നോവെൽ കൊറോണ വൈറസ് പകരാതെ തടയാം… പെട്ടെന്ന് ഒരു ദിവസം മുതൽ കേട്ടു തുടങ്ങിയ കൊറോണ നിർദ്ദേശം മലയാളികൾക്കിപ്പോൾ സുപരിചിതമായെങ്കിലും ആ ശബ്ദത്തിനുടമ ആരായിരിക്കുമെന്ന ചോദ്യം എല്ലാ മലയാളിയുടെയും മനസ്സിൽ തോന്നിയിരിക്കാം. അത്രത്തോളം സ്ഫുടവും ശക്‌തവുമായ ശബ്ദം. മനസ്സിൽ ആഴ്ന്നിറങ്ങുന്ന ഒന്ന്.
‘കൗതുകമേറിയ ആ അന്വേഷണത്തിനൊടുവിൽ സോഷ്യൽ മീഡിയ തന്നെ ആ ശബ്ദത്തിനുടമയെ കണ്ടെത്തി. പാലാ സ്വദേശിയായ ടിന്‍റുമോൾ ജോസഫ് എന്ന പെൺകുട്ടി. ജെഎൻയു വിദ്യാർത്ഥിനിയായ ടിന്‍റു ഡൽഹിയിൽ അറിയപ്പെടുന്ന വോയ്സോവർ ആർട്ടിസ്റ്റും കൂടിയാണ്.
കൊറോണ പരസ്യത്തിന് ശബ്ദം പകർന്ന ആ കഥയിലേക്ക്…
“ഞാനൊരു വോയ്സോവർ ആർട്ടിസ്റ്റാണ്. ധാരാളം സർക്കാർ കോർപ്പറേറ്റ് പരസ്യങ്ങൾക്ക് ശബ്ദം പകർന്നിട്ടുണ്ട്. പതിവുപോലെ സ്റ്റുഡിയോയിൽ നിന്നും കോൾ വന്നപ്പോൾ അങ്ങനെയൊരു പരസ്യം എന്ന് കരുതിയാണ് കൊറോണ പരസ്യത്തെയും സമീപിച്ചത്. ഫോണിൽ വരുന്ന സന്ദേശമാണെന്ന് എനിക്കോ സ്റ്റുഡിയോയിൽ ഉള്ളവർക്കോ അറിയില്ലായിരുന്നു. ടിവിയിലോ സ്റ്റുഡിയോയിലോ വരുന്ന ഒരു പരസ്യം അത്രയേ വിചാരിച്ചുള്ളൂ” ടിന്‍റു ചിരിയോടെ പറയുന്നു. കേരളത്തിലെ ഓരോ ഫോണിലും മുഴങ്ങിക്കേട്ട ഈ പരസ്യത്തിലൂടെ ടിന്‍റുവിന് കിട്ടിയത് സൂപ്പർ മൈലേജും. അതിൽ ടിന്‍റുവിന് നിറഞ്ഞ സന്തോഷവും അഭിമാനവും മാത്രം.
വോയ്സോവർ ആർട്ടിസ്റ്റ്
കഴിഞ്ഞ രണ്ടര വർഷമായി സർക്കാറിന്‍റെയും കോർപ്പറേറ്റ് കമ്പനികളുടെയും പരസ്യങ്ങൾക്ക് ശബ്ദം പകർന്നിരുന്നു. ടിന്‍റുവിന് തന്‍റെ ശബ്ദത്തിന് ഇത്രയുമധികം പോപ്പുലാരിറ്റിയുണ്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. അതും ഈ പ്രത്യേക സാഹചര്യത്തിൽ.
