എല്ലാ ഞായറാഴ്ചകളിലേയും പോലെ മടുപ്പിൽ മുഷിഞ്ഞു കിടക്കുന്ന ജീവിതത്തെ വർണ്ണപ്പകിട്ടുള്ളതാക്കാൻ എത്തിയതാണ് അന്നും അവർ ആ ബീച്ചിൽ. നിഖിലും അനിതയും. ജീവിതം സുഖകരം തന്നെ എന്നു തോന്നിപ്പിക്കുന്ന ഘടകങ്ങളൊന്നും തന്നെ ഇല്ലാത്ത സാമാന്യം വിരസമായിത്തീർന്നിരുന്ന ജീവിതത്തെ പുനരാഘോഷമാക്കേണ്ടത് അവരെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു.

വീട് ജോലി ഓഫീസ് എന്ന യാന്ത്രിക ജീവിതത്തിന്‍റെ വിരസത പലപ്പോഴും ഓക്കാനമുളവാക്കുന്നു എന്ന് ഇരുവരും പറയാൻ തയ്യാറായില്ല എന്നു മാത്രം. കടലിൽ നിന്ന് തിരയോടൊപ്പം ആഞ്ഞടിച്ചെത്തി കരയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്ന മണൽത്തരികളുടെ നിസ്സംഗതയാണ് ഈയിടെയായി അനിതയുടെ മനസ്സിൽ.

ദുഃഖങ്ങൾ ഉൾക്കൊള്ളാൻ മനുഷ്യ മനസ്സിന് ഒരു പരിധിയുണ്ട്. പിന്നിട്ട ജീവിത വഴിയിലൂടെ അനിത അത് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. കഴിഞ്ഞ കാല ഓർമ്മകൾ ഗൃഹാതുരത്വമായി അവളെ പൊതിഞ്ഞു.

എത്ര പെട്ടെന്നാണു നാലു വർഷത്തെ നഴ്സിംഗ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങാനായത്. ഇനി ഈ ബോംബെ നഗരത്തിലെ തന്നെ ഏതെങ്കിലും ഒരാശുപത്രിയിൽ ജോലി കണ്ടെത്തണം. അവളുടെ സീനിയറായി പഠിച്ചിരുന്ന നിഖിൽ സഹായിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. നിഖിൽ ഷാ… നഴ്സിംഗിനു ചേർന്ന ആദ്യനാളുകളിൽ പരിചയപ്പെട്ട സുഹൃത്ത്. ബോംബെയിൽ ജോലി ചെയ്യുന്ന തന്‍റെ ആന്‍റിയുടെ സഹപ്രവർത്തകയുടെ മകൻ, ബോംബെയിൽ വർഷങ്ങളായി സ്‌ഥിര താമസമാക്കിയ കുടുംബം. പരിമിതമായ ഭാഷ മാത്രം കൈമുതലായുള്ള അനിതയുടെ ദ്വിഭാഷിയായി നിഖിൽ സ്വയം മാറുകയായിരുന്നു. ക്രമേണ അനിതയുടെ ഇഷ്ടഖേദങ്ങൾ ഉൾക്കൊള്ളാനാവുന്ന നല്ലൊരു സുഹൃത്തും.

നഴ്സിംഗ് പഠനം കഴിഞ്ഞ് അധികം വൈകാതെ ദാദറിൽ ഉള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനായി. എത്ര അനായാസമായാണ് അവളുടെ മനസ്സിന് സേവന തൽപരയായ നഴ്സിന്‍റെ ചലനങ്ങളം മാനസിക ഭാവങ്ങളും ഉൾക്കൊള്ളാനായത്. ഇപ്പോൾ സ്വയം തീരുമാനങ്ങളെടുക്കാനും അവ പ്രായോഗികമാക്കാനും മറ്റുമുള്ള പക്വതയും ധൈര്യവുമൊക്കെ ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് അനിതക്കു സ്വയം തോന്നാറുണ്ട്.

വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞിറങ്ങിയാൽ നഗരവീഥികളിലൂടെ നടക്കാനോ അതുമല്ലെങ്കിൽ ബീച്ചിൽ പോയിരിക്കാനോ ഒക്കെ അനിതയും നിഖിലും സമയം കണ്ടെത്തുന്നു. നിഖിലിനോടൊപ്പം കഴിയുന്ന സമയത്തെല്ലാം പറഞ്ഞറിയിക്കാനാവാത്തൊരു ആന്തരിക സ്വസ്ഥത അനുഭവപ്പെടുന്നതായി അനിതയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു. ഇതാണോ പ്രണയം? അവൾ ചിന്തിച്ചു. എന്തായാലും ഇതുവരെ അനുഭവപ്പെടാത്ത തനിക്കന്യമായിരുന്ന ഒരു വികാരമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അന്നും പതിവുപോലെ ഓഫീസിൽ നിന്നിറങ്ങിയതിനു ശേഷം നിഖിലും അനിതയും ബീച്ചിൽ എത്തിയതായിരുന്നു. മണലിൽ കളം വരച്ച് ഇരിക്കവെ വാക്കുകൾ മറന്നിട്ടെന്ന വണ്ണം അവർ മുഖത്തോടു മുഖം നോക്കി. അസ്തമയ സൂര്യന്‍റെ ചാഞ്ഞ് ഒഴുകി എത്തിയ വെയിൽ അനിതയുടെ കവിളിൽ തളം കെട്ടി കിടന്നിരുന്നു. അപ്പോഴാണ് അതുണ്ടായത്. അനിതയെ തന്നോടു ചേർത്തു ഒരു വെളിപാടെന്നോണം നിഖിൽ പറഞ്ഞത്.

“നമുക്കൊരുമിച്ചു ജീവിക്കാം.” ആ വാക്കുകൾ തന്‍റെ ഏകാന്തതയുടെ മരുഭൂമിയെ നനച്ച് കുളിരണിയിക്കുന്നതായാണ് അനിതക്കനുഭവപ്പെട്ടത്.

എത്രയോ നാളായി കേൾക്കാൻ ആഗ്രഹിച്ച ചോദ്യം… പറയാൻ ധൈര്യപ്പെടാതിരുന്നത്.

ഒരു വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും അവൾ ധൈര്യപ്പെട്ടിരുന്നില്ല. എന്നിട്ടും ന്യായാന്യായവും യുക്തികളും സ്വയം വളച്ചൊടിച്ച് തൃപ്തികരം എന്നു തോന്നിപ്പിക്കുന്ന ഒരു തീരുമാനം കൈക്കൊള്ളാൻ തനിക്കെത്ര എളുപ്പം കഴിഞ്ഞു. അനിത അദ്ഭുതപ്പെടുകയായിരുന്നു.

“ഞാൻ തന്‍റെ ആന്‍റിയോടു സംസാരിക്കാം,” ബോംബെയിൽ താമസിക്കുന്ന അനിതയുടെ ആന്‍റിയുമായി പരിചയമുള്ള നിഖിലിന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

പിന്നീടെല്ലാം പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പത്തിലും പെട്ടെന്നുമായിരുന്നു. ഇരു വീട്ടുകാരും അവരെ ഹൃദയ പൂർവ്വം സ്വീകരിക്കുകയായിരുന്നു. അടുത്ത രണ്ടു സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ രജിസ്റ്റർ ഓഫീസിൽ വച്ച് ഒപ്പിട്ട ശേഷം അവർ ഒരേ വീട്ടിൽ താമസം തുടങ്ങുകയായിരുന്നു. രണ്ടു സുഹൃത്തുക്കൾ ഒരുമിച്ചു താമസിക്കുമ്പോൾ അനുഭവപ്പെടുന്ന ലാഘവത്വമാർന്ന പ്രേമം. അതിനെ ദാമ്പത്യമെന്നോ ശരീരവും മനസ്സും അർപ്പിച്ചുള്ള പ്രണയമെന്നോ എന്തു വേണമെങ്കിലും പറയാം. പരസ്പരം കണ്ടിട്ടില്ലെങ്കിലും അനിതയുടെ അച്‌ഛനമ്മമാർ നിഖിലിനെ മരുമകനായി മനസ്സാ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ബോംബെയിൽ തന്നെയുള്ള നിഖിലിന്‍റെ വീട്ടുകാർക്ക് അനിതയും ഇതിനകം തന്നെ ഏറെ പ്രിയപ്പെട്ട മരുമകളായി ത്തീർന്നിരുന്നല്ലോ.

