എന്തായി ആന്‍റോച്ചാ പോയ കാര്യം? സോണിച്ചൻ ചോദിച്ചു. ഡാ ഉവ്വേ, ആ ബ്രോക്കർ പറയുന്നത് മണിമണി പോലൊരു ചെക്കൻ ഉണ്ടെന്നാ. തെങ്ങുമ്മൂട് കഴിഞ്ഞു കാരിച്ചാലിൽ കുര്യന്‍റെ മകൻ രമിത്ത്. അവനും നേരിട്ടറിയാവുന്നതും നൂറു ശതമാനവും ഉറപ്പ് ഉള്ളതുമായ കുടുംബമാണ്. പയ്യനിപ്പോൾ കോളേജിൽ സാറാവാനുള്ള പരീക്ഷ പാസ്സായി ഇന്‍റർവ്യൂ കഴിഞ്ഞു സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും റാങ്ക് ലിസ്‌റ്റും പ്രതീക്ഷിച്ചു നിൽക്കുവാ, ആ ജോലി ഇല്ലെങ്കിലും നൂറ് തലമുറയ്ക്കു തിന്നാനുള്ള വക കുര്യൻ ഉണ്ടാക്കി വച്ചിട്ടുണ്ട്.
“നിനക്കറിയില്ലല്ലോ സോണിച്ചാ കഴിഞ്ഞവർഷം കുരിശുപള്ളിയുടെ അവിടെ വച്ചു കാർ ആക്സിഡന്‍റിൽ മരിച്ചുപോയ പ്ലാന്‍റർ കുര്യനെ?”
“അറിയാം. അങ്ങേരെ അറിയാത്തതായി ആരാ ഉള്ളത് ഈ കോട്ടയത്ത് തന്നെ” സോണിച്ചൻ മറുപടി പറഞ്ഞു.
“ചെക്കൻ മാത്രെയുള്ളൂ. അവന് കൊള്ളാവുന്ന ബന്ധുബലവും പള്ളി ചർച്ചയും ഉള്ള ഒരു കുടുംബത്തിലെ പെണ്ണു മതിയെന്നാ പറഞ്ഞിരിക്കുന്നത്. ഞാൻ പറഞ്ഞു, വന്നു പെണ്ണിനെ കണ്ടോളാൻ. നാളെ വൈകുന്നേരം അവരിങ്ങു വരും ആലീസിനെ ഒന്നുകാണാൻ.” “അതിനെന്താ ആന്‍റച്ചായാ വരട്ടെ. എല്ലാം ആന്‍റച്ചായാൻ തന്നെ നോക്കിയാൽ മതിയെന്ന് സോണിച്ചൻ മറുപടി പറഞ്ഞു.
പപ്പാ… ഇത്രേം പെട്ടെന്നൊരു പെണ്ണുകാണലോ.. എനിക്കൊന്നു ഒരുങ്ങാനുള്ള സമയം പോലുമില്ലാതെ? പിറകെ നിന്ന ആലീസ് ചോദിച്ചു.
പെണ്ണുകണ്ടിട്ട് അവരങ്ങുപോകും. പിന്നേ നിനക്കീ ചന്തം മതി ഈ കോട്ടയത്തുള്ള ഒരുമാതിരി ആൺപിള്ളാർക്ക് നീ സൗന്ദര്യത്തിൽ ക്ലിയോപാട്രയാണ്… അതുപോരെ എന്‍റെ മോൾക്ക്? സോണിച്ചൻ കനപ്പിച്ചുകൊണ്ട് ആലീസ്സിനോട് ചോദിച്ചു.
മ്മ്… അവളൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു. അവളെ നോക്കി ജോമോൻ അപ്പോൾ ചിരിച്ചുകൊണ്ട് കൊഞ്ഞനം കുത്തിക്കാണിച്ചു. അവൾ തിരിച്ചും. ഉച്ചക്കൊരു പ്ലേറ്റിൽ നിന്നും ആലീസും ജോമോനും ഭക്ഷണം വിളമ്പി കഴിക്കുന്നത് കണ്ട ആനി പറഞ്ഞു.
കല്യാണം നോക്കി തുടങ്ങി. ഇനിയെങ്കിലും അവന്‍റെ ചോറ് കട്ടുതിന്നാതെ നിനക്ക് വേറെ ഒരു പ്ലേറ്റിൽ നിന്നും കഴിച്ചൂടെ?
