുതുമോടിയോടെയാണ് ജീവിതം നയിക്കുന്നത്. ഇപ്പോഴത്തെ പുതിയ കാര്യം എന്താണെന്നു വച്ചാൽ, മഹിയ്ക്ക് കാലിഫോർണിയയിലേക്ക് പോകാനുള്ള അവസരമായി എന്നതാണ്. കമ്പനിയുടെ അപ്പോയിമെന്‍റാണ്. 5 വർഷം കാലിഫോർണിയയിൽ ജോലി ചെയ്യാം. ദീപ്തിയെയും കൂടെ കൂട്ടാമെന്നതിനാൽ രണ്ടുപേരും ഈ മാറ്റത്തെ സന്തോഷത്തോടെ ഉൾക്കൊണ്ടു.

കാലിഫോർണിയയിൽ എത്തും വരെ വലിയ സന്തോഷമായിരുന്നു ദീപ്തിക്ക്. എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ആ സന്തോഷമൊക്കെ അൽപാൽപം കുറഞ്ഞു വന്നു. കാരണം മറ്റൊന്നുമല്ല, വീട്ടിലെ എല്ലാ കാര്യങ്ങളും തന്നെ താൻ ചെയ്യണം. ചുറ്റും ആരോടും സംസാരിക്കാൻ കഴിയുന്നില്ല. ഭയങ്കര ബോറടി ആയിത്തുടങ്ങിയിരിക്കുന്നു ദീപ്തിയ്ക്ക്.

രാവിലെ എഴുന്നേറ്റ് ചായയും പലഹാരവും ഉച്ചഭക്ഷണവും ഉണ്ടാക്കി വയ്ക്കും. മഹി ഭക്ഷണം കഴിച്ച് ഓഫീസിൽ പോയി കഴിയുമ്പോൾ അവൾ പാത്രമൊക്കെ കഴുകി വൃത്തിയാക്കി വീട് ഒതുക്കി വയ്ക്കും. വിസ്തരിച്ചൊരു കുളിയും കൂടി കഴിഞ്ഞാൽ പിന്നെ മൊത്തം ഫ്രീയാണ്.

മാർക്കറ്റിൽ പോകാനും, പാർക്കിൽ പോകാനുമൊക്കെ യഥേഷ്ടം സമയമുണ്ട്. തനിച്ച് രണ്ടുദിവസം പോയപ്പോൾ അതിന്‍റെ  രസവും കുറഞ്ഞു. സ്കർട്ടും സ്ലീവ്ലസ്ടോപ്പുമിട്ട് ഒരു സെൽഫി എടുത്ത് ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തു. പിന്നെ അതിനു വരുന്ന ലൈക്കും കമന്‍റും നോക്കിയിരിപ്പായി. 200 ലൈക്ക് കണ്ടതോടെ ദീപ്തിയ്ക്ക് അന്നത്തെ ദിവസം സന്തോഷമായി. തന്‍റെ  ജീവിതത്തിൽ വന്ന മാറ്റം മറ്റുള്ളവർ അറിയട്ടെ.

അങ്ങനെ ഓരോ ദിവസം ഏതെങ്കിലും തരത്തിലൊക്കെ കഴിച്ചു കൂട്ടി കൊണ്ടിരിക്കവെ മടുപ്പ് പല പല രൂപങ്ങളിൽ ദീപ്തിയെ തേടിയെത്തിത്തുടങ്ങി.

ഈ ചെയ്യുന്ന കാര്യങ്ങളിലൊന്നും പുതുമ ഇല്ലെന്നുള്ള തോന്നൽ സ്വാഭാവികമായും ഉണ്ടാകും. ഏതാനും സുഹൃത്തുക്കളെ സമ്പാദിച്ചു എന്നതൊഴിച്ചാൽ വേറെ ഒരു ആവേശമുണർത്തുന്ന ഒന്നും ജീവിതത്തിൽ സംഭവിക്കാനില്ല.

ഇന്ത്യക്കാർ ഏതു നാട്ടിൽ ചെന്നാലുമുണ്ട്. എന്നാലും ഈ അപരിചിതമായ അന്തരീക്ഷത്തിൽ സ്വന്തം നാട്ടുകാരായ ആരെയെങ്കിലും കാണാൻ കഴിയുന്നത് വലിയ കാര്യം തന്നെയാണ്. തന്‍റെ അതേ അവസ്‌ഥയിലുള്ള ഏതാനും വീട്ടമ്മമാരെ ദീപ്തിയ്ക്ക് കൂട്ടുകാരായി കിട്ടിയതു കൊണ്ട് കറങ്ങാനും മാളിൽ പോകാനും പ്രയാസം ഉണ്ടായില്ല.

