രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. ഡൽഹിയിലെ 11 അംഗ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യ. മോക്ഷ പ്രാപ്തിക്കു വേണ്ടിയായിരുന്നുവത്രേ കുടുംബത്തിന്‍റെ ഈ കടുംകൈ. ഭക്‌തിയുടെ ഉന്മാദാവസ്‌ഥയിൽ എപ്പോഴോ സംഭവിച്ച ഈ ദുരന്തത്തെ ആധുനിക സമൂഹം എങ്ങനെ കാണുന്നുവെന്നത് പ്രസക്തമാണ്.

ഭാട്ടിയ കുടുംബത്തിന്‍റെ ലക്ഷ്യം മോക്ഷമായിരുന്നുവെങ്കിൽ ഇത്രയും വർഷക്കാലം അമർനാഥ് യാത്ര നടത്തുന്ന ലക്ഷക്കണക്കിനുള്ള ഭക്‌തരുടെയും ലക്ഷ്യം അത് മാത്രമായിരിക്കുമല്ലോ.

മോക്ഷം! യാദൃശ്ചികമെന്ന് പറയട്ടെ, ആ തീയതിയിൽ കഴിഞ്ഞ അമർനാഥ് യാത്രയിൽ മരണപ്പെട്ട യാത്രക്കാരുടെ എണ്ണവും 11 ആയിരുന്നു. പക്ഷേ ഒരെയൊരു വ്യത്യാസം മാത്രം മരണപ്പെട്ടവർ ഒരേ കുടുംബത്തിൽ പെട്ടവരായിരുന്നില്ല. അവർ രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നെത്തിയവരായിരുന്നു.

ആന്ധ്രപ്രദേശിലെ ഫായവലം സ്വദേശി 75 വയസ്സുള്ള തോട്ടാരാധനം അമർനാഥ് യാത്രയ്ക്കിടെ ജൂലൈ 3 ന് ആണ് ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. മരണ സമയത്ത് അയാളൊരു ലംഗറിലെ അടുക്കളയിലായിരുന്നു.

ആന്ധ്രാപ്രദേശിലെ തന്നെ അനന്തപൂരിൽ താമസിക്കുന്ന 65 വയസ്സുകാരൻ രാധാകൃഷ്ണ ശാസ്ത്രിയുടെ മരണം അമർനാഥ് ഗുഹയ്ക്ക് സമീപത്ത് സംഗം എന്ന പേരുള്ള സ്‌ഥലത്ത് വച്ചായിരുന്നു. അദ്ദേഹവും ഹൃദയാഘാതം വന്നാണ് മരിച്ചത്.

ഉത്തരാഖണ്ഡ് സ്വദേശി പുഷ്ക്കർ ജോഷി ബദരിയിലെ മഞ്ഞ് വീഴ്ചയെ തുടർന്ന് ബദരി മാർഗ്ഗിൽ റെയിൽവേ പാളത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇങ്ങനെ ഓരോ സാഹചര്യങ്ങളിലുമായി എത്രയോ പേർ അമർനാഥ് യാത്രയിൽ മരണപ്പെട്ടിരിക്കുന്നു.

മോക്ഷവും മരണവും

ഇവരുടെയൊക്കെ അപകടമരണമായിട്ടും ആരും ഒരു ബഹളവും വച്ചില്ല മറിച്ച് പുണ്യ സ്‌ഥലമായ അമർനാഥിൽ വച്ച് മരിച്ചത് വലിയ ഭാഗ്യമാണെന്നായിരുന്നു പല ഭക്‌തരുടെയും നിരീക്ഷണം. അവർ മരിച്ചതല്ല, മോക്ഷ പ്രാപ്തിയിൽ എത്തിയെന്നായിരുന്നു ബന്ധുക്കളുടെയും മറ്റും കണ്ടെത്തൽ.