ആസ്വാദ്യകരവും സന്തുഷ്ടവുമായ ദാമ്പത്യം എന്ന് ഇരുവരും മനസ്സിൽ കുറിച്ചിട്ട നാളുകൾ മത്സര ഓട്ടത്തിലെന്നോണം ഓടിയകലുകയായിരുന്നു. കാണാമറയത്തൊരാൾ ജീവിതത്തിന്‍റെ കടിഞ്ഞാൺ നിയന്ത്രിക്കുന്നുണ്ടെന്ന് അന്നൊന്നും അവർ അറിഞ്ഞിരുന്നില്ല.

കടുത്ത ക്ഷീണവും പനിയുമായാണ് ഒരു നാൾ നിഖിൽ ഓഫീസിൽ നിന്നെത്തിയത്. ഏതാനും ദിവസങ്ങളായി ക്ഷീണവും തളർച്ചയും വിശപ്പില്ലായ്മയുമൊക്കെ അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നെങ്കിലും ഇരുവരും അതത്ര കാര്യമാക്കിയിരുന്നില്ല. ക്രമേണ കാലിലും മുഖത്തുമൊക്കെ നീരുവന്ന് വീർത്തപ്പോഴാണ് ഡോക്ടറുടെ അടുത്തെത്തിയത്. പിന്നീടങ്ങോട്ട് ടെസ്റ്റുകളുടെയും ആശുപത്രി വാസത്തിന്‍റെയും നാളുകളായിരുന്നു. പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ നിഖിലിന്‍റെ ഇരുവൃക്കകളും പരിതാപകരമായ അവസ്‌ഥയിലാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. ജന്മങ്ങൾ അവസാനിച്ച ജീവനെപ്പോലെ നിശ്ചലമായ മിഴികളോടെ നിഖിൽ ഡോക്‌ടറുടെ മുഖത്തേക്കു നോക്കി ഇരുന്നു.

എത്ര പെട്ടെന്നാണ് നിഖിൽ ഒരു പരീക്ഷണ വസ്തു മാത്രമായി മാറിയത്. ഓർക്കുന്തോറും ഭീരകരമായ ഒരു ഭീതിയിൽ ആവരണം ചെയ്‌താലെന്നവണ്ണം നിഖിലും അനിതയും തളർന്നിരുന്നു. എന്നാൽ പിന്നീട് വളരെ സംയമനത്തോടെയാണ് നിഖിൽ പ്രതികരിച്ചത്. അലകളടങ്ങിയ കടൽ പോലെ ശാന്തമായ ഭാവത്തിൽ ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു നിഖിൽ….

ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ഡോക്ടർ നിഖിലിന്‍റെ അടുത്തേക്കു വന്നു. തോളിൽ തട്ടിക്കൊണ്ട് സ്നേഹപൂർവ്വം പറഞ്ഞു തുടങ്ങി.

“ഏതു രോഗവും ഇക്കാലത്ത് ഒരു പരിധി വരെ ചികിത്സിച്ചു ഭേദമാക്കാനാവും. മെഡിക്കൽ സയൻസ് വളരെയേറെ പുരോഗമിച്ചിരിക്കുന്നു, മി.നിഖിൽ.”

എന്തിനാണ് ഈ വളച്ചുകെട്ടൽ…? സ്വതവെ ശാന്തനായ നിഖിൽ വല്ലാതെ അസ്വസ്ഥനാവാൻ തുടങ്ങിയിരുന്നു.

