വിജയ് ജോസഫ് ചന്ദ്രശേഖർ തമിഴ്നാട് മുഖ്യമന്ത്രിയായതോടെ തമിഴ് രാഷ്ട്രീയം പുതു ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ബ്ലോക്ക് ബസ്റ്റർ മൂവി ക്ലൈമാക്സിനെപോലും വെല്ലുന്നതായിരുന്നു സൂപ്പർ സ്റ്റാർ ഇളയ ദളപതിയുടെ മുഖ്യമന്ത്രി കസേരയിലേക്കുള്ള ജൈത്രയാത്ര. കേവലം രണ്ട് വർഷംപോലും പ്രായമില്ലാത്ത ആ തമിഴഗ വെട്രി കഴകം എന്ന സ്വന്തം പാർട്ടിയുമായി മൊത്തം 108 സീറ്റുകളിലാണ് ടീം വിജയ് മിന്നുന്ന വിജയമുറപ്പിച്ച് അധികാരത്തിലേറിയത്. ബ്ലാക്ക് സ്യൂട്ട് അണിഞ്ഞ് സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയതുപോലും സിനിമയിലെ രോമാഞ്ചജനകമായ രംഗം പോലെ ആവേശമുണർത്തുന്നതായി.
ആ ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗം വൈറലായി മാറിയിരുന്നു. ആക്ഷനും കട്ടുമില്ലാതെ സിനിമാ രംഗത്തെ വെല്ലുന്ന ഭാവപ്രകടനങ്ങളോടെയുള്ള തീപ്പൊരി പ്രസംഗം. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ വിജയ് പറഞ്ഞത് ജനമനസ്സുകളെ കോരിത്തരിപ്പിച്ചു. “ഞാൻ ദൈവത്തിന്റെ സന്ദേശവാഹകനല്ല. സാധാരണ ഒരു മനുഷ്യനാണ്. പക്ഷേ ജനങ്ങൾ എനിക്കൊപ്പം നിലകൊള്ളുകയാണെങ്കിൽ നമുക്ക് എന്തും നേടാനും എല്ലാ വെല്ലുവിളികളേയും ഒരുമിച്ച് നേരിടാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
വിജയ് എന്ന നടന്റെ ജീവിതയാത്ര ഒരു വമ്പൻ ഹിറ്റ് സിനിമ ക്ലൈമാക്സ് പോലെയാണ്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മുഖ്യമന്ത്രി കസേരയിലേക്കുള്ള സ്ളോമോഷനിനുള്ള വരവിനുമുണ്ടായിരുന്നു ഹീറോയിക് പരിവേഷം. വിജയ് ഏറ്റവും ഒടുവിലായി ചെയ്ത ചിത്രമാണ് ജനനായകൻ. ആ പേരും വിസ്മയമാവുകയാണ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയരുന്നത് മനസ്സിലുറപ്പിച്ചുള്ള മുന്നേറ്റത്തെയാണ് ആ പേര് സൂചിപ്പിക്കുന്നതെന്നാണ് നിരീക്ഷകരുടെ കണ്ടെത്തൽ.