എങ്ങനെ ഈ രംഗത്ത്
ജെഎൻയുവിലാണ് എംഎ ഇൻറർനാഷണൽ റിലേഷൻ ഞാൻ ചെയ്തത്. എന്‍റെ ഡിഗ്രി പഠനമൊക്കെ മാംഗലാപുരം സെന്‍റ് ആഗ്നസ് കോളേജിലായിരുന്നു. അതുകഴിഞ്ഞ് ഞാൻ ഡൽഹിയിൽ എത്തുകയായിരുന്നു. ഉള്ളിൽ വലിയൊരു സ്വപ്നവുമായിട്ടായിരുന്നു ജെഎൻയുവിൽ എത്തിയത്. സിവിൽ സർവ്വീസ് എന്ന സ്വപ്നം. മൂന്ന് പ്രാവശ്യം ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല. ആരോഗ്യപരമായ ചില കാരണങ്ങളുണ്ടായിരുന്നു പിന്നിൽ. അത് കടുത്ത നിരാശയായി.
എനിക്ക് മാത്രമല്ല എന്‍റെ പപ്പയ്ക്കും അമ്മയ്ക്കും അനുജനും. അവരുടെ വലിയ പ്രതീക്ഷയായിരുന്നു. ആ സങ്കടം മനസ്സിൽ ഇപ്പോഴും ബാക്കിയാണ്. എങ്കിലും പിന്നീട് മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളിൽ മുഴുകി. അതോടൊപ്പം ചെലവുകൾക്കായുള്ള വരുമാനം കണ്ടെത്തുന്നതിന് ഒരു പാർട്ട്ടൈം ജോലി ആവശ്യമാണ്.
കൾച്ചറൽ ഇവന്‍റ്സ് ഓർഗനൈസ് ചെയ്യുന്ന പ്രൊഫസർ പുരുഷോത്തം സാറിനോട് ജോലിക്കാര്യം പറഞ്ഞു. ആ സമയത്ത് ഞാൻ ക്യാംപസിൽ ആങ്കറിംഗുമൊക്കെ ചെയ്യുമായിരുന്നു. അതൊക്കെ സാറിനറിയാമായിരുന്നു. സാറിന്‍റെ നിർദ്ദേശപ്രകാരം ഞാൻ അദ്ദേഹത്തിന്‍റെ സുഹൃത്ത് ശ്രീകൃഷ്ണ ഭട്ടിനെ പോയി കണ്ടു. അദ്ദേഹം കന്നഡ വോയ്സോവർ ആർട്ടിസ്റ്റാണ്. അദ്ദേഹമാണ് എന്നെ ഈ രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. അങ്ങനെ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഈ രംഗത്തുണ്ട്.
പരസ്യം സ്വയം കേട്ടപ്പോൾ…
ആകെ രണ്ടോ മൂന്നോ വട്ടം ആണ് ഞാനാ പരസ്യം കേട്ടത്. എന്‍റെ പാരന്‍റ്സ് കർണാടകയിലാണ്. അതുകൊണ്ട് ഫോണിൽ വിളിക്കുമ്പോൾ കന്നഡയിലുള്ള പരസ്യമാണ് കേട്ടിരുന്നത്, ഇവിടെ ഹിന്ദിയിലും. നാട്ടിലോട്ട് വിളിച്ചപ്പോഴാണ് എന്‍റെ ശബ്ദം ഞാൻ കേൾക്കുന്നത്. ശരിക്കും സന്തോഷവും അഭിമാനവും തോന്നി. എന്‍റെ വോയ്സിന് നല്ല അവസരം കിട്ടി. പിന്നെ അൽപം വിമർശന ബുദ്ധിയുള്ളതുകൊണ്ട്ചില ഭാഗങ്ങൾ നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നിയിരുന്നു. ടിന്‍റു ചിരിയോടെ പറയുന്നു.
കൊറോണയുടെ ആദ്യ പരസ്യം ചെയ്തപ്പോൾ ലോക്ഡൗൺ തുടങ്ങിയിരുന്നില്ല. അന്ന് മാസ്കിടാതെയാണ് സ്റ്റുഡിയോയിൽ പോയിവന്നത്. രണ്ടാമത്തെ പരസ്യത്തിൽ ഹെൽപ് ലൈൻ നമ്പർ മാറ്റി ദിശ ഹെൽപ് ലൈൻ ചേർത്ത പരസ്യം ചെയ്തപ്പോൾ മാസ്ക് ധരിക്കാൻ തുടങ്ങി. മൂന്നാമത്തെ വേർഷൻ ഞാൻ വീട്ടിലിരുന്നാണ് റെക്കോഡ് ചെയ്തത്. ഒരു ഫ്രണ്ടിന്‍റെ ഐഫോണിൽ റെക്കോഡ് ചെയ്തുകൊടുക്കുകയായിരുന്നു.
