ഈ മുഖവും അവർ ബോൾഡായി അഭിനയിച്ച കഥാപാത്രങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പറ്റാത്ത ഒരു തോന്നലാണ് പലപ്പോഴും പ്രേക്ഷകർക്കുള്ളത്. 11 വർഷം മുമ്പ് മാധോലാൽ കീപ് വാക്കിംഗ് എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടിയാണ് സ്വര ഭാസ്ക്കർ. ഗുജാരിശ്, ലിസൻ അമേയ, രാഞ്ജന, തനു വെഡ്സ് മനു റിട്ടേൺസ്, നിൽ ബട്ടേ സന്നാട്ട, അനാർക്കലി ഓഫ് ആര, വിരേ ദി വെഡിംഗ് ഇങ്ങനെ നിര വധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ രസ്ഭരി എന്ന വെബ്സീരീസിലൂടെ മറ്റൊരു ഐഡന്‍റിറ്റി കൂടി സ്വന്തമാക്കി. ഒപ്പം തന്നെ അവരുടെ മറയില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഒടിടി പ്ലാറ്റ്ഫോമായ ഇറോസ് നൗവിൽ പ്രക്ഷേപണം ചെയ്യുന്ന മനുഷ്യക്കടത്തും ദേഹ വ്യാപാരവും സംബന്ധിച്ച പുതിയ വെബ്സീരിസാണ് ഇപ്പോൾ ഹോട്ട് ചർച്ചാ വിഷയം. ഇതിൽ പോലീസ് ഓഫീസറുടെ വേഷമാണ് സ്വര കൈകാര്യം ചെയ്യുന്നത്. സ്വരയുടെ പുതിയ വിശേഷങ്ങൾ കേൾക്കാം.

ലോക്ക്ഡൗൺ കാലം എങ്ങനെ ചെലവഴിച്ചു?

ലോക്ക്ഡൗൺ വേളയിൽ എല്ലാവരും തടവിലായതു പോലെയായിരുന്നുവല്ലോ. പക്ഷേ ആ സമയം ഞാൻ ഭംഗിയായി വിനിയോഗിച്ചു. ആദ്യത്തെ രണ്ടുമാസം മുംബൈയിൽ തനിച്ചായിരുന്നു താമസം. അവിടെ ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഞാൻ ഒരു നായയെ വാങ്ങി. അതിനാൽ ആദ്യത്തെ രണ്ടുമാസം ഞാൻ ഈ നായ്ക്കുട്ടിയെ പരിപാലിക്കാനും മറ്റുമായി സമയം ചെലവഴിച്ചു. എന്‍റെ അച്‌ഛനമ്മമാർ ആ സമയത്ത് ഡൽഹിയിലാണ്. മാത്രമല്ല അമ്മയ്ക്ക് കഴുത്തിൽ ഒരു മുറിവുണ്ടായിരുന്നു. എന്തായാലും മെയ് മാസത്തിൽ ഞാൻ കാറോടിച്ച് മുംബൈയിൽ നിന്ന് ഡൽഹി വരെ പോയി. ആ വേളയിൽ മറ്റ് ഗതാഗത സംവിധാനം ഒന്നുമില്ലായിരുന്നു. ഡൽഹിയിലെത്തിയ ശേഷം കുറച്ചു ദിനങ്ങൾ വോളണ്ടിയർ വർക്ക് ചെയ്‌തു. തുടർന്ന് വെബ്സീരീസ് രസ്ഭരിയുടെ പ്രമോഷൻ സ്റ്റാർട്ട് ചെയ്‌തു. മറ്റൊരു വെബ്സീരീസ് ഫ്ളാഷിന്‍റെ ഡബിംഗ് ഡൽഹിയിൽ വച്ച് ചെയ്‌തു. അതും ഒടിടി പ്ലാറ്റ്ഫോം ഈറോസ് നൗവിൽ പ്രസാരണം ചെയ്യുന്നുണ്ട്. ഭാഗ് ബന്നി ഭാഗ് എന്ന വെബ്സീരീസും ഇറങ്ങാൻ സജ്ജമായി. ഒരു പുസ്തകം “ഫോർവേഡ്” എഴുതി.

വെബ്സീരീസ് ഫ്ളാഷിന്‍റെ ഓഫർ ലഭിച്ചപ്പോൾ, താങ്കളെ ആകർഷിച്ച ഘടകം എന്തായിരുന്നു?

അതിന്‍റെ സബ്ജക്ട് തന്നെ. മനുഷ്യനെ വാങ്ങുന്നതും വിൽക്കുന്നതുമാണ് വിഷയം. ദേഹക്കച്ചവടവും വുമൺ ട്രാഫിക്കിംഗുമാണ് ഇതിൽ പറയുന്നത്. ഇന്ന് ലോകം മുഴുവനും പടർന്നു കിടക്കുന്ന ഒരു അപ്രിയ സത്യമാണിത്. 21-ാം നൂറ്റാണ്ടിലും ഇങ്ങനെ മനുഷ്യരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു എന്നത് ലജ്ജാകരമാണ്. ഈ വെബ്സീരീസിൽ ഹ്യൂമൻ ട്രാഫിക്കിംഗ് റാക്കറ്റിനു പിന്നാലെ അന്വേഷണം നടത്തുന്ന എസിപി രാധാ നോട്ടിയാൽ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.

കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ? 

പോലീസുകാരുമായി സംസാരിച്ച് അവരുടെ രീതികൾ മനസിലാക്കി. സാധാരണ കോൺസ്റ്റബിൾമാർ ആണും പെണ്ണും അടക്കം പലരോടും സംസാരിച്ചു. ഐഎഎസ് ഓഫീസർമാരുമായും കൂടിക്കാഴ്ച നടത്തി. മനുഷ്യക്കടത്തു സംബന്ധിച്ച് അവരുടെ അനുഭവങ്ങളും പ്രതികരണങ്ങളും അറിയാൻ ശ്രമിച്ചു. ഭൂരിഭാഗം പോലീസ് ഉദ്യോഗസ്‌ഥരും മനുഷ്യക്കടത്തുകാരെ രാക്ഷസന്മാരായിട്ടാണ് കാണുന്നത്. മാത്രമല്ല, വളരെ കഷ്ടപ്പെട്ട് പ്രതികളെ പിടി കൂടിയാൽ തന്നെയും ഉന്നതങ്ങളിൽ പിടിപാടുള്ള പ്രതികൾ വളരെ എളുപ്പം പുറത്തു വരുന്നത്, സത്യസന്ധരായ പോലീസ് ഉദ്യോഗസ്‌ഥർക്ക് വലിയ നിരാശ ഉണ്ടാക്കുന്നു. ചില സാമൂഹ്യ പ്രവർത്തകരുമായും ഇക്കാര്യത്തെകുറിച്ച് ചോദിച്ചറിഞ്ഞു. മനുഷ്യക്കടത്തിന് ഇരകളായ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തുന്നതിന് തടസം നിൽക്കുന്നതും ചില പോലീസ് ബന്ധങ്ങളാണെന്നത് സത്യമാണ്. മനുഷ്യക്കടത്തിന് പോലീസിന്‍റെ പിന്തുണയും ലഭിക്കുന്നു എന്ന പരാതിയാണ് സാമൂഹ്യപ്രവർത്തകർക്കുള്ളത്.

വുമൺ ട്രാഫിക്കിനെ കുറിച്ചുള്ള സിനിമയാണ് മർദാനി 2. ഇതിൽ റാണി മുഖർജിയ്ക്ക് പോലീസ് ഓഫീസർ റോളാണ്. രണ്ടു മണിക്കൂറിൽ ഒരു സിനിമയിൽ കാര്യമായിട്ടൊന്നും പറയാനാകില്ല. എന്നാൽ വെബ്സീരീസ് കുറച്ചു കൂടി വലിയ പ്ലാറ്റ്ഫോമാണല്ലോ?

 അതെ, തീർച്ചയായും. റാണിമുഖർജി ചെയ്ത ആ കഥാപാത്രവുമായി എന്നെ താരതമ്യം ചെയ്യല്ലേ, അവർ എത്രയോ വലിയ കലാകാരിയാണ്. രണ്ടു മണിക്കൂറിൽ ഒരു കഥ പറയുമ്പോൾ അത് ഒരു ത്രെഡിൽ കൂടുതൽ ഫോക്കസ്ഡ് ആണ്. ഒരു സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെടുള്ള കഥയാണ് മർദാനി 2. ഏഴ് മണിക്കൂറുള്ള വെബ്സീരിസാണ് ഫ്ളാഷ്. ഇതിൽ മൂന്നു കഥകൾ അഥവാ സംഭവങ്ങളാണ്. ഇതിൽ മൊത്തമായൊരു പശ്ചാത്തലം പ്രേക്ഷകർക്ക് ലഭിക്കുന്നു. പെൺകുട്ടികളെ മുംബൈയിൽ നിന്ന് കൊൽക്കൊത്തയിലേക്ക് കടത്തുന്നത് ട്രക്കുകളിലാണ്. ട്രക്ക് വഴിയിലെവിടെയും നിർത്തില്ല. അപ്പോൾ ഒരു പെൺകുട്ടിക്ക് ടോയ്ലറ്റിൽ പോകണമെന്നു തോന്നിയാൽ എന്തു ചെയ്യും? ഇതിൽ ഒരു ദൃശ്യമുണ്ട്. യാത്ര തുടങ്ങുന്നതിനു മുമ്പ് പെൺകുട്ടിയെ ഡയപ്പർ ധരിപ്പിക്കുന്നു. ഈ സീൻ കാണുമ്പോൾ നമുക്ക് നെഞ്ചിടിപ്പ് കൂടും. ഇങ്ങനെ വളരെ സ്പെസിഫിക്കായ നിരവധി കാര്യങ്ങൾ കാമറ കാണിക്കുന്നുണ്ട്.

