സ്ത്രീകളുടെ ജോലി എന്നാൽ വെറും വീട്ടുഭരണം മാത്രമായി സമൂഹം ഇപ്പോഴും കണക്കാക്കപ്പെടുന്ന നാടാണ് നമ്മുടേത്. മാത്രമല്ല വീട്ടിലെ പുരുഷന്മാരെ ദൈവങ്ങളായി കണക്കാക്കുകയും അവരുടെ ആജ്‌ഞകൾ അനുസരിക്കുകയും ചെയ്യുന്ന രാജ്യത്ത് ഒരു സ്ത്രീ അധികാരത്തിലിരിക്കുന്ന പുരുഷന്മാരെ ചോദ്യം ചെയ്യുകയും അവരുടെ ഇഷ്ട‌ാനിഷ്ടങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്‌താൽ അത് എളുപ്പമുള്ള കാര്യമല്ലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നോയിഡയിൽ താമസിക്കുന്ന 52 വയസ്സുള്ള അഞ്ജ‌ലി ഭരദ്വാജ്, സമൂഹത്തിൽ പ്രബലമായ അഴിമതിക്കെതിരെ ശബ്ദമുയർത്താനും ഉദ്യോഗസ്‌ഥരോട് ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം പറയാൻ അവരെ നിർബന്ധിക്കാനും മറ്റ് നിരവധി സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ കഴിയില്ല. 1999 മുതൽ 25 വർഷത്തിലേറെയായി അഞ്ജലി ആർടിഐ പ്രസ്ഥാനത്തിൽ സജീവമാണ്. 20 വർഷത്തിലേറെയായി അവർ എൻസിപിആർഐ (ഇന്‍റർനാഷണൽ കാമ്പെയ്ൻ ഫോർ പീപ്പിൾസ് റൈറ്റ്സ് ടു ഇൻഫർമേഷൻ) യുമായി ബദ്ധപ്പെട്ടിരിക്കുന്നു. 2004 മുതൽ വർക്കിംഗ് കമ്മിറ്റിയിൽ അംഗമാണ്. നിലവിൽ അതിന്‍റെ കോ-കൺവീനറാണ്. വിവരാവകാശത്തിനായി പ്രവർത്തിക്കുന്ന രാജ്യവ്യാപകമായ ജനകീയ കാമ്പെയ്നാണിത്.

2021-ൽ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഇന്‍റർ നാഷണൽ ആന്‍റികറപ്ഷൻ ചാമ്പ്യൻ അവാർഡ് അഞ്ജലി ഭരദ്വാജിന് ലഭിച്ചു. 2011-ൽ ലേഡി ശ്രീറാം കോളേജിന്‍റെ ഓണേഴ്സ‌് റോളും 2009-ൽ സോഷ്യൽ എന്‍റർപ്രണേഴ്‌സ് ഫോർ അശോക ഫെലോഷിപ്പും അഞ്ജലിക്ക് ലഭിച്ചിട്ടുണ്ട്.

സാമൂഹ്യ പ്രവർത്തനങ്ങളിൽ താൽപര്യം

ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ പഠിക്കുമ്പോഴാണ് അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന അവരുടെ കഥ ആരംഭിക്കുന്നത്. കോളേജിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റായിരുന്നു. എഴുത്തിലും താൽപ്പര്യമുണ്ടായിരുന്നു. അമ്മ ഡൽഹി സർവകലാശാലയിൽ പ്രൊഫസറായിരുന്നു. അച്‌ഛൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു. കോളേജ് പഠനത്തിനുശേഷം ദാരിദ്ര്യ നിർമാർജനത്തിനും സാമ്പത്തിക മാനേജ്‌മെന്‍റിലും ലോകബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങി. പൊതുജനങ്ങൾക്കായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചെങ്കിലും അഴിമതി കാരണം അവ അവരിലേക്ക് എത്താതിരുന്നത് എങ്ങനെയെന്ന് അവ നേരിട്ട് കണ്ടു. ഈ അഴിമതി തടയാൻ എന്തെങ്കിലും ചെയ്യണമെന്ന് അവർ ആഗ്രഹിച്ചു. ഇതിനിടെ അഞ്ജലി ഓക്സ‌്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിനു പോയി. പരിസ്‌ഥിതി മാറ്റവും മാനേജ്‌മെൻറും പഠിച്ചു. തിരിച്ചെത്തിയ ശേഷം ലോകബാങ്കിൽ കുറച്ചുകാലം ജോലി ചെയ്തു. തുടർന്ന് അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ചേർന്ന് പരിവർത്തൻ എന്ന സംഘടന സ്ഥാപിക്കുകയും അഴിമതിക്കെതിരെ “സേ നോ ടു ബ്രൈബ്” എന്ന കാമ്പയിൻ ആരംഭിക്കുകയും ചെയ്‌തു. പിന്നീട് സമാന ചിന്താ ഗതിക്കാരായ സ്ത്രീകൾക്കൊപ്പം 2003-ൽ അവർ “സതർക്ക് നാഗരിക് സംഘതാൻ” സ്‌ഥാപിച്ചു. ഇത് പ്രധാനമായും ദക്ഷിണ ഡൽഹിയിലും തെക്കുപടിഞ്ഞാറൻ ഡൽഹിയിലും 15 വർഷത്തിലേറെയായി സജീവമാണ്.

