തലേന്ന് ഏറെ വൈകി ഉറങ്ങിയതിനാലാവാം സമയം വൈകിയാണ് കണ്ണുതുറന്നത്. തലേരാത്രി കിടന്ന ശേഷവും ഏറെനേരം ഉറക്കം വന്നനുഗ്രഹിച്ചുമില്ല. പുലരാറായപ്പോഴാണ് കണ്ണടഞ്ഞത്. കുറച്ചുസമയമേ ഉറങ്ങിയുള്ളൂവെങ്കിലും ആ സമയം ബോധമണ്ഡലം ഗാഢനിദ്രയിൽ വീണുപോയിരുന്നു. ഇമതല്ലി മിഴിച്ചപ്പോൾ മേശമേൽ ഇരിക്കുന്ന ചില്ലുഗ്ലാസ്സാണ് കണ്ണിൽപെട്ടത്. അതിൽ പാതി കുടിച്ച ലെമൺ ടീ. തലേന്ന് അതു തീർത്തു കുടിച്ചിരുന്നില്ല. അതിനപ്പുറത്ത് പേപ്പർകെട്ട്. അതിനുമുകളിൽ ഒരുകനപ്പെട്ട പുസ്തകം വച്ചിരിക്കുന്നു.

ഞാൻ എഴുന്നേറ്റ് ലെമൺ ടീ വാഷ്ബേസിനിൽ ഒഴുക്കിക്കളഞ്ഞു. പുസ്തകം നീക്കി പേപ്പർകെട്ടെടുത്ത് അലമാരിയിൽ വച്ച് പൂട്ടി. ചെക്കും ബാങ്ക് പാസ്സുബുക്കുമെടുത്ത് ഒരു കവറിലാക്കി എന്‍റെ ബാഗിൽ എടുത്തുവച്ചു. ബാഗ് തുറന്നപ്പോഴാണ് ഞാൻ അതുകണ്ടത്. ഡയറിക്കുള്ളിലെ ഒരു ടിക്കറ്റ്.

ഒരു നിമിഷം ഞാൻ സ്തംഭിച്ചുപോയി. അത് വെറുമൊരു ടിക്കറ്റായിരുന്നില്ല, കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ എവിടെയോ മറന്നുപോയ, അല്ലെങ്കിൽ മനഃപൂർവ്വം മറക്കാൻ ശ്രമിച്ച ഒരു വലിയ യാത്രയുടെ ബാക്കിപത്രമായിരുന്നു അത്. ആ ടിക്കറ്റിലെ തീയതിയും സ്ഥലവും എന്നെ വീണ്ടും ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൈകൾ ചെറുതായി വിറച്ചുകൊണ്ട് ഞാനാ ടിക്കറ്റ് കയ്യിലെടുത്തു. വരാനിരിക്കുന്ന വലിയൊരു മാറ്റത്തിന്‍റെ തുടക്കമായിരുന്നു അതെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു.

കഴിഞ്ഞ തവണ കണ്ടപ്പോൾ വില്ലി അങ്കിൾ സമ്മാനിച്ചതാണിത്. ഇവിടെ അടുത്തുള്ള തിയ്യറ്ററിൽ വർഷങ്ങളുടെ ഇടവേളകളിൽ വല്ലപ്പോഴും അന്താരാഷ്ട്ര നാടകോൽസവങ്ങൾ സംഘടിപ്പിക്കാറുണ്ട്. ആഴ്ചകളായി നാടകങ്ങൾ അവതരിക്കപ്പെട്ടുപോരുന്നു. അതാതു ദിവസത്തെ നാടകത്തെക്കുറിച്ചുള്ള വിവരങ്ങളും സംഗ്രഹവും തലേദിവസത്തെ ന്യൂസ്പേപ്പറിൽ വരാറുണ്ട്. ഞാൻ അതു ശ്രദ്ധിക്കാറുമുണ്ട്. വില്ലി അങ്കിൾ നൽകിയ ടിക്കറ്റ് ഇന്ന് ഉച്ചതിരിഞ്ഞുള്ള നാടകത്തിന്‍റെ ടിക്കറ്റാണ്. നാടകം ‘ഗോദോയെ കാത്ത്’. ചുരുക്കം കഥാപാത്രങ്ങളാൽ, ചുരുക്കം കഥാസന്ദർഭങ്ങളാൽ അനാവൃതമാകുന്ന നാടകം. ജീവിതമെന്ന അസംബന്ധ നാടകത്തിന്‍റെ ബഹിസ്ഫുരണം. നാടകത്തിന്‍റെ ഒരു മലയാള വിവർത്തനം വായിച്ചതോർക്കുന്നു. നാടകത്തിലെ ലക്കി എന്നുപേരായ അടിമയെ ഓർമ്മയുണ്ട്. ബാക്കി കഥാപാത്രങ്ങളുടെ പേരുകൾ നാക്കിന് വഴങ്ങുന്നവയല്ല. അന്ന് ഈ നാടകത്തിന്‍റെ ഗഹനത പിടികിട്ടിയിരുന്നില്ല. അന്നു മാത്രമല്ല ഇന്നും! കഥാപാത്രങ്ങൾ കാത്തിരിക്കുന്ന ഗോദോ ആരാണെന്നതിനെച്ചൊല്ലി ഒരുപാട് വ്യാഖ്യാനങ്ങൾ വന്നിരുന്നു. ദൈവമാണെന്ന് ഒരുകൂട്ടർ വാദിച്ചു. എന്നാൽ കഥാകൃത്തു തന്നെ ആ വാദം നിരാകരിച്ചു. ഗോദോ ദൈവമെങ്കിൽ ദൈവം എന്നുതന്നെ ഗോദോക്ക് പേരിടുമെന്നായിരുന്നു നാടകകൃത്തിന്‍റെ ഭാഷ്യം.

