ഗർഭകാലത്ത് സ്ത്രീകൾക്ക് ധാരാളം ശാരീരിക മാനസിക മാറ്റങ്ങളിലൂടെ കടന്നു പോകേണ്ടതായി വരാറുണ്ട്. ഈ സാഹചര്യത്തിൽ അമ്മയുടെയും ജന്മമെടുക്കാൻ പോകുന്ന കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ഗർഭധാരണത്തിന് മുമ്പായി മികച്ചൊരു പ്ലാനിംഗ് തയ്യാറാക്കുക. ഗർഭാവസ്ഥയ്ക്ക് 4 ഘട്ടങ്ങളുണ്ട്. ഗർഭകാലത്തിന് മുമ്പ്, ഗർഭകാലം, പ്രസവം, പ്രസവശേഷം എന്നിങ്ങനെ. നമുക്ക് ഈ 4 ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാം. അതുപോലെ മുൻകരുതലുകളെക്കുറിച്ചും.
ഗർഭകാലത്തിന് മുമ്പ്
അമ്മയാകാൻ തയ്യാറെടുക്കുന്നവർ ഏറ്റവുമാദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്. ആരോഗ്യകരമായ പ്രഗ്നൻസി പ്ലാൻ ചെയ്യാനിത് സഹായിക്കും. ഗർഭധാരണത്തിന് 3 മാസം മുമ്പ് പ്രീ പ്രഗ്നൻസി പിരീഡ് എന്നു വിശേഷിപ്പിക്കുന്ന കാലയളവിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടാക്കുക വഴി പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുന്നതിനൊപ്പം ഗർഭകാലത്ത് ഉണ്ടാകുന്ന വിഷമതകളെ ലഘൂകരിക്കുകയും ചെയ്യുന്നു. പ്രസവശേഷം ശരീരം വേഗത്തിൽ സാധാരണഗതിയിലാകാൻ സഹായിക്കുകയും ചെയ്യും.
പ്രഗ്നൻറ് ആവുന്നതിന് മുമ്പായി ഡോക്ടറോട് സ്വന്തം മെഡിക്കൽ ഹിസ്ട്രിയെക്കുറിച്ച് സംസാരിച്ച് ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കുക.
• ഡയബറ്റീസ്, തൈറോയിഡ്, ആസ്തമ, കിഡ്നി, ഹാർട്ട് ഡിസീസ് എന്നിങ്ങനെ പ്രശ്നങ്ങൾ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. അഥവാ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഗർഭധാരണത്തിന് മുമ്പായി രോഗം നിയ്രന്തണ വിധേയമാക്കണം.
• ഗർഭധാരണത്തിന് മുമ്പ് എച്ച്ഐവി, ഹെപ്പടൈറ്റിസ് ബി, സിഫിലിസ് എന്നിവയ്ക്കുള്ള പരിശോധനകൾ നടത്തിയിരിക്കണം. അങ്ങനെ ചെയ്താൽ ഗർഭധാരണത്തിലോ പ്രസവസമയത്തോ കുഞ്ഞിന് അതിന്‍റെ അണുബാധയുണ്ടാവുകയില്ല.
• ചിക്കൻപോക്സ് പോലെയുള്ള രോഗങ്ങളിൽ നിന്നും മോചനം നേടുന്നതിന് കുത്തിവയ്പ്പ് എടുത്തിട്ടുണ്ടോ ഇല്ലയോയെന്ന് രക്‌തപരിശോധന നടത്തി ഉറപ്പ് വരുത്തുക. അഥവാ ഈ രോഗങ്ങളുടെ സാദ്ധ്യത ഉണ്ടെങ്കിൽ ഗർഭസ്ഥ ശിശുവിനെ അത് ദോഷകരമായി ബാധിക്കും.
• ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ് എന്നിവയ്ക്കുള്ള പരിശോധനകളും നടത്തുക.
• നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഡൗൺസിൻഡ്രോം, തലസ്മിയ എന്നിങ്ങനെയുള്ള മെഡിക്കൽ ഹിസ്ട്രിയുണ്ടെങ്കിൽ ഇക്കാര്യം ഡോക്ടറെ അറിയിക്കണം.
• യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെങ്കിൽ അതിനുള്ള പരിശോധനകളും നടത്തിയിരിക്കണം. പ്രശ്നമുണ്ടായി തുടങ്ങുമ്പോൾ തന്നെ ഗർഭധാരണത്തിന് മുമ്പായി ചികിത്സിച്ച് ഭേദപ്പെടുത്തണം.
സർവിക്കൽ സ്മിയർ
കഴിഞ്ഞതവണ സർവിക്കൽ സ്മിയർ ടെസ്റ്റ് പരിശോധന എപ്പോഴാണ് നടത്തിയതെന്ന കാര്യം ഡോക്ടറെ അറിയിക്കാം. അടുത്ത പരിശോധന നടത്തേണ്ട സമയം ഒരു വർഷത്തിനുള്ളിലാണെങ്കിൽ അത് ഇപ്പോഴെ ചെയ്യുക. സ്മിയർ പരിശോധന ഗർഭകാലത്ത് നടത്താറില്ല. കാരണം ഗർഭകാലത്ത് സെർവിക്സിൽ മാറ്റങ്ങൾ ഉണ്ടാകാം. അതിനാൽ പരിശോധന ഫലം ലഭ്യമാവുകയില്ല.
ശരീരഭാരം
നിങ്ങളുടെ ശരീരഭാരം കൂടുതലാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23 അല്ലെങ്കിൽ അതിലധികമായിരിക്കും. അതിനാൽ ഡോക്ടർ ശരീരഭാരം നിയന്ത്രിക്കുന്നതിന് ആവശ്യപ്പെടും. ശരീരഭാരം കുറയ്ക്കുന്നതിലൂടെ ഗർഭധാരണത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. അങ്ങനെ ഗർഭകാലത്തിന് ആരോഗ്യത്തോടെയുള്ള തുടക്കം കുറിക്കാനാവും. അഥവാ ശരീരഭാരം കുറവാണെങ്കിൽ ഡോക്ടറെ കണ്ട് ബിഎംഐ വർദ്ധിപ്പിക്കുന്നതിന് സുരക്ഷിത ഉപായങ്ങളെ പറ്റി ആരായാം. ശരീരഭാരം കുറഞ്ഞവർക്ക് ആർത്തവ ക്രമക്കേട് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. ഇക്കാരണം കൊണ്ടും ഗർഭധാരണ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ബിഎംഐ 18.5 നും 22.9 നും ഇടയിലായിരിക്കണം.
ഗർഭകാലയളവിൽ
ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻസിന്‍റെ ഗൈഡ്‍ലൈൻ അനുസരിച്ച് ഗർഭകാലത്ത് സ്ത്രീകൾക്ക് സ്വന്തം ബിഎംഐക്ക് അനുസരിച്ച് ശരീരഭാരം വർദ്ധിപ്പിക്കാം. അണ്ടർവെയ്റ്റ് ആയിട്ടുള്ള സ്ത്രീകൾ 12 മുതൽ 18 കിലോ വരെ ശരീരഭാരം വർദ്ധിപ്പിക്കാം. സാധാരണ വെയ്റ്റുള്ള അതായത് ബിഎംഐ 18.5 മുതൽ 25 വരെയുള്ളവർക്ക് 11 മുതൽ 15 കിലോ വരെ ശരീരഭാരം വർദ്ധിപ്പിക്കാം. ഓവർ വെയ്റ്റായിട്ടുള്ളവർ 7 മുതൽ 11 കിലോ വരെ ശരീരഭാരം വർദ്ധിപ്പിക്കാം. 30 ൽ അധികം ബിഎംഐ ആയാൽ 5 മുതൽ 9 കിലോ ശരീരഭാരം വർദ്ധിപ്പിച്ചാൽ മതി.