ചേരി നിവാസികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവരുടെ അവകാശങ്ങൾ ഉറപ്പാക്കാക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ദൗത്യം. റേഷൻ, പെൻഷൻ, വെള്ളം, ശുചിത്വം എന്നിവ നൽകുന്നതിനൊപ്പം, സ്കൂ‌ളുകളിൽ ശരിയായ വിദ്യാഭ്യാസവും ആശുപത്രികളിൽ മതിയായ വൈദ്യ പരിചരണവും ഉറപ്പാക്കാൻ അഴിമതി ഇല്ലാതാക്കുകയും സ്ഥാപനങ്ങൾ ശരിയായി പ്രവർത്തിക്കുകയും ആളുകൾക്ക് അവരുടെ അവകാശങ്ങൾ ലഭ്യമാക്കുകയും ചെയ്യുമ്പോൾ മാത്രമേ സാധ്യമാകൂ.

വിവരാവകാശ നിയമപ്രകാരമുള്ള വിവരാവകാശ അപേക്ഷകൾ വഴി ഈ സംഘടന ബ്യൂറോക്രസിയുടെ പ്രവർത്തനം മാത്രമല്ല, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പ്രവർത്തനവും നിരീക്ഷിക്കുന്നു. എംപിമാരുടേയും എംഎൽഎമാരുടേയും റിപ്പോർട്ട് കാർഡുകൾ അവർ നേടിയിരുന്നു. അവർ എങ്ങനെ അവരുടെ ചുമതലകൾ നിർവഹിച്ചു. അവർ എന്ത് ചോദ്യങ്ങൾ സഭയിൽ ചോദിച്ചു എന്നിവ ഉൾപ്പെടെ മാളവ്യ നഗറിൽ സ്‌ഥിതി ചെയ്യുന്ന “സതക് നാഗരിക് സംഘ്താൻ” ഓഫീസിൽ വച്ചു നടത്തിയ അഞ്ജലിയുമായുള്ള ഞങ്ങളുടെ സംഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ ഇതാ:

അഴിമതി തടയുക

സർക്കാർ ഉദ്യോഗസ്‌ഥരും രാഷ്ട്രീയക്കാരും തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുമ്പോഴാണ് അഴിമതി സംഭവിക്കുന്നതെന്ന് അഞ്ജലി പറയുന്നു. ജനാധിപത്യത്തിൽ ആളുകൾ സർക്കാരിന് വോട്ട് ചെയ്യുന്നു. ജനങ്ങളുടെ നികുതി പണം കൊണ്ടാണ് സർക്കാർ നടത്തുന്നത്. ജനാധിപത്യത്തിൽ സർക്കാരിന്‍റെ പേരിൽ അവർ ചെയ്യുന്ന കാര്യങ്ങളേക്കുറിച്ച് ആളുകളെ അറിയിക്കേണ്ടത് നിർണായകമാണ്. എന്നാൽ സർക്കാർ ഇത് മറച്ചുവെച്ച് തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുമ്പോൾ അഴിമതി ഉയർന്നുവരുന്നു.

2005-ൽ വിവരാവകാശ നിയമം പാസാക്കുകയും രാജ്യ വ്യാപകമായി നടപ്പിലാക്കുകയും ചെയ്‌തു. ഞങ്ങൾ “സതക് നാഗരിക് സംഘടന” യുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഇത് വളരെ പ്രധാനപ്പെട്ട നിയമമാണെന്നും ഇത് ഉപയോഗിക്കുകയും സർക്കാരിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്യണമെന്ന് സ്ത്രീകളോട് പറഞ്ഞു. വിവരാവകാശ നിയമം നിലവിൽ വന്നിട്ട് 20 വർഷമായി. രാജ്യത്തുടനീളം പ്രതിവർഷം ഏകദേശം 6 ദശലക്ഷം ആർടിഐ അപേക്ഷകൾ ഫയൽ ചെയ്യപ്പെടുന്നു. തങ്ങളുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നതിനും വിവരങ്ങൾ തേടുന്നതിനും സർക്കാരുകളെ ഉത്തരവാദിത്തപ്പെടുത്തുന്നതിനും ആളുകൾ ആർടിഐ അപേക്ഷകൾ സമർപ്പിക്കുന്നു. അഴിമതി തുറന്നുകാട്ടപ്പെടുന്നു.

