ഇലകളും പൂക്കളും, കവിത ശകലങ്ങളും അക്ഷരങ്ങളും കഥകളിലെ കഥാപാത്രങ്ങളും മനുഷ്യരൂപങ്ങളും നവരസഭാവങ്ങളു മൊക്കെ ഹാൻഡ് മെയ്ഡ് ഫാബ്രിക് ഡിസൈനുകളായി വസ്ത്രങ്ങളിൽ ആവിഷ്കരിക്കുകയാണ് ഈ കലാകാരി. യൂണിക് ആന്‍റ് പെർഫക്റ്റ് എന്നതാണ് വിനിത, വസ്ത്രങ്ങളിൽ ഒരുക്കുന്ന ഓരോ ഡിസൈനിന്‍റെ യും മുഖമുദ്ര. ഒപ്പം കസ്റ്റമൈസ്ഡ് ഡിസൈനുകളുമുണ്ട് അക്കൂട്ടത്തിൽ. “ഇല”യെന്ന തന്‍റെ പെറ്റ് ബ്രാന്‍റിൽ ഹാന്‍റ് പെയിന്‍റഡ് വസ്ത്രങ്ങളുടെ ബിസിനസ് സംരഭവും വിനീതയ്ക്ക് സ്വന്തമായുണ്ട്.

വസ്ത്രങ്ങളിൽ ഹാൻഡ് മെയ്ഡ് ഡിസൈനുകൾ ഒരുക്കുന്ന വിനിതയ്ക്ക് ഒരു കാര്യം നിർബന്ധമാണ്. ഓരോ ഡിസൈനിലും തന്‍റെ കയ്യൊപ്പ് പതിഞ്ഞിരിക്കണമെന്നത്. അത്രയേറെ നിഷ്ഠയോടെയും അർപ്പണത്തോടെയുമാണ് ഈ കലാകാരി വസ്ത്രങ്ങളിൽ ഹാൻഡ് മെയ്ഡ് ഡിസൈനുകൾ ഒരുക്കുന്നത്.

ഇക്കാര്യത്തിൽ വിനീത കുറേയേറെ നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. തുടർന്നാണ് അവയൊക്കെയും വസ്ത്രങ്ങളിൽ മനോഹരങ്ങളായ ഡിസൈനുകളായി പിറവി കൊള്ളുന്നത്. കവയത്രിയും കൂടിയായതിനാൽ വിനിതയുടെ വരകളിലുമുണ്ട് കാവ്യഭംഗിയുടെ ഇമ്പവും താളവും. അതുകൊണ്ടാണ് തന്‍റെ കലാവിഷ്ക്കാരങ്ങളിൽ ഈ കലാകാരി നവീന ആശയങ്ങൾ ഉൾപ്പെടുത്തുന്നതും. ടൈപ്പോഗ്രാഫി, മലയാള അക്ഷരങ്ങൾ, ഇല്യുസ്ട്രേഷൻ, പുസ്തകങ്ങളുടെ കവർ പേജ് ഇല്യുസ്ട്രേഷൻ, ഡൂഡിൽ ആർട്ട്, സൂഫി സ്കെച്ച് ഡിസൈൻ എന്നിങ്ങനെ ഹാൻഡ് പെയിന്‍റഡ് ഡിസൈനുകളിൽ നവീനങ്ങളായ ആശയങ്ങളും ഈ കലാകാരി ഉൾപ്പെടുത്തുന്നു. സുഗന്ധി എന്ന ആണ്ടാൾ ദേവനായകിവ എന്ന ടിഡി രാമ കൃഷ്ണന്‍റെ പ്രശസ്ത നോവലിന്‍റെ കവർ ഇല്യുസ്ട്രേഷൻ ആലേഖനം ചെയ്‌ത ഫാബ്രിക്ക് ഹാൻഡ് പെയിന്‍റിംഗ് ഏറെ ശ്രദ്ധേയമാണ്.

സാരിയിലും കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിലും ചെയ്യുന്ന പോർട്രെയിറ്റ് ഡിസൈനുകളാണ് വിനിതയുടെ മറ്റൊരു പരീക്ഷണം. പ്രിയപ്പെട്ടവർക്കോ കൂട്ടുകാർക്കോ സമ്മാനമായി നൽകാൻ ആവശ്യപ്പെട്ട് വരുന്നവർക്കാണ് വിനിത ഇത്തരത്തിൽ കസ്റ്റമൈസ്ഡ് ഡിസൈനുകൾ ചെയ്‌ത് കൊടുക്കുന്നത്.

