ഒരു സ്ത്രീ തീരുമാനിച്ചാൽ അവൾക്ക് അസാദ്ധ്യമായത് ഈ ലോകത്ത് ഒന്നുമില്ല. ലക്ഷ്യം നേടാൻ അവൾ ഏതറ്റംവരെയും പോരാടും. ലക്ഷ്യം മാത്രമായിരിക്കും അവളുടെ ഡെസ്റ്റിനേഷൻ. നോറ രഷ്മി സരാവോ, അങ്ങനെ ഒരു പെണ്ണാണ്. തന്‍റെ സ്വപ്നങ്ങളെ പിന്തുടർന്നു കൈപ്പിടിയിലൊതുക്കിയവൾ…

കർണാടകയിലെ ഷിമോഗ എന്ന മനോഹരമായ ജില്ലയിലെ ഒരു കൊച്ചുപട്ടണം സാഗർ. അവിടെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ചു വളർന്ന പെൺകുട്ടി. അച്ഛൻ ഗവൺമെന്‍റ് ഉദ്യോഗസ്ഥനും അമ്മ ഹോംമേക്കറുമാണ്. അച്ഛൻ ഓഫീസിൽ ജോലിക്ക് പോകും. അമ്മ വീട്ടുജോലികളിൽ മുഴുകും. അവർക്ക് ഒരിക്കലും ഒഴിവുണ്ടായിരുന്നില്ല. പക്ഷേ ചെയ്യുന്ന ജോലിക്ക് കൂലിയുമില്ലല്ലോ. ഇന്ത്യയിൽ നിരവധി സ്ത്രീകൾ, ഇങ്ങനെ ആജീവനാന്തം വീട്ടുജോലി ചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്നവരാണ്. നോറയുടെ അച്ഛൻ വിരമിച്ചപ്പോഴും അമ്മയ്ക്ക് തന്‍റെ ജോലിയിൽ നിന്ന് വിരമിക്കാൻ കഴിഞ്ഞില്ല. നോറയെ ഇതു വളരെയധികം ആശങ്കപ്പെടുത്തിയിരുന്നു.

വലിയ സ്വപ്നങ്ങൾ കാണുക എന്നത് എല്ലാവരുടെയും ആഗ്രഹമോ ആവശ്യമോ ആണ്. അതിൽ കറുത്ത നിറമോ വെളുത്തനിറമോ എന്നൊന്നുമില്ല. ചെറിയ ഗ്രാമമായാലും പട്ടണമായാലും ആണായാലും പെണ്ണായാലും സ്വപ്നങ്ങൾ ഇല്ലാത്തവരില്ല. പക്ഷേ സ്വപ്നം എല്ലാവരുടെയും ഉള്ളിലുണ്ടെങ്കിലും അവ യാഥാർത്ഥ്യമാക്കാനുള്ള കരുത്ത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. നോറാ രഷ്മി, സ്വയം ആ കരുത്ത് തന്നിൽ കണ്ടെത്തി.

കുട്ടിക്കാലത്തും തുടർന്നും രഷ്മിയെ എല്ലായ്പ്പോഴും വിഷമിപ്പിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു. നമ്മുടെ സ്ത്രീകൾ എന്താണ് എപ്പോഴും വീട്ടിലെ ജോലികളിലും വീടിന്‍റെ നാല് ചുമരുകൾക്കകത്തും ഒതുങ്ങിക്കൂടുന്നത്? അവൾക്കെന്താണ് വിശാലമായി ചിന്തിക്കാൻ കഴിയാത്തത്. സമൂഹം സ്ത്രീയെ തളച്ചിട്ട നിയമങ്ങളെ പ്രതി രഷ്മി അസ്വസ്ഥയായിരുന്നു. പഠനങ്ങൾക്ക്ശേഷം രഷ്മി ബാംഗ്ലൂരിലേക്ക് തന്‍റെ കരിയർ തേടിയെത്തി. ബാംഗ്ലൂരിൽ ഉയർന്ന ജോലി ലഭിച്ചു. തുടർന്ന് ബാല്യകാല സുഹൃത്തായ നവീനിനെ വിവാഹം ചെയ്തു.

രഷ്മിയുടെ വലിയ സ്വപ്നമായിരുന്നു മോഡലിംഗ്. പക്ഷേ ആ രംഗം ഡിമാന്‍റ് ചെയ്യുന്നത് വെളുത്ത, സ്ലിമ്മായ, ഷൈനിംഗ്, ആയ യുവതികളെ മാത്രമാണ്. അതൊന്നും തനിക്ക് ഇല്ല എന്നറിഞ്ഞിട്ടും രഷ്മി തന്‍റെ സ്വപ്നങ്ങൾ ഉപേക്ഷിച്ചില്ല. ഉയരം 5 അടി രണ്ടിഞ്ച് മാത്രം. നിറം കറുപ്പും. അതിനാൽ സ്വപ്നം യാഥാർതഥ്യമാക്കുക അത്ര എളുപ്പമുള്ള കാര്യാമായിരുന്നില്ല. വിവാഹശേഷം മോഡലിംഗ് രംഗത്തേക്കുള്ള എൻട്രി കുറച്ചുകൂടി ദുഷ്ക്കരമായി.

