വ്യക്തിക്ക് നൂറ് വയസ്സായെന്ന് കരുതി ഓർമ്മശക്തി നഷ്ട്ടപ്പെടുമെന്ന പഴയ സിദ്ധാന്തങ്ങൾ ഇന്ന് തിരുത്തപ്പെടുകയാണ്. പ്രായമല്ല മറിച്ച് നമ്മുടെ തലച്ചോറിന്‍റെ ആരോഗ്യം നാം എങ്ങനെയൊക്കെ കാത്തുസൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരിലെയും ഓർമ്മശക്തി നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ബ്രെയിൻ ഹെൽത്ത് അഥവാ തലച്ചോറിന്‍റെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം എന്നത് സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പേടേണ്ട ഒരു വിഷയമായി മാറിയിരിക്കുന്നു.
തുടക്കം ഗർഭാവസ്‌ഥയിൽ നിന്ന്
തലച്ചോറിന്‍റെ ആരോഗ്യ പരിചരണം ആരംഭിക്കേണ്ടത് അമ്മയുടെ ഗർഭാവസ്‌ഥയിൽ നിന്നാണ്. ഇന്ന് പ്രൈമറി സ്‌കൂൾ തലത്തിൽ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കാണാം. ഗർഭാവസ്‌ഥയിലുള്ള ശരിയായ പരിചരണത്തിലൂടെയും അമ്മയുടെ മാനസിക ശാരീരിക ആരോഗ്യത്തിലൂടെയും ഒരു പരിധിവരെ കുട്ടികളിലെ ഇത്തരം ന്യൂറോ ഡെവലപ്മെന്‍റൽ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സാധിക്കും.
തലച്ചോറിന്‍റ ആരോഗ്യവും മാനസികാരോഗ്യവും പരസ്‌പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്നും നമ്മുടെ സമൂഹത്തിൽ മാനസികാരോഗ്യം ഒരു സോഷ്യൽ സിഗ്മ ആയിട്ടാണ് കാണുന്നത്. ഇന്ന് അഞ്ചിൽ ഒരു കുട്ടിക്ക് വീതം ബ്രെയിൻ അല്ലെങ്കിൽ മെന്‍റൽ ഹെൽത്ത് പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുടക്കത്തിലേ തിരിച്ചറിഞ്ഞ് ശരിയായ ശ്രദ്ധ നൽകിയാൽ ഇവ പരിഹരിക്കാവുന്നതേയുള്ളൂ.
ഒരു അപായ സൂചന: കൗമാരക്കാരിൽ ഇന്ന് മരണനിരക്ക് കൂട്ടുന്ന പ്രധാന ഘടകങ്ങൾ ആത്മഹത്യകളും അപകടങ്ങളുമാണ്. മാനസികമായ സ്‌ഥിരതയും തലച്ചോറിന്‍റെ ആരോഗ്യവുമില്ലാത്ത അവസ്‌ഥയുമാണ് കുട്ടികളിൽ ആത്മഹത്യാ പ്രവണത വർദ്ധിപ്പിക്കുന്നത്.
40-ാം വയസ്സും ബ്രെയിൻ ഡിജനറേഷനും
കുട്ടികളിലെ ന്യൂറോ ഡെവലപ്മെന്‍റൽ പ്രശ്നങ്ങൾ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് 40 വയ സ്സിനുശേഷം തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങൾ. ഇതിനെ ബ്രെയിൻ ഡിജനറേഷൻ അഥവാ കോശങ്ങളുടെ ക്ഷയം എന്ന് വിളിക്കുന്നു. തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളിലുണ്ടാകുന്ന ഇലക്ട്രിക്കൽ, കെമിക്കൽ മാറ്റങ്ങളാണ് നമ്മുടെ മനസ്സിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തെ നിർണ്ണയിക്കുന്നത്. ഇവിടെയാണ് ഒരു വ്യക്‌തിയുടെ ക്രോണോളജിക്കൽ പ്രായവും (യഥാർത്ഥ പ്രായം) ബയോളജിക്കൽ പ്രായവും (ശരീരത്തിന്‍റെ പ്രായം) വ്യത്യാസപ്പെട്ടിരിക്കുന്നത്. നമ്മുടെ ബയോളജിക്കൽ പ്രായം കുറഞ്ഞിരിക്കുന്നത് നല്ല ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. തലച്ചോറിന്‍റെ പ്രായം കുറഞ്ഞാൽ ശരീരം എപ്പോഴും ഊർജ്ജസ്വലമായിട്ട് ഇരിക്കും.