വിവരങ്ങൾ കൈമാറുന്നവർക്കുള്ള സംരക്ഷണത്തിന്‍റെ ആവശ്യകത

“നമ്മുടെ രാജ്യത്തെ ദശലക്ഷണക്കിന് പൗരന്മാർ എല്ലാ വർഷവും തങ്ങളുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നതിനായി വിവരാവകാശ നിയമം ഉപയോഗിക്കുന്നു. ഏറ്റവും ഗുരുതരമായ അഴിമതികൾ പോലും തുറന്നുകാട്ടാനും ഇത് ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ പുറത്തുവന്ന ഏതൊരു വലിയ അഴിമതിയും എടുക്കുക. ഉദാഹരണത്തിന് സൈനിക ഉദ്യോഗസ്‌ഥരുടെ കുടുംബങ്ങൾക്കും വിധവകൾക്കും വീടുകൾ നിർമ്മിച്ച് കൊടുക്കുന്ന പദ്ധതി പ്രകാരം രാഷ്ട്രീയക്കാരും മുതിർന്ന ഉദ്യോഗസ്ഥരും വീട് തട്ടിയെടുത്ത “ആദർശ്” അഴിമതി വിവരാവകാശ നിയമത്തിലൂടെയാണ് ഈ മുഴുവൻ അഴിമതിയും പുറത്തുവന്നത്.” അഞ്ജലി വിശദീകരിക്കുന്നു. അധികാരത്തിലിരിക്കുന്നവർ ഉത്തരവാദിത്തം മറക്കരുത് എന്ന് ഉറപ്പാക്കുന്ന നിയമമാണ് ആർടിഐ നിയമം എന്ന് അഞ്ജലി പറയുന്നു.

അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നുകാട്ടുന്ന വരെ സംരക്ഷിക്കുന്നതിനായി 2014-ൽ നിയമം പാസാക്കി. നീണ്ട പോരാട്ടത്തിന് ശേഷമാണ് അത് പാസാക്കിയത്. പക്ഷേ ഇപ്പോൾ നമ്മൾ 2026ലാണ്. 12 വർഷങ്ങൾക്ക് ശേഷവും സർക്കാർ നിയമം നടപ്പിലാക്കിയിട്ടില്ല. അതിന്‍റെ നിയമങ്ങൾ ഉണ്ടാക്കിയിട്ടില്ല. നിയമങ്ങൾ അറിയിച്ചിട്ടില്ല. നിയമം കടലാസിൽ മാത്രമേയുള്ളു. പക്ഷേ ആർക്കും അതിന്‍റെ സംരക്ഷണം ലഭിക്കുന്നില്ല. സർക്കാർ ഈ നിയമം നടപ്പിലാക്കണം.

സിദ്ധാന്തവും പ്രായോഗിക പഠനവും

അഞ്ജലി വിശദീകരിക്കുന്നു. തിയറികളിൽ നിന്ന് നമുക്ക് തീർച്ചയായും ചില ധാരണകൾ വികസിപ്പിക്കാൻ കഴിയും. എന്നാൽ അടിസ്ഥാനപരമായി പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന അനുഭവവും ധാരണയും വളരെ വ്യത്യസ്തമാണ്. സതർക് നാഗരിക് സംഘ്‌താൻ പ്രവർത്തനം പൂർണ്ണമായും അടിസ്ഥാനപരമാണ്. ഡൽഹിയിലെ ചേരി പ്രദേശങ്ങളിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ആളുകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച ഞങ്ങൾ പഠിക്കുന്നു. നമ്മൾ ഒരുമിച്ച് ഇരുന്ന് ചർച്ച ചെയ്യുമ്പോൾ ഏതൊക്കെ പരിഹാരങ്ങൾ മോശമാണ്, ഏതൊക്കെ നല്ലതാണ് എന്ന് നമുക്ക് മനസ്സിലാകും. അടിസ്ഥാനപരമായി മനസ്സിലാക്കുമ്പോൾ മാത്രമേ നയരൂപികരണം സാധ്യമാകൂ.

