ഞാനും നാളെ നിന്‍റെ കൂടെ ആശുപത്രിയിൽ വരാം. ഈ കൊറോണ കാരണം രോഗികളുടെ എണ്ണം എത്രമാത്രമാണ് കൂടിയത്. ഈ സാഹചര്യത്തിൽ ഡോക്ടർമാരെ കൂടാതെ നഴ്സുമാരുടെയും ആവശ്യം ഉണ്ടല്ലോ. രോഗികളെ പരിചരിക്കാൻ കഴിയുന്നുണ്ടെങ്കിൽ പിന്നെന്തിന് വീട്ടിലിരുന്ന് സമയം കളയണം?” ഫോണിൽ കുശൽ സംസാരിച്ച് തുടങ്ങിയയുടനെ ഗൗരി പറഞ്ഞു.

“പ്ലീസ് ഗൗരി, ഞാൻ പറയുന്നത് മനസ്സിലാക്കൂ. നിനക്ക് അസുഖം മാറി സുഖമായിട്ട് വളരെ നാളായില്ലല്ലോ. അതിലും വലുതാണ് നിനക്ക് നഴ്സിംഗ് ഡിഗ്രിയില്ലായെന്നത്”

“നിനക്കറിയാമല്ലോ, നഴ്സിംഗ് ഡിഗ്രി എന്താ കിട്ടാതിരുന്നതെന്ന്. ഫൈനൽ ഇയർ എക്സാം മാത്രമാണ് എഴുതാൻ കഴിയാതിരുന്നത്. പഠനം കംപ്ലീറ്റാക്കിയല്ലോ ഞാൻ. നാളെ നീ എന്നെയും കൂടി കൊണ്ട് പോകണം”

“എനിക്കതൊക്കെ അറിയാം. ഗൗരി നമ്മൾ നിയമവിരുദ്ധമായി കാര്യം ചെയ്യണമെന്നാണോ നീ പറയുന്നത്? നീയെന്നും ഞാൻ ഫ്രീയാകുന്ന സമയത്ത് എന്നെ ഫോണിൽ വിളിച്ചാൽ മതി. എനിക്കത് വലിയ ഊർജ്‌ജമായിരിക്കും” കുശലിന്‍റെ വാക്കുകളിൽ മാധുര്യം കുറഞ്ഞ് അൽപം ഗൗരവം കലർന്നു.

“ഡിയർ ഡോക്ടർ, ഞാനൊരു മണ്ടിയെന്നാണോ വിചാരിച്ചിരിക്കുന്നത്. ഞാൻ എന്‍റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോൺ ചെയ്ത് നഴ്സായി പ്രവർത്തിക്കാനുള്ള പെർമിഷൻ വാങ്ങിക്കഴിഞ്ഞു. കോളേജിലെ പാസ്റ്റ് റെക്കോഡും ഇപ്പോഴത്തെ ആവശ്യവും പരിഗണിച്ച് എച്ച്ഒഡി എനിക്ക് സ്പെഷ്യൽ പെർമിഷൻ അനുവദിച്ചുള്ള ഉത്തരവ് മെയിൽ ചെയ്തിട്ടുണ്ട്. ആ മെയിൽ പ്രിന്‍റ് എടുത്ത് കാണിച്ചാൽ എനിക്ക് ജോലി ചെയ്യാൻ പറ്റുമല്ലോ. മൂന്ന് മാസം വരെ വാലിഡ് ആണ് ആ പെർമിഷൻ”

“കൊള്ളാമല്ലോ… എങ്കിൽ നാളെ തന്നെ തുടങ്ങിക്കളയാം” കുശൽ സന്തോഷത്തോടെ പറഞ്ഞു.

പിറ്റേദിവസം ആശുപത്രിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയശേഷം ഗൗരി ഉറങ്ങാൻ പോയി. പക്ഷേ അവൾക്ക് ഉറങ്ങാനായില്ല. അവളുടെ മനസ്സിൽ ഓർമ്മകളുടെ ഒരു വേലിക്കയറ്റം തന്നെയുണ്ടായി. അവൾ തന്‍റെ പഴയ ദിനങ്ങളെപ്പറ്റി ഓർത്തെടുത്തു.

യുപിയിലെ ഒരു കൊച്ചുഗ്രാമത്തിൽ കുശലിനൊപ്പം കളിച്ചുവളർന്ന ബാല്യമായിരുന്നു അവളുടെത്. ഗൗരിയും അമ്മയും മാത്രമടങ്ങുന്നതായിരുന്നു അവളുടെ കുടുംബം. അവൾക്ക് കഷ്ടിച്ച് ഒരു വയസ് പ്രായമുള്ളപ്പോൾ അവളുടെ അച്ഛൻ ജോലിതേടി നഗരത്തിൽ പോയതാണ്. പിന്നീടിതുവരെ മടങ്ങിവന്നില്ല. അയാൾ രണ്ടാമത് വിവാഹം കഴിച്ചുവെന്ന് ചിലർ പറഞ്ഞ് കേട്ടിരുന്നു. ഗൗരിയുടെ അമ്മയ്ക്കാകട്ടെ പഠിപ്പൊന്നും ഉണ്ടായിരുന്നില്ല. വീട്ടുചെലവ് നടത്തികൊണ്ടുപോകാനുള്ള കഴിവും ശേഷിയും അവർക്കുണ്ടായിരുന്നില്ല. ഗൗരിയുടെ അമ്മയുടെ വീട്ടുകാരാകട്ടെ ദരിദ്രരുമായിരുന്നു. അതുകൊണ്ട് അവളുടെ അമ്മ വീട്ടിൽ പപ്പടവും അച്ചാറും തയ്യാറാക്കി അത് വിറ്റാണ് വീട്ടുചെലവ് നടത്തിയിരുന്നത്.