വരയുടെ ലോകത്ത്

“ടിടിസി കഴിഞ്ഞ് അദ്ധ്യാപികയായി ജോലി ചെയ്‌ത് കൊണ്ടിരിക്കുന്നതിനിടെയാണ് നടുവേദന വില്ലനായി കടന്നു വരുന്നത്. ദീർഘനേരം നിന്നു കൊണ്ട് കുട്ടികളെ പഠിപ്പിക്കലും ഇരുപ്പും വേദനയുടെ കാഠിന്യം കൂട്ടി. ഒടുവിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോഴാണ് നട്ടെല്ലിലെ ഡിസ്കിന് പ്രശ്നമുള്ളതായി കണ്ടെത്തിയത്. സ്ട്രെയിൻ കൂടുമ്പോൾ നട്ടെല്ലിന് പ്രശ്നമാകും. കഠിനമായ വേദനയുണ്ടാവും. അതുകൊണ്ട് അദ്ധ്യാപന ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ലാതെയായി.” വിനിത ആ സങ്കട കാലത്തെക്കുറിച്ച് പറയുന്നു.

vinitha_raphael

തുടർന്ന് മാനസിക സംഘർഷങ്ങളുടെ കാലം. ഇഷ്ടപ്പെട്ട ജോലിയിൽ ഇനി തുടരാനാവില്ലല്ലോയെന്ന സങ്കടം. ആ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് മറ്റൊന്നിലേക്ക് മനസ് കേന്ദ്രീകരിക്കേണ്ടതാവശ്യമാണെന്ന് വിനിതയ്ക്ക് സ്വയം തോന്നി തുടങ്ങി. അവിടെ നിന്ന് നിറക്കൂട്ടുകളുടെ മറ്റൊരു ലോകത്തെക്കുറിച്ച് വിനിത സ്വപ്നം കണ്ടു തുടങ്ങി. തന്നിലൊരു കലാകാരി ഒളിഞ്ഞിരുപ്പുണ്ടെന്ന തിരിച്ചറിവിലേക്കുള്ള യാത്രയായിരുന്നു പിന്നീട്.

അദ്ധ്യാപനത്തിൽ നിന്നും വരയുടെ ലോകത്തേക്കുള്ള ചുവടു മാറ്റത്തെക്കുറിച്ച് വിനിത പറയുന്നതിങ്ങനെ, “ടിടിസിയ്ക്ക് പഠിക്കുന്ന സമയത്ത് ഒരു പെയ്ന്‍റിംഗ് വർക്ക്ഷോപ്പിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം കിട്ടിയതാണ് പിന്നീട് വരയുടെ ലോകത്തേക്ക് എന്നെ എത്തിച്ചത്. ആ സമയത്ത് എന്‍റെയും അമ്മയുടെയും സാരിയിലായിരുന്നു ഫാബ്രിക്ക് പെയ്ന്‍റിംഗ് പരീക്ഷണങ്ങളത്രയും… പെയ്ന്‍റ് ചെയ്‌ത് കുറേ സാരി നശിപ്പിച്ചു. അതിന് അമ്മയുടെ കയ്യിൽ നിന്നും ശകാരവും കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ വേണ്ട ഗൈഡൻസ് തരാൻ ആരുമുണ്ടായിരുന്നില്ല. വീട്ടിൽ ബന്ധുക്കളും അച്‌ഛനും സഹോദരൻ വിപിൻ റാഫേലുമൊക്കെ ചിത്രരചനയിൽ താൽപര്യമുള്ളവരായിരുന്നു. അതുകൊണ്ടാവും എനിക്കും വരയോട് ഇഷ്ടം തോന്നിയത്.”

“സ്ക്കൂളിൽ പഠിക്കുമ്പോൾ എനിക്കിങ്ങനെയൊരു കഴിവുണ്ടെന്ന കാര്യമേ അറിയില്ലായിരുന്നു. അന്നൊക്കെ നാണം കുണുങ്ങിയായ കുട്ടിയായിരുന്നു. ഒരാളുടെ മുഖത്തേക്ക് നോക്കി ചിരിക്കാനുള്ള ധൈര്യം പോലുമില്ല. അത്ര പേടിയായിരുന്നു. ആ ഞാനിപ്പോൾ ക്യാമറ നോക്കി ചിരിക്കും. ഒരുപാട് മാറ്റമുണ്ടായി. ആ ട്രാൻസിഷൻ ഒരു പക്ഷേ ഈ കലയിൽ നിന്നുണ്ടായതാവാം…” വിനിത ചിരിയോടെ പഴയ സ്ക്കൂൾ ദിനങ്ങളെപ്പറ്റി ഓർത്തെടുത്തു.