യുട്യൂബ് നോക്കി ഏതാനും കറികളൊക്കെ ഉണ്ടാക്കാൻ പഠിക്കുന്നതായി സമയം പോക്കാനുള്ള അടുത്ത മാർഗ്ഗം. അതിലും ഇടയ്ക്ക് മനസ്സുറയ്ക്കാതായിരിക്കുന്നു ദീപ്തിയ്ക്ക്. പ്രത്യേകിച്ചും മഹി ഒരുപാട് ജോലിത്തിരിക്കിലാവുമ്പോഴാണ് കൂടുതൽ പ്രശ്നം. അപ്പോൾ അവൾക്ക് നാട് കൂടുതലായി മിസ്സ് ചെയ്യാൻ തുടങ്ങി.

ഇനിയും ഇങ്ങനെ സമയം മെനക്കെടുത്താനില്ല എന്ന തോന്നലായിക്കഴിഞ്ഞു ദീപ്തിയ്ക്ക്. എവിടെയെങ്കിലും ജോലിയ്ക്ക് കയറണമെന്ന മോഹം കലശലായി. പലയിടത്തും അവൾ അപേക്ഷ കൊടുത്തു.

പൊളിറ്റിക്സിൽ ബിരുദാനന്തരബിരുദവുമായി പലടിയത്തും അപേക്ഷ കൊടുത്തുവെങ്കിലും യോജിച്ച ഒരു ജോലി ഓഫർ എവിടെ നിന്നും കിട്ടിയില്ല. ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഒന്നുമില്ലാത്തതാണ് പ്രയാസമായത്.

ഡാറ്റാ എൻട്രി വർക്ക് കിട്ടിയാലും മതി എന്നൊക്കെ അവൾ പറഞ്ഞുവെങ്കിലും, അതിനും എക്സ്പീരിയൻസ് ഇല്ലാത്തവരെ പരീക്ഷിക്കാൻ ആരും തയ്യാറായില്ല.

ഇതിനിടയിൽ ഒരു ദിവസം ഗ്രോസറി ഷോപ്പിംഗ് ചെയ്യുന്ന സമയത്ത് ബേക്കറിയിൽ ഒരു ഒഴിവ് ഉള്ളതായി അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അപ്പോൾ തന്നെ ഒരു അപേക്ഷ അവിടെ എഴുതി കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് ഇന്‍റർവ്യൂവിന് ചെല്ലാനായി അറിയിപ്പ് ലഭിക്കുകയും ചെയ്‌തു.

അത്ര നല്ല ഇംഗ്ലീഷ് ഒന്നും അല്ല ദീപ്തിയുടേത്. അത്യാവശ്യം സംസാരിക്കാൻ അറിയാം. പക്ഷേ ഭാഗ്യത്തിന് ഇന്‍റർവ്യൂവിൽ വലിയ പ്രയാസം ഉണ്ടായില്ല. അവിടെ കേൾക്കുകയാണ് പ്രധാനം. സംസാരിക്കുന്നതല്ല. ബേക്കറിയുടെ മാനേജർ ചില നിബന്ധനകൾ വച്ചു. “നിങ്ങൾക്കിവിടെ ജോലി ചെയ്യാം. പക്ഷേ മൂക്കുത്തിയും മാലയും ഒന്നും ധരിക്കാൻ പറ്റില്ല. ഇവിടത്തെ ശുചിത്വത്തിന്‍റെ കാര്യമായതുകൊണ്ട് അങ്ങനെ ചില നിയന്ത്രണങ്ങളൊക്കെ ഉണ്ടാകും.”

