കണ്ണൂർ സർവ്വകലാശാല നിയമവിഭാഗം മേധാവിയാണ് കവിത ബാലകൃഷ്ണൻ. പക്ഷേ അധ്യാപനത്തിനൊപ്പം അതല്ലെങ്കിൽ അതിലേറെ കവിതയെ കണക്ട് ചെയ്യാൻ കഴിയുന്നത് ഒരു കലാകാരി എന്ന നിലയിലാണ്. ചിത്രരചനയും നൃത്തവും സംഗീതവും എഴുത്തും എല്ലാം വഴങ്ങുന്ന ഒരു ബഹുമുഖ പ്രതിഭ.

സ്ക്കൂൾ പഠനകാലം മുതൽ തന്നെ കവിതയ്ക്ക് ചിത്രകലയോട് വലിയ താൽപര്യം ഉണ്ടായിരുന്നു. അച്ഛനുമമ്മയും പ്രോത്സാഹിപ്പിച്ചപ്പോൾ ഉള്ളിലുറങ്ങിക്കിടന്ന കലാവാസനകൾക്കെല്ലാം ജീവൻ വച്ചു. മനസ്സില്ലാമനസോടെ പഠിക്കാൻ തയ്യാറായ നൃത്തവും സംഗീതവും കൂടി പിന്നീട് ഹൃദയത്തിന്‍റെയും ശരീരത്തിന്‍റെയും താളമായി. ചിത്രരചനയോടുള്ള താൽപര്യത്തിൽ ചുമർ ചിത്രരചനയും പെയ്ന്‍റിംഗും എല്ലാം ചെയ്യാൻ തുടങ്ങി. ഇപ്പോൾ പെയ്ന്‍റിംഗ് ചെയ്തു കിട്ടുന്ന പണം ചാരിറ്റിയ്ക്കായി സംഭാവന ചെയ്തും മാതൃകയാവുകയാണ്. കവിതയുടെ വാക്കുകളിലൂടെ…

എന്‍റെ സ്വന്തം നാട് തൃശൂരിനടുത്ത് ഇരിങ്ങാലക്കുടയാണ്. കലയെ ഒരുപാട് സ്നേഹിക്കുന്ന കുടുംബമാണ്. കുട്ടിക്കാലത്ത് കലാവാസനകളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്‍റെ അച്ഛനും അമ്മയും യൂത്ത് ഫെസ്റ്റിവലിനെല്ലാം ലീവ് എടുത്ത് എന്‍റെ കൂടെ വരും. ഒരു കല്യാണം ആർഭാടമായി നടത്താനുള്ള പണം യൂത്ത്ഫെസ്റ്റിവൽ പങ്കെടുക്കാനായി അച്ഛൻ ചെലവഴിച്ചുണ്ടാകണം. അന്നൊക്കെ ഓരോ സ്റ്റേജിലും പക്കമേളമടക്കം സ്വന്തം കാശ് മുടക്കി പോകണമല്ലോ.

ഇതിനിടെ എന്‍റെ വരയുടെ ലോകം കണ്ടുപിടിച്ചത് അമ്മയാണ്. പാട്ടും ഡാൻസും വരയും എല്ലാം കൂടി പരിശീലിച്ചിരുന്ന കുട്ടിക്കാലം. ഡാൻസും പാട്ടും കൂടി ഒരുമിച്ചൊരു സ്ഥലത്തായിരുന്നു. അന്നെനിക്ക് എല്ലാം കൂടി താങ്ങാൻ കഴിയുന്നില്ലായിരുന്നു. അതിനാൽ അമ്മയോട് കെഞ്ചി പാട്ട് പഠനം ഒഴിവാക്കുകയായിരുന്നു. അന്നൊന്നും വലിയ കമ്മിറ്റ്മെന്‍റൊന്നും കലയോട് ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ കാലിന് അസുഖം വന്നു. അതോടെ ഡാൻസും നിർത്തി. എന്തോ കാരണത്തിൽ കാലിന് ചെറിയൊരു ബലക്കുറവ് ഉണ്ടാവുകയും നൃത്താഭ്യാസം പ്രയാസത്തിലാവുകയും ചെയ്തു. ആ സമയത്ത്, പത്തിലൊക്കെ പഠിക്കുമ്പോൾ ഓട്ടോയിൽ തന്നെയാണ് സ്ക്കൂളിൽ പോവുകയും വരികയും ചെയ്തിരുന്നത്. അന്ന് ഡാൻസ് കളിക്കാൻ പറ്റാതെ വന്നപ്പോൾ സാധാരണ കുട്ടികൾക്ക് സങ്കടം വരുമല്ലോ. എനിക്ക് സന്തോഷമാണ് തോന്നിയത്. അത്രയും ബോധമേ അന്നൊക്കെ ഉണ്ടായിരുന്നുള്ളൂ. അതിനായി ഇനി മെനക്കെടണ്ടല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്!

