ഫ്രഞ്ച് സൂപ്പ്
ചേരുവകൾ
സവാള രണ്ടെണ്ണം
മധുര മുള്ളങ്കി ഒരെണ്ണം
ഉരുളക്കിഴങ്ങ് രണ്ടെണ്ണം
വെണ്ണ ഒന്നര ടേബിൾ സ്പൂൺ
ഉപ്പും കുരുമുളകും ആവശ്യത്തിന്
വെജിറ്റബിൾ സ്റ്റോക്ക്/ ചിക്കൻ സ്റ്റോക്ക് നാലു കപ്പ്
മൈദ അര ടേബിൾ സ്പൂൺ
ക്രീം കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
സവാള, മധുര മുള്ളങ്കി, ഉരുളക്കിഴങ്ങ് എന്നിവ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കിയ ശേഷം കഷണങ്ങളിട്ട് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. ഇതിലേക്ക് മൈദ ചേർത്ത് സ്റ്റോക്കുമൊഴിച്ച് വീണ്ടും വേവിക്കുക. ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കണം. തണുക്കുമ്പോൾ ഒരു ബ്ലെൻഡറിലിട്ട് അടിച്ചെടുക്കുക. വീണ്ടും ചൂടാക്കി ക്രീം ചേർത്ത് കുറുക്കിയ ശേഷം ഭംഗിയുള്ള ബൗളിലേയ്ക്ക് പകരണം. കുരുമുളകുപൊടി വിതറി ഫ്രഞ്ച് ബ്രഡ് ലോഫിനൊപ്പം സർവ്വ് ചെയ്യാം.
ഫ്രഞ്ച് ചിക്കൻ
ചേരുവകൾ
ചിക്കൻ കഷണങ്ങൾ മൂന്നുനാലെണ്ണം
ഫ്രഞ്ച് ബീൻസ് അഞ്ചാറെണ്ണം
ഗ്രീൻപീസ് അര കപ്പ്
വെണ്ണ രണ്ടു ടേബിൾ സ്പൂൺ
മുട്ട രണ്ടെണ്ണം
ക്രീം അര കപ്പ്
വിനാഗിരി അര ടീസ്പൂൺ
ഉപ്പും കുരുമുളകും ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീൻസ് കഴുകി വൃത്തിയാക്കി വശങ്ങളിലുള്ള നാരു കളഞ്ഞ് നീളത്തിൽ അരിയണം. വെണ്ണ ചൂടാക്കി ബീൻസും ഗ്രീൻപീസുമിട്ട് വഴറ്റിയെടുക്കുക. ഇതേ വെണ്ണയിലേക്ക് ചിക്കൻ കഷണങ്ങളിട്ട് ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഇളക്കണം. ഇത് അടച്ചുവച്ച് ചിക്കൻ ബ്രൗൺ നിറമാകുന്നതുവരെ വേകാൻ വയ്ക്കണം. മുട്ടയുടെ മഞ്ഞക്കരുവിൽ വിനാഗിരി ചേർത്ത് അടിച്ച് പതപ്പിക്കുക. ഇത് ക്രീമിൽ ചേർത്ത് ബാക്കി വെണ്ണയും ചേർക്കാം. തീ കുറച്ചുവച്ച് വേവിച്ച ചിക്കൻ കഷണങ്ങളും പച്ചക്കറികൾ അരിഞ്ഞതും ചേർക്കാം.
ഇറ്റാലിയൻ ഫിഷ്
ചേരുവകൾ
മീൻ കഷണങ്ങൾ 500 ഗ്രാം
മഷ്റും എട്ടുപത്തെണ്ണം
സവാള രണ്ടെണ്ണം
വെളുത്തുള്ളി അല്ലികൾ മൂന്നുനാലെണ്ണം
തക്കാളി എട്ടുപത്തെണ്ണം
വിനാഗിരി ഒരു ടീസ്പൂൺ
ഉപ്പ്, എണ്ണ പാകത്തിന്
കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ
ചീസ് ക്യൂബ് ഒരെണ്ണം
തയ്യാറാക്കുന്ന വിധം
സവാള, വെളുത്തുള്ളി എന്നിവയുടെ തൊലി കളഞ്ഞ് കനംകുറച്ച് അരിയുക. ഒരു പാനിൽ എണ്ണ ചൂടാക്കി മഷ്റും കഷണങ്ങൾ വറുത്തെടുക്കണം. അതേ എണ്ണയിൽ മീൻ കഷണങ്ങളും വറുക്കാം. തുടർന്ന് സവാള, വെളുത്തുള്ളി ഇവയിട്ട് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. വിനാഗിരി, തക്കാളി (കനം കുറച്ചരിഞ്ഞത്) ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് വേവിക്കുക. തക്കാളി നല്ലതുപോലെ ഉടച്ച് മീൻ കഷണങ്ങൾ വറുത്തതും മഷ്റൂമും ചേർത്ത് വേവിച്ച് സർവ്വിംഗ് ഡിഷിലേക്ക് പകർത്തണം. ചീസ് ഗ്രേറ്റ് ചെയ്തതും ഓറിഗാനോയും വിതറി പാസ്ത്തായോടൊപ്പം സർവ്വ് ചെയ്യാം.
