ഉത്തരാഖണ്ഡിനെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ബദരീനാഥും കേദാർനാഥും ഹരിദ്വാറും ഋഷികേശും നൈനിറ്റാളും മുസ്സൂറിയുമാണ്. വർഷം മുഴുവൻ തീർത്ഥാടകരും സഞ്ചാരികളും നിറഞ്ഞുനിൽക്കുന്ന ഈ സ്ഥ‌ലങ്ങൾ ഉത്തരാഖണ്ഡിന്‍റെ മുഖമാണെങ്കിൽ അതിന്‍റെ ആത്മാവ് ഒളിഞ്ഞിരിക്കുന്നത് അധികമാരും എത്തിപ്പെടാത്ത ചില നിശബ്ദ താഴ്‌വരകളിലും മലമ്പാതകളിലുമാണ്. ജനക്കൂട്ടത്തിന്‍റെ ബഹളമില്ലാതെ പ്രകൃതി അതിന്‍റെ യഥാർത്ഥ ഭാവത്തിൽ ശ്വസിക്കുന്ന ചില ഇടങ്ങളുണ്ട് അവിടെ മഞ്ഞുപുതച്ച് കൊടുമുടികൾ പ്രഭാതസൂര്യനോട് കഥ പറയുന്നിടങ്ങൾ. കണ്ണാടി പോലെ തെളിഞ്ഞ തടാകങ്ങൾ. പൈൻ മരങ്ങളുടെ സുഗന്ധം കാറ്റിനൊപ്പം സഞ്ചരിക്കുന്ന വനപാതകൾ. മലഞ്ചെരിവുകളിലൂടെ സംഗീതം പോലെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങൾ. ഓരോ കാഴ്ചയും മനസ്സിൽ പതിയുന്ന ഒരനുഭവമാണ്.

നഗരജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നും ചുട്ടുപൊള്ളുന്ന വേനലിൽ നിന്നും അൽപനേരം മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തരാഖണ്ഡിന്‍റെ ഈ ഒളിഞ്ഞിരിക്കുന്ന സുന്ദരഭൂമികൾ ഒരു പുതിയ ലോകം തുറന്നു തരും. അധികം പ്രചാരത്തിലില്ലെങ്കിലും സൗന്ദര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ഈ ലക്ഷ്യസ്‌ഥാനങ്ങൾ പ്രകൃതിയെ അടുത്തറിയാനും മനസ്സിനെ പുതുക്കാനുമുള്ള അപൂർവ്വ അവസരങ്ങളാണ്. അങ്ങനെയുള്ള ഉത്തരാഖണ്ഡിന്‍റെ ചില മനോഹരമായ രഹസ്യ സ്‌ഥലങ്ങളിലേക്ക് നമുക്കൊരു യാത്ര…

മുക്തേശ്വർ

ഉത്തരാഖണ്ഡിലെ തിരക്കിൽ നിന്ന് അകന്ന് പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിലൊന്നാണ് മുക്തേശ്വർ. കുമയോൺ മലനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ചെറു പട്ടണം പച്ചപ്പാർന്ന പുൽമേടുകളും മനോഹരമായ വെള്ളച്ചാട്ടങ്ങളും പഴത്തോട്ടങ്ങളും കൊണ്ട് സന്ദർശകരെ ആകഷിക്കുന്നു. പ്രശസ്‌ത ബ്രിട്ടീഷ് എഴുത്തുകാരനായ ജിം കോർബറ്റ് തന്‍റെ പ്രശസ്‌ത കൃതിയായ “ദി മാൻ ഈ റ്റേഴ്‌സ് ഓഫ് കുമയോൺ” രചിച്ചത് ഇവിടെയിരുന്നാണ്. ഡൽഹിയിൽ നിന്ന് ഏകദേശം അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ മാത്രം യാത്ര ചെയ്താൽ ഈ പ്രകൃതി സുന്ദരമായ ഇടത്തിലെത്താം.