പരസ്യങ്ങൾ
കേന്ദ്രസർക്കാറിന്‍റെ പരസ്യങ്ങൾക്ക് ശബ്ദം പകർന്നുകൊണ്ടായിരുന്നു ടിന്‍റുവിന്‍റെ തുടക്കം. അതും ദൂരദർശനിൽ ഗ്രാമവികസനത്തിലേക്ക് എന്ന പരിപാടി ആങ്കറിംഗ് ചെയ്തുകൊണ്ട്. തുടർന്ന് കുറേയേറെ സർക്കാർ പരസ്യങ്ങൾ. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സ്വച്ഛ് ഭാരത്, സർവ്വശിക്ഷ അഭിയാൻ അങ്ങനെ പരസ്യങ്ങളുടെ ഒരു നീണ്ടനിര. അതിനിടെ ടിവി കൊമേഴ്സ്യലുകൾക്കും ശബ്ദം പകർന്നു.
ഡെറ്റോൾ, ചന്ദ്രിക സോപ്പ്, മൂവ്, നെസ്‍ലെ മിൽക്കിബാർ, കെന്‍റ് വാട്ടർ പ്യൂരിഫയർ, നെറോലാക്ക് അങ്ങനെ നീളുന്നു കൊമേഴ്സ്യൽ വിഭാഗത്തിൽ ടിന്‍റു ചെയ്ത പരസ്യങ്ങൾ. ഒപ്പം ചില കാർട്ടൂൺ അനിമേറ്റഡ് സീരീസുകൾക്കും ശബ്ദം പകരാനുള്ള അവസരം ടിന്‍റുവിനെ തേടിയെത്തി.
“പാലയിലാണ് ജനിച്ചതെങ്കിലും ഞങ്ങൾ പിന്നീട് കണ്ണൂർ ഇരട്ടിയിലായിരുന്നു താമസം. പപ്പയ്ക്ക് അവിടെ റബ്ബർ എസ്റ്റേറ്റിലായിരുന്നു ജോലി. ഞാനും അനിയനും അവിടെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ് പഠിച്ചത്. കൂട്ടത്തിൽ കന്നഡ സെക്കന്‍റ് ലാംഗ്വേജായി ഉണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം ആണെങ്കിലും കന്നഡ സംസാരിക്കാവു എന്നത് സ്ക്കൂളിൽ നിർബന്ധമായിരുന്നു. ഞാനവിടെ 5-ാം ക്ലാസ്സ് വരെയെ പഠിച്ചുള്ളൂ. പിന്നീട് ഞങ്ങൾ കർണാടകയിലെ സുള്ളിയിൽ താമസമാക്കി. ബാക്കിയുള്ള പണം അവിടെയായിരുന്നു.”
“വീട്ടിൽ ഞങ്ങൾക്ക് അച്ഛൻ ബാലഭൂമിയും ബാലരമയും ഒക്കെ വാങ്ങിത്തരുമായിരുന്നു. വീട്ടിൽ ടിവിയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ മലയാള ഭാഷ അറിഞ്ഞിരിക്കണമെന്നത് പപ്പയ്ക്ക് നിർബന്ധമായിരുന്നു. സുള്ളിയിൽ കുറേ ഉളള്ളിലായിട്ടാണ് ഞങ്ങൾ താമസിച്ചിരുന്നത്. അതുകൊണ്ട് പപ്പ മംഗലാപുരത്തുപോയി വരുമ്പോൾ ഒരാഴ്ചത്തെ ദേശാഭിമാനി പത്രം ഒരുമിച്ച് വാങ്ങിവരും. ഞങ്ങളെല്ലാവരും അത് കുത്തിയിരുന്ന് വായിക്കും. പള്ളിയിലെ ബൈബിൾ വായിക്കാനും പാട്ട് പാടാനും ഒക്കെ പോകും. കുർബാനയൊക്കെ മലയാളത്തിലായിരുന്നു. അതുകൊണ്ട് മലയാളം നന്നായി അറിയാം. മുതിർന്നപ്പോൾ കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി.”