പുലർകാലേ തന്നെ ഇടിയപ്പവും ഗ്രീൻപീസ് കറിയും കഴിച്ച് വേഗം തന്നെ പുറപ്പെടാനൊരുങ്ങി.

ബാങ്ക് പാസ്സുബുക്കും ഗബ്രി കനിഞ്ഞു നൽകിയ ചെക്കും ഡയറിയും പിന്നെ നാടക ടിക്കറ്റും ബാഗിലാക്കി ഞാൻ വീട്ടിൽ നിന്നിറങ്ങി. വഴിയിൽ പൊടിപറത്തിക്കൊണ്ട് വഴിത്താരയിലെ ഉണങ്ങിയ ഇലകൾ അടിച്ചുകൂട്ടുന്ന ആളുകളെ കണ്ടു. പോകുന്ന വഴി ഒരു ലെമൺ ടീ കുടിച്ച് ബാങ്ക് സമയം കണക്കാക്കി ബാങ്കിലെത്തി. ഗബ്രിക്ക് മനസ്സിൽ നന്ദി പറഞ്ഞ് ചെക്ക് ക്ലിയർ ചെയ്യുവാൻ നൽകിയ ശേഷം പുറത്തിറങ്ങി. പുലർച്ചെ കൊണ്ട നേരിയ വെയിൽനാളങ്ങൾക്ക് മൂർച്ചയേറുന്നു.

വഴിയരികിലെ ശീതളപാനീയ ഷോപ്പിൽനിന്നും നേരിയ ഉപ്പിട്ട ലെമണേഡ് അല്പാൽപ്പം നുണഞ്ഞിറക്കുമ്പോൾ ഗബ്രി കത്തിലൂടെ അറിയിച്ച വിഷയത്തെക്കുറിച്ച് ഒരു പ്രാഥമിക ആലോചനപോലും എന്‍റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നോർത്ത് കുറ്റബോധം തോന്നി. ഞാനത് ബോധപൂർവ്വം ആലോചിക്കാത്തതാണോ എന്നും സംശയിച്ചു. പുലർകാലേ ബാങ്കും നാടകവുമൊക്കെയായിരുന്നു മനസ്സിൽ. അതല്ല നാടകവിഷയങ്ങളിൽ സഞ്ചരിച്ച് മനസ്സ് മനഃപൂർവ്വം പ്രശ്നങ്ങളിൽനിന്ന് ഒരൊളിച്ചോട്ടം നടത്തിയതാണോ? അതുതന്നെയാണ് ശരി.