കുശലിന്‍റെ അച്ഛനാകട്ടെ സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ അത്ര വിശാലമായ കൃഷിയിടവും അതിനടുത്തായി കൂറ്റൻ വീടുമുണ്ടായിരുന്നു അവർക്ക്. അച്ഛന്‍റെ തിരക്ക് പിടിച്ച ജീവിതരീതിയും രോഗഗ്രസ്തയായിരുന്ന അമ്മയുടെ മരണവും അവനെ ഏകാന്തതയിലേക്ക് തള്ളിവിട്ടു.

മനം മടുപ്പിക്കുന്ന ഏകാന്തതയ്ക്ക് അവന് ആശ്വാസമായത് ഗൗരിയുമായുള്ള സൗഹൃദമായിരുന്നു. ഗൗരിയല്ലാതെ മറ്റൊരാളെയും അവന് ഉൾക്കൊള്ളാനായില്ല. ഗൗരി കൂട്ടുകാരികൾക്കൊപ്പം കളിക്കുന്നത് മറ്റും കണ്ടാൽ അവൻ അപ്പോൾ തന്നെ ഒച്ച വച്ച് അവളെ വിളിക്കുമായിരുന്നു. അവന്‍റെ ഈ സ്വഭാവം അവളെ പലപ്പോഴും അദ്ഭുതപ്പെടുത്തുമായിരുന്നു. കൂട്ടുകാരികൾക്കൊപ്പം കുറേയകലെ കളിച്ചിരുന്ന തന്നെ അവർക്കിടയിൽ നിന്നും കുശൽ എങ്ങനെ തിരിച്ചറിഞ്ഞിരുന്നുവെന്ന്? അതിനു മറുപടിയായി അവൻ ചിരിയോടെ പറഞ്ഞു.

“നിന്‍റെ ഈ ചുരുണ്ട മുടി എത്ര ഭംഗിയുള്ളതാ… ദൂരെ നിന്ന് നോക്കിയാൽ മുടിയ്ക്ക് നല്ല തിളക്കമാ. ഗൗരി, അത് കാണുമ്പോൾ നീയാണെന്ന് ഞാൻ തിരിച്ചറിയും.” അത് സത്യമായിരുന്നു താനും. നല്ല പട്ടുപോലെ തിളങ്ങുന്നതായിരുന്നു അവളുടെ ചുരുണ്ടമുടി.

ഗൗരിയും കുശലും പഠനത്തിൽ ക്ലാസിൽ ഒന്നാമതായിരുന്നു. അസുഖം വന്ന് അമ്മ മരിച്ചതിന്‍റെ വേദന ഇടയ്ക്കിടയ്ക്ക് അവനെ അലട്ടിയിരുന്നു. അവരുടെ പട്ടണത്തിൽ ഇപ്പോഴും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുണ്ടായിരുന്നില്ല. അതിനാൽ താനൊരു ഡോക്ടറായ ശേഷം അവിടത്തെ പാവപ്പെട്ട ആളുകളെ സേവിക്കണമെന്നത് അവന്‍റെ വലിയൊരു സ്വപ്നമായിരുന്നു. താൻ ഭാവിയിൽ കുശലിനൊപ്പമുണ്ടാവണമെന്ന് ഗൗരിയും ആഗ്രഹിച്ചിരുന്നു. ഒരു ഡോക്ടറായിട്ടല്ലെങ്കിലും ഒരു നഴ്സായിട്ടെങ്കിലും…

10-ാം വയസ്സിൽ നല്ല മാർക്ക് വാങ്ങി വിജയിച്ച ശേഷം കുശൽ മികച്ചൊരു കോച്ചിംഗ് സെന്‍ററിൽ മെഡിക്കൽ എൻഡ്രൻസ് പരിശീലനത്തിനും പോയിരുന്നു. മികച്ച ഏതെങ്കിലും സർക്കാർ കോളേജിൽ നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ കിട്ടണമെങ്കിൽ നന്നായി മനസ്സിരുത്തി പഠിക്കണമെന്ന കാര്യത്തിൽ ഗൗരിക്കും അറിയാമായിരുന്നു. പരസ്പരം അവർ മികച്ച ഭാവി സ്വപ്നം കണ്ടുകൊണ്ട് രാപ്പകലില്ലാതെ കഠിനമായി അദ്ധ്വാനിച്ചു.

