നിമിഷങ്ങൾ ഒന്നൊന്നായ് കടന്നുപോകുന്നതറിയാതെ നിസ്സംഗതയോടെ കിടക്കുമ്പോൾ ശാരിയുടെ മനസ്സിൽ ആ മുഖം മാത്രമായിരുന്നു. ഈ ഹോസ്‌പിറ്റലിൽ വന്നിട്ട് ഒരാഴ്ചയായിയെന്ന് നേഴ്സുമാർ പറഞ്ഞറിഞ്ഞു.
"ഞാൻ എങ്ങനെ ഇവിടെയെത്തി? ആരാണ് എന്നെ ഇവിടെ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തത്." നേഴ്‌സുമാരോട് പല ആവർത്തി ചോദിച്ചിട്ടും മറുപടി കിട്ടിയില്ല.
ബെഡ്‌ഡിനടുത്തു നിന്നിരുന്ന നേഴ്‌സിനോട് ആകാംക്ഷയാടെ ചോദിച്ചു...
ഈ റൂമിന്‍റെ നമ്പർ എത്രയാണ്
13
പതിമൂന്നെന്നു കേട്ടപ്പോൾ അറിയാതെ ചിരിച്ചുപോയി. അന്ധവിശ്വാസങ്ങളെ നിങ്ങൾക്കു വിട. മനസ്സിൽ പിറുപിറുത്തു.
എന്തെയെന്ന ഭാവത്തിൽ തിരിഞ്ഞുതു നോക്കിയിട്ട് നടന്നുപോയ സിസ്‌റ്ററെ നോക്കി കണ്ണടച്ചു ചിരിച്ചു.
സമയം എത്രയായി? ആവോ, ഒരു പിടിയുമില്ല.
തന്‍റെ കയ്യിൽ ഘടിപ്പിച്ചിരിക്കുന്ന ഡ്രിപ്പ് ട്യൂബിൽ കൂടി ഗ്ലൂക്കോസും മരുന്നും തുള്ളിയായി ഇറ്റിറ്റു വീഴുന്നു. ഞരമ്പുകൾ വഴി ശരീരത്തിലേക്ക് പോകുന്നു. തന്നെ രക്ഷിക്കാൻ.
സമയം ഒട്ടും നീങ്ങുന്നില്ലെന്നു തോന്നി.
അപ്പോൾ...
കാലത്ത് തന്നെ കാണാനായി എത്തിയ ഇരുപതാം നമ്പർ റൂമിലെ പേഷ്യന്‍റായ സുജാത ടീച്ചർ പറഞ്ഞതാണ് ഓർമ്മ വന്നത്.
അവർ പറയുന്നത്, സമയം മെല്ലെ മെല്ലെ വീഴുന്ന ഗ്ലൂക്കോസ് ഡ്രിപ്പു പോലെയാണെന്നാണ്. എട്ടാം നമ്പറിലെ ആലീസിന് സമയം, മെഡിക്കേറ്റഡ് സ്‌പിരിറ്റിന്‍റെ ബാഷ്‌പീകരണം പോലെയും. പെട്ടെന്ന് വരികയും പോവുകയും ചെയ്യുന്നു.
എനിക്ക് ഇതു രണ്ടുമല്ല. കടവത്തു കെട്ടിയിട്ട ഒരു തോന്നി പോലെയാണ് എനിക്ക് തോന്നിയത്. പുഴയിലെ വെള്ളത്തിന്‍റെ ചലനത്തിനൊപ്പം ചാഞ്ചാടുന്ന തോണി. ഇടയ്ക്കിടെ ഓളം വരുമ്പോൾ അത് ഒന്നനങ്ങും. വീണ്ടും നിശ്ചലമാകും. തോണിയിലുണ്ടായിരുന്നവർ ആരെല്ലാമായിരുന്നു?
എല്ലാവരും ഇറങ്ങിപ്പോയി. ഇനി ആരെങ്കിലും വരുമോ? അറിയില്ല. ആ തോണിയുടെ അമരത്ത് ഒരാൾ ഇരിക്കുന്നുണ്ട്. എന്തിനാണ് അമ്മ ഈ തോണിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നത്? തനിക്കിനി കാവലിരിക്കുന്നതെന്തിനാണ്?
അമ്മയോട് ചോദിച്ചാലോ?
മനസ്സ് നിറയെ ദുഖവും ഏതു നിമിഷവും വിങ്ങിപ്പൊട്ടിക്കരയാനുള്ള മുഖഭാവവുമായിരിക്കുന്ന പാവം. കണ്ണുകൾ നിറഞ്ഞത് അറിഞ്ഞില്ലെന്നു നടിച്ചു.
ചെറുപ്പത്തിൽ കോളേജ് ജീവിതത്തിൽ താൻ കഥകൾ എഴുതുമായിരുന്നു. ആകാശവും കരയും കടലും കൂട്ടുകാരും എന്തിനേറെപ്പറയുന്നു പറമ്പിലു പുൽക്കൊടി പോലും തന്‍റെ കഥകളിലെ കഥാപാത്രങ്ങളായിരുന്നു.
തോമസ്. എപ്പോഴും തന്‍റെ കഥകൾ വായിച്ചിട്ട് കളിയാക്കുമായിരുന്നു.
എടീ പെണ്ണേ, നിനക്ക് അസൽ വട്ടാണ്. ഇത് വായിച്ചാൽ ആർക്കു മനസ്സിലാകും. കളിയാക്കലുകൾ തുടരുമ്പോൾ, തന്‍റെ കണ്ണുകൾ നിറയുമ്പോൾ ഒന്നും മിണ്ടാതെ നടന്നു പോകും അവൻ, ദുഷ്ടൻ.
പക്ഷേ...
പാതിരാവിൽ ജനൽപ്പാളികളിൽ കൊട്ടിവിളിച്ച് ഇരുളിന്‍റെ മറവിൽ ദേഹത്തോട് ചേർത്തു പിടിച്ച് ചുംബിച്ചിട്ട് ഞാൻ ചുമ്മ പറഞ്ഞതല്ലേ പെണ്ണേ, നിന്‍റെ കഥയുടെ ജീവൻ എന്‍റെ ക്യാൻവാസിൽ ഒപ്പിയെടുക്കുമെന്നും പറയുമ്പോൾ ലോകം മുഴുവൻ സുഗന്ധ വാഹികളും മനോജ്‌ഞാംഗികളുമായ പൂക്കൾ വിടരുന്നതായി തനിക്ക് തോന്നും.
പക്ഷേ അവൻ പറഞ്ഞതെല്ലാം നുണയായിരുന്നു. ഒന്നുമൊന്നും തന്നോട് പറയാതെ തന്നിൽ നിന്നും അവൻ അകന്ന് പോയപ്പോൾ കഥകളിലൂടെ ഞാൻ അവനെ കണ്ടു.
കയ്യിലെ മുറിവിന്‍റെ വേദന കൂടുതലായി തോന്നി. പെയിൻ കില്ലർ തരുവാൻ നേരമായില്ല? ചാരിക്കിടന്നിരുന്ന വാതിൽ തുറന്നു സിസ്റ്റർ വരാത്തതെന്തെ? പെട്ടെന്ന് വാതിൽ തുറന്നു.