“ഡിജിറ്റലൈസേഷൻ യുഗത്തിൽ ജനങ്ങളുടെ വിവരാവകാശം കുറഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ഭരണഘടന അതേപടി തുടരുന്നു. ആളുകൾക്ക് മനസ്സിലാക്കാനും വായിക്കാനും കഴിയുന്ന വിധത്തിൽ വിവരങ്ങൾ ലഭിക്കേണ്ടത് നിർണായകമാണ്. ഞാൻ നിങ്ങളുമായി ചെറിയ സ്ഥിതിവിവരക്കണക്ക് പങ്കിടാം. നമ്മുടെ രാജ്യത്തെ സ്ത്രീകളിൽ 33 ശതമാനം മാത്രമേ ഇന്‍റർനെറ്റ് ഉപയോഗിച്ചിട്ടുള്ളൂ എന്ന് എൻഎഫ്എച്ച്എസ്-ൽ നിന്നുള്ള സർക്കാർ ഡാറ്റ കാണിക്കുന്നു.

“ജനങ്ങൾക്ക് സംസാരിക്കാൻ കഴിയുന്ന മാധ്യമത്തിലൂടെ അവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഭാഷയിൽ വിവരങ്ങൾ എത്തിക്കുക എന്നതാണ് വിവരാവകാശ പ്രസ്‌ഥാനത്തിന്‍റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ യുഗമായതിനാൽ പലരും വിവരങ്ങൾ ഓൺലൈനിൽ അ‌പ്ലോഡ് ചെയ്യും. അത് സ്വയം കാണാൻ കഴിയും. എന്നാൽ ഈ വിവരങ്ങൾ കാണാനും മനസ്സിലാക്കാനും നമുക്കും കഴിയണം.

ഓംബുഡ്‌സ്‌മാൻ നിയമം

അഞ്ജലി പറയുന്നു. “ലോക്‌പാൽ നിയമം വളരെ നല്ലതാണ്. പക്ഷേ സർക്കാരുകൾ അവരുടെ അഴിമതി നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നില്ല. ദീർഘവും വിപുലവുമായ പോരാട്ടത്തിനുശേഷം 2014-ൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. 2019 വരെ ഒരു ലോക്‌പാലിനെ പോലും നിയമിച്ചില്ല. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ലോക്‌പാലിനെ സർക്കാരിന്‍റെ നിയന്ത്രണത്തിൽ നിയമിച്ചാൽ ഇത് ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നു. അവർ സർക്കാരിന്‍റെ സമ്മർദ്ദത്തിന് കീഴിൽ പ്രവർത്തിക്കുമോ എന്ന ഭയം. അതിനാൽ ഈ നിയമം ഇപ്പോഴും ശരിയായ രീതിയിൽ നടപ്പിലാക്കിയിട്ടില്ല.”

വിവരാവകാശ നിയമവും സ്ത്രീ ശാക്തീകരണവും

“നമ്മുടെ രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുന്നത് എളുപ്പമല്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇത് ബുദ്ധിമുട്ടാണ്, കാരണം നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ ഒരു കടമ നിറവേറ്റുന്നത് സംബന്ധിച്ച് ചോദ്യം ചോദിച്ചാൽ അത് നിങ്ങളുടെ ജോലിയല്ലെന്ന് ആളുകൾ കരുതുന്നു. നിരവധി സ്ത്രീകൾ ഞങ്ങളുടെ സംഘടനയിൽ ഉൾപ്പെടുന്നു. ഒരു ഉദാഹരണം പറയാം. ഇവിടെ ബീഗംപൂർ ബസ്തിയിൽ വെള്ളമില്ലായിരുന്നു. അതൊരു വലിയ പ്രശ്നമായിരുന്നു. അർദ്ധരാത്രിയിൽ ഒരു മണിക്കൂർ മാത്രമേ വെളളം വരൂ. ഇതിനാൽ ആളുകൾ വളരെ അസ്വസ്ഥരായിരുന്നു. കുടിവെള്ള വിതരണം ഉറപ്പാക്കണമെന്നും പൈപ്പു കൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്ത്രീകൾ എംഎൽഎയെ പലതവണ സമീപിച്ചു. “എന്‍റെ കൈവശം പണമില്ല” എന്ന് എംഎൽഎ മറുപടി നൽകി. എന്തെങ്കിലും ഫണ്ടുണ്ടോ എന്ന് ചോദിച്ച് സ്ത്രീകൾ വിവരാവകാശ അപേക്ഷ നൽകി. ഡൽഹിയിലെ ഓരോ എംഎൽഎയ്ക്ക് പ്രതിവർഷം 5 കോടി രൂപ ലഭിക്കുന്ന ഒരു എംഎൽഎ എൽഎഡി ഉണ്ടെന്ന് അവർ മനസ്സിലാക്കി.