ഇരുവരുടെയും കഠിനപരിശ്രമത്തിന് മികച്ച ഫലവും ഉണ്ടായി. ഗൗരിയ്ക്ക് കുശലിന്‍റെ കോളേജിൽ പ്രവേശനം കിട്ടിയില്ലെങ്കിലും ഒരു നഴ്സായി കുശലിനൊപ്പം നിൽക്കാനുള്ള അവളുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. മീററ്റിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ അവൾക്ക് നഴ്സിംഗ് പഠനത്തിൽ പ്രവേശനം കിട്ടി. ഇരുവർക്കും തങ്ങളുടെ നേട്ടത്തിൽ ഒരുപാട് സന്തോഷം തോന്നിയെങ്കിലും വേർപാട് അവരെ വേദനിപ്പിച്ചു.

പഠനത്തിനായി മീററ്റിലേക്ക് പുറപ്പെടാൻ അവൾ ബാഗുമായി ബസ് സ്റ്റാന്‍റിൽ എത്തി കുശലിനെ കാത്തുനിന്നു. കുശൽ അവളെ കാണാൻ പുറപ്പെട്ടു ഇറങ്ങുന്നതിനിടെ അവന്‍റെ അച്ഛൻ ഏതോ അത്യാവശ്യ ജോലിയേൽപ്പിച്ചതിനാൽ അവന് അച്ഛനൊപ്പം ഇരുന്ന് ജോലി ചെയ്യേണ്ടിവന്നു. ബസ് സ്റ്റാന്‍റിൽ ഗൗരി അവനെയും പ്രതീക്ഷിച്ച് നിരാശപ്പെട്ടിരുന്നു. അവൾ ബസ്സിൽ നിന്നിറങ്ങി വീണ്ടും ഒരിക്കൽ കൂടി ചുറ്റിലും കണ്ണോടിച്ച് നിരാശപ്പെട്ടിരുന്നു. പട്ടണത്തിൽ നിന്നും മീററ്റിലേക്ക് ഉള്ള ബസ് 2 മണിക്കൂർ ഇടവേളയിലാണ് വന്നിരുന്നത്.

അടുത്ത ബസ്സിനെ പ്രതീക്ഷിച്ചിരു ന്നാൽ മീററ്റിലെത്താൻ നേരം വൈകും. പോകുന്നതിന് മുമ്പ് കുശലിനെ കാണാൻ പറ്റുകയില്ലെന്നാ തോന്നുന്നത്. ഒന്നാമത് അമ്മയെ വിട്ട് ആദ്യമായാണ് ഇത്രദൂരെ പോകുന്നത്. ആ സങ്കടം ഉള്ളിലുണ്ട്. അതിന്‍റെ കൂടെ കുശലിനെ ഒന്ന് കാണുകപോലും ചെയ്യാതെ പോകുന്നതിന്‍റെ വേദന മറുവശത്ത്. അമ്മയെയാണെങ്കിൽ മാസത്തിലൊരു തവണ ഹോസ്റ്റലിൽ വരുമ്പോൾ കാണുകയെങ്കിലും ചെയ്യാം. പക്ഷേ കുശൽ… ഇനി എന്നാണ് അവനെ കാണാൻ പറ്റുക? അവനും പഠനത്തിനായി ദൂരെ പോകും. അവൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ… അച്ഛന്‍റെ പണം കൊണ്ട് ഒരു മൊബൈൽ വാങ്ങിത്തരാമെന്ന് അവൻ എന്നോട് ആവർത്തിച്ച് പറഞ്ഞതായിരുന്നു. പക്ഷേ ഞാനെന്തിനാണ് അത് നിരാകരിച്ചത്. ഓർത്തപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു.

ബസ് യാത്രയാരംഭിക്കുന്ന വിവരം കണ്ടക്ടർ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഗൗരി കണ്ണ് തുടച്ച് ബസ്സിൽ കയറി സ്വന്തം സീറ്റിലിരുന്നു. പെട്ടെന്ന് പിന്നിൽ നിന്നും ആരോ അവളുടെ ചുമലിൽ തട്ടി, അവൾ വെപ്രാളപ്പെട്ട് നനഞ്ഞ കണ്ണുകളോടെ തിരിഞ്ഞുനോക്കി. പെട്ടെന്നവൾ നിറഞ്ഞ സന്തോഷത്തിൽ ഉച്ചത്തിൽ പറഞ്ഞു.

“കുശൽ നീയോ.. നീയെന്താ ഇത്ര താമസിച്ചത്. ഞാനെത്ര നേരമായി നിന്നെ കാത്തുനിൽക്കുകയാണെന്ന് അറിയാമോ”

“ഞാൻ വീട്ടിൽ നിന്ന് ഓടിവരികയായിരുന്നു. ഇന്നിവിടെ നിന്നെ കാണാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ നിന്‍റെ പിന്നാലെ ഞാൻ കോളേജിൽ എത്തുമായിരുന്നു” യാത്ര പറഞ്ഞ് പിരിയും മുമ്പ് ഗൗരി ചിരിച്ച് കാണാൻ കുശൽ ഏറെ ആഗ്രഹിച്ചിരുന്നു.