“കിഡ്നി ട്രാൻസ്പ്ലാന്‍റേഷൻ മാത്രമേ ഒരു പരിഹാരമായി നിഖിലിന്‍റെ കാര്യത്തിൽ നിർദ്ദേശിക്കാൻ കഴിയൂ…

ഡോക്ടർ അനിതയോടും നിഖിലിനോടും വിവരങ്ങളെല്ലാം വിശദമായി ചർച്ച ചെയ്‌തു.

കിഡ്നി ട്രാൻസ്പ്ലാന്‍റേഷൻ… ചെലവ് മാത്രം രണ്ടുമൂന്നു ലക്ഷത്തിലധികം വരും. പിന്നെ ഹോസ്പിറ്റൽ ചെലവുകൾ, പരിശോധനകൾ, മരുന്ന്… ചുരുങ്ങിയത് അഞ്ചാറു ലക്ഷം രൂപ എന്തായാലും കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ഡോണറെ കിട്ടുക അത്ര എളുപ്പമല്ല. തന്‍റേയും അനിതയുടേയും മാതാപിതാക്കളും നിസ്സഹായരാണ്. എന്തു പറഞ്ഞാണ് അന്യോന്യം സമാധാനിപ്പിക്കേണ്ടത് എന്നറിയാതെ ഇരുവരും മൗനം പൂണ്ടു. ഇതിനകം വിവരമറിഞ്ഞ സുഹൃത്തുക്കൾ സഹായ വാഗ്ദാനവുമായി എത്തിത്തുടങ്ങിയിരുന്നു.

ആ ഹോസ്പിറ്റലിലെ ഡോ.വിപിൻ അറോറയാണ് ഒടുവിൽ ഒരു പരിഹാരം നിർദ്ദേശിച്ചത്.

“പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ടെക്നോളജി നമുക്കൊന്നു ശ്രമിച്ചു കൂടെ…? എന്താണ് ഡോ. അറോറ പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ അവർ പരസ്പരം നോക്കി. തന്‍റെ കിഡ്നി ട്രാൻസ്പ്ലാന്‍റേഷനും പുതിയ ടെക്നോളജിയും തമ്മിൽ എന്ത് ബന്ധം…

ഡോക്ടർ തുടർന്നു,

“ആറാമത്തെ നിലയിലെ ഡീലക്സ് മുറിയിൽ ഒരു ഭാര്യയും ഭർത്താവും ചികിത്സയിൽ ഉണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഏറെയായിട്ടും കുട്ടികൾ ഉണ്ടായിട്ടില്ല. പല ചികിത്സകൾ നടത്തിയിട്ടും ഫലം ലഭിക്കാതെ നിരാശരായി കഴിയുന്നവർ.”

എന്താണ് ഡോക്ടർ പറഞ്ഞു വരുന്നത്? നിഖിലും അനിതയും ഡോക്ടറെ നോക്കിയിരിക്കുകയായിരുന്നു. ഒരുതരം മരവിപ്പോടെ.

“പല ചികിത്സാ രീതികളും അവർ പരീക്ഷിച്ചു. ഐയുഐ, ഐവിഎഫ് തുടങ്ങിയ ചികിത്സാരീതികളൊന്നും അവരിൽ വിജയിച്ചില്ല. കാരണം അയാളുടെ ഭാര്യയുടെ ഗർഭ പാത്രത്തിന് സാധാരണ രീതിയിൽ ബീജ സങ്കലനം നടക്കാനുള്ള ശക്തിയില്ല…” എന്താണ് പറയേണ്ടത് എന്നറിയാതെ അവർ കേൾവിക്കാരായി നിന്നു. മൗനം നീളുന്നത് കണ്ട് ഡോക്ടർ തുടർന്നു.

“ഇനി സറോഗസിയുടെ സാധ്യത കൂടി അവസാനമായി പരീക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു.” ഡോക്ടർ അവരെ പറഞ്ഞു മനസ്സിലാക്കാനായി ഒന്നു കൂടി വിശദീകരിച്ചു.