പിയോറ

അൽമോറയ്ക്കും നൈനിറ്റാളിനുമിടയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,600 അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് പിയോറ. കുമയോൺ ഹിമാലയത്തിന്‍റെ വിസ്മയിപ്പിക്കുന്ന കാഴ്ച്കളും ഇടതൂർന്ന വനങ്ങളും വിശാലമായ ആപ്പിൾ, പ്ലം തോട്ടങ്ങളും ഈ ഗ്രാമത്തിന്‍റെ പ്രത്യേകതയാണ്. നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി നിശബ്ദതയേയും പ്രകൃതിയേയും ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിയോറ മികച്ചൊരു അഭയകേന്ദ്രമാണ്.

ഖിർസു

സൗന്ദര്യവും മനസ്സമാധാനവും ഒരു പോലെ തേടുന്നവർക്ക് ഖിർസു നിരാശപ്പെടുത്തില്ല. സമൃദ്ധമായ ഓക്ക്, പൈൻ വനങ്ങൾക്കും ആപ്പിൾ തോട്ടങ്ങൾക്കുമിടയിൽ സ്‌ഥിതി ചെയ്യുന്ന ഈ ഗ്രാമം പ്രകൃതിയുടെ നിശബ്ദ സൗന്ദര്യം അനുഭവിക്കാൻ പറ്റിയ ഇടമാണ്. പൗരിയിൽ നിന്ന് വെറും 12 കിലോമീറ്റർ മാത്രം അകലെയുള്ള ബിർസു ട്രെക്കിംഗ് പ്രേമികൾക്കും ബാക്ക്‌പാക്കർമാർക്കും സോളോ സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട സ്‌ഥലമാണ്.

മുൻസ്യാരി

ഹിമാലയത്തിന്‍റെ ഹൃദയത്തിലേക്കുള്ള കവാടമെന്നാണ് മുൻസ്യാരിയെ വിശേഷിപ്പിക്കുന്നത്. മഞ്ഞുമൂടിയ കൊടുമുടികളും സമൃദ്ധമായ വനങ്ങളും ചേർന്ന അപൂർവ ഭൂപ്രകൃതിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. മിലം ഗ്ലേസിയർ ഉൾപ്പെടെയുള്ള പ്രശസ്‌ത ട്രെക്കിംഗ് പാതകളിലേക്കുള്ള പ്രവേശനകവാടം കൂടിയായ മുൻസ്യാരി സാഹസിക യാത്രകൾ ഇഷ്‌ടപ്പെടുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അതോടൊപ്പം ശാന്തമായ അന്തരീക്ഷവും നിർമ്മലമായ വായുവും ഈ പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നു.

കനാറ്റൽ

ചമ്പ മുസ്സൂറി റൂട്ടിൽ സ്‌ഥിതി ചെയ്യുന്ന കനാറ്റൽ, പ്രകൃതിയുടേയും സാഹസികതയുടേയും മനോഹരമായ സംഗമമാണ്. മൂടൽ മഞ്ഞ് പൊതിഞ്ഞ മലനിരകളും പൈൻ വനങ്ങളും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നു. ക്യാമ്പിംഗ്, സിപ്പ് ലൈൻ, വാലി ക്രോസിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾ ആസ്വദിക്കാനും അല്ലെങ്കിൽ പ്രകൃതിയുടെ നിശബ്ദതയിൽ കുറച്ച് സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് കനാറ്റൽ മികച്ച സ്ഥലമാണ്.

ചക്രത

ഉത്തരാഖണ്ഡിലെ ഏറ്റവും ശാന്തവും അധികമാരും കണ്ടെത്താത്തതുമായ ഹിൽ സ്‌റ്റേഷനുകളിൽ ഒന്നാണ് ചക്രത. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7000 അടി ഉയരത്തിൽ, യമുനാ താഴ്വരയെ അഭിമുഖീകരിച്ച് സ്‌ഥിതി ചെയ്യുന്ന ഈ പ്രദേശം ഇടതൂർന്ന വനങ്ങളും മനോഹരമായ മലനിരകളും കൊണ്ട് സമ്പന്നമാണ്. ട്രെക്കിംഗ്, റിവർ റാഫ്റ്റിംഗ്, സ്ക‌ീയിംഗ്, ഗുഹാ പര്യവേക്ഷണം തുടങ്ങിയ സാഹസിക പ്രവർത്തനങ്ങൾക്ക് പേരുകേട്ട ചക്രത, തിരക്കൊഴിഞ്ഞൊരു ഹിമാലയൻ അനുഭവം തേടുന്നവർക്ക് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്.