“സത്യമാണോ? നീ മീററ്റിൽ വരുമായിരുന്നോ? ങ്ഹാ ഒരു കാര്യം ചോദിക്കട്ടെ… ഞാനീ ബസ്സിലുണ്ടെന്ന കാര്യം നീയെങ്ങനെ അറിഞ്ഞു.” ഗൗരി കുസൃതിച്ചിരിയോടെ പുരികമുയർത്തി ചോദിച്ചു.

“അത് ഞാൻ…. നിന്‍റെ മുടി തന്നെ ദൂരെ നിന്ന് കാണാമല്ലോ ഈ തിളക്കമുള്ള മുടി, പട്ടുപോലത്തെ ചുരണ്ടമുടി. ബസ്സിന്‍റെ ജനാലയിലൂടെ മുടിയിഴകൾ പാറുന്നത് ഞാൻ പിന്നിൽ നിന്നും കണ്ടിരുന്നു.” കുശൽ മറുപടി പറഞ്ഞ് പൊട്ടിച്ചിരിച്ചു.

ഈ സമയം ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്തു. ബസ് ഇരമ്പിത്തുടങ്ങിയതോടെ ഇരുവരുടെയും മുഖത്ത് യാത്ര പറച്ചിലിന്‍റെ വേദന പടർന്നു. സഡൻ ബ്രേക്കിട്ടപോലെ ഇരുവരുടെയും മുഖത്തെ ചിരി മാഞ്ഞു. കുശൽ ബസ്സിൽ നിന്നും ഇറങ്ങി കണ്ണിൽ നിന്നും മായും വരെ അവൻ അവളെ കൈവീശിക്കാട്ടി യാത്രയാക്കി.

സങ്കടം കനം വച്ച മനസ്സോടെ അവൻ വീട്ടിലേക്ക് യാത്രയായി. അവന്‍റെ ഓരോ ശ്വാസനിശ്വാസങ്ങളിലും അവളെക്കുറിച്ചുള്ള ചിന്തകളും ഓർമ്മകളുമായിരുന്നു. നേരം വൈകിത്തുടങ്ങിയിരുന്നു. വീട്ടിലെത്തിയ അവൻ അവളുടെ ഓർമ്മകളിൽ ലയിച്ചു. മനസ്സുകൊണ്ട് അവളുടെ അടുത്തേക്ക് ഓടിയെത്താൻ ആഗ്രഹിച്ചു. ആ ആകർഷണം സാധാരണ സൗഹൃദത്തിൽ കാണുന്ന ഒന്നല്ല. പക്ഷേ ഏത് പേര് നൽകാനാണ് അതിന്? അറിയില്ല. കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി അവൻ തന്‍റെ കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

കുറച്ചു ദിവസത്തിനുശേഷം കുശലും തന്‍റെ അച്ഛനേയും ഗ്രാമത്തെയും വിട്ട് മെഡിക്കൽ പഠനത്തിനായി മുംബൈയിലേക്ക് യാത്രയായി.

അവിടെയെത്തിയ അവന് താനേതോ അന്യലോകത്ത് എത്തിയതു പോലെയാണ് തോന്നിയത്. ഗൗരിയും ഇതുപോലെ എന്നെ ഓർക്കുന്നുണ്ടാവുമോ? അവൻ പലപ്പോഴും ചിന്തിച്ചു. ഗൗരിക്കാവട്ടെ മീററ്റ് എന്ന പട്ടണം തന്‍റെ ഗ്രാമത്തെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായാണ് തോന്നിയത്. കുശലിന്‍റെ കൈപിടിക്കണമെന്ന ആഗ്രഹത്തിനൊപ്പം അവനൊപ്പം എന്നും കൂടെയുണ്ടാവണമെന്ന തീവ്രമായ ഇച്ഛയും അവളുടെ മനസ്സിൽ ഉടലെടുത്തു.

അവധിദിനങ്ങളിൽ ഗൗരി മിക്കപ്പോഴും അമ്മയെ കാണാനായി വീട്ടിലെത്തി. പക്ഷേ കുശലിനെ സംബന്ധിച്ച് അവന് വീട്ടിൽ വരാൻ പറ്റുമായിരുന്നില്ല. ആദ്യസെമസ്റ്റർ കഴിഞ്ഞശേഷമാണ് കുശലിന് ഏറെ നാളിനുശേഷം ഗൗരിയെ കാണാൻ കഴിഞ്ഞത്.