സ്ക്കൂൾ മത്സരത്തിനു പോകുമ്പോൾ വലിയ മെന്‍റൽ സ്ട്രെയിനായിരുന്നു. അതിനാലാവണം ഡാൻസ് നിർത്തിയപ്പോൾ സന്തോഷം തോന്നിയത്. ചിത്രകല എനിക്ക് കൂടുതൽ കംഫർട്ടബിളായിരുന്നു.

ഇനി കരിയറിനെ കുറിച്ച് പറഞ്ഞാൽ അതും വലിയൊരു വഴിത്തിരിവാണ്. നിയമപഠനവും ഞാൻ അത്ര ഇഷ്ടപ്പെട്ട് എടുത്ത വിഷയമായിരുന്നില്ല. എനിക്ക് തേഡ് ഗ്രൂപ്പും ഹുമാനിറ്റീസും ലിറ്ററേച്ചറുമൊക്കെയായിരുന്നു ഇഷ്ടം. പക്ഷേ പത്തിൽ നല്ല മാർക്കുള്ളതിനാൽ സയൻസ് എടുക്കാൻ അച്ഛനും അമ്മയും പ്രേരിപ്പിച്ചു. അച്ഛൻ ബാലകൃഷ്ണൻ എൽഐസി ഉദ്യോഗസ്ഥനായിരുന്നു. അമ്മ അമൃത ടീച്ചറും. അച്ഛന്‍റെ ഡ്രീം ഞാൻ സിവിൽ സർവ്വീസ് ചെയ്യണമെന്നായിരുന്നു.

പ്രീഡിഗ്രി പഠനകാലം എന്‍റെ ചിന്താഗതികളെ മാറ്റിമറിച്ചൊരു പഠന കാലം തന്നെയാണ്. സത്യം പറഞ്ഞാൽ ഞാൻ പഠിച്ച കോളേജ് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. ഒരു കോളേജിന് ഒരു കുട്ടിയെ എത്രമാത്രം നെഗറ്റീവാക്കാൻ പറ്റും എന്നതിന്‍റെ തെളിവായിരുന്നു ഞാൻ.

ടീച്ചർമാർ എങ്ങനെയാവാൻ പാടില്ല എന്ന് ഞാൻ മനസ്സിലാക്കിയതും പ്രീഡിഗ്രി പഠനകാലത്താണ്. ഒരു കുട്ടിയുടെ ആഗ്രഹങ്ങൾ അടിച്ചമർത്തി ഒന്നിനും കൊള്ളരുതാത്ത ഒരാൾ എന്ന് ഫീൽ ചെയ്യിക്കാനും ടീച്ചർമാർക്ക് കഴിയും.

എംഎസ്സി ജോയിൻ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ അച്ഛൻ എന്നോട് നിയമപഠനം നിർദ്ദേശിച്ചു. അങ്ങനെയാണ് നിയമപഠനത്തിന് തീരുമാനിച്ചത്. അച്ഛനാണ് എന്‍റെ ജീവിതത്തിലെ പല നിർണായകമായ തീരുമാനങ്ങളും എടുത്തിട്ടുള്ളത്.

തൃശൂർ ലോ കോളേജിൽ അങ്ങനെ എൽഎൽബിയ്ക്ക് ചേർന്നു. ആദ്യമൊക്കെ പരീക്ഷയൊക്കെ പേടിച്ചിരുന്നുവെങ്കിലും പിന്നെ പതിയെ കേറി വന്നു. എൽഎൽബി പഠിച്ച ശേഷം കുസാറ്റിൽ എൽഎൽഎം ചേർന്നു. ക്രിമിനൽ ലോയ്ക്കാണ് അവിടെ സ്പെഷ്യലൈസ് ചെയ്തത്.

