പ്രണയ വിവാഹമായാലും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായാലും പെൺകുട്ടികളെ സംബന്ധിച്ച് ഭർത്താവിന്‍റെ വീട് ഒരു അപരിചിത ഇടമായിരിക്കും. ഇതൊരു വലിയ പ്രശ്നമായി മാറുന്നത് ഭർത്താവിന്‍റെ വീട്ടുകാരെക്കുറിച്ച് പെൺകുട്ടിയുടെ മനസ്സിൽ നെഗറ്റീവ് ചിന്തകളുണ്ടാകുമ്പോഴാണ്. ഈ സാഹചര്യത്തിൽ ചില പെൺകുട്ടികളെങ്കിലും യാതൊരു അടിസ്‌ഥാനവുമില്ലാതെ ഭർതൃവീട്ടിലെ കുറ്റങ്ങളും കുറവുകളും ചികഞ്ഞു തുടങ്ങും.
ഇതേപ്പറ്റി മാര്യേജ് കൗൺസിലറായ നയന പറയുന്നതിങ്ങനെയാണ്. “ഭർതൃവീട്ടുകാരെക്കുറിച്ച് പെൺകുട്ടികളുടെ മനസ്സിൽ ആശങ്ക രൂപപ്പെടുന്നത് സ്വഭാവികമായ കാര്യമാണ്. പക്ഷേ പലപ്പോഴും ഈ ആശങ്ക കൂടികൂടി വന്ന് പെൺകുട്ടികൾ ചില മുൻവിധികളിൽ ചെന്നെത്തും. ഭർത്താവിന്‍റെ വീട്ടുകാർ ഈ സാഹചര്യത്തിൽ തന്നോട് എങ്ങനെയുള്ള പെരുമാറ്റമാകും കാഴ്ചവയ്‌ക്കുകയെന്ന്. ഭൂരിഭാഗം പേരും നെഗറ്റീവായി തന്നെ ചിന്തിക്കും. ഇതിന് 2 കാരണങ്ങളുണ്ട്. ഒന്ന് ഭർതൃവീട്ടിലെ എല്ലാ കുടുംബാംഗങ്ങളുടെയും സ്വഭാവത്തെക്കുറിച്ച് പെൺകുട്ടിയ്ക്ക് മുൻക്കൂട്ടി നല്ല പരിചയമുണ്ടായിരിക്കുമെന്നതാണ്. അല്ലെങ്കിൽ ഭാവി ഭർത്താവിന്‍റെ വീട്ടുകാരെക്കുറിച്ച് ഒന്നും അറിയില്ലെന്നതാണ്.” ഈ രണ്ട് സ്ഥിതിയിലും പല തരത്തിലുള്ള ചിന്തകളാവും അവളുടെ മനസ്സിൽ രൂപം കൊള്ളുക.
സ്വയം അഡ്ജസ്റ്റ് ചെയ്യാനാവില്ലെന്ന ഭയം
ഭർതൃവീട്ടിലെ അംഗങ്ങളെപ്പറ്റിയും അവരുടെ സ്വഭാവരീതികളെപ്പറ്റിയും പുതുതായി എത്തുന്ന പെൺകുട്ടി അജ്തയായിരിക്കും. അതുകൊണ്ട് ഭർതൃവീട്ടിലെ ഏതെങ്കിലും കുടുംബാംഗത്തോട് സ്വന്തം ഇഷ്‌ടങ്ങളും താൽപര്യങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ പറയാൻ പെൺകുട്ടിയ്ക്ക് സങ്കോചം തോന്നാം. അതുപോലെ അമ്മായിയമ്മ എന്ത് പറഞ്ഞാലും ഇഷ്‌ടമല്ലെങ്കിൽ കൂടി അതങ്ങ് സമ്മതിക്കും. മനസ്സിലുള്ള കാര്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാനാവാതെ നവവധു വീർപ്പുമുട്ടും. അതവളെ കടുത്ത നിരാശയിലേക്കാവും നയിക്കുക.