ഒരു കാലത്ത് വിമർശനങ്ങൾ നേരിട്ട യുവതാരമായിരുന്നു വിജയ്, പിന്നീട് തമിഴ് സിനിമയിലെ “ഇളയ ദളപതിയായി മാറി. തമിഴ്നാട്ടിൽ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എംജിആർ, ജയലളിത തുടങ്ങിയവർക്ക് ശേഷം ജനഹൃദയങ്ങളിൽ നിന്ന് അധികാരത്തിലേക്കെത്തിയ പുതിയ മുഖമായി വിജയുടെ പലരും കാണുന്നു. ഒരുപാട് വൈകാരിക നിമിഷങ്ങൾ നിറഞ്ഞതായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രി വിജയിയെ പൊതുസമൂഹവുമായി ഇഴചേർക്കുന്നതിൽ അച്ഛൻ എസ്.എ ചന്ദ്രശേഖർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സിനിമയിലൂടെ തുടക്കം. പിന്നീട് ഫാൻസ് സംഘടന. ശേഷം തമിഴഗ വെട്രി കഴകം (ടിവികെ) എന്ന പാർട്ടിയുടെ രൂപീകരണം. ഒടുവിലിതാ ഇപ്പോൾ മുഖ്യമന്ത്രി പദവിയും. 2009-ൽ വിജയ് മക്കൾ ഇയക്കം എന്ന ഫാൻസ് സംഘടന രൂപീകരിച്ചതിന് പിന്നിൽ ചന്ദ്രശേഖറായിരുന്നു. 2011-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്ക് വിജയ് മക്കൾ ഇയക്കം പിന്തുണ നൽകിയതോടെ സംഘടനയ്ക്ക് രാഷ്ട്രീയ നിറം ലഭിച്ചു. പിന്നീട് അദ്ദേഹം ഫാൻസ് സംഘടനയെ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ രാഷ്ട്രീയപ്പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ നീക്കം നടത്തുകയായിരുന്നു. ഇത് വിജയിയുടെ അറിവോടെ ആയിരുന്നില്ല. എന്നാൽ ഈ നീക്കത്തിൽ നീരസം തോന്നിയ വിജയ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. തന്റെ പേരോ ചിത്രമോ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മാതാപിതാക്കൾക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. അതോടെ അവർക്കിടയിൽ അകൽച്ചയുണ്ടായി. 2023-ൽ അച്ഛനും മകനും തമ്മിൽ വീണ്ടും അടുത്തു. ഒരു വർഷത്തിനകം തന്നെ അവർ ടിവികെ പാർട്ടി രൂപവൽക്കരിച്ചു. ചന്ദ്രശേഖറിന്റെ അസാധാരണ സ്വപ്നങ്ങളുടെ ഫലമായി വിജയ് മുഖ്യമന്ത്രി പദത്തിലേറി, ആ സ്വപ്നങ്ങൾ സാക്ഷാൽകരിക്കുന്നതിനായി അദ്ദേഹം മകനൊപ്പം അണിചേർന്നു. ചെന്നൈയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വേദിയുടെ മുൻ നിരയിലിരുന്ന ചന്ദ്രശേഖർ ആനന്ദക്കണ്ണീർ പൊഴിക്കുന്ന കാഴ്ച അഭിമാനത്തിന്റെയും വിജയത്തിന്റെയും പ്രതിഫലനമായിരുന്നു.
തുടക്കകാല പോരാട്ടങ്ങൾ
വിജയുടെ സിനിമാജീവിതം അത്ര എളുപ്പമുള്ളതായിരുന്നില്ല. പിതാവ് ചന്ദ്രശേഖർ സംവിധാനം ചെയ്ത സിനിമയിൽ ബാലതാരമായി വേഷമിട്ടായിരുന്നു തുടക്കം. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ആദ്യമായി ലീഡ് റോൾ ചെയ്ത ചിത്രം “നാളെയാ തീർപ്പ്” പുറത്തിറങ്ങിയപ്പോൾ വിജയുടെ അഭിനയത്തെ ചൊല്ലി കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പക്ഷെ അതൊന്നും വിജയുടെ ആത്മവീര്യത്തെ തല്ലിക്കെടുത്തിയില്ല.
പൂവേ ഉനക്കാഗ, തുള്ളാത മനവും തുള്ളും പോലുള്ള സിനിമകൾ അദ്ദേഹത്തെ ഒരു റൊമാന്റിക് ഹീറോയാക്കി മാറ്റി. പിന്നീട് കത്തി, ഗില്ലി പോലുള്ള സിനിമകൾ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സിനിമകളിൽ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾ കൂടുതൽ ശക്തമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. കത്തിയിൽ കർഷകരുടെ പ്രശനങ്ങളാണെങ്കിൽ മെർസലിൽ ആരോഗ്യരംഗത്തെ വിമർശിക്കുന്നതായിരുന്നു വിഷയം. സർക്കാരിൽ തിരഞ്ഞെടുപ്പ് അഴിമതിയും രാഷ്ട്രീയ വ്യവസ്ഥയും വിഷയമായി. ആരാധകർക്ക് അവയെല്ലാം തന്നെ വിജയുടെ രാഷ്ട്രീയ ചുവടുമാറ്റത്തിനുള്ള സൂചനകളായി തോന്നിയിരുന്നു.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
തമിഴഗ വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ചതോടെ വിജയുടെ രാഷ്ട്രീയ പ്രവേശം അടിയുറച്ചു. ജനമനസ്സറിഞ്ഞു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും. യുവാക്കൾ, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യനീതി എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണപ്രസംഗങ്ങളത്രയും. സിനിയിലെ മാസ് ഡയലോഗുകൾ പോലെ ജനങ്ങളെ കയ്യിലെടുക്കുന്ന ശൈലി, ലളിതവും വികാരനിർഭരവുമായ ഭാഷ അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു.