ഫാബ്രിക്ക് പെയ്ന്‍റിംഗ് ചെയ്‌ത് തുടങ്ങിയത് വിനിതയ്ക്കത് കൂടുതൽ പ്രതീക്ഷ നൽകി. “കൊള്ളാം! സ്ക്കൂളിൽ ജോലി കിട്ടിയില്ലേലും പെയ്ന്‍റിംഗ് ചെയ്‌ത് വരുമാനം കണ്ടെത്താമല്ലൊ… എന്നൊക്കെ ഞാൻ തമാശയായി കൂട്ടുകാരോട് പറയുമായിരുന്നു. പക്ഷേ അത് പിന്നീട് യാഥാർത്ഥ്യമായി മാറിയെന്നതാണ് വലിയൊരു അദ്ഭുതം. നമ്മളെന്ത് ചിന്തിക്കുന്നോ അത് യാഥാർത്ഥ്യമാകുമെന്ന ബുദ്ധവചനം എന്‍റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയായി.”

കലാജീവിതത്തിലെ ആദ്യനാളുകൾ

“വസ്ത്രങ്ങളിൽ ഹാൻഡ് പെയിന്‍റഡ് ഡിസൈനുകൾ ചെയ്‌ത് തുടങ്ങിയ സമയത്ത് യുട്യൂബും സ്മാർട്ട് ഫോണുമൊന്നും അത്ര പോപ്പുലറല്ലാത്തതിനാൽ ഫാബ്രിക്ക് പെയിന്‍റിംഗിനെപ്പറ്റി ആധികാരികമായ അറിവുകൾ ഉണ്ടായിരുന്നില്ല. മ്യൂറൽ വർക്ക് ചെയ്യുന്ന ചില കലാകാരികൾ ചെയ്‌ത ചില വർക്കുകളുടെ ഫോട്ടോ വെബ് പേജിലുണ്ടായിരുന്നതാണ് എന്‍റെ ആദ്യ റഫറൻസ്. അതൊക്കെ നോക്കിയായിരുന്നു മ്യൂറൽ ചിത്ര കലാരീതിയെക്കുറിച്ച് അറിഞ്ഞത്. അന്നൊക്കെ അതൊക്കെ കണ്ട് ഫാബ്രിക് ഡിസൈനുകൾ ചെയ്യുമ്പോൾ എല്ലാവരും എന്നെ കുറ്റം പറയുമായിരുന്നു. എന്ത് കാര്യത്തിനും നല്ലതും മോശവും പറയാനാളുകൾ ഉണ്ടാവുമല്ലോ.

മേശയുടെ പുറത്തും കട്ടിലിലുമൊക്കെ സാരി വിരിച്ചിട്ടാണ് ഞാൻ ഡിസൈൻ ചെയ്‌തിരുന്നത്. അന്നൊക്കെ സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഞാൻ തന്നെ അണിഞ്ഞു നടക്കുമായിരുന്നു. ആളുകൾ അതൊക്കെ കണ്ട് ഹാൻഡ് പെയിന്‍റഡ് വസ്ത്രങ്ങൾക്കായി താൽപര്യം കാട്ടി തുടങ്ങി. നെട്ടൂര് എന്‍റെ വീടിന് പരിസരത്ത് നിന്നും സ്ത്രീകൾ അവരുടെ സാരിയിൽ കസ്റ്റമൈസ്ഡ് ഡിസൈൻ ചെയ്‌ത് നൽകാമോ എന്നാവശ്യപ്പെട്ട് എന്നെ സമീപിക്കാൻ തുടങ്ങി. അതായിരുന്നു ഒരു ബിസിനസ് സംരംഭം തുടങ്ങാനുള്ള ലക്ഷ്യത്തിൽ എത്തിച്ചത്. അതും കസ്റ്റമൈസ്ഡ് ഹാൻഡ് പെയിന്‍റഡ് വസ്ത്രങ്ങൾക്കായി. അതിന് പിന്തുണയായി സുഹൃത്തുക്കളും വീട്ടുകാരും ഒപ്പം നിന്നതോടെ ഇല ഹാൻഡ് പെയിന്‍റഡ് സാരീസ് എന്ന പേരിൽ ബിസിനസ് സംരംഭം പിറവി കൊണ്ടു. ഇപ്പോൾ 4 വർഷമായിരിക്കുന്നു.” ഇലയുടെ ഹാൻഡ് മെയ്ഡ് ഡിസൈനുകൾക്ക് കേരളത്തിനകത്തും പുറത്തും നിറയെ ആരാധകരാണിപ്പോൾ. ബോംബെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നു വരെ കസ്റ്റമൈസ്ഡ് ഡിസൈനുൾക്കായി ഓർഡറുകൾ വിനിതയെ തേടി വരുന്നുണ്ട്. അതിനൊപ്പം സെലിബ്രിറ്റികളായ മധുപാൽ, ടിവി അവതാരക അശ്വതി ശ്രീകാന്ത്, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ചു രഞ്ചിമാർ, സൂര്യ ഇഷാൻ, എഴുത്തുകാരി ഇന്ദുമോനോൻ, സിനിമ താരം അശ്വിൻ (ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം) ഗായകൻ മുഹമ്മദ് മഖ്ബൂൽ മൻസൂർ, മായാ മോനോൻ എന്നിവരും വിനിതയുടെ ഹാൻഡ് മെയ്ഡ് ഡിസൈനുകളുടെ ആരാധകരാണ്.

