പ്രായമൊന്ന് ഇത്തിരി കൂടിയാൽ മതി സ്‌ത്രീകൾ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഇനി എന്തിനുവേണ്ടി ആർക്കുവേണ്ടി അണിഞ്ഞൊരുങ്ങണം. ഇതൊക്കെ ആര് കാണാനാ എന്നൊക്കെയുള്ള ചിന്തകളായിരിക്കും ഇവരുടെ മനസ്സിൽ. പക്ഷേ ഈ ചിന്ത തീർത്തും തെറ്റ് തന്നെയാണ്. അണിഞ്ഞൊരുങ്ങി നടക്കുകയെന്നതിന് പ്രായം തടസ്സമേയല്ല. ഓരോ പ്രായത്തിലും എങ്ങനെ മെയിന്‍റയിൻ ചെയ്‌ത് സെലിബ്രിറ്റികളെപ്പോലെ തിളങ്ങി നടക്കണമെന്നത് സ്വന്തം മനസ്സിന്‍റെ സന്തോഷത്തേയും സംതൃപ്‌തിയേയും ആശ്രയിച്ചാണിരിക്കുക. അതുകൊണ്ട് ഒരു കാര്യം ഓർമ്മിക്കുക. പ്രായം കൂടിയാലും ശരി സ്വന്തം വ്യക്‌തിത്വം പത്തരമാറ്റ് തിളക്കത്തോടെ കാത്തുസൂക്ഷിക്കുക.
ആ സെലിബ്രിറ്റികളാണ് മാതൃകകൾ
പ്രായം 70 പതിലെത്തിയ ഹേമമാലിനിയെ ശ്രദ്ധിച്ചാൽ അറിയാം. ഈ പ്രായത്തിലും അവരൊരു ഗ്ലാമർ താരം തന്നെ. സ്വന്തം ഗ്ലാമറസ് ലുക്കിനെ അവർ ഇന്നും എത്ര ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. യുവനടിമാരിൽപ്പോലും അസൂയ ഉളവാക്കുന്ന കത്തി നിൽക്കുന്ന സൗന്ദര്യമാണ് അവർക്കിപ്പോഴും. ഏതെങ്കിലും ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഹേമമാലിനി എത്തിയാൽ പിന്നെ റാമ്പ് ഷോയിലെ അവരുടെ സ്വപ്‌ന നടത്തം പലരുടെയും ഉറക്കം കെടുത്തുമത്രേ! ക്ലാസിക്കൽ നർത്തകി കൂടിയായ ഹേമമാലിനി ഇപ്പോൾ നൃത്ത കലയിലൂടെ സ്വയം മെയിന്‍റയിൻ ചെയ്യുന്നു. ഈ പ്രായത്തിലും അവർ ഡ്രീം ഗേളാണ്. സൗന്ദര്യ വർദ്ധകങ്ങൾ വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നുവെന്നതാണ് അവരുടെ ഏജ്‌ലസ് ബ്യൂട്ടിയുടെ രഹസ്യം. ട്രെഡീഷണൽ ബ്യൂട്ടി ടിപ്‌സുകളാണ് അവർ ഉപയോഗിക്കുന്നത്. ചർമ്മത്തിളക്കം നിലനിർത്തുന്നതിന് ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തും. ഇതെല്ലാമാണ് അവരെ എല്ലാ പ്രായത്തിലും ആരോഗ്യവതിയും സുന്ദരിയുമാക്കുന്നത്.
മാധുരി ദീക്ഷിത്
പ്രായം 51 ആയെങ്കിലും ഇപ്പോഴും 30 ന്‍റെ ചെറുപ്പമാണ് ഈ ബോളിവുഡ് സുന്ദരിക്ക്. നടിയായിരുന്നിട്ടും വിലയേറിയ സൗന്ദര്യവർദ്ധകങ്ങൾ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിലെ നാടൻ സൗന്ദര്യ പരിപാലനത്തി ലാണ് മാധുരിയ്‌ക്ക് പ്രിയം. എല്ലാ പ്രായക്കാർക്കും മാധുരി നൽകുന്ന ഉപദേശവും അത് തന്നെയാണ്. പ്രായമേറിക്കൊണ്ടിരുന്നാലും സ്വയം മെയിന്‍റയിൻ ചെയ്യുന്നതിന് അൽപ്പ സമയം മാറ്റിവച്ചു നോക്കൂ എന്നാണ് മാധുരിയ്‌ക്ക് എല്ലാവരോടുമായി പറയാനുള്ളത്. ശേഷം ആ മാറ്റത്തെ സ്വയം തിരിച്ചറിയൂ. നല്ലൊരു നർത്തകി കൂടിയായ മാധുരി തന്‍റെ ഈ ഇഷ്‌ടത്തെ ശരീരം ഫിറ്റായിരിക്കാനുള്ള വ്യായാമമായി പ്രയോഗിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടിയല്ല മറിച്ച് തനിക്കുവേണ്ടിയാണ് സ്വയം മെയിന്‍റയിൻ ചെയ്യുന്നത് എന്ന് അവർ പറയുന്നു.