ദീപ്തിക്ക് അതു കേട്ടപ്പോൾ അമ്പരപ്പു തോന്നി. മറ്റുള്ളവരുടെ സംസ്കാരത്തിലും വ്യക്‌തി സ്വാതന്ത്യ്രത്തിലും ഉള്ള ഇടപെടൽ അല്ലേ ഇത്. ഇനി, തന്‍റെ മൂക്കുത്തിയിലും മാലയും അഴക്കു നിറഞ്ഞതാണെന്ന് ഇദ്ദേഹം പറയുന്നു. അത് ഇട്ടാണല്ലോ താൻ എന്നും ഭക്ഷണം ഉണ്ടാക്കുന്നത്. എങ്കിലും അവൾ മറുപടി പറയാതെ സ്വയം നിയന്ത്രിച്ചു. വിവരം അറിയിക്കാമെന്നും പറഞ്ഞു മടങ്ങി. ജോലിയ്ക്ക് പോകണം എന്നുണ്ട്. പക്ഷേ താലിമാലയൊക്കെ ഊരി വച്ച് പോകുമ്പോൾ മഹിയ്ക്ക് വല്ല ദേഷ്യവും തോന്നുമോ എന്ന ഭയമായിരുന്നു ദീപ്തിയ്ക്ക്. പക്ഷേ മഹിയ്ക്ക് അതൊരു പ്രശ്നമായിരുന്നില്ല.

“നിനക്ക് അവിടത്തെ ജോലി ചെയ്യാൻ പ്രയാസം ഇല്ലെങ്കിൽ പോകൂ. എനിക്ക് അതിലൊന്നും ഒരു പ്രശ്നവുമില്ല. വൈകിട്ട് വരെ ഡ്യൂട്ടി എടുത്താൽ മതി എന്നു മാത്രമേ എനിക്കുള്ളൂ. ഞാൻ വരുമ്പോൾ നീ കൂടി ഇവിടെ ഉണ്ടെങ്കിൽ സന്തോഷം.”

ദീപ്തി ജോലിയ്ക്കു പോകാൻ തന്നെ തീരുമാനിച്ചു. മൂക്കുത്തി അവളുടെ ഏറ്റവും പ്രിയപ്പെട്ട ആഭരണം. അവൾ അത് വലിയ വിഷമത്തോടെ ഊരി മാറ്റി. വിവാഹത്തിനു ശേഷം ധരിച്ച മംഗല്യ സൂത്രം ഊരിവയ്ക്കാൻ അവൾ കുറച്ചു മടിച്ചു. കോളർ നെക്കുള്ള വസ്ത്രം ധരിച്ച് മംഗല്യസൂത്രം പുറത്തു കാണാതെ അവൾ പിറ്റേന്ന് ജോലിയ്ക്ക് പുറപ്പെട്ടു.

ബേക്കറിയിലെത്തി അവൾ ജോലിയിൽ പ്രവേശിച്ചത് വളരെ സന്തോഷത്തോടെയാണ്. അവിടെ എത്തിയപ്പോൾ മാനേജർ ഏപ്രൻ എടുത്തു കൊടുത്ത ശേഷം അവളെ നോക്കി പുഞ്ചിരിച്ചു.

“ഇതിനു മുമ്പ് എവിടെയാണ് ജോലി ചെയ്‌തത്?”

“ഇല്ല, ഇത് ആദ്യമായിട്ടാണ്. ഞാൻ എന്ത് ജോലിയും ചെയ്യാം.”

“ഓഹോ… ഗുഡ്. ഇപ്പോൾ ഇവിടെ എല്ലാം ചുറ്റിക്കണ്ട് കാര്യങ്ങൾ മനസ്സിലാക്കൂ. ആദ്യത്തെ ഒരാഴ്ച പാത്രം കഴുകലായിരിക്കും ജോലി.” അവൾ എല്ലായിടവും നോക്കിക്കണ്ടു. പിന്നെ വലിയ ട്രേകൾ കഴുകാൻ കൂട്ടിയിട്ടിരിക്കുന്നിടത്തേക്ക് മാനേജർ അവളെ പറഞ്ഞയച്ചു.

അതിനൊപ്പം പാത്രങ്ങൾ കഴുകാനുള്ള സാമഗ്രികൾ കൂടി അയാൾ കൊണ്ടു വന്നു. അവൾ വലിയ ട്രേകൾ ഓരോന്നായി കഴുകിത്തുടച്ചു വച്ചു. അതു തീർന്നപ്പോൾ മാനേജർ അവളെ മറ്റൊരു ജോലി ഏൽപിച്ചു. പുറത്ത് ഡിസ്പ്ലേ ചെയ്‌ത ബിസ്ക്കറ്റുകൾ റീ അറേഞ്ച് ചെയ്യാനാണ്.

“ഈ ജോലി കഴിയുമ്പോൾ, ടേബിളുകൾ ക്ലീൻ ചെയ്യണം.”