ഓർമ്മകളുടെ കാടും തലച്ചോറിന്‍റെ രഹസ്യ ആയുധവും
നമ്മുടെ ഓർമ്മകൾ ശേഖരിക്കപ്പെടുന്നത് തലച്ചോറിലെ ഡെൻഡ്രൈറ്റിക് സ്പൈനുകളിലാണ്. മോശം ജീവിതശൈലി ഇവയുടെ പ്രവർത്തനത്തെ ബാധിക്കും. ഉദാഹരണത്തിന് 60-ാം വയസ്സിൽ ഒരാൾക്ക് മറവിരോഗം വരുന്നുണ്ടെങ്കിൽ അതിന്‍റെ തുടക്കം 35-ാം വയസ്സിൽ തന്നെ തലച്ചോറിൽ ആരംഭിച്ചിട്ടുണ്ടാകും. പ്രാരംഭ ഘട്ടത്തിൽ സ്കാനിംഗ് വഴിപോലും ഇത് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. രോഗം വളരെ അഡ്വാൻസ്ഡ് ആയ ശേഷമേ സ്കാനിൽ വ്യക്തമാകൂ. എന്നാൽ ഇതിനെയൊക്കെ പ്രതിരോധിക്കാൻ തലച്ചോറിന് തനതായ ഒരു രഹസ്യ ആയുധമുണ്ട്. അതാണ് ന്യൂറോപ്ലാസ്റ്റിസിറ്റി. കോടിക്കണക്കിന് ന്യൂറോണുകളുടെ ഒരു കൊടുംകാടാണ് നമ്മുടെ തലച്ചോറ്. നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ആവർത്തനമാണ് തലച്ചോറിൽ പുതിയ ന്യൂറോൺ പാതകൾ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ തലച്ചോറിനെ വീണ്ടും മാറ്റിപ്പണിയാൻ അഥവാ ബ്രെയിൻ റീവയറിംഗ് ചെയ്യാൻ നമുക്ക് സാധിക്കും. ബ്രെയിൻ റീവയറിംഗിനുള്ള 5 പ്രധാന മാർഗ്ഗങ്ങൾ താഴെ പറയുന്നു. നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താം.
കോഗ്നിറ്റീവ് പരിശീലനങ്ങൾ
തലച്ചോറിന് നിരന്തരം ചിന്തിക്കാനുള്ള ജോലി നൽകുക. സുഡോകു കളിക്കുക, പസിലുകൾ പൂരിപ്പിക്കുക, ഫോൺ നമ്പറുകൾ ഓർത്തു വെക്കാൻ ശ്രമിക്കുക എന്നിവ നല്ല പരിശീലനങ്ങളാണ്. എല്ലാ കാര്യങ്ങൾക്കും മൊബൈൽ ഫോണിനെ ആശ്രയിക്കുന്നത് നമ്മുടെ കോഗ്നിറ്റീവ് ശേഷി കുറയ്ക്കും. രാത്രി കിടക്കാൻ നേരം അന്ന് രാവിലെ മുതൽ നടന്ന കാര്യങ്ങൾ ക്രമമായി ഓർത്തെടുക്കാൻ ശ്രമിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
വ്യായാമം
ദിവസവും കുറഞ്ഞത് 20 മിനിറ്റ് എങ്കിലും നടക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും. തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ അടങ്ങിയ രക്തം എത്താതിരിക്കുമ്പോഴാണ് ഓർമ്മക്കുറവ് ഉണ്ടാകുന്നത്. വ്യായാമം രക്തയോട്ടം സുഗമമാക്കുന്നു.
പോഷകാഹാരവും കുടലിന്‍റെ ആരോഗ്യവും
ഗട്ട് ഹെൽത്ത് ആണ് ബ്രെയിൻ ഹെൽത്ത് എന്ന് പറയാറുണ്ട്. നമ്മുടെ വൻകുടലിലെ നല്ല ബാക്‌ടീരിയകളാണ് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നത്. പല ന്യൂറോ പ്രശ്‌നങ്ങളും തുടങ്ങുന്നത് മോശം ദഹനവ്യവസ്‌ഥയിൽ നിന്നാണ്. കുടലിൽ അനാവശ്യ ബാക്ടീരിയകൾ വളർന്നാൽ അത് ശരീരത്തിൽ ഇൻഫ്ളമേഷൻ അഥവാ വീക്കം ഉണ്ടാക്കുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്യും. അതിനാൽ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സന്തുലിത ഭക്ഷണം ശീലമാക്കുക. മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുക.
