അമ്മ എപ്പോഴുമിങ്ങനെയാ… എന്തു പറഞ്ഞാലും മനസ്സിലാവില്ല.” പതിനാറുകാരിയായ മകൾ ഇങ്ങനെ കൂടെക്കൂടെ പറയുമ്പോൾ അമ്മയ്ക്കും ദേഷ്യം വരും… ഇന്നലെ വരെ തനിച്ച് കിടക്കാൻ പേടിയായിരുന്ന കൊച്ചുകുഞ്ഞല്ല ഇന്ന് അവൾ എന്ന് അംഗീകരിക്കാൻ അമ്മയ്ക്കും പ്രയാസം.

“അതേ… എനിക്കൊന്നും മനസ്സിലാവില്ല. പക്ഷേ അതു നിന്‍റെ കുഴപ്പമല്ല, നിന്‍റെ പ്രായത്തിന്‍റെയാ…” ഇത്രയെങ്കിലും പറഞ്ഞാലേ അമ്മയ്ക്കു സമാധാനമാവൂ. എന്നിട്ട് ചാടിത്തുള്ളി തലവെട്ടിച്ച് അടുക്കളയിലേക്ക് ഒരു നടത്തം. മകളാകട്ടെ അമ്മയുടെ കുറ്റപ്പെടുത്തൽ കേൾക്കുന്നതോടെ ദേഷ്യത്തോടെ മുറിയിൽ കയറി വാതിലടയ്ക്കും. എന്നിട്ട് ചെവിയിലേക്ക് ഐപോഡിന്‍റെ ഹെഡ്സെറ്റ് തിരുകും…!

അമ്മയും മകളും തമ്മിലുള്ള യുദ്ധം പോലെ അച്ഛനും മകനും തമ്മിലുമുണ്ട് കലഹം. ഇത്രകാലം കൊച്ചു കുഞ്ഞെന്നു കരുതി എന്തിലും ഇടപെടാൻ മടിയില്ലായിരുന്നു അച്ഛനമ്മമാർക്ക്. ഇപ്പോൾ മകൾ/മകൻ കൗമാരത്തിനും യൗവനത്തിനുമിടയിലെ ദുർഘടവഴിയിൽ സഞ്ചരിക്കുമ്പോൾ രക്ഷിതാവിന് തോന്നിയേക്കാം… ഈ കുട്ടി വേറെ ഏതോ ഭാഷയാണ് സംസാരിക്കുന്നത്, വേറെ ഏതോ ലോകത്താണ് ജീവിക്കുന്നത് എന്ന്. തങ്ങളുടെ കൗമാരകാലവുമായി പോലും താരതമ്യപ്പെടുത്താൻ കഴിയാത്തത്ര മാറ്റം ഇവർക്കുണ്ട് എന്ന്.

പുതിയ തലമുറയുമായുള്ള ആശയവിനിമയം മുതിർന്നവരെ സംബന്ധിച്ച് ബാലികേറാമലയാണ് പലപ്പോഴും. എന്താണ് ഈ കുട്ടി ഇങ്ങനെ എന്ന് മുതിർന്നവർ ചിന്തിക്കുമ്പോൾ തന്നെ, മറുവശത്ത് അവരും ആലോചിക്കും. ഞങ്ങൾ പറയുന്നത് എന്താ ഇവർക്ക് മനസ്സിലാവാത്തത് എന്ന്!

ഞങ്ങളുടെ ഭാഷ, ചിന്ത മുതിർന്നവർക്ക് മനസ്സിലാവുകയില്ല എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം കൗമാരക്കാരും. ജനറേഷൻ ഗ്യാപ് എന്ന പേരിലാണ് ഈ ചിന്താവൈരുദ്ധ്യം അറിയപ്പെടുന്നത്. എന്നാൽ മുതിർന്നവർ മനസ്സിരുത്തി ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് ഈ വിടവുകൾ.

ചിന്താഗതികളുടെ കാര്യം വരുമ്പോൾ രണ്ടു പക്ഷത്തുമുണ്ടാകും ന്യായങ്ങളും അന്യായങ്ങളും. അതുകൊണ്ട് പക്വമായ ആശയവിനിമയത്തിലേക്ക് ഇരുകൂട്ടരും എത്തുക എന്നത് സ്വ ൽപം കുഴപ്പം പിടിച്ച സംഗതി തന്നെ.