ഓ വേണ്ട മമ്മീ. അവൾ ചിരിച്ചു. ഇച്ചിരി കക്ക കൂടിയിങ്ങു ഇട്ടേക്കൂ…
ങാഹേ…? ആനി അവളുടെ ആർത്തി കണ്ടമ്പരന്നു.
അവള് കഴിക്കട്ടെ ഞങ്ങളിങ്ങനെ പണ്ടേ ശീലിച്ചു പോയതാ. ആനിയെ നോക്കി ജോമോൻ പറഞ്ഞു.
മ്മ് ഗുഡ്ബോയ്! ആലീസ് ചിരിച്ചു. രാത്രി പ്രാർത്ഥനയ്ക്ക് മുമ്പുള്ള ടിവി കാണലിൽ പതിവുപോലെ ജോമോന്‍റെ നെഞ്ചിൽ ചാരി സെറ്റിയിൽ ഇരുന്നു കൊണ്ട് ആലീസ് പറഞ്ഞു. എടാ ജോമോനെ…
എന്താ?
നാളെ വരുന്നവന് എന്നെ ഇഷ്ടപ്പെടുമോടാ?
ഇഷ്‌ടപ്പെടും.
അതെന്താ നിനക്കിത്രയുറപ്പ്?
നീ സുന്ദരിയാണ്.
പോ കള്ളം പറയാതെ.
സത്യം നീ ഭയങ്കര സുന്ദരിയാണ്. ഇത്രേം ഭംഗിയുള്ള വേറെയൊരു നസ്രാണി കൊച്ച് നമ്മുടെ പള്ളിയിൽ പോലുമില്ല. അപ്പോ പിന്നെ വരുന്നവൻ ആരായാലും നിന്നെ ഇഷ്ടപ്പെടും.
ഉറപ്പാണോ? അതോ നീ ഇങ്ങനെ പറഞ്ഞത് വിശ്വസിച്ചിട്ട് അവസാനം ഞാൻ ശശിയാകോ? ഞാൻ പറഞ്ഞത് സത്യമാണ്… നീ ഭയങ്കര സുന്ദരിയാണ് പോരെ.
മ്മ്.. അതുപറഞ്ഞ് അവന്‍റെ മുഖത്തേക്ക് അവൾ തലയുയർത്തി നോക്കി…
ആ നിമിഷം അവനും അവളെ നോക്കി ചിരിച്ചു. ഒറ്റ നിമിഷത്തിൽ കാന്തംപോലുള്ള തീക്ഷ്‌ണമായ എന്തോ അവരുടെ കണ്ണുകളിൽ മിന്നിമറഞ്ഞു. തമ്മിലപ്പോഴും പരസ്‌പരം പറയാതെ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു…
രാത്രി പ്രാർത്ഥനയിൽ പതിവില്ലാതെ കണ്ണടച്ചു പ്രാർത്ഥിക്കുന്ന ആലീസി നെ കണ്ടപ്പോൾ ജോമോന് അതിശയമായിരുന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ ജോമോൻ ചോദിച്ചു.
എന്താടി ഇത്രേം പ്രാർത്ഥിക്കാൻ മാത്രം. നാളത്തെ കാര്യത്തിൽ ഇനിയും ടെൻഷനുണ്ടോ?
ഇല്ല ഞാൻ പ്രാർത്ഥിച്ചത് മറ്റൊരു കാര്യമാണ്. സ്വകാര്യമായ മറ്റൊരു പ്രാർത്ഥന കർത്താവത് കേട്ടാൽ മതിയായിരുന്നു.
അതെന്താടീ ഇപ്പോ ഒരു സ്വകാര്യമൊക്കെ. ഇതുവരെ അങ്ങനെ അല്ലായിരുന്നല്ലോ?
നിന്നോട് ഞാൻ പറയാൻ പാടില്ലാത്ത കാര്യമാണ് ജോമോനെ.
ആ എന്നാൽ ഓക്കേ.