സന്തുലിതവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കുക
ഗർഭകാലത്ത് സന്തുലിതവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കാം. അതായത് കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും അമ്മയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കും ശരീരം തയ്യാറാകേണ്ടതുണ്ട്. ഒരമ്മയാകാൻ പോകുന്ന സ്ത്രീയ്ക്ക് സാധാരാണയായി ദിവസവും 300 ൽ കൂടുതൽ കലോറിയുടെ ആവശ്യം വേണ്ടിവരും. ഈ സമയത്ത് ഫ്രഷ് പഴങ്ങൾ, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവ നിർബന്ധമായും കഴിക്കുക. ജങ്ക്ഫുഡ് ഒഴിവാക്കുക. പ്രോട്ടീൻ, അയൺ, കാത്സ്യം എന്നിവ കഴിക്കുന്നത് വർദ്ധിപ്പിച്ച് കൊഴുപ്പ് കുറയ്ക്കുക. ഗർഭകാലത്ത് 11 കിലോ വരെ ശരീരഭാരം വർദ്ധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അധികമായി ശരീരഭാരം വർദ്ധിക്കുന്നത് നിയന്ത്രിക്കണം.
വ്യായാമം
ഹെൽത്തി ലൈഫ് സ്റ്റൈലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വ്യായാമം. യാതൊരു സങ്കീർണതകളുമില്ലെങ്കിൽ ഗർഭിണിയ്ക്ക് ഹെൽത്തിയായിരിക്കാൻ പതിവായി വ്യായാമം ചെയ്താൽ മതിയാകും. കുറഞ്ഞത് 30 മിനിറ്റ് നോർമലായ വ്യായാമം ചെയ്യാം. ഐസ് ഹോക്കി, കിക്ക് ബോക്സിംഗ്, ഹോഴ്സ് ബാക്ക് റൈഡിംഗ് എന്നിങ്ങനെയുള്ള വ്യായാമങ്ങൾ ഒഴിവാക്കണം.
സപ്ലിമെന്‍റുകൾ
ഗർഭകാലത്ത് ദിവസവും കാത്സ്യം ഫോളേറ്റ്, അയൺ എന്നിവ നിശ്ചിത അളവിൽ നിരന്തരം ആവശ്യമായി വരാം. അവയുടെ ആവശ്യകത പൂർത്തീകരിക്കാൻ സപ്ലിമെന്‍റുകൾ കഴിക്കുന്നത് ആവശ്യമായി വരാം. കാത്സ്യം 1200 എംഎൽ, ഫോളേറ്റ് 600 മുതൽ 800 എംഎൽ അയൺ 27 എംഎൽ എന്നിങ്ങനെ.
ഭാരതസർക്കാറിന്‍റെ ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നത് ഓരോ സ്ത്രീയും ഗർഭകാലത്ത് 100 എംജി അയണിന്‍റെ 100 ടാബ്ലറ്റുകൾ നിർബന്ധമായും കഴിച്ചിരിക്കണമെന്നാണ്. ഇത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ആവശ്യമാണ്.
ഗർഭകാലത്തിന്‍റെ തുടക്കത്തിൽ വിറ്റാമിനുകളുടെ മെഗാ ഡോസ് ബർത്ത് ഡിഫക്റ്റിന് കാരണമാകും. ഗർഭിണികളായ സ്ത്രീകൾ അൺസാച്ചുറേറ്റഡ് പാൽ, സോഫ്റ്റ് ചീസ്, അനിമൽ ഫുഡ് എന്നിവ ഒഴിവാക്കുക. ഇത് ഗർഭമലസിപ്പോകാനും മറ്റ് സങ്കീർണതകൾക്കും കാരണമാകും.
ആവശ്യമായ ഉറക്കം
ഗർഭിണികളായ സ്ത്രീകൾക്ക് ആവശ്യമായ വിശ്രമവും ഉറക്കവും വേണം. രാത്രിയിൽ കുറഞ്ഞത് 8 മണിക്കൂറും പകൽ 2 മണിക്കൂറും ഉറങ്ങണം. ഉറക്കമില്ലായ്മ ശരീരത്തിന്‍റെ താളം തെറ്റിക്കും.