ഫ്രഞ്ച് ടോസ്റ്റ്
ചേരുവകൾ
ബ്രഡ് സ്ളൈസ് നാലഞ്ചെണ്ണം
മുട്ട രണ്ടോമൂന്നോ എണ്ണം
പാൽ കാൽ കപ്പ്
വാനില എസ്സൻസ് അര ടീസ്പൂൺ
പഞ്ചസാര ഒന്നര ടീസ്പൂൺ
വെണ്ണ രണ്ടു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിച്ച് പഞ്ചസാരയും വാനില എസ്സൻസും ചേർക്കണം. ഒരു പ്ലേയ്റ്റിൽ ബ്രഡ് സ്ളൈസ് എടുത്ത് പാൽ തളിക്കണം. മുട്ട പതപ്പിച്ചതിലേയ്ക്ക് ഓരോ ബ്രഡ് സ്ലൈസും മുക്കിയെടുത്ത് ഫ്രൈയിംഗ് പാനിൽ വെണ്ണ ചൂടാക്കി വറുത്തെടുക്കുക. രണ്ടുവശവും ഇളം ബ്രൗൺ നിറമാകുമ്പോൾ കോരിയെടുത്ത് ഭംഗിയുള്ള സർവ്വിംഗ് ഡിഷിലേക്ക് പകർത്തണം. ജാം പുരട്ടിയോ ക്രീം ചേർത്തോ ചെറിവച്ച് ഗാർണിഷ് ചെയ്തോ സർവ്വ് ചെയ്യാം.
മയിൻസ്ട്രോൺ സൂപ്പ്
ചേരുവകൾ
മക്രോണി വേവിച്ചത് അര കപ്പ്
ബ്രോക്കോലി അഞ്ചാറെണ്ണം
മധുര മുള്ളങ്കി ഒന്ന്
തക്കാളി, സവാള ഒന്ന്
ഉള്ളി ഒന്ന്
വെളുത്തുള്ളി അല്ലികൾ 2-3 എണ്ണം
പാലക്ക് ഇല അരിഞ്ഞത് അര കപ്പ്
ബീൻസ്/ വൻപയർ അര കപ്പ്
വയണയില രണ്ടോമുന്നോ എണ്ണം
എണ്ണ അര ടേബിൾ സ്പൂൺ
വെജിറ്റബിൾ/ ചിക്കൻ സ്റ്റോക്ക് മൂന്നു കപ്പ്
ഫ്രഷ് പാർസലെ
കുരുമുളകുപൊടി, ഉപ്പ് ആവശ്യത്തിന്
ചീസ് ഗ്രേറ്റ് ചെയ്തത്
തയ്യാറാക്കുന്ന വിധം
കുക്കറിൽ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം വെളുത്തുള്ളി, സവാള കനം കുറച്ചരിഞ്ഞത് എന്നിവയിട്ട് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റണം. കുതിർത്ത ബീൻസ്, വയണയില എന്നിവ കുക്കർ അടച്ചുവച്ച് വേവിക്കുക. ബീൻസ് അലിയും വരെ വേവിക്കണം. കുക്കർ തുറന്ന് അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളുമിട്ട് വീണ്ടും വേവിക്കു ക. ഇതൊരു പാത്രത്തിലേക്ക് പകർത്തുക. ചീസ് ഗ്രേറ്റ് ചെയ്തതും കുരുമുളകുപൊടി, മക്രോണി എന്നിവയുമിട്ട് സർവ്വ് ചെയ്യാം.