ഗബ്രി അയച്ചുതന്ന പേപ്പർകെട്ടിലെ വസ്തുതകൾ ഞാൻ ഒന്നൊന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു. പതിനൊന്നും പത്തും വയസ്സായ പെൺകുട്ടികളുടെ ദുരൂഹമായ തിരോധാനത്തിന്‍റെ ഉത്തരമാണ് ഗബ്രിക്കറിയേണ്ടത്. ഈ വിഷയത്തിലേക്ക് ഗബ്രി എങ്ങനെ എത്തിച്ചേർന്നു എന്നത് എനിക്കറിയേണ്ടതില്ല, അതെക്കുറിച്ച് സൂചിപ്പിച്ചിരുന്നു എങ്കിലും…

എമിലിയും എലനും… ആർതർ റോസ് ദമ്പതികളുടെ പെൺകുട്ടികൾ. സമ്മറിലെ ഒരു ഇളംചൂടുള്ള ഞായറാഴ്ച. രാവിലെ കളിചിരിയോടെ രണ്ടു കുട്ടികളും ബീച്ചുകാണാൻ പുറപ്പെട്ടതാണ്. അവർ പിന്നീട് തിരിച്ചുവന്നില്ല.

ആ സമയത്ത് ആർതർ റോസ് ദമ്പതികളുടെ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള കേസ് നടക്കുകയായിരുന്നു. ആ ദമ്പതികൾ ഒരുമിച്ചായിരുന്നില്ല താമസം. അയാൾ വീട്ടിൽ നിന്നും മാറിത്താമസിച്ചിരുന്ന അവസ്ഥയിലായിരുന്നു. ആ ഒരു സാഹചര്യത്തിൽ ആർതറിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും പെൺകുട്ടികളുടെ തിരോധാനത്തിനു പിന്നിൽ അയാളല്ല എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു.

അതോടൊപ്പം തിരോധാനത്തിനു പിന്നിലെ സംശയിക്കാവുന്ന ചില കണ്ടെത്തലുകൾ ഗബ്രി അക്കമിട്ടു നിരത്തുന്നുണ്ട്. ഒരു ഞായറാഴ്ച ദിവസമാണ് കുട്ടികളെ കാണാതാവുന്നത്. അന്നേദിവസം രാവിലെ എട്ടിന് പ്രഭാതഭക്ഷണം കഴിച്ച് ഒൻപതരയോടെ അവർ പുറപ്പെട്ടു. ബീച്ച് റോഡ് വരെ ബസ്സിലും അവിടുന്ന് കടലോരം വരെ കാൽനടയുമായിരുന്നു കുട്ടികളുടെ സഞ്ചാരം.

ഒരു പതിനൊന്നു മണിവരെ കുട്ടികൾ കടലോരത്ത് കളിക്കുന്നത് കണ്ട സ്ത്രീയുണ്ട്. ആ സ്ത്രീ നടത്തുന്ന സ്നാക്സ് ഷോപ്പിൽനിന്നും കുട്ടികൾ കാൻഡി വാങ്ങിയത് അവർ വ്യക്തമായി ഓർക്കുന്നുണ്ട്. കാൻഡി വാങ്ങിപ്പോയ ശേഷവും അവർ പഞ്ചാരമണലിൽ കളിക്കുന്നത് സ്ത്രീ കണ്ടിരുന്നു. പിന്നീട് ആ കുട്ടികൾ അവരുടെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് കാൻഡി വിൽപ്പന നടത്തുന്ന സ്ത്രീയുടെ മൊഴി. അതോടൊപ്പം ഭയാനകമായ ഒരു വസ്തുതയും ആ സ്ത്രീ ബോധിപ്പിച്ചു. കുട്ടികൾ കളിക്കുന്നിടത്ത് കണ്ട മെലിഞ്ഞു വിളർത്ത മുഖമുള്ള, അസ്വസ്ഥത തോന്നിപ്പിക്കുന്ന ഒരാൾ.

കുട്ടികൾ ഒഴിവുദിവസങ്ങളിൽ ബീച്ച് യാത്ര നടത്താറുണ്ടായിരുന്നു. തിരോധാനത്തിന്‍റെ തലേദിവസവും അവർ ബീച്ചിലേക്ക് പോയിരുന്നു. ആ യാത്രയിൽ പറയുന്ന ഒന്നുരണ്ടു കാര്യങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണ്. കുട്ടികൾക്ക് അമ്മ ബസ് ടിക്കറ്റിനായും അത്യാവശ്യം പർച്ചേസിനായും ഒരു ചെറിയ തുക പോക്കറ്റ് മണി നൽകാറുണ്ടായിരുന്നു. അന്നേദിനം വൈകിട്ട് കുട്ടികളുടെ പോക്കറ്റിൽനിന്നും ബസ് ടിക്കറ്റിനും കാൻഡി കവറുകളോടുമൊപ്പം കൊടുത്തുവിട്ടതിനേക്കാൾ അധികം പണം കണ്ടതായി അമ്മ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ അധിക പണം കുട്ടികൾക്ക് എവിടെനിന്നു ലഭിച്ചു എന്ന വസ്തുത ദുരൂഹമായി തുടരുന്നു.