ഏറെ നാളിനുശേഷമുള്ള കൂടിക്കാഴ്ചയിൽ സന്തോഷം കൊണ്ട് ചിറകുകൾ വച്ച് പറക്കുന്നപോലെയാണവർക്ക് തോന്നിയത്. അന്ന് മുഴുവനും തങ്ങളുടെ പുതിയലോകത്തെ കുറിച്ചായിരുന്നു അവർ സംസാരിച്ചിരുന്നത്. ഒരു ദിവസം കുശലിന്‍റെ വീട്ടിലിരുന്ന് കോളേജ് വിശേഷങ്ങൾ പങ്കുവയ്ക്കവെ കുശൽ തെല്ലൊരു വേദനയോടെ പറഞ്ഞു.

“ഗൗരി, പകൽ മുഴുവനും പഠനം സംബന്ധിച്ചുള്ള കാര്യങ്ങൾ കടന്നുപോകും. പക്ഷേ രാത്രിയാവുമ്പോൾ എനിക്ക് ഇവിടത്തെ ഓർമ്മകളാണ്. ഏറ്റവും അധികം നിന്നെക്കുറിച്ചുള്ള ഓർമ്മകളാ…” കുശൽ പോലും അറിയാതെയാണ് ഒടുവിലത്തെ വാചകങ്ങൾ അവന്‍റെ വായിൽ നിന്ന് വീണത്.

ആ വാചകങ്ങൾ കേട്ട് ഗൗരിയുടെ ഹൃദയം ദ്രുതഗതിയിൽ മിടിച്ചുകെണ്ടിരുന്നു.

ലജ്‌ജ നിറഞ്ഞ കണ്ണുകളോടെ ഗൗരി കുശലിന്‍റെ മുഖത്ത് നോക്കാതെ സ്വന്തം വിരലുകളിലേക്ക് നോക്കി.

“ഗൗരി, ഞാൻ എയർപോർട്ടിൽ നിന്നും ഒരു മൊബൈൽ വാങ്ങിയിരുന്നു. നിന്നോട് ഫോണിൽ സംസാരിച്ചാൽ അത്രയും ആശ്വാസമാകുമല്ലോ”

മൊബൈലിൽ പരസ്പരം മനസ്സുതുറക്കാനാവുമല്ലോയെന്ന ആശ്വാസത്തിൽ ഇരുവരും വീണ്ടും യാത്ര പറഞ്ഞ് പഠനസ്ഥലത്തേക്ക് യാത്രയായി.

ഗൗരി സമയം കിട്ടുമ്പോഴെക്കെ മൊബൈലിൽ കുശലിനെ വിളിച്ച് പരസ്പരം വിശേഷങ്ങൾ കൈമാറി. അടുത്ത തവണ വീട്ടിൽ പോകുമ്പോൾ ഏതെങ്കിലും അയൽക്കാരുടെ ഫോൺ നമ്പർ സംഘടിപ്പിക്കണം. അങ്ങനെയായാൽ ഇടയ്ക്ക് അമ്മയേയും വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കാമല്ലോ. ഗൗരി വിചാരിച്ചു. എന്നാൽ ദൂരെയിരിക്കുന്നവരെ ബന്ധിപ്പിക്കുന്ന മൊബൈലും ഒരു ദിവസം അവളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു.

ഒരു ദിവസം അവൾ കൂട്ടുകാർക്കൊപ്പം മാർക്കറ്റിൽ നിന്നും മടങ്ങുന്ന വേളയിൽ അവളുടെ കയ്യിൽ നിന്നും മൊബൈൽ മോട്ടോർ സൈക്കിളിൽവന്ന മോഷ്ടാക്കാൽ തട്ടിപ്പറിച്ചെടുത്തു. അന്ന് മൊബൈൽ നഷ്ടപ്പെട്ടതോർത്ത് ഗൗരി കുറേനേരം കരഞ്ഞു.

പിറ്റേദിവസം ഫോൺ നഷ്പ്പെട്ട വിവരം അവൾ മെയിലിലൂടെ കുശലിനെ അറിയിച്ചു. മറുപടിയായി അവൻ അവളെ സാന്ത്വനിപ്പിച്ചുകൊണ്ടുള്ള സന്ദേശമയച്ചു. അതോടെ ഗൗരിയുടെ സങ്കടത്തിന് ഒരയവ് വന്നു. പഠനത്തിരക്കു കാരണം കുശൽ വീട്ടിലെത്തുന്നതും കുറഞ്ഞു. ഗൗരിക്കത് സങ്കടമായി.

കുശലിന്‍റെ മനസ്സ് മുഴുവനും ഗൗരിയായിരുന്നു. ലാബിലെ രാത്രി വൈകും വരെയുള്ള ജോലി കാരണം കുശൽ ഏറെ തളർന്നാണ് ഹോസ്റ്റൽ മുറിയിലെത്തിയിരുന്നത്. കുറച്ചുദിവസം മുമ്പ് ഗൗരിയുടെ ഒരു മെയിൽ വന്നിരുന്നു. അതിൽ അവൾക്ക് സുഖമില്ലാത്ത കാര്യം പറഞ്ഞിരുന്നു. അതിനുശേഷം 2-3 മെയിൽ അയച്ചെങ്കിലും അതിനൊന്നും മറുപടിയും കിട്ടിയില്ല. ഒരു പക്ഷേ കോളേജിലെ കമ്പ്യൂട്ടർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് നിരോധനമുണ്ടായിരിക്കും എന്നോർത്തുകൊണ്ട് കുശൽ സ്വയമാശ്വസിച്ചു.