കോളേജിൽ പോകേണ്ട സമയമായി. പക്ഷേ മകൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മാറുന്നില്ല. ഭക്ഷണം കഴിക്കാൻ പോലും അവൾക്കു സമയമില്ല. അതു പറഞ്ഞാൽ പെട്ടെന്ന് കേൾക്കുന്ന മറുപടി “അമ്മ അറു പഴഞ്ചനാ… എന്തു ചെയ്‌താലും കുറ്റമേ പറയൂ…” എന്നായിരിക്കും.

ഇങ്ങനെ രണ്ടുകൂട്ടരും തലതിരിഞ്ഞു സംസാരിക്കുന്നതിനുപകരം, മസിലുപിടിക്കാതെ തുറന്നു സംസാരിക്കുക തന്നെയാണ് യുവത്വവുമായുള്ള ആശയവിനിമയത്തിനുള്ള പ്രധാന വഴി. നിസ്സാര കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ നിയന്ത്രണം വ‌യ്ക്കേണ്ട. ഒരർത്ഥത്തിൽ ആത്‌മപരിശോധനയുടെ കാലഘട്ടമാണ് കൗമാരകാലം.

ഞാൻ എന്തൊക്കെയോ ആണെന്ന തോന്നൽ ശക്തമായി ഉണരുന്ന സമയം. പുതിയ സ്‌മാർട്ട് ഫോൺ വേണമെന്ന് ആഗ്രഹിക്കുന്നതു മുതൽ കണ്ണാടിക്കു മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതുവരെ ഇത്തരം ആത്മപരിശോധനയുടെ പ്രതിഫലനമായിട്ടുവേണം കരുതാൻ. അതേസമയം ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ പക്വതയോടെ സമീപിക്കാനുള്ള കഴിവും അവർക്കുണ്ടാകണമെന്നില്ല. ഈ പ്രായത്തിൽ സ്വാതന്ത്ര്യം കൂടുതൽ വേണമെന്ന് തോന്നും. രക്ഷിതാക്കളിൽ നിന്ന് അകലം കൂടുന്ന സമയവും ആണിത്. സ്വകാര്യതയാണ് തന്‍റെ ഏറ്റവും വലിയ സ്വാതന്ത്ര്യമെന്ന് ഇവർ ചിന്തിക്കുന്നു. അച്ഛനമ്മമാർ തങ്ങൾക്കു നൽകുന്ന പിന്തുണ, സഹായം ഇതൊന്നും നന്ദിയോടെ ഓർമ്മിക്കാൻ പ്രായം അവരെ സമ്മതിക്കുകയില്ല.

നിയന്ത്രണരേഖകളെ മാത്രമല്ല അത് അടിച്ചേൽപ്പിക്കുന്നവരേയും കഠിനമായി ഇവർ വെറുക്കും. അത് പലപ്പോഴും സ്വന്തം അച്ഛനമ്മമാർ തന്നെയായിരിക്കുമല്ലോ. സ്വന്തം തെറ്റ് മറ്റൊരാൾ ചൂണ്ടിക്കാട്ടി അറിയുന്നതിനേക്കാൾ സ്വയം മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ടീനേജുകാർ. അച്‌ഛനമ്മമാരുടെ നിയന്ത്രണരേഖയും ടീനേജുകാരുടെ വാശിയും ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു ഘടകങ്ങളാണ്. കൗമാരക്കാരായ മക്കളുടെ മുറുമുറുപ്പിന്‍റെ കാരണം തിരയാതെ, അവരുടെ പെരുമാറ്റത്തിൽ നിന്ന് നന്ദിയി ല്ലായ്മയും അഹങ്കാരവും മാത്രം മുതിർന്നവർ വേറിട്ടു ശ്രദ്ധിച്ചേക്കാം. “നിനക്കുവേണ്ടി ഞാൻ എന്തു മാത്രം കഷ്ടപ്പെട്ടു. എന്നിട്ടും നീ ഇങ്ങനെയായല്ലോ, എന്ന്” പറഞ്ഞാൽ “ഞാൻ പറഞ്ഞോ കഷ്ടപ്പെടാൻ?” എന്ന് തിരിച്ചുള്ള ചോദ്യമായിരിക്കും മറുപടി. ഇത്തരം സംഭാഷണങ്ങൾ അകലം കൂട്ടുകയല്ലാതെ കുറയ്ക്കുകയില്ല എന്നതാണ് വാസ്‌തവം.