ഡൽഹിയിൽ ഭാട്ടിയ കുടുംബം ഈ മോക്ഷമാർഗ്ഗത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഈ വഴി തെരഞ്ഞെടുക്കുമായിരുന്നു എന്നത് സത്യമാണ്. അമർനാഥ് തീർത്ഥാടകരെപ്പോലെ അവരും അമർനാഥിലേക്ക് ജീവനെടുക്കുന്ന യാത്ര തെരഞ്ഞെടുക്കാൻ തുനിഞ്ഞേനെ. പ്രതികൂല കാലാവസ്‌ഥയിൽ പെട്ടോ ഹൃദയാഘാതമുണ്ടായോ അതുമല്ലെങ്കിൽ മറ്റ് വല്ല കാരണത്താലോ മരണമുണ്ടായാലും മോക്ഷം കിട്ടുമല്ലോ. മഞ്ഞുറഞ്ഞ ശിവലിംഗ രൂപത്തെ ദർശിക്കാനുള്ള സൗഭാഗ്യത്തിലൂടെയും മോക്ഷം കിട്ടും.

ഈ രണ്ട് സംഭവങ്ങളും തികച്ചും മതവുമായി ബന്ധപ്പെട്ട് ഉള്ളതാണ്. അമർനാഥ് തീർത്ഥാടനത്തിന് പോയി മരണപ്പെട്ടവരൊന്നും സാമൂഹ്യ പ്രവർത്തനത്തിന് പോയവരായിരുന്നില്ല. മറിച്ച് അവരുടെ ലക്ഷ്യം മോക്ഷം മാത്രമായിരുന്നു. പക്ഷേ മരണശേഷം മോക്ഷം കിട്ടിയോ ഇല്ലയോയെന്നത് ദൈവം യഥാർത്ഥത്തിൽ ഉണ്ടെങ്കിലല്ലേ അറിയാനാവൂ.

വ്യക്‌തമായി പറഞ്ഞാൽ മരണപ്പെട്ട ഈ തീർത്ഥാടകരും ഭാട്ടിയ കുടുംബം ചെയ്‌ത മണ്ടത്തരം മറ്റൊരു രീതിയിൽ ചെയ്യുകയായിരുന്നു. അതുകൊണ്ട് മരണവും മറ്റൊരു രീതിയിൽ സംഭവിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ മോക്ഷവും മരണവും തമ്മിലുള്ള അന്തരമെന്താണെന്നും മരണശേഷം മോക്ഷം കിട്ടുമോ അതോ മോക്ഷം കിട്ടുമ്പോഴാണോ മരണം സംഭവിക്കുകയെന്നതും പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.

അപകടകരമായ തീർത്ഥാടനങ്ങൾ

മതവിശ്വാസത്തിന്‍റെ കാവൽക്കാരും പൂജാരിമാരും തെറ്റൊന്നുമല്ല പറയുന്നത്. ദൈവദർശനം വെറുതെയങ്ങ് കിട്ടുമോ? അതുപോലെ ജീവനോടെയിരിക്കുമ്പോൾ ദക്ഷിണയും ദാനവുമൊന്നും അർപ്പിക്കാതെ ദൈവദർശനവും കിട്ടില്ല. അതുകൊണ്ട് ഭക്‌തരും മറ്റും മോക്ഷപ്രാപ്തിക്കായി പാപങ്ങൾ കഴുകി കളയാനും, മരണശേഷം സ്വർഗ്ഗവാസത്തിനും കാണുന്നയിടത്തേക്കൊക്കെ തീർത്ഥയാത്ര നടത്തിക്കൊണ്ടിരിക്കും.

ഒരു കാര്യം സത്യമാണ്. മരിക്കുന്നവർക്കാണ് മോക്ഷം ലഭിക്കുക. മരിച്ചാലെ മോക്ഷം കിട്ടുവെന്ന ഗ്യാരന്‍റി ആർക്കെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും അത് ഭക്‌തർക്കായിരിക്കും. അമർനാഥ് യാത്രയിലെ വെല്ലുവിളികൾക്ക് സമാനമായ ഉദാഹരണങ്ങളില്ലെന്ന് പറയാം. ജമ്മുവിന് ശേഷം തുടരുന്ന യാത്രയിലെ ഓരോ ചുവടുവയ്പിലും മരണം ഒരു നിഴലു പോലെ ഭക്‌തരെ പിന്തുടർന്നു കൊണ്ടിരിക്കും. മണ്ണിടിച്ചിൽ, ശക്തമായ മഴ, മേഘ വിസ്ഫോടനം, മഞ്ഞ് വീഴ്ച എന്നിവ യാത്രാവേളയിലുണ്ടാകുന്ന സാധാരണ അപകടങ്ങൾ മാത്രമാണ്. മറ്റൊരു വലിയ അപകടം തീവ്രവാദി ആക്രമണങ്ങളാണ്.