ചൗകോരി

കുമയോൺ ഹിമാലയത്തിന്‍റെ മടിത്തട്ടിൽ, നിശബ്ദതയും പ്രകൃതിയും കൈകോർക്കുന്ന മനോഹരമായ ഗ്രാമമാണ് ചൗകോരി. സുഗന്ധം പരത്തുന്ന തേയിലത്തോട്ടങ്ങളും ഇടതുർന്ന പൈൻ, ആൽപൈൻ വനങ്ങളും പഴത്തോട്ടങ്ങളും ചേർന്ന് ഈ പ്രദേശത്തിന് അപൂർവമായ ഭംഗി നൽകുന്നു. ചൗഖംബ, നന്ദാദേവി, ത്രിശൂൾ, പഞ്ചചൂലി എന്നീ ഹിമശിഖരങ്ങളുടെ മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. പിത്തോറഗഡ് ജില്ലയിലെ ഈ ചെറുഗ്രാമം കസ്‌തൂരിമാൻ സങ്കേതത്തിനും പ്രകൃതിരമണീയമായ ക്യാമ്പിംഗ് കേന്ദ്രങ്ങൾക്കും പേരുകേട്ടതാണ്.

ചോപ്‌ത

ഉത്തരാഖണ്ഡിന്‍റെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ചോപ്‌ത, വിശാലമായ പുൽമേടുകളും ഇടതൂർന്ന വനങ്ങളും മഞ്ഞുമൂടിയ കൊടുമുടികളും ചേർന്ന് തീർത്ത ഒരു പ്രകൃതിവിസ്‌മയമാണ്. പ്രശസ്ത‌മായ തുംഗ്‌നാഥ്, ചന്ദ്രശില ട്രെക്കിംഗ് പാതകളിലേക്കുള്ള കവാടം കൂടിയായ ഈ പ്രദേശം സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യ സ്ഥാനമാണ്. ചിത്രഗുഹകൾ, കാഞ്ചുല കൊരക് കസ്‌തൂരിമാൻ സങ്കേതം തുടങ്ങിയ ആകർഷണങ്ങളും ചോപ്ത യാത്രയെ കൂടുതൽ മനോഹരമാക്കുന്നു.

ഖാതി ഗ്രാം

ബാഗേശ്വർ ജില്ലയിലെ പിന്നാർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഖാതി ഗ്രാം കാലത്തിന്‍റെ സ്‌പർശം അധികം ഏൽക്കാത്ത അപൂർവ സുന്ദരമായ ഇടമാണ്. ഓക്ക് റോഡോഡെൻഡ്രോൺ വനങ്ങളാൽ ചുറ്റപ്പെട്ട ഈ ഗ്രാമം പിന്ദാരി ഹിമാനിയിലേക്കുള്ള അവസാനത്തെ ജനവാസ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ആധുനിക വാണിജ്യ വൽക്കരണത്തിന്‍റെ തിരക്കുകളൊന്നും ഇവിടെ എത്തിയിട്ടില്ല. പ്രകൃതിയേയും ഗ്രാമീണ ജീവിതത്തെയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഖാതി ഗ്രാം ഒരു മികച്ച അനുഭവമായിരിക്കും.

കൗസാനി

ഹിമാലയത്തിന്‍റെ വിശാലമായ പനോരമിക് കാഴ്ച്ചകൾ സമ്മാനിക്കുന്ന മനോഹരമായ മലമ്പ്രദേശമാണ് കൗസാനി. നന്ദാദേവി, ത്രിശൂൽ, പഞ്ചചൂലി തുടങ്ങിയ മഞ്ഞുപുതച്ച കൊടുമുടികൾ ഇവിടെ നിന്ന് അതിസുന്ദരമായി ദൃശ്യമാകുന്നു. അതുകൊണ്ട്‌തന്നെ പ്രകൃതി സ്നേഹികളും ഫോട്ടോഗ്രാഫർമാരും ട്രെക്കിംഗ് പ്രേമികളും ഹണിമൂൺ യാത്രികരും കൗസാനിയെ ഏറെ ഇഷ്‌ടപ്പെടുന്നു. വേനൽക്കാലത്തെ സുഖകരമായ കാലാവസ്‌ഥയും ശൈത്യകാലത്തെ മഞ്ഞുവീഴ്ചയും കൗസാനിയുടെ സൗന്ദര്യത്തിന് വേറിട്ട ഭാവം നൽകുന്നു. ട്രെക്കിംഗ്, ക്യാമ്പിംഗ്, റോക്ക് ക്ലൈംബിംഗ്, മൗണ്ടൻ ബൈക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം.