അവൾ അയാൾ പറഞ്ഞതനുസരിച്ച് എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്തു. 4 മണിക്കൂർ കൊണ്ട് ദീപ്തി തളർന്നു പോയി. എന്നാലും അവൾ സംതൃപ്ത ആയിരുന്നു. ആ ജോലി അവൾക്ക് പ്രയാസമായി തോന്നിയില്ല. അവൾ ആ പരിസരത്തുള്ള മറ്റു കടകളെക്കുറിച്ചുള്ള വിവരങ്ങളും മനസ്സിലാക്കി വച്ചിരുന്നു.

ബേക്കറിയിൽ ജോലി ചെയ്യുക എന്നു പറഞ്ഞാൽ വീട്ടുകാർക്കും കുടുംബക്കാർക്കും ഇഷ്ടമാവില്ല എന്ന് അവൾക്കറിയാം. പാത്രം കഴുകലും തുടയ്ക്കലും ബേക്കറിയിലെ വിൽപനയുമൊക്കെ അവരെ സംബന്ധിച്ച് താഴെത്തട്ടിലുള്ളവർക്ക് ചേർന്ന ജോലി എന്ന ചിന്തയായിരിക്കും. അതിനാൽ കാലിഫോർണിയയിൽ താൻ കണ്ടുപിടിച്ച പുതിയ ജോലിയെ കുറിച്ച് അവൾ ആരോടും പറഞ്ഞില്ല. പ്രത്യേകിച്ചും വീട്ടുകാരോട്.

ഈ ജോലി, പ്രസ്റ്റീജ് നൽകുന്ന ഒന്നല്ല, ഇതിൽ നിന്ന് എക്സ്പീരിയൻസ് കിട്ടിയിട്ട് മറ്റൊന്നിലേക്ക് പോകാൻ മാത്രം യോഗ്യതയുമില്ല. കാലിഫോർണിയയിൽ നിരവധി ഇന്ത്യക്കാരുണ്ട്. ഭൂരിഭാഗവും ഡോക്ടർമാരും എഞ്ചനീയർമാരുമാണ്. ബേക്കറിപ്പണിക്ക് പോകുന്ന ആരും അവിടെ ഇല്ല.

ബേക്കറിയിൽ അടുത്ത ആഴ്ചയിലെ അവളുടെ ജോലി കസ്റ്റമർ കെയർ ആയിരുന്നു. വരുന്ന കസ്റ്റമർമാരെ സ്വീകരിക്കുകയും അവർക്ക് ബേക്കറി പലഹാരങ്ങളുടെ സാമ്പിൾ രുചിക്കാൻ നൽകുകയും ചെയ്യുക.

അടുത്ത ദിവസം ചെയ്‌തത് ബിസ്ക്കറ്റ് ഡബ്ബകൾ എണ്ണി ആവശ്യമുള്ളത് റീഫിൽ ചെയ്യാനായിരുന്നു. ബിസ്ക്കറ്റ് എണ്ണുന്നതിനിടയിൽ കുറച്ചു ബിസ്ക്കറ്റുകൾ രുചിക്കാൻ അവസരം കിട്ടുകയും ചെയ്‌തു. പല റീട്ടെയിൽ ബേക്കറികളിലേക്ക് ഇവിടെ നിന്നാണ് സാധനങ്ങൾ പോകുന്നത്.

മെക്സിക്കൻ, സ്പാനിഷ് ഭാഷകളിൽ അറിവു നേടേണ്ടി വരുമെന്ന് അവിടെ വരുന്ന കസ്റ്റമർമാരോട് സംസാരിക്കവേ ദീപ്തിക്കു മനസ്സിലായി.

ബിസ്ക്കറ്റ് ടിന്നുകളിൽ നിറയ്ക്കുന്നതും അലമാരകളിൽ ഒതുക്കി വയ്ക്കുന്നതും ദീപ്തിയ്ക്ക് ഇഷ്‌ടപ്പെട്ട ജോലിയായിരുന്നു.

വലിയ ട്രേകൾ കഴുകുന്നതാണ് മടി. പാത്രമൊക്കെ കഴുകാൻ വീട്ടിൽ പോലും മടി കാണിക്കുന്ന താനാണ് ഇപ്പോൾ ആ പണി കൂലിയ്ക്ക് ചെയ്യുന്നത്.