ട്രാവൽ ഏജന്‍റുമാർ മാടി വിളിക്കുന്നു

അമർനാഥ് യാത്ര സംഘടിപ്പിക്കുന്ന ട്രാവൽ ഏജന്‍റുമാർ ഓരോ നഗരത്തിലും സജീവമായുണ്ട്. അവരെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഫ്ളക്സുകളും ബാനറുകളും അമ്പലങ്ങളിൽ തൂക്കിയിട്ടുമുണ്ട്. ക്ഷേത്രങ്ങളിൽ കാണിക്കയർപ്പിക്കുന്നതിന് പകരമായി ചിലയിടങ്ങളിൽ ബസ് – ട്രെയിൻ യാത്ര സൗജന്യമാക്കിയിട്ടുമുണ്ട്.

അതുകൊണ്ട് അമർനാഥിലെ ശിവ ലിംഗം ദർശിക്കാൻ വേണ്ടി രാജ്യമെമ്പാടുമുള്ള ഭക്‌തരാണ് ഗ്രൂപ്പുകളായി അമർനാഥ് യാത്രയ്ക്ക് പുറപ്പെടുന്നത്. ജമ്മുവിന് ശേഷം പഹൽഗാമും ബാൽടാലിന്‍റെ രണ്ട് വഴികളിലൂടെ അമർനാഥ് ഗുഹ വരെ എത്തിച്ചേരും. ഇതിൽ ബാൽടാലിലൂടെയുള്ള വഴി ഏറ്റവും അപകടം പിടിച്ചതാണ്. എന്നാൽ ഭൂരിഭാഗം ഭക്തരും തെരഞ്ഞെടുക്കുന്നതും ഈ മരണവഴിയാണെന്നതാണ് വിസ്മയിപ്പിക്കുന്ന കാര്യം.

മോക്ഷപ്രാപ്തിക്കു വേണ്ടി ആളുകളെ ഇളക്കിവിടുന്ന മതപണ്ഡിതന്മാർക്കും ഇവിടെ പഞ്ഞമില്ല. പാപ പങ്കിലമായ ഈ ജീവിതം പാപമുക്തമാക്കാൻ തീർത്ഥാടനങ്ങൾ നല്ലതാണെന്ന് പറഞ്ഞ് പുരോഹിതന്മാർ ഭക്‌തരെ മുതലെടുക്കുന്നു. തീർത്ഥാടനം നടത്താത്തവരുടെ ജന്മം വ്യർത്ഥമാണെന്നും ജീവിതം മൃഗതുല്യമാണെന്നും അവർ ഘോരം ഘോരം പറഞ്ഞു കൊണ്ടിരിക്കും.

പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ മഹത് വൽക്കരിച്ച് കാണിക്കുന്നതും ഭക്തരെ അത്തരമിടങ്ങളിലേക്ക് ആകർഷിക്കുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം പിന്നിൽ പണം തന്നെയാണ് ലക്ഷ്യം. ഇനി പണമില്ലാത്തവനാണെങ്കിൽ അവർക്ക് തീർത്ഥാടനം നടത്താനുള്ള ലോണും നൽകും. അതിന്‍റെ പലിശ നിരക്ക് ഇനിയെത്ര കൂടിയാലും അതൊക്കെ ഭക്‌തിയുടെ നിറവിൽ ചോദ്യം ചെയ്യപ്പെടാതെ പോകും. ദൈവം തോന്നിപ്പിച്ച് വിളിക്കുന്നതാണ്, അതുകൊണ്ട് ഇനിയെത്ര പണം ചെലവായാലെന്ത് എന്ന മനോഭാവമായിരിക്കും. ഭക്‌തർക്ക് തീർത്ഥാടന മരണങ്ങൾ അവനവൻ കുഴിക്കുന്ന കുഴിയാണ്.