അബോട്ട് മൗണ്ട്

പ്രകൃതിഭംഗി ക്യാമറയിൽ പകർത്താൻ ഇഷ്ടപ്പെടുന്നവർക്ക് അബോട്ട് മൗണ്ട് ഒരു സ്വർഗമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിന്‍റെ ഓർമകൾ സൂക്ഷിക്കുന്ന ഈ മലമ്പ്രദേശം ഇടതൂർന്ന വനങ്ങളും ശാന്തമായ അന്തരീക്ഷവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നു. പക്ഷി നിരീക്ഷണത്തിനും പ്രകൃതിയോടൊപ്പം വിശ്രമിക്കാനുമുള്ള മികച്ച സ്‌ഥലങ്ങളിലൊന്നാണ് ഇത്.

ധാർച്ചുള

കാളന്ദി നദിയുടെ തീരത്ത് നേപ്പാൾ അതിർത്തിയോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്‌റ്റേഷനാണ് ധാർച്ചുള. മഞ്ഞുപുതച്ച മലനിരകളും പച്ചപ്പാർന്ന താഴ്‌വരകളും സമൃദ്ധമായ വനങ്ങളും ചേർന്ന ഭൂപ്രകൃതി ഇവിടുത്തെ പ്രധാന ആകർഷണമാണ്. കൈലാസ മാനസസരോവർ, ആദി കൈലാസ് തുടങ്ങിയ തീർഥപാതകളിലേക്കുള്ള പ്രധാന കവാടം കൂടിയായ ധാർച്ചുള ട്രെക്കിംഗ് പ്രേമികൾക്കും പ്രിയപ്പെട്ട സ്‌ഥലമാണ്. പഞ്ചചൂലി കൊടുമുടികളുടെ വിസ്മ‌യകരമായ കാഴ്ച്ച ഈ യാത്രയെ കൂടുതൽ അവിസ്മരണീയമാക്കും.

റാണിഖേത്

പേരുപോലെ തന്നെ രാജകീയമായ പ്രകൃതിഭംഗി നിറഞ്ഞ മലമ്പ്രദേശമാണ് റാണിഖേത്. വിനോദസഞ്ചാരികളുടെ അമിത തിരക്കില്ലാത്തതിനാൽ ഇവിടുത്തെ പ്രകൃതിയെ സമാധാനത്തോടെ ആസ്വദിക്കാം. പൂക്കളാൽ നിറഞ്ഞ ആപ്രിക്കോട്ട് തോട്ടങ്ങളും ഹിമാലയത്തിന്‍റെ മനോഹരമായ കാഴ്ചകളും വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയും റാണിഖേതിനെ വ്യത്യസ്‌തമാക്കുന്നു.

അസ്കോട്ട്

പിത്തോറഗഡ് ജില്ലയിലെ ഒളിഞ്ഞിരിക്കുന്ന പ്രകൃതി രത്നമാണ് അസ്കോട്ട്, കസ്തൂ‌രിമാൻ സങ്കേതത്തിനും സമ്പന്നമായ ജൈവവൈവിധ്യത്തിനും പേരുകേട്ട ഈ പ്രദേശം മേഘങ്ങൾ തഴുകുന്ന മലനിരകളും ശുദ്ധമായ വായുവും കൊണ്ട് സന്ദർശകരെ ആകർഷിക്കുന്നു. പ്രകൃതിയുടെ ശാന്തതയിൽ കുറച്ച് ദിവസങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അസ്കോട്ട് മികച്ച ഇടമാണ്.