ഇറ്റാലിയൻ പിസ
ചേരുവകൾ
1 പിസാ ബേസ്/ 300 ഗ്രാം മൈദ
ഫ്രഷ് യീസ്റ്റ് 15 ഗ്രാം
ഇളം ചൂടുവെള്ളം കാൽ കപ്പ്
പഞ്ചസാര അര ടീസ്പൂൺ
എണ്ണ കാൽ കപ്പ്
സവാള അരിഞ്ഞത് കാൽ കപ്പ്
വെളുത്തുള്ളി ഒന്നോരണ്ടോ അല്ലികൾ
തക്കാളി 500 ഗ്രാം
മഷ്റും ഏഴെട്ടെണ്ണം
ചുവപ്പ്, മഞ്ഞ, പച്ച നിറത്തിലുള്ള കാപ്സിക്കം ഓരോന്നു വീതം
ഉപ്പ്, കുരുമുളക് കാൽ ടീസ്പൂൺ
ഓറിഗാനോ കാൽ ടീസ്പൂൺ
മൊജറെലാ ചീസ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
കാൽ കപ്പ് വെള്ളത്തിൽ പഞ്ചസാരയും യീസ്റ്റും ചേർത്ത് മിശ്രിതം തയ്യാറാക്കി 15 മിനിറ്റോളം അടച്ചു വയ്ക്കണം. മൈദയിൽ ഉപ്പു ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് യീസ്റ്റ് മിശ്രിതവുമൊഴിച്ച് കുഴച്ചെടുത്ത് വെണ്ണ പുരട്ടി മയം വരുത്തിയ പാത്രത്തിൽ അടച്ചു വയ്ക്കുക. മാവ് പൊങ്ങിവരുമ്പോൾ വീണ്ടും കുഴച്ച് ചപ്പാത്തിപോലെ പരത്തിയെടുത്ത് ഒരു ട്രേയിൽ വയ്ക്കാം.
കാപ്സിക്കവും മഷ്റുമും മുറിക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി അരച്ചതും സവാളയുമിട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി കനം കുറച്ച് അരിഞ്ഞത്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് വീണ്ടും വേവിക്കണം. ഇതുടച്ച് സോസ് തയ്യാറാക്കാം. പിസ ബേക്ക് ചെയ്ത് ഇതിനുമിതെ ടുമാറ്റോ സോസ് പുരട്ടി ചീസ് ഗ്രേറ്റ് ചെയ്തു ചേർക്കാം. വെജിറ്റബിൾസ് മുറിച്ചതും ചീസും വിതറി നേരത്തെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിൽ വച്ച ബേക്ക് ചെയ്യാം.
മഷ്റൂം പാസ്ത
ചേരുവകൾ
ചുവപ്പ്, മഞ്ഞ, പച്ച കാപ്സിക്കം ഓരോന്നു വീതം
മഷ്റും അരിഞ്ഞത് ഒരു കപ്പ്
ഉള്ളി അരിഞ്ഞത് കാൽ കപ്പ്
പാസ്ത ഒരു കപ്പ്
വെണ്ണ ഒരു ടേബിൾ സ്പൂൺ
എണ്ണ ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ഉപ്പിട്ട് എണ്ണയും ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് പാസ്തയിട്ട് വേവിക്കണം. തുടർന്ന് വെള്ളം വാർന്നുകളയുക. കാപ്സിക്കം കനംകുറച്ച് അരിഞ്ഞ് വയ്ക്കണം. ഒരു പാനിൽ വെണ്ണ ചൂടാക്കി അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളിട്ട് വഴറ്റുക. ഇതിലേക്ക് പാസ്ത വേവിച്ചതും ഉപ്പും കുരുമുളക്പൊടിയുമിട്ട് സർവ്വ് ചെയ്യാം.