സ്വന്തം ജന്മവും രൂപവും ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ്. പക്ഷേ ശ്രമിച്ചാൽ സ്വന്തം ലുക്കും സൗന്ദര്യവും വികസിപ്പിക്കാൻ കഴിയും. ഗ്ലാമറസായ മാനറിസങ്ങളിലൂടെ കൂടുതൽ ആകർഷകത്വം കൈവരിക്കാൻ കഴിയും. ബോഡി സ്ട്രക്ച്ചറിംഗ്, ഹെയർസ്റ്റൈലിംഗ് ഇവയിലൂടെയും വലിയ മാറ്റം സ്വയം ഉണ്ടാക്കാൻ കഴിഞ്ഞു. ഭക്ഷണശീലങ്ങൾ, വസ്ത്രധാരണരീതി, സംഭാഷണരീതി, മികച്ച പോസ്ചറുകൾ, ജിംവർക്കൗട്ട് ഇങ്ങനെ കഠിനാദ്ധ്വാനത്തിലൂടെ ഒരു പ്യൂപ്പ ബട്ടർഫ്ളൈ ആയിമാറി. അങ്ങനെ പൂർണ്ണമായും ഒരു മാറ്റത്തിലൂടെ സ്വപ്നത്തിലേക്ക് പറന്ന് അടുത്തുകൊണ്ടിരുന്നു.

കാപ്ജെമിനി എന്ന സ്ഥാപനത്തിൽ ഗ്രൂമിംഗ്, മോഡലിംഗ് ചെയ്തുകൊണ്ട് പുതിയ ഹോബികൾക്ക് തുടക്കമായി. 15 വർഷമായി ഒരു ഐടി കമ്പനിയിൽ ജോലി ചെയ്ത് വരികയാണ് നോറ. ഇപ്പോൾ ആ കമ്പനിയുടെ പാർട്ണർ കൂടിയാണ്.

“2018 ലാണ് ഞാൻ ഫാഷൻ ഇൻഡസ്ട്രിയിൽ പ്രവേശിച്ചത്. തുടർന്ന് എന്‍റെ കഴിവ് ആ രംഗത്ത് തെളിയിക്കേണ്ടത് എന്‍റെ ആവശ്യമായിരുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി കഷ്ടപ്പെടേണ്ടതില്ല എന്നു ഞാൻ മനസ്സിലാക്കി. വിജയത്തിനു പിന്നാലെ ഓടിയിട്ടു കാര്യമില്ല എന്നും വിജയം നമ്മേ തേടി എത്തണമെന്നും ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെയാണ് എനിക്ക് മോഡൽ എന്ന നിലയിൽ വിജയിക്കാൻ കഴിഞ്ഞത്.”

“2018 ൽ മിസിസ് ബ്യൂട്ടി കോണ്ടസ്റ്റ് കർണാടകയിൽ ഞാൻ രണ്ടാം റണ്ണർഅപ്പ് ആയി. ഫിറ്റ്നസ് ക്വീൻ എന്ന പട്ടവും ലഭിച്ചു. അതേ വർഷം തന്നെ മിസിസ് ഗ്ലോബ് യൂണിവേഴ്സ് മത്സരത്തിൽ ഫ്സറ്റ് റണ്ണർ അപ്പായി. തുടർന്ന് സിംഗപ്പൂരിൽ നടന്ന ഇന്‍റർനാഷണൽ ബ്യൂട്ടി കോണ്ടസ്റ്റിൽ ഇന്‍റലക്ച്വൽ മിസിസ് ഇന്‍റർനാഷണൽ 2018 സിംഗപ്പൂർ ആയി. രഷ്മി തന്‍റെ വിജയവഴികളെ സഹർഷംഓർമ്മിക്കുന്നു. അഞ്ചുതവണ ആ വർഷം കീരിടങ്ങൾ സ്വന്തമാക്കി. അതിനുശേഷം നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും രഷ്മിയെ തേടിയത്തെി. രഷ്മിയുടെ കഴിവുകളുടേയും അംഗീകാരങ്ങളുടേയും പ്രതിഫലമാണ് ജനീവയിലെ യൂണിവേഴ്സിറ്റി ഓഫ് ട്രൈംഫ് സമ്മാനിച്ച ഡോക്ടറേറ്റ് ഡിഗ്രി.

രഷ്മിയുടെ വിവാഹജീവിതം പതിനൊന്നാം വർഷത്തിലേക്ക് കടന്നു. അവർക്ക് കൂട്ടായി ഒരു മകനും പിറന്നു. അവനിന്ന് 10 വയസ്സുണ്ട്. പക്ഷേ രഷ്മിയെ കണ്ടാൽ ആരു പറയില്ല അവർക്ക് 10 വയസ്സുള്ള ഒരു മകനുണ്ട് എന്ന്.

और कहानियां पढ़ने के लिए क्लिक करें...