ഇതിനിടെ വിവാഹം കഴിഞ്ഞു. അത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അച്ഛൻ തീരുമാനിച്ചു. ഞാൻ കഴിച്ചു. അച്ഛന്‍റെ കണ്ടുപിടിച്ച ആൾ മോശമായിരുന്നില്ല. അദ്ദേഹം സിസ്കോ എന്ന കമ്പനിയിൽ മാർക്കറ്റിംഗ് മാനേജറാണ്. പ്രിൻസ് ലീലാ പത്മാഹരൻ. ഞങ്ങൾക്ക് രണ്ടു കുട്ടികൾ. മകൾ നക്ഷത്ര. അവളും നിയമം പഠിക്കുന്നു. അവൾ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമം തെരഞ്ഞെടുത്തത്. മകൻ അക്ഷർ വിനായക് എട്ടാം ക്ലാസിൽ പഠിക്കുന്നു.

വിവാഹശേഷം ഭർത്താവാണ് ഡാൻസ് തുടരാൻ ആവശ്യപ്പെട്ടത്. ഒരു വർഷത്തിനകം ലോ കോളേജിൽ പഠിപ്പിക്കാൻ ആരംഭിച്ചു. അതിനിടയിലാണ് മ്യൂറൽ പെയ്ന്‍റിംഗ് പഠിക്കാൻ ആഗ്രഹം തോന്നിയത്. പിന്നെ ചുമർ ചിത്രകല പഠിച്ചു. തുടർന്ന് നിരവധി ക്ഷേത്രച്ചുമരുകളിൽ വരയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ക്യാൻവാസിലാണ് കൂടുതൽ ചെയ്തു കൊടുക്കുന്നത്. സാരികളും ചെയ്യാറുണ്ട്. പട്ടിലും കേരളസാരിയിലും ഷോളിലും മാസ്കിലും വരെ ചെയ്ത് കൊടുക്കാൻ പറയാറുണ്ട്. പക്ഷേ വ്യക്‌തിപരമായി പറഞ്ഞാൽ ധരിക്കുന്ന വസ്ത്രങ്ങളിൽ ഈശ്വരന്‍റെ രൂപം വരച്ച് കൊടുക്കുന്നതിനോട് എനിക്കിത്ര യോജിപ്പില്ല. പല്ലുവിൽ ഒരൊറ്റ ഡിസൈൻ കൊടുക്കുന്നതിനേക്കാൾ ബോർഡറിൽ വരയ്ക്കുന്നതാണ് എനിക്കിഷ്ടം.

ഇപ്പോൾ ഞാൻ തൂലി എന്നൊരു പെയ്ന്‍റിംഗ് ശൈലിയും പഠിച്ചു പ്രാക്ടീസ് ചെയ്യുന്നുണ്ട്. അത് ഷാജി സുബ്രഹ്മണ്യൻ മാഷ് കണ്ടുപിടിച്ച ഒരു സ്റ്റൈലാണ്. ബ്ലാക്ക് ആന്‍റ് വൈറ്റിലും കളിറിലും ചെയ്യാറുണ്ട്. ജൂൺ ആദ്യ ആഴ്ച ലണ്ടനിൽ ഒരു മ്യൂറൽ പെയ്ന്‍റിംഗ് പ്രദർശനി ഉണ്ടായിരുന്നു. അതിൽ പോകാനിരിക്കേയാണ് കോവിഡ് വന്നത്. വിർച്വൽ ഗാലറി മാത്രമാണ് ഇപ്പോൾ ഓപ്ഷൻ ഉള്ളൂ. വരച്ച് കിട്ടുന്ന പണം കാൻസർ രോഗികളുടെ ചികിത്സയ്ക്കായി സമർപ്പിക്കുകയാണ്.