റോൾസ്
ചേരുവകൾ
സവാള രണ്ടെണ്ണം
മഷ്റും പത്തുപന്ത്രണ്ടെണ്ണം
വെണ്ണ ഒരു ടേബിൾ സ്പൂൺ
മല്ലിയില/ പാർസലെ
ഗ്രീൻപീസ് കാൽ കപ്പ്
മൈദ 100 ഗ്രാം
ഉപ്പ്, കുരുമുളക് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെണ്ണയെടുത്ത് ഗ്രീൻപീസ്, സവാള, മഷ്റും കനംകുറച്ച് അരിഞ്ഞത്, ഉപ്പ്, കുരുമുളക് എന്നിവയിട്ട് വഴറ്റി ഫില്ലിംഗ് ചേരുവ തയ്യാറാക്കാം. ഇത് ഒരു ടിഷ്യു പേപ്പറിലിട്ട് എണ്ണമയം കളയുക. മൈദയിൽ ഉപ്പ്, വെണ്ണ/ നെയ്യ്, രണ്ടുമുന്ന് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ചപ്പാത്തിമാവ് പോലെ കുഴച്ചെടുക്കുക. ഇതുകൊണ്ട് ചെറിയ ഉരുളകൾ തയ്യാറാക്കി പൂരിപോലെ പരത്തി ഫില്ലിംഗ് ചേരുവ നിറച്ച് റോൾ ചെയ്യണം. എണ്ണ/ വെണ്ണ/ മുട്ട പതപ്പിച്ചതോ കൊണ്ട് കോട്ടിംഗ് ചെയ്ത് നേരത്തെ തന്നെ ചൂടാക്കിയ ഓവനിൽ വച്ച് ബേക്ക് ചെയ്യാം… റോൾസ് ടൊമാറ്റോ സോസിനൊപ്പം സർവ്വ് ചെയ്യാം.
ആപ്പിൾ ഫ്രിറ്റർസ്
ചേരുവകൾ
മൈദ ഒരു കപ്പ്
മുട്ട ഒരെണ്ണം
നാരങ്ങാനീര് അര ടേബിൾ സ്പൂൺ
ആപ്പിൾ രണ്ടെണ്ണം
ഐസിംഗ് ഷുഗർ ഒരു ടേബിൾ സ്പൂൺ
വലിയ തരിയുള്ള പഞ്ചസാര അര ടീസ്പൂൺ
വെണ്ണ/ എണ്ണ വറുക്കുന്നതിന്
തേൻ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
മൈദയിൽ ഉപ്പ് ചേർത്ത് നന്നായി ഇടഞ്ഞു വയ്ക്കുക. ആപ്പിൾ കുരു കളഞ്ഞ് കനംകുറച്ച് വൃത്താകൃതിയിൽ മുറിക്കണം. ഇതിൽ നാരങ്ങാ നീര് തളിച്ച് പത്തുപതിനഞ്ച് മിനിറ്റോളം വയ്ക്കണം. ഇളം ചൂടുവെള്ളത്തിൽ മൈദയും പഞ്ചസാരയുമിട്ട് മിശ്രിതം തയ്യാറാക്കി 30 മിനിറ്റോളം അടച്ചുവയ്ക്കുക. ഈ മിശ്രിതത്തിലേക്ക് മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി അടിച്ചു പതപ്പിക്കണം. ഒരു നോൺസ്റ്റിക് പാനിൽ വെണ്ണയൊഴിച്ച് ചൂടാക്കുക. ആപ്പിൾ സ്ളൈസ് മൈദ മിശ്രിതത്തിൽ മുക്കിയെടുക്കുക. ഇത് ചൂടാക്കിയ വെണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വറുത്ത് എണ്ണമയം വാർന്നുപോകാൻ വയ്ക്കണം. തേൻ ഒഴിച്ച് സർവ്വ് ചെയ്യാം.
ചീസ് പാസ്ത വിത്ത് ക്രീം
ചേരുവകൾ
ഗ്രീൻപീസ് ഒരു കപ്പ്
ബ്രോക്കോലി അരിഞ്ഞത് ഒരു കപ്പ്
കാപ്സിക്കം ചുവപ്പ് ഒന്ന്
ചീസ് ഗ്രേറ്റ് ചെയ്തത് അര കപ്പ്
ക്രീം അര കപ്പ്
പാസ്ത വേവിച്ചത് ഒരു കപ്പ്
വെണ്ണ ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി ഒരു അല്ലി
ഉപ്പ്, കുരുമുളക് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെണ്ണ ചൂടാക്കി സവാള അരിഞ്ഞതും വെളുത്തുള്ളി പേസ്റ്റുമിട്ട് വഴറ്റുക. ഗ്രീൻപീസ്, ബ്രോക്കോലി, കാപ്സിക്കം അരിഞ്ഞതുമിട്ട് ഇളക്കിയെടു ക്കുക. പാസ്ത, ക്രീം, ഉപ്പ്, കുരുമുളക്, ചീസ് ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സർവ്വ് ചെയ്യാം.