രാത്രി ഭക്ഷണത്തിനിടയിൽ ആന്‍റോ ആലീസ്സിനോട് പറഞ്ഞു. “ഡീ കൊച്ചേ നിന്‍റെ മനസ്സിലാരെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. കെട്ടുറപ്പിച്ചു കഴിഞ്ഞു പിന്നെ ഇറങ്ങി പോകാനൊന്നും നിക്കണ്ട. ഇപ്പോ പറഞ്ഞേക്ക് ഞങ്ങൾ നടത്തിതരാം. അതിപ്പോ ജാതിയും മതവും പ്രായവും ഒന്നും നോക്കൂല. മനസ്സിന്‍റെ ഇഷ്‌ടമല്ലയോ വിവാഹത്തിൽ മുഖ്യം. എന്തോലുമുണ്ടെങ്കിൽ ഇപ്പ എന്നോട് തുറന്നു പറയൂ.
അവളതിന് മറുപടിയൊന്നും പറയാതെ അടുത്തിരുന്ന ജോമോനെ വെറുതെ നോക്കി. പിന്നെ ഒന്നുമില്ലെന്ന അർത്തിൽ തലയാട്ടി.
അങ്ങനെ ആരെങ്കിലും ഉണ്ടോ ജോമോനെ നീ പറ? നിങ്ങൾക്കിടയിൽ രഹസ്യമൊന്നും ഇല്ലല്ലോ? അടുത്തതായി സോണിച്ചൻ ചോദിച്ചു.
ഇല്ല പപ്പാ. അങ്ങനെ എന്തേലും ഉണ്ടേൽ അവൾ എന്നോട് പറയുമല്ലോ. ഒന്നുമില്ല.
ഉറപ്പാണോ ആലീസേ? മ്മ് അവൾ പതിയെ മൂളി.
എന്നാ കെട്ടുറപ്പിച്ചു കഴിഞ്ഞാൽ പിന്നൊരിക്കലും വേറെ ഇഷ്ടത്തെക്കുറിച്ച് പറയരുത്. അങ്ങനെ എന്തേലും വന്നാൽ ഞാനും സോണിച്ചനും ഈ വീട്ടിൽ കെട്ടിത്തൂങ്ങി ചാകും. വർഗീസ് മാപ്പിളയുടെ കുടുംബത്തിന്‍റെ പാരമ്പര്യമായ അഭിമാനം പോയാൽ പിന്നെ മരിക്കുകയെ നിവർത്തിയുള്ളൂ.
അടുത്തിരുന്ന ജോമോൻ ചിരിച്ചു. അവന്‍റെ ചിരി കണ്ടതും ആലീസ് അവന്‍റെ കയ്യിൽ ഒരു നുള്ളുവച്ചു കൊടുത്തു. ഹീ… എന്ന് വിളിച്ചുകൊണ്ട് ജോമോൻ ഒന്നവളെ നോക്കി. അവൾ അറിയാത്തപോലെ അപ്പോഴും ഇരിക്കുകയായിരുന്നു. അതിരാവിലെ തന്നെ ഉറക്കമെഴുന്നേറ്റു പുറത്തുനിൽക്കുകയാണ് ആന്‍റോ.
എന്തുപറ്റി ഇച്ചായാ? കട്ടിലിൽ ആന്‍റോയെ കാണാതെ താഴെയിറങ്ങി വന്ന ജിജി ചോദിച്ചു.
അവർ പത്തുമണിക്കല്ലേ വരുന്നത്. അതുകൊണ്ട് ഞാൻ ഇങ്ങ് പോന്നു.
അതിന് മണിയിപ്പോൾ ആറല്ലേ ആയുള്ളു. കൊച്ചിന്‍റെ അപ്പനും അമ്മയും കൊച്ചും സുഖമായി ഉറങ്ങുന്നു. ഇതിയാനാണ് ടെൻഷൻ.
പത്തു മണിക്കുമുൻപെ ഒരുങ്ങി വന്ന ആലീസിന്‍റെ രൂപം കണ്ട് അമ്പരന്നുപോയി ജോമോൻ. എന്നാ ഒരു സൗന്ദര്യം. അവൻ ആലീസിന്‍റെ ചെവിയിൽ പറഞ്ഞു.
പോടാ കളിയാക്കിയത് മതി.