ഈ സമയം മുറിയിലെ കോളിംഗ് ബെൽ മുങ്ങി. പോസ്റ്റുമാൻ താഴെ കാത്തുനിൽക്കുന്ന വിവരം അറിയിക്കാൻ വന്ന വാർഡനായിരുന്നുവത്. കുശൽ താഴേക്ക് ഓടിച്ചെന്ന് പോസ്റ്റുമാനിൽ നിന്നും രജിസ്റ്റർ ഒപ്പിട്ട് വാങ്ങി. അടുത്ത ആഴ്ചയിൽ ഡോക്ടർമാരുടെ ഒരു പാനലിനൊപ്പം കുശലിനെയും കൂടി ഡൽഹിയിലേക്ക് അയക്കാൻ പോവുകയാണെന്ന വിവിരമറിയിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ആ സന്ദേശം വായിച്ചതോടെ അവന്‍റെ സങ്കടമൊക്കെ മാറി.

ഡൽഹിയിലെ ഒരു ക്യാൻസർ ഹോസ്പിറ്റലിലെ രോഗികളുടെ അവസ്ഥ മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കാനുള്ള ദൗത്യമായിരുന്നുവത്. ഡൽഹിയിൽ നിന്നും ഏതാനും മണിക്കൂർ യാത്ര ചെയ്താൽ മീററ്റിൽ എത്താം. അവിടെ നിന്നും ഗൗരിയുടെ കോളേജിലേക്ക്… അവൾക്ക് അതൊരു സർപ്രൈസ് ആയിരിക്കും” എന്നോർത്തപ്പോൾ കുശലിന്‍റെ ഉള്ളിൽ സന്തോഷം തിരതല്ലി.

നിശ്ചയിച്ച ദിവസം തന്നെ കുശൽ ടീമിനൊപ്പം ഡൽഹിയിലേക്ക് യാത്രയായി. രാത്രി 2 മണിയ്ക്ക് കുശലും സംഘവും ഡൽഹിയിലെത്തി. ഹോട്ടലിൽ അൽപം വിശ്രമിച്ചശേഷം രാവിലെ തന്നെ അവർ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ടീമിലുള്ള ഒരു ഡോക്ടറുമായി സംസാരിച്ചുകൊണ്ട് ആശുപത്രിയിലെ ഒരു വാർഡിലേക്ക് പ്രവേശിച്ച കുശലിന് മുന്നോട്ട് നടക്കാനാവാതെ കാല് കുഴഞ്ഞുപോയി. ധൈര്യം സംഭരിച്ചുകൊണ്ട് വാർഡിലെ ഒരു ബെഡ്ഡിനരികിലേക്ക് ചെന്നു.

“ഗൗരി… നീയിവിടെ? എന്താ… എന്തുപറ്റി..?” കുശൽ പരിഭ്രമത്തോടെ ചോദിച്ചു.

ഗൗരി കുശലിന്‍റെ കൈകൾ ഇറുക്കി പിടിച്ചു. “നീയെങ്ങനെ ഇവിടെയെത്തി?” ഗൗരിയുടെ തളർന്ന കണ്ണുകൾ അദ്ഭുതം കൊണ്ട്തിളങ്ങി.

“ഒരു കേസ്‍സ്റ്റഡിയുടെ ഭാഗമായി ടീമായി എത്തിയതാണ് ഞാൻ. നിന്‍റെ മെയിലൊന്നും കിട്ടാത്ത വിഷമത്തിലായിരുന്നു. പക്ഷേ…  എന്താ നിനക്ക്…” കുശലിന്‍റെ കണ്ണുകൾ നിറഞ്ഞ് കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.

“എക്സാമിനുള്ള തയ്യാറെടുപ്പിനിടെ ഒരു ദിവസം എനിക്ക് തലകറക്കം വന്നു. പിന്നെ വല്ലാത്ത തളർച്ച. പഠിത്തത്തിന്‍റെ ടെൻഷനും തളർച്ചയും കൊണ്ടാണെന്നാ ഞാൻ വിചാരിച്ചത്. പക്ഷേ സ്ഥിതി വഷളായപ്പോൾ ഞങ്ങളുടെ മാഡത്തിന് എന്തോ സംശയം തോന്നി. എന്നെ ഹോസ്പിറ്റലിൽ കാണിച്ച് ടെസ്റ്റ് ചെയ്തു. പരിശോധനയിൽ ബ്ലഡ് ക്യാൻസറാണെന്ന് കണ്ടെത്തി. ഫസ്റ്റ് സ്റ്റേജാണ്.” തളർന്ന ശബ്ദത്തിൽ ഗൗരി പറഞ്ഞു.

അതുകേട്ട് അവൾക്കരികിൽ കുശൽ തളർന്നിരുന്നു.

“അമ്മയ്ക്കറിയാമോ?”