ഇതിന്‍റെ ഏറ്റവും വേദനാജനകമായ കാര്യം കുട്ടികളുടെ അമ്മയായ റോസിന്‍റെ അവസ്ഥയാണ്. കുട്ടികളുടെ തിരോധാനവും വേർപിരിഞ്ഞ വിവാഹബന്ധവും അവരുടെ മാനസികനില തകർത്തു. അവരിന്ന് ഒരു മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് ഡോക്ടർമാർ വളരെ ചെറിയ സാധ്യത മാത്രമേ കൽപ്പിക്കുന്നുള്ളൂ. പിന്നെ ആരാണ് ആ കുടുംബത്തിൽ അവശേഷിച്ചിരിക്കുന്നത്? കുട്ടികളുടെ തിരോധാനത്തിന് ഉത്തരം തേടുന്നതാര്? എന്ന ചോദ്യങ്ങൾക്ക് ആർതർ മുത്തച്ഛൻ എന്ന പേരാണ് ഗബ്രി പറയുന്നത്.

വാർദ്ധക്യത്തിലും രോഗാവസ്ഥയിലും സ്വന്തം മകളുടെ ദുരവസ്ഥക്കും കൊച്ചുമക്കളെ സാധ്യമെങ്കിൽ വീണ്ടെടുക്കാനും, അതല്ല ഏതെങ്കിലും സംഭവിക്കാൻ പാടില്ലാത്തത് നടന്നിട്ടുണ്ടെങ്കിൽ അവരുടെ തിരോധാനത്തിനു കാരണക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങൾ മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന ആർതർ! അയാൾ നിരന്തരം അന്വേഷണത്തെ പിന്തുടരുന്നു.

ആർതറിന്‍റെ സംശയം അയാളിൽത്തന്നെ! ഏവരുടേയും സംശയത്തിന്‍റെ മുൾമുന പതിച്ച ഒരുവൻ! കുട്ടികളുടെ തിരോധാനത്തിന്‍റെ ദിവസവും തലേദിവസവും കുട്ടികളോടൊപ്പം ബീച്ചിൽ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ആൾ. അയാൾക്ക് കുട്ടികളുടെ തിരോധാനത്തിൽ യാതൊരു പങ്കുമില്ലെന്ന് അയാളെ കണ്ടെത്തി ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ തറപ്പിച്ചു പറയുന്നു. കുട്ടികൾക്ക് കാൻഡി വാങ്ങിക്കൊടുത്തതും കളിപ്പാട്ടം വാങ്ങാൻ അല്പം പണം നൽകിയതും അവരോടൊപ്പം ബീച്ച് വോളി കളിച്ചതുമെല്ലാം സമ്മതിച്ചെങ്കിലും കുട്ടികൾ കാണാതായതിനു പിന്നിൽ അയാളാണെന്ന് ഉറപ്പിക്കാവുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.

കുട്ടികളുമായി സൗഹൃദത്തിലാകുന്നതും അവരോടൊപ്പം കളിക്കുന്നതും അയാളുടെ വിനോദം മാത്രമാണെന്നും കുട്ടികളെ ഉപദ്രവിച്ച ചരിത്രമൊന്നും അയാൾക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കാണാതായ കുട്ടികൾക്കു മാത്രമല്ല മറ്റു പല കുട്ടികൾക്കും അയാൾ കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളും നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഉപദ്രവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചോദ്യം ചെയ്യലിൽ അയാൾ പറഞ്ഞത് അയാളുടെ ബാല്യകാലത്ത് കളിപ്പാട്ടവും ചോക്ലേറ്റുകളും തനിക്ക് ആരും വാങ്ങിത്തന്നിരുന്നില്ലെന്നും അതുകൊണ്ടാണ് കുട്ടികൾക്ക് സമ്മാനങ്ങളും മറ്റും നൽകുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നത് എന്നുമാണ്.