അപ്പോഴേക്കും ഒരു ഇന്നോവ കാർ മുറ്റത്തേക്ക് കയറിവന്നു. അതുകണ്ട ആലീസ് അകത്തേക്ക് വലിഞ്ഞു. ബ്രോക്കറോടൊപ്പം പുറത്തേക്ക് ഇറങ്ങിയ വെളുത്ത ചെറുപ്പക്കാരനെ ചൂണ്ടി ബ്രോക്കർ ആലീസ് കേൾക്കാൻ ഒന്നുറക്കെ പറഞ്ഞു.
ചെറുക്കൻ ഇവനാണേ ഞാൻ കല്യാണ ബ്രോക്കർ മാത്രമാണ്. ഇനി ഞാനാണ് എന്ന് തെറ്റിദ്ധരിക്കരുത്.
മോന്‍റെ പേരെന്തുവാ? അകത്തുകയറി ഇരിക്കുമ്പോൾ സോണിച്ചൻ ചോദിച്ചു.
രമിത്ത്
കാര്യങ്ങളൊക്കെ ബ്രോക്കർ പറഞ്ഞു. വീട്ടിലിപ്പോൾ?
ആരുമില്ല. അമ്മച്ചി ചെറുപ്പത്തിൽ മരിച്ചതാണ്. പപ്പ കഴിഞ്ഞ വർഷവും. ഇപ്പോ ഞാൻ മാത്രം.
എടീ ആലീസേ… അവർക്കുള്ള ചായ എടുത്തോ?
അവൾ അകത്തുനിന്നും ചായയുമായി വന്നു അവർക്ക് കൊടുത്തു. രമിത്തിനെ ഒരു നോക്കിട്ട് അൽപം മാറി നിന്നു.
പുറകെ വന്ന ജോമോൻ അവളോട് പതുക്കെ ചോദിച്ചു.
അൽപം കഷണ്ടിയാണ്. പിന്നെ ഹൈറ്റും കൂടുതൽ.
അതിപ്പോ മുടിയൊക്കെ പോകുന്നത് ഒരു കുറ്റമാണോ? പൊക്കം ഒക്കെ കറക്റ്റാണല്ലോ. ചുമ്മാ പറയല്ലേ. അവൾ ജോമോനെ ഒന്നുകൂടി നോക്കി
നിനക്ക് ഇഷ്ടപ്പെട്ടോ ജോമോനേ.
എനിക്കിഷ്ടമായി.
ജോമോനെയൊന്നു കൂടി നോക്കിയിട്ട് അവളൊന്നും മിണ്ടാതെ അകത്തേക്ക് പോയി. അവർ പോയികഴിഞ്ഞു ആന്‍റോയും സോണിച്ചനും കൂടി ആലീസിന്‍റെ അടുത്തെത്തി.
പയ്യന് നിന്നെ ഇഷ്ടമായി. നിനക്കിഷ്ടമാണെങ്കിൽ ഈ വരുന്ന നോമ്പിൻ മുമ്പ് കല്യാണം നടത്തണമെന്ന ഒറ്റ ഡിമാൻഡേ അവനുള്ളൂ.
മ്മ്. എനിക്കും കുഴപ്പമില്ല, അവൾ പറഞ്ഞു. അപ്പോ പിന്നെ മനസ്സമ്മതം അടുത്ത തിങ്കളാഴ്ച്ച. രണ്ടുവീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം പള്ളിയിൽ വച്ചുള്ള ചടങ്ങ്. കല്യാണം അടുത്ത മാസം ആദ്യം.
അയ്യോ പപ്പാ ഇതിപ്പോ അൽപം നേരത്തെ ആയിപ്പോയില്ലേ? ആലീസ് ചോദിച്ചു.
അതിനെന്താ കൊച്ച് വെറുതെ ഒരുങ്ങി പള്ളിയിലോട്ടു വന്നാൽ മതി. ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കോളാം.
എന്നാലും?
ഒരു എന്നാലുമില്ല. എടാ ജോമോനെ നീ ആ കാറ്ററിങ്ങുകാരെ വിളിച്ചു ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്തേക്ക്. പള്ളിയിൽ ഞാൻ വിളിച്ചു പറഞ്ഞു ഓക്കേ ആക്കാം. ആ പിന്നേ കാറ്ററിങ്ങുകാരോട് പറയണം രാവിലെ പത്തുമണി സമയം ചൂടുള്ള നല്ല ഒന്നാന്തരം ചിക്കനും മട്ടനും എന്നുവേണ്ട എല്ലാം വേണം എന്‍റെ കൊച്ചിന്‍റെ ചടങ്ങിന്… ആന്‍റോ പറഞ്ഞു.