ജൂഹി ചാവ്‌ല
കുസൃതി നിറഞ്ഞ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള സുന്ദരിയായ ജൂഹിയ്‌ക്ക് വയസ്സ് 50 ആയെങ്കിലും അവർ നന്നായി ആരോഗ്യം പരിപാലിക്കുന്നു. വീട്ടിലിരുന്നാലും ശരി സ്വന്തം ആരോഗ്യ സൗന്ദര്യകാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന പക്ഷക്കാരിയാണ് ജൂഹി. അത് നമ്മുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും. ചർമ്മത്തിന്‍റെ തിളക്കം നിലനിർത്തുന്നതിന് അവർ ധാരാളം വെള്ളം കുടിക്കും. രാത്രിയിൽ കിടക്കും മുമ്പ് മേക്കപ്പ് നീക്കം ചെയ്യും. രോഗങ്ങളുടെ പിടിയിൽ അകപ്പെടാതിരിക്കാൻ അതിരാവിലെ ഉണർന്ന് ശുദ്ധവായു ശ്വസിച്ചുകൊണ്ട് നടത്തം ശീലമാക്കൂ എന്നാണ് ജൂഹി നൽകുന്ന ഉപദേശം. അതുവഴി ജീവിതകാലം മുഴുവനും ചെറുപ്പമായിരിക്കുന്നത് ആസ്വദിക്കാമെന്നാണ് ജൂഹി മനോഹരമായ പുഞ്ചിരിയോടെ പറയുന്നത്.
എങ്ങനെ സ്വയം അണിഞ്ഞൊരുങ്ങാം
മേക്കോവറിന് അനുസരിച്ച് നമ്മുടെ മുഖമാണ് ഏറ്റവുമാദ്യം ആകർഷിക്കപ്പെടുന്നതെന്നാണ് കോകില കപൂർ പറയുന്നത്. മറ്റ് കാര്യങ്ങൾ പിന്നീടാണ് ശ്രദ്ധിക്കപ്പെടുക. അതുകൊണ്ട് ചർമ്മ പരിപാലനം ഏറ്റവുമാവശ്യമാണ്. ഇടയ്‌ക്ക് ഷോപ്പിൽ കയറി ഇഷ്‌ടപ്പെട്ട വസ്‌ത്രങ്ങൾ വാങ്ങി അണിയുന്നതുപോലെ സൗന്ദര്യ പരിചരണം നൽകി മുഖകാന്തി കൂട്ടുക. വീട്ടിലിരിക്കുന്ന എനിക്കെന്തിന് ഇതൊക്കെയെന്ന ചിന്തയരുത്. അടുക്കളയിൽ നിരന്തരം ജോലിയിലാണെങ്കിൽ പുകയും ചൂടുമൊക്കെ ചർമ്മ സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കും. അതുകൊണ്ട് ചർമ്മ പരിപാലനം ചെയ്യേണ്ടത് ആവശ്യമാണ്. അങ്ങനെയായാൽ എല്ലാ പ്രായത്തിലും ചർമ്മം ഹെൽത്തിയായിരിക്കും. അതിനായി മാസത്തിലൊരു തവണ ബ്യൂട്ടിപാർലർ സന്ദർശിക്കാം. വീട്ടിലാണെങ്കിൽ കടലമാവിൽ ഓറഞ്ച് നീര് ചേർത്ത് ആഴ്‌ചയിൽ രണ്ട് തവണ മുഖത്ത് അപ്ലൈ ചെയ്യാം. മുഖക്കുരു മാറാനായി വെള്ളരിക്ക ജ്യൂസും കടലമാവും മിക്‌സ് ചെയ്‌ത് മുഖത്ത് അപ്ലൈ ചെയ്യുക.
ഡയറ്റ് ശ്രദ്ധിക്കാം
വിവാഹത്തിന് മുമ്പ് ആരോഗ്യകാര്യത്തിൽ ബദ്ധശ്രദ്ധ പുലർത്തുന്നവരാണ് പെൺകുട്ടികളെന്നാണ് ഡോ.പവൻ സേഫി പറയുന്നത്. ആദ്യമൊക്കെ സ്വയം മെയിന്‍റയിൻ ചെയ്യും എന്നാൽ ഓരോ 5 വർഷങ്ങളിലും ഹോർമോണിൽ മാറ്റമുണ്ടാകും. അവൾ പെൺകുട്ടിയിൽ നിന്നും ഭാര്യയും ഭാര്യയിൽ നിന്നും അമ്മയും ആകും. എന്നാലും സ്വന്തം ജീവിതശൈലിയിൽ ഒരു മാറ്റവുമുണ്ടാകുകയില്ല. ഒരേ ഫ്രെയിമിൽ എപ്പോഴും സെറ്റ് ആയിരിക്കും.