ഈ ശബ്ദമാധുര്യം തിരിച്ചറിഞ്ഞത്
പ്രൊഫസർ പുരുഷോത്തം വിളിമലൈ സാറാണെന്ന് പറയാം. പാർട്ട് ടൈം ജോബ് മാത്രവുമല്ല പെട്ടെന്ന് ചെയ്തു തിരിച്ചുവരാം എന്ന നിലയിലാണ് അദ്ദേഹം എന്നെ സുഹൃത്ത് ശ്രീകൃഷ്ണ ഭട്ടിനെ പരിചയപ്പെടുത്തുന്നത്. പിന്നെ എന്‍റെ ശബ്ദം കേട്ട് കൊള്ളാം എന്ന് പറഞ്ഞ ശ്രീകൃഷ്ണ ഭട്ടും. ഇവർ രണ്ടുപേരും തന്നെ.
സാംസ്ക്കാരിക പ്രവർത്തനങ്ങളിലും സജീവം
മികച്ചൊരു കലാകാരി കൂടിയാണ് ടിന്‍റുമോൾ. ചെറുപ്പത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ പഠിച്ചിരുന്നു. “കണ്ണൂർ ഇരട്ടിയിലായിരുന്നപ്പോൾ പ്രശാന്തൻ എന്ന നൃത്താദ്ധ്യാപകന്‍റെ കീഴിലായിരുന്നു നൃത്തപഠനം. അതിൽ ഭരതനാട്യത്തിൽ മാത്രമേ അരങ്ങേറ്റം കുറിക്കാനായുള്ളൂ. പിന്നീട് ഞങ്ങൾ എല്ലാവരും കർണാടകയിലേക്ക് താമസം മാറ്റിയതോടെ നൃത്തപഠനം നിലച്ചു. ജെഎൻയുവിൽ എത്തിയപ്പോഴാണ് നൃത്തം വീണ്ടും പൊടിതട്ടിയെടുത്തത്. ക്യാംപസിലെ ഡാൻസ് ക്ലബിൽ കുട്ടികളെ നൃത്തം പരിശീലിപ്പിച്ചിരുന്നു. അപ്പോഴാണ് നൃത്തം പ്രൊഫഷണലി പഠിക്കണമെന്ന ചിന്ത മനസ്സിലുണ്ടായത്. കഥകളി, കുച്ചിപ്പുടി കലാകാരിയായ പാർവ്വതിനായരുടെ കീഴിൽ നൃത്തമഭ്യസിക്കുന്നുണ്ട്. പിന്നെ കളരിയും പഠിക്കുന്നുണ്ട്”
നാടകരംഗത്തും സജീവം
നാടകരംഗത്തും സജീവമായ ടിന്‍റു ക്യാംപസ് നാടകങ്ങളിലും ടെലിഫിലിമുകളിലും സ്ഥിരം സാന്നിദ്ധ്യമാണ്.
“വോയ്സോവർ രംഗത്ത് വന്നപ്പോഴാണ് നാടകത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി തീയറ്റർ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഒരിക്കൽ ഞങ്ങളുടെ ക്യാംപസിൽ നിന്നും ഒരു സംഘം പോയിരുന്നു. ആ സമയത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു ഡ്രാമയിൽ ഒരു ആർട്ടിസ്റ്റ് ഇല്ലാതെ വന്ന സാഹചര്യത്തിൽ എനിക്ക് അഭിനയിക്കേണ്ടി വന്നു, അതായിരുന്നു തുടക്കം”
“പ്രവാസികൾക്കായി കേരള സംഗീത നാടക അക്കാദമി അമ്വേച്ചർ നാടകമത്സരം നടത്തിയിരുന്നു. 2017 ദേശീയ തലത്തിൽ മികച്ച നടിയായി എന്നെ തെരഞ്ഞെടുത്തു. അതിന്‍റെ പിൻബലത്തിൽ ഞാൻ ഷോർട്ട് ഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നത് ആഗ്രഹമാണ്. അവസരം കിട്ടിയാൽ തീർച്ചയായും അഭിനയിക്കും” ടിന്‍റു പറയുന്നു.