“വിവാഹത്തിന്‍റെ തുടക്ക നാളുകളിൽ ഇത്തരം പ്രയാസം എല്ലാ പെൺകുട്ടികളും നേരിടാറുണ്ട്. പക്ഷേ അത് സ്‌ഥായിയാകണമെന്നില്ല. എന്തെങ്കിലും കാര്യത്തെപ്പറ്റി സ്വന്തം അഭിപ്രായം പറയുന്നത് തെറ്റല്ല. സ്വന്തം അഭിപ്രായം ഏറ്റവം നല്ല രീതിയിൽ പ്രസന്‍റ് ചെയ്യുകയാണെങ്കിൽ ചുറ്റുമുള്ളവർ അതിന് പ്രാധാന്യം കൊടുക്കുക തന്നെ ചെയ്യും. ഭർതൃവീട്ടുകാരുമായി പതിയെ തുറന്ന് ഇടപ്പെടാനുള്ള ശ്രമങ്ങൾ പെൺകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകണം. എന്നാൽ സ്വന്തം അഭിപ്രായം പറയുന്നത് ആരും അംഗീകരിക്കില്ലെന്ന ധാരണയിലെത്തുന്നത് വിഡ്ഢിത്തരമാണ്.” മാര്യേജ് കൗൺസിലർ നയന പറയുന്നു.
സ്വാതന്ത്യ്രം നഷ്ടപ്പെടുമെന്ന ഭയം
വിവാഹശേഷം സ്വന്തം വീട്ടിലെ പോലെയുള്ള സ്വാതന്ത്യ്രം ഭർത്താവിന്‍റെ വീട്ടിൽ കിട്ടുമോയെന്ന കാര്യം വിവാഹത്തിന് മുമ്പ് പല പെൺകുട്ടികളുടേയും മനസ്സിൽ ഉണ്ടാകുന്ന ഒരു ചിന്തയാണ്. അതേക്കുറിച്ച് നയന പറയുന്നതിങ്ങനെയാണ്, “വിവാഹമെന്നത് പുതിയ ബന്ധങ്ങളുടെ രൂപം കൊള്ളൽ കൂടിയാണ്. അല്ലാതെ തടവിലാക്കപ്പെടുന്ന സ്‌ഥിതി വിശേഷമല്ല. പുതിയ ബന്ധങ്ങൾക്ക് പുതിയ കുറെ പ്രതീക്ഷകളുണ്ടാകും. അതൊക്കെ പൂർത്തികരിക്കേണ്ടതും ആവശ്യമാണ്. ഓരോ പുതിയ ബന്ധവും പരസ്പരം മനസ്സിലാക്കാനും പരസ്പരമുള്ള പ്രതീക്ഷകളെ പൂർത്തീകരിക്കാനും കഴിയുന്നത്ര ഉറപ്പുള്ളതാക്കണം. ഈ ഉത്തരവാദിത്തം പെൺകുട്ടികളുടേത് മാത്രമല്ല മറിച്ച് ഭർതൃ കുടുംബാംഗങ്ങളും നവവധുവിന്‍റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കണം.”
പെൺകുട്ടികളെ പിടികൂടുന്ന ഒരു പ്രധാനപ്പെട്ട ആശങ്കയാണ് വസ്ത്രധാരണം. സ്വന്തമിഷ്ടമനുസരിച്ച് വസ്‌ത്രങ്ങൾ അണിയാനും ഭക്ഷണം കഴിക്കാനും കറങ്ങാനും മറ്റും ഭർതൃവീട്ടുകാർ വിലക്കേർപ്പെടുത്തുമോയെന്ന ആശങ്കപ്പെടുന്നവരായിരിക്കും കൂടുതൽപ്പേരും. എന്തിനേറെ എന്തെങ്കിലും ചെയ്യണമെങ്കിൽ ചിലർക്കെങ്കിലും അമ്മായിയമ്മയുടെയോ അമ്മായിയച്ഛന്‍റെയോ മുൻകൂട്ടിയുള്ള അനുമതി തേടേണ്ടി വരും. അങ്ങനെയാണെങ്കിൽ മുതിർന്നവരുടെ അനുമതി തേടുന്നതിൽ എന്താണ് തെറ്റുള്ളത്? സ്വന്തം വീട്ടിലായാലും എന്തെങ്കിലും ചെയ്യും മുമ്പേ മാതാപിതാക്കളുടെ അഭിപ്രായം പെൺകുട്ടികൾ ചോദിക്കാറില്ലേ?