ഇലയുടെ പ്രത്യേകതകൾ

ഹാൻഡ് മെയ്ഡ് ഡിസൈനുകളിൽ സ്വന്തം ഡിസൈനുകൾ ഒരുക്കുന്നതിനൊപ്പം വസ്ത്രങ്ങളിൽ കസ്റ്റമൈസ്ഡ് ഡിസൈനുകളും ചെയ്ത് നൽകാറുണ്ട് വിനിത. വിശേഷാവസരങ്ങളിൽ സമ്മാനിക്കാനായി വസ്ത്രങ്ങളിൽ കസ്റ്റമൈസ്ഡ് ഡിസൈൻ ചെയ്യണമെന്നാവശ്യവുമായി വരുന്നവരുമുണ്ട്. ഈയടുത്ത് ഒരു ഉത്തരേന്ത്യൻ പെൺകുട്ടിയ്ക്ക് മൺകുടം തയ്യാറാക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം വസ്ത്രത്തിൽ ഡിസൈൻ ചെയ്‌ത് നൽകിയിരുന്നു. അതുപോലെ കോളേജ് കുട്ടികൾ ദുപ്പട്ടയിലും മറ്റും കസ്റ്റമൈസ്ഡ് ഡിസൈനുകൾ ചെയ്യിക്കാൻ വിനിതയെ സമീപിക്കാറുണ്ട്.

മിനിമലിസ്റ്റിക് ഡിസൈനുകളാണ് ലേറ്റസ്റ്റ് ട്രെന്‍റ്. അതിൽ ഫ്ളോറൽ, മനുഷ്യരൂപങ്ങൾ, ഇലകൾ എന്നിവയെല്ലാം മിനിമലിസ്റ്റിക് ഡിസൈനുകളിൽ വിനിതയുടെ ചായം പുരണ്ട ബ്രഷിൽ പിറവി കൊള്ളുന്നു. ഹാൻഡ് മെയ്ഡ് ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ ഫാഷൻ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കാറുമുണ്ട്. വിനിതയുടെ കൂട്ടുകാർ തന്നെയാണ് മോഡലുകളും ഫോട്ടോഗ്രാഫർമാരായും ഫാഷൻ ഫോട്ടോ ഷൂട്ടിൽ അണിനിരക്കുന്നത്. ചിലപ്പോൾ മോഡലുകളെ ലഭ്യമല്ലെങ്കിൽ ഡിസൈൻ ചെയ്‌ത വസ്ത്രങ്ങൾക്ക് വിനിത സ്വയം മോഡലുമാകാറുണ്ട്.

പുതിയ പരീക്ഷണങ്ങൾ

ക്രിസ്മസ്സിനു വേണ്ടി ഫാബ്രിക്കിൽ യേശു ക്രിസ്തുവിന്‍റെ മ്യൂറൽ ഡിസൈൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി. അതുപോലെ പഴയ മ്യൂറൽ ചിത്രങ്ങളെ ആവിഷ്കരിച്ച് നവരസ ഭാവങ്ങൾ ഒരുക്കിയുള്ള ഹാൻഡ് മെയ്ഡ് ഡിസൈനൊരുക്കണമെന്നതാണ് വിനിതയുടെ മറ്റൊരു സ്വപ്നം.