“അതായത് ഗർഭപാത്രം വാടകയ്ക്കു നൽകാൻ തയ്യാറുള്ള ഒരു സ്ത്രീയെ അവർ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങൾ തന്നെ പ്രതിഫലമായി നൽകുകയും ചെയ്യും.” ഒന്നും മനസ്സിലാവാതെ മിഴിച്ചു നിൽക്കുന്ന അനിതയോടും നിഖിലിനോടും കാര്യങ്ങൾ വ്യക്‌തമായി പറഞ്ഞു മനസ്സിലാക്കാൻ ഡോക്ടർ ഒരു ശ്രമം കൂടി നടത്തുകയായിരുന്നു.

“ആ ദമ്പതികളിൽ നിന്ന് ശേഖരിക്കുന്ന അണ്ഡവും ബീജവും ലാബിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ ബീജസങ്കലനം നടത്തി ഗർഭപാത്രം വാടകയ്ക്കു നൽകാൻ തയ്യാറുള്ള സ്ത്രീയിൽ നിക്ഷേപിക്കുന്നു. അവരുടെ ഉദരത്തിൽ കുഞ്ഞിന്‍റെ വളർച്ച സാധാരണ ഗതിയിൽ ആവുന്നതു വരെ ആശുപത്രിയിൽ കഴിയണം. തുടർച്ചയായി പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമുള്ള പ്രക്രിയയാണ് ഇത്. എല്ലാം നോർമൽ ആയി എന്നു ബോദ്ധ്യമായാൽ പിന്നീട് സാധാരണ രീതിയിലുള്ള പീര്യോഡിക്കൽ ചെക്കപ്പ് മതി.” സറോഗസിയെക്കുറിച്ചുള്ള ഏതാണ്ടൊരു വിശദീകരണം ഡോക്ടർ അവർക്കു നൽകി, അവരുടെ പ്രതികരണത്തിനായി കാത്തിരുന്നു.

“അവരുടെ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് എന്ന ആഗ്രഹസാക്ഷാത്ക്കാരത്തിനു വേണ്ടി എത്ര ലക്ഷം രൂപ വേണമെങ്കിലും ചെലവഴിക്കാൻ അവർ തയ്യാറാണ്. നിങ്ങൾ ആലോചിക്കൂ. “എവിടേയും തൊടാതെ പറഞ്ഞ് ഡോക്ടർ മുറിക്കു പുറത്തേക്ക് നടന്നു.

തന്നെപ്പോലെ തന്നെ അനിതക്കും കാര്യങ്ങൾ വ്യക്‌തമായി ഉൾക്കൊള്ളാനായിട്ടുണ്ട്. ആ മുഖഭാവം അതു വ്യക്തമാക്കുന്നുണ്ട്. എന്തുവേണം എന്ന മൗനമായ ഭാഷയിൽ നിഖിൽ അനിതയുടെ മുഖത്തേക്കു നോക്കി. ഒഴിഞ്ഞ ഇടവഴിയിലേക്ക് തുറന്നു കിടക്കുന്ന ജനൽ പോലെ ഏകാന്തവും ശൂന്യവുമായ മിഴികളോടെ അവൾ നോക്കി ഇരുന്നതേയുള്ളൂ.