ഭർത്താവിന്‍റെ മാതാപിതാക്കളും മരുമക്കളിൽ അമിത പ്രതീക്ഷ പുലർത്താം. മുതിർന്നവരായതിനാൽ ഭർത്താവിന്‍റെ മാതാപിതാക്കൾക്ക് മരുമകളെക്കാളിലും കൂടുതൽ അനുഭവജ്ഞാനം ഉണ്ടാകും. ഏത് കാര്യത്തിലും തീരുമാനം കൈകൊള്ളും മുമ്പ് ഭർതൃവീട്ടുകാരോട് അഭിപ്രായം കൂടി ചോദിക്കുകയാണെങ്കിൽ അവരും മരുമകളുടെ അഭിപ്രായം സ്വീകരിക്കും വാക്ക് മാനിക്കും.
ഓരോ വീടിനും സ്വന്തമായ ചില നിയമങ്ങളുണ്ടാകും. ചങ്ങലകളല്ല. നിയമങ്ങളെ പാലിക്കുക വഴി ജീവിതശൈലി അടുക്കും ചിട്ടയുമുള്ളതായി മാറും. വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെയായിരിക്കും ഈ നിയമം. അതുകൊണ്ട് അത് വ്യക്‌തിപരമായി കാണേണ്ടതില്ല. അതേപോലെ ഭർതൃവീടിനെ ഒരു ജയിലായി കാണേണ്ടതുമില്ല.
കുടുംബാംഗങ്ങളുടെ ഇടപെടലുകളെക്കുറിച്ചുള്ള ആകുലത
ചട്ടീം കലവുമായാൽ തട്ടീം മുട്ടീനുമിരിക്കും എന്ന ചെല്ല് കേട്ടിട്ടില്ലേ. ഓരോരുത്തരുടേയും ജീവിതത്തെ സംബന്ധിച്ച് ഇത് അക്ഷരം പ്രതി സത്യമാണ്. ഒരു വ്യക്‌തിയെ കൊണ്ട് മാത്രമല്ല ഒരു കുടുംബമുണ്ടാവുക. മറിച്ച് ഒത്തിരിയാളുകൾ കൂടിച്ചേർന്നുള്ളതാണ് കുടുംബം. 4-5 പേർ മാത്രമുള്ള ഒരു കുടുംബത്തിലാണെങ്കിൽ പരസ്പരം അഭിപ്രായം ചോദിച്ചാവും ഓരോ കാര്യവും ചെയ്യുക. ഇതിനെ ഇടപെടലായി കാണേണ്ട കാര്യമില്ല.
സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ എതിരഭിപ്രായങ്ങളും നിയന്ത്രണങ്ങളും പെൺകുട്ടിയ്ക്ക് ഇടപെടലായി തോന്നാറില്ലല്ലോ. ഭർതൃവീട്ടുകാരുമായി വൈകാരികാടുപ്പം ഉണ്ടാകാൻ സമയമെടുക്കും. അതുകൊണ്ടാണ് അവരുടെ ഓരോ അഭിപ്രായങ്ങളും ഇടപെടലായി തോന്നുന്നത്.
പല വീടുകളിലും സംഭവിക്കുന്ന ഒരു കാര്യമുണ്ട്. വീട്ടിൽ പുതുതായെത്തുന്ന പെൺകുട്ടിയോട് സ്വന്തം അധികാരം കാട്ടാൻ ഭർതൃവീട്ടുകാർ എല്ലാ കാര്യത്തിലും ഇടപ്പെടും. ഈ സാഹചര്യത്തിൽ പെൺകുട്ടിയ്ക്ക് തന്ത്രപരമായ നിലപാടെടുക്കാം.
അനാവശ്യ ഉത്തരവാദിത്തങ്ങൾ വഹിക്കുക
പുതിയ ബന്ധങ്ങൾക്കൊപ്പം പെൺകുട്ടിയ്ക്ക് പുതിയ ഉത്തരവാദിത്തങ്ങൾക്കൂടി വഹിക്കേണ്ടതായി വരും. ഇക്കാര്യം അംഗീകരിക്കുക. എന്നാൽ ചില ബന്ധങ്ങളെ മനസ്സു കൊണ്ട് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത്തരം ബന്ധങ്ങൾ ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയെന്നത് ഭാരമായി തോന്നാം. പ്രത്യേകിച്ചും നാത്തൂൻ, ചേട്ടത്തി (ഭർതൃ സഹോദരന്‍റെ ഭാര്യ) തുടങ്ങിയ ബന്ധങ്ങൾ. അത്തരം ബന്ധങ്ങൾ പൊതുവിൽ അസ്വാരസ്യം ഉളവാക്കുന്നതാണെങ്കിൽ തീർച്ചയായും പെൺകുട്ടിയ്ക്ക് തന്ത്രപരമായ നയം സ്വീകരിക്കാം. എന്നാൽ ഒരു കാര്യം പ്രധാനമാണ്. ഇത്തരം ബന്ധങ്ങളെ കൂടി അംഗീകരിക്കുകയെന്നുള്ളത് അത്ര സങ്കീർണ്ണമായ കാര്യമല്ല.