സുഖകരമായ ഉറക്കം
ഉറങ്ങുമ്പോഴാണ് തലച്ചോറിലെ വിഷാംശങ്ങളും അനാവശ്യമായ പ്ലേക്കുകളും നീക്കം ചെയ്‌ത് ബ്രെയിൻ സ്വയം ക്ലീൻ ചെയ്യുന്നത്. കൂടാതെ നമ്മൾ പകൽനേടുന്ന താൽക്കാലിക ഓർമ്മകളെ സ്‌ഥിരമായ ഓർമ്മകളായി മാറ്റുന്നതും ഉറക്കത്തിലാണ്.
ശ്രദ്ധിക്കുക: ഉറങ്ങുന്നതിനു മുമ്പ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഫോണിൽ നിന്നുള്ള നീലവെളിച്ചം ഉറക്കത്തെ സഹായിക്കുന്ന മെലാടോണിൻ ഹോർമോണിന്‍റെ ഉത്പാദനം കുറയ്ക്കും. ഫോൺ അമിതമായി ഉപയോഗിച്ചാൽ തലച്ചോർ ഫോണിന് അനുസൃതമായി റീവയർ ചെയ്യപ്പെടും.
മാനസിക സമ്മർദ്ദം കുറയ്ക്കലും സാമൂഹിക ബന്ധങ്ങളും
അമിതമായ മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ തലച്ചോറിന്‍റെ ഒരു ഭാഗം മാത്രമാണ് പ്രവർത്തിക്കുക. പ്രധാനപ്പെട്ട അഭിമുഖങ്ങൾക്കോ പരീക്ഷകൾക്കോ പോകുമ്പോൾ പെട്ടെന്ന് ബ്ലാക്ക് ഔട്ട് ആകുന്നത് ഇതുകൊണ്ടാണ്. ശരിയായ ശ്വസന വ്യായാമങ്ങളിലൂടെയും മെഡിറ്റേഷനിലൂടെയും ഈ പ്രവണത മാറ്റാം. ഡിജിറ്റൽ ലോകത്ത് നിന്നും മാറി നടക്കുക, സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇടപഴകുക. യാത്രകൾ ചെയ്യുക, സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, പ്രകൃതിയൊടൊപ്പം സമയം ചിലവഴിക്കുക എന്നിവ സന്തോഷം നൽകുന്ന സെറട്ടോണിൻ ഹോർമോൺ അളവ് കൂട്ടും.
മറ്റ് ലളിതമായ പ്രതിരോധ വഴികൾ
- രാവിലെ 7 മണിക്ക് മുമ്പായി ഉണരുക
- ദിവസവും ശരീരം നന്നായി സ്ട്രെച്ച് ചെയ്യുക
- തണുത്ത വെള്ളത്തിലുള്ള കുളി ശീലമാക്കുക (ഇത് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കും.)
കുസാറ്റിന്‍റെ ന്യൂറോ സയൻസ് വിഭാഗം നടപ്പിലാക്കുന്ന പ്രജ്‌ഞ, ഉദ്ബോധ്, മെമ്മറി കഫെ, അരികെ, മെന്‍റസി തുടങ്ങിയ പദ്ധതികൾ ഇത്തരം ബ്രെയിൻ ഡിജനറേഷൻ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാനും ബോധവൽക്കരണത്തിനുമായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. 40 വയസ്സ് മുതൽ തന്നെ കൃത്യമായ ജീവിതശൈലി പിന്തുടർന്നാൽ ഓർമ്മക്കുറവും മറ്റ് മസ്തിഷ്ക രോഗങ്ങളും വരുന്നത് ഒരു പരിധി വരെ തടയാൻ നമുക്ക് സാധിക്കും. അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ തടയുന്നതാണെന്ന് ഓർക്കുക.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ന്യൂറോ സയൻസ് വിഭാഗവും എറണാകുളം പ്രസ് ക്ലബും സംയുക്‌തമായി സംഘടിപ്പിച്ച തലച്ചോറിന്‍റെ ആരോഗ്യം സെമിനാറിൽ ന്യൂറോ സയൻസ് വകുപ്പ് മേധാവി ഡോ.ബേബി ചക്രപാണി നൽകിയ വിവരങ്ങളുടെ അടിസ്ഥനത്തിൽ തയ്യാറാക്കിയത്.