നിഖിലിന്‍റെ ഓപ്പറേഷന് ലക്ഷങ്ങൾ വേണമെന്ന് ഡോക്‌ടർക്കറിയാം. അനപത്യ ദുഃഖത്തിൽ നിന്ന് കരകയറാനാഗ്രഹിക്കുന്ന ദമ്പതികളും എങ്ങിനെയും ഭർത്താവിന്‍റെ ജീവൻ രക്ഷിക്കാനായുള്ള തീവ്രശ്രമത്തിന്‍റെ ഫലപ്രാപ്തിക്കായി നെട്ടോട്ടമോടുന്ന ഒരു ഭാര്യയും. ഇവിടെ ശരിതെറ്റുകൾ വരുന്നില്ല. കാര്യവും കാരണവുമാണ് നോക്കേണ്ടത്. ഡോക്ടർ അവരെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് ടെസ്റ്റുകളുടേയും നിരീക്ഷണങ്ങളുടേയും നാളുകളായിരുന്നു. മടുപ്പുളവാക്കുന്ന ദിനങ്ങൾ! എങ്ങനെയോ ആർജിച്ച കരുത്തിൽ നിഖിലും അനിതയും അധികമൊന്നും പ്രാബല്യത്തിൽ ഇല്ലാത്ത ആധുനിക ചികിത്സയുടെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമായി ആശുപത്രിയിൽ നാളുകൾ തള്ളിനീക്കി. സംഘർഷമില്ലാത്ത മനസ്സും ആരോഗ്യമുള്ള ശരീരവും അത്യാവശ്യമായ ചികിത്സാരീതിയാണിതെന്ന് ഡോക്ടർ മുന്നറിയിപ്പുകൾ നൽകി കൊണ്ടിരുന്നു. എങ്കിലും അനിതയുടെ മനസ്സ് ഭയത്തിന്‍റെയും ശരി തെറ്റുകളുടേയും വിളനിലമായി കഴിഞ്ഞിരുന്നു. ക്രമേണ നിഖിലിന്‍റെ പ്രോത്സാഹന ജനകമായ പിന്തുണയോടെയും കൗൺസിലിംഗിലൂടേയും ആദ്യത്തെ കടമ്പ കടന്നു കഴിഞ്ഞപ്പോൾ ജനിക്കാനിരിക്കുന്ന കുഞ്ഞ് എന്ന മോഹം അവളെ പൊതിഞ്ഞു. അതുവരെ അനുഭവിച്ച നൊമ്പരങ്ങളും നിരാശയും അവൾ മറന്നു കഴിഞ്ഞിരുന്നു.

കുഞ്ഞിന്‍റെ ജന്മത്തിനുത്തരവാദിയായ ആണുടലിനെ അറിയാതെ തന്നെ അനിതയുടെ ശരീരം മാറ്റങ്ങളേറ്റു വാങ്ങി. ക്രമേണ ചിത്രകാരൻ ഫ്രെയിമിൽ നിന്ന് മാഞ്ഞു പോകുകയും ചിത്രം മാത്രം അമൂർത്തമായി നിലകൊള്ളുന്ന അവസ്‌ഥയിലേക്ക് അനിതയുടെ ശരീരവും മനസ്സും എത്തിച്ചേരുകയുമായിരുന്നു. നിഖിലും തന്‍റെ ഓപ്പറേഷനു ശേഷം ആരോഗ്യം വീണ്ടെടുത്ത് തനിക്ക് യാതൊരു പങ്കും ഇല്ലാതെ ജനിക്കാൻ പോകുന്ന അതിഥിക്കായി കാത്തിരിക്കാൻ തുടങ്ങി.

തന്‍റെ ഗർഭപാത്രത്തിലെ താൽക്കാലിക വാടകക്കാരൻ മാത്രമായ കുഞ്ഞിനോട് വല്ലാത്ത മമത വേണ്ടെന്നും, ശരിയായ അവകാശികൾ തന്നേക്കാൾ ആകാംക്ഷയോടെ കുഞ്ഞിനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്നും അനിത ഈ നാളുകളിൽ മനസ്സിനെ സ്വയം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു.