“പിന്നെ ഒരു സ്ത്രീ ആർടിഐ അപേക്ഷ നൽകി. പ്രാദേശിക എംഎൽഎ തന്‍റെ ലോക്കൽ ഏരിയ ഡെവലപ്മെന്‍റ് ഫണ്ട് അല്ലെങ്കിൽ എംഎൽഎ എൽഎഡിഎഫ് എങ്ങനെ ചെലവഴിക്കുന്നു എന്ന് ചോദിച്ചു. അവർക്ക് ഒരു വിവരവും നൽകിയില്ല. പകരം വകുപ്പ് അവർക്ക് പ്രത്യേകമായി കത്ത് നൽകി. നിങ്ങൾ എന്തിനാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്? നിങ്ങളുടെ ജോലി വീട്ടിൽ ഇരുന്ന് കുടുംബത്തെ സേവിക്കുക എന്നതായിരിക്കണം” എന്നായിരുന്നു കത്തിലെ നിർദ്ദേശം. ആ സ്ത്രീ മറുപടി പറഞ്ഞു. “ഇത് ഞങ്ങളുടെ പണമാണ്. ഞങ്ങളെ അറിയിച്ചില്ലെങ്കിൽ ഇത് ഒരിക്കലും ഞങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല എന്നാണ് അർത്ഥം.”

എപ്പോഴാണ് നിരാശ സംഭവിക്കുന്നത്?

“സർക്കാരുകൾ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. ഭേദഗതികൾ കൊണ്ടു വരുന്നു. ഈ നിയമം ഇതുവരെ രണ്ടു തവണ ഭേദഗതി ചെയ്‌തിട്ടുണ്ട്. ഓരോ തവണയും വലിയ നിരാശയാണ് ഉണ്ടാകുന്നത്. സർക്കാർ അത് ഭേദഗതി ചെയ്യുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന് വിവരാ വകാശ നിയമം ഭേദഗതി ചെയ്യുമ്പോൾ കമ്മീഷണർമാരുടെ ശമ്പളം, കാലാവധി, പെൻഷൻ എന്നിവ സർക്കാർ ഏറ്റെടുത്ത് കൊണ്ട് സ്വാതന്ത്ര്യത്തെ ഹനിച്ചു. ഇത് നിയമത്തിനേറ്റ വലിയ തിരിച്ചടിയാണ്.” അഞ്ജജലി സങ്കടത്തോടെ പറയുന്നു.

“വിവര കമ്മീഷനുകൾ സ്വതന്ത്രമായിരിക്കണം. അതുവഴി അവർക്ക് സർക്കാരിനെ വിവരങ്ങൾ നൽകാൻ നിർബന്ധിക്കാൻ കഴിയും. 2019-ൽ ഒരു ഭേദഗതി കൊണ്ടുവന്നു. വിവരാവകാശ കമ്മീഷണർമാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. വിവരാവകാശ നിയമം ആവശ്യപ്പെടുന്നതിനും കരട് തയ്യാറാക്കുന്നതിനും നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചതിനാൽ ഇത് അങ്ങേയറ്റം നിരാശാജനകമാണ്.

“ഇപ്പോൾ 2023-ൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് വഴി സർക്കാർ വീണ്ടും വിവരാവകാശ നിയമത്തിൽ ഭേദഗതി വരുത്തി. ഇപ്പോൾ നിങ്ങൾക്ക് ആരുടേയും സ്വകാര്യ വിവരങ്ങൾ ചോദിക്കാൻ കഴിയില്ല. ഒരാളുടെ വീടിന് മുന്നിലുള്ള റോഡ് തകർന്നാൽ ഏത് കരാറുകാരനാണ് അത് നിർമ്മിച്ചതെന്ന് ചോദിച്ച് ആർടിഐ അപേക്ഷ സമർപ്പിക്കുന്നു. എന്നാൽ ഇപ്പോൾ കോൺട്രാക്ടറോ ഉദ്യോഗസ‌്ഥനോ ആരാണെന്ന് പറയരുതെന്നാണ്. ഇങ്ങനെയായാൽ ആളുകൾ എങ്ങനെയാണ് അഴിമതിക്കെതിരെ പോരാടുക?”

और कहानियां पढ़ने के लिए क्लिक करें...