ലാൻസ് ഡൗൺ

ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ ഓർമ്മകൾ ഇന്നും സൂക്ഷിച്ചിരിക്കുന്ന മനോഹരമായ കുന്നിൻ പ്രദേശമാണ് ലാൻസ് ഡൗൺ. ഡൽഹിയിൽ നിന്ന് ഏകദേശം 275 കിലോമീറ്റർ മാത്രം അകലെയുള്ള ഈ പ്രദേശം ഇന്ന് ഗർവാൾ റൈഫിൾസിന്‍റെ ആസ്ഥാനമാണ്. മേഘങ്ങൾ തലോടുന്ന മലനിരകളും പൈൻ വനങ്ങളും ശാന്തമായ അന്തരീക്ഷവും ലാൻസ ഡൗണിനെ ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരമായ ഓഫ് ബീറ്റ് സ്‌ഥാനങ്ങളിലൊന്നാക്കി മാറ്റുന്നു.

ലോഹഘട്ട്

ജനക്കൂട്ടങ്ങളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്‌ഥലമാണ് ലോഹഘട്ട്, ശാന്തമായ അന്തരീക്ഷവും പച്ചപ്പാർന്ന മലനിരകളും ഈ പ്രദേശത്തിന്‍റെ പ്രത്യേകതയയാണ്. സമീപത്തുള്ള കോളി ധൈക് തടാകവും മായാവതി ആശ്രമവും ഇവിടെ സന്ദർശിക്കേണ്ട പ്രധാന ആകർഷണങ്ങളാണ്.

ധനോൾട്ടി

തെഹ്‌രി ഗർവാൾ ജില്ലയിലെ ഉയർന്ന മലനിരകളിൽ സ്‌ഥിതി ചെയ്യുന്ന ധനോൾട്ടി പ്രകൃതിയുടെ നിശബ്ദത ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്‌ഥലങ്ങളിലൊന്നാണ്. ഇടതൂർന്ന വനങ്ങളും വെള്ളച്ചാട്ടങ്ങളും പർവതങ്ങളും ചേർന്ന് ഈ പ്രദേശത്തെ സവിശേഷമാക്കുന്നു. പ്രശസ്തമായ ഇക്കോ പാർക്ക്, ഉരുളക്കിഴങ്ങ് കൃഷിയിടങ്ങൾ മനോഹരമായ വ്യൂ പോയിന്‍റുകൾ എന്നിവ സന്ദർശകരെ ആകർഷിക്കുന്നു. ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലമാണ് ധനോൾ ട്ടി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

നൗകുചിയാറ്റൽ

നൈനിറ്റാളിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെയുള്ള നൗകുചിയാറ്റൽ, പ്രകൃതിയുടെ ശാന്തതയിൽ മുങ്ങിക്കുളിക്കാൻ പറ്റിയ മനോഹരമായ തടാക ഗ്രാമമാണ്. ഒമ്പത് കോണുകളുള്ള നൗകുചിയാറ്റൽ തടാകമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ബോട്ടിംഗ്, കയാക്കിംഗ്, പക്ഷിനിരീക്ഷണം എന്നിവ‌ക്കൊപ്പം തടാകക്കരയിലെ റിസോർട്ടുകളിൽ താമസിക്കുന്ന അനുഭവവും യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

ഭീംതൽ

ശാന്തവും വിശാലവുമായ തടാകക്കാ ഴ്‌ചകളാണ് ഭീംതലിന്‍റെ പ്രത്യേകത. ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ ഭീംതൽ തടാകം ഈ പ്രദേശത്തിന്‍റെ ഹൃദയമാണ്. തടാകത്തിന് നടുവിലുള്ള ചെറിയ ദ്വീപും ചുറ്റുമുള്ള മലനിരകളും പ്രകൃതിസ്നേഹികളെ ആകർഷിക്കുന്നു. ഒറ്റയ്ക്കുള്ള യാത്രയ്ക്കും കുടുംബസമേതമുള്ള അവധിക്കാലത്തിനും ഹണിമൂൺ യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ ലക്ഷ്യ സ്‌ഥാനമാണ് ഭീംതൽ.

और कहानियां पढ़ने के लिए क्लिक करें...