ശാരീരികമായി ആക്ടീവായിരിക്കുക
ഗർഭകാലത്ത് സാധാരണ ദിനചര്യ പുലർത്താം. വീട്ടിലെ ജോലി ചെയ്യാം. ഉദ്യോഗസ്ഥയാണെങ്കിൽ ഓഫീസിൽ പോകാനും. ദിവസവും അരമണിക്കൂർ നടക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള വർക്കൗട്ടുകൾ ചെയ്യാം. ശ്രദ്ധിക്കുക ഈ സമയത്ത് സ്കിപ്പിംഗ് നടത്താൻ പാടില്ല.
മദ്യപാനം നടത്താൻ പാടില്ല
മദ്യം, പുകവലി, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ ഒഴിവാക്കുക. അത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങൾക്ക് ശരീരഭാരം കുറവായിരിക്കും. മാത്രവുമല്ല അതവരുടെ ബുദ്ധിശക്‌തിയേയും സംസാര ശേഷിയേയും ബാധിക്കും. ഇത്തരം കുട്ടികൾ ഹൈപ്പർ ആക്ടിവിറ്റിയുള്ളവരായിരിക്കും. ചില പഠനങ്ങൾ അനുസരിച്ച് പുകവലിക്കുന്ന അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്ക് മുറിച്ചുണ്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെ കുഞ്ഞ് ചാപിള്ളയായും ജനിക്കാം.
മാനസികാരോഗ്യം പ്രധാനം
ഗർഭകാലത്ത് ഗർഭിണിയുടെ മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകണം. മൂഡ് സ്വിംഗ് കൂടിയ രീതിയിലാണെങ്കിൽ വിഷാദരോഗത്തിന് അടിപ്പെടാം. അഥവാ 2 ആഴ്ചവരെ ഈ സ്ഥിതി നീണ്ടുനിന്നാൽ ഡോക്ടറെ കണ്ട് പരിഹാരം തേടുക
ഉചിതമായ മുൻകരുതൽ
ഗർഭകാലത്ത് ദീർഘസമയം നിൽക്കുക, ഭാരമുള്ള വസ്തുക്കൾ പൊക്കുക, കയറുക, അമിതമായ ഒച്ച, അമിതമായ ചൂട് എന്നിങ്ങനെയുള്ള സാഹചര്യം ഒഴിവാക്കുക. ഉയർന്ന ഹീലുള്ള ചെരിപ്പും ഷൂവും അണിയരുത്. അതുപോലെ ദീർഘദൂരയാത്രകളും ഒഴിവാക്കാം.
പ്രസവം
സാധാരണ പ്രസവത്തിൽ വളരെ വേഗം റിക്കവറി ഉണ്ടാകുന്നു. 7 മുതൽ 10 ദിവസത്തിനുള്ളിൽ ശരീര ഊർജനില സാധാരണ നിലയിലെത്താം. എന്നാൽ സിസേറിയൻ ഡെലിവറിയിൽ 4 മുതൽ 6 ആഴ്ച വരെ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിക്കാറുണ്ട്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയാലും ശാരീരികാദ്ധ്വാനം ഒഴിവാക്കേണ്ടതായും വരും. ഭാരിച്ച എക്സർസൈസുകൾ, അമിത ഭാരമുള്ള വസ്തുക്കൾ എടുക്കുക എന്നിവ ഒഴിവാക്കേണ്ടിവരും. ഡോക്ടർ പറയുന്നതുവരെ പൂർണ്ണവിശ്രമം ആവശ്യമാണ്.
പ്രസവശേഷം
പ്രസവശേഷം ഉടനടി ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കരുത്. സന്തുലിതവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കുക. കുഞ്ഞിനെ മുലയൂട്ടുക.