എന്നാൽ അയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ മനുഷ്യചർമ്മം കൊണ്ടുണ്ടാക്കിയ പുരാതനമായ ഒരു പുസ്തകം കണ്ടെത്തി എന്ന ഭയാനകമായ വസ്തുതയും ഗബ്രി കുറിക്കുന്നു. ആ പുസ്തകം തലമുറകളായി കൈമാറിക്കിട്ടിയതാണെന്നും അതു നിർമിച്ചത് മനുഷ്യചർമ്മം കൊണ്ടാണെന്ന വസ്തുത ഉദ്യോഗസ്ഥർ വെളിപ്പെടുത്തുമ്പോൾ മാത്രമാണ് അറിയുന്നത് എന്നുമാണ് ഇതെക്കുറിച്ചുള്ള ചോദ്യത്തിന് മെലിഞ്ഞു വിളർത്ത ആളിൽ നിന്നും മറുപടി.

അങ്ങനെ ഒരെത്തും പിടിയുമില്ലാതെ അന്വേഷണം പെരുമ്പാമ്പിനെപ്പോലെ ചുറ്റിപ്പിണഞ്ഞ് ലക്ഷ്യം താണ്ടാതെ ഇഴയുന്നു.

തേൻ ചേർത്ത നാരങ്ങാച്ചായയും ഒപ്പം രണ്ടുമൂന്ന് മസാല ബിസ്ക്കറ്റുകളുമായി ഞാൻ മാന്തണലിൽ പോയിരുന്നു. നാടകം കളിക്കുന്ന തിയ്യറ്ററിനരികിലാണ് ലഘുഭക്ഷണങ്ങൾ കിട്ടുന്ന ആ ഇടം. കൺമുൻപിൽ വച്ചുതന്നെ അവർ പലഹാരങ്ങൾ തയ്യാറാക്കിത്തരുന്നു. അവ ഇരുന്നുകഴിക്കാനായി തഴച്ചുപടർന്ന കൂറ്റൻ മാവുകൾക്കു താഴെ ഏതാനും മരക്കസേരകൾ ഇട്ടിരിക്കുന്നു. ഞാൻ അല്പാൽപ്പം ചായ കുടിച്ച് ഇടക്ക് ബിസ്ക്കറ്റ് കടിച്ച് പരിസരം വീക്ഷിച്ചുകൊണ്ടിരുന്നു. നാടകം തുടങ്ങാറായിട്ടും ആ പരിസരത്ത് ഏറെ ആളുകളെ കണ്ടില്ല. ഏറിയാൽ പത്തു പന്ത്രണ്ടു പേർ. കൈത്തലത്തിൽ കാഴ്ചകളുടേയും ദൃശ്യത്തിന്‍റെയും പെരുക്കങ്ങൾ ലഭ്യമാകുന്ന ഇക്കാലത്ത് ആർക്കാണ് നാടകം കാണാൻ സമയവും താത്പര്യവും?

നാടകം തുടങ്ങി. ഒരുപാട് അർത്ഥതലങ്ങളും ദാർശനിക മാനങ്ങളുമുള്ള നാടകം യാന്ത്രികമായി ഇഴഞ്ഞുനീങ്ങി. ദൃഷ്ടി അരങ്ങിലെങ്കിലും മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഗബ്രിയുടെ പ്രശ്നത്തിന്‍റെ പിറകെയായിരുന്നു. കടലാസുകൾ ഒരാവർത്തി മാത്രമേ വായിച്ചുള്ളൂ. തുടർവായനയിലൂടെ മാത്രമേ പുതിയ ദിശാസൂചകങ്ങൾ ഉരുത്തിരിഞ്ഞു വരികയുള്ളൂ.

മനുഷ്യന്‍റെ ജീവിതംപോലെ സ്റ്റേജിൽ അസംബന്ധ നാടകം തുടരുന്നു… എനിക്ക് ഇരിപ്പുറച്ചില്ല. ഞാൻ പുറത്തിറങ്ങാൻ തീരുമാനിച്ചു. അപ്പോഴേക്കും നാടകത്തിന്‍റെ പകുതിയോളം ഞാൻ കണ്ടുതീർത്തിരുന്നു.

എഴുന്നേറ്റ് കസേരകൾക്കിടയിലൂടെ നടന്ന് പിന്നീട് ഹാളിന്‍റെ ഓരം ചേർന്ന് നടന്ന് പുറത്തേക്കുള്ള വാതിൽക്കൽ എത്തി. അപ്പോഴാണ് ഹാളിന്‍റെ മൂലക്ക് ഇരിക്കുന്ന ആളെ അരണ്ട വെളിച്ചത്തിൽ ശ്രദ്ധിച്ചത്.

‘വില്ലി അങ്കിൾ’!

और कहानियां पढ़ने के लिए क्लिक करें...