അതുകേട്ട സോണിച്ചൻ ചിരിച്ചു. “നീ ചിരിക്കുവാണോ സോണിച്ചാ. അവൾക്കു വേണ്ട വസ്ത്രം വാങ്ങാൻ ചങ്ങനാശ്ശേരിക്കു പോക്കോ കൊച്ചിനേം കൂട്ടി ഇപ്പോതന്നെ. തിരിച്ചു വരുമ്പോ ആവശ്യത്തിനുള്ള സ്വർണ്ണവും മറ്റും വാങ്ങിച്ചോ.
ആവശ്യത്തിനുള്ള സ്വർണ്ണവും മറ്റും കൂടി വാങ്ങിച്ചോ…
ഇനിയും സമയമുണ്ട് ആന്‍റച്ചായാ” സോണിച്ചൻ പറഞ്ഞു.
ഓ എന്നാ സമയം ദേ ഒരാഴ്ച്ച പെട്ടെന്നങ്ങു പോകും. എടാ ജോമോനെ നീ കൂട്ടി പൊക്കൊ. എല്ലാം നല്ലതു നോക്കി എടുത്ത് കൊടുത്തേക്ക്. കാശൊന്നും നോക്കണ്ട. ദാ എന്‍റെ കാർഡ് വച്ചേക്ക്. എത്ര ലക്ഷം ആയാലും ഇതിലുണ്ട്. എടുക്കുമ്പോൾ കല്യാണത്തിനു വേണ്ടത് കൂടി എടുത്തേക്ക്. ഇനി അതിനായിട്ട് ഒരു യാത്ര വേണ്ട. ആ സമയം കൂടി നമുക്ക് എല്ലാവരേയും നേരിട്ടു പോയി വിളിക്കാനുള്ളതാണ്. ആന്‍റോ തിരക്കുകൂട്ടി പറഞ്ഞു.
മ്മ്… ശരി ചാച്ചാ… ഞാൻ കാറെടുക്കാം. ജോമോൻ പറഞ്ഞു.
നിൽക്കൂ ഈ ഡ്രസ്സ് ഒന്ന് മാറട്ടെ ഞാൻ… ആലീസ് അകത്തേക്ക് പോയി
കുറച്ചു നേരം കഴിഞ്ഞു പള്ളി വികാരിയെ വിളിച്ചു കാര്യം പറഞ്ഞ ശേഷം ഡേറ്റുറപ്പാക്കിയ ആന്‍റോ ജോമോനോട് ചോദിച്ചു.
ആ കാറ്ററിങ്ങുകാരെ വിളിച്ചു പറഞ്ഞോ?
പറഞ്ഞു ചാച്ചാ. എല്ലാം പറഞ്ഞ പോലെ റെഡിയാണ്.
മ്മ്… എല്ലാം പെട്ടെന്നാവട്ടെ.
യാത്രയിലെല്ലാം മുൻസീറ്റിലിരുന്നിട്ട് അവനെ തന്നെ ഇടം കണ്ണിട്ടു നോക്കുകയായിരുന്നു ആലീസ്. സ്വർണ്ണവും, വസ്ത്രങ്ങളും എല്ലാം വാങ്ങി തിരിച്ചു കാറിൽ കയറിയപ്പോൾ രാത്രിയായി.
ഡാ ജോമോനേ… അവൾ ഒരു കവർ അവനുനേരെ നീട്ടി.
എന്താ ഇത്?
തുറന്നു നോക്കൂ. ജോമോനുള്ള ഡ്രസ്സാ. എന്‍റെ സെലെക്ഷൻ. ആലീസ് പറഞ്ഞു.
ഇതെപ്പോ വാങ്ങി? ആദ്യം ഇതാ വാങ്ങിയത് അവൾ… ആനി മറുപടി പറഞ്ഞു.
അവൻ കവർ തുറന്നുനോക്കി. കറുത്ത ജീൻസും വെള്ള നിറത്തിലുള്ള കോട്ടൺ ലിനൻ ഷർട്ടും.
