ജാസ്‌മിൻ എന്നാണ് ശരിക്കുള്ള പേര്. പക്ഷേ ഞങ്ങൾ കൂട്ടുകാർക്കിടയിൽ അവൾ ജാസ് ആണ്. പരോപകാരിയൊക്കെയാണെങ്കിലും പൊങ്ങച്ചത്തിന്‍റെ കാര്യത്തിൽ ജാസിനെ കടത്തി വെട്ടാൻ ആരും ഇല്ലെന്നു വേണം പറയാൻ. ഇന്നു വൈകിട്ട് അവളുടെ വീട്ടിൽ ചെലവഴിക്കണം പോലും. അവൾ വല്ലാതെ നിർബന്ധിക്കുന്നുണ്ട്. എന്താവും കാര്യം? പുതിയ എൽ.സി.ഡി ടിവി വാങ്ങി കാണുമോ? ചിലപ്പോൾ ഫ്രിഡ്‌ജ്ജായിരിക്കും? സോഫയോ ഡയമണ്ട് സെറ്റോ ആവാനും വഴിയുണ്ട്?
വൈകിട്ട് ഏതാണ്ട് നാലരയോടെ ഞാനവളുടെ വീട്ടിലെത്തി. കോൾ ബെൽ അമർത്തി. ലേറ്റസ്‌റ്റ് ഫാഷണിലുള്ള ചുരിദാർ ധരിച്ച സുന്ദരിയായ ഒരു യുവതിയാണ് വാതിൽ തുറന്നത്. 'ഗുഡ് ഈവനിംഗ് 'എന്നെ കണ്ട് ഭവ്യതയോടെ തല താഴ്ത്തി അവൾ അഭിവാദ്യം ചെയ്തു.
"അല്ല ഈ പെൺകുട്ടിയെ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ. ജാസിനു സഹോദരിയും നാത്തൂനുമൊന്നുമില്ലല്ലോ... മനസ്സ് പല വഴിക്കു പായാനൊരുങ്ങി.
“പ്ലീസ് കം ഇൻ, മാഡം അകത്ത് കാത്തിരിക്കുന്നുണ്ട്..." കൂടുതൽ ചിന്തിക്കാനനുവദിക്കാതെ അവൾ എന്നെ അകത്തേയ്ക്കു ക്ഷണിച്ചു.
അന്ധാളിപ്പ് ഒട്ടും വിട്ടുമാറാതെ ഞാൻ മുറിയ്ക്കകത്തെത്തി. എന്നെ കണ്ടതും ജാസ് സന്തോഷത്താടെ ഓടിവന്ന് എന്‍റെ കൈകൾ ചേർത്തു പിടിച്ചു. "കൊള്ളാം... ഇപ്പോഴാണോ വരുന്നത്.." അൽപം വൈകിയെന്ന പരിഭവം മുഖത്തുവരുത്തി അവൾ എന്നെ സോഫയിൽ പിടിച്ചിരുത്തി.
"മായാ... കിച്ചണിൽ ചെന്ന് വേഗം സമോസ ചൂടാക്കി കൊണ്ടു വരൂ.. പിന്നെ ഉഴുന്നു വടയും രണ്ടുതര ചട്‌നിയും...”
പട്ടണം ആദ്യമായി കാണുന്ന നാട്ടുമ്പുറത്തുകാരിയുടെ മുഖത്തോടെ ഞാനിതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്നു.
"സുമിതാ... ഐ ആം റിയിലി റിലാക്സ്ഡ് നൗ..." ജാസ് ഒരു നെടുവീർപ്പോടെ സോഫയിൽ അലസമായിരുന്നു.
എല്ലാത്തരം ഭക്ഷണവുമുണ്ടാക്കാനറിയാവുന്ന ഒരുഗ്രൻ മെയിഡാണിത്. മീറ്റ് ഷി ഈസ് മായ... പിന്നെ വീട്ടു പണിയ്ക്കു വരുന്ന ബായിമാരെ പോലെ കാര്യമായ മുറുമുറുപ്പും പ്രശനങ്ങളുമെന്നുമില്ല. എപ്പോ പറഞ്ഞാലും എന്തു ചെയ്യാൻ പറഞ്ഞാലും അൾ റെഡി.”
മായ നിമിഷനേരത്തിനകം ഒരു ട്രേയിൽ സമോസയും ഉഴുന്നുവടയുമായെത്തി. ഒപ്പം ചെറിയ രണ്ട് കപ്പുകൾ, ഒന്നിലൊരു സ്വീറ്റ് ചട്‌നി മറ്റതിൽ നല്ല സ്പൈസി പൊതിന ചട്‌നിയും.
പഞ്ഞിയേക്കാൾ മാർദ്ദവമുള്ള ഉഴുന്നുവട ചട്നിയുടെ രുചി പ്രമാദമായിരിക്കുന്നു. എന്തുമാവട്ടെ പാചകകാര്യത്തിൽ ഇവൾ മായയല്ല.. മായാമോഹിനിയാണ്. എന്തൊരു കൈപുണ്യമാണിവൾക്ക് ജാസിന്‍റെ നിർബന്ധത്തിനു പിന്നിലുള്ള രഹസ്യം ഇപ്പോഴല്ലേ പിടികിട്ടിയത്.
സമോസയ്ക്കും പറഞ്ഞറിയിക്കാനാവാത്തത്ര രൂപി..." സുമി.. ഞാൻ പത്രാസ് പറയുകയാണെന്നു കരുതരുത്. ഇത്ര നല്ല മെയ്ഡിനെ കിട്ടിയത് എന്‍റെ ഭാഗ്യം. പിന്നെ പണ്ടത്തെ ജോലിക്കാരെ പോലെയല്ല ഇപ്പോഴത്തെ സെർവ്വന്‍റ്സ്, നമ്മുടെ സ്‌റ്റാറ്റസിനു പറ്റിയവരാകേണ്ടേ? വീട്ടിൽ ഒരു ജോലി പോലും പെയ്യേണ്ട അതിരാവിലെ ബെഡ് ടീ ഹാജർ. മാർക്കറ്റിൽ നിന്നും പച്ചക്കറി കൊണ്ടുവരണ്ട ടെൻഷനും എനിക്കില്ല. ബെഡ് ടീ കഴിഞ്ഞ് ഞാൻ ജിമ്മിൽ പോകും. തിരിച്ചെത്തുമ്പോൾ ഉഗ്രൻ ബ്രേക്ക് ഫാസ്റ്റ് റെഡി. ഇച്ചയ്ക്ക് ഒരു ചെറിയ സദ്യവട്ടം കാണും. വൈകിട്ട് ചായയും സ്‌നാക്സും... ഇതുപോലൊന്തെങ്കിലും രാത്രി രാജകീയമായ അത്താഴവും ചൈനീസ്, മുഗളായ് സൗത്ത് ഇന്ത്യൻ, പഞ്ചാബി എന്തും..." സ്പൈസി സമ്മാസയ്ക്കൊപ്പം ജാസിന്‍റെ എരിവും. വർത്തമാനവും... ആരിലും അസൂയ നിറയ്ക്കും.