“ഇല്ല അറിഞ്ഞാൽ അമ്മയ്ക്ക് സങ്കടമാവും. എന്നെ കാണാൻ പോലും അമ്മയ്ക്ക് വരാനാവില്ലല്ലോ” എന്ന് വളരെ പാടുപെട്ട് തളർന്ന ശബ്ദത്തിൽ ഗൗരി പറഞ്ഞു.

“നീ വിഷമിക്കരുത്. ഞാൻ ഇവിടെ വന്നല്ലോ… ഞാനുണ്ട്” സ്നേഹത്തോടെ അവളുടെ കവിളിൽ തട്ടിക്കൊണ്ട് കുശൽ പറഞ്ഞു.രോഗികളെയെല്ലാം പരിശോധിച്ചശേഷം ഡോക്ടർമാരുടെ സംഘം വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന വേളയിൽ കുശൽ ഗൗരിയുടെ രോഗവിവരത്തെപ്പറ്റി സീനിയർ ഡോക്ടറുമായി ചർച്ച ചെയ്തു. മുബൈയിലെ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് ഗൗരിയെ കൊണ്ടുപോകാൻ സീനിയർ ഡോക്ടർ നിർദ്ദേശിച്ചു. അവിടെ നിന്നും ധാരാളം രോഗികൾക്ക് രോഗം ഭേദമായിട്ടുണ്ടത്രേ.

കുശൽ മുംബൈയിലേക്ക് ഗൗരിയെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചു. അവൻ സകല കാര്യവും വീട്ടിൽ വിളിച്ച് അച്ഛനെ അറിയിച്ചു. കുശലിന്‍റെ അച്ഛൻ ഗൗരിയുടെ അമ്മയെ വീട്ടിൽ വിളിപ്പിച്ച് ഗൗരിയുമായി ഫോണിൽ സംസാരിപ്പിച്ചു. പക്ഷേ രോഗവിവരത്തെപ്പറ്റിയൊന്നും അമ്മയെ ധരിപ്പിച്ചില്ല. പകരം ഏതോ ട്രെയിനിംഗിനായി മുംബൈയിലേക്ക് പോകേണ്ടതുണ്ടെന്നും കുശൽ ഒപ്പമുണ്ടെന്നും അവൾ അമ്മയെ ധിരിപ്പിച്ചു.

കുറച്ചുദിവസങ്ങൾക്കുശേഷം ഇരുവരും മുംബൈയിലേക്ക് യാത്രയായി. ചികിത്സയാരംഭിച്ചു. ചികിത്സയുടെ ഫലം അതിവേഗം ഗൗരിയിൽ കണ്ടുതുടങ്ങി. സ്വന്തം പഠനത്തിനൊപ്പം കുശൽ ഗൗരിയുടെ കാര്യങ്ങളിലും പൂർണ്ണശ്രദ്ധയർപ്പിച്ചിരുന്നു. കീമോ തെറാപ്പി ചെയ്യുന്ന ദിവസങ്ങളിലൊക്കെ ഗൗരി കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടോ ഭക്ഷണം കഴിക്കുന്നുണ്ടോ തുടങ്ങിയെല്ലാ കാര്യങ്ങളിലും അവൻ അങ്ങേയറ്റം ശ്രദ്ധയർപ്പിച്ചു.

6-7 മാസങ്ങൾക്കുശേഷം ഗൗരിയുടെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടു. അതിനാൽ കുറച്ച് മരുന്നുകളുടെ ആവശ്യമെ വേണ്ടിവന്നുള്ളൂ.

ഗൗരിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കുശൽ ഗൗരിയെയും കൂട്ടി അവളുടെ വീട്ടിലെത്തി. അതുവരെ നടന്ന എല്ലാ കാര്യങ്ങളും കുശൽ അവളുടെ അമ്മയെ വിശദമായി ധരിപ്പിച്ചു. ഇനി അസുഖത്തെക്കുറിച്ച് പരിഭ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞ് കുശൽ അമ്മയെ പ്രത്യേകം ഓർമ്മിപ്പിച്ചു.

അച്ഛനിൽ നിന്നും കുറച്ച് പണം വാങ്ങി കുശൽ ഗൗരിയുടെ അമ്മയെ ഏൽപിച്ചു. മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കണമെന്ന് ഗൗരിയെ പ്രത്യേകം ഓർമ്മിപ്പിച്ചശേഷം അവൻ യാത്ര പറഞ്ഞ് മുംബൈയിലേക്ക് പോയി.