കോടികൾ ചെലവാക്കി വീട് വച്ചിട്ട് 200 രൂപയുടെ പ്രിന്‍റ് പെയ്ന്‍റിംഗ് ചുമരിൽ തൂക്കുന്നവരാണ് പലരും. ഒറിജിനൽ പെയ്ന്‍റിംഗ് വയ്ക്കുകയാണെങ്കിൽ കലാകാരനും ഗുണമാണ്. ഒപ്പം വീടിനും ഗംഭീര അലങ്കാരമാവുമല്ലോ. പിന്നെ ചിലർ വീട്ടിൽ ചെന്ന് വരച്ചുകൊടുക്കുമോ എന്ന് ചോദിക്കാറുണ്ട്. പക്ഷേ സമയവും കംഫർട്ടും അനുവദിക്കാത്ത തുകൊണ്ട് അതു ചെയ്യാൻ പറ്റാറില്ല.

പോർട്രെയ്റ്റുകളും വരയ്ക്കാറുണ്ട്. പ്രധാനപ്പെട്ട നേതാക്കന്മാരടക്കം പലരുടെയും വരച്ചിട്ടുണ്ട്. പെയ്ന്‍റിംഗ് എന്ന ആർട്ട്ഫോം അതാണ് കുറച്ച് വരുമാനം നൽകുന്നത്. നൃത്തം എനിക്കിഷ്ടമാണ്. അതു ചെയ്യുമ്പോൾ അങ്ങനെ വരുമാനമൊന്നുമില്ല എങ്കിലും. ഞാൻ ഒരു എക്സിബിഷൻ നടത്തിയപ്പോൾ എന്‍റെ ഒരു സ്റ്റുഡൻറ് എന്നോട് ചോദിച്ചു, മാഡത്തിന് ഏത് നിലയിൽ അറിയപ്പെടാനാണ് ഇഷ്ടം എന്ന്. ചിത്രകാരി, ഡാൻസർ, ലോ പ്രഫസർ, ഗായിക…? ഇതിൽ ഏതു ഫീൽഡിൽ അറിയപ്പെടാനാണ് കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ നർത്തകി എന്നേ ഞാൻ പറയൂ. പിന്നെന്ത് കൊണ്ട് പെയ്ന്‍റിംഗ് ശ്രദ്ധ കൊടുക്കുന്നു എന്ന് ചോദിച്ചാൽ കവിതയുടെ മറുപടി ഇതാണ്. മറ്റു കലകൾ കണ്ട് കേട്ട് ആ നിമിഷം തീരും. പക്ഷേ പെയ്ന്‍റിംഗ് ചെയ്യുമ്പോൾ അത് കുറേക്കാലം നിലനിൽക്കുമല്ലോ. ഒരു വ്യക്‌തിയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോൾ പാട്ട് പാടിയാലോ ഡാൻസ് ചെയ്താലോ കിട്ടുന്നതിനെക്കാൾ ഇംപാക്ട് ഒരു ചിത്രം വരച്ചുകൊടുത്താൽ ഉണ്ടാകും. മറ്റ് ആർട്ട്ഫോമിനേക്കാളും പെയ്ന്‍റിംഗിനുള്ള ഗുണമേന്മ അതാണ്.

പാട്ട് വീണ്ടും പഠിക്കാൻ തുടങ്ങിയത് മോളെ എൽകെജി ക്ലാസിൽ ചേർത്തപ്പോൾ ആണ്. അങ്ങനെ കച്ചേരിയൊക്കെ തുടങ്ങി. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എന്നെ വീണ പഠിപ്പിക്കണം എന്ന്. ഇരിങ്ങാലക്കുടയിൽ എന്‍റെ കുട്ടിക്കാലത്ത് വീണ പഠിപ്പിക്കുന്ന ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിവാഹം കഴിഞ്ഞപ്പോഴാണ് അതിനൊരു വഴി തെളിഞ്ഞത്.

ഇത്രയധികം കാര്യങ്ങൾ എങ്ങനെ ചെയ്യാൻ പറ്റുന്നു എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. പാട്ടിന് ഞാൻ വൈകിട്ടാണ് സമയം കണ്ടെത്തുന്നത്. ഡാൻസ് രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ പ്രാക്ടീസുണ്ട്. കുച്ചിപ്പുടിയും മോഹിനിയാട്ടവുമാണ് കൂടുതൽ ഇഷ്ടം. യൂട്യൂബ് ചാനലിലൂടെ സ്വയം കൊറിയോഗ്രാഫി ചെയ്ത് ഡാൻസ് വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്.