ഒരു ദിവസം അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ അവളോട് അടിച്ചു വാരാൻ പറഞ്ഞു. ദീപ്തിയ്ക്ക് അത് വളരെ അസഹ്യമായി തോന്നി. ഈ സ്ത്രീ കുറച്ചു ദിവസമായി തന്‍റെ ജോലികളെ പിന്തുടരുന്നുണ്ട്. പക്ഷേ അടിച്ചുവാരൽ തന്‍റെ  ജോലിയുമല്ല. അവൾ കടുപ്പിച്ച് മറുപടി പറഞ്ഞു.

“ദിസ് ഈസ് നോട്ട് മൈ ജോബ്!”

അതു കേട്ടതോടെ ആ സ്ത്രീ മാനേജറുടെ അടുത്ത് ചെന്ന് പരാതി പറയാൻ തുടങ്ങി. അവർ എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്നമല്ല എന്ന മട്ടിൽ ദീപ്തി തന്‍റെ  ജോലി തുടർന്നു. വൈകിട്ട് ദീപ്തി പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ പ്രായമായ അന്നാട്ടുകാരിയായ ഒരു സ്ത്രീ അവളെ വിളിച്ചു. എക്സ്ക്യൂസ് മീ എന്നു പറഞ്ഞ്, ദീപ്തിയുടെ പിന്നിൽ വന്നു നിൽക്കുകയാണ്. പാത്രം കഴുകുന്നതിനാൽ പെട്ടെന്ന് മറുപടി കൊടുക്കാൻ അവൾക്ക് കഴിഞ്ഞതുമില്ല. ബിസ്ക്കറ്റ് തയ്യാറാക്കുന്ന റോബർട്ട് മാത്രമാണ് പിന്നെ ആ മുറിയിലുള്ളത്. അയാൾ ദീപ്തിയെ വിളിച്ചു.

“പോയി നോക്കൂ, അവരെന്തിനാണ് വിളിക്കുന്നത്.”

ഇത്രയും നേരം കേട്ടില്ലാമട്ടിൽ ഇരുന്നത് ഇനി നിവർത്തിയില്ല എന്നു മനസ്സിലായപ്പോൾ ദീപ്തി കൈ തുടച്ചു എഴുന്നേറ്റു. ബിസ്ക്കറ്റിന്‍റെ വില, സ്വാദ് ഇതൊക്കെ സംസാരിച്ചു കഴിഞ്ഞപ്പോൾ, അവർക്ക് ദീപ്തി എവിടത്തുകാരിയാണെന്നറിയണം. വീട്ടിൽ ആരൊക്കെയുണ്ട്. അവർ എപ്പോൾ വരും. ഭർത്താവ് എന്തു ചെയ്യുന്നു. ഇങ്ങനെ വ്യക്‌തിപരമായ ചോദ്യങ്ങൾ. ഇംഗ്ലീഷ് അത്ര എളുപ്പമല്ലായെങ്കിലും അവൾ തരക്കേടില്ലാതെ മറുപടി ഒപ്പിച്ചു.

കുറച്ചു ബിസ്ക്കറ്റുകളുടെ സാമ്പിളുകൾ രുചിച്ചു നോക്കിയിട്ട് അവർ ഒന്നും വാങ്ങാതെ മടങ്ങി. അന്നാട്ടുകാരായ കസ്റ്റമർമാർക്ക് ദീപ്തിയെപ്പോലെ മറുനാട്ടുകാരായ ജോലിക്കാരോട് പുച്ഛമാണ്. പ്രത്യേകിച്ചും ഭാഷയുടെ പേരിൽ. ഇംഗ്ലീഷിലെ മുക്കിയും മൂളിയുള്ള സംസാരം അവർക്ക് അത്ര താൽപര്യമില്ല. എന്തോ കുറ്റം ചെയ്‌ത പോലത്തെ നോട്ടം.

ദീപ്തി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് ബേക്കറിയിലെ ഫോൺ ബെല്ലടിച്ചത്. അവൾ ഫോൺ എടുത്തു. ഏതോ പ്രായമായ സ്ത്രീയാണ്. അവർ കേക്ക് ഓർഡർ ചെയ്യാൻ വിളിച്ചതാണ്. പക്ഷേ ഇന്ത്യൻ ആക്സന്‍റിലുള്ള ഇംഗ്ലീഷ് അവർക്ക് മനസിലാവുന്നില്ല.

“കാൻ യു ഗീവ് ദ ഫോൺ ടു സംബഡി ഹു സ്പീക്ക്സ് ഇംഗ്ലീഷ്?”