നാട്ടിൽ ഗൗരി സുഖം പ്രാപിച്ചുവരുന്ന വിവരം അറിഞ്ഞ് കുശൽ ഏറെ സന്തോഷവാനായി. കുശൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയശേഷം വീട്ടിൽ മടങ്ങിയെത്തി. സ്വന്തം നാട്ടിലെത്തിയ അവൻ അൽപം അകലെയുള്ള ആശുപത്രിയിൽ പ്രാക്ടീസ് ആരംഭിച്ചു. സ്വന്തം ഗ്രാമത്തിലെ ആളുകളെ സേവിക്കുകയന്നെുള്ളതായിരുന്നു അവന്‍റെ ലക്ഷ്യം. അതോടൊപ്പം പാരമ്പര്യമായി ലഭിച്ച പഴയ ബംഗ്ലാവ് ഇടിച്ച് നിരപ്പാക്കി ആ സ്ഥാനത്ത് പുതിയ ആശുപത്രിക്കെട്ടിടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

ഗൗരിയ്ക്കാകട്ടെ ഡിഗ്രി പഠനം പൂർത്തിയാക്കാനുള്ള തിടുക്കമായിരുന്നു. എന്നാൽ ഒരു ഡോക്ടറായതിനാൽ കുശൽ അവളോട് അൽപസമയം കൂടി ക്ഷമയോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കാരണം ഇടയ്ക്കിടെ അവൾക്ക് തളർച്ചയനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തളർച്ച മാറുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റ് പോംവഴിയുണ്ടായിരുന്നില്ല. പക്ഷേ കൊറോണയെന്ന മഹാമാരി ചുറ്റും താണ്ഡവമാടുന്ന വേളയിൽ തനിക്ക് കഴിയുന്ന സേവനം നടത്തുന്നതിൽ നിന്നും ഗൗരിയ്ക്ക് സ്വയം ഒഴിഞ്ഞ് മാറാൻ കഴിയുമായിരുന്നില്ല.

പിറ്റേദിവസം മുതൽ അവൾ നിറഞ്ഞമനസ്സോടെ ജോലിയിൽ വ്യാപൃതയായി. തളർച്ചയൊക്കെ പൂർണ്ണമായും മറന്ന് ജോലിയിൽ മനസ്സർപ്പിച്ചുള്ള അവളുടെ സേവനം കണ്ടിട്ട് കുശലിന് അദ്ഭുതം തോന്നി.

ഒരു ദിവസം ജോലിക്കിടവേളയിൽ കാന്‍റീനിൽ ഇരുവരും ഒരുമിച്ച് ചായ കുടിക്കാനെത്തി. കുശൽ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഗൗരി, നീയേറെ ഇഷ്ടപ്പെട്ട ഡ്രസ് അണിഞ്ഞല്ലോ, നഴ്സിന്‍റെ യൂണിഫോം പക്ഷേ എനിക്കിഷ്ടപ്പെട്ട വസ്ത്രം നീയെന്ന് അണിയും? ചുവന്ന പട്ടുസാരിയുടുത്ത്…”

കുശലിന്‍റെ വർത്തമാനം കേട്ട് ഗൗരി നിരാശയോടെ പറഞ്ഞു.

“കുശൽ ഇനിയെന്‍റെ ജീവിതത്തിൽ എന്താണ് ഉള്ളത്? കിമോതെറാപ്പിയുടെ കറുത്ത നീരാളിപ്പിടിത്തിൽ എന്‍റെ ചുരുണ്ടമുടിയൊക്കെ പൊഴിഞ്ഞുപോയില്ലേ… നീയത് ഏറെ ഇഷ്ടപ്പെട്ടിരുന്നില്ലേ. എന്‍റെ ചുരുണ്ടമുടി ദൂരെ നിന്ന് കണ്ട് നീയെന്ന് തിരിച്ചറിഞ്ഞിരുന്നില്ലേ. ഇനി ആ ചുരുണ്ടമുടികൾ… ഗൗരിക്കില്ലല്ലോ..”

അവളുടെ മറുപടി കേട്ട് കുശൽ സ്നേഹത്തോടെ അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി.

“ഗൗരി… നീ നിന്നെ സ്വയം മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. എനിക്ക്  നിന്നെക്കുറിച്ചോർത്ത് അഭിമാനമാണ്. രാപ്പകലില്ലാതെ എത്രയെത്ര രോഗികളെയാ നീ സ്വന്തം വേദന മറന്ന് പരിചരിക്കുന്നത്. നിന്‍റെ ഈ രൂപം സ്നേഹനിധിയാണ്. ചുരുണ്ടമുടിയേക്കാൾ എത്ര അമൂല്യമാണ് ഹൗസ്മാറ്റ്സ്യൂട്ട് അണിഞ്ഞ് നീ രോഗികളെ പരിചരിക്കുന്നത് കാണാൻ” കുശൽ വികാരനിർഭരനായി പറഞ്ഞു.

“എന്‍റെ സ്നേഹം വിജയിച്ചിരിക്കുന്നു. കൊറോണയ്ക്ക് വരെ നിന്‍റെ ഈ മനസ്സിന് മുന്നിൽ കീഴടങ്ങേണ്ടി വരും ഗൗരി. ഇനി എന്നുമെന്നും ഈ ചുരുണ്ടമുടിക്കാരി കുശലിന്‍റെതായി മാറും” കുശൽ അവളുടെ ചെവിയിൽ മന്ത്രിച്ചു.

और कहानियां पढ़ने के लिए क्लिक करें...