ഭർത്താവിനെ സന്തുഷ്‌ടനാക്കാൻ വേണ്ടി ഭാര്യമാർ ഭർത്താവിനിഷ്‌ടമുള്ള ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി കൊടുക്കുക സാധാരണമാണ്. അതിനുശേഷം കുട്ടികൾക്കിഷ്‌ടമുള്ള ഭക്ഷണം തയ്യാറാക്കും. ഇതിനിടയിൽ സ്വന്തമിഷ്‌ടങ്ങൾക്ക് സ്‌ത്രീകൾ യാതൊരു പരിഗണനയും നൽകാറില്ല. എന്നാൽ മറ്റ് ചിലപ്പോഴാകട്ടെ ദിവസം മുഴുവൻ ഒന്നും കഴിക്കാതെയും അവർ ഇരിക്കും. ഇതേ അനാസ്ഥ അവരുടെ ശരീരത്തെ ക്രമേണ രോഗഗ്രസ്‌തമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തിൽ പോഷകസമ്പന്നമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കേണ്ടതാവശ്യമാണ്. ദിവസം 10-12 ഗ്ലാസ് വെള്ളം കുടിക്കാം. ഗർഭിണിയായിരിക്കുന്ന അവസ്‌ഥയിൽ പാൽ കുടിക്കുന്നതിനേക്കാളിലും കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക.
ചികിത്സയ്ക്ക് അവസരമൊരുക്കരുത്
സ്വയം കൂടുതൽ സുന്ദരിയായി കാണപ്പെടുകയെന്നത് ഏത് ബോളിവുഡ് സുന്ദരിയുടെയും വലിയ സ്വപ്‌നമാണ്. ഈയൊരു ചിന്തകൊണ്ട് സ്വന്തം ശരീരഭാഗങ്ങൾ എത്ര ലക്ഷങ്ങൾ മുടക്കിയും പ്ലാസ്‌റ്റിക് സർജറി നടത്താൻ അവർ മറക്കാറില്ല. എന്നാൽ പ്ലാസ്‌റ്റിക് സർജറി അപകടം ഉണ്ടാക്കിയിട്ടുള്ള ധാരാളം സംഭവങ്ങളുണ്ടെന്ന് പറയട്ടെ. കോയിനാ മിത്ര, രാഖി സാവന്ത്, കംഗന റണാവത്ത്, അനുഷ്‌ക ശർമ്മ, മിനിഷ ലാംബ എന്നിവർ പ്ലാസ്‌റ്റിക് സർജറിയുടെ ദൂഷ്യഫലങ്ങൾ അനുഭവിച്ചവരാണ്. സൗന്ദര്യവർദ്ധനവിനായി സർജറി ചെയ്‌ത അവർ അതുമൂലം നേർവിപരീത ഫലം അനുഭവിക്കേണ്ടി വന്നു. ഇന്നും ആളുകൾക്ക് കങ്കണയുടെ നിഷ്‌കളങ്കമായ മുഖം മിസ് ചെയ്യുന്നു. രാഖിയുടെ പ്ലാസ്‌റ്റിക് ഫേസും ചർച്ചാ വിഷയമായിട്ടുണ്ട്. ഇത് മാത്രമല്ല, ഇഷാഡിയോളിന്‍റെ ലിപ് സർജറിയും ചർച്ചാ വിഷയമായി. അതിനാൽ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കുക.
വ്യക്‌തിത്വം ക്രിയേറ്റ് ചെയ്യാം
നിങ്ങൾ സ്വന്തമായ സ്‌ഥാനവും വ്യക്‌തിത്വവും ക്രിയേറ്റ് ചെയ്യുക. അച്‌ഛന്‍റെയോ ഭർത്താവിന്‍റെയോ സഹോദരന്‍റെയോ ഐഡന്‍റിറ്റിയിൽ അറിയപ്പെടുന്നതിൽ യാതൊരു അർത്ഥവുമില്ല. സ്വന്തം പേഴ്‌സണാലിറ്റിയിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കാം.
ഡ്രസ്സിംഗ് സെൻസ്
ഓരോ പ്രായത്തിലുമുള്ള ഡ്രസ്സിംഗ് സെൻസ് യുണിക് ആയിരിക്കണം. വീട്ടിലായാലും പുറത്തായാലും ശരി എല്ലാവരും നിങ്ങളുടെ ഔട്ട്‌ഫിറ്റിനെക്കുറിച്ച് അഭിപ്രായം പറയണം. അതിന് വിലപിടിപ്പുള്ള വസ്‌ത്രം ആവശ്യമില്ല. മറ്റൊന്ന് മറ്റുള്ളവർക്ക് നന്നായി ഇണങ്ങുന്ന വസ്‌ത്രം നിങ്ങൾക്ക് അനുയോജ്യമാകണമെന്നില്ല. മറിച്ച് സ്വന്തം ഫീച്ചേഴ്‌സിന് അനുസരിച്ച് കളർ/ഫാബ്രിക് തെരഞ്ഞെടുക്കാം. വസ്‌ത്രങ്ങളിൽ മാത്രമല്ല മറിച്ച് സ്വന്തം ലുക്കിലും വ്യക്‌തിത്വത്തിലും ശ്രദ്ധിക്കുക.