ഭർത്താവിനോടുള്ള ഉത്തരവാദിത്തവും കടമയും പെൺകുട്ടി ഉത്സാഹപൂർവ്വം പാലിക്കും. എന്നാൽ അതേ ഉത്സാഹം മറ്റുള്ള കുടുംബാംഗങ്ങളോട് കാട്ടണമെന്നില്ല. എന്നാൽ പോസിറ്റീവായ മനോഭാവം മോശമായ ബന്ധത്തെപ്പോലും നല്ലതാക്കും. നാത്തൂൻ, ചേട്ടത്തി, അമ്മായിയമ്മ തുടങ്ങിയവർ നവവധുവിനെ സംബന്ധിച്ച് എപ്പോഴെങ്കിലുമൊക്കെ സഹായകരമായിരിക്കുമെന്ന കാര്യം ഓർക്കുക.
ജീവിതശൈലി മാറുമെന്ന ഭയം
ജീവിതത്തിലെ ഓരോ ഘട്ടത്തിലും മാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. വിവാഹ ശേഷം സ്ത്രീയുടേയും പുരുഷന്‍റെയും ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകുമല്ലോ. പക്ഷേ പെൺകുട്ടികൾക്ക് വിവാഹത്തിന് മുമ്പ് ഇതേക്കുറിച്ച് ധാരാളം ആശങ്കകളുണ്ടാകും. സ്വന്തം വീട് വിട്ട് ഭർത്താവിന്‍റെ വീട്ടിലേക്ക് പോകുന്നതാണ് പെൺകുട്ടി നേരിടുന്ന ആദ്യ ആശങ്ക.
എല്ലാ വീട്ടിലെ നിയമങ്ങൾ വ്യത്യസ്തമായിരിക്കാം. ജീവിത രീതികളിലും വ്യത്യാസം ഉണ്ടാകും. ഇതനുസരിച്ച് സ്വയം അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പെൺകുട്ടികൾക്ക് അൽപം ബുദ്ധിമുട്ട് തോന്നാമെങ്കിലും അസാധ്യമായ കാര്യമല്ല അത്. മറ്റൊരു ഗൃഹാന്തരീക്ഷത്തിൽ നിന്നും വരുന്ന നവവധുമായി ഊഷ്മളമായ ബന്ധം കെട്ടിയുറപ്പിക്കാൻ അത്രയെളുപ്പമല്ല. സ്വന്തം വീട്ടിലെ അന്തരീക്ഷവുമായി വധുവിനെ ഇണക്കി കൊണ്ടുവരികയെന്നത് ഭർതൃ കുടുംബാംഗങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. പക്ഷേ ഇരുപക്ഷവും പരസ്പര ധാരണയോടെ മുന്നോട്ട് നീങ്ങുമ്പോഴാണ് മാറ്റം വളരെ നല്ലതായി മാറുക.
ഇതുപോലെ ഭർതൃവീടുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങൾ ഉണ്ടാകും. അത്തരം കാര്യങ്ങൾ വിവാഹത്തിന് മുമ്പ് പെൺകുട്ടികളുടെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ സൃഷ്ടിക്കാം. ഇങ്ങനെ നെഗറ്റീവായ മനോഭാവത്തോടെ പുതിയ ബന്ധങ്ങളെ സമീപിച്ചാൽ അത് മോശമായേ പരിണമിക്കൂ. അതുകൊണ്ട് പോസിറ്റീവായ ചിന്തയാണ് ആവശ്യം. ഏത് വിപരീതമായ പരിതസ്‌ഥിതികളേയും നേരിടാനും പ്രശ്നങ്ങളെ പരിഹരിക്കാനും ഹൃദ്യമായ ബന്ധങ്ങൾ വളർത്താനും പോസിറ്റീവായ കാഴ്ചപ്പാട് സഹായിക്കും.