മനുഷ്യക്കടത്ത് തടയാൻ എന്താണ് ചെയ്യാൻ കഴിയുക?

നോക്കൂ, ഈ പ്രശ്നം അത്ര വേഗമൊന്നും അവസാനിപ്പിക്കാൻ സാധ്യമല്ല. ഈ ലോകത്ത് പാപത്തിന് അന്തമുണ്ടോ? അതുപോലെയാണ് മനുഷ്യക്കടത്തും. എങ്കിലും ഓരോരുത്തരും തങ്ങളുടെ കർത്തവ്യം സത്യസന്ധമായി നിർവഹിച്ചാൽ കുറെയൊക്കെ നിയന്ത്രിക്കാൻ കഴിയും. പോലീസ്, റസ്ക്യൂ ഹോം നടത്തുന്നവർ, സർക്കാർ ഉദ്യോഗസ്‌ഥർ, ഷെൽട്ടർ ഹോമുകൾ ഇങ്ങനെ ഓരോരുത്തരും അവരവരുടെ കർമ്മം സത്യസന്ധമായി എന്നു ചെയ്യുന്നുവോ അന്ന് ഈ പ്രശ്നം പരിഹരിക്കപ്പെടും.

സെൻസർഷിപ്പിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? വെബ്സീരിസിന്‍റെ അനുഭവം എന്തായിരുന്നു?

ഡിജിറ്റലിൽ സെൻസർഷിപ്പിന് എതിരാണ് ഞാൻ. ഒടിടിയിൽ കൂടുതൽ സ്വാതന്ത്യ്രമുണ്ട്. ബോക്സ് ഓഫീസ് സമ്മർദ്ദങ്ങളുമില്ല. സ്വാതന്ത്യ്രമുള്ളതിനാൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഉഗ്രൻ കഥകൾ യഥേഷ്ടം വരുന്നു. മനുഷ്യക്കടത്തിനെക്കുറിച്ച് ഒരു സിനിമ സത്യസന്ധമായി ചെയ്യാൻ ഇന്ന് നിർവാഹമില്ല. എന്നാൽ ഡിജിറ്റലിൽ അതിനു സാധിക്കും.

താങ്കളുടെ എല്ലാ കഥാപാത്രങ്ങളും ബോൾഡ് ആണല്ലോ. അതേക്കുറിച്ച് എന്താണ് പറയുന്നത്?

ഇത്തരം കഥയോ കഥാപാത്രമോ ഒന്നും ഞാനായിട്ട് തീരുമാനിച്ചതല്ല. എനിക്ക് ഓഫർ ലഭിച്ച കഥാപാത്രങ്ങൾ ഇതൊക്കെയാണ്. പ്രേക്ഷകർ സ്വീകരിക്കുമെന്ന് തോന്നുന്ന ഏതു കഥാപാത്രവും കഥയും ചെയ്യാൻ ഞാൻ തയ്യാറാണ്. എന്‍റെ താൽപര്യത്തേക്കാൾ ഞാൻ അതിലാണ് പ്രാധാന്യം നൽകുന്നത്. അപ്പോഴാണ് കലാകാരി എന്ന നിലയിൽ ഞാൻ വളരുന്നത്. അങ്ങനെയാണ് ശാക്തീകരണം സംഭവിക്കുന്നത്

ബോളിവുഡിൽ സ്ത്രീ ശാക്തീകരണം സാധ്യമാണോ?

തീർച്ചയായും, ബോളിവുഡ് സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാണ്. സമൂഹത്തിൽ സ്ത്രീ നേരിടുന്നതെല്ലാം ഇവിടെയും സംഭവിക്കുന്നുണ്ട്. സമൂഹത്തിൽ സ്ത്രീ എത്ര ഉന്നതിയിലെത്തിയിട്ടുണ്ടോ അത്രയും ഉന്നതി സിനിമയിലും ഉണ്ട്.

സുഹൃത്തുക്കൾക്കായി രാഷ്ട്രീയ പ്രചരണത്തിനിറങ്ങിയിരുന്നല്ലോ. അത് നിങ്ങളുടെ കരിയറിൽ പ്രതിഫലിച്ചിട്ടുണ്ടോ?

വളരെയധികം പ്രതിഫലിച്ചിരുന്നു. അങ്ങനെയൊന്നും ഉണ്ടാകില്ല എന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ അതിന്‍റെ പ്രഭാവം തീർച്ചയായും ഉണ്ടായിട്ടുണ്ട്. എന്‍റെ ഇമേജ് കലാകാരിക്കപ്പുറം ഒരു ആക്ടിവിസ്റ്റിന്‍റേതായി മാറിയെന്ന് പലരും പറഞ്ഞു. പക്ഷേ ഞാൻ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ല. എന്തായാലും ഇപ്പോൾ ആ രംഗത്തേക്ക് ഇല്ല.

 

और कहानियां पढ़ने के लिए क्लिक करें...