നിയമം പഠിച്ചിട്ട് ടീച്ചിംഗിംലേക്ക് തിരിഞ്ഞത് ആ ജോലി മതി എന്ന് തീരുമാനിച്ചു തന്നെയാണ്. ഈ ജോലി കിട്ടിയില്ലെങ്കിൽ ഞാൻ ചിലപ്പോൾ മറ്റൊരു ജോലിയ്ക്കോ ശ്രമിക്കുക പോലും ഇല്ലായിരുന്നു എന്നു തോന്നുന്നു. ടീച്ചിംഗിലും എനിക്ക് ജന്മാനാ വലിയ കഴിവൊന്നുമില്ല. ഞാൻ അതും ആർജിച്ചെടുത്ത ഒരു കഴിവാണ്. ഇപ്പോൾ ടീച്ചിംഗ് വളരെ നന്നായി എൻജോയ് ചെയ്യുന്നുണ്ട്. പിജി വിദ്യാർത്ഥികളായതിനാൽ നമുക്ക് നമ്മുടെ ലെവലിൽ തന്നെ അവരോട് കണക്ട് ആവാൻ കഴിയുന്നുണ്ട്.

അടുത്ത ജന്മം ഉണ്ടെങ്കിൽ ആരാവണം എന്നു ചോദിച്ചാൽ ഞാൻ പറയും ഇതേജീവിതം തന്നെ മതിയെന്ന്. പ്രത്യേകിച്ചും ഞാൻ പ്രസന്‍റിൽ ജീവിക്കുന്ന ഒരാളായതിനാൽ കുട്ടിക്കാലം എനിക്കൊരു നൊസ്റ്റാൾജിയ ഒന്നും തരുന്നില്ല. ഭാവിയെക്കുറിച്ച് വലിയ ആകുലതകളുമില്ല. ഇന്ന് എന്ന ദിവസത്തെ സ്നേഹിക്കുക എന്നതാണ് എന്‍റെ പോളിസി.

സ്വന്തം എൻജോയ്മെന്‍റ് എന്താണെന്ന് തിരിച്ചറിയുക. അതാണ് പലപ്പോഴും പലർക്കും മിസ് ചെയ്യുന്നത്. സ്വന്തം ഉള്ളിലേക്ക് നോക്കി അത് കണ്ടെത്തി അതിനായി ശ്രമിക്കണം. സമയം വേസ്റ്റാക്കുന്നത് ഇഷ്ടമല്ല. മൾട്ടി ടാസ്കിംഗ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. 60 ഓളം പ്രബന്ധങ്ങൾ ചെയ്തിട്ടുണ്ട്. പലതിന്‍റെയും എഡിറ്റോറിയൽ വർക്കുകളിലും ഇൻവോൾവ് ചെയ്യാറുണ്ട്. നിരവധി സെമിനാറുകളും സംഘടിപ്പിച്ച് ചെയ്തിട്ടുണ്ട്.

പല സ്ത്രീകളും കുടുംബത്തിന് വേണ്ടി മാത്രമാണ് ജീവിക്കുന്നത്. സ്വന്തമായൊരു സ്പേസ് കണ്ടെത്തി പെർഫോം ചെയ്യുക. അതാണ് എനിക്ക് അവരോട് പറയാനുള്ളത്. ഓരോ സ്ത്രീയ്ക്കും സ്നേഹവും ആദരവും അംഗീകാരവുമൊക്കെ ആഗ്രഹിക്കുന്നുണ്ട്. അത് ലഭിക്കാൻ കഴിയുന്ന രീതിയിൽ ഞാൻ ഒട്ടും മോശം അല്ല എന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കിക്കണം. ആ ബോദ്ധ്യം വന്നാലെ ജീവിതം ഈസി ആവുകയുള്ളൂ.

ലോക്ക് ഡൗൺകാലത്ത് ഞാനും മോനും കൂടി സ്പാനിഷ് പഠിച്ചു. പിന്നെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോണിയയിൽ അക്കാദമിക്ക് റൈറ്റിംഗിന്‍റെ കോഴ്സ് ചേർന്നു.

और कहानियां पढ़ने के लिए क्लिक करें...