പരീക്ഷ കഴിഞ്ഞ് റിലാക്‌സ് ചെയ്യാൻ കൂട്ടുകാരോടൊത്ത് അൽപം ദൂരെയുള്ള മാളിലൊന്നു കറങ്ങണം. കൗമാരക്കാരനായ മകൻ ഇങ്ങനെ പറഞ്ഞാൽ ഒറ്റയടിയ്ക്ക് നോ പറയുന്നതാണ് പലരുടേയും രീതി. പക്ഷേ ഒരു ചർച്ചപോലും ഇല്ലാതെ ഇങ്ങനെ നോ പറയുന്നത് ശരിയല്ല. രക്ഷിതാക്കളുടെ അമിതമായ കരുതൽ മക്കൾക്കു അനുഭവപ്പെടുന്നത് ശിക്ഷയായിട്ടാകാം.

അനുരഞ്ജന ചർച്ചകൾ ചിലപ്പോൾ നീണ്ടു പോയേക്കാം, കടുത്ത ഡിബേറ്റുണ്ടായേക്കാം, മക്കൾ പൊട്ടിത്തെറിച്ചേക്കാം. പക്ഷേ ദേഷ്യപ്പെടാതെ സമചിത്തതയോടെ സംസാരിക്കുക. കൗമാരക്കാരിൽ ആത്മവിശ്വാസവും വ്യക്തിത്വവും വളർത്താൻ ഇത് സഹായിക്കും. വെറുതെ ഒരു ഇല്ല എന്ന വാക്ക് പറയും മുമ്പ് കൃത്യമായ അഭിപ്രായം പറയുന്നതാവും നല്ലത്.

പറഞ്ഞും പറയാതെയും നാമെല്ലാം ചുറ്റുമുള്ളവരോട് ചില കാര്യങ്ങൾ സംദിക്കുന്നുവെന്ന സത്യം മനസ്സിലാക്കണം. ശരീരഭാഷയാകാം, മൂഡ് ചെയിഞ്ചാകാം. ദൈനംദിന ജീവിതത്തിൽ ആ സംഭാഷണം കാണാതെ പോകരുത്. മകൻ/മകൾ ഒരു വിഷയം സംസാരിക്കാൻ ശ്രമിച്ചാൽ മറ്റെന്തു തിരക്കും മാറ്റിവച്ച് കാതോർക്കുക. അവർ സംസാരിച്ചശേഷം ഇങ്ങനെ ചോദിക്കാം, ഇനി ഇക്കാര്യത്തിൽ എന്‍റെ ചിന്ത പറയട്ടെ, എന്ന്.

കൗമാരത്തിലെത്തിയാൽ ഉപദേശം കേൾക്കാൻ ഒട്ടും താൽപര്യമുണ്ടാവില്ല. പക്ഷേ അമ്മയുടെ അച്ഛച്‌ഛന്‍റെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടാകും. ജീവിതത്തിൽ എന്തു പ്രശ്ന‌ം വന്നാലും അമ്മ/അച്‌ഛൻ തനിക്കൊപ്പം ഉണ്ടെന്ന ഉറപ്പ് അവർക്ക് കൊടുക്കണം.

നിങ്ങളുടെ മക്കളുടെ വക്കീൽ നിങ്ങളാണ്. അല്ലാതെ എതിർകക്ഷിയുടെ വക്കീലാണ് താനെന്ന ഭാവത്തിൽ അവരോട് വാദപ്രതിവാദം നടത്തുന്നത് ഗുണകരമാവില്ല.

എന്തിനും പിന്തുണ നൽകുമെന്ന ഡിപ്ലോമാറ്റിക്ക് നയമാണ് അഭികാമ്യം. നമുക്ക് രണ്ട് ചെവിയും ഒരു നാവുമാണ്. ഇതിൽ കൗമാരക്കാർക്കുവേണ്ടി ഏതാണ് നിങ്ങൾ കൂടുതൽ ഉപയോഗിക്കുക…?

और कहानियां पढ़ने के लिए क्लिक करें...