ഹാൻഡ് മെയ്ഡ് ഡിസൈനുകളിൽ കാലികവും തനതുമായ മാറ്റങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന വിനിതയ്ക്ക് മറ്റൊരു മോഹം കൂടിയുണ്ട്. സിനിമയിൽ കൊസ്റ്റ്യും ഡിസൈൻ ചെയ്യണമെന്ന മോഹം.

കലാകാരിയും കവയത്രിയും

മികച്ചൊരു കലാകാരിയെന്ന പോലെ തന്നെ മികച്ചൊരു കവയത്രിയും കൂടിയാണ് വിനിത. നിരവധി കവിതകൾ രചിച്ചിട്ടുള്ള വിനിത തന്‍റെ രണ്ടാമത്തെ പുസ്തകത്തിന്‍റെ പണിപ്പുരയിലാണിപ്പോൾ. ഫോസിലുകൾ ആയിരുന്നു ആദ്യ കവിതാ സമാഹാരം. 2011 ൽ മലയാള നാടിന്‍റെ അവാർഡും വിനിതയ്ക്ക് ലഭിച്ചിരുന്നു. അന്ന് മഹാകവി അക്കിത്തത്തിനൊപ്പം വേദിയിലിരിക്കാൻ അവസരം കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു ഈ കവയത്രി. ഓൺലൈൻ മാഗസിനുകളിൽ കവിത എഴുത്തിൽ സജീവമാണ്.

കഥാരചനയേക്കാളിലും കവിതാ രചനയോടാണ് വിനിതയ്ക്ക് ഏറെ താൽപര്യം. ലിംഗപരമായ അസമത്വങ്ങളും പൊതു സമൂഹത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട വിഷയങ്ങളുമാണ് വിനിതയുടെ കവിതകളിലെ പ്രമേയം. അതേക്കുറിച്ച് രസകരമായ ഒരനുഭവം വിനിത പങ്കുവയ്ക്കുന്നു. “ഒരിക്കൽ മുലകളെക്കുറിച്ച് കവിതയെഴുതി അമ്മയെ കാണിച്ചപ്പോൾ അമ്മയ്ക്ക് ദേഷ്യം വന്നു. നീയെന്തൊക്കെ ഊളത്തരമാ എഴുതിവച്ചിരിക്കുന്നത് എന്നായിരുന്നു അമ്മയുടെ വിമർശനം. ഇത്തരം പദങ്ങൾ പൊതു സമൂഹത്തിൽ പറയുന്നത് തെറ്റായി കാണുന്നു. സമൂഹം അവയെ ലൈംഗികാവയവമായി കാണുന്നത് കൊണ്ട് മാറ്റി നിർത്തപ്പെടുന്നു.”

“കവിതയെഴുത്തിൽ കുറേയേറെപ്പേരെ ഇഷ്ടമാണെങ്കിലും കൂഴുർ വിൽസണിന്‍റെ കവിതകളോട് ഒരു പ്രത്യേകയിഷ്ടമുണ്ട്. ഹൃദയ സ്പർശിയായിട്ടുള്ള കവിതകളാണ് അദ്ദേഹത്തിന്‍റേത്. അദ്ദേഹം അത് ചൊല്ലുന്നത് കേൾക്കാനും ഒരു പ്രത്യേക രസമാണ്. സ്ത്രീകളിൽ ഗിരിജ ചേച്ചിയുടെ (വിഎം.ഗിരിജ) കവിതകളും. ഇപ്പോൾ ലോകകവിതകൾ വായിച്ച് തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഏറെയിഷ്ടപ്പെട്ട കവിയാണ് അഡോണിസ്. കവിതയുടെ ലോകം എത്ര വിശാലമാണ്.”

കലയേയും കവിതയേയും ഒരുപാടിഷ്ടപ്പെടുന്ന വിനിത പറയുന്നതിങ്ങനെ, “കവിത എന്‍റെ ആത്മാവിനോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. എന്നാൽ ചിത്രരചന മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ഉദാത്തമായ ഒരു ഉപാധിയും. രണ്ടിലൂടെയും എന്‍റെ ലക്ഷ്യം സന്തോഷവും ആത്മസംതൃപ്തിയും തന്നെ.”

और कहानियां पढ़ने के लिए क्लिक करें...