ഇംഗ്ലീഷ് അറിയാവുന്ന ആർക്കെങ്കിലും ഫോൺ കൊടുക്കൂ എന്ന്.

ദീപ്തിയുടെ കാൽ മുതൽ തല വരെ ദേഷ്യം തരിച്ചു കയറി.

ഇത്രയും നേരം താൻ സംസാരിച്ചത് പിന്നെ എന്താണ്?

തന്‍റെ  ഇംഗ്ലീഷ് സംസാരത്തെ ചൊല്ലി മുൻപെങ്ങും ഇത്രയും ലജ്ജ തോന്നിയിട്ടില്ല. ഉച്ചാരണത്തിലെ പ്രശ്നം ശരിയായിരിക്കാം. പക്ഷേ ഇംഗ്ലീഷ് തന്‍റെ ഭാഷയല്ലല്ലോ. അവൾ വളരെ വിഷമത്തോടെ റോബർട്ടിനെ വിളിച്ച് ഫോൺ കൊടുത്തു. ഫോൺ കൈമാറവേ ദീപ്തി ദേഷ്യത്തോടെ പിറുപിറുക്കുകയും ചെയ്‌തു.

“ഐ വിൽ നോട്ട് വർക്ക് ഹിയർ എനിമോർ… ഹോ… എനിക്കു വയ്യാ!”

അവൾ ദേഷ്യത്തോടെ ഏപ്രൻ ഊരി വച്ച് ബേക്കറിയിൽ നിന്ന് പുറത്തേക്കിറങ്ങി. അവളുടെ കണ്ണുകളിൽ നിന്ന് സങ്കടം പുറത്തേക്ക് ഒഴുകി വന്നു.

വീട്ടിൽ ചെന്ന ശേഷം അവൾ കുറേനേരം പൊട്ടിക്കരഞ്ഞു. വൈകിട്ട് മഹി വന്നപ്പോൾ അവൾ മടിയോടെ കാര്യം പറഞ്ഞു. അയാൾ അവളെ അലിവോടെ ചേർത്തു പിടിച്ചു.

ആളകൾ ഒരുപോലെ പെരുമാറില്ലല്ലോ, ബഹുജനം പലവിധമല്ലേ. നമ്മുടെ ഭാഷയെ നാം ആദരിക്കുന്നില്ലേ, അത് വികലമായി സംസാരിക്കുന്നതു കേൾക്കുമ്പോൾ ചിലർക്ക് ദേഷ്യം വരും, ചിലർക്ക് പുച്ഛം തോന്നാം. അതു തന്നെയല്ലേ അവരും ചെയ്‌തുള്ളൂ. മാത്രമല്ല ചിലർക്ക് വിദേശികളെ ഇഷ്ടവുമല്ല.” മഹി അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“പക്ഷേ ഭാഷ എന്നത് നമ്മുടെ ആശയം മറ്റൊരാളെ അറിയിക്കാനുള്ള മാധ്യമം മാത്രമാണ്. നീ നന്നായി ശ്രമിക്കൂ. ഇത്രയും നിരാശയൊന്നും വേണ്ട. ഇതൊക്കെ എല്ലായിടത്തുമുള്ള പ്രശ്നങ്ങളാണ്.”

മഹിയുടെ വാക്കുകൾ അവളുടെ നഷ്ടപ്പെട്ട ആത്മവിശ്വാസത്തിന് ചൂടു പകർന്നു. അവൾ പിറ്റേന്ന് സാധാരണ പോകുന്ന പോലെ ജോലിയ്ക്കായി ഇറങ്ങി. ബേക്കറിയിലെത്തി. ആരും അവളോട് ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. ദീപ്തി വേഗം തന്‍റെ

ഏപ്രൻ എടുത്തണിഞ്ഞു. ബേക്കറിയുടെ അറ്റത്തുള്ള ഒഴഞ്ഞു കിടക്കുന്ന ബിസ്ക്കറ്റ് ട്രേകൾ അവൾ പെറുക്കിയെടുത്ത് വാഷ്ബേസിനിലേക്ക് എടുത്തു വച്ചു. അന്നത്തെ ദിവസം പതിവുപോലെ അവൾ ആരംഭിച്ചു. അന്നവൾക്ക് ഓരോ ജോലിയും പുതുതായി നൽകിയ ഊർജം പോലെ വളരെ സന്തോഷം നൽകി…

और कहानियां पढ़ने के लिए क्लिक करें...