ടിന്‍റു മികച്ചൊരു പരിഭാഷക കൂടിയാണ്. കേരളത്തിലെ ആശുപത്രികളിൽ ഒപിഡി സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ ഡൽഹി എയിംസ് സന്ദർശിക്കുകയുണ്ടായി. ആ വീഡിയോ പരിഭാഷപ്പെടുത്തിയായിരുന്നു ടിന്‍റു തുടക്കം കുറിച്ചത്. പിന്നീട് ഡോക്യുമെന്‍ററികൾ മലയാളം, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ 4 ഭാഷകളിലും പരസ്പരം പരിഭാഷപ്പെടുത്തുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട് ടിന്‍റു. ഒപ്പം ചില അദ്ധ്യാപകരുടെ ഫീച്ചറുകളും. യുട്യൂബിൽ ഹിറ്റായ ചില മലയാള സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യാറുമുണ്ട് ഈ കലാകാരി.
വീട്ടിൽ ഫുൾ സപ്പോർട്ട്
സിവിൽ സർവ്വീസ് എന്ന നഷ്ടത്തിന്‍റെ വേദനയിൽ നിന്നും രക്ഷിതാക്കൾ ഇപ്പോഴും മുക്‌തരായിട്ടില്ലെങ്കിലും ഇപ്പോഴുള്ള ഈ പ്രശസ്തിയിൽ അവർക്ക് ചെറിയൊരു സന്തോഷവുമൊക്കെയുണ്ട്. പരസ്യങ്ങൾ ഞാൻ എപ്പോഴും ചെയ്യുന്നതുകൊണ്ട് അതൊരു സാധാരണ കാര്യമായേ അവർ കണ്ടിരുന്നുള്ളൂ. എനിക്കും അനിയനും എല്ലാവിധ സപ്പോർട്ടുമായി പപ്പയും അമ്മയും പിന്നിലുണ്ട്. അനിയൻ ജോലി സംബന്ധമായി മസ്ക്കറ്റിലാണ്. ഞങ്ങൾ ഇടയ്ക്ക് നാട്ടിൽ ഒത്തു കൂടാറുണ്ട്. നാട്ടിൽ വരാനിരുന്നപ്പോഴാണ് കോവിഡ് പ്രശ്നമായത്.” ടിന്‍റുവിന്‍റെ വാക്കുകളിൽ കുടുംബത്തെ മിസ് ചെയ്യുന്നതിന്‍റെ സങ്കടം.
“ജീവിതം വിചിത്രമാണ്. വിചാരിക്കുന്നതല്ല സംഭവിക്കുക. ഇങ്ങനെയൊരു പ്രശസ്തി ഒട്ടും പ്രതീക്ഷിച്ചതല്ല. സോഷ്യൽ മീഡിയയുടെ പവർ കൊണ്ടാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞത്. ഇങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ… ഈ കാലവും നാം അതിജീവിക്കും. ഇപ്പോഴുള്ള പുതിയ പുലരികളെ നാം ജീവിതവുമായി പൊരുത്തപ്പെടുത്തിക്കഴിഞ്ഞു. കലാരംഗത്തെ പോലെ തന്നെ അക്കാദമിക് രംഗത്തേക്ക് മടങ്ങിവരണം. പിഎച്ച്ഡി ചെയ്യണമെന്നാണ് എന്‍റെ സ്വപ്നം” ടിന്‍റു നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞുനിർത്തി.