ബയോളജിക്കൽ മാതാവു മാത്രമായ താൻ തിരശീലയിൽ നിന്ന് മാഞ്ഞു പോകാനുള്ളതാണെന്നും കൈവശാവകാശത്തിന് തീരെ സാധ്യതയില്ലാത്ത പ്രൊജക്റ്റ് ആണിതെന്നും അവൾ നല്ല പോലെ ഉൾക്കൊണ്ടിട്ടുണ്ട്. ഇതിനകം തന്നെ ശരീരത്തിലെ മാറ്റങ്ങൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായി തന്നിൽ പടരുന്നത് അനിത തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഓരോ ചലനങ്ങളും മാതൃത്വത്തിന്‍റെ മാസ്മരികാനുഭൂതിയായി അവളിൽ നിറഞ്ഞു. ബീജദാതാവും സ്വീകർത്താവും പരസ്പരം കാണുന്നില്ല എന്നത് വലിയ അനുഗ്രഹം തന്നെയാണ് എന്ന് അനിതക്ക് ഈ നാളുകളിൽ ബോദ്ധ്യമാവുകയായിരുന്നു.

ഇതിനിടെ നിഖിലിന്‍റെ കിഡ്നി ട്രാൻസ്പ്ലാന്‍റേഷൻ വിജയകരമായി നടന്നു. ചില സന്നിഗ്ദ്ധ ഘട്ടങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തെയാകെ മാറ്റി മറിക്കാൻ ഉപകരിക്കും എന്ന് അവർ തിരിച്ചറിയുകയായിരുന്നു ഈ നാളുകളിൽ.

ഒടുവിൽ കാത്തിരുന്ന ആ ദിവസമെത്തി. കടുത്ത നൊമ്പരത്തോടെ തന്നെ ഓപ്പറേഷൻ തീയ്യറ്ററിലേക്ക് യാത്രയാക്കുമ്പോൾ നിഖിലിന്‍റെ ചിരിക്കുന്ന കണ്ണുകളിൽ ഈർപ്പം തിളങ്ങിക്കിടന്നിരുന്നു.

തന്‍റെ ഗർഭപാത്രം വാടകക്കെടുത്ത ദമ്പതികൾ അപ്പോൾ ആകാംക്ഷയോടെ ലേബർ റൂമിനു മുമ്പിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

പകർന്ന പാത്രത്തിന്‍റെ സ്വരൂപത്തിലേക്കു മാറുന്ന ജലം പോലെ തന്‍റെ രക്തത്തിൽ പിറന്ന കുഞ്ഞ്. ഒരു നോക്കു മാത്രം കണ്ടതേയുള്ളൂ. കാണുംതോറും തനിക്കവനെ പിരിയാനാവാതെ വരും. തന്‍റെ സൂര്യപുത്രൻ. എത്ര പെട്ടെന്നാണ് അവൻ ചൂടും തുടിപ്പും ഏറ്റുവാങ്ങി തന്‍റെ ജീവന്‍റെ തന്നെ ഭാഗമായത്. ഒടുവിൽ അവനെ കൈമാറുമ്പോൾ അനുഭവിച്ച നൊമ്പരം. എല്ലാം മൂടിവെക്കുകയായിരുന്നു. നിഖിലിന്‍റെ ജീവൻ തിരിച്ചു പിടിക്കാൻ വേണ്ടിമാത്രം. അനിത ചിന്തകളിൽ നിന്ന് ഉണർന്ന് യാഥാർത്ഥ്യത്തെ നേരിടാൻ തയ്യാറായി.

കണ്ണീർ കാഴ്ച മറച്ച വഴിയിലൂടെ നടന്ന് അനിത കാറിൽ കയറി. അപ്പുറത്തു കിടക്കുന്ന മഹാരാഷ്ട്ര നമ്പറുള്ള കാറിൽ തന്‍റെ കുഞ്ഞ് പ്രസവ വേദനയറിയാത്ത അമ്മയുടെ ചൂടുപറ്റി യാത്രയാവുകയായിരുന്നു, അപ്പോൾ അവനെ കാത്തു കിടക്കുന്ന ആർഭാടങ്ങളിലേക്ക്! അപ്പോഴും അവന്‍റെ ചുണ്ടിൽ ഒരു പുഞ്ചിരിതത്തിക്കളിച്ചു കിടന്നിരുന്നു… മുലപ്പാലിന്‍റെ മാധുര്യത്തോടെ…..!!

और कहानियां पढ़ने के लिए क्लिक करें...