പ്രശ്നങ്ങൾ കുറയുന്നില്ല

അമർനാഥ് യാത്ര നടത്തിയവർക്ക് അത്ര നല്ല അനുഭവങ്ങൾ ഉണ്ടാകണമെന്നില്ല. ഇത്തവണ കാലാവസ്ഥ മോശമായതിനാൽ പലതവണ യാത്ര തടസ്സപ്പെട്ടു. ദുർഘടമായ പർവ്വതങ്ങളിൽ കുടുങ്ങി പോയ തീർത്ഥാടകരാകട്ടെ മന്ത്രങ്ങൾ ജപിച്ച് ദിവസങ്ങൾ കഴിച്ചു കൂട്ടി. കാലാവസ്‌ഥ അനുകൂലമായതോടെ വീണ്ടും അവർ യാത്ര തുടർന്നു. എല്ലാം ദൈവത്തിന്‍റെ പരീക്ഷണമെന്ന മട്ടിൽ. ഇതെന്ത് ഭക്തിയാണ്? ഏറ്റവും ദുർഘടമായ സ്‌ഥലമാണെന്ന് അറിഞ്ഞിട്ടും സ്വന്തം ജീവൻ പണയപ്പെടുത്തുക. പിന്നീട് ദൈവമന്ത്രങ്ങൾ ഭജിക്കുക. അഥവാ പ്രാർത്ഥനയിൽ എന്തെങ്കിലും ശക്‌തിയുണ്ടായിരുന്നുവെങ്കിൽ അത് ഒറ്റയടിയ്ക്ക് കാലാവസ്‌ഥ അനുകൂലമാക്കുമായിരുന്നില്ലേ?

11 മരണങ്ങൾ നടന്നത് വലിയ അദ്ഭുതമല്ല. മരിച്ച് ജീവനോടെ വരുന്നതാണ് അദ്ഭുതം. കാരണം അവർ അമർനാഥിൽ ദൈവത്തിന്‍റെ മടിത്തട്ടിലല്ലേ. ഭക്‌തർക്ക് ദോഷം വരുന്നത് ദൈവം തടയില്ലേ? എന്നാൽ യഥാർത്ഥത്തിൽ ഇത് സംഭവിക്കുന്നില്ല. ഇത് ഏതോ ഭക്‌തി സിനിമയിൽ സംഭവിക്കുന്ന കാര്യം പോലെയാണ്.

ലംഗർ കൊള്ളയടി

ഭക്‌തരുടെ അമർനാഥ് യാത്രയുടെ മറ്റൊരു രഹസ്യം ലംഗർ (പൊതു സൗജന്യ അടുക്കള) ആണ്. ലംഗറുകളിൽ ഒരുക്കുന്ന ഭക്ഷണം രുചിപ്രദവും ഗുണവുമുള്ളതാണെന്ന കേട്ടു കേൾവിയാണ് അവരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത്. എല്ലാ പ്രദേശത്തേയും ഭക്ഷണം വിളമ്പുമെന്ന പ്രചാരവും ലംഗറുകളെ കുറിച്ചുണ്ട്. ഭക്‌തർക്ക് ഫ്രീയായിട്ട് മൂക്കുമുട്ടെ കഴിക്കാമല്ലോ.

പക്ഷേ സത്യം മറ്റൊന്നാണ് ഈ വർഷവും പതിവു പോലെ ലംഗറുകൾക്ക് ചാകരയായിരുന്നു. ഇക്കാര്യം എങ്ങനെ അറിഞ്ഞുവെന്നത് അറിയുന്നതിന് മുമ്പായി ഒരു കാര്യം അറിയേണ്ടതാവശ്യമാണ്.