രാത്രി വൈകിയും അവർ തിരിച്ചു വരുന്നത് വരെ ആന്‍റോയും ജിജിയും മുൻവശത്തെ കസേരയിൽ ഇരിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങുമ്പോൾ ആലീസ് ജോമോനോട് പറഞ്ഞു.
ഉറങ്ങല്ലേ നമുക്കൽപം സംസാരിക്കാനുണ്ട്.
മ്മ്… എന്തുവാ കെട്ടുന്നവന്‍റെ കഷണ്ടിയിൽ ഇനി മുടി പൊടിക്കുമോ എന്നാണോ?
പോടാ… അവൾ ദേഷ്യം ഭാവിച്ചു. രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരും ഉറങ്ങാൻ പോയപ്പോൾ ഹാളിൽ ഇന്ത്യയുടെ ഓസ്ട്രേലിയയുമായുള്ള ക്രിക്കറ്റിന്‍റെ ഫൈനൽ കണ്ടിരുന്ന ജോമോന്‍റെ അടുത്തായി ആലീസ് വന്നിരുന്നു.
മ്മ്. എന്താടി ക്രിക്കറ്റുകളി കാണാറില്ലല്ലോ നീ സാധാരണ?
ഇല്ല ഞാൻ വേറെയൊരു കാര്യം ചോദിക്കാൻ വന്നതാണ്.
മ്മ് എന്തുവാ ആലീസേ?
എടാ ഞാനിവിടുന്ന് കെട്ടിപ്പോയാൽ പിന്നെ നിനക്കെന്നെ കാണണമെന്നു തോന്നുമ്പോൾ എന്തുചെയ്യും? സങ്കടത്തോടെ ആയിരുന്നു ചോദ്യം.
ഞാൻ വീഡിയോ കാൾ ചെയ്യാം.
പൊട്ടാ അപ്പോ ഇനി തല്ലുകൂടാനും കൂട്ടുകൂടാനം നിനക്കെന്നേട് പറ്റില്ലല്ലോ.
പറ്റില്ലേ വേണ്ട.
എടാ ജോമോനെ. ഞാൻ പറയട്ടെ എനിക്കീ കല്യാണം വേണ്ടന്ന്.
എന്തിന്?
എനിക്ക് നിന്നെ പിരിഞ്ഞു പോകാൻ വയ്യെടാ.
ആഹാ. അപ്പോ എല്ലാ കാലവും ഇവിടെ മുതുക്കി ആയിരിക്കാൻ ആണോ പ്ലാൻ. പെട്ടെന്നു കെട്ടിക്കോ. അതു കഴിഞ്ഞു വേണം എനിക്കൊരെണ്ണം കെട്ടാൻ.
ആരോടൊ ഞാനിതൊക്കെ പറയുന്നത്. പോടാ പൊട്ടാ അതുപറഞ്ഞവൾ അവന്‍റെ കണ്ണിലേക്ക് നോക്കി.
എന്താടീ നീ ഇങ്ങനെ നോക്കുന്നത്?
ഒന്നുമില്ല. മ്മ്… ജോമോനേ…
മ്മ്… എന്താ?
നിനക്കെന്നെ പിരിയുന്നതിൽ വിഷമം ഒന്നുമില്ലേടാ?
ഉണ്ട് പക്ഷേ നിന്നെ കെട്ടിക്കാതെ പറ്റില്ലെന്ന് എനിക്കറിയാം പോരേ.
പിന്നെ എന്താ വേണ്ടത്?
അവളവനെ ഒന്നുകൂടെ കണ്ണിലേക്കു നോക്കി.
ജോമോനെ ഞാൻ ഈ കല്യാണത്തിന് സമ്മതിക്കണോ? നിന്‍റെ ഫൈനൽ തീരുമാനം പറ.
നീ സമ്മതിച്ചതല്ലേ പൊട്ടീ മറന്നുപോയൊ? തുണിയും വാങ്ങി സ്വർണ്ണവും വാങ്ങി ഹാളും ബുക്ക് ചെയ്തു. ഇനിയാണോ ഈ ചോദ്യം…
നീ ഒരു മരപ്പാഴ് തന്നെ ജോമോനെ. എന്നുപറഞ്ഞിട്ടവൾ റൂമിലേക്ക് നടന്നു.
ഒന്നും മനസ്സിലാകാതെ അവൻ അവളെ നോക്കി ചിരിച്ചു.
(തുടരും)