തൃഷയുമായുള്ള സൗഹൃദം
വിജയുടെ രാഷ്ട്രീയ ഉയർച്ചയ്ക്കൊപ്പം തൃഷയുമായുള്ള ബന്ധവും വലിയ ചർച്ചാവിഷയമായി ഗില്ലി, തിരുപ്പാച്ചി, ആതി, ലിയോ എന്നീ സിനിമകളിൽ ഇരുവരുടേയും കൂട്ടുകെട്ട് തമിഴ് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിലൊന്നാക്കി മാറ്റി. വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ പങ്കെടുത്തതും പിന്നീട് വിജയുടെ മുഖ്യമന്ത്രി കസേരയിലേക്കുള്ള സ്ഥഥാനാരോഹണ ദിവസം “ലവ് ഈസ് ഓൾവേയ്സ് ലൗഡർ” എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും ജനങ്ങൾക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും വിജയോ തൃഷയോ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയും ആരാധകരുടെ ആവേശവുമാണ് ഈ അഭ്യൂഹങ്ങളെ കൂടുതൽ വളർത്തിയത്.
സിനിമയെക്കാൾ വലിയ കഥ
വിജയുടെ ജീവിതം അദ്ദേഹത്തിന്റെ സിനിമകളിലെ തിരക്കഥകൾ പോലെ ഏറെ ട്വിസ്റ്റുകളും ത്രില്ലും നിറഞ്ഞതാണ്. സിനിമകളിൽ അഴിമതിക്കെതിരെ പോരാടുന്ന സാധാരണ മനുഷ്യനായി എത്തിയ അദ്ദേഹം ഇന്ന് യാഥാർത്ഥ ജീവിതത്തിൽ അതേ വേഷം സ്വീകരിച്ചുവെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ടീവികെ പാർട്ടിയിലൂടെ എംഎൽഎ ആകുന്നവരിൽ വിജയിയുടെ ഡ്രൈവറുടെ മകൻ മുതൽ ഓട്ടോ ഡ്രൈവർ വരെയുണ്ടെന്നത് മറ്റൊരു കൗതുകം.
സിനിമയിലെ സൂപ്പർതാരം രാഷ്ട്രീയ പ്രവേശം നടത്തുന്നത് ചില്ലറ കാര്യമൊന്നുമല്ല. ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടിയാണവർ പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയ രംഗത്തെ വിജയുടെ ഉയർച്ച തമിഴ്നാടിന്റെ പുതിയ രാഷ്ട്രീയ ചരിത്രമായി മാറുമ്പോൾ തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ജനസം സാരവും ആകാംക്ഷയും ഈ കഥയ്ക്ക് സിനിമാറ്റിക് നിറം നൽകുന്നുണ്ട്. എന്തായാലും തമിഴ് ജനതയുടെ പ്രതീക്ഷയ്ക്കനുസരിച്ച് തമിഴ് നാട്ടിൽ വികസനത്തിന്റെ പുതു ചരിത്രം കുറിക്കാൻ പുതിയ മുഖ്യമന്ത്രിയ്ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബസ് സ്റ്റാൻഡുകൾക്കും അടുത്തുള്ള 700-ഓളം ബാർ ഔട്ട്ലറ്റുകൾ അടച്ചു കൊണ്ടാണ് ആദ്യത്തെ നടപടി.