ഈ ലംഗറുകൾ വളരെ ദുർഘടം പിടിച്ച ഇടങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഭക്ഷണമൊരുക്കാൻ ഇവരുടെ കൈവശമുള്ളതെല്ലാം ദാനങ്ങളായി കിട്ടുന്നവയാണ്. അതൊക്കെ സംഘാടകർ സ്വന്തം മേഖലകളിൽ നിന്നും ശേഖരിച്ച് കൊണ്ടുവരുന്നതാണ്. ആട്ട, പരിപ്പ്, അരി തുടങ്ങി കശുവണ്ടി പരിപ്പ്, കിസ്മിസ് വരെ അമർനാഥ് യാത്രയുടെ പേരിൽ ദാനങ്ങളായി കിട്ടുന്നു. ആളുകൾ പുണ്യം കിട്ടാനായി നിർലോഭം ദാനം ചെയ്യുകയും ചെയ്യും. അത് മാത്രമല്ല സമിതി നല്ലൊരു തുകയും സംഭാവനയായി സ്വീകരിക്കും. പർവ്വത മേഖലയിൽ നല്ലൊരു ഇടം കണ്ടുപിടിച്ച് താൽക്കാലിക ടെന്‍റ് കെട്ടി അടുക്കള സ്‌ഥാപിക്കും. ആളുകൾക്ക് സൗജന്യമായി എന്ത് കിട്ടിയാലും സന്തോഷമാണല്ലോ.

ഇത്തവണയാണെങ്കിൽ ലംഗറുകൾ പരിധി വിട്ടതു പോലെയായിരുന്നു. കാലാവസ്‌ഥ പ്രതികൂലമായതോടെ റേഷൻ സപ്ലൈ കുറഞ്ഞു. അതോടെ ലംഗറുകളുടെ സംഘാടകർ വളരെ പരസ്യമായി തീർത്ഥാടകരിൽ നിന്നും പണം ഈടാക്കാൻ തുടങ്ങി. അതു പോലെ തീർത്ഥാടനത്തിന്‍റെ മറവിൽ നടക്കുന്ന കൊള്ളയും ഭീകരമാണ്. ടെന്‍റ് ഉടമകൾ തീർത്ഥാടകരിൽ നിന്നും ദിവസവും 600 രൂപയാണ് താമസത്തിനായി ഈടാക്കുന്നത്. 20 രൂപ വില വരുന്ന കുപ്പി വെള്ളത്തിന് 60 രൂപയാണ് അവർ ഈടാക്കുന്നത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ച് കാണാറില്ല.

ചെലവ് കൂടിയ തീർത്ഥാടനങ്ങൾ

പണ്ടത്തെ പോലെ വളരെ ചെലവ് കുറഞ്ഞതല്ല തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രകൾ. ഇപ്പോഴാണെങ്കിൽ ദൂര സ്‌ഥലങ്ങളിൽ നിന്നുള്ളവർ എസി കോച്ചിൽ യാത്ര ചെയ്‌താണ് തീർത്ഥാടന കേന്ദ്രങ്ങളിലെത്തുന്നത്. താമസിക്കുന്നത് വലിയ ആഡംബര ഹോട്ടലിലും. കാരണം അവർക്ക് എല്ലാവിധ സുഖസൗകര്യങ്ങളും വേണം. ഹരിദ് വാർ, ഇലഹാബാദ്, പുഷ്കർ, ഗയ തുടങ്ങിയ ഡസൻ കണക്കിന് വരുന്ന തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകൾ ലഭ്യമാണ്. ഇത്തരമിടങ്ങളിൽ സേവനങ്ങളുടെ പേരിൽ പണം പിടുങ്ങാൻ ആയിരക്കണക്കിനു ആളുകളുണ്ട്.

അമർനാഥ് പോലെയുള്ള യാത്രകൾക്കായി സർക്കാരും കോടികണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. സൈന്യത്തെ ഡ്യൂട്ടിയിൽ നിയോഗിക്കാനും മറ്റ് സുരക്ഷാ സജ്ജീകരണങ്ങൾക്കും സർക്കാർ പണം വാരിക്കോരി വിനിയോഗിക്കുന്നുണ്ട്. ഇതെല്ലാം ഭക്‌തിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു….

और कहानियां पढ